റമള്വാന്‍; കാരുണ്യം, സംസ്‌കരണം, മോചനം

837

ത്വല്‍ഹത് ബ്നു ഉബൈദില്ലാഹി(റ) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ഒരുമിച്ച് ഇസ്ലാം സ്വീകരിച്ച രണ്ടുപേര്‍!, ഒരാളൊരു പോരാളിയായിരുന്നു. മറ്റേയാള്‍ സാധാരണ ജീവിതം നയിക്കുന്നയാളും. ആദ്യത്തെയാള്‍ ധര്‍മസമരത്തില്‍ രക്തസാക്ഷ്യം വരിച്ചു. അപരന്‍ ഒരു വര്‍ഷത്തിനു ശേഷം സാധാരണ മരണമടയുകയും ചെയ്തു. അങ്ങനെയിരിക്കെ, അവര്‍ സ്വര്‍ഗ കവാടത്തിനു മുന്നില്‍ നില്‍ക്കുന്നതായി ഞാന്‍ സ്വപ്നത്തില്‍ കണ്ടു, ഉടനെ സ്വര്‍ഗത്തില്‍ നിന്നൊരാള്‍ ഇറങ്ങിവന്ന് ആ രണ്ടു പേരില്‍ രണ്ടാമന് പ്രവേശനാനുമതി നല്‍കി. അതിനു ശേഷമേ രക്തസാക്ഷിക്ക് അനുമതി നല്‍കപ്പെട്ടുള്ളൂ.!, സ്വപ്നം ചര്‍ച്ചയായി. വിവരം തിരുസവിധത്തിലെത്തി. ‘ഇതില്‍ ഇത്ര ആശ്ചര്യപ്പെടാനെന്തിരിക്കുന്നു?!’ അവിടുന്ന് പാഞ്ഞു. ”അല്ലാഹുവിന്റെ ദൂതരേ, ഒന്നാമന്‍ അപരനേക്കാള്‍ കര്‍മനിരതനായിരുന്നു, പോരാത്തതിന് രക്തസാക്ഷിയും. എന്നിട്ടും സ്വര്‍ഗ പ്രവേശനത്തില്‍ രണ്ടാമനാണല്ലോ മുന്‍ഗണന നല്‍കപ്പെട്ടത്.!’ സ്വഹാബികള്‍ ആരാഞ്ഞു. ”രണ്ടാമന്‍ ഒന്നാമനേക്കാള്‍ ഒരു വര്‍ഷം കൂടി ജീവിച്ചില്ലേ?’ അവിടുന്ന് ചോദിച്ചു. ‘അതെ.’ ”എന്നിട്ട് ഒരു റമള്വാനിലും കൂടെ നോമ്പെടുത്തുവോ?’ ‘അതെ’ ‘ആ കൊല്ലം കൂടി നിസ്‌കരിക്കാനൊക്കെ അവസരം കിട്ടിക്കാണണം?” ‘അതെ’ ‘എങ്കില്‍ പിന്നെ അവര്‍ക്കിടയില്‍ ആകാശഭൂമികള്‍ക്കിടയിലുള്ള വ്യത്യാസം കാണും!’ അല്ലാഹുവിന്റെ ദൂതര്‍ പ്രതിവചിച്ചു.(ഇബ്നു മാജ)
ഒരു റമള്വാനിനെ കൂടി വരവേല്‍ക്കാന്‍ സാധിക്കുന്നത് എത്ര വലിയഭാഗ്യമാണെന്ന് മനസ്സിലാക്കാന്‍ ഈ നബിവചനം തന്നെ ധാരാളമാണ്. വെയില്‍ ചൂടേറ്റ് ഉള്ളും പുറവും ഒരുപോലെ വരണ്ട് വെന്തുകിടക്കുന്ന മരുഭൂമിയിലേക്ക് ആശ്വാസമായി പെയ്തിറങ്ങുന്ന പുതുമഴയെ കുറിക്കാന്‍ അറബികള്‍ ‘റമള്വ്’ എന്ന് പ്രയോഗിക്കാറുണ്ട്. അക്ഷരാഥത്തില്‍ ദിവ്യകാരുണ്യത്തിന്റെ പുതുമഴക്കാലമാണ് ‘വിശുദ്ധ റമള്വാന്‍.’ വരണ്ടുണങ്ങിയ ഊഷര മനസ്സുകള്‍ ആര്‍ത്തിയോടെ കാത്തിരിക്കുന്ന കുളിര്‍മഴക്കാലം.! ”ഈ മാസത്തെ റമള്വാന്‍ എന്നു വിളിക്കാന്‍ എന്താണു കാരണം?” നബി തിരുമേനിയോടാണ് ചോദ്യം; ആഇശാ ബീവി(റ)യാണ് ചോദ്യകര്‍ത്താവ്. ‘റമള്വാനില്‍ അല്ലാഹു സത്യവിശ്വാസികള്‍ക്ക് പാപങ്ങള്‍ പൊറുത്തു കൊടുക്കുകയും കരിച്ചുകളയുകയും ചെയ്യുന്നു, അതുതന്നെ.!’ അവിടുന്ന് മറുപടി നല്‍കി. അഭൂതപൂര്‍വവും അനുഗ്രഹീതവുമായ ആര്‍ദ്രതയുടെ ആ ദിവ്യവര്‍ഷത്തെ നബി തിരുമേനി? ഇങ്ങനെ അടയാളപ്പെടുത്തിയതു കാണാം: ‘ഒരാള്‍ ആരോഗ്യവാനായിരിക്കെ റമള്വാന്‍ ആസന്നമായി പകല്‍ നോമ്പെടുത്തു, രാത്രി പതിവു നിസ്‌കാരങ്ങള്‍ നിര്‍വഹിച്ചു, നിഷിദ്ധങ്ങളില്‍ നിന്നു കണ്ണുചിമ്മി, ഗുഹ്യവും നാവും കയ്യും സൂക്ഷിച്ചു, ജമാഅത്തായി നിസ്‌കാരം നിര്‍വഹിച്ചു, ജുമുഅക്ക് നേരത്തെപോയി, മാസം മുഴുക്കെ വ്രതമെടുത്തു, എങ്കില്‍ അവന്‍ പ്രതിഫലങ്ങള്‍ പൂര്‍ണമായി വാരിക്കൂട്ടി. ലൈലത്തുല്‍ ഖദ്റിനെ അവന്‍ എത്തിച്ചു. അല്ലാഹുവിന്റെ സമ്മാനം കൊണ്ടവന്‍ വിജയിച്ചു ‘(ഇബ്നു അബിദ്ദുന്‍യാ).

ജാബിറു ബ്നു അബ്ദില്ല(റ)നിവേദനം ചെയ്യുന്നു; തിരുനബി പറയുകയുണ്ടായി: റമള്വാനില്‍ അഞ്ച് അനുഗ്രഹങ്ങള്‍ എന്റെ സമുദായത്തിന് നല്‍കപ്പെട്ടിരിക്കുന്നു, മുന്‍കഴിഞ്ഞ ഒരു പ്രവാചകനും അവ ലഭിച്ചിട്ടില്ല. ഒന്ന്, റമള്വാനിലെ പ്രഥമരാവ് സമാഗതമായാല്‍ അല്ലാഹുവിന്റെ തിരുനോട്ടം അവര്‍ക്ക് ലഭിക്കുന്നു. അവന്റെ തിരുനോട്ടം ലഭിച്ചവര്‍ പിന്നീടൊരിക്കലും ശിക്ഷിക്കപ്പെടുകയില്ല. രണ്ട്, പ്രദോഷമാകുമ്പോള്‍ നോമ്പുകാരുടെ വായിലുണ്ടാകുന്ന ഗന്ധം അല്ലാഹുവിങ്കല്‍ കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതായിരിക്കും. മൂന്ന്, റമള്വാനിലെ മുഴുവന്‍ രാപ്പകലുകളിലും മാലാഖമാര്‍ അവര്‍ക്കു വേണ്ടി പാപമോചനത്തിന് തേടിക്കൊണ്ടേയിരിക്കും. നാല്, അവര്‍ക്കു വേണ്ടി അണിഞ്ഞൊരുങ്ങാന്‍ അല്ലാഹു സ്വര്‍ഗത്തോട് കല്‍പ്പിക്കും. അഞ്ച്, റമള്വാനിലെ അവസാന രാവ് സമാഗതമായാല്‍ അവര്‍ക്കെല്ലാം പാപമോചനം നല്‍കപ്പെടുന്നു. അപ്പോള്‍ ഒരാള്‍ ചോദിച്ചു; ലൈലത്തുല്‍ ഖദ്റിലാണോ അത്? തിരുനബി പറഞ്ഞു; അല്ല, തൊഴിലാളികള്‍ തങ്ങളുടെ ജോലിയില്‍ നിന്ന് വിരമിച്ച് തിരിച്ചുപോകാമ്പോള്‍ അവര്‍ പ്രതിഫലം തികച്ചുകൊടുക്കുന്നത് കാണാറില്ലേ? അത് പോലെയാണത്’ (ബൈഹഖി, അഹ്മദ്)
റജബിലെയും ശഅ്ബാനിലെയും ആവര്‍ത്തിച്ചുള്ള പ്രാര്‍ഥനകള്‍ കേവല തേട്ടങ്ങളായിരുന്നില്ല, പ്രത്യുത മനസ്സും ശരീരവും പാകപ്പെടുത്തിയെടുക്കാനുള്ള പരിശീലനമായിരുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് വിശുദ്ധ റമള്വാനിനോടുള്ള വിശ്വാസിയുടെ സമീപനം രൂപപ്പെടുന്നത്. റമള്വാനിലെ ആദ്യ പത്ത് റഹ്മത്തിന്റെ പത്താണെന്നാണ് തിരുനബി പഠിപ്പിച്ചത്. റമള്വാന്‍ മാസം തന്നെ അല്ലാഹു വിശ്വാസിക്ക് നല്‍കിയ ഏറ്റവും വലിയ റഹ്മത്താണ്. പതിനൊന്നു മാസക്കാലം മനുഷ്യന്‍ ചെയ്തുകൂട്ടിയ തെറ്റു കുറ്റങ്ങള്‍ വെടിഞ്ഞും പശ്ചാത്തപിച്ചും ഈയൊരു മാസം കൊണ്ടു തന്നെ റബ്ബിന്റെ റഹ്മത്തിന് പാത്രമാവാന്‍ കഴിയുന്നു എന്നത് തന്നെ ദിവ്യകാരുണ്യത്തിന്റെ വലുപ്പം ബോധ്യപ്പെടുത്താന്‍ പോന്നതാണ്.
പടച്ചവന്റെ കാരുണ്യം പടപ്പുകളായ നമ്മെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. നബി (സ്വ)പറഞ്ഞതായി അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: ‘ഒരാളും തന്നെ അവരുടെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല!’ സ്വഹാബത്ത് ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, താങ്കളും? ‘ അവിടുന്ന് പറഞ്ഞു: ‘ഞാനും പ്രവേശിക്കുകയില്ല; അല്ലാഹു അവന്റെ കാരുണ്യവും ഔദാര്യവും കൊണ്ട് എന്നെ പൊതിഞ്ഞാലല്ലാതെ'(ബുഖാരി). അപ്പോള്‍ പിന്നെ, ‘സൃഷ്ടികളെ സൃഷ്ടിക്കുന്നതിനു മുമ്പായി അല്ലാഹു ഇങ്ങനെ രേഖപ്പെടുത്തി: ‘എന്റെ കാരുണ്യം എന്റെ കോപത്തെ മുന്‍കടന്നിരിക്കുന്നു’ ഇത് അവന്റെയടുക്കല്‍ അര്‍ശിനു മുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നു ‘(ബുഖാരി, മുസ്ലിം) എന്നത് ആശ്വാസത്തിന് വക നല്‍കുന്നതാണെങ്കില്‍ ‘ജനങ്ങള്‍ക്ക് കരുണ ചെയ്യാത്തവര്‍ക്ക് അല്ലാഹു കരുണ ചെയ്യുന്നതല്ല’ (ബുഖാരി, മുസ്ലിം) എന്നതൊരു മുന്നറിയിപ്പാണ്.
‘അധര്‍മകാരികളെക്കുറിച്ച് അവര്‍ അന്വേഷിച്ചറിയും, നിങ്ങളെ നരകത്തില്‍ കടത്തിയത് എന്തു നിലപാടാണെന്ന്. അവര്‍ പ്രതികരിക്കും: ഞങ്ങള്‍ നമസ്‌കാരം നിലനിര്‍ത്തുന്നവരുടെ ഗണത്തിലാവുകയോ അഗതികള്‍ക്ക് ഭക്ഷണം കൊടുക്കുകയോ ചെയ്തില്ല. പാപകൃത്യങ്ങളില്‍ വിലയിച്ചിരുന്നവരോടൊപ്പം ഞങ്ങളും മുഴുകുകയും അന്ത്യനാളിനെ നിഷേധിക്കുകയും ചെയ്തു. അങ്ങനെ കഴിയവെ ഞങ്ങള്‍ക്ക് മരണം വന്നെത്തി.'(മുദ്ദസിര്‍: 4147) എന്നാണ് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുള്ളത്. അഥവാ, അനുഷ്ഠാനപരമോ സാമൂഹ്യപരമോ സംസ്‌കാരപരമോ വിശ്വാസപരമോ ആയ ഏതുവീഴ്ചയും ദയാലുവായ റബ്ബിന്റെ കാരുണ്യനിഷേധത്തിന് കാരണമായേക്കാം എന്നര്‍ഥം. അത് കൊണ്ടുതന്നെ, പ്രാര്‍ഥിച്ചും പ്രവര്‍ത്തിച്ചും കരുണാമയന്റെ കാരുണ്യം നേടിയെടുക്കാനാണ് നബി നിര്‍ദേശം. ‘അല്ലാഹുമ്മ ഇര്‍ഹം നീ യാ അര്‍ഹമര്‍റാഹി മീന്‍’ എന്ന അര്‍ഥനാ നൈരന്തര്യം അതിന്റെ ഭാഗമാണ്. പ്രവര്‍ത്തിച്ച് നേടിയെടുക്കാവുന്ന ആര്‍ദ്രതയുടെ ആയിരമായിരം കൈവഴികള്‍ അല്ലാഹു പഠിപ്പിച്ചു തന്നിട്ടുണ്ട്. അതിന് സഹായകമാകുന്ന ഗുണവിശേഷണങ്ങള്‍ തുടര്‍ച്ചയായി പ്രതിപാദിക്കുന്ന വിശുദ്ധ ഖുര്‍ആനിലെ ദീര്‍ഘമായ ഒരു ഭാഗം ആരംഭിക്കുന്നത് തന്നെ ‘കരുണാമയനായ അല്ലാഹുവിന്റെ ദാസന്മാര്‍…’ എന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ്. സൂറത്തുല്‍ ഫുര്‍ഖാന്‍ 63 മുതല്‍ 74 വരെയുള്ള പ്രസ്തുത വചനങ്ങള്‍ അല്ലാഹു അവസാനിപ്പിക്കുന്നതിങ്ങനെയാണ്. ‘മേല്‍പറയപ്പെട്ട വിധം ജീവിതം നയിക്കുന്നവര്‍ക്ക് അവര്‍ ക്ഷമയവലംബിച്ചതിന്റെ പേരില്‍ ഉന്നതമായ സ്വര്‍ഗീയ സൗധം പ്രതിഫലം നല്‍കപ്പെടുന്നതാണ്. അവരതില്‍ ശാശ്വതവാസികളായിരിക്കുന്നതാണ്…'(ഫുര്‍ഖാന്‍ 75,76)
ഇവിടെ ‘ഇബാദു റഹ്മാന്റെ (കരുണാമയനായ അല്ലാഹുവിന്റെ ദാസന്മാര്‍) സ്വഭാവ ഗുണങ്ങള്‍ മുഴുവന്‍ ‘ക്ഷമയവലംബിക്കുക’ എന്ന ഏക ഗുണത്തിലേക്ക് ചുരുക്കിയതുകാണാം. പരിശുദ്ധ ഖുര്‍ആനിലെ ‘ക്ഷമ’ എന്ന കര്‍മധാതുവിന്റെ പ്രയോഗ സാധ്യതകളെപ്പറ്റിയുള്ള വ്യാഖ്യാതാക്കളുടെ വിശദീകരണത്തില്‍ ഇതിന്റെ കാരണമുണ്ട്. ‘സല്‍കര്‍മങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്ന കാര്യങ്ങളെയും ദുഷ്‌കര്‍മങ്ങള്‍ക്ക് പ്രചോദകമാകുന്ന കാര്യങ്ങളെയും ‘ക്ഷമാ’പൂര്‍വം തരണംചെയ്യുക എന്ന ശ്രമകരമായ ദൗത്യത്തെയാണ് ഖുര്‍ആന്‍ ‘ക്ഷമ’ കൊണ്ട് അര്‍ഥമാക്കുന്നത് എന്നതാണത്. അങ്ങനെ ചിന്തിക്കുമ്പോള്‍, പൈശാചിക ദുര്‍ബോധനങ്ങള്‍ക്ക് ദൈവികമായ നിയന്ത്രണങ്ങള്‍ ഉറപ്പുനല്‍കപ്പെട്ട ഒരു മാസത്തില്‍ ശരീരേച്ഛകളെ ഇച്ഛാശക്തി കൊണ്ട് അതിജയിക്കുന്നവര്‍ക്ക് മുന്നില്‍ സംസ്‌കരണത്തിന്റെ വഴികള്‍ തെളിഞ്ഞുവരികയും മോചനത്തിന്റെ മാര്‍ഗങ്ങള്‍ തുറന്നുകിട്ടുകയും ചെയ്യുന്നതെങ്ങനെയെന്ന് വേഗം മനസ്സിലാകും. പശ്ചാത്തപിക്കുകയും വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹു അവരുടെ തെറ്റുകള്‍ നന്മകളാക്കി പരിവര്‍ത്തിപ്പിക്കുമെന്നും അല്ലാഹു പൊറുക്കുന്നവനും കാരുണ്യവാനുമാണെന്നും സുറത്തുല്‍ ഫുര്‍ഖാനിലെ പ്രസ്തുത വചനങ്ങളിലൂടെതന്നെ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. പാപമോചനവും നരക മോചനവും എല്ലാ അര്‍ഥത്തിലും കാരുണ്യത്തിന്റെ പത്തിന്റെ അനുബന്ധങ്ങളായി മാറുകയാണിവിടെ. റഹീം(കാരുണ്യവാന്‍), ഗഫൂര്‍(പാപം പൊറുക്കുന്നവന്‍) എന്നീ അല്ലാഹുവിന്റെ സവിശേഷ നാമങ്ങള്‍ എഴുപത്തി രണ്ട് തവണയാണ് ഖുര്‍ആനില്‍ ഒരുമിച്ച് പ്രയോഗിക്കപ്പെട്ടിട്ടുള്ളത്. ഏറ്റവും കൂടുതല്‍ ഒരുമിച്ചുവന്ന അല്ലാഹുവിന്റെ രണ്ട് നാമങ്ങള്‍ ഇവ രണ്ടുമാണ്. കാരുണ്യവും പാപമോചനവും തമ്മിലുള്ള ബന്ധം ഇതില്‍ നിന്ന് വ്യക്തമാണ്.
പാപക്കറ പുരളാതെയാണ് വിശ്വാസി ജീവിക്കേണ്ടത്, പക്ഷേ, അത് എല്ലാവര്‍ക്കും സാധ്യമാകണമെന്നില്ല. അതിനാല്‍ തന്നെ മോചനത്തിന് മാര്‍ഗമുണ്ടാവണം. തൗബ(പശ്ചാത്താപം) യാണ് പൂര്‍ണമായ പാപപരിഹാര മാര്‍ഗം. നിബന്ധനകളും വ്യവസ്ഥകളും പൂര്‍ത്തീകരിച്ചു കൊണ്ടുള്ള തൗബ എന്ന അനുഷ്ഠാന രീതിയില്ലാതെ തന്നെ ചില പാപങ്ങളില്‍ നിന്ന് മുക്തി നേടാന്‍ മാര്‍ഗങ്ങളുണ്ട്. റമള്വാന്‍ മാസവും നോമ്പനുഷ്ഠാനവും തറാവീഹ് നിസ്‌കാരവും അവയില്‍ പെട്ടതാണ്. വിശ്വാസവും പ്രതിഫലേച്ഛയുമുണ്ടെങ്കില്‍ പാപ,നരക മോചനങ്ങള്‍ ലഭിക്കുമെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്.
അവസാനത്തെ പത്തില്‍ കൂടുതല്‍ സൗഭാഗ്യങ്ങളോടെയാണ് റമള്വാന്‍ നമ്മെ അനുഗ്രഹിക്കുന്നത്. നരക മോചനവും സ്വര്‍ഗപ്രവേശവും ലഭിക്കുന്നതിനുള്ള പ്രാര്‍ഥനകളും പ്രവര്‍ത്തനങ്ങളും കൊണ്ട് ആ നാളുകളെ നമുക്കനുകൂലമാക്കി മാറ്റണം. അങ്ങനെ റമള്വാന്‍ വിടപറയുമ്പോള്‍ നന്മകളും സുകൃതങ്ങളും ശീലമാക്കിയവരായി നാം ധന്യരാകണം.
ഒരു മാസക്കാലം പാകപ്പെടാനുള്ള പരിശീലന കാലയളവാണ്. അതിനുള്ളില്‍ പ്രമാണബദ്ധമായ ബാഹ്യനിയന്ത്രണങ്ങളിലൂടെ പ്രയോഗബദ്ധമായ ആത്മനിയന്ത്രണം ആര്‍ജിച്ചെടുക്കലാണ് സത്യവിശ്വാസിയുടെ ധര്‍മം. അതില്‍ നിന്നു മാറി, റമള്വാനിലെ ശീലിപ്പുകളും ശേഷിപ്പുകളും നടുവിലെ പത്ത് തീരുമ്പോഴേക്ക് ചോര്‍ന്നു തുടങ്ങുകയും ഇരുപത്തേഴാം രാവോടു കൂടി വാര്‍ന്നുതീരുകയും ഒടുവിലെ പത്ത് മുഴുവന്‍ പെരുന്നാളാക്കിമാറ്റുകയും ചെയ്യുന്ന പൊതു പ്രവണത ഒട്ടും ആശാസ്യമല്ല.
ഇതു സംബന്ധമായി അല്ലാമാ ശഅ്റാവി (റ)പങ്കുവെക്കുന്ന ഒരു ചിന്താശകലം ഇങ്ങനെ വായിക്കാം: ‘ജനങ്ങള്‍ തസ്ബീഹ് കൊണ്ടും ഖുര്‍ആന്‍ കൊണ്ടും വ്രതമാസത്തെ വരവേല്‍ക്കുകയും അത് തീരുന്നതോടു കൂടി അവരതെല്ലാം കയ്യൊഴിയുകയും ചെയ്യുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നാറില്ലേ. നമ്മുടെ മത സ്വത്വത്തിന് കാവല്‍ നില്‍ക്കുകയോ കൊല്ലം മുഴുവന്‍ സംശുദ്ധ ജീവിതം നയിക്കാനായി നമ്മെ പരിശീലിപ്പിക്കുകയോ ചെയ്യുകയല്ലേ റമള്വാന്‍!.’ (തഫ്സീര്‍ ശഅ്റാവി)
റമള്വാന്‍ സ്വീകരിക്കപ്പെട്ടു എന്നതിന്റെ അടയാളം റമള്വാനിനു ശേഷവും ജീവിതത്തിലതിന്റെ ഗുണഗണങ്ങള്‍ ബാക്കിയാക്കാന്‍ കഴിയലാണെന്ന് മഹാന്മാര്‍ പറഞ്ഞുവെച്ചതു കാണാം. ‘ഒരു ജുമുഅ: അടുത്ത ജുമുഅ: വരെയും ഒരു റമള്വാന്‍ അടുത്ത റമള്വാന്‍ വരെയും ഉള്ള പ്രായശ്ചിത്തമാണെ’ന്ന തിരുവചനം ആ അര്‍ഥത്തില്‍ കൂടി വായിച്ചെടുക്കാന്‍ കഴിയേണ്ടതുണ്ട്. അനുകൂല സാഹചര്യങ്ങളെ ആവോളം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നതോടൊപ്പം അതിന് സ്വാഭാവികമായ തുടര്‍ച്ചയുണ്ടാക്കാനും വിശ്വാസികള്‍ക്ക് സാധിക്കേണ്ടതുണ്ട്.

മുആവിയ മുഹമ്മദ് ഫൈസി