മുറാബിത്ത് അഹ്മദ് ഫാല്‍ എന്റെ ഗുരുനാഥന്‍

2750

ഈജിപ്ഷ്യന്‍ പണ്ഡിതനായ ശൈഖ് അഹ്മദ് ത്വാഹ റയ്യാന്‍, യമനിലെ ഹബീബ് സഹല്‍ ഇബ്രാഹിം എന്നിവര്‍ക്കു പുറമേ മൗറിത്താനിയയിലെ പ്രമുഖ പണ്ഡിതനും എന്റെ വന്ദ്യ ഗുരുനാഥനുമായ ശൈഖ് മുറാബിത്ത് അഹ്മദ് ഫാലും വിടവാങ്ങി. ഇസ്ലാമിക ജ്ഞാന പാരമ്പര്യത്തില്‍ ജീവചരിത്ര രചനാ സാഹിത്യത്തിന് മികച്ച സ്ഥാനമാണുള്ളത്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ജീവിച്ച പണ്ഡിതരുടെ ജീവിതവും സന്ദേശവും പില്‍കാലക്കാര്‍ക്ക് ലഭ്യമായത് പ്രൗഢമായ ജീവചരിത്ര രചനകളില്‍ നിന്നാണ്. ജീവചരിത്ര രചയിതാക്കളില്‍ 10 ശതമാനത്തിലധികം സ്ത്രീ സാന്നിധ്യം പോലും നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും. എന്നാല്‍, വികസിതവും ജനകീയവുമായിരുന്ന ഈ രചനാ സാഹിത്യത്തിന് ഇടക്കാലത്ത് മങ്ങലേല്‍ക്കുകയും അതുമൂലം നിരവധി പ്രമുഖ വ്യക്തിത്വങ്ങളുടെ ജീവചരിത്രം ലഭ്യമാകാതെ പോവുകയും ചെയ്തു. ഓരോ കാലഘട്ടത്തിലും ജീവിച്ച മഹാമനീഷികളെ അടയാളപ്പെടുത്തുക എന്നത് സമകാലികരുടെ ബാധ്യതയാണ്. വരും തലമുറകള്‍ക്ക് ഊര്‍ജം സംഭരിക്കാനും മാതൃകയാക്കാനും അത് സഹായകമാകും.
മുസ്‌ലിം ലോകത്തിന് നിരവധി പണ്ഡിതരെയും ആത്മജ്ഞാനികളെയും സമ്മാനിച്ച പശ്ചിമാഫ്രിക്കയിലെ മസ്സുമ എന്ന ദേശത്ത് 1946 ല്‍ അല്‍ ഹമ്മാദി കുലത്തിലായിരുന്നു ശൈഖിന്റെ ജനനം. പാണ്ഡിത്യത്തിനും തറവാട്ടു മഹിമക്കും പേരുകേട്ട സവായാ കുലത്തിലെ ഉപഗോത്രമാണ് അല്‍ ഹമ്മാദി.
ബഹുമുഖ മേഖലകളില്‍ നിറഞ്ഞുനില്‍ക്കുന്ന അനവധി പണ്ഡിതരെ ഈ കുടുംബം സംഭാവന ചെയ്തിട്ടുണ്ട്. എന്റെ ഗുരുനാഥന്മാരായ ശൈഖ് ഹമീദ് ഉമറുല്‍ വലി, ശൈഖ് അബ്ദുറഹ്മാന്‍ ബിന്‍ മുറാബിത്ത് അല്‍ ഹാജ്, ശൈഖ്ഖാത്തിരി ബിന്‍ ബുവൈബാഹ്, ശൈഖ് ബയ്യ ബിന്‍ സാലിക്, മുറാബിത്ത് അല്‍ ഹാജ് ബിന്‍ ഫഹ്ഫു, മുറാബിത്ത് അബ്ദുല്ലാഹ് ബിന്‍ അഹ്മദ്ദനാ, ശൈഖ് മുഹമ്മദ് അമീന്‍ ബിന്‍ ഹസ്സന്‍ തുടങ്ങിയവര്‍ ഈ കുടുംബത്തിലെ പ്രധാനികളാണ്. ഇവര്‍ക്ക് പുറമേ ശൈഖ് മുഹമ്മദ് ബിന്‍ സഈദ് യഹ്യ, ശൈഖ് മുഹമ്മദ് ഹസന്‍ ദാതു, ശൈഖ് മുഹമ്മദ് യബ്‌റ ബിന്‍ ബയ്യ, ശൈഖ് മുഖ്ത്താര്‍ ബിന്‍ മുഹമ്മദ് അബ്ദി, ശൈഖ് സദ്ദാഫ് ബിന്‍ മുഹമ്മദ് ബശീര്‍, ശൈഖ് അബ്ദുല്ലാഹ് ബിന്‍ ബയ്യ തുടങ്ങിയവര്‍ വിവിധ ജ്ഞാന മേഖലകളില്‍ നൈപുണ്യം തെളിയിച്ചവരാണ്. നിദാന ശാസ്ത്ര മേഖലയില്‍ ഗ്രന്ഥരചന കൊണ്ടും പ്രഭാഷണങ്ങള്‍ കൊണ്ടും ശ്രദ്ധനേടുകയും ചെയ്ത ത്വാഹിര്‍ ബിന്‍ അശൂറിനു ശേഷം മഖാസിദുശ്ശരീഅ:യില്‍ കാര്യമായി ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ശൈഖ് അബ്ദുല്ലാഹിബിന്‍ ബയ്യയാണ് അവരില്‍ ഏറ്റവും പ്രധാനി.
ജ്ഞാനിയും സൂഫിവര്യനുമായിരുന്ന സ്വന്തം പിതാവില്‍ നിന്നാണ് മുറാബിത്ത് അഹ്മദ് ഫാല്‍ വിദ്യ അഭ്യസിച്ചഴ തുടങ്ങുന്നത്. ഖുര്‍ആനിന്റെ അക്ഷരവിന്യാസ ശാസ്ത്രത്തിലും പാരായണ നിയമശാസ്ത്രത്തിലും അദ്ദേഹം മികവുകാട്ടി. ഇമാം നാഫി(റ)ന്റെ ശിഷ്യരായ ഇമാം ഖാലൂന്‍, ഇമാം വര്‍ശ് എന്നിവരിലൂടെ വികസിച്ച പാരായണ രീതിയായിരുന്നു അദ്ദേഹം പിന്തുടര്‍ന്നത്. കര്‍മശാസ്ത്രം, വിശ്വാസ ശാസ്ത്രം, വ്യാകരണ ശാസ്ത്രം തുടങ്ങിയ മേഖലകളിലെ വിവിധ ഗ്രന്ഥങ്ങള്‍ പിതാവില്‍ നിന്നു തന്നെ പഠിച്ചെടുത്തു. ഇക്കാലയളവില്‍ ഖുര്‍ആന്‍ മന:പാഠമാക്കുകയും ചെയ്തു. 1959 ല്‍ ഉപരിപഠനാര്‍ഥം മധ്യമൗറിത്താനിയന്‍ പ്രവിശ്വയായ ഖലാഗ യിലേക്കു തിരിച്ചു. ആദ്ധ്യാത്മിക ജ്ഞാനിയും പണ്ഡിതനുമായ മുറാബിത്ത് അല്‍ഹാജ് ബിന്‍ ഫഹഫു ആയിരുന്നു അവിടെ ഗുരുനാഥന്‍. ഇമാം ഖലീല്‍ രചന നിര്‍വഹിച്ച മുഖ്തസര്‍, ഇമാം സഖാഖിന്റെ അല്‍ മന്‍ഹജുല്‍ മുന്‍ത ഖബ് ഇമാം അബ്ദുല്ലാഹി ബിന്‍ ഇബ്രാഹിമിന്റെ ഉസൂലുല്‍ ഫിഖ്ഹ് തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഇക്കാലയളവില്‍ പഠിക്കുകയും മനഃപാഠമാക്കുകയും ചെയ്തു. നിദാന ശാസ്ത്രത്തില്‍ ശാഫിഈ സരണിയിലെ ഇമാം സുബ്കി (റ) യോടു കിടപിടിക്കുന്ന പണ്ഡിതനാണ് മാലികി സരണിയിലെ ഇമാം അബ്ദുല്ല. ഇതിനുപുറമേ, ഇബ്‌നു ആശിര്‍, ഇമാം ഇബ്‌നു അബി സിയാദ് എന്നിവരുടെ വിശ്വാസ ശാസ്ത്രത്തിലെ ഗ്രന്ഥങ്ങളും ഇമാം മഖര്‍റിയുടെ ഇജാഅത്തുദ്ദുജുന്ന, ഇമാം മുറാബിത്ത് അബുല്‍ ഖാദിറിന്റെ അല്‍ വാളിഹുല്‍ മുബീന്‍, ഇബ്‌നു മാലികിന്റെ അല്‍ഫിയ്യ, ലാമിയ്യത്തുല്‍ അഫ്ആല്‍, അന്ദലൂസിയന്‍ പണ്ഡിതന്‍ ഇമാം അസ്വീമിന്റെ ജുഡീഷ്യല്‍ വ്യവസ്ഥകള്‍ പ്രതിപാദിക്കുന്ന തുഹ്ഫതുല്‍ ഹുക്കാം ഫീ നുകത്തില്‍ ഉഖുദി വല്‍ അഹ്കാം തുടങ്ങിയ ഗ്രന്ഥങ്ങളും ആഴത്തില്‍ പഠനം നടത്തി.
സുദീര്‍ഘമായ 10 വര്‍ഷക്കാലത്തെ ജ്ഞാന സപര്യക്കു ശേഷം ശൈഖ് മുറാബിത്ത് ഫാല്‍ 1968 ല്‍ സ്വന്തമായി ഒരു വിദ്യാകേന്ദ്രം സ്ഥാപിക്കുകയും അവിടെ അദ്ധ്യാപന വൃത്തിയില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇക്കാലയളവിലാണ് മൗറിത്താനിയയിലെ പ്രമുഖ വൈദ്യശാസ്ത്ര പണ്ഡിതന്‍ അലവി മുഹമ്മദ് അല്‍ മഖര്‍റിയില്‍നിന്നും വൈദ്യശാസ്ത്രത്തില്‍ അറിവു നേടിയത്. വിദ്യാ കേന്ദ്രത്തിന്റെ സമീപത്ത് ശൈഖ് ഫാല്‍ സ്ഥാപിച്ച ലൈബ്രറിയും മികച്ചതായിരുന്നു. വിവിധ വിജ്ഞാന മേഖലകളിലെ അത്യപൂര്‍വമായ ഗ്രന്ഥങ്ങള്‍ പ്രസ്തുത ലൈബ്രറിയെ സമ്പന്നമാക്കി. തന്റെ വിജ്ഞാനശാലയിലെ വിദ്യാര്‍ഥികള്‍ക്കുവേണ്ടി നൂതനവും പ്രായോഗികവുമായ സിലബസ് അദ്ദേഹം ആവിഷ്‌കരിച്ചു. അല്‍ഈളാഉസ്സാത്തിഅ, അദ്ദുററുല്ലവാമിഅ, അല്‍ജിസ്രിയ്യ, അശ്ശാത്വിബിയ്യ എന്നീ ഗ്രന്ഥങ്ങളായിരുന്നു ഖുര്‍ആനിക പഠനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയിരുന്നത്. ഇവയില്‍ ഖുര്‍ആന്‍ പാരായണ രീതി വിശദീകരിക്കുന്ന അശ്ശാത്വിബിയ്യ എന്ന ഗ്രന്ഥം അധ്യാപനം നടത്താനുള്ള പ്രത്യേക ഇജാസത്ത് മുഹമ്മദ് ബിന്‍ ആമീന്‍ ലംതൂനിയില്‍ നിന്നും ശൈഖ് ഫാലിന് ലഭിച്ചിരുന്നു.
ത്വല്‍അത്തുല്‍ അന്‍വാര്‍, അല്‍ഫിയത്തുല്‍ ഇറാഖി എന്ന ഗ്രന്ഥത്തിന് സിദ്ദീ അബ്ദുല്ലാഹ് തയ്യാറാക്കിയ സംഗ്രഹം എന്നിവയായിരുന്നു ഹദീസ് മേഖലയില്‍ പഠിപ്പിക്കപ്പെട്ടിരുന്നത്. അതിനുപുറമേ, ഇമാം മാലിക്കിന്റെ മുവത്വ, ഇമാം നവവിയുടെ അര്‍ബഈന്‍, ഇമാം ബുഖാരിയുടെ സ്വഹീഹുല്‍ ബുഖാരി എന്നീ ഗ്രന്ഥങ്ങളും ഇജാസത്ത് സഹിതം ശൈഖ് ഫാല്‍ അധ്യാപനം നിര്‍വഹിച്ചിരുന്നു. ഇബ്‌നു ആശിറിന്റെ അല്‍ മുര്‍ശിദുല്‍ മുഈന്‍, ഇബ്‌നു അബീ സിയാദിന്റെ അരിസാല, ഇമാം ഖലീലിന്റെ അല്‍ മുഖ്തസര്‍, ഇബ്‌നു ആസ്വിമിന്റെ തുഹ്ഫ എന്നീ ഗ്രന്ഥങ്ങളായിരുന്നു മാലികീ കര്‍മശാസ്ത്ര പഠനത്തിന് കാര്യമായി ഉപയോഗപ്പെടുത്തിയിരുന്നത്. വിശ്വാസ ശാസ്ത്രത്തില്‍ ഇബ്‌നു ബൂനയുടെ ഫവാഇദുല്‍ വസീല, ഇമാം മഖര്‍റിയുടെ ഇളാഅത്തുദ്ദുജുന്ന, ഇമാം മജ്‌ലിസിയുടെ അല്‍ വാളിഹുല്‍ മുബീന്‍ എന്നീ ഗ്രന്ഥങ്ങളും ഉസ്വൂലുല്‍ ഫിഖ്ഹില്‍ ഇമാം ജുവൈനിയുടെ വറഖാത്തും, ഇബ്‌നു ഹാജ് ഇബ്‌റാഹീമിന്റെ മറാഖി സുഊദും ഖവാഇദുല്‍ ഫിഖ്ഹിയ്യയില്‍ ഇമാം സഖാഖിന്റെ അല്‍ മന്‍ഹജ്, സിദ്ദീ മയ്യാറയുടെ അത്തക്മീല്‍ എന്നിവയും ശൈഖ് ഫാലിന്റെ നേതൃത്വത്തില്‍ പഠിപ്പിക്കപ്പെട്ടിരുന്നു. വ്യാകരണ ശാസ്ത്രത്തില്‍ ഇബ്‌നുമാലിക്കിന്റെ അല്‍ഫിയ, ലാമിയ്യത്തുല്‍ അഫ്ആല്‍, ഇബ്‌നു ആജ്‌റൂമിന്റെ ആജ്റൂമിയ്യ, മുഖ്ത്താര്‍ ബിന്‍ ബൂനയുടെ അല്‍ ഇഹ്മിറാര്‍, പദ്യരചനാശാസ്ത്രത്തില്‍ (ജൃീീെറ്യ)ഇമാം ഖസ്റജിയുടെ അല്‍ ഖസ്റജിയ്യയും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നു.
തര്‍ക്കശാസ്ത്രത്തില്‍ ഇമാം അഹ്ദരിയുടെ അസ്സുല്ലമും, അലങ്കാര ശാസ്ത്രത്തില്‍ ഇബ്‌നു ഹാജ് ഇബ്‌റാഹീമിന്റെ ഫൈദുല്‍ ഫത്താഹ്, ഇമാം സുയൂഥിയുടെ ഉഖൂദുല്‍ ജുമാന്‍, ഇമാം അഖ്ദരിയുടെ അല്‍ ജവാഹിറുല്‍ മക്‌നൂന്‍, അല്‍ഗലാവിയുടെ അല്‍ നഖാബ പ്രവാചക ചരിത്ര പഠനത്തിന് ഇമാം ലംതിയുടെ ഖുര്‍റത്തുല്‍ അബ്‌സ്വാര്‍, ഇമാം ബദവിയുടെ അല്‍ഗസവാത്ത്, തസ്വവ്വുഫില്‍ ഇമാം യാഖൂബിയുടെ മസാറത്തുല്‍ ഖുലൂബ്, മഹാരി മുല്ലിസാന്‍ തുടങ്ങിയ ഗ്രന്ഥങ്ങളും ഉള്‍പ്പെട്ടിരുന്നു. പശ്ചിമാഫ്രിക്ക, യു.എസ്, കാനഡ, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയ്ന്‍, പാക്കിസ്ഥാന്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ശൈഖിന്റെ സ്ഥാപനത്തില്‍ പഠിതാക്കളായി ഉണ്ടായിരുന്നു.
ശൈഖ് ഫാലിന്റെ ജീവിതവും സഞ്ചാരവും തീര്‍ത്തും മാതൃകാ യോഗ്യമായിരുന്നു. അധ്യാപനം കഴിഞ്ഞാല്‍ ദിക്‌റിലും ഖുര്‍ആന്‍ പാരായണത്തിലും സമയം ചെലവഴിക്കും. മണ്‍കട്ട കൊണ്ട് നിര്‍മിച്ച കൊച്ചുകുടിലിലായിരുന്നു ശൈഖ് ഒരുപാടുകാലം അന്തിയുറങ്ങിയിരുന്നത്. പിന്നീട് സമീപത്തുള്ള ഒരു പള്ളിയിലേക്ക് താമസം മാറി. അള്ളാഹുവിന്റെ വിധിയില്‍ സദാ സംതൃപ്തനായിരുന്നു അദ്ദേഹം. കിഡ്‌നി സംബന്ധമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുമ്പോഴും ശൈഖ് പ്രകടിപ്പിച്ച പ്രതീക്ഷയും ആത്മവിശ്വാസവും ചെറുതായിരുന്നില്ല. ഡോക്ടറെ സന്ദര്‍ ശിക്കാന്‍ കൂടെ പോകുമ്പോഴെല്ലാം അദ്ദേഹത്തിന്റെ മനക്കരുത്തും സ്ഥൈര്യവും ഞാന്‍ അനുഭവിച്ചിട്ടുണ്ട്. ശൈഖിന്റെ ആത്മീയ ശക്തി പ്രതിഫലിച്ച വിവിധ സംഭവങ്ങള്‍ എന്റെ അനുഭവത്തലുണ്ട്. അവയിലൊന്ന് ഇങ്ങനെ സംഗ്രഹിക്കാം. ‘ഒരിക്കല്‍ ഞാന്‍ എന്റെ ഗുരുനാഥനായ ശൈഖ് ഖാത്വിര്‍ ബിന്‍ ബുവൈബ, സഹോദരങ്ങായ ശൈഖ് ഇബ്‌റാഹീം ഒസി ഇഫ, ശൈഖ് അബ്ദു റഹീം എന്നിവരോടൊപ്പം ശൈഖ് മുറാബിത്ത് അല്‍ ഹാജിനെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടു. ഒരു ജീപ്പിലായിരുന്നു ഞങ്ങളുടെ യാത്ര. വഴിയില്‍ ശൈഖ് ഫാലിന്റെ വീട്ടിലിറങ്ങുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു. അദ്ദേഹത്തോട് സലാം ചൊല്ലി യാത്ര തുടരാനൊരുങ്ങിയപ്പോള്‍ ശൈഖ് പറ
ഞ്ഞു: ‘ഇസ്ബര്‍’ എന്ന പ്രദേശത്ത് നിങ്ങളെത്തിയാല്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടാനിടയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ വാഹനത്തില്‍ നിന്നിറങ്ങി വലത് വശം ചേര്‍ന്നു നേരെ നടക്കുക. നിങ്ങളെ സഹായിക്കാന്‍ സന്നദ്ധരായ ഒരു സംഘം ആളുകള്‍ അവിടെയുണ്ടാകും’. ഞങ്ങള്‍ യാത്ര തുടര്‍ന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ശക്തമായ മഴ വര്‍ഷിക്കാന്‍ തുടങ്ങി. വാഹനത്തിന്റെ ചക്രങ്ങള്‍ ചളിയില്‍ പുരണ്ടു. മുന്നോട്ടു സഞ്ചരിക്കാന്‍ സാധിക്കാത്ത അവസ്ഥ. റോഡ് സൈഡില്‍ തൂക്കിയിട്ട ബോര്‍ഡില്‍ ‘ഇസ്ബര്‍’ എന്നെഴുതിയത് ശ്രദ്ധയില്‍പെട്ടു. ഉടനെ ശൈഖ് ഖാത്തിരി പറഞ്ഞു ‘ശൈഖ് ഫാല്‍ സൂചിപ്പിച്ച സ്ഥലമാണിത്. നമുക്ക് അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ പിന്തുടരാം’. ഞങ്ങള്‍ വാഹനത്തില്‍ നിന്നിറങ്ങി വലത് വശം ചേര്‍ന്നു നടന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ മസ്സുമ ഗോത്രം താമസിക്കുന്ന പ്രദേശത്തെത്തിച്ചേര്‍ന്നു. അതിയായ സ്‌നേഹത്തോടെയും ആദരവോടെയുമാണ് അവര്‍ ഞങ്ങളെ വരവേറ്റത്. അവരുടെ ആട്ടിന്‍ കൂട്ടത്തില്‍ നിന്ന് ഒന്നിനെ അറുത്ത് വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കി. അന്ന് ഞങ്ങള്‍ അവിടെ തങ്ങി. അടുത്ത പ്രഭാതത്തില്‍ പ്രാതലും കഴിഞ്ഞ് അവര്‍ ഞങ്ങളെ യാത്രയാക്കി. ചളിയില്‍ ആണ്ടു പോയ വാഹനത്തിന്റെ ചക്രങ്ങളെ അവരൊന്നിച്ച് പൊക്കിയെടുത്തു. സന്തോഷത്തോടെ ഞങ്ങള്‍ യാത്ര തുടര്‍ന്നു. ശൈഖ് ഫാലിന്റെ വാക്കുകള്‍ കൃത്യമായി പുലര്‍ന്നത് ഞങ്ങളെ അതിശയിപ്പിച്ചു.
ശൈഖ് ഫാലിനെ പോലെയുള്ള നിരവധി ആത്മജ്ഞാനികള്‍ സമീപകാലത്ത് വിടപറഞ്ഞു പോയി. അറിവു കൊണ്ടും ആദ്ധ്യാത്മികത കൊണ്ടും വിസ്മയിപ്പിച്ചവരാണവര്‍. അവര്‍ ജ്ഞാനം നേടിയത് ഡിഗ്രികളും ഡിപ്ലോമകളും കൈക്കലാക്കാന്‍ വേണ്ടിയായിരുന്നില്ല. ദൈവിക പ്രീതിയായിരുന്നു അവരുടെ ലക്ഷ്യം. അവരാണ് പ്രവാചകന്മാരുടെ യഥാര്‍ഥ അനന്തരവകാശികള്‍. അവരുടെ നിര്യാണത്തോടെ സമുദായം അനാഥമാകുകയാണ്. അള്ളാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ ശൈഖ് ഫാലില്‍ നിന്നും ഹദീസ് നിദാനശാസ്ത്രത്തിലെ ഒരു പ്രൗഢ ഗ്രന്ഥം ഓതി പഠിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. ശൈഖ് ഫാലിന്റെ മകനും പ്രമുഖ പണ്ഡിതനുമായ മുറാബിത്ത് അബ്ദുല്ല ബിന്‍ അഹ്ദനാ എന്നവരില്‍ നിന്ന് കാലിഫോര്‍ണിയയില്‍ വച്ച് വിവിധ ഗ്രന്ഥങ്ങള്‍ പഠിക്കാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള പലരും അന്നവിടെ പഠിതാക്കളായിരുന്നു. ശൈഖ് ഫാലുമായി ഒന്നിച്ചു കഴിഞ നിമിഷങ്ങള്‍ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണ്. ഒരിക്കല്‍ ഞങ്ങളൊന്നിച്ച് മുറാബിത്ത് അല്‍ ഹാജിനെ കുറിച്ച് സംസാരിക്കുകയായിരുന്നു. ഞങ്ങള്‍ രണ്ടുപേരുടെയും ഗുരുവര്യരാണ് ശൈഖ് മുറാബിത്. സംസാരത്തിനിടെ ശൈഖ് ഫാല്‍ ഇപ്രകാരം പറഞ്ഞു. ‘ശൈഖ് മുറാബിതിനോട് സഹവസിക്കാനും സമ്പര്‍ക്കം പുലര്‍ത്താനും സാധിച്ചതില്‍ നാം ഭാഗ്യവാന്മാണ്. പ്രവാചകരുടെ യഥാര്‍ഥ പിന്‍ഗാമിയാണ് അദ്ദേഹം’. ശേഷം രണ്ട് വരി കവിത പാടി:
ല അംറുക മാ റസിയ്യത്തു ഫഖ്ദു മാലിന്‍
വലാ ഫര്‍സുന്‍ തമൂതു വലാ ബഈറു
വലാക്കിന്ന റസിയ്യത്ത ഫഖ്ദു ഖവ്മിന്‍
യമൂതു ബി മൗത്തിഹി ഖല്‍ഖുന്‍ കസീറു
(സമ്പത്തിന്റെയും കന്നുകാലികളുടെയും നഷ്ടം പ്രശ്‌നമേയല്ല, എന്നാല്‍, പണ്ഡിതന്‍ നഷ്ടമാകുന്നത് വലിയ ദുരന്തം തന്നെ. ഒരു പണ്ഡിതന്റെ മരണം ഒരുപാടു പേരുടെ മരണത്തിന് തുല്യമാണ്)
ശേഷം എന്റെ കരങ്ങള്‍ പിടിച്ച് ഒരു കവിത കൂടി അദ്ദേഹം ആലപിച്ചു:
അലാ ബി സ്വബ് രി തബ് ലുഗു മാ തുരീദു
വബിത്തഖ് വാ യലീനു ലകല്‍ ഹദീദു
(ക്ഷമയിലൂടെയാണ് ആഗ്രഹങ്ങള്‍ സഫലമാകുന്നത്. തഖ്വയാണ് കാഠിന്യത്തെ നിര്‍മലമാക്കുന്നത്)
പൂര്‍വ സൂരികളെ നാം അനുസ്മരിക്കുന്നത് കര്‍മപഥങ്ങളില്‍ അവരെ അനുഗമിക്കാന്‍ വേണ്ടിയാണ്. ഒരു കവി പാടിയത് പോലെ:
ഫതശബ്ബഹൂ ഇന്‍ലം തകൂനൂ മിസ് ലഹും
ഇന്ന തശബ്ബുഹ ബില്‍ കിറാമി ഫലാഹു
(സച്ചരിതരുടെ നിഴലാകാനെങ്കിലും നിങ്ങള്‍ പരിശ്രമിക്കുക. അവരോട് സാദ്യശ്യമാകുന്നതില്‍ പോലും നിങ്ങള്‍ക്ക് വിജയമുണ്ട്)

ശൈഖ് ഹംസ യൂസുഫ
വിവ: ശുഐബ് ഹുദവി പുത്തൂര്‍