മെറ്റാ മോഡേണിറ്റി; ആശകളും ആശങ്കകളും

997

ശാസ്ത്ര സാങ്കേതിക പഠന രംഗത്തെ അവസാന വാക്കായ അമേരിക്കയിലെ മസാചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസറും ലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനുമായ മാക്‌സ് ടെഗ്മാര്‍ക്ക് തന്റെ ‘Our mathematical universe’ എന്ന കൃതിയില്‍ സര്‍വ വിജ്ഞാനശാഖകളുടെയും അടിസ്ഥാനം ഗണിതമാണെന്ന് സമര്‍ഥിക്കുന്നുണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, പ്രപഞ്ചത്തെ കുറിച്ചുള്ള അറിവിനെ വിത്യസ്ത തലത്തില്‍ വിശദീകരിക്കാനാണ് ഓരോ വിജ്ഞാന ശാഖകളും രൂപപ്പെടുത്തപ്പെട്ടത്. നാം ജീവിക്കുന്ന പ്രപഞ്ചം അടിസ്ഥാനപരമായി ഗണിതമാണെന്നും അതിന്റെ പ്രായോഗിക രൂപങ്ങളാണ് കെമിസ്ട്രിയും ഫിസിക്‌സും അടങ്ങുന്ന പ്രകൃതി ശാസ്ത്രമെന്നും പ്രസ്തുത ‘സയന്‍സില്‍‘ നിന്നാണ് ഏറ്റവും ഉപരിപ്ലവമായ അറിവായ സാമൂഹ്യ ശാസ്ത്രം പിറവി കൊള്ളുന്നതെന്നും അദ്ദേഹം എഴുതിയത് കാണാം. നമുക്ക് ചുറ്റിലും നടക്കുന്ന സംഭവവികാസങ്ങളുടെ പൊരുള്‍ തിരിച്ചറിയാന്‍ ചരിത്ര,രാഷ്ട്രീയ വായനകള്‍ക്കൊപ്പം അവയുടെ അടിസ്ഥാന ശാസ്ത്ര വായനകള്‍ കൂടി നടത്തേണ്ടതുണ്ട് എന്ന പാഠമാണ് മാക്‌സ് ടെഗ്മാര്‍ക്ക് പകര്‍ന്നു തരുന്നത്.


ശാസ്ത്രവും അടിസ്ഥാന ബലങ്ങളും
ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടുവിലെ നിര്‍വചനമനുസരിച്ച് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഭൗതിക ലോകത്തിന്റെ ഘടനയെയും സവിശേഷതകളെയും പഠിക്കുന്നതിനെയാണ് ശാസ്ത്രം എന്നു പറയുന്നത്. അരിസ്റ്റോട്ടിലും പ്ലാറ്റോയും അടക്കമുള്ള ഗ്രീക്ക് തത്വചിന്തകരുടെ സംഭവനയായ പ്രാചീന ശാസ്ത്രത്തില്‍ നിന്നും മുസ്‌ലിം ലോകത്ത് ഉദയം ചെയ്യുകയും പിന്നീട് യൂറോപ്പില്‍ തഴച്ചു വളരുകയും ചെയ്ത ആധുനിക ശാസ്ത്രത്തെ വ്യതിരിക്തമാക്കുന്നത് അതിന്റെ രീതിശാസ്ത്രമാണ്. ഒരു പ്രതിഭാസത്തെ നിരീക്ഷിച്ച് അതുമായി ബന്ധപ്പെട്ട അടിസ്ഥാന ചോദ്യങ്ങള്‍ ഉന്നയിക്കുകയും ശേഷം ഒരു ഊഹത്തിലെത്തി ആ ഊഹത്തിന്റെ സാധുത പരിശോധിക്കുന്ന പരീക്ഷണങ്ങള്‍ നടത്തി നിഗമനത്തിലെത്തുകയും ചെയ്യുന്ന ഈ രീതിശാസ്ത്രം എത്രതന്നെ കൃത്യത പുലര്‍ത്തിയാലും ശാസ്ത്രം അതിന്റെ നിര്‍വചനമനുസരിച്ച് ഭൗതിക ലോകത്തില്‍ പരിമിതപ്പെട്ടിരിക്കുന്നു എന്നതുകൊണ്ട് ശാസ്ത്രവും മതവും ഒരിക്കലും ബൈനറികളാവുന്നില്ല. മറിച്ച്, ഭൗതികവും അഭൗതികവും കൂടി ഉള്‍പ്പെടുന്ന സമഗ്ര ‘ശാസ്ത്ര’മായ മതത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഭൗതികലോകത്തെക്കുറിച്ച് പഠിക്കുന്ന പ്രകൃതി ശാസ്ത്രം.
ജീവശാസ്ത്രം താരതമ്യേന ഉപരിപ്ലവമായ പഠനമാണെങ്കില്‍ രസതന്ത്രം ഭൗതികപദാര്‍ഥങ്ങളുടെ അടിസ്ഥാനമായ മൂലകങ്ങളെയും തന്മാത്രകളെയും വിശദീകരിക്കാനുള്ള മാര്‍ഗമാണ്. ശാസ്ത്രത്തിന്റെ അകക്കാമ്പ് എന്ന് വിശേഷിപ്പിക്കാവുന്ന ഫിസിക്‌സ്, ഭൗതിക ലോകത്തെ കുറിച്ചുള്ള ഏറ്റവും അടിസ്ഥാനപരമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് തേടുന്നത്. പ്രപഞ്ചം മുഴുവന്‍ നിര്‍മിക്കപ്പെട്ടത് നിശ്ചിതമായ മൗലിക കണങ്ങള്‍ കൊണ്ടാണെന്നും നാല് അടിസ്ഥാന ബലങ്ങളിലൂടെ ആ കണികകള്‍ പരസ്പരം പ്രതിപ്രവര്‍ത്തിക്കുന്നുവെന്നും അതിലൂടെ സ്ഥൂല,സൂക്ഷ്മ പ്രപഞ്ചത്തിലെ എല്ലാ പ്രതിഭാസങ്ങളും വിശദീകരിക്കാമെന്നതുമാണ് ഭൗതിക ശാസ്ത്രത്തിന്റെ (ഫിസിക്‌സ്) ആകെത്തുക.
നിലവിലുള്ള നമ്മുടെ അറിവനുസരിച്ച് അടിസ്ഥാന ബലങ്ങള്‍ നാലാണ്: ഗുരുത്വബലം (ഗ്രാവിറ്റി), വൈദ്യുത കാന്തികബലം (ഇലക്ട്രോ മാഗ്‌നെറ്റിക്), ശക്ത അണുകേന്ദ്ര ബലം(സ്‌ട്രോങ്ങ് ന്യൂക്ലിയാര്‍), ദുര്‍ബല അണുകേന്ദ്ര ബലം(വീക്ക് ന്യൂക്ലിയാര്‍), എന്നിവയാണവ. ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നതും മുകളിലേക്കെറിഞ്ഞ കല്ല് ഭൂമിയിലേക്ക് തിരിച്ചു പതിക്കുന്നതും അവക്കിടയില്‍ ഗുരുത്വാകര്‍ഷണബലം(ഗ്രാവിറ്റി) പ്രവര്‍ത്തിക്കുന്നതിനാലാണ്. പദാര്‍ഥത്തിനകത്തെ ആറ്റങ്ങളെയും തന്മാത്രകളെയും പരസ്പരം ചേര്‍ത്ത് നിര്‍ത്തുന്നത് വൈദ്യുതകാന്തിക ബലമാണ്. ആറ്റത്തിന്റെ കേന്ദ്രമായ ന്യൂക്ലിയസിലുള്ള അടിസ്ഥാന കണങ്ങള്‍ ചേര്‍ന്നു നില്‍ക്കുന്നതിനു കാരണം, ശക്ത അണുകേന്ദ്ര ബലമാണെങ്കില്‍ അതെ കണികകള്‍ ഊര്‍ജം പുറത്തുവിട്ട് മറ്റു കണികകളായി ശോഷിക്കുന്നതിന് കാരണം ദുര്‍ബല അണുകേന്ദ്രബലമാണ്.


ഫിസിക്‌സും വ്യവസായിക വിപ്ലവങ്ങളും
അമേരിക്കന്‍ ഭൗതിക ശാസ്ത്രജ്ഞനും ഫ്യൂച്ചറിസ്റ്റുമായ മിച്ചിയോ കാകുവിന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൃതിയാണ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘ഗോഡ് ഇക്വാഷന്‍’ (ദൈവ സമവാക്യം).നാല് അടിസ്ഥാന ബലങ്ങളെയും വിശദീകരിക്കാന്‍ വിത്യസ്ത സമവാക്യങ്ങള്‍ പല കാലങ്ങളിലായി ശാസ്ത്ര ലോകം കണ്ടെത്തിയിട്ടുണ്ട്. അവ നാലും ചേര്‍ത്തുകൊണ്ടുള്ള ഒരൊറ്റ സമവാക്യത്തിന് വേണ്ടിയുള്ള കാലങ്ങളായുള്ള ശാസ്ത്രത്തിന്റെ അന്വേഷണമാണ് ‘ദൈവ സമവാക്യം’ എന്ന കൃതി. പ്രസ്തുത കൃതിയുടെ തുടക്കത്തില്‍ പ്രപഞ്ചത്തിലെ നാല് അടിസ്ഥാന ബലങ്ങളെക്കുറിച്ചുള്ള അറിവ് ആധുനിക സാങ്കേതിക യുഗങ്ങള്‍ കെട്ടിപ്പടുക്കാന്‍ എങ്ങെനയാണ് സഹായകരമായതെന്ന് മിച്ചിയോ കാക്കു വിശദീകരിക്കുന്നുണ്ട്.
ഗുരുത്വാകര്‍ഷണ ബലത്തിന് ആദ്യമായി ശാസ്ത്രീയമായ വിശദീകരണം നല്‍കിയത് പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ച ഐസക് ന്യൂട്ടന്‍ ആയിരുന്നുവെങ്കിലും ആ ബലത്തെ ഉപയോഗപ്പെടുത്തി യന്ത്രങ്ങള്‍ നിര്‍മിക്കപ്പെട്ടത് പതിനെട്ടാം നൂറ്റാണ്ടിലാണ്. ന്യൂട്ടന്റെ ചലന സമവാക്യങ്ങള്‍ താപ കൈമാറ്റ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെടുത്താന്‍ വികസിപ്പിച്ചെടുത്ത തെര്‍മോഡൈനാമിക്‌സ് എന്ന ശാഖയാണ് ആവിയന്ത്രത്തിന്റെ കണ്ടെത്തലിലേക്കും തുടര്‍ന്ന് ഒന്നാം വ്യാവസായിക വിപ്ലവത്തിലേക്കും വഴി തെളിയിച്ചത്. പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതി മുതല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതി വരെ നീണ്ടുനിന്നതായിരുന്നു. ഒന്നാം വ്യാവസായിക വിപ്ലവകാലത്ത് ആവിയന്ത്രങ്ങളില്‍ ഇന്ധനമായി ഉപയോഗിച്ചിരുന്നത് പ്രധാനമായും കല്‍ക്കരിയായിരുന്നു.
വൈദ്യുതകാന്തിക ബലത്തെ സംബന്ധിച്ചുള്ള ഗവേഷണങ്ങള്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും 1831 ല്‍ മൈക്കല്‍ ഫാരഡെ വൈദ്യുത കാന്തിക പ്രേരണം വഴി പ്രായോഗികമായി വൈദ്യതി ഉല്‍പാദിപ്പിക്കാം എന്ന് കണ്ടെത്തിയതോടെയാണ് രണ്ടാമത്തെ അടിസ്ഥാന ബലം ജനകീയമാകുന്നത്. വന്‍തോതിലുള്ള വ്യാവസായിക ഉല്‍പാദനം സാധ്യമാക്കിയ വൈദ്യുതിയന്ത്രങ്ങളും കൃത്രിമമായാണെങ്കിലും ലോകമാസകലം പ്രകാശ പൂരിതമാക്കിതീര്‍ത്ത വൈദ്യുത ബള്‍ബുകളും ജന്മമെടുത്തത് ഈ കാലഘട്ടത്തിലാണ്. 1870 മുതല്‍ 1914 വരെ നീണ്ട ഈ യുഗമാണ് രണ്ടാം വ്യാവസായിക വിപ്ലവം. ഫോസില്‍ ഇന്ധനങ്ങളുടെ നിയന്ത്രിത ജ്വലനത്തിലൂടെ പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ വാഹനങ്ങളുടെ കണ്ടെത്തലിലൂടെ ഗതാഗത രംഗത്ത് ഒരു കുതിച്ചുചാട്ടം സംഭവികച്ചതും ഈ കാലയളവിലാണ്.
അണുകേന്ദ്ര ബലത്തെ(ന്യൂക്ലിയാര്‍ ഫോഴ്‌സ്) ക്കുറിച്ചുള്ള ഗവേഷണങ്ങള്‍ കൂടുതല്‍ സജീവമാകുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. എല്ലാ പദാര്‍ഥങ്ങളെയും നിര്‍മിച്ചിരിക്കുന്നത് അറ്റങ്ങള്‍ കൊണ്ടാണെന്ന് ജോണ്‍ ഡാല്‍ട്ടന്‍ എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ കണ്ടെത്തിയിരുന്നുവെങ്കിലും ആറ്റം എന്തുകൊണ്ടാണ് നിര്‍മിക്കപ്പെട്ടതെന്ന ചോദ്യമാണ് അടിസ്ഥാന കണികകളായ പ്രോട്ടോണ്‍,ഇലക്ട്രോണ്‍,ന്യൂട്രോണ്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് കൊണ്ടുവന്നത്. സൂക്ഷപ്രപഞ്ചത്തില്‍ പ്രവര്‍ത്തിക്കുന്ന ന്യൂക്ലിയര്‍ ബലവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളാണ് ഇലക്ട്രോണിക് ചിപ്പുകളുടെയെല്ലാം അടിസ്ഥാനമായ അര്‍ദ്ധ വൈദ്യുത ചാലകങ്ങളുടെ കണ്ടെത്തലിലേക്ക് നയിച്ചത്. ഇന്ന് നാം ഡിജിറ്റല്‍ യുഗം എന്ന് വിശേഷിപ്പിക്കുന്ന മൂന്നാം വ്യാവസായിക വിപ്ലവത്തിന്റെ തുടക്കം അങ്ങനെയായിരുന്നു. രണ്ടാം ലോക മഹായുദ്ധാനന്തരം ആരംഭിച്ച ഈഘട്ടം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം വരെ നീണ്ടു. കോവിഡ് മഹാമാരി ആഗോള സമ്പദ്ഘടനയെ മൊത്തത്തില്‍ പിടിച്ചുലക്കിയെങ്കിലും, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗും വിദ്യാഭ്യാസവും വഴി സാങ്കേതിക വിദ്യയുടെ നൂതന സാധ്യതകള്‍ വിദൂര ഗ്രാമങ്ങളില്‍ വരേ എത്തിപ്പെടുന്നതിന് കാരണമായിട്ടുണ്ട്. മനുഷ്യനെപ്പോലെ ചിന്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്യുന്ന ‘നിര്‍മിതബുദ്ധി’ നല്‍കപ്പെട്ട യന്ത്രങ്ങളുടെ പ്രയോഗികവത്കരണമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന നാലാം വ്യവസായിക വിപ്ലവം കൊണ്ടുദ്ദേശിക്കപ്പെടുന്നത്.


സാങ്കേതിക യുഗങ്ങളും കൊളോണിയലിസവും
1453 ലാണ് ഓട്ടോമന്‍ ഭരണാധികാരിയായ മുഹമ്മദ് അല്‍ ഫാത്തിഹ് ന്റെ നേതൃത്വത്തില്‍ മുസ്‌ലിംകള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കുന്നത്. മധ്യ കാലയുഗത്തെയും ആധുനിക യുഗത്തെയും വേര്‍തിരിക്കുന്ന നാഴികക്കല്ലായി കോണ്‍സ്റ്റാന്റിനോപ്പിള്‍ വിജയം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടാന്‍ കാരണം അതിനു ശേഷം നവോഥാനം എന്ന പേരില്‍ യൂറോപ്പിന്റെ മത,രാഷ്ട്രീയ,സാംസ്‌കാരിക രംഗത്തുണ്ടായ അഴിച്ചു പണികളാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ തുടങ്ങി പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യകാലം വരെ, യൂറോപ്യന്‍ നാവികര്‍ പുതിയ വ്യാപാര പാതകള്‍ കണ്ടെത്താനും പുതിയ വ്യാപാര പങ്കാളികളെ തേടിയും ലോകമെമ്പാടും യാത്രകള്‍ നടത്തിയ പര്യവേഷണങ്ങളോടെയാണ് (എയ്ജ് ഓഫ് ഡിസ്‌കവറി) ആധുനിക യുഗം ആരംഭിക്കുന്നത്. പോര്‍ച്ചുഗീസ്-സ്പാനിഷ് നാവികരായിരുന്നു പര്യവേഷണങ്ങള്‍ക്ക് തുടക്കം കുറിച്ചതെങ്കിലും പിന്നീട് ഫ്രഞ്ച്-ഡച്ച്-ബ്രിട്ടീഷ് ശക്തികള്‍ ഏഷ്യന്‍-ആഫ്രിക്കന്‍-അമേരിക്കന്‍ രാജ്യങ്ങളില്‍ തങ്ങളുടെ കോളനികള്‍ സ്ഥാപിച്ചെടുക്കാന്‍ പരസ്പരം പോരടിച്ചു. നെപ്പോളിയോണിക് യുദ്ധങ്ങള്‍ അടക്കം വര്‍ഷങ്ങള്‍ നീണ്ടുനിന്ന ഈ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഒരു ആഗോള ശക്തിയായി ബ്രിട്ടന്‍ ഉയര്‍ന്നു വന്നതിനു കാരണം, അടിസ്ഥാനപരമായി ശാസ്ത്രസാങ്കേതിക രംഗത്ത് ബ്രിട്ടന്‍ നേടിയ മേല്‍കൈ കൂടിയായിരുന്നു. ഒന്നാം വ്യവസായിക വിപ്ലവത്തിന്റെ ഉല്‍പ്പന്നമായ ആവിയന്ത്രങ്ങള്‍ വഴി ഒരേസമയം കോളനി രാഷ്ട്രങ്ങളിലെ റെയില്‍,റോഡ് ഗതാഗത മാര്‍ഗങ്ങള്‍ വികസിപ്പിക്കാനും ഉല്‍പനങ്ങള്‍ വന്‍ തോതില്‍ കയറ്റുമതി ചെയ്ത് സമ്പത്ത് വാരിക്കൂട്ടാനും ബ്രിട്ടനെ സഹായിച്ചു. കോളനി രാഷ്ട്രങ്ങളില്‍ നേരിടേണ്ടി വന്ന എതിര്‍പ്പുകളെയും കലാപങ്ങളേയും അടിച്ചമര്‍ത്താന്‍ ആധുനിക യുദ്ധോപകരണങ്ങള്‍ വികസിപ്പിച്ചെടുത്തതു വഴി, തങ്ങളുടെ രാഷ്ട്രീയ,സാമ്പത്തിക അതീശത്വം ബ്രിട്ടന്‍ നിലനിര്‍ത്തി. തങ്ങളുടെ ലിബറല്‍ പ്രത്യയശാസ്ത്രം ആഗോള ജനതയുടെ മേല്‍ അടിച്ചേല്‍പ്പിക്കുക എന്നതായിരുന്നു കൊളോണിയലിസത്തിലൂടെ ബ്രിട്ടന്‍ ലക്ഷ്യമിട്ടത്. ഇന്ത്യയടക്കുമുള്ള കോളനി രാഷ്ട്രങ്ങളിലെല്ലാം ആധുനിക വിദ്യാഭ്യാസം പ്രചരിപ്പിക്കുകയും സാമൂഹ്യ,സാമ്പത്തിക,ഭരണ രംഗങ്ങളില്‍ നിലവിലുണ്ടായിരുന്ന പാരമ്പര്യത്തെ അട്ടിമറിച്ച് പാശ്ചാത്യന്‍ മൂല്യങ്ങളെ പ്രതിഷ്ഠിക്കുക വഴി ആധുനികതയുടെ ഒന്നാംഘട്ടം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കരങ്ങളാല്‍ നടപ്പിലാക്കപ്പെട്ടു.
സാമ്പത്തിക അധീശത്വം സ്വന്തമാക്കാന്‍ സാങ്കേതിക മുന്നേറ്റം കൂടിയേ തീരൂ എന്ന് തിരിച്ചറിഞ്ഞ മറ്റു യൂറോപ്യന്‍ രാജ്യങ്ങളും ശാസ്ത്ര സാങ്കേതിക രംഗത്തെ ഗവേഷങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കാന്‍ ആരംഭിച്ചതു കൊണ്ടാവണം ആദ്യ വ്യവസായിക വിപ്ലവ ഘട്ടത്തില്‍ ബ്രിട്ടനുണ്ടായിരുന്ന മേല്‍ക്കൈ രണ്ടാം ഘട്ടത്തില്‍ ഉണ്ടായിരുന്നില്ല. ടെലഗ്രാഫിന്റെ കണ്ടുപിടിത്തം വഴി വാര്‍ത്താവിനിമയ രംഗത്ത് പുത്തനുണര്‍വുണ്ടായതും പെട്രോളിയം അടക്കമുള്ള ഫോസില്‍ ഇന്ധനങ്ങള്‍ വാണിജ്യവത്കരിക്കപ്പെട്ടതും ജലതാപ വൈദ്യുത നിലയങ്ങള്‍ ലോകമെങ്ങും ഉയര്‍ന്ന് പൊങ്ങിയതും, സ്റ്റീല്‍ ഉല്‍പാദനത്തോടെ ഗതാഗതനിര്‍മാണ രംഗം അടിമുടി മാറ്റപ്പെട്ടതും ഈ കാലയളവിലാണ്. ശാസ്ത്രസാങ്കേതിക രംഗത്ത് ഒരുപറ്റം പ്രഗത്ഭരെ സംഭാവന ചെയ്ത ജര്‍മനിയും അമേരിക്കയും ഇക്കാര്യത്തില്‍ ബ്രിട്ടനു മാത്രം സ്വന്തമായിരുന്ന മേധാവിത്വം പതിയെ ചോദ്യം ചെയ്യാന്‍ തുടങ്ങി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജര്‍മനി ശാസ്ത്രഗവേഷണ രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് നടത്തിയത്. 1902 നും 1931 നും ഇടക്ക് രസതന്ത്രത്തില്‍ നോബല്‍ സമ്മാനം നേടിയ 31 പേരില്‍ 14 പേരും ജര്‍മന്‍ ശാസ്ത്രജ്ഞരായിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ നടന്ന ലോക മഹായുദ്ധങ്ങളുടെ അടിസ്ഥാന കാരണങ്ങളില്‍ ഏറ്റവും നിര്‍ണായകമായി ചരിത്രകാരന്മാര്‍ എണ്ണിയത് സാമ്പത്തിക,സാങ്കേതിക മേഖലകളില്‍ ജര്‍മനിക്ക് വര്‍ധിച്ചു വരുന്ന സ്വാധീനത്തില്‍ ബ്രിട്ടനുണ്ടായിരുന്ന ആശങ്കയായിരുന്നു.
1914 ഓടെ രണ്ടാം വ്യവസായിക വിപ്ലവം അവസാനിച്ചെങ്കിലും പിന്നീട് നടന്ന രണ്ട് മഹായുദ്ധങ്ങളിലും വ്യാപകമായി ഉപയോഗപ്പെടുത്തപ്പെട്ടത് അത്രയും കാലത്തെ സാങ്കേതിക പരിജ്ഞാനം കൊണ്ട് രൂപപ്പെടുത്തിയെടുത്ത തോക്കുകളും ടാങ്കറുകളും രാസായുധങ്ങളുമായിരുന്നു. ഒന്നാം ലോക മഹായുദ്ധത്തോടു കൂടി ഇസ്‌ലാമിക ഖിലഫത്ത് അവസാനിക്കുകയും രണ്ടാം ലോകമഹായുദ്ധാനാന്തരം സഹായത്തോടെ ഇസ്രഈല്‍ രൂപീകൃതമാവുകയും ചെയ്തു. വൈരുധ്യമെന്നു പറയട്ടെ, ഈ രണ്ട് നിര്‍ണായക സംഭവങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച ബ്രിട്ടനും രണ്ടാം ലോക മഹായുദ്ധത്തോടു കൂടി തങ്ങളുടെ മേധാവിത്വപട്ടം അഴിച്ചുവെക്കേണ്ടി വന്നു. മൂന്നാം വ്യവസായിക വിപ്ലവത്തിന്റെ പിന്‍ബലത്തോടെ പകരം ആ സ്ഥാനത്ത് കടന്നുവന്നത് സാക്ഷാല്‍ അമേരിക്കയായിരുന്നു.


എനിയാക് മുതല്‍ സോഫിയ വരെ
1946 ല്‍ ലോകത്തെ ആദ്യത്തെ കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്ന ‘എനിയാക്’ വികസിപ്പിച്ചെടുത്തത് അമേരിക്കയിലെ പെന്‍സില്‍വാലിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ്. ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങളുടെ അടിസ്ഥാനമായ ട്രാന്‍സിസ്റ്ററുകള്‍ കൂടി തൊട്ടടുത്ത വര്‍ഷം തന്നെ വികസിപ്പിച്ചെടുത്തതോടെ പുതിയൊരു യുഗത്തിന് ലോകം സാക്ഷ്യം വഹിക്കാന്‍ തുടങ്ങി. സോവിയറ്റ് യൂണിയനെ ശീത യുദ്ധത്തില്‍ പരാജയപ്പെടുത്തി ലോക മേധാവിധ്വം തങ്ങളുടെ കൈകളില്‍ എത്തിയതിനു ശേഷം ദ്രുതഗതിയിലായിരുന്നു അമേരിക്കയുടെ വളര്‍ച്ച. 1958 ല്‍ തന്നെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്ന സംജ്ഞ പ്രചാരത്തില്‍ വന്നെങ്കിലും, ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലാണ് സിലിക്കണ്‍ വാലി കേന്ദ്രീകരിച്ച് ഗൂഗിള്‍,ആപ്പിള്‍,മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക് ഭീമന്മാര്‍ വഴി ഡിജിറ്റല്‍ വിപ്ലവത്തിലൂടെ പുതിയൊരു ലോകക്രമം രൂപപ്പെടുന്നത്. ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ലോകത്തെ ഏറ്റവും സമ്പന്നമായ സ്ഥാപനങ്ങളായി ഇലക്ട്രോണിക് ഐ.ടി കമ്പനികള്‍ മാറുകയും ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ധാരാളമായി കയറ്റുമതി ചെയ്യപ്പെടുകയും ചെയ്തു. മൊബൈല്‍ ഫോണിന്റെ കണ്ടുപിടിത്തം വാര്‍ത്താ വിനിമയ രംഗത്തുണ്ടാക്കിയ കുതിച്ചു ചാട്ടത്തോടൊപ്പം ഇന്റര്‍നെറ്റിന്റെ കടന്നു വരവ് ആഗോള ജനതെയെ മൊത്തം ഒരു കുടക്കീഴിലേക്ക് മാറ്റപ്പെട്ടു. ഒന്നും രണ്ടും വ്യാവസായിക വിപ്ലവ കാലഘട്ടത്തില്‍ രൂപപ്പെട്ട ഉത്പാദന മേഖലകളില്‍ ഐ.ടിയുടെ സാധ്യത വ്യാപകമായി ഉപയോഗപ്പെടുത്തപ്പെട്ടതോടെ മാനവ വിഭവശേഷിയുടെ ആവശ്യകത ഗണ്യമായി കുറഞ്ഞു. കേവലം സിനിമയും സംഗീതവും അടക്കമുള്ള വിനോദ,വ്യവസായ മേഖലയുടെ ഉപഭോക്താക്കളാക്കി ആഗോള ജനതയെ തളച്ചിച്ചിടുക വഴി അവരുടെ ചിന്താശേഷിയും ഉത്പാദനക്ഷമതയും ഇല്ലാതാക്കുക മാത്രമല്ല, മാസ് കമ്മ്യൂണിക്കേഷന്റെ സഹായത്താല്‍ തങ്ങളുടെ ലിബറല്‍ അജണ്ടകള്‍ ലോകമെങ്ങും എത്തിക്കുന്നതിലും അമേരിക്ക വിജയിച്ചു.
ജീവിത വ്യവഹാരങ്ങളില്‍ ഐ.ടി സൃഷ്ടിച്ച അഭൂതപൂർവമായ മാറ്റങ്ങള്‍ കണ്ട് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍ ഈ നവീന സാങ്കേതിക വിദ്യ സ്വായത്തമാക്കാന്‍ ഏഷ്യന്‍ രാജ്യങ്ങളും മത്സരിക്കാന്‍ ആരംഭിച്ച അതെ സമയത്താണ് സമ്പൂര്‍ണ ഡിജിറ്റല്‍വത്കരണം ലക്ഷ്യമിട്ട് നാലാം വ്യാവസായിക വിപ്ലവം കടന്നുവരുന്നത്. ലോക സാമ്പത്തിക ഫോറം സ്ഥാപകനായ ക്ലോസ് ശ്വാബ് ആണ് 2016 ല്‍ ദാവോസില്‍ വെച്ച് നടന്ന സമ്മേളനത്തില്‍ നാലാം വ്യവസായിക വിപ്ലവം എന്ന സംജ്ഞ ആദ്യമായി അവതരിപ്പിക്കുന്നത്.
ആരോഗ്യ,വിദ്യാഭ്യാസ,ഉല്‍പാദന മേഖലകളിലെ സമ്പൂര്‍ണ യന്ത്രവത്കരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ ലോകത്താകമാനം 26 ലക്ഷം റോബോട്ടുകള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. നിര്‍മിത ബുദ്ധിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി 2016 ല്‍ നിര്‍മിക്കപ്പെട്ട സോഫിയ എന്ന റോബോട്ടിന് മനുഷ്യ ആംഗ്യങ്ങളും മുഖഭാവങ്ങളും അനുകരിക്കാനും ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും മുന്‍നിശ്ചയിച്ച വിഷയങ്ങളില്‍ ലളിതമായ സംഭാഷണങ്ങള്‍ നടത്താനും കഴിയുമെത്രെ.
സ്മാര്‍ട്ട്‌ഫോണും അതിവേഗ ഇന്റര്‍നെറ്റും ലോകമെങ്ങും വ്യാപകമായ ഈ ഘട്ടത്തിലാണ് ഡാറ്റാ എന്ന പുതിയ ഇന്ധനത്തിന്റെ അപാര സാധ്യതകള്‍ ലോകം തിരിച്ചറിഞ്ഞത്. കല്‍ക്കരിയും എണ്ണയും വൈദ്യുതിയുമായിരുന്നു ബ്രിട്ടീഷ് കോളനിയലിസത്തിന്റെ ഇന്ധനമെങ്കില്‍ അമേരിക്കന്‍ ഇമ്പീരിയലിസം ‘ഡാറ്റ’ ഉപയോഗപ്പെടുത്തി ആഗോള ജനതയെ അടക്കിഭരിക്കാനുള്ള ശ്രമമാണ്. എ.ഐ (ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്) കൊളോണിയലിസം എന്ന പുതിയൊരു പദവും ആഗോള തലത്തില്‍ ചര്‍ച്ചയായത് ഇത്തരുണത്തിലാണ്.
‘സേച്ഛാധിപത്യ സ്വഭാവമുള്ള ഭരണകൂടങ്ങള്‍ ഡാറ്റയെ നിഷേധാത്മകമായ രൂപത്തില്‍ ഉപയോഗപ്പെടുത്തുന്നതിന് ഇപ്പോള്‍ തന്നെ ധാരാളം ഉദാഹരണങ്ങളുണ്ട് :’ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ നിരീക്ഷണ സംവിധാനം ഉള്ളത് ചൈനക്കാണ്. ബയോമെട്രിക് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് പൗരന്മാരുടെ ഓരോ ചലനവും കൃത്യമായി ഒപ്പിയെടുക്കാന്‍ ചൈനക്ക് സംവിധാനങ്ങളുണ്ട്. ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ കനത്ത തോതിലുള്ള നിരീക്ഷണ സംവിധാനങ്ങളാണ് ചൈന ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉദാഹരണത്തിന് അവരിലൊരാള്‍ ഒരായ്‌ഴ്ച വാങ്ങുന്ന ഭക്ഷണസാധനത്തിന്റെ തോത് സാധാരണയേക്കാളും അല്‍പം കൂടിയാല്‍ ഉടന്‍ രഹസ്യ പോലീസ് വീട്ടിലെത്തും. ഏതാവശ്യത്തിനാണ് കൂടുതല്‍ സാധനങ്ങള്‍ വാങ്ങിയതെന്നും ആരാണ് വീട്ടില്‍ സന്ദര്‍ശകരായി വന്നതൊക്കെയുള്ള വിവരങ്ങള്‍ ശേഖരിക്കും. സംശയം ഉള്ളവരെയൊക്കെ ചൈനീസ് സംസ്‌കാരം പഠിപ്പിക്കാന്‍ എന്ന പേരില്‍ തടങ്കല്‍ പാളയത്തിലേക്ക് ആനയിക്കുന്നു. നിലവിലുള്ളതില്‍ ഏറ്റവും വലിയ വംശീയ തടങ്കല്‍ പാളയമാണ് ചൈനയിലുള്ളത്. ഈ നിരീക്ഷണത്തിന് ഗവണ്‍മെന്റിനെ സഹായിക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തന്നെയാണ്.(അസമത്വങ്ങളുടെ അല്‍ഗോരിതം: താജ് ആലുവ).
മുന്‍പ് സാങ്കേതിക രംഗത്ത് തങ്ങള്‍ക്കുണ്ടായിരുന്ന മേധാവിത്വം നിര്‍മിത ബുദ്ധിയുടെ മേഖലയില്‍ അമേരിക്കക്ക് നിലനിര്‍ത്താന്‍ സാധിച്ചില്ല എന്നതായിരുന്നു ചൈനയുമായുള്ള വ്യാപാരയുദ്ധത്തില്‍ പരാജയപ്പെടാനുള്ള കാരണങ്ങളിലൊന്ന്.


അഞ്ചാം വ്യാവസായിക വിപ്ലവം
ആദ്യ രണ്ട് വ്യാവസായിക വിപ്ലവങ്ങള്‍ തൊഴില്‍ രംഗത്തെ ശാരീരിക അധ്വാനം ലഘൂകരിച്ചപ്പോള്‍ പിന്നീടുള്ള രണ്ട് ഘട്ടങ്ങളില്‍ മനുഷ്യന്റെ ചിന്താപരമായ അധ്വാനം കൂടി യന്ത്രങ്ങള്‍ക്ക് കൈമാറപ്പെട്ടു. തൊഴില്‍ എന്ന സങ്കല്‍പ്പം തന്നെ ഇല്ലാതാവുന്ന വിധത്തില്‍ യന്ത്രങ്ങള്‍ 100% മനുഷ്യന് പകരമാവുന്ന അഞ്ചാം വ്യാവസായിക വിപ്ലവത്തിന്റെ ഘട്ടമാണ് ഇനി വരാനിരിക്കുന്നത്. ബിഗ്ഡാറ്റയോടൊപ്പം ബയോ ടെക്‌നോളജിയുടെയും ജനിറ്റിക് എന്‍ജിനീയറിംഗിന്റെയും നൂതന സാധ്യതകള്‍ ഉപയോഗപ്പെടുത്തി മനുഷ്യ ചിന്തക്ക് ബദലാവുന്ന റോബോട്ടിക് തലച്ചോറുകള്‍ സൃഷ്ടിച്ചെടുക്കുന്നതോടെ ഇതുവരെ കാണാത്ത വിസ്മയ ലോകത്തേക്ക് നാം ആനയിക്കപ്പെട്ടേക്കാം. യഥാര്‍ഥ ലോകത്തിന്റെയും മിഥ്യാ ലോകത്തിന്റെയും അതിര്‍വരമ്പുകള്‍ ഇല്ലാതാക്കുന്ന മെറ്റാവേഴ്‌സ് അതിനുദാഹരണമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി എന്നിവയുടെ സഹായത്തോടെ ത്രിമാന ലോകത്ത് ഡിജിറ്റല്‍ അവതാരങ്ങളായി മനുഷ്യര്‍ക്ക് ഇടപെടാന്‍ കഴിയുമെന്നതാണ് മെറ്റാവേഴ്‌സിന്റെ പ്രത്യേകത.
ഒന്നാം വ്യവസായിക വിപ്ലവത്തിന് അരങ്ങുണര്‍ന്നത് ബ്രിട്ടനിലും മൂന്നാം വ്യാവസായിക വിപ്ലവം ആരംഭിച്ചത് അമേരിക്കയിലും ആയിരുന്നെങ്കില്‍ വരാനിരിക്കുന്ന അഞ്ചാം വ്യാവസായിക വിപ്ലവത്തിന് ഏറ്റവുമനുയോജ്യമായ മണ്ണ് നിലവില്‍ ഇസ്രായേലാണ്. ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതല്‍ ശാസ്ത്ര,സാങ്കേതിക വിദഗ്ദര്‍ ഉള്ളതും ഏറ്റവും നൂതനമായ സാങ്കേതിക വിദ്യ സ്വന്തമായുള്ളതും ഇസ്രായേലിനാണെന്നതാണ് പ്രധാന കാരണം. 29 മില്യണ്‍ ഡോളര്‍ ചെലവഴിച്ച് ഇസ്രായേല്‍ പണിയാനൊരുങ്ങുന്ന ക്വാണ്ടം റിസര്‍ച്ച് സെന്റര്‍ അടക്കം നിരവധി സ്റ്റാര്‍ട്ട് അപ്പ് കമ്പനികളാണ് ക്വാണ്ടം കമ്പ്യൂട്ടറുകള്‍ വികസിപ്പിക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്നത്. സൂപ്പര്‍ കമ്പ്യൂട്ടറിനേക്കാള്‍ ലക്ഷക്കണക്കിന് മടങ്ങു വേഗതയുള്ള ക്വാണ്ടം കമ്പ്യൂട്ടറുകളുകളാണ് ഭാവിയിലെ യന്ത്രമനുഷ്യന്റെ തലച്ചോര്‍. പ്രൊജക്റ്റ് നിംബസ് എന്ന പേരിലറിയപ്പെടുന്ന 1.2 ബില്യണ്‍ ഡോളര്‍ മൂല്യംവരുന്ന കരാറിലൂടെ ഗൂഗിള്‍ തങ്ങളുടെ ഏറ്റവും നൂതനമായ മെഷീന്‍ ലേണിംഗ് സാങ്കേതികവിദ്യ ഇസ്രായേല്‍ ഗവണ്‍മെന്റിന് കൈമാറാനുള്ള തീരുമാനം കഴിഞ്ഞ ജൂലൈയിലാണ് പുറത്ത് വന്നത്. ബിഗ് ഡാറ്റ’ എന്ന നവ കൊളോണിയല്‍ ആയുധത്തിന്റെ ഉടമസ്ഥരായ ടെക് കമ്പനികളുടെ തലപ്പത്തുള്ളവരുടെ ജൂത പാരമ്പര്യം ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.


മൂന്നാം ലോക മഹായുദ്ധമോ ?
‘നിര്‍മിത ബുദ്ധിയുടെ സാങ്കേതിക വിദ്യ കൈയടക്കുന്ന രാജ്യമായിരിക്കും ഇനിയുള്ള കാലം ലോകം ഭരിക്കുക’റഷ്യന്‍ പ്രസിഡന്റ് വളാദ്മിര്‍ പുടിന്‍ 2017 ല്‍ നടത്തിയ ഈ ട്വീറ്റിന് മറുപടിയായി നിലവിലെ ട്വിറ്റര്‍ സി.ഇ.ഒ ആയ ഇലോണ്‍ മസ്‌ക് നല്‍കിയ മറുപടി ഇങ്ങെനയായിരുന്നു: ‘ഒരു മൂന്നാം ലോക മഹായുദ്ധമുണ്ടാവുകയാണെങ്കില്‍ അത് ആര്‍ട്ടിഫിഷല്‍ ഇന്റലിജിന്‍സിന്റെ അതീശത്വത്തിനു വേണ്ടിയായിരിക്കും’. ഒന്നാം ലോക മഹായുദ്ധത്തിന്റെ അടിസ്ഥാന കാരണങ്ങളിലൊന്ന് സാങ്കേതിക വിദ്യയുടെയും അതുവഴി സാമ്പത്തിക അതീശത്വത്തിനും വേണ്ടി യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍, വിശിഷ്യ, ബ്രിട്ടനും ജര്‍മനിക്കും ഇടയില്‍ നടന്ന കടുത്ത മത്സരമായിരുന്നു എന്ന വസ്തുത ഇതോടൊപ്പം ചേര്‍ത്തു വായിക്കുമ്പോള്‍, ഇലോണ്‍ മസ്‌കിന്റെ മറുപടി അങ്ങനങ്ങ് തള്ളിക്കളയാനാവില്ല എന്നു ബോധ്യപ്പെടും. ടാങ്കറുകളും ബോംബര്‍ വിമാനങ്ങളൂം രാസായുധങ്ങളുമായിരുന്നു കഴിഞ്ഞ മഹായുദ്ധങ്ങളുടെ സാങ്കേതിക വിദ്യയെങ്കില്‍, നിര്‍മിത ബുദ്ധിയുടെ സഹായത്താല്‍ ലക്ഷ്യസ്ഥാനം കിറുകൃത്യമായി കണക്കാക്കി നിമിഷ നേരം കൊണ്ട് ബോംബിട്ട് ഇല്ലാതാക്കുന്ന ഡ്രോണുകളും രാജ്യങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനും ജന ജീവിതം സ്തംഭിപ്പിക്കാനും പോന്ന സൈബര്‍ ആക്രമണങ്ങളുമാണ് ആധുനിക യുദ്ധമുറകളുടെ സ്വഭാവം. അതിഭീമമായ ഊര്‍ജം പുറത്തുവിട്ട് സാറ്റലൈറ്റിന്റെ പ്രവര്‍ത്തനത്തെയും അതുവഴി ആധുനിക സംവിധാനങ്ങളെ മൊത്തം തകര്‍ക്കാന്‍ ശേഷിയുള്ള ഇലക്ട്രോ മാഗ്‌നെറ്റിക് പള്‍സ് ആയുധങ്ങള്‍ നിലവില്‍ റഷ്യയുടെയും ചൈനയുടെയും കൈയിലുണ്ട്. ഒപ്പം, നിലവിലെ പോരാട്ടം നീണ്ടുപോയാല്‍ അത് മാനവരാശിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ആണവ യുദ്ധത്തില്‍ ചെന്നവസാനിക്കുമോ എന്ന ആശങ്കയും ശക്തമാണ്.


ലിബറലിസത്തിന്റെ അടുത്ത ഘട്ടം?
മെറ്റീരിയലിസത്തില്‍ നിന്നാണ് ലിബറലിസം പിറവിയെടുക്കുന്നത്. മനുഷ്യന്‍ അവന്റെ ആത്മസ്വത്വത്തെ തൃണവത്കരിച്ച് ശാരീരിക ഇച്ഛകളുടെ പൂര്‍ത്തീകരണത്തിനായി ഭൗതിക ഇന്ദ്രിയങ്ങളെ സമ്പൂര്‍ണമായി പ്രാപിച്ചു എന്നതാണ് ടെക്‌നോളജി യുഗത്തില്‍ സംഭവിച്ച കാതലായ മാറ്റം. മനുഷ്യന്റെ ഇന്ദ്രിയാനുഭവങ്ങളെ മികവുറ്റതാകുകയാണ് ഓരോ ടെക്‌നോളജിയുടെയും ലക്ഷ്യം. ഇന്ന് ടെക്‌നോളജി എന്നതിന്റെ പര്യായമായി ആസ്വാദനം മാറിക്കഴിഞ്ഞിരിക്കുന്നു.
‘തന്റെ ദേഹേച്ഛയെ ദൈവമായി സ്വീകരിച്ചവനെ അങ്ങ് കണ്ടില്ലയോ പ്രവാചകരെ?(സൂറ:ഫുര്‍ഖന്‍ 25:43) എന്ന ഖുര്‍ആനിക വചനം സൂചിപ്പിക്കുന്നത്, ശാരീരിക ഇച്ഛകളുടെ പിറകെ സഞ്ചരിക്കുന്ന ആധുനിക ലിബറല്‍ മതത്തെക്കുറിച്ച് കൂടിയാണെന്ന് പ്രമുഖ ഇസ്‌ലാമിക പണ്ഡിതനായ ഹംസ യൂസുഫ് സൂചിപ്പിക്കുണ്ട്. ഓരോ ടെക്‌നോളജി യുഗങ്ങളും അത്രയും കാലം ദര്‍ശിക്കാത്ത അത്ഭുതങ്ങളുടെയും അനുഭൂതിയുടെയും ലോകത്തേക്കാണ് മനുഷ്യനെ നയിക്കുന്നത്. ഇതിന്റെ ആന്ത്യന്തിക പരിണിതി യാഥാര്‍ഥ്യ ലോകത്തു നിന്നും കേവലം മെറ്റീരിയലിസ്റ്റിക് ആയ മായാലോകത്തേക്ക് മനുഷ്യ സമൂഹം പൂര്‍ണമായും പറിച്ചു നടപ്പെടലാണ്.
മനുഷ്യന് അവന്റെ ആത്മീയസ്വത്വത്തെ തിരിച്ചറിയാനുള്ള അവസരം നല്‍കാതെ, കേവലം പദാര്‍ഥ ലോകം സൃഷ്ടിക്കുന്ന മായാജാലത്തിനകത്ത് പൂട്ടിയിടുന്നതോടെ സ്രഷ്ടാവുമായുള്ള അവന്റെ ബന്ധം പൂര്‍ണമായും ഇല്ലാതാവുന്നു. ലിബറലിസത്തിന്റെ അടിത്തറ അടിസ്ഥാനപരമായി ദൈവ നിരാസമാണെങ്കില്‍ ആ പ്രത്യയശാസ്ത്രത്തിന്റെ ഫിനിഷിംഗ് പോയിന്റിലേക്കാണ് ലോകം നീങ്ങികൊണ്ടിരിക്കുന്നത്. ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ അസ്തമനത്തോടെ ‘മോഡേണിറ്റി’ യുഗം പോസ്റ്റ്‌മോഡേണിറ്റിക്ക് വഴി മാറിയെങ്കില്‍ അമേരിക്കന്‍ സാമ്രാജ്യത്വ യുഗാന്ത്യത്തോടെ ഇസ്രായേല്‍ കേന്ദ്രമായി വരാനിരിക്കുന്ന ‘മെറ്റാ മോഡേണിറ്റി’ ലോകക്രമത്തിന്റെ സവിശേഷത യഥാര്‍ഥ ലോകവും മിഥ്യാ ലോകവും ഏതെന്ന് തിരിച്ചറിയാന്‍ പറ്റാത്ത തരത്തില്‍ ടെക്‌നോളജി ലോക ജനതയെ കീഴ്‌പ്പെടുത്തും എന്നതാണ്. മനുഷ്യന്റെ ശാരീരിക ഇച്ഛകളെ പൂര്‍ണമായും തൃപ്തിപ്പെടുത്താന്‍ പാകത്തിലാവും കളിയും വിനോദങ്ങളും ലൈംഗികതയും അരങ്ങുതകര്‍ക്കാന്‍ പോകുന്ന മെറ്റാവേഴ്‌സ് എന്ന മായാലോകം.
സ്വന്തത്തെ തിരിച്ചറിഞ്ഞവന്‍ സ്രഷ്ടാവിനെ തിരിച്ചറിഞ്ഞു എന്നാണ് ദിവ്യ വചനമെങ്കില്‍, സ്രഷ്ടാവില്‍ നിന്നും സൃഷ്ടികളെ അകറ്റാന്‍ പ്രതിജ്ഞയെടുത്തവന്റെ പിന്‍ഗാമികള്‍ മനുഷ്യനെ സ്വന്തത്തെ തിരിച്ചറിയാന്‍ അവസരം നല്‍കാതെ പൂര്‍ണമായും മിഥ്യാലോകത്ത് തളച്ചിടുകയാണ് ചെയ്യുന്നത്. ചുരുക്കത്തില്‍ ആധുനികത അതിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതോടൊപ്പം പരീക്ഷണങ്ങളുടെ തീച്ചൂളയിലേക്ക് കൂടിയാണ് താന്‍ നടന്നടുക്കുന്നതെന്ന് ഒരു വിശ്വാസി തിരിച്ചറിയലാണ് ഇവിടെ പ്രധാനം.

സ്വാലിഹ് താനൂര്‍