മുസ്ലിം ബ്രദർഹുഡ്: മുതലെടുപ്പിന്റെ പുതിയ പ്രവണതകൾ

2166

പി.എ സ്വാദിഖ് ഫൈസി താനൂർ

മുസ്ലിം ലോകത്ത് അറിയപ്പെടുന്ന ഒരു പ്രസ്ഥാനമാണ് ഇഖ്വാനുൽ മുസ്ലിമൂൻ (മുസ്ലിം ബ്രദർഹുഡ്). യൂറോപ്യൻ അധിനിവേശ ശക്തികൾ മുസ്ലിംലോകത്ത് രാഷ്ട്രീയമായും മറ്റും കൂടുതൽ ഇടപെടലുകൾ നടത്തിയ സന്ദർഭമായിരുന്നു 19-ാം നൂറ്റാണ്ടിന്റെ ഒടുക്കം. ഫ്രഞ്ച് അധിനിവേശവും ബ്രിട്ടീഷ് കോളനീകരണവും ഇൗജിപ്ത് പോലുള്ള രാജ്യങ്ങളിൽ വ്യക്തമായ മാറ്റത്തിനു വഴിതെളിയിച്ചു. സൂഫീ ത്വരീഖത്തുകളുടെ സ്വാധീനത്തിനും ജാമിഉൽ അസ്ഹറിന്റെ മതവിധികൾക്കും പകരം പാശ്ചാത്യൻ ചിന്തയും ഭൗതികവാദ പ്രവണതയും ശക്തമാകാൻ തുടങ്ങി. പടിഞ്ഞാറൻ സെക്യുലറിസവും കാപിറ്റലിസ്റ്റ്-കമ്യൂണിസ്റ്റ് ആശയങ്ങളും വേരോട്ടമാരംഭിച്ചു. ദീനീ ഉലൂമുകളിൽ പ്രാഥമിക കടമ്പ മാത്രവും ഭൗതിക വിജ്ഞാനീയങ്ങളിൽ യൂനിവേഴ്സിറ്റി ഡിഗ്രികളും കഴിഞ്ഞ പുതിയ തലമുറയെ അതു നന്നായി ആകർഷിച്ചു. ഇതിന്റെ ഫലമായി ഇസ്ലാം പിന്തിരിപ്പനാണെന്നും പാശ്ചാത്യൻ ചിന്തകളുടെ അടിസ്ഥാനത്തിൽ അതിനെ പൊളിച്ചെഴുതണമെന്നും വാദിക്കുന്നവരുണ്ടാവുകയും അവർ ഒറ്റയായും തെറ്റയായും രംഗത്തുവരികയും ചെയ്തു. പ്രസിദ്ധ അറബ് സാഹിത്യകാരനായിരുന്ന ഡോ. ത്വാഹാ ഹുസൈൻ (1889-1966) അടക്കം നിരവധി പേർ ഇതിന്റെ ഇരകളായിരുന്നു.
പാശ്ചാത്യൻ ചിന്തകളിൽ ആകൃഷ്ടരായ മറ്റൊരു വിഭാഗം ഇസ്ലാമിനെ പൊളിച്ചെഴുതണമെന്നു പരസ്യമായി ആവശ്യപ്പെടുന്നതിനു പകരം അകത്തുനിന്നുകൊണ്ടുതന്നെ അതിനു ശ്രമിക്കുകയായിരുന്നു. പാൻ ഇസ്ലാമിന്റെ വക്താവായി അറിയപ്പെടുന്ന ജമാലുദ്ദീൻ അഫ്ഗാനി (1838-1898), ശിഷ്യൻ മുഹമ്മദ് അബദ് (1849-1905), അൽമനാർ പത്രാധിപരായിരുന്ന രശീദ് റിള (1865-1935) എന്നിവരായിരുന്നു അതിനു ചുക്കാൻ പിടിച്ചത്. മാസോണിസ്റ്റ് ബാന്ധവമുണ്ടായിരുന്ന ഇവർ മുസ്ലിംകൾക്കിടയിൽ പ്രത്യക്ഷപ്പെട്ടത് തീവ്ര ഇസ്ലാമിസ്റ്റുകളായിട്ടായിരുന്നു. ഒരു ഭാഗത്ത് ഉമ്മത്തിന്റെ ഉന്നമനത്തിനുവേണ്ടി ശക്തമായി വാദിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ, മുസ്ലിംകളുടെ സംസ്കാരത്തിലും ആചാര നടപടികളിലും പടിഞ്ഞാറൻ വിഷം കുത്തിവെക്കുകയായിരുന്നു അവർ. വഹ്യ്, മുഅ്ജിസത്ത്, മലക്ക്, ജിന്ന്, ശൈത്വാൻ, സിഹ്റ് തുടങ്ങിയ ഖുർആനുമായി ബന്ധപ്പെട്ട സംജ്ഞകൾക്ക് അവർ നൽകിയ വ്യാഖ്യാനം ഉദാഹരണമാണ്. അവർ 1884 മുതൽ പാരീസിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന “അൽ ഉർവത്തുൽ വുസ്ഖാ’ മാസികയും 1897 മുതൽ ഇൗജിപ്തിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന “അൽ മനാർ’ മാസികയും സമുദായത്തിൽ പുത്തൻ ചിന്തകൾക്കു വഴിമരുന്നിട്ടു. പിൽക്കാലത്ത് തീവ്ര മോഡേണിസത്തിന്റെ വ്യക്താവായി ഇൗജിപ്തിൽ കോളിളക്കം സൃഷ്ടിച്ച ഖാസിം അമീൻ മാതൃക സ്വീകരിച്ചത് ഇൗ ത്രിമൂർത്തികളിൽ നിന്നായിരുന്നു. ഇസ്ലാമിലെ പർദ്ദ, ബഹുഭാര്യത്വം, വിവാഹമോചനം തുടങ്ങിയവക്കെതിരെ ക്രൂരമായ ആക്രമണങ്ങളഴിച്ചുവിട്ട ഖാസിം അമീൻ ശിഷ്യത്വം സ്വീകരിച്ചത് മുഹമ്മദ് അബ്ദയിൽ നിന്നായിരുന്നു.
ഇസ്ലാമിക മുന്നേറ്റത്തിന്റെ പേരിൽ ഇൗജിപ്തിലുടനീളം പാശ്ചാത്യൻ ചിന്ത കുത്തിവെച്ച ഇൗ ത്രിമൂർത്തികൾ തന്നെയായിരുന്നു അവിടെ ഇഖ്വാനുൽ മുസ്ലിമൂൻ എന്ന സംഘടനക്ക് അവസരമൊരുക്കിക്കൊടുത്തതും മാതൃകകൾ സൃഷ്ടിച്ചതും. അതുകൊണ്ടുതന്നെ പാശ്ചാത്യരോട് താദാത്മ്യം പുലർത്തുന്ന ശൈലി ഇഖ്വാനികളിൽ കാണാം. 1906 ഒക്ടോബർ 14-ന് കൈറോയുടെ വടക്കു പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന മഹ്മൂദിയ്യാ ഗ്രാമത്തിൽ ജനിച്ച ഹസനുൽ ബന്നയാണ് ഇഖ്വാനിസത്തിന്റെ സ്ഥാപകൻ. അഹ്മദ് അബ്ദുർറഹ്മാനിൽ ബന്നാ അസ്സാആത്തിയാണ് പിതാവ്. അക്കാലത്ത് അവിടെ സജീവമായിരുന്ന ജമാലുദ്ദീൻ അഫ്ഗാനിയുടെയും മുഹമ്മദ് അബ്ദുവിന്റെയും “ജംഇയ്യത്തുൽ ഉർവത്തുൽ വുസ്ഖാ’ എന്ന സംഘടനയിൽ അംഗമായിരുന്നു അദ്ദേഹം.
1927-ൽ കൈറോവിലെ ദാറുൽ ഉലൂമിൽ നിന്നും പഠിച്ചിറങ്ങിയ ഹസനുൽ ബന്ന അതേ വർഷം തന്നെ ഇസ്മാഇൗലിയയിലെ ഒരു പൈ്രമറി സ്കൂളിൽ അധ്യാപകനായി ജോലിയേറ്റു. ഇസ്മാഇൗലിയ അക്കാലത്ത്, ഏതൊരു ഇൗജിപ്ഷ്യൻ ഗ്രാമത്തെയും പോലെ, തീർത്തും പാശ്ചാത്യൻ കോളനിയായിരുന്നു. ഉദ്യോഗസ്ഥരും പട്ടാളക്കാരുമെല്ലാം വിദേശികൾ. അവരുടെ കൽപനകളും ആജ്ഞകളും അപ്പടി അനുസരിക്കാൻ വിധിക്കപ്പെട്ട തദ്ദേശീയരായ മുസ്ലിംകൾ. പഠന കാലത്തു തന്നെ ഇൗജിപ്തിൽ നടന്നുകൊണ്ടിരിക്കുന്ന ക്രിസ്ത്യൻ മിഷണറി പ്രവർത്തനങ്ങൾ കണ്ട് മനോവിഷമത്തിൽ കഴിഞ്ഞിരുന്ന ബന്നയെ ഇത് കൂടുതൽ രോഷാകുലനാക്കി. പാവങ്ങൾക്കു പണം കൊടുത്തും പണക്കാർക്ക് പെണ്ണു കൊടുത്തും ക്രിസ്ത്യൻ മിഷണറി നടത്തുന്ന സാംസ്കാരികാധിനിവേശത്തെ ചെറുക്കാനും കൊളോണിയൽ ഭരണകൂടത്തിനെതിരെ ശക്തമായി പോരാടാനും അദ്ദേഹത്തിന്റെ മനസ്സ് തീവ്രമായി ആഗ്രഹിച്ചു. അതിനുവേണ്ടി ജനങ്ങളെ സംഘടിപ്പിക്കാൻ തന്നെ തീരുമാനിച്ചു. ഇസ്മാഇൗലിയയിലെ ചായക്കടകൾ കേന്ദ്രീകരിച്ചു അത്തരം ചർച്ചകൾക്കു തുടക്കം കുറിച്ചു. അതാണ് 1928 മാർച്ച് മാസത്തിൽ ഇഖ്വാനുൽ മുസ്ലിമൂൻ എന്ന സംഘടനയുടെ രൂപീകരണത്തിലേക്കു നയിച്ചത്.
പ്രവർത്തന രീതി
1928-ൽ ഇസ്മാഇൗലിയയിൽ ശന്തമായി പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ച ഹസനുൽ ബന്ന തൊട്ടടുത്ത വർഷം തന്നെ അവിടെ ഇഖ്വാന് കേന്ദ്രം സ്ഥാപിച്ചു. മഅ്ഹദുഹിറാ (ഹിറാ ഇൻസ്റ്റിറ്റ്യൂട്ട്) എന്ന പേരിൽ ഒരു വിദ്യാഭ്യാസ സ്ഥാപനവും “മദ്റസത്തു ഉമ്മഹാത്തുൽ മുഅ്മിനീൻ’ എന്ന പേരിൽ പെൺകുട്ടികൾക്ക് മറ്റൊരു സ്ഥാപനവും ആരംഭിച്ചു. തന്റെ പ്രസ്ഥാനത്തിനു വേണ്ടി ഒരു വനിതാ വിംഗ് രൂപീകരിക്കുകയാണ് മദ്റസകൊണ്ട് ഉദ്ദേശിച്ചിരുന്നത്. 1933-ൽ “അൽ അഖവാത്തുൽ മുസ്ലിമാത്ത്’ എന്ന പേരിൽ ഇഖ്വാന് വനിതാ വിംഗ് രൂപീകരിക്കാൻ സഹായകരമായതും പ്രസ്തുത സ്ഥാപനം തന്നെ.
1933-ൽ ഹസനുൽ ബന്ന കൈറോവിലേക്ക് മാറിയതോടെ ഇഖ്വാന്റെ കേന്ദ്രവും കൈറോയായി. അതേ വർഷം “അൽ ഇഖ്വാനുൽ മുസ്ലിമൂൻ’ എന്ന ഒരു മുഖപത്രം പ്രസിദ്ധീകരണമാരംഭിക്കുകയും ഇഖ്വാനീ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്തു. പിന്നീട് 1938-ൽ “അന്നദീർ’ എന്ന പേരിൽ ഒരു വാരിക ആരംഭിച്ചു. ഇൗജിപ്ഷ്യൻ രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്കു തിരികൊളുത്തിയ ഇൗ വാരികയിലൂടെയാണ് ഇഖ്വാൻ രാഷ്ട്രീയ പ്രവേശത്തിന്റെ വഴികൾ തേടിയത്. അക്കാലത്ത് കത്തിത്തുടങ്ങിയ ഫലസ്തീൻ പ്രശ്നം വൈകാരികമായി തന്നെ അന്നദീർ ജനങ്ങളിലേക്ക് എത്തിച്ചു. 1940-ൽ കേഡർ സ്വഭാവത്തിൽ പ്രവർത്തിക്കുന്ന ജിഹാദി ഗ്രൂപ്പുകളെയും സായുധ പോരാളികളെയും ഇഖ്വാനു കീഴിൽ അണിനിരത്താനും പരിശീലനം നൽകാനുമായത് അന്നദീറിന്റെ ശക്തമായ ഇടപെടൽ കൊണ്ടായിരുന്നു. “അന്നിളാമുൽ ഖാസ്വ്’ (പ്രത്യേക സംവിധാനം) എന്നാണ് പ്രസ്തുത ഗ്രൂപ്പുകൾ അറിയപ്പെട്ടിരുന്നത്.
“അന്നദീറി’നു പുറമെ 1947-ൽ “അശ്ശിഹാബ്’ മാസികയും “അത്തആറുഫ്’ വാരികയും ഇഖ്വാൻ പുറത്തിറക്കി. നാൽപതു വർഷത്തോളം റശീദ് റിള നടത്തിയിരുന്ന “അൽമനാർ’ മാസിക പിന്നീട് ഏറ്റെടുത്തത് ഇഖ്വാനികളായിരുന്നു. റശീദ് റിളയും അദ്ദേഹത്തിന്റെ അൽമനാറും ഇഖ്വാനിന്റെ ആശയാടിത്തറ രൂപപ്പെടുത്തുന്നതിൽ ശക്തമായ പങ്കു വഹിച്ചിട്ടുണ്ടെന്നു ഇതിൽനിന്നു മനസ്സിലാക്കാം. ഇഖ്വാൻ ഏറ്റെടുത്ത “അൽ മനാറി’ന്റെ പ്രഥമ ലക്കത്തിൽ ഹസനുൽ ബന്ന എഴുതിയ മുഖക്കുറിപ്പ് അതു സാക്ഷ്യപ്പെടുത്തുന്നു. അതിലെ ചില വരികൾ കാണുക:
“”സയ്യിദ് റശീദ് രിള നിഷ്കളങ്കനായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ ദൃഢേച്ഛയോടെയുള്ളതായിരുന്നു. അദ്ദേഹത്തിന്റെ അഭിലാഷങ്ങൾ “അൽ ഇഖ്വാനുൽ മുസ്ലിമൂനി’ലൂടെ സാക്ഷാൽകൃതമാകണം എന്നായിരുന്നു അല്ലാഹുവിന്റെ തീരുമാനം. “അൽ മനാറി’ന്റെ പ്രസാധനവും പത്രാധിപത്യവും ഇഖ്വാന്റെ അംഗങ്ങൾ ഏറ്റെടുക്കണമെന്നതും അത് ഇഖ്വാന്റെ ജിഹ്വയായി പ്രവർത്തിക്കണമെന്നതും അല്ലാഹുവിന്റെ വിധിയായിരുന്നു.
സുബ്ഹാനല്ലാഹ്! സയ്യിദ് റശീദ് രിള ഏതൊരു പ്രസ്ഥാനമാണോ ആഗ്രഹിച്ചിരുന്നത്, ആ പ്രസ്ഥാനമാണ് “അൽ ഇഖ്വാനുൽ മുസ്ലിമൂൻ’. ഇഖ്വാന്റെ ആരംഭം മുതൽ അദ്ദേഹത്തിന് അതിനെ അറിയാം. തന്റെ വേദികളിൽ അദ്ദേഹം അതിനെ പുകഴ്ത്തി പറഞ്ഞിട്ടുണ്ട്. അതിൽ നിന്ന് അദ്ദേഹം ധാരാളം നന്മകൾ പ്രതീക്ഷിച്ചിരുന്നു. അദ്ദേഹം തന്റെ പുസ്തകങ്ങൾ “ഇഖ്വാന് ഗ്രന്ഥകാരന്റെ വക’ എന്ന് സ്വന്തം കൈപടയിൽ എഴുതി നൽകിയിരുന്നു. താൻ ഇതേവരെ നിർവഹിച്ചിരുന്ന ദൗത്യം ഇനി മുതൽ “ഇഖ്വാനെ’യാണ് അല്ലാഹു ഏൽപിക്കുക എന്ന കാര്യം അദ്ദേഹത്തിന് അറിയാമായിരുന്നില്ല. താൻ തുടങ്ങിവെച്ചത് പൂർത്തിയാക്കുന്നതും തന്റെ ഭാരം ഏറ്റെടുക്കുന്നതും തന്റെ പരിഷ്കരണ പ്രതീക്ഷകൾ പൂവണിയുന്നതും ഇഖ്വാനിലൂടെയായിരിക്കുമെന്ന കാര്യം അദ്ദേഹത്തിന് അജ്ഞാതമായിരുന്നു.” (ഉദ്ധരി: ബോധനം ദൈ്വമാസിക 2008 നവംബർ-ഡിസംബർ).
ഇഖ്വാനിൽ റശീദ് രിള ചെലുത്തിയ സ്വാധീനത്തിന്റെ ആഴം ഇവിടെ വ്യക്തമാണ്. ചില നയനിലപാടുകളിലെല്ലാം ഇസ്ലാമിക പാരമ്പര്യത്തിനു വിരുദ്ധമായി തനി പാശ്ചാത്യൻ ശൈലി കടമെടുക്കാൻ ഇഖ്വാനികൾക്കായത് ഇൗ സ്വീധീനത്തിന്റെ അടയാളമാണ്. പടിഞ്ഞാറൻ സംസ്കാരത്തെ രൂക്ഷമായി വിമർശിക്കുമ്പോഴും വേഷഭൂഷാതികളിലും നടപടിക്രമങ്ങളിലും അവരെ “തഖ്ലീദ്’ ചെയ്തതിന്റെ കാരണവും മറ്റൊന്നല്ല. ഹിജാബില്ലാതെ മുസ്ലിം സ്ത്രീകളെ പരപുരുഷന്മാരോടൊപ്പം പ്രസംഗിക്കാനും ഇടപഴകാനും പറഞ്ഞുവിട്ട ഇഖ്വാനികൾ ഒരർത്ഥത്തിൽ പാശ്ചാത്യൻ വിമർശനങ്ങൾക്ക് കീഴൊതുങ്ങുകയോ തോറ്റു കൊടുക്കുകയോ ആണ് ചെയ്തത്. നിങ്ങളുടെ ആരോപണങ്ങൾ ഉൾകൊണ്ടു ഞങ്ങളിതാ പതിമൂന്നു നൂറ്റാണ്ടുകൾക്കു ശേഷം ഇസ്ലാമിലൊരു സ്ത്രീ ശാക്തീകരണത്തിനു തുടക്കം കുറിച്ചിരിക്കുന്നു എന്ന മൗന പ്രഖ്യാപനമാണ് 1933-ൽ “അൽ അഖവാത്തുൽ മുസ്ലിമാത്തി’ലൂടെ ഇഖ്വാനികൾ നടത്തിയത്. ഇതു പിന്നീട് മുസ്ലിം ലോകത്തുടനീളം പിന്തുടരപ്പെട്ടിട്ടുണ്ട് എന്നത് മറ്റൊരു വിഷയം. ഏതായാലും ഇൗ ശ്രമങ്ങൾക്കെല്ലാം ആശയാടിത്തറ പാകിയത് റശീദ് രിളയായിരുന്നു. അദ്ദേഹത്തിന്റെ മനാറാണെല്ലോ “സ്ത്രീ ശാക്തീകരണ’ത്തിന്റെ പുതിയ പാഠങ്ങൾ സംഭാവന ചെയ്തത്.
1941-ൽ രാഷ്ട്രീയത്തിലും പൊതു തെരഞ്ഞെടുപ്പുകളിലും ഇടപെടാൻ തീരുമാനിച്ച ഇഖ്വാൻ, നിലവിലെ ഭരണ സംവിധാനങ്ങളെല്ലാം അനിസ്ലാമികമാണെന്ന പ്രചരണത്തിനു ഉൗന്നൽ നൽകി. രാജ്യത്തെ പൂർണമായി ഇസ്ലാമീകരിക്കണമെന്നും രാഷ്ട്രീയത്തിൽ നിന്ന് ഒരിക്കലും മതത്തെ വേർപെടുത്താനാവില്ലെന്നും അവർ വാദിച്ചു. മത-രാഷ്ട്ര വിഭജനത്തെ എതിർത്തുകൊണ്ട് ഹസനുൽ ബന്ന പറഞ്ഞു:
“”അൽ ഇഖ്വാനുൽ മുസ്ലിമൂൻ വിശ്വസിക്കുന്ന ഇസ്ലാമിൽ, ഭരണം ഒരടിസ്ഥാന കാര്യമാണ്. സമുദായത്തിന്റെ ഫിഖ്ഹ് ഗ്രന്ഥങ്ങളിലും അത് അടിസ്ഥാന വിശ്വാസ കാര്യങ്ങളിൽ ഒന്നായാണ്-ശാഖാപരമായ കാര്യങ്ങളിൽ ഒന്നായല്ല-എണ്ണപ്പെട്ടിട്ടുള്ളത്.” (രിസാലത്തുൽ മുഅ്തമറിൽ ഖാമിസ്)
“”ഇസ്ലാം രാഷ്ട്രീയമല്ലെങ്കിൽ, സാമൂഹിക ശാസ്ത്രമല്ലെങ്കിൽ, സാമ്പത്തിക വ്യവസ്ഥയല്ലെങ്കിൽ, സംസ്കാരമല്ലെങ്കിൽ പിന്നെ എന്താണ്? മനസ്സാന്നിധ്യമില്ലാത്ത വെറും പ്രമാണങ്ങളോ? വെറും പദാവലികളോ?” (രിസാലത്തു മുർതമറു ത്വലബത്തുൽ ഇഖ്വാൻ).
സഅദ് സഗ്ലൂലിനെപോലുള്ളവർ “അദ്ദീനു ലില്ലാഹ്, വൽ വത്വൻ ലിൽ ജമീഅ് (മതം അല്ലാഹുവിന്, രാഷ്ട്രം സർവ്വ ജനങ്ങൾക്കും) എന്നു മുദ്രാവാക്യം മുഴക്കുകയും ഇസ്ലാമിൽ രാഷ്ട്രീയമില്ലെന്നു സ്ഥാപിച്ചുകൊണ്ട് അലി അബ്ദുർറാസിഖി (1888-1966) പോലുള്ളവർ ഗ്രന്ഥരചന നടത്തുകയും ചെയ്ത ഇൗജിപ്തിൽ സ്വാഭാവികമായും ഇഖ്വാനികളുടെ ഇസ്ലാമീകരണവാദം വലിയ കോളിളക്കത്തിനു വഴിവെച്ചു. ഇരുപതു ശതമാനത്തോളം വരുന്ന കോപ്റ്റിക് ക്രിസ്ത്യാനികളെ അന്യരാക്കുന്ന ഇൗ വാദം ദേശീയ കക്ഷിയായ വഫ്ദ് പാർട്ടിയും സഅ്ദിസ്റ്റുകളും അംഗീകരിച്ചില്ല. ഇഖ്വാനികളവരെ “അധിനിവേശത്തിന്റെ ദല്ലാളന്മാ’രെന്നു വിശേഷിപ്പിച്ചു. ഇസ്രയേൽ രൂപീകരണത്തിനു വേണ്ടി സർവ്വ തയ്യാറെടുപ്പുകളും നടത്തിക്കൊണ്ടിരുന്ന ബ്രിട്ടൻ ഉൾകൊള്ളുന്ന സഖ്യകക്ഷിയെ ഇൗജിപ്ത് ഭരണാധികാരി ഫാറൂഖ് രാജാവ് രണ്ടാം ലോക മഹായുദ്ധ (1939-1945)ത്തിൽ സഹായിച്ചത് ഇഖ്വാനികളെ കൂടുതൽ പ്രകോപിതരാക്കി. അവർ ഭരണ വിരുദ്ധ വികാരം ആളിക്കത്തിച്ചു. മുസ്ലിം യുവാക്കൾക്ക് വിപ്ലവ വീര്യവും പോരാട്ട ചിന്തയും പകർന്നു നൽകി. അതിനിടയിലാണ് 1947 നവംബർ 29ന് ഫലസ്തീൻ വിഭജിച്ചു ജൂത രാഷ്ട്രമുണ്ടാക്കാൻ എെക്യരാഷ്ട്ര സഭ തീരുമാനിക്കുന്നത്. മുസ്ലിം ലോകത്തിന്റെ വികാരം തിളച്ചു മറിഞ്ഞ ആ സന്ദർഭം ഇഖ്വാൻ ശരിക്കും ഉപയോഗപ്പെടുത്തി. “അന്നിള്വാമുൽ ഖാസ്വി’ലൂടെയും മറ്റും പ്രത്യേക പരിശീലനം സിദ്ധിച്ച ഇഖ്വാൻ വളണ്ടിയർമാർ 1948-ൽ ഫലസ്തീനിലേക്കു മാർച്ചു ചെയ്തു ഇതര ജിഹാദീ ഗ്രൂപ്പുകളോടൊപ്പം ചേർന്നു പോരാടി. അറബ് ലീഗിന്റെ നേതൃത്വത്തിൽ നടന്ന പ്രസ്തുത പോരാട്ടം വിജയത്തിന്റെ വക്കിലെത്തിയ സന്ദർഭത്തിൽ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കു വഴങ്ങി 1948 ജൂൺ 11ന് വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടു.

ഇഖ്വാൻ വെടിനിർത്തൽ അംഗീകരിച്ചില്ല. അവർ എെക്യരാഷ്ട്ര സഭക്കെതിരെയും ഇൗജിപ്ഷ്യൻ ഗവൺമെന്റിനെതിരെയും പടിഞ്ഞാറൻ ശക്തികൾക്കെതിരെയും മുസ്ലിം വികാരം ആളിക്കത്തിച്ചു. സ്വാഭാവികമായും 1948 ഡിസംബർ 8ന് പ്രധാനമന്ത്രി മഹ്മൂദ് ഫഹ്മി അക്രാശി, ഇഖ്വാൻ നിരോധിക്കപ്പെട്ടതായി പ്രഖ്യാപിച്ചു. അതിന്റെ പ്രതിഷേധം നടന്നുകൊണ്ടിരിക്കെ ഡിസംബർ 22ന് പ്രധാനമന്ത്രി കൊല്ലപ്പെട്ടു. കുറ്റം ഇഖ്വാനു മേൽ ആരോപിക്കപ്പെട്ടു. അതിന്റെ പ്രതികാരമെന്നോണം 1949 ്രെബഫുവരി 16ന് പ്രധാനമന്ത്രിയുടെ കക്ഷിയായ ദസ്തൂർ പാർട്ടി പ്രവർത്തകരും രഹസ്യ പോലീസും ചേർന്നു ആസൂത്രിതമായി ഹസനുൽ ബന്നയെ വെടിവെച്ചു കൊന്നു. മരണാനന്തര മുറകൾ നടപ്പിലാക്കാൻ അനുവദിക്കപ്പെട്ട ഏക പുരുഷൻ ബന്നയുടെ പിതാവ് മാത്രമായിരുന്നു. പിന്നെ കുടുംബത്തിലെ ഏതാനും സ്ത്രീകളും.
പിന്നീട് ഇഖ്വാന്റെ മുർശിദുൽ ആം (പ്രസിഡണ്ട്) ആയി തിരഞ്ഞെടുക്കപ്പെട്ടത് ഹസൻ ഹുദൈബി (1891-1973)യായിരുന്നു. മുൻ ജഡ്ജിയായിരുന്ന അദ്ദേഹത്തിന്റെ സ്ഥാനാരോഹണം ഇഖ്വാനിൽ പിളർപ്പിനു വഴിയൊരുക്കി. മുഹമ്മദ് ഗസ്സാലി, ബന്നയുടെ സഹോദരൻ അബ്ദുർറഹ്മാൻ ബന്ന തുടങ്ങിയവർ പുറത്താക്കപ്പെട്ടു. “അദ്ദഅ്വ’ വാരിക അവരുടെ മുഖപത്രമായിരുന്നു. 1950-ൽ ഇൗജിപ്ഷ്യൻ കോടതി ഇഖ്വാന്റെ നിരോധനം ദുർബലപ്പെടുത്തി. ഫാറൂഖ് രാജാവിനെ അധികാരഭ്രഷ്ടനാക്കാൻ 1952 ജൂലായ് 23നു ജനറൽ നജീബിന്റെ നേതൃത്വത്തിൽ നടന്ന പട്ടാള വിപ്ലവത്തിൽ അദ്ദേഹത്തിനും വിപ്ലവത്തിന്റെ യഥാർത്ഥ സൂത്രധാരകനായ ജമാൽ അബ്ദുന്നാസിറിനും ഇഖ്വാൻ ശക്തമായ പിന്തുണ നൽകി. ഇരുവിഭാഗവും ആദ്യം ഒന്നിച്ചു നീങ്ങിയെങ്കിലും പിന്നീട് ഭിന്നിച്ചു. ഇഖ്വാന്റെ മത രാഷ്ട്ര സങ്കൽപം നാസിർ തിരസ്കരിച്ചതായിരുന്നു കാരണം. 1954 മാർച്ച് 25നു അലക്സാണ്ട്രിയയിലെ മൻശിയാ മൈതാനിയിൽ നാസിറിനെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ചു എന്ന പേരിൽ ഇഖ്വാൻ വീണ്ടും നിരോധിക്കപ്പെട്ടു. അതോടെ ഇഖ്വാനികൾ ശക്തമായി വേട്ടയാടപ്പെട്ടു. ചിന്തകനായിരുന്ന സയ്യിദ് ഖുത്ത്ബി (1906-1966)നെ പോലുള്ള നിരവധി നേതാക്കൾ ജയിലിലടക്കപ്പെട്ടതും തൂക്കിലേറ്റപ്പെട്ടതും അക്കാലത്താണ്.
1970 സെപ്തംബർ 28നു ജമാൽ അബ്ദുന്നാസിർ മരണപ്പെട്ടു. അൻവർ സാദത്താണ് പിന്നീട് പ്രസിഡണ്ടായി വന്നത്. അദ്ദേഹമാണ് ഇഖ്വാന്റെ നിരോധനം നീക്കിയതും ഹസൻ ഹുദൈബി അടക്കമുള്ള നേതാക്കളെ ജയിൽ മോചിതരാക്കിയതും. 1979-ൽ ഇസ്രയേലുമായി അദ്ദേഹം കേമ്പ് ഡേവിഡ് കരാർ ഒപ്പുവെച്ചതോടെ ആ നല്ല ബന്ധവും അവസാനിച്ചു. സംഘടനയിൽ നിന്നു പിരിഞ്ഞുപോയ ചില തീവ്ര ഇഖ്വാനിസ്റ്റുകൾ 1981-ൽ അദ്ദേഹത്തെ വധിച്ചു. പിന്നീട് ഹുസ്നീ മുബാറക്ക് പ്രസിഡണ്ടായതിനു ശേഷമാണ് ഇഖ്വാൻ കൂടുതൽ സജീവമാകുന്നതും പൊതുതെരഞ്ഞെടുപ്പുകളിൽ മൽസരിക്കുന്നതും. വലിയ ജനപിന്തുണ അവകാശപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴും മുഖ്യധാരാ പാർട്ടികളിലേക്ക് കടന്നുവരാനോ അധികാരത്തിന്റെ അയലത്തെത്താനോ ഇഖ്വാന് സാധിച്ചിട്ടില്ല.
ഹസനുൽ ബന്നക്കു ശേഷം 1950-ൽ ഹസൻ ഹുദൈബി. അദ്ദേഹത്തിന്റെ മരണശേഷം 1973-ൽ ഉമർ തൽമസാനി. അതിനു ശേഷം 1986-ൽ ഹാമിദ് അബൂനസ്വ്ർ, 1996-ൽ അദ്ദേഹം മരണപ്പെട്ടപ്പോൾ മുസ്ത്വഫാ മശ്ഹൂർ. 2003-ൽ അദ്ദേഹത്തിന്റെ മരണാനന്തരം മുഅ്മിനുൽ ഹുദൈബി, 2004-ലെ അദ്ദേഹത്തിന്റെ വിയോഗാനന്തരം മുഹമ്മദ് മഹ്ദീ ആകിഫ് എന്നിവരാണ് ഇഖ്വാന്റെ “മുർശിദുൽ ആം’ ആയി തെരഞ്ഞെടുക്കപ്പെട്ടവർ. സയ്യിദ് ഖുത്ബ്, മുഹമ്മദ് ഖുത്ബ്, മുഹമ്മദ് ഗസ്സാലി, മുസ്വ്ത്വഫസ്സിബാഇൗ, അബ്ദുൽ ഖാദിർ ഒൗദ, ഫഹ്മിഹുവൈദി തുടങ്ങിയവർ ഇഖ്വാനികളിലെ വലിയ ചിന്തകരും എഴുത്തുകാരുമായിരുന്നു.
ആദർശ ലക്ഷ്യങ്ങൾ
ഇസ്ലാമിനെ ഒരു രാഷ്ട്രീയ പ്രസ്ഥാനമായും ജീവിത പദ്ധതിയായും അവതരിപ്പിച്ച ഇഖ്വാനികൾ അതിനു പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രചരണ തന്ത്രങ്ങളാണ് ആവിഷ്കരിച്ചത്. മറ്റു മുസ്ലിം ചിന്താപ്രസ്ഥാനങ്ങളിൽ നിന്നും മാറി വിശ്വാസപരവും അനുഷ്ഠാനപരവുമായ വിഷയങ്ങളിൽ സ്വന്തമായ ഒരു വഴി ഇഖ്വാനിസത്തിനുണ്ടായിട്ടില്ല. ഇത്തരം കാര്യങ്ങളിൽ ചിലപ്പോൾ സാഹചര്യങ്ങൾക്കനുസരിച്ച് നീങ്ങുകയോ വ്യക്തികളുടെ സ്വതന്ത്ര വീക്ഷണങ്ങൾ വെച്ചു പുലർത്തുകയോ ആണ് ചെയ്യാറുള്ളത്. എന്നാൽ പലപ്പോഴും റശീദ് രിളയുടെ ചിന്തകളും ഗൾഫ് സലഫിസത്തിന്റെ സ്വാധീനവും അവരിൽ നന്നായി നിഴലിച്ചിട്ടുണ്ട്. അതോടൊപ്പം ഇൗജിപ്തിൽ നിലവിലുണ്ടായിരുന്ന ചില സൂഫീ ത്വരീഖത്തുകളുടെ ശൈലിയും കടമെടുത്തിട്ടുമുണ്ട്. എല്ലാ ചിന്താധാരകളിൽ നിന്നും തങ്ങൾക്കു നല്ലതെന്നു തോന്നുന്നവ സ്വീകരിച്ച് ഒരു “സങ്കര സംസ്കാരം’ സൃഷ്ടിക്കാനാണ് ഇഖ്വാനികൾ ശ്രമിച്ചത്. ഹസനുൽ ബന്ന വ്യക്തമാക്കുന്നത് കാണുക:
“”ഇഖ്വാനുൽ മുസ്ലിമൂൻ ഒരു സലഫി പ്രബോധനമാണ്. കാരണം ഇസ്ലാമിന്റെ സ്രോതസ്സായ ഖുർആനിലേക്കും സുന്നത്തിലേക്കും മടങ്ങാനാണ് അത് ആഹ്വാനം ചെയ്യുന്നത്. ഇഖ്വാൻ ഒരു സുന്നീ മാർഗമാണ്. കാരണം പരിശുദ്ധ സുന്നത്തിനനുസരിച്ച് പ്രവർത്തിക്കുന്നവരാണ് ഇഖ്വാനികൾ. ഇതൊരു സ്വൂഫീ യാഥാർത്ഥ്യമാണ്. കാരണം, മനസ്സിന്റെ വിശുദ്ധിയും അല്ലാഹുവിനു വേണ്ടിയുള്ള സ്നേഹവുമാണ് നന്മയുടെ അടിസ്ഥാനമെന്നു മനസ്സിലാക്കുന്നു ഇഖ്വാൻ. ഇതൊരു രാഷ്ട്രീയ വേദിയാണ്. കാരണം, ഭരണ പരിഷ്കരണം ആവശ്യപ്പെടുന്ന പ്രസ്ഥാനമാണിത്. ഇഖ്വാൻ കായിക സംഘടനയാകുന്നു. കാരണം, ശരീരത്തെ പരിഗണിക്കുകയും ദുർബലനായ വിശ്വാസിയെക്കാൾ അല്ലാഹുവിനിഷ്ടം ശക്തനായ വിശ്വാസിയെയാണ് എന്ന് മനസ്സിലാക്കുകയും, ആരോഗ്യമില്ലാതെ ഇസ്ലാമിക സാധ്യതകൾ നിർവഹിക്കാൻ സാധ്യമല്ലെന്നറിയുകയും ചെയ്യുന്നവരാണ് ഇഖ്വാനികൾ. ഇതൊരു സാംസ്കാരിക സംഘമാണ്. കാരണം, വിജ്ഞാന സമ്പാദനം എല്ലാ മുസ്ലിംകൾക്കും നിർബന്ധമാക്കിയ മതമാണ് ഇസ്ലാമെന്നു മനസ്സിലാക്കുന്നു. ഇതൊരു സാമ്പത്തിക സ്ഥാപനമാണ്. എന്തുകൊണ്ടെന്നാൽ അധ്വാനിക്കാനും പണം സമ്പാദിക്കാനും പറഞ്ഞ മതമാണിസ്ലാം. ഇതൊരു സാമൂഹിക ചിന്തയാണ്. കാരണം സമൂഹത്തിന്റെ രോഗങ്ങൾ പഠിക്കുകയും ചികിത്സിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സംഘടനയാണ് അൽ ഇഖ്വാനുൽ മുസ്ലിമൂൻ.” (രിസാലത്തുൽ മുഅ്തമറിൽ ഖാമിസ്).
ഇൗ അവകാശപ്പെടലുകൾക്കിടയിലും അപകടകരമായ ചില നിലപാടുകൾ ഇഖ്വാൻ വെച്ചു പുലർത്തി എന്നത് വസ്തുതയാണ്. സൂഫീ ത്വരീഖതുകളെ അനുകരിച്ചുകൊണ്ടവർ ബൈഅത്തും ഒൗറാദുകളുമെല്ലാം നടപ്പാക്കി. പക്ഷേ, ബൈഅത്തിനു മുമ്പ് അനുയായികൾ മനസ്സിലാക്കേണ്ട ഇരുപത് അടിസ്ഥാന കാര്യങ്ങളിൽ പലതും സൂഫീ മാർഗത്തിനും സുന്നീ വിശ്വാസത്തിനും വിരുദ്ധമായിരുന്നു. ചിലതു കാണുക.

  1. ഇസ്ലാമിന്റെ വിധിവിലക്കുകൾ മനസ്സിലാക്കുവാൻ ഒാരോ മുസ്ലിമും അവലംബിക്കേണ്ടത് ഖുർആനിനെയും സുന്നത്തിനെയുമാകുന്നു.
  2. ഉറുക്ക്, മന്ത്രം, ജോത്സ്യം, അദൃശ്യ ജ്ഞാനമവകാശപ്പെടൽ തുടങ്ങിയ കാര്യങ്ങൾ തെറ്റാണ്. അവയെ എതിർക്കേണ്ടത് നിർബന്ധവും. ഖുർആനിലും സുന്നത്തിലുമുള്ള മന്ത്രവാക്യങ്ങളേ സ്വീകരിക്കാവൂ.
  3. മതനിയമങ്ങളുടെ തെളിവുകൾ മനസ്സിലാക്കാൻ വേണ്ടത്ര വിവരമില്ലാത്ത മുസ്ലിമിന് ഒരു ഇമാമിനെ പിൻപറ്റാം. എന്നാൽ തെളിവുകൾ കണ്ടെത്താൻ സാധ്യമാകുന്നത്ര പരിശ്രമിക്കുകയും തെളിവുകളുള്ള അഭിപ്രായങ്ങൾ മാത്രം സ്വീകരിക്കുകയും ചെയ്യുക എന്നതാണയാൾക്ക് ഉത്തമം.
  4. കർമ തലത്തിൽ ഒന്നും ചെയ്യാനില്ലാത്തതോ സംഭവിക്കാനിടയില്ലാത്തതോ ആയ “മസ്അല’കളിൽ ഉൗളിയിട്ടിറങ്ങുന്നത് ശറഇൽ നിരോധിക്കപ്പെട്ട കാര്യമാണ്. ഇനിയും മനസ്സിലായിട്ടില്ലാത്ത ഖുർആൻ വചനങ്ങളെ കുറിച്ചുള്ള ചർച്ചയും അങ്ങനെ തന്നെ.
  5. ഖബർ സന്ദർശനം സുന്നത്താണ്. എന്നാൽ ഖബ്റാളികളോട് സഹായമഭ്യർത്ഥിക്കുന്നതും അവർക്കു നേർച്ച നേരുന്നതും ഖബ്ർ കെട്ടിപ്പൊക്കുന്നതും അല്ലാഹുവല്ലാത്തവരെ പിടിച്ച് സത്യം ചെയ്യുന്നതും വൻദോഷങ്ങളാണ്. അവയോട് പോരാടേണ്ടത് അനിവാര്യമാണ്.
  6. തവസ്സുൽ ശാഖാപരമായ അഭിപ്രായ വ്യത്യാസങ്ങളിൽ പെട്ടതാണ്. അഖീദയുടെ മസ്അലയല്ല. (ഉദ്ധരി: അൽ ഇഖ്വാൻ. ഡോ. അബ്ദുസ്സലാം)
    ഇവയിൽ ചിലത് ഒറ്റ നോട്ടത്തിൽ സുന്ദരമായി തോന്നുമെങ്കിലും അപകടകരമായ ലക്ഷ്യങ്ങൾ അതിനു പിന്നിലുണ്ടെന്നു വ്യക്തം. വഹാബിസത്തിന്റെയും റശീദ് രിളയുടെയും സ്വാധീനം ഇവിടെ വ്യക്തമായി കാണാം.
    മുഹമ്മദ് ബിൻ അബ്ദിൽ വഹാബിന്റെ സലഫിസവും സനൂസി പ്രസ്ഥാനവും റശീദ് രിളയുടെ ചിന്തകളുമാണ് ഇഖ്വാനു പ്രചോദനമേകിയതെന്നും ഇബ്നു തീമിയ്യൻ പാഠശാലയിൽ പഠിച്ചിറങ്ങിയവരാണ് അവരെന്നും അടുത്ത കാലം വരെ വഹാബികൾ അവകാശപ്പെട്ടിരുന്നു. ആധുനിക ഇസ്വ്ലാഹീ പ്രസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് ഇഖ്വാനെ അവർ എണ്ണിയിരുന്നത്. (“വമി’ പ്രസിദ്ധീകരിച്ച അൽ മൗസൂഅത്തിൽ മുയസ്സിറ: 1/208-ൽ ഇതു കാണാം).
    എന്നാൽ മുസ്ലിം ലോകത്തെ ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രം ഇഖ്വാനാണെന്ന് നാനാ ദിക്കുകളിൽ നിന്നും വിമർശനമുയർന്നപ്പോൾ അവർ ചുവടുമാറി. സലഫിസത്തെ തകർക്കാനും അതിൽ നുഴഞ്ഞു കയറി അട്ടിമറി നടത്താനും രൂപീകരിക്കപ്പെട്ടതാണ് ഇഖ്വാൻ എന്നാണ് ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. സലഫിസത്തെ തകർക്കാൻ വേണ്ടി മാത്രം ഇഖ്വാനികൾ ഒരു വിംഗിനു രൂപം നൽകിയിട്ടുണ്ടത്രെ! സുറൂറിസം എന്നാണതിന്റെ പേര്. “ശൈഖ് മുഹമ്മദ് സുറൂർ സൈനുൽ ആബിദീൻ എന്ന പണ്ഡിതനാണ് ഇതിന്റെ സ്ഥാപകൻ. അദ്ദേഹം തുടങ്ങിയ അൽ-ബയാൻ, അസ്സുന്ന എന്നീ പ്രസിദ്ധീകരണങ്ങൾ സലഫികളെ പതുക്കെ പതുക്കെ നിഷ്ക്രിയരാക്കാൻ ശ്രമിച്ചു എന്നതാണ് പുതിയ ആരോപണം. സയ്യിദ് ഖുത്തുബിന്റെ ചിന്തകളെ “മഹാ ഫിത്ന’ എന്നാണിപ്പോൾ വഹാബികൾ വിശേഷിപ്പിക്കുന്നത്. കേരളത്തിലെ വഹാബി പ്രസ്ഥാനത്തെ രണ്ടാക്കി പിളർത്തിയത് ഇഖ്വാനിസത്തിന്റെയും സുറൂറിസത്തിന്റെയും ഖുതുബിസത്തിന്റെയും ചാരന്മാരാണെന്നാണ് ഇവിടെയുള്ള ഉഗ്രവാദി സലഫികൾ ഇപ്പോൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
    വാസ്തവത്തിൽ മുസ്ലിം ലോകത്ത് തീവ്രവാദ ചിന്തകൾക്കു വഴി മരുന്നിട്ടത് ഇഖ്വാനികളായിരുന്നു. അവരുടെ ചിന്തകളും രചനകളുമാണ് അടുത്ത കാലത്തായി ഇസ്ലാമിന്റെ പേരിൽ രംഗപ്രവേശം ചെയ്ത മിക്ക തീവ്രവാദ പ്രസ്ഥാനങ്ങളുടെയും ഭീകര ഗ്രൂപ്പുകളുടെയും ആശയാടിത്തറയായി വർത്തിച്ചത്. ഇതിൽ പലപ്പോഴും ഇഖ്വാനികളോടൊപ്പമുണ്ടായിരുന്നത് ഇറാനി ശിഇൗ ചിന്തകരും പ്രസ്ഥാനങ്ങളുമായിരുന്നു. പശ്ചിമേഷ്യയിലെ പോരാട്ട ഗ്രൂപ്പുകളായ ഹമാസിന്റെയും ഹിസ്ബുല്ലയുടെയും തലപ്പത്ത് ഇരുവിഭാഗവും സ്വാധീനമുറപ്പിച്ചതോടെ മുസ്ലിം ലോകത്തിന്റെ സഹതാപം തങ്ങളിലേക്ക് ആവാഹിക്കാനും അതു മുതലെടുക്കാനും അവർക്കു സാധിച്ചു. ഇൗ ഘട്ടത്തിൽ പല ശീഇൗ ചിന്തകളും ഇഖ്വാനികളെ സ്വാധീനിച്ചിട്ടുണ്ട്. പ്രധാന സ്വഹാബികൾക്കെതിരെ ശിയാക്കൾ ആരോപിക്കാറുള്ള പല കാര്യങ്ങളും വർദ്ധിത വീര്യത്തോടെ പൊതു സമൂഹത്തിൽ അവതരിപ്പിച്ചത് ഇഖ്വാനികളായിരുന്നു.
    സയ്യിദ് ഖുത്ബി (1906-1966)ന്റെ “അൽ അദാലത്തുൽ ഇജ്ത്തിമാഇയ്യ ഫിൽ ഇസ്ലാം’ (ജമാഅത്തെ ഇസ്ലാമിയുടെ എെ.പി.എച്ച് “ഇസ്ലാമിലെ സാമൂഹ്യ നീതി’ എന്ന പേരിൽ ഇതു മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്) എന്ന ഗ്രന്ഥം ശിഇൗ ബാന്ധവത്തിന്റെ ഒരു ഉദാഹരണമാണ്. സുന്നീ ലോകം നീതിമാന്മാരെന്നും മാതൃകാ പുരുഷരെന്നും വിശ്വസിക്കുന്ന സ്വഹാബികളെ അനീതിക്കാരായും തിന്മക്കു കൂട്ടുനിന്നവരായും ചിത്രീകരിക്കുന്നു. പ്രത്യേകിച്ചും മൂന്നാം ഖലീഫ ഉസ്മാൻ(റ)നെ കുറിച്ച്, നബിയുടെയും മുൻഗാമികളായ രണ്ടു ഖലീഫമാരുടെയും മാർഗത്തിൽ നിന്നു വ്യതിചലിച്ചു, സ്വജന പക്ഷപാതിത്വം കാണിച്ചു, കുടുംബക്കാരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു എന്നിങ്ങനെയുള്ള ആരോപണങ്ങളുന്നയിക്കുന്നു. (ഇസ്ലാമിലെ സാമൂഹ്യ നീതി. പ്രാമാണിക ചരിത്ര ഗ്രന്ഥങ്ങളുടെ പിൻബലമില്ലാതെ ശിയാക്കളുടെ പഴകിപ്പുളിച്ച ആരോപണങ്ങൾ മുഖ്യാവലംബമായി സ്വീകരിച്ചുകൊണ്ടാണ് ഖുത്തുബും കൂട്ടരും സ്വഹാബികളെ വിമർശിക്കുന്നത്.
    ഇതിൽ നിന്നെല്ലാം “ഇഖ്വാനുൽ മുസ്ലിമൂൻ’ എന്ന പ്രസ്ഥാനവും അതിന്റെ വക്താക്കളും അഹ്ലുസ്സുന്നത്തി വൽ ജമാഅയുടെ ആദർശ പരിധിക്കു പുറത്താണെന്നു മനസ്സിലാക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here