റമളാന്‍ വരവേല്‍പ്പിന്‍റെ ഓര്‍മകളും ഓര്‍മകളുടെ വരവേല്‍പ്പും

2542

റഹീം വാവൂര്‍

റമളാന്‍ അനുഭവിക്കാനും അയവിറക്കാനും ഏറെ വിഭവങ്ങള്‍ സമ്മാനിക്കുന്ന കാലമാണ്. അനുഭവങ്ങളുടെ അകമ്പടിയോടെ, സ്വന്തത്തില്‍ നിന്നും സ്വാര്‍ത്ഥതയില്‍ നിന്നും മുക്തി നല്‍കുന്ന നോമ്പുകാലത്തിന് അത് ചെന്നണയുന്ന ഇടങ്ങള്‍ക്കനുസരിച്ച് ചന്തവും ചമയവുമേറും. ഒരു മഹാ ചൈതന്യത്തിന്‍റെ അക്കരയും ഇക്കരയുമായി കാലത്തെ വിഭജിച്ചു നിര്‍ത്തുന്നു നോമ്പ്. നോമ്പിന് മുമ്പും ശേഷവുമെന്ന നാട്ടുവര്‍ത്തമാനം നാട്ടുവഴികളുടെ എടുപ്പുകളിലും ഉടുപ്പുകളിലും കാണാം. പടച്ചവന്‍ പടപ്പുകളുടെ ജീവിത്തിലേക്ക് കീറിയ അനേകം തെളിനീര്‍ ചാലുകളില്‍, പ്രധാനപ്പെട്ട ഒന്നായി നോമ്പ് നിറഞ്ഞൊഴുകുന്നു. നോമ്പിന് ജീവനുണ്ട്, കണ്ണും കാതും ഹൃദയവുമുണ്ട്. നല്ല ഓര്‍മ ശക്തിയുമുണ്ട്. വിശ്വാസിയുടെ ജീവിതത്തിന്‍റെ കണക്കുകൂട്ടലുകളുടെ ഏടാണ് ഓരോ നോമ്പും. നോമ്പ് തരുന്ന സൗജന്യങ്ങള്‍ ഈമാന്‍ കൊണ്ട് സ്വീകരിക്കാന്‍ ആരൊക്കെയാണ്, ഏതൊക്കെ ഭവനങ്ങളാണ്, ആരുടെയൊക്കെ രാത്രികളാണ് തന്നെ വിരുന്നൂട്ടിയത് എന്നോര്‍ത്തു വെച്ച് നോമ്പ് പടച്ചവനോട് നാളെ സാക്ഷിപറയും. അങ്ങനെയുള്ളവര്‍ക്ക് നാളെ ശുപാര്‍ശകനാവും. നോമ്പുകാരന്‍റെ അകത്തെ അഴിയാക്കുരുക്കുകള്‍ അഴിച്ചെടുത്ത്, വിടര്‍ത്തി, വെളിപ്പെടുത്തി സര്‍വരുടെ മനസ്സിലും ജീവിതശീലങ്ങളുടെ, പാഠങ്ങളുടെ ആത്മവിദ്യാലയം പണിയുന്നു നോമ്പ്.
നോമ്പ് എടുക്കാനുള്ളതാണെങ്കില്‍ നോമ്പിനെ ഉടുപ്പിക്കലാണ് നനച്ചുകുളി. വിരുന്നുകാരന് വരാനുള്ള വീഥിവെട്ടിയുള്ള കാത്തിരിപ്പാണത്. ആളനക്കമുള്ള ഇടമായി വീടും പരിസരവും മാറുന്നു. നമ്മുടെ അലസതകൊണ്ട് കയ്യെത്താത്ത ഇടങ്ങളിലേക്കൊക്കെ അന്ന് ചൂലും പാളയും പായും. ആത്മാവിന്‍റെ അകത്തട്ടിലേക്ക് മാത്രമല്ല കട്ടിലിന്‍റെ അടിച്ചോട്ടിലേക്കും മേല്‍ക്കൂരയുടെ മുകളറ്റത്തേക്കും നോമ്പതിന്‍റെ കണ്ണ് പായിക്കുന്നുണ്ട്. നോമ്പിന്‍റെ വരവേല്‍പ്പിലേക്ക് വെടിപ്പുള്ള ഇടമാക്കി വിശ്വാസി ചുറ്റിടങ്ങളെ മാറ്റുന്നു.
പരസ്പരം ചേര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങളോട് സമൂഹത്തിന് ഉപമ കൊടുത്തിട്ടുണ്ട് പുണ്യനബി. ചേര്‍ന്നു നില്‍ക്കുന്ന ചുമരുകള്‍ ഒന്നിപ്പിന് കൊടുക്കുന്ന ബലത്തെക്കുറിച്ചാണ് ആ ഹദീസ്. അതിന്‍റെ പരികല്‍പ്പന നമ്മെ പാര്‍പ്പിക്കുന്ന നമ്മുടെ വീടുകള്‍ തന്നെയാണ്. ശരീരത്തെ കാത്തുപോരുന്നത് പോലെയാണ് നാം നമ്മുടെ വസതികളെയും നോക്കിപ്പോരുന്നത്. നമ്മുടെത്തന്നെ മറ്റൊരാവയവം. വീടിന് പരിക്കുപറ്റിയാല്‍ നമുക്കും വേദനിക്കുന്നു. വീട് ഒരെടുപ്പ് മാത്രമല്ല. ചുമരുകള്‍ക്കും ജീവനുണ്ട്. നാം ജീവിക്കുന്നുവെന്നതിന് നാം പാര്‍ക്കുന്ന വാസസ്ഥലങ്ങള്‍ ഒരടയാളമാണ്. നാം പണിത വീട്ടില്‍ പിന്നീട് നാം ജീവിതം പണിയുന്നു. നോമ്പ് കൊണ്ടു വരുന്ന സമീപനങ്ങളുടെ ഭാഗമാണ് ഈ വെടിപ്പാക്കല്‍ കല. വൃത്തിയുള്ളിടങ്ങിലെ വിശ്വാസം അതിന്‍റെ വിശുദ്ധശ്വാസവുമായി കടന്നുവരൂ എന്ന മതത്തിന്‍റെ ദാര്‍ശനികത പാലിക്കപ്പെടുകയാണവിടെ.

ആരംഭങ്ങളുടെ ആഘോഷം

കാത്തിരിപ്പിന്‍റെ തിടുക്കങ്ങളില്‍ കൂടിക്കുഴഞ്ഞ് നില്‍ക്കുന്ന മാസപ്പിറവിയുടെ രാവോര്‍മ മറക്കാനാവാത്ത അനുഭവമാണ്. കാത്തു കാത്തിരുന്ന് കരാഗതമാവുന്ന ഒരാഹ്ലാദത്തിമിര്‍പ്പ് അന്നത്തെ രാവിനുണ്ട്. കുട്ടിക്കാലത്തെ നോമ്പോര്‍മ ആരംഭിക്കുന്നത് തന്നെ ആകാശം നിലാവിനെ അല്‍പം മാത്രം വെളിപ്പെടുത്തിത്തരുന്ന ദിവസത്തിന്‍റെ പവിത്രമായ നോക്കിയിരിപ്പില്‍ നിന്നാണ്. നോമ്പിന്‍റെ ഓര്‍മതേടി ഒരിക്കല്‍ പാണക്കാട് പോയി. അന്നത്തെ വര്‍ത്തമാനത്തില്‍ നിന്ന് കൊടപ്പനക്കലെ നോമ്പ് കാലം കിട്ടി. വടുവൃക്ഷ ശിഖിരങ്ങളില്‍ കൂട് കൂട്ടുന്ന നോമ്പുകാലത്തിന്‍റെ ഓര്‍മ പാണക്കാട്ടെ പലവെളിച്ചങ്ങളില്‍ ഒരു വെളിച്ചം ഇങ്ങനെയാണ് ഓര്‍ത്തു പറഞ്ഞത്. ‘മാസം കണ്ടോ എന്നറിയാന്‍, മാസം കണ്ടൂ “കൂയ്” എന്ന് പറയാന്‍ ഒരാള്‍ക്കൂട്ടം തന്നെ അന്നത്തെ രാവില്‍ കൊടപ്പനക്കലെ വീട്ടുമുറ്റത്തുണ്ടാവും. റേഡിയോ മൊഴിയുന്ന പ്രത്യേക അറിവിമ്പോലും ആദ്യസമ്മതം പാണക്കാട്ട്ന്നുണ്ടാവണം. കൈ വിളികള്‍ വികസിച്ചിട്ടില്ലാത്ത അന്ന് ആകെയുള്ള സൗകര്യം ട്രങ്ക് ടൈലറിംഗ് സംവിധാനമാണ്. ദൂരേക്ക് ബുക്ക് ചെയ്താലെ ഫോണ്‍ കിട്ടൂ. അന്ന് വീട്ടിലേക്ക് ദൂരേ നിന്നുള്ള ഒരുപാട് വിളികള്‍ വരും. മാസപിറവി വിവരം അറിക്കാന്‍ ശിഹാബ് തങ്ങളുടെ സഹചാരി അഹമ്മദാജിയാണ് ഫോണ്‍ എടുക്കാറ്. കേള്‍ക്കുന്നവര്‍ക്ക് വ്യക്തത കൈവരാന്‍ ഉറക്കെ വിളിച്ച് പറയുന്ന അഹമ്മദാജിയുടെ ശബ്ദം ഇപ്പോഴും കാതിലുണ്ട്. പാണക്കാട്ട് നിന്ന് വിവരം നേരിട്ടറിയാന്‍ ദൂരദേശത്ത് നിന്മ്പോലും ആളുകള്‍ എത്തുമായിരുന്നു. കണ്ടു എന്ന് പറഞ്ഞ് വരുന്നവരെ ചോദ്യം ചെയ്യാനും വിചാരണ നിര്‍വഹിക്കാനും നാട്ടിലെ പണ്ഡിതരോ കാളമ്പാടി ഉസ്താദ് പോലുള്ള ആലീമങ്ങളുമൊക്കെ വന്നെത്തുമായിരുന്നു. കാഴ്ച ഉറപ്പായാല്‍ കത്ത് വഴി ഓരോ നാട്ടിലേക്കും വിവരം എത്തിക്കും. ഞങ്ങള്‍ കുട്ടികളെയായിരുന്നു കത്തെഴുത്തിന് ഉപ്പ ഏല്‍പ്പിക്കാറ്. നിലാവതിന്‍റെ കണ്ണുതുറന്നു എന്നുറപ്പായാല്‍ അതൊരു വാര്‍ത്തയായി നാട്ടിലൊന്നാകെ പരന്നൊഴുകും. കാതോര്‍ത്തിരുന്നറിയുന്ന ആ നേരുറപ്പിക്കല്‍ നോമ്പിന്‍റെ/പെരുന്നാളിന്‍റെ വാതില്‍ തുറക്കും. ജീവിതത്തിന്‍റെ ഉള്ളനടപ്പിന് അവധി പറഞ്ഞ് പുതിയൊരു വഴിവെട്ടും. നടപ്പു ജീവിതത്തെ പുതുക്കി പണിയാന്‍ നിലാവിന്‍റെ ഇതളിനുമാവുമെന്ന് മാസപ്പിറവി നമ്മെ ഓര്‍മിപ്പിക്കുന്നു.’

നോമ്പ് നോറ്റ കുട്ടി

കൊഴിഞ്ഞുപോയ ഇന്നലെകളിലേക്ക് ഓര്‍മയുടെ കുന്നിറങ്ങി പോകുമ്പോള്‍ ചിരിയും കരച്ചിലുമൊക്കെ ഒന്നിച്ച് വരും. സന്ദപ്ത സ്മരണകളും പേറി സ്കുളോര്‍മ നിറച്ച കടലാണു തോണിയുടെ പങ്കായം ഇറവെള്ളത്തിലൂടെ കലങ്ങി ഇടനെഞ്ചിലെത്തുന്ന പോലെ നോറ്റ നോമ്പിന്‍റെ വിശപ്പ് പേറി പകല് പോക്കാന്‍ സാഹസപ്പെടുന്ന നമ്മിലെ ചെറിയ കുട്ടി ബാല്യത്തിന്‍റെ നിഷ്ങ്കളതയും പേറി നമുക്ക് മുന്‍പിലൂടെ ഓടി പോകും. നട്ടുച്ച നേരത്ത് അണ്ണാക്കിന്‍റെ ഊഷരതയെ മറികടക്കാന്‍ വുളൂവിനൊപ്പം വെള്ളമിറക്കിയ ഒരു കുഞ്ഞുകുട്ടി നിങ്ങളുടെ ഓര്‍മകളിലുമില്ലേ. കുട്ടിക്കാലത്തെ വരയ്ക്കുന്ന ക്യാന്‍വാസില്‍ ഇപ്പോള്‍ വരക്കാതെ വിരിഞ്ഞുവരുന്ന ചിത്രങ്ങളില്‍ നമ്മളോരോരുത്തര്‍ക്കും എന്തുമാത്രം ഛായങ്ങളാണ്.
ചുറ്റുവട്ട വീടുകളില്‍ പോയി സമപ്രായക്കാര്‍ നോമ്പ് നോറ്റോ എന്നുറപ്പിക്കലാണ് നേരം വെളുപ്പിലെ ആദ്യപണി. നോല്‍ക്കാത്തവരുണ്ടെങ്കില്‍ അവര്‍ക്ക് മുന്‍പില്‍പോയി നോറ്റ നോമ്പിന് ഹാജര്‍ പറയുക എന്നതാണ് ആ അന്വേഷണത്തിന്‍റെ ഉന്നം. പകലിന്‍റെ ആദ്യപകുതി വരെ വെയിലിനെപ്പോലും കണ്ടില്ലെന്ന ഭാവേന തൊടികളിലൂടെ നടക്കും. നോമ്പിന്‍റെ വെയിലില്‍ ഞാനൊന്നും വാടില്ലെന്നൊരു ഉത്സാഹവും ഉത്സവവും നോമ്പ് നോറ്റ കുട്ടിയുടെ മുഖത്തുണ്ടാവും. ളുഹര്‍ വിളിച്ചാല്‍ പിന്നെ ആ നടത്തം പള്ളിയിലേക്കാവും. നിസ്കാരം കഴിഞ്ഞാല്‍ ഉറുദിക്ക് വന്ന മോല്യാരുട്ടി എഴുന്നേറ്റു നില്‍ക്കും. നോമ്പ് അവസാനിക്കും വരെ ഓരോ വഖ്തിലും ഇത് തുടരും. പഠിച്ചതിനെ നാലാള്‍ക്ക് മുന്‍പില്‍ എഴുന്നേറ്റ് നിന്ന് പറയുക എന്നതിനപ്പുറത്ത് നോമ്പിന് ശേഷക്കാലത്തെക്കുള്ള കീശ എന്നതാണ് അതിന്‍റെ നേട്ടം. ഓതി പഠിക്കാനുള്ള കിതാബ് വാങ്ങാനും മറ്റു പഠന ചെലവിന് ഓത്ത് പഠിക്കുന്ന കുട്ടിക്ക് ജീവിതവക കണ്ടെത്താനുള്ള ഉപാധി എന്ന അര്‍ത്ഥത്തില്‍ ഓരോ പ്രഭാഷണത്തിനും പ്രത്യേക പിരിവുമുണ്ടാവും. ദീന്‍ പഠിക്കുന്ന കുട്ടിയെ സഹായിക്കുക എന്ന മനസ്സാണ് മുസ്വല്ലയിലേക്ക് കാശ് വെക്കുന്ന ഓരോരുത്തരുടെയും നിയ്യത്ത്.
ഉറുദി പറഞ്ഞു കിട്ടുന്ന കാശ് കൊണ്ട് പുസ്തകം വാങ്ങി മനസ്സും അലമാരയും ഒരുപോലെ നിറച്ച എന്നെക്കാള്‍ മുതിര്‍ന്ന ഒരു ചെങ്ങാതിയുണ്ടെനിക്ക്. നോമ്പ് നോറ്റ് പരദേശികളെപ്പോലെ അലഞ്ഞു നടത്തിയ ഉപദേശ പ്രസംഗങ്ങള്‍ വഴി പിരിഞ്ഞു കിട്ടിയത് കൊണ്ട് കുറേ പുസ്തകങ്ങള്‍ വാങ്ങി വായിച്ചു. തെന്നാനും തെറിക്കാനുമാവാത്ത വിധം ജീവിതത്തെ വാക്കുകളില്‍ മുക്കിപ്പിടിപ്പിച്ചു. മുതിര്‍ന്നപ്പോള്‍ ആരാധനയെന്നപോലെ നോമ്പ് നോറ്റിരുന്ന് കുറേ ആലോചകള്‍ എഴുതി. റമളാന്‍ പ്രമേയമാവുന്ന കുറിപ്പുകളെ നിയ്യത്ത് വെച്ച് ഒരു പുസ്തകമാക്കി. നോമ്പ് നോറ്റിരുന്നെഴുതിയ ആലോചകളായത് കൊണ്ട് പുസ്തകത്തിന് ‘റമദാന്‍ ഉറുദി’ എന്ന പേരുമിട്ടു. ഒരു കാലത്ത് ഉറുദി പറയുകയും പില്‍കാലത്ത് ഉറുദി എഴുതുകയും ചെയ്ത കുട്ടിയുടെ പേര് റഫീഖ് തിരുവള്ളൂരെന്നാണ്.

പടച്ചവനിലേക്കുള്ള വാതിലുകള്‍

നോമ്പിന്‍റെ ചേല് മറ്റൊന്നിനുമില്ല. അകവും പുറവും തേച്ചു മിനുക്കി ഓരോരുത്തരെയും പരിശുദ്ധീകരിക്കുന്നു നോമ്പ്. പാപ പങ്കാജങ്ങളാല്‍ പങ്കിലപ്പെട്ട ആത്മാവിനെ ശുചിയാക്കിയെടുക്കാന്‍ ഈ വിശുദ്ധമാസത്തോളം ഉപയോഗപ്പെടുത്താവുന്ന ദിനരാത്രങ്ങള്‍ വേറെയില്ല. കരളുരുക്കങ്ങള്‍ ഉണ്ടായിത്തീരാന്‍ വേണ്ടിയാണ് ഇത്രയേറെ സ്നേഹസ്തങ്ങളുമായി വിശുദ്ധിയുടെ പകലിരവുകളെ പടച്ചവന്‍ നമുക്കായി തന്നിട്ടുള്ളത്. ആത്മാവിന്‍റെ കണക്കുപുസ്തകത്തില്‍ വരവിന്‍റെ വര വിരിയിക്കാനായവര്‍ക്ക് മോക്ഷം. അല്ലാത്തവന്‍റെ ശേഷവിശേഷം നഷ്ടപ്പെടലിന്‍റേതാണ്.
കണ്ണും കാതും ഖല്‍ബും തുറന്ന് നോമ്പ് സദാ നമ്മളെ നോക്കിക്കൊണ്ടിരിക്കുന്നു. ഉറക്കിലമരാതെ സുജൂദില്‍ കുനിഞ്ഞവര്‍, പാതിരാത്രികളില്‍ പ്രാര്‍ത്ഥനാ വെളിച്ചത്തില്‍ സജീവമായ വീടുകള്‍, തന്നെ ആരൊക്കെ സമൃദ്ധിയാല്‍ തരളിതമാക്കിയെന്നതിന് നോമ്പിന്‍റെ നാവ് നാഥന്‍റെ മുമ്പില്‍ നാളെ സാക്ഷി പറയും. ‘നോമ്പ് എനിക്കുള്ളതാണ് അതിന് പ്രതിഫലം നല്‍കുന്നവന്‍ ഞാനാണെന്ന’ പടച്ചവന്‍റുറപ്പുപറച്ചില്‍ നോമ്പിനെ ഔന്നിത്യത്തിന്‍റെ പാരമ്യതയില്‍ പ്രതിഷ്ഠിക്കുന്നു.

ഒരു മുസ്ലിമിന്‍റെ ജീവിതത്തിലെ ഏതെങ്കിലും മേഖലയല്ല ആത്മീകം. ഇഹപര ജീവിതമാണ് മുസ്ലിമിന്‍റെ പ്രാര്‍ത്ഥന തന്നെ. ഇത് രണ്ടിനെയും മുസ്ലിമിന്‍റെ ജീവിതത്തില്‍ വിതക്കുകയും വിളവെടുക്കുകയും ചെയ്യുന്നുണ്ട് നോമ്പ്. അവന്‍റെ നല്ല ഇടപെടലുകള്‍ സര്‍വവും മതപരമായ ഇച്ഛയോടെയും ഉദ്ദേശത്തോടെയും കൂടിയാണെങ്കില്‍ അത് ആത്മീകമായി മാറുന്നു. സൂറത്തു ശംസില്‍ ഇത് വിശദമായി പറയുന്നുണ്ട്. ഒരു മുസ്ലിമിന്‍റെ ആത്മീയത എന്നത് പരമാര്‍ത്ഥ ഭരിതമായ പദമാണ്. അവന്‍റെ സകല നടപ്പിലും ഇരിപ്പിലും കിതപ്പിലും കുതിപ്പിലും അതിന്‍റെ അടരുകളുണ്ടാവും. നിയ്യത്ത് പിഴക്കാത്തവന് എല്ലാം ആരാധനയാണ്. സ്വയം പ്രകാശിത വിളക്കുകളാണ് ഓരോ വിശ്വാസിയും.
പാപ പരിഹാരത്തിനുള്ള അഭ്യര്‍ത്ഥനകളാണ് പ്രാര്‍ത്ഥനകള്‍. മോക്ഷത്തിലേക്കുള്ള വഴിതേട്ടമാണത്. സുജൂദുകളാണ് പ്രാര്‍ത്ഥനയുടെ അങ്ങേയറ്റം. സുജൂദിന്‍റെ നേരം മനസ്സ് പറക്കും പരവതാനിയാകും. തലച്ചോറ് താഴെയാണ്. ഹൃദയം അതിനു മീതെയും. ഇങ്ങനെ വരുന്ന നേരങ്ങളാണ് പടച്ചവനെ നാം അടുത്തു കാണുന്ന മുഹൂര്‍ത്തങ്ങള്‍. പ്രാര്‍ത്ഥന രണ്ടു തരമുണ്ട്. ഒന്ന് പേടിച്ചുള്ളതും മറ്റൊന്ന് പിരിശപ്പെട്ടുള്ളതും. ഓരോരുത്തരിലും ഓരോ തരത്തിലാണ് പടച്ചവനെന്ന സങ്കല്‍പം. അലിഫും ബാഉം ചൊല്ലിപ്പഠിച്ചിരുന്ന മദ്രസാ കാലത്ത് പടച്ചവനെന്നത് സ്വര്‍ഗ നരകങ്ങളുടെ വീതുവെപ്പുകാരനായിരുന്നു. കരുണ കരകവിഞ്ഞൊഴുകുന്ന കടലെന്ന സങ്കല്പത്തിലേക്ക് പിന്നെയും ഏറെക്കഴിഞ്ഞാണ് പടച്ചവനെത്തുന്നത്. ഹൃദയത്തിന്‍റെ വാതിലിലൂടെയാണ് പടച്ചവനിലേക്ക് പ്രവേശിക്കേണ്ടത്. അത്രമേല്‍ അടുത്ത ഒരാളോടെന്ന പോലെയാവണം ഇടപാടുകള്‍. ഹൃദയത്തിന്‍റെ ഭാഷ ഇഷ്ടമായത് കൊണ്ടുകൂടിയാണ് എന്‍റെ നോട്ടം ഹൃദയത്തിലേക്കാണെന്ന് പടച്ചവന്‍ പറഞ്ഞു വെച്ചത്. സ്രഷ്ടാവിന്‍റെ മുമ്പില്‍ സൃഷ്ടികള്‍ ഒരുമിച്ച് ഒരുപാട് നേരം സുജൂദില്‍ വീഴുന്നത് തറാവീഹിന്‍റെ സമയങ്ങളിലാവണം. നീണ്ടു നീണ്ടുപോവുന്നതാണ് തറാവീഹിന്‍റെ സുജൂദുകള്‍. വിശുദ്ധിയുടെ ആ സുജൂദുകള്‍ കാണാന്‍ നക്ഷത്രങ്ങള്‍ ഭൂമിയിലേക്ക് കണ്ണിട്ട് നോക്കുന്നുണ്ടാവുമപ്പോള്‍. മണ്ണില്‍ മുഖം കുത്തലല്ല, മനസ്സില്‍ തീയിടലാണ് സുജൂദ്. മടങ്ങേണ്ട മണ്ണില്‍ മനുഷ്യന്‍ പടച്ചവനെ മണക്കുമ്പോഴാണ് മുസ്വല്ലയില്‍ മഴപെയ്യുന്നത്. നിസ്ക്കാര പായയിലേക്ക് മുഖം കുനിക്കുമ്പോള്‍ മനസ്സ് പറക്കും പരവതാനിയാവും. പടച്ചവനോട് ചേരാന്‍ വെമ്പുന്ന പടപ്പിന്‍റെ മനസ്സിന് ചിറക് വെക്കുന്നതപ്പോഴാണ്. സമര്‍പ്പണത്തിന്‍റെ തഴമ്പിച്ച നെറ്റിത്തടം പടച്ചവനെ മുത്തിയതിന്‍റെ ചന്ദ്രക്കലയാണ്.

വിപണിയും നോമ്പും

വിപണിയും നോമ്പും തമ്മില്‍ ഒരൊത്തു പൊരുത്തമുണ്ട്. നാടെന്ന പോലെ നഗരവും നോമ്പിലേക്കുണരും. വിപണി ജീവിതം നിയന്ത്രിക്കുന്ന കാലമാണിത്. വിപണിയുടെ മേധാവിത്തത്തിലാണ് നമ്മളോരോരുത്തരുടെയും ജീവിതം പോലും. നോമ്പും പെരുന്നാളും വന്നാല്‍ ഒക്കെ ശരിയാവുമെന്ന് ആശ്വാസം പറയുന്ന കുറെ കച്ചവടക്കാരുണ്ട്. നോമ്പിന്‍റെ നല്ല ശീലങ്ങള്‍ നമ്മള്‍ അങ്ങാടികളില്‍ കൊണ്ടുപോയി അഴിക്കുന്നു. നോമ്പ് നോറ്റുണ്ടാക്കിയ ആത്മനിയന്ത്രണത്തിന്‍റെ സ്വര്‍ണക്കട്ടികള്‍ അങ്ങാടി സഞ്ചാരത്തില്‍ നാം തെരുവിലുപേക്ഷിക്കുന്നു. വ്യാപാരവും ഉപഭോഗവും നോമ്പില്‍ നിര്‍മിക്കുന്ന സാമ്പത്തിക അടിത്തറയെക്കുറിച്ച് മൈക്കല്‍ വുള്‍ഫ് (ഠഒഋ ഒഅഉഖ: അി അാലൃശരമി’െ ജശഹഴൃശാമഴല ീേ ങലരരമ)ല്‍ എഴുതിയിട്ടുണ്ട്. മൊറോകൊയിലെ നോമ്പുകാലത്തെ കച്ചവടത്തെ കുറിച്ചാണ്. മൊറോക്കോ നഗരങ്ങളിലെ നോമ്പിന്‍റെ സന്ധ്യ പലഹാരങ്ങളുടെ ഗന്ധമാണെന്ന് വുള്‍ഫ്. നിറയെ അടുപ്പുകള്‍ കൂട്ടി അപ്പപ്പോള്‍ ചുട്ടെടുക്കുന്ന അപ്പവിപണി. കോഴിക്കോട്ടെ അപ്പാവാണിഭത്തെ ഓര്‍മിപ്പിക്കുന്ന ഒരു അപ്പവാണിഭ നോമ്പ്. നോമ്പിനെ വിപണി റാഞ്ചുന്നതിനെ കുറിച്ച് ചോദിച്ച വുള്‍ഫിന് ഒരു മൊറോക്കോ കച്ചവടക്കാരന്‍ കനത്തിലൊരു ഉത്തരം നല്‍കി, ഒറ്റ വാക്കില്‍. “റമദാന്‍ പരലോകത്തും റഹ്മത്ത്, ദുന്‍യാവിലും റഹ്മത്ത്.”.

ഇപ്പം വരുന്ന മാപ്പിളക്ക്
അപ്പം ചുട്ട് കാത്തിരിക്കുന്ന അമ്മായി

അടുക്കളപ്പുകയില്‍ എരിവയറിനെ അടുപ്പിലേക്ക്ചാരി വെച്ച് അരിയില്‍ ഉമ്മ ചുട്ടെടുക്കുന്ന പൂര്‍ണചന്ദ്രനാണ് പത്തിരി. ഖല്‍ബിന്‍റെ രുചിയാണതിന്ന്. ചൂടുള്ള പത്തിരിയിലേക്ക് ഇറച്ചി ചേര്‍ത്തു കഴിക്കുമ്പോള്‍ മഗ്രിബിന്‍റെ നിലാവ് ഒന്ന് ചിരിക്കും. നോമ്പിന്ന് പത്തിരിയുടെ മണമാണ്. ഉമ്മ ചുട്ടുവെക്കുന്ന പത്തിരിക്കും അമ്മായുമ്മ പൊള്ളിച്ചു വെക്കുന്ന അപ്പത്തിനും മലയാളിയുടെ നോമ്പുമേശയില്‍ വലിയൊരു ഇടമുണ്ട്. ഇപ്പം വരുന്ന മാപ്പിളക്ക് അപ്പം ചുട്ട് കാത്തിരുന്നൊരു സല്‍കാര സംസ്കൃതി ഇവിടെ സജീവമായിരുന്നു. ,ഉച്ചയോടെ അടുക്കളയില്‍ കൈവളക്കിലുക്കം, സന്ധ്യയോടെ കരിപൊരി ഗന്ധം. നോമ്പായാല്‍ വിവാഹിതരായ പെണ്മക്കളുള്ള വീട്ടുകാരുടെ ആധിയും ആഘോഷവുമാണ് പുതിയാപ്ല സല്‍കാരം. സല്‍കാരത്തിനല്ല ചെലവ്. വിരുന്നിന് വരുന്ന മാപ്പിളക്ക് പെണ്‍വീട്ടുകാര്‍ കൊടുക്കുന്ന കൈമടക്ക് സന്തോഷത്തിനാണ് കഷ്ടപ്പാട്. കനം കുറയാതെ കാഷായിട്ടെന്തെങ്കിലും കീശയില്‍ ഇട്ടു കൊടുക്കണം. ഇല്ലെങ്കില്‍ പൊല്ലാപ്പാണ്. നോമ്പിന് അമ്മായിസല്‍കാരം എന്നായിരുന്നു അന്നത്തെ പുതിയാപ്ലമാര്‍ ഉള്ളിലെഴുതിവെച്ച പര്യായ പദം.
പുതിയ കാലത്ത് അതിന്‍റെ അതൃപ്പങ്ങള്‍ ഏറെ കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴുമതിന്‍റെ കാറ്റ് വീശുന്നുണ്ട്.

ഈ കുറിപ്പിനിരിക്കെ സൗഹൃദ വര്‍ത്തമാനത്തിനിടയില്‍ എടവണ്ണപ്പാറയിലെ ഒരു ജ്വല്ലറി വ്യാപാരി ഒരോര്‍മ പങ്കുവെച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. നട്ടുച്ച നേരം. ഒഴിഞ്ഞ ആകാശത്തിന് തൊട്ടുതാഴെ കത്തിജ്വലിക്കുന്ന സൂര്യന്‍. ദാഹവും ക്ഷീണവും ഈയക്കട്ടിപോലെ തൂങ്ങിക്കിടക്കുന്ന നിരത്തിലൂടെ വിയര്‍പ്പില്‍ നനഞ്ഞ് ഒരുമ്മാമ്മ സ്വര്‍ണക്കടയിലേക്ക് കയറിവന്നു. കെട്ടിയ അരപ്പട്ടയില്‍ കൈവെച്ച് ഇതിന് എന്ത് കിട്ടും എന്ന് ചോദിച്ചാണ് അകത്തേക്ക് കയറിയത് തന്നെ. ചോദിക്കുന്ന നേരത്ത് നിറഞ്ഞ കണ്ണുകള്‍ക്കൊപ്പം വാക്കുകളും ഇടറിയിരുന്നു. കാര്യമന്യേഷിച്ചപ്പോ അന്ന് വീട്ടില്‍ മരുമോന്‍റെ നോമ്പ് സല്‍കാരമാണെന്നും, വന്നു മടങ്ങുമ്പോ സന്തോഷത്തോടെ മടക്കാന്‍ കാശായി കയ്യില്‍ ഒന്നുമില്ലെന്നുമായി ഉമ്മാമ. ഇതുവരെ അരയില്‍ നിന്ന് എടുക്കാതെ ഒരവയവം പോലെ കാത്തുപോന്ന ഒന്നിനെ അഴിച്ചെടുക്കുമ്പോള്‍ അവരുടെ ഉള്ളിലെ മുറിവില്‍ നിന്ന് ചോരപൊടിയുന്നുണ്ടായിരുന്നു. വിശപ്പ് കൂടുമ്പോള്‍ ഞാനിത് മുറുക്കി ഉടുത്താണ് അത് മറക്കാറുള്ളതെന്ന് പറഞ്ഞാണ് അവരത് അഴിച്ചു കൊടുത്തത്. കണ്ണീരുവിറ്റു കിട്ടിയ ആ കാശു കൊണ്ടാവുമോ ആ പുതിയാപ്ല സ്വന്തം വീട്ടില്‍ നോമ്പ് സല്‍കാരം നടത്തിയിട്ടുണ്ടാവുക!?

ഇഫ്താറിലെ നെയ്ച്ചോറും നെയ്യില്‍ പൊരിച്ചതും

ഇന്ന് നോമ്പ് തുറകള്‍ കൂടുതല്‍ വിശാലമായി. വീടുകളില്‍ നിന്ന് ഒഴിഞ്ഞ മൈതാനങ്ങളിലേക്കും ഓഡിറ്റോറിയങ്ങളിലേക്കുമത് മാറിത്തുടങ്ങി. സാമ്പത്തിക തിടുക്കങ്ങളുണ്ടായിരുന്ന ഇന്നലെകളിലെ ഇടുക്കങ്ങള്‍ ഇന്നത്തെ സല്‍ക്കാരങ്ങളില്‍ കാണാനാവില്ല. സമ്പല്‍സമൃദ്ധി കൂടെ പാര്‍പ്പുക്കാരനായ ഇന്നത്തെ സാമൂഹികാവസ്ഥയില്‍ വ്രതം അവസാനിപ്പിക്കലുകള്‍ ആത്മാവിന്‍റെ ആഹ്ലാദങ്ങളെ കൂടുതല്‍ ഇരട്ടിപ്പിക്കുന്നു. അള്ളാഹുവിന് ഏറ്റവും സന്തോഷം പകരുന്ന വേളയായ നോമ്പുതുറയില്‍ ചിലപ്പോഴൊക്കെയും നമ്മള്‍ ഭക്ഷണ ക്രമത്തില്‍ അതിരുകവിയാറുണ്ട്. സ്നേഹം ചൂടാക്കാനും ബന്ധങ്ങള്‍ നെയ്തെടുക്കാനും കഫ്തീരിയകള്‍ കയറി ഇറങ്ങുന്ന കാലത്ത് നോമ്പ് തുറയുടെ നെയ്ച്ചോറും നെയ്യില്‍ പൊരിച്ചതും വിരസതയുടെ ശാപംപേറി നില്‍ക്കുകയാണ്. നാട്ടുകാര്‍ക്ക് ഒന്നിച്ചു വരാനുള്ള വീഥി വെട്ടി കാത്തിരിക്കുന്ന ഇഫ്ത്താറിന്‍റെ ബഹള പന്തലിലേക്ക് ആളെ വിളിക്കുമ്പോള്‍ വിളിക്കപെടുന്നവന്‍റെ പാര്‍ട്ടിയുടെ കൊടിനിറം നോക്കുന്നു നമ്മള്‍. നേരംതെറ്റി വരുന്ന വഴിപോക്കനും, നോമ്പ് നോല്‍ക്കാത്ത രാമനും വിളമ്പി വെച്ച വിരുന്നിന്‍റെ അഥിതിയാകുമ്പോള്‍ കൂടെ നടക്കുന്ന റഫീക്കിനും ഷഫീക്കിനും ബിരിയാണിച്ചെമ്പിലെ നെയ്ത്ത് രുചിയിലേക്ക് ക്ഷണകത്ത് കൊടുക്കാത്തത് നമ്മുടെ ഉള്‍പാപ്പരത്തത്തിന്‍റെ അടയാളമല്ലാതെ മറ്റെന്താണ്. തല്‍ക്കാലത്തിന്‍റെ തോന്നിച്ചകള്‍ക്ക് പില്‍ക്കാലത്തിന്‍റെ ആസ്ത്തിക്യ സുരക്ഷിതത്തെ ഹോമിക്കുന്നത് എത്രമേല്‍ കഷ്ട്ടമാണ്. വയറു നിറയുമ്പോള്‍ മനസ്സും നിറയണമെന്നത് ഇഫ്ത്താറിന്‍റെ സാമൂഹിക ബോധമാകുമ്പോള്‍ പ്രത്യേകിച്ചും. കെട്ടി പൊക്കിയ ഓല മേഞ്ഞ മേല്‍ക്കൂരക്ക് കീഴെ പാട്ടവിളക്കിന്‍റെ അരണ്ട വെളിച്ചത്തില്‍ കുപ്പയിലെ കപ്പയും, അടുക്കള വാതിലിനപ്പുറത്തെ കറുമൂസയും, വല വീശിപിടിച്ച പുഴമീനും ചേര്‍ത്ത് നോമ്പ് തുറപ്പിച്ചു മനസ്സില്‍ മധുരമുണ്ടാക്കിയ ഉപ്പൂപ്പമാരുടെ പേരക്കിടാങ്ങളാണിന്ന് പൊങ്ങച്ചത്തിന്‍റെ പെരുമ്പറ കൊട്ടി സ്വന്തത്തെ ഇല്ലാതാക്കുന്നത്. കണ്ടിട്ടും കാണായ്ക അഭിനയിച്ചു നടക്കുന്ന ദുരന്ത മൗനങ്ങള്‍ കെട്ടകാലത്തിന്‍റെ വേദനയല്ലാതെ മറ്റെന്താണ്.!? സ്വന്തത്തിന്‍റെ ഉള്ളു നിറക്കാനാവാത്തവന്‍ അപരന്‍റെ പള്ള നിറക്കാന്‍ നോമ്പ് നോറ്റ് നോമ്പ് തുറപ്പിച്ചിട്ടെന്തു കാര്യം!? ഉള്ളത് ഉള്ളതുപോലെ പറഞ്ഞാല്‍ പെരുന്നാളിനേക്കാള്‍ വലിയ പെരുന്നാള്‍ നോമ്പ് തന്നെയാണ്. ഉടലും ഉടയാടയും ഉടമസ്ഥനുവേണ്ടി അണിഞ്ഞൊരുങ്ങുമ്പോള്‍ വിശ്വാസിക്ക് പെരുന്നാള്‍പിറ. വിശ്വാസികളുടെ വാര്‍ഷികപ്പരീക്ഷയാണ് റമളാന്‍. ഉത്തരപ്പേപ്പറുമായി നാളെ മഹ്ശറയില്‍ മലക്കുകള്‍ ഹാജര്‍ പറയും.