റമള്വാന്‍; വിമോചനവും അതിജീവനവും

1885

മതകീയമായ ആചാരാനുഷ്ഠാനങ്ങളുടെ ആന്തരികമായ അര്‍ഥങ്ങളെക്കുറിച്ച് നാം ബോധവാന്മാരാകേണ്ടതുണ്ട്. ആരാധനകളുടെ അന്തസത്ത ഉള്‍ക്കൊള്ളാനും ഇടപഴകാനും കൂടുതല്‍ സാധ്യമാകുന്നത് അതിലൂടെയാണ്. ഈയൊരു യാഥാര്‍ഥ്യത്തെക്കുറിച്ച് നമ്മുടെ ചിന്താശേഷി കൂടുതല്‍ ക്രിയാത്മകമായി വിനിയോഗിക്കേണ്ട കാലമാണ് റമളാന്‍.
ലോകമെമ്പാടുമുള്ള ബില്ല്യണ്‍ കണക്കിനു മുസ്ലിംകള്‍ വ്രതമാസത്തിന്റെ പുണ്യത്തിലേറി വൈയക്തികവും സാമുദായികവും ആത്മീയവുമായ യാത്ര നടത്തുന്ന കാലമാണിത്. നമ്മുടെ സ്വത്വത്തിലേക്കും കുടുംബങ്ങളിലേക്കും സമൂഹങ്ങളിലേക്കും ആത്മാര്‍ഥമായി മടങ്ങിവരാനുള്ള സമയമാണ് റമളാന്‍. ആരാധനാകര്‍മങ്ങളിലൂടെ ജീവിതത്തെ ധന്യമാക്കുന്നതോടൊപ്പം സ്വന്തത്തെ വിലയിരുത്തി പുതിയകാലത്തെ നന്മയിലൂടെ പാകപ്പെടുത്തുന്നതിനുമുള്ള അവസരമാണ് റമളാന്‍ നമുക്ക് നല്‍കുന്നത്.
മതപരമായ ബാധ്യത എന്നതിനപ്പുറം ജീവിതത്തിന്റെ വിവിധ തലങ്ങളെ സ്പര്‍ശിക്കുന്ന അറിവും വിവേകവും ബോധവും പ്രതിബദ്ധതയും നമുക്ക് പകര്‍ന്നു നല്‍കുന്ന പ്രധാനപ്പെട്ട ഒരു ആരാധനയാണ് നോമ്പ്. ഓരോ വിശ്വാസിക്കും, ജീവിതത്തിന്റെ ആന്തരിക/ബാഹ്യ അര്‍ഥത്തെക്കുറിച്ചും അതിന്റെ മുന്‍ഗണനകളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും ആഴത്തില്‍ ചിന്തിക്കാനുള്ള സാഹചര്യമാണ് നോമ്പുകാലമൊരുക്കുന്നത്. നോമ്പിലൂടെ കൈവരുന്ന ദിവ്യപ്രകാശം ഉള്ളിലെ ക്രിയാത്മകചിന്തകളെ ഉണര്‍ത്തുകയും നമ്മുടെ സ്വഭാവ സവിശേഷതകളെ മികവുറ്റതാക്കി പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു.
ആത്മീയ നേട്ടത്തിലൂടെ ഉന്നതി കൈവരിക്കാനുള്ള ശാരീരിക പരിശ്രമമാണ് നോമ്പ്. ഒരു വ്യക്തിയെ സംശുദ്ധീകരിക്കാനുള്ള ഇസ്ലാമിക തര്‍ബിയ്യത്തിന്റെ ആശയാവിഷ്‌കാരം നോമ്പിലൂടെ അനുഭവവേദ്യമാകുന്നുണ്ട്. പരമോന്നത പരിപാലകനായ റബ്ബ് ഓരോരുത്തരുടെയും വൈയക്തികവും സാമൂഹികവുമായ നേട്ടങ്ങള്‍ക്കു വേണ്ടി സമര്‍പ്പിക്കുന്ന നിര്‍ദേശക തത്വങ്ങളാണല്ലോ നോമ്പിന്റെ അടിസ്ഥാനം. നോമ്പിനെ കൃത്യമായി ഉപയോഗപ്പെടുത്തുന്നതിലൂടെ ഇസ്‌ലാം നിഷ്‌കര്‍ശിക്കുന്ന തര്‍ബിയ്യതിന്റെ പരിപൂര്‍ണതയാണ് സംഭവിക്കുന്നത്. പ്രാര്‍ഥനകള്‍, നോമ്പ്, നിര്‍ബന്ധിത/ഐച്ഛിക ദാനധര്‍മങ്ങള്‍ തുടങ്ങിയ അനുഷ്ഠാനങ്ങളിലൂടെ നമ്മുടെ ശരീരത്തെയും മനസ്സിനെയും ഹൃദയത്തെയും പരിവര്‍ത്തനത്തിനു വിധേയമാക്കുകയും ശുദ്ധീകരിക്കുകയുമാണ് റമളാന്‍ ചെയ്യുന്നത്.
ഭക്ഷണപാനീയങ്ങളും ലൈംഗിക താല്‍പര്യങ്ങളും ഒഴിവാക്കുക എന്നത് മാത്രമല്ല നോമ്പിന്റെ അടിസ്ഥാനം. ജീവിതത്തിന്റെ തത്ത്വചിന്താപരമായ അംശത്തെ കണ്ടെത്തുകയും അത് മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള നിരന്തരമായ ശ്രമങ്ങളുമാണ് നോമ്പിന്റെ ആന്തരികമായ ചോദന. ഒപ്പം ജീവിതത്തിലെ പല വ്യവസ്ഥിതികളോടും സ്വയം പൊരുത്തപ്പെട്ടു മാറ്റിവച്ച് നോമ്പിനായി പാകപ്പെടുകയുമാണ് വിശ്വാസികളുടെ ബാധ്യത.
ഉപവസിക്കുന്നതിലൂടെ നമ്മുടെ ഉള്ളില്‍ ലയിച്ചുചേര്‍ന്ന കരുണയുടെയും അനുകമ്പയുടെയും ആന്തരികമായ ആശയത്തെ നാം വീണ്ടും കണ്ടെത്തുന്നു. അതുവഴി കരുണയുടെ അംശങ്ങള്‍ നമ്മുടെ ഉള്ളില്‍ നിന്നും പുറത്തേക്കു പ്രവഹിക്കുന്നു. നോമ്പ് പ്രഥമമായി സ്വന്തത്തോട് കരുണയുള്ളവരാക്കി നമ്മെ മാറ്റുകയാണ് ചെയ്യുന്നത്. നോമ്പിലൂടെ നാം യഥാര്‍ഥ വിശ്വാസികളും ശുഭാപ്തി ചിന്തയുള്ളവരുമായി മാറുകയും തിന്മകളെ അതിജയിക്കുന്ന മാനസികാവസ്ഥ നമ്മുടെ അകത്തളങ്ങളില്‍ രൂപപ്പെടുകയും ചെയ്യുന്നു.
കരുണയുടെയും സമാധാനത്തിന്റേയും ശാന്തിയുടേയും മാസമാണ് റമളാന്‍. സമൂഹത്തിനിടയില്‍ കാരുണ്യത്തിന്റെ കരങ്ങള്‍ പെയ്തിറങ്ങുന്നു. സ്‌നേഹമൊഴുകുന്ന മാസമാണിത്. സ്‌നേഹത്തിന്റെ മൂര്‍ത്തീമദ്ഭാവമായ വദൂദായ റബ്ബിനോട് നാം സ്‌നേഹം പ്രകടിപ്പിക്കുന്നു. ഒപ്പംതന്നെ മാതാപിതാക്കള്‍, കുടുംബക്കാര്‍,സഹജീവികള്‍, പാവപ്പെട്ടവര്‍ തുടങ്ങിയവരിലേക്കും സ്‌നേഹത്തിന്റെ കരങ്ങള്‍ ഈ നോമ്പു കാലത്ത് നീളുന്നു. ഉടമയിലേക്കും അടിമകളിലേക്കും ഒരുപോലെ ആന്തരികവും ബാഹ്യവുമായ സ്‌നേഹവാതിലുകള്‍ മലര്‍ക്കെ തുറക്കുന്നു.
അല്ലാഹുവിന് അടിമകളെ ഏറെ ഇഷ്ടമാണ്. ‘എന്നോട് ചോദിക്കൂ, ഞാന്‍ ഉത്തരം നല്‍കാം’, ‘എന്നിലേക്ക് നിങ്ങള്‍ നടന്നുവരൂ, ഞാന്‍ നിങ്ങളിലേക്ക് ഓടി വരും’തുടങ്ങിയ അടിമകളോടുള്ള അല്ലാഹുവിന്റെ സ്‌നേഹപ്രകടനത്തിന്റെ വാക്കുകളെ എത്രയോ നമുക്ക് വായിച്ചെടുക്കാനാകും. റബ്ബ് ഓരോരുത്തരോടും അവരുടെ കണ്ഠനാടിയെക്കാള്‍ അടുത്താണ് നില്‍ക്കുന്നത്. നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സാക്ഷിയാണ് അല്ലാഹു. അടിമകളോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്നവന്‍ അല്ലാഹു മാത്രമാണ്. ഇത് നാം തിരിച്ചറിയുക എന്നതാണ് പ്രധാനം. ഉപരിപ്ലവമായ മോഹങ്ങള്‍, മിഥ്യാധാരണകള്‍,വിശപ്പ് എന്നിവയേക്കാള്‍ ജീവിതത്തിന്റെ അര്‍ഥം, ആത്മസംയമനം, അച്ചടക്കം തുടങ്ങിയ മൂല്യങ്ങളിലേക്ക് മനസ്സുകളെ നയിക്കുകയും അതിനു വേണ്ടിയുള്ള അന്വേഷണത്തിന്റെ സമയവുമാണ് റമളാന്‍. കുറച്ച് ഭക്ഷിക്കാനും കൂടുതല്‍ നേരം ഇബാദത്തിനു ചെലവഴിക്കാനും മറ്റുള്ളവര്‍ക്ക് കൂടുതല്‍ സമര്‍പ്പിക്കാനും കൊടുക്കാനുമുള്ള കാലമാണിത്.
ഖേദകരമെന്നു പറയട്ടെ, ഈ പുണ്യമാസം മുസ്‌ലിംകള്‍ ഭക്ഷണത്തോട് കൂടുതല്‍ ആര്‍ത്തി പ്രകടിപ്പിക്കുന്ന മാസമായി മാറിയിരിക്കുന്നുവെന്നാണ് നമ്മുടെ ചുറ്റുപാടുകള്‍ വ്യക്തമാക്കുന്നത്. നോമ്പുതുറക്കുന്ന നേരത്ത് ഉത്സവപ്രതീതിയുണ്ടാക്കുന്ന വിരുന്നുകളും സമൃദ്ധമായ ഭക്ഷണവിഭവങ്ങളുമൊരുക്കി ആഘോഷമാക്കി മാറ്റുന്ന പുതിയ സംസ്‌കാരം നമുക്കിടയില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആത്മീയ സംയമനത്തിനു വേണ്ടി മാറ്റിവക്കേണ്ട മാസത്തെ ഭൗതിക സമൃദ്ധിയുടെയും അമിത ഉപഭോഗത്തിന്റെയും മാസമാക്കി മാറ്റുന്ന പ്രവണത വേദനാജനകമാണ്. ഉപവാസത്തിന്റെ ആത്മീയ ലക്ഷ്യങ്ങള്‍ ഉപേക്ഷിക്കുന്ന രീതി നോമ്പ് കാലത്തുണ്ടാകരുത്. നമ്മെപോലെ പല ക്രൈസ്തവരും മുതലാളിത്ത സംസ്‌കാരത്തിന്റെ കടന്നുകയറ്റത്തിന്റെ പരിണതിയായി കൃസ്തുമസിന്റെ പിന്നിലുള്‍ച്ചേര്‍ന്ന ആത്മീയാംശത്തെ നിരാകരിക്കുന്ന പ്രവണതകള്‍ക്കെതിരെ ആശങ്കപ്പെടുന്നുണ്ട്. ആഘോഷങ്ങളുടെ ആത്മീയത ചോര്‍ന്നുപോകുന്നത് ശ്രദ്ധയോടെ വിലയിരുത്തുകയും പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് അനിവാര്യമായിരിക്കുകയാണ്. കമ്പോളങ്ങള്‍ക്ക് നല്ലതാകുന്നതൊന്നും ആത്മാവിന് നല്ലതായിക്കൊള്ളണമെന്നില്ല. നമ്മുടെ ഉപഭോഗം നിയന്ത്രിക്കുന്നതിലൂടെയും നമ്മുടെ ചിന്താശേഷി ഉപയോഗപ്പെടുത്തുന്നതിലൂടെയും പരിഷ്‌കരണ/പരിവര്‍ത്തനങ്ങള്‍ നമ്മില്‍ നിന്ന് ആരംഭിക്കണം.
മാനവിക ഐക്യത്തിന്റെ ഒരു മാസം കൂടിയാണ് റമളാന്‍. സൂര്യാസ്തമയം വരെ നാം ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കുന്നത് സോമാലിയ അടക്കമുള്ള ലോകത്തിന്റെ പല കോണുകളിലും പട്ടിണിയില്‍ കഴിയുന്ന നമ്മുടെ സഹോദരങ്ങളോടു നാം പ്രകടിപ്പിക്കുന്ന ഐക്യത്തിന്റെ വിളംബരം കൂടിയാണ് വിശപ്പിന്റെ വിലയറിയുന്നതിലൂടെ അവരനുഭവിക്കുന്ന വേദനകളെക്കുറിച്ച് ഒരല്‍പമെങ്കിലും ബോധവാന്മാരാകാന്‍ ഈ മാസം നമ്മെ സഹായിക്കുന്നു. ഉദാരതയുടെ വക്താവായിരുന്ന പ്രവാചകന്‍ മുഹമ്മദ് നബി(സ്വ) റമളാനില്‍ കൂടുതല്‍ ഔദാര്യവാനായിരുന്നു. ഉപവാസം എന്നത് ഏകനായ, റബ്ബിനോട് കൂടുതല്‍ അടുക്കാനും ബലഹീനരേയും ദരിദ്രരേയും അരികുവത്കരിക്കപ്പെട്ടവരെയും പരിപാലിക്കുന്നതിനുമുള്ള നേരമാണ്. ഓരോരുത്തരും തങ്ങളുടെ സമയവും പണവും ഹൃദയവും മറ്റുള്ളവര്‍ക്കു വേണ്ടി സമര്‍പ്പിക്കാനാണ് റമളാന്‍ നമ്മോട് ആവശ്യപ്പെടുന്നത്. ഐക്യത്തിന്റെ ആത്മീയാര്‍ഥം നാം സ്വയം കൈകാര്യം ചെയ്യുന്ന രീതിയിലൂടെ പരിപോഷിപ്പിക്കപ്പെടുന്നു.
മറ്റുള്ളവരുടെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കുന്ന രൂപത്തിലാണ് നമ്മുടെ ദാനധര്‍മങ്ങളാകേണ്ടത്. അല്ലാഹുവിന്റെ മുന്നില്‍ നാം നല്‍കുന്ന രീതിയും അതിപ്രധാനമാണ്. മതപരമായ വൈവിധ്യങ്ങള്‍ക്കപ്പുറം മനുഷ്യന്റെ അന്തസ്സ് നാം സംരക്ഷിക്കണം.”തീര്‍ച്ചയായും മനുഷ്യരെ നാം ആദരിച്ചിരിക്കുന്നു” എന്ന ഖുര്‍ആന്‍ വാക്യത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ടാകണം നമ്മുടെ ക്രയവിക്രയങ്ങള്‍ രൂപപ്പെടുത്തേണ്ടത്. വര്‍ഗ-വര്‍ണ വൈവിധ്യങ്ങള്‍ക്കധീതമായി മനുഷ്യനെ ആദരിക്കാനും ബഹുമാനിക്കാനുമാണ് ഖുര്‍ആന്‍ ഇതിലൂടെ നമ്മോട് കല്‍പ്പിക്കുന്നത്. ഉപവസിക്കുക എന്നത് സ്വയം നീതി പുലര്‍ത്തുന്ന പ്രവൃത്തിയാണ്. ലോകമെമ്പാടുമുള്ള മനുഷ്യരോടും അടിച്ചമര്‍ത്തപ്പെട്ടവരോടും അന്യായമായി പെരുമാറുന്നവരോടും നീതി പുലര്‍ത്തുന്ന നടപടിക്രമങ്ങളാണ് നോമ്പിന്റെ പരിണതിയായി ഉടലെടുക്കേണ്ടത്. ഖുര്‍ആന്‍ നമ്മോടു പറയുന്നതുപോലെ, അല്ലാഹു നീതിമാനാണ്. അതുകൊണ്ടു തന്നെ സൃഷ്ടികളും നീതിയുടെ വക്താക്കളായിരിക്കേണ്ടത് അനിവാര്യമാണ്.
നമ്മുടെ ഹൃദയങ്ങളും പ്രാര്‍ഥനകളും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കൊപ്പമായിരിക്കണം. സിറിയ അടക്കമുള്ള പ്രദേശങ്ങളില്‍ സിവിലിയന്മാര്‍ നീതി, സ്വാതന്ത്ര്യം, അന്തസ്സ് എന്നിവക്ക് വേണ്ടി പോരാടി കൊല്ലപ്പെടുമ്പോള്‍ നാം ഒരിക്കലും മറക്കാന്‍ പാടില്ലാത്ത സന്ദേശമാണിത്. അഹിംസാത്മക മാര്‍ഗങ്ങളിലൂടെ അടിച്ചമര്‍ത്തുന്നവര്‍ക്കെതിരായ നടത്തുന്ന ചെറുത്തുനില്‍പ്പ് നിയമാനുസൃതമാണെന്ന് തിരിച്ചറിഞ്ഞ് അവരോട് ഐക്യപ്പെടാനും പിന്തുണക്കാനുമുള്ള മാനസികാവസ്ഥ നമുക്ക് രൂപപ്പെടേണ്ടതുണ്ട്. ഈ നോമ്പു കാലത്ത് പ്രത്യേകിച്ചും. സമാധാനപരമായ പ്രതിരോധം കൂടിയാണ് ഉപവാസം. ഒരു വ്യക്തിയുടെ ആത്മീയ അനുഭവത്തിനും സമൂഹത്തിനുമിടയില്‍, നോമ്പിനെ നിര്‍വചിക്കുന്ന ഒരു പൊതു മാനം ഉണ്ട്. ഉപവസിക്കുക എന്നത് ഒരു വിമോചന പ്രവര്‍ത്തനമാണ്. ഒരാളുടെ യഥാര്‍ഥമായ ആന്തരിക സ്വാതന്ത്ര്യത്തിലേക്കും സ്വത്വത്തിലേക്കും സമാധാനത്തിലേക്കും എത്തിച്ചേരുന്നതിന് വേണ്ടി ഉള്ളിലടിഞ്ഞു ചേര്‍ന്ന അഹംഭാവം, സ്വാര്‍ഥത, വ്യാമോഹങ്ങള്‍ എന്നിവയില്‍ നിന്ന് സ്വയം മോചിപ്പിക്കുക എന്ന ദൗത്യം കൂടി നോമ്പിലുള്‍ച്ചേര്‍ന്നിട്ടുണ്ട്.

താരീഖ് റമളാന്‍
വിവ: എം.എ സലാം റഹ്മാനി