ലഹരിമുക്ത സമൂഹം; ഉത്തരവാദിത്തം എല്ലാവരുടേതുമാണ്

401

ലഹരി വസ്തുക്കളുടെ ഉപയോഗത്തെ നിയന്ത്രിക്കുകയും നിരോധിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ നിയമമാണ് ദി നാര്‍കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട്, 1985. എന്‍.ഡി.പി.എസ് ആക്ട് പ്രകാരം മദ്യം, പുകയില ഉല്‍പന്നങ്ങള്‍ എന്നിങ്ങനെയുള്ള ചില ലഹരിവസ്തുക്കള്‍ ഒരു പരിധിവരെ ഉപയോഗിക്കുകയും കച്ചവടം ചെയ്യുകയുമാവാം. ഉപഭോക്താക്കളും ആവശ്യക്കാരും ഏറെയുള്ള ഇത്തരം ലഹരിവസ്തുക്കള്‍ നിയമവിരുദ്ധമാക്കിയാല്‍ കരിഞ്ചന്തകളിലൂടെയുള്ള അവയുടെ കച്ചവടം വര്‍ധിക്കുകയും, അങ്ങനെ ലഭിക്കുന്ന കള്ളപ്പണമുപയോഗിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങളടക്കം ദേശത്തിന്റെയും പൗരന്മാരുടെയും സുരക്ഷയെ ബാധിക്കുന്ന കൃത്യങ്ങള്‍ സജീവമാവുകയും ചെയ്യുന്നതിനാലാണത്. അതേ സമയംതന്നെ, പൗരന്മാരുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യത്തെ ബാധിക്കുന്ന കഞ്ചാവ്, എം.ഡി.എം.എ, മെത്താഫിറ്റമിന്‍, മാജിക്ക് മഷ്റൂം, എല്‍.എസ്.ഡി തുടങ്ങിയ പുതിയകാല മാരകലഹരികളുടെ നിര്‍മാണവും കച്ചവടവും ഉപയോഗവും ഈ ആക്ട് പ്രകാരം നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. ഇന്ത്യയില്‍നിന്ന് വ്യത്യസ്തമായി ചില രാഷ്ട്രങ്ങളില്‍ ഇത്തരം മാരക ലഹരികളില്‍ചിലത് പാടെ നിരോധിക്കുന്നതിനു പകരം അവയുടെ ഉപഭോഗത്തെ നിയന്ത്രിക്കുകയാണ് ചെയ്തിട്ടുള്ളത്. സ്വിറ്റ്സര്‍ലന്റ്, ന്യൂസ്ലന്റ്, കാനഡ എന്നിങ്ങനെയുള്ള രാഷ്ട്രങ്ങളില്‍ ഒരു പൗരന് അഞ്ച് കഞ്ചാവ് ചെടികള്‍വരെ വീട്ടില്‍ വളര്‍ത്താം, മാര്‍ക്കറ്റുകളില്‍നിന്ന് ചില ലഹരികളെല്ലാം നിശ്ചിത അളവില്‍ കാശ് കൊടുത്ത് വാങ്ങാം എന്നിങ്ങനെയുള്ള ഇളവുകളുണ്ട്. നേരത്തെ സൂചിപ്പിച്ച പോലെ, അതില്‍നിന്ന് ലഭിക്കുന്ന നികുതിയും കള്ളപ്പണപ്പെരുപ്പത്തിന് തടയിടലുമാണ് പ്രഥമ ലക്ഷ്യം. ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങള്‍ ഇവയെ നിയന്ത്രിച്ചത് അവയുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ പൗരരെ മാരകമായി ബാധിക്കുന്നമെന്നതിനാലാണ്. അമോട്ടിവേഷന്‍ സിന്‍ഡ്രം, ചിത്തഭ്രമം, സ്‌കീസോഫ്രീനിയ, ഹൃദയാഘാതം, തലച്ചോറ്റില്‍ രക്തം കട്ടപിടിക്കല്‍ തുടങ്ങിയവ അവയില്‍ ചിലതാണ്.
നിരവധി ലഹരിവസ്തുക്കള്‍ നിലവില്‍ കേരള വിപണിയിലുണ്ട്. പുകയിലയുല്‍പന്നങ്ങളും മദ്യവുമാണവയില്‍ സുലഭമായിട്ടുള്ളത്. രണ്ടിന്റെയും ഉപഭോഗം ഒരു പരിധിവരെ നിയമാനുസൃതമാണെന്നറിയാമല്ലോ. ഇരുന്നൂറിലധികം കാന്‍സറുകളാണ് പുകവലിക്കുന്നവരെയും അത് ശ്വസിക്കുന്നവരെയുമെല്ലാം (Passive and Active Smoking) കാത്തിരിക്കുന്നത്. വായ, തൊണ്ട തുടങ്ങിയ ഭാഗങ്ങളെ മാരകമായി ബാധിക്കുന്ന പുകയിലയുല്‍പന്നങ്ങള്‍ ഹൃദയസംബന്ധമായ അനവധി രോഗങ്ങള്‍ക്കും ഹേതുകമാണ്. ബീഡികക്കത്തുനിന്ന് ശ്വസനനാളം വഴി ഹൃദയത്തിലെത്തുന്ന പുകയിലയുടെ ഭാഗങ്ങള്‍ അവിടെ അടിഞ്ഞൂകൂടി ശ്വാസതടസ്സമുണ്ടാക്കുകയും, രക്തക്കുഴല്‍ വഴി ശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലെത്തി സ്ട്രോക്ക്, തളര്‍വാദം തുടങ്ങിയവ വരുത്തിവക്കുകയും ചെയ്യും. മദ്യം കൂടുതലായി വിറ്റഴിക്കപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് നമ്മുടേത്. മലയാളികള്‍ നല്ല കുടിയന്മാരാണെന്നര്‍ഥം. സങ്കീര്‍ണമായ നിരവധി ധര്‍മങ്ങള്‍ ശരീരത്തില്‍ നിര്‍വഹിക്കുന്ന ആന്തരികാവയങ്ങളിലൊന്നായ കരളിനെയാണത് സാരമായി ബാധിക്കാറുള്ളത്. ലിവറിന് താങ്ങാവുന്നതിലുമപ്പുറമുള്ള കൊഴുപ്പുകളടിഞ്ഞു കൂടി ഫാറ്റി ലിവര്‍ പോലുള്ള അസുഖങ്ങള്‍ വരികയും പിന്നീടത് ചികിത്സിച്ച് മാറ്റാനാവാത്ത ലിവര്‍ സിറോസിസ് പോലുള്ളവയില്‍ കൊണ്ടെത്തികുകയും ചെയ്യുന്നു. മദ്യപിച്ച് സ്വബോധമില്ലാതെ വാഹനമോടിക്കുന്നവര്‍ നിരത്തുകളില്‍ അപകടമുണ്ടാക്കുകയും മറ്റുള്ളവര്‍ക്ക് പരിക്കുകളുണ്ടാക്കുകയും ചെയ്യാറുണ്ട്.
നിയമവിരുദ്ധമായ ലഹരികളെക്കുറിച്ച് പറഞ്ഞാല്‍, നേരത്തെ സൂചിപ്പിച്ച കഞ്ചാവ്, കൊക്കൈന്‍, എം.
ഡി.എം.എ, മെത്താഫിറ്റമിന്‍, ബ്രൗണ്‍ ഷുഗര്‍ തുടങ്ങിയവയെല്ലാം വളരെ സജീവമായിതന്നെ ഇന്ന് നമ്മുടെ വിപണികളിലുണ്ട്. അവയുണ്ടാക്കുന്ന അനന്തരഫലങ്ങളെന്തൊക്കെയാണെന്നും പലതിന്റെയും അഡിക്ഷന്‍ എങ്ങനെ ഇല്ലാതാക്കിക്കളയാം എന്നുംവരെ ഇന്ന് മെഡിക്കല്‍ രംഗത്ത് ഗവേഷണം നടന്നുകൊണ്ടിരിക്കുന്ന വിഷയങ്ങളാണ്. ഓര്‍മക്കുറവ്, ശ്രദ്ധക്കുറവ്, സാമൂഹികമായി ഒറ്റപ്പെടല്‍, വിഷാദരോഗം, ചിത്തഭ്രമം, ഭ്രാന്ത്, ഹൃദയാഘാതം, തലച്ചോറ്റില്‍ രക്തം കട്ടപിടിക്കല്‍ തുടങ്ങി അവയുപയോഗിക്കുന്ന ആളുകളില്‍ മാരകമായ നിരവധി പാര്‍ശ്വഫലങ്ങള്‍ കാണാനാകാറുണ്ട്. ഒറ്റ ഉപയോഗത്തില്‍തന്നെ അടിക്റ്റാവുന്ന മാരകലഹരിയായ എം.ഡി.എം.എ ചെറിയവര്‍ അടക്കം ഉപയോഗിക്കുന്നതായും വലിയ തോതില്‍ കൈമാറ്റം ചെയ്യപ്പെടുന്നതായും ഈയടുത്ത് വാര്‍ത്തയായിട്ടുണ്ടല്ലോ. ഉറക്കില്ലായ്മ, ഹൃദ്രോഗങ്ങള്‍, ശ്രദ്ധക്കുറവ് തുടങ്ങി അറ്റാക്ക് സംഭവിച്ച് മരണത്തില്‍ വരെ കലാശിച്ചേക്കാവുന്ന വിഷമാണത്. ഒരു പ്രത്യേകതരം സ്റ്റിമുലന്റായി ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന മെത്താഫിറ്റമിന്‍ സ്ഥിര ഉപഭോക്താക്കളില്‍ ബൈപോളാര്‍ ഡിസോര്‍ഡര്‍ സൃഷ്ടിക്കുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ, ലഹരി ഉപഭോക്താക്കളുണ്ടാക്കുന്ന സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ എത്രമാത്രമാണെന്നറിയാമോ. കുടുംബങ്ങളിലവര്‍ പലനിലക്കുമുള്ള ഒഴിയാബാധ്യതകളാണ്. സ്വബോധമില്ലാത്ത അവരിലെ പലരും, തന്നെ ആശ്രയിച്ചുകഴിയുന്നവര്‍ക്ക് വേണ്ട പരിചരണം പോലും നല്‍കുന്നില്ല. ലഹരിയുല്‍പന്നങ്ങള്‍ വാങ്ങുന്നതിനുവേണ്ടി പെട്ടെന്ന് പണം കണ്ടെത്താന്‍ ചിലരൊക്കെ കാരിയര്‍മാരായി മാറുന്നു. അങ്ങനെ അവരെ ബാധിച്ച ഈ ദുശ്ശീലം അവര്‍ സമൂഹത്തിലൊട്ടാകെ പടര്‍ത്തുന്നു.
അടിസ്ഥാനപരമായി മനുഷ്യന് സന്തോഷമാണ് വേണ്ടത്. അല്ലാഹുവിനെയും അവന്റെ പ്രവാചകരെയും അനുസരിക്കുമ്പോള്‍ നിങ്ങള്‍ക്ക് യഥാര്‍ഥ സന്തോഷം ലഭിക്കുമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. നമുക്കിടയില്‍ ഏറ്റവും സന്തോഷത്തോടെ ജീവിക്കുന്നത് പ്രവാചകാനുരാഗികളും അല്ലാഹുവിന്റെ ഇഷ്ടദാസന്മാരുമായിരിക്കും. എന്നാല്‍, പണം, അധികാരം, പ്രശസ്തി, സൗന്ദര്യം തുടങ്ങിയവയെല്ലാം സന്തോഷം സമ്പാദിക്കാനുള്ള കപടമായ മാര്‍ഗങ്ങളാണ്. കൂട്ടത്തില്‍ എളുപ്പത്തില്‍ പ്രാപ്യവും അധ്വാനം തീരെ ആവശ്യമില്ലാത്ത തുമാണ് ലഹരി.
ലഹരി പഥാര്‍ഥങ്ങളുപയോഗിക്കുന്നവന് അതിന്റെ വീര്യമനുസരിച്ച് ഏറിയും കുറഞ്ഞതുമായ സന്തോഷം ലഭിക്കുന്നു. രണ്ട് പുകയൂതി വിടുമ്പോള്‍ മനസ്സിലുള്ള പ്രശ്നങ്ങളൊക്കെ നീങ്ങുമെന്ന് ചിലര്‍ പറയുന്നത് അതുകൊണ്ടാണ്. കുടുംബ പ്രശ്നങ്ങളില്‍നിന്ന് ഒളിച്ചോടാന്‍ വേണ്ടി പലരും മദ്യപിച്ച് ഉന്മത്തരായി കിടക്കുന്നത് കണ്ടിട്ടില്ലേ. അല്‍പനേരത്തേക്ക് എല്ലാ മറന്ന് നിങ്ങളെ സന്തോഷിപ്പിക്കാനുള്ള കഴിവവക്കുണ്ട്. ഇപ്പോള്‍ വിപണിയില്‍ സജീവമായ നിയമവിരുദ്ധ ലഹരിപഥാര്‍ഥങ്ങള്‍ക്ക് രണ്ടും മൂന്നും ദിവസം വരെ നമ്മെ ഉന്മാദാവസ്ഥയിലാക്കാന്‍ കഴിവുള്ളവയാണ്. എം.ഡി.എം.എ ഉപയോഗിക്കുന്നവര്‍ രണ്ട് ദിവസത്തേക്ക് ഭയങ്കരമായ തുഷ്ടിയിലായിരിക്കുമുണ്ടാവുക. സന്തോഷാധിക്യം നമ്മുടെ ഹൃദയമിടിപ്പ് വര്‍ധിപ്പിക്കാനും അങ്ങനെ മരണം സംഭവിക്കാനും വരെയുള്ള സാധ്യതകളുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, ഏറ്റവും തുച്ഛമായ പണമുടക്കില്‍ ആധിക്യമുള്ള സന്തോഷം തീരെതന്നെ അധ്വാനമില്ലാതെ അവര്‍ക്ക് ലഹരി നല്‍കുന്നുണ്ട്. മുവ്വായിരം രൂപ കൊടുത്ത് വാങ്ങുന്ന ഒരു ഗ്രാം എം.ഡി.എം.എ നാലു പേര്‍ക്ക് ഉപയോഗിക്കാനുണ്ടാവും. അതായത് ഒരാള്‍ക്ക് ചെലവുള്ളത് വെറും 750 രൂപ. കഞ്ചാവ് വിപണിയില്‍ ലഭിക്കുന്നത് ഇരുന്നൂറ് രൂപക്കാണെന്ന് തോന്നുന്നു. നാലുപേര്‍ക്കുവരെ ഒന്നുതന്നെ ഉപയോഗിക്കാനാവും. ഒരാള്‍ ഒടുക്കേണ്ടിവരുന്നത് അമ്പതുരൂപ മാത്രമാണപ്പോള്‍. പതിനെട്ടും പത്തൊമ്പതും വയസ്സായ നമ്മുടെ മക്കള്‍ക്കിന്ന് പണം സമ്പാദിക്കാന്‍ എന്തെല്ലാം മാര്‍ഗങ്ങളുണ്ട്? (അവരെ പണം സമ്പാദിക്കുന്നത് നിരുത്സാഹപ്പെടുത്തരുതെന്നല്ല.)
ലഹരികളുടെ ഉറവിടമെവിടെനിന്നാണെന്ന് പറയാന്‍ എനിക്കറിയില്ല. എനിക്കെന്നല്ല, അതറിയുന്നവര്‍ സ്വാഭാവികമായും വളരെ ചുരുക്കമായിരിക്കും. പക്ഷേ, നിലവിലുള്ള കേസുകളില്‍നിന്ന് അന്യസംസ്ഥാനങ്ങളിലൂടെയാണവ കേരളത്തിലെത്തുന്നതെന്ന് മനസ്സിലാകുന്നു. സാമ്പത്തികലാഭം മാത്രം പ്രതീക്ഷിച്ച് വ്യവസായാടിസ്ഥാനത്തില്‍ അവയുടെ നിര്‍മാണവും വിതരണവും നടത്തുന്ന മാഫിയകള്‍ ഉള്ളറകളിലുണ്ട്. അവര്‍ എല്ലാ നിലക്കും ശക്തരാണെന്നതില്‍ സംശയമില്ല. കഞ്ചാവില്‍നിന്ന് വ്യത്യസ്തമായി പുതിയ പല ലഹരികളും അസംസ്‌കൃത വസ്തുക്കള്‍ ലാബുകളിലെത്തിച്ച്, അവിടെനിന്നാണ് നിര്‍മിക്കുന്നത്. ആവശ്യമായ അസംസ്‌കൃതവസ്തുക്കളുണ്ടെങ്കില്‍ കുറഞ്ഞ സമയത്തില്‍ വലിയ അളവില്‍ ഉല്‍പാദിപ്പിക്കാനാവും. ഇങ്ങനെ ഉല്‍പാദിപ്പിച്ച ലഹരികള്‍ ആവശ്യക്കാരിലെത്തിക്കാന്‍ കാരിയര്‍മാരുടെ വലിയ നെറ്റ്വര്‍ക്കുകളുണ്ടത്രെ. കുടുംബത്തോടൊപ്പം വിനോദയാത്ര പോയി തിരികെവരുന്നതിനിടെ ഒരാള്‍ ലഹരിഉല്‍പനങ്ങളുമായി പിടികൂടപ്പെട്ടത് ഇതിന്റെ ചെറിയൊരുദാഹരണം മാത്രം. ഇങ്ങനെ നമ്മുടെ നാടുകളിലവ എത്തുമ്പോള്‍ വില ഇരട്ടിയാവും. ഇത്തരം പദാര്‍ഥങ്ങള്‍ക്ക് അടിമയായവര്‍ പുതിയ ഉപഭോക്താക്കളെ സൃഷ്ടിച്ച് അവര്‍ക്കവ വില്‍പനനടത്തി പണമുണ്ടാക്കാറുണ്ട്. നൈതികബോധം തീരെയില്ലാത്ത പലര്‍ക്കും പണമുണ്ടാക്കാനുള്ള എളുപ്പവഴിയാണിത്. യഥാര്‍ഥത്തില്‍ സമൂഹത്തെ ബാധിക്കുന്ന കാന്‍സറാണ് ലഹരി.
മക്കളോ പ്രിയപ്പെട്ടവരോ ലഹരിക്കടിമയാണെന്നറിഞ്ഞാല്‍ അടിച്ചും തൊഴിച്ചും പ്രഹരിച്ചുമാണ് നമ്മളില്‍ പലരുമവരോട് പ്രതികരിക്കുക. അപ്രിയവും അപ്രതീക്ഷിതവുമായത് കേള്‍ക്കുമ്പോഴും കാണുമ്പോഴും നമ്മളിയാതെ വൈകാരികമാവുമെന്നതൊക്കെ ശരിയാണ്. പക്ഷേ, എല്ലാം നഷ്ടപ്പെടുത്തുന്ന അവിവേകമായിരിക്കുമത്. ലഹരിയുപയോഗിച്ച് ഉന്മത്തരായി നില്‍ക്കുന്നവര്‍ക്ക് നമ്മെക്കാള്‍ ഇരട്ടി ശക്തിയുണ്ടായിരിക്കുമെന്നും നമ്മളേല്‍പിക്കുന്ന പ്രഹരങ്ങളെല്ലാം അവരുടെ ശരീരത്തിലേല്‍ക്കില്ലെന്നും ഓര്‍ക്കുക. നല്ല മനഃശാസ്ത്രവിദഗ്ദരെ കണ്ടെത്തി കൗണ്‍സിലിംഗിലൂടെ അവരെ വീണ്ടെടുക്കുകയും അതില്‍നിന്ന് രക്ഷപ്പെടുത്തുകയുമാണ് നമ്മള്‍ ചെയ്യേണ്ടത്.
ലഹരി ഉപയോഗിക്കുന്നവര്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ അങ്ങനെയായതല്ലെന്നുറപ്പാണ്. പല കാരണങ്ങളായിരിക്കും അവരെ അതില്‍ കൊണ്ടെത്തിച്ചത്. ചിലര്‍ക്കിത്തരം പ്രവണതകള്‍ ജനിതകമായുണ്ടായിരിക്കും. അറ്റന്‍ഷന്‍-ഡെഫിഷിറ്റ്/ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍, അഥവാ എ.ഡി.എച്ച്.ഡി ഉള്ള കുട്ടികള്‍ ഇത്തരം അപകടങ്ങളിലെത്തിപ്പെടാനുള്ള സാധ്യത ഏറെയാണ്. ഒരു കാര്യത്തില്‍ അധികനേരം ശ്രദ്ധ കേന്ദ്രീകരിക്കാനാവാത്ത ഇവര്‍ പൊതുവെ എടുത്തുചാട്ടക്കാരും ഏറെ സംസാരിക്കുന്നവരുമായിരിക്കും. ഒരു കാര്യത്തിന്റെ പാര്‍ശ്വഫലങ്ങളെന്തെന്ന് ചിന്തിക്കുന്നതിന് മുമ്പുതന്നെ അവരത് ഉപയോഗിക്കുകയും പതിയെപതിയെ വിനാശത്തില്‍ ചെന്നവസാനിക്കുകയുമുണ്ടാവാറുണ്ട്. ആദ്യം മുതിര്‍ന്നവരുപയോഗിച്ച ബീഡിക്കുറ്റികളുടെ ബാക്കി വലിച്ചും ബീര്‍കുപ്പികളില്‍ ബാക്കിയുള്ളത് കുടിച്ചും മെല്ലെയവര്‍ മാരക ലഹരികളിലെത്തിച്ചേരും. എ.ഡി.എച്ച്.ഡിയുള്ളവര്‍ക്ക് ആവശ്യമായ ചികിത്സ മനോരോഗവിദഗ്ധരുടെ സഹായത്തോടെ നല്‍കുക എന്നതു മാത്രമാണതിന്റെ പരിഹാരം. ലഹരിക്കടിമയായവരുടെ കുടുംബ പശ്ചാതലങ്ങള്‍ പലപ്പോഴും കൃത്യമായ മുന്നോട്ടുപോക്കില്ലാത്തവയാണ്; എല്ലാം അങ്ങനെയല്ലെങ്കിലും. മാതാവും പിതാവും വേര്‍പെട്ടുകഴിയുക, ഇരുവരും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാതിരിക്കുക, പിതാവ് വിദേശത്താവുക തുടങ്ങിയവയൊക്കെ കുട്ടികള്‍ക്ക് വേണ്ട സമയത്ത് ആവശ്യമായ പലതും ലഭിക്കാതിരിക്കാന്‍ കാരണമാവുന്നുണ്ട്.
ലഹരിയെ സാമാന്യവത്കരിക്കുന്നതില്‍ സമൂഹമാധ്യമങ്ങള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതിന്റെ ഉപഭോക്താക്കള്‍ നല്ലവരാണെന്നും ഇളംമനസ്സുള്ളവരാണെന്നുമുള്ള തെറ്റായ സന്ദേശങ്ങള്‍ പല പ്രൊഫൈലുകളില്‍നിന്നായി നമ്മുടെ യുവതലമുറക്ക് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. വെറും അനുകരണങ്ങളുടെ ലോകത്തേക്ക് നമ്മെ ചുരുക്കുകയാണവ യഥാര്‍ഥത്തില്‍ ചെയ്യുന്നത്. ഒരാളുടെ യാഥാര്‍ഥ്യം സമൂഹമാധ്യമത്തിലയാള്‍ പ്രത്യക്ഷപ്പെടുന്ന പോലെയാണെന്ന് ആരൊക്കെയോ നമ്മെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു.
എല്ലാത്തിലുമുപരി ഒരാളുടെ സാമൂഹിക ചുറ്റുപാടും സൗഹൃദങ്ങളും അയാളുടെ സ്വഭാവത്തെയും ശീലങ്ങളെയും നിര്‍ണയിക്കാറുണ്ട്. ലഹരിക്കടിമയാവുന്ന പലരും അതിലെത്തിപ്പെടുന്നത് അവരുടെ സൗഹൃദങ്ങളിലൂടെയാണ്. പിന്നീടതില്‍നിന്ന് രക്ഷപ്പെടാനാവാത്തതും അവര്‍ കാരണമായിരിക്കും. ഒരുദാഹരണം പറയാം: ബാഗ്ലൂരില്‍ പഠിച്ചിരുന്ന ഒരു വിദ്യാര്‍ഥിയെ എന്റെ ക്ലിനിക്കില്‍ കൊണ്ടുവന്നു. സാമാന്യം നന്നായി പഠിച്ചിരുന്ന അവന്‍ ഉപരിപഠനത്തിന് വേണ്ടിയാണ് അവിടെ പോയത്. അവിടത്തെ സൗഹൃദം മുഖേന ലഹരിയിലെത്തി. നാട്ടിലെത്തിയപ്പോള്‍ പോലീസ് പിടിച്ചു. അവരാണ് അവനെ എന്റെ ക്ലിനിക്കിലെത്തിച്ചത്. വേണ്ട കൗണ്‍സിലിംഗുകള്‍ ലഭിച്ച അവന്‍ പഴയ ജീവിത രീതിയേക്ക് തിരികെവന്നു. വീണ്ടും ബാംഗ്ലൂരില്‍ പോയ അവന്‍ പഴയ സുഹൃത്തുകള്‍ മുഖേന ദുശ്ശീലങ്ങള്‍ വീണ്ടുമാരംഭിച്ചു. പോലീസവനെ വീണ്ടുമെന്റെ ക്ലിനിക്കിലെത്തിച്ചു. നോക്കൂ, ഒരാള്‍ മാറാന്‍ തയ്യാറായിട്ടും അയാളുടെ സൗഹൃദമതിനനുവദിച്ചില്ല. ചെന്നൈയില്‍ ഉപരിപഠനത്തിന് പോയ ഒരു എന്‍ജിനീറിംഗ് വിദ്യാര്‍ഥി കൂടെയുള്ളവരെ കണ്ടാണ് സജീവമായ പഠനത്തില്‍ അലസത കാണിച്ചുതുടങ്ങിയത്. മെല്ലെ ലഹരിയിലേക്ക് വഴുതിവീണ അവന്‍ പിന്നീട് പോലീസ് പിടിയിലാവുകയും ഇപ്പോള്‍ കുടുംബത്തിനൊരു ബാധ്യതായി കഴിയുകയുമാണ്.
നമ്മുടെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ലഹരിഉപഭോക്താക്കളെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. പുറമെ, എക്സൈസ് വകുപ്പിന് കീഴില്‍ എല്ലാ ജില്ലകളിലും വിമുക്തി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുതിരവട്ടമടക്കമുള്ള മനോരോഗാശുപത്രികളിലും ചികിത്സ ലഭ്യമാണ്. പക്ഷേ, എല്ലാത്തിലുമുപരിയായി തുടക്കത്തില്‍ സൂചിപ്പിച്ചപോലെ, സമൂഹവും കുടുംബവും ചുറ്റുപാടും ലഹരിവിമുക്തരായവരെ ഉള്‍കൊള്ളാന്‍ പഠിക്കണം. ‘റിലാപ്സ് ഈസ് എ റൂള്‍’ എന്ന് കേട്ടിട്ടില്ലേ. അയാളതില്‍നിന്ന് വിട്ടുപോന്നെങ്കിലും അതുപോലെ തിരികെപോവാനുള്ള സാധ്യത ഏറെയാണ്. ലഹരിയിലായിരുന്നിരിക്കെയുള്ള മാനസികവും സാമൂഹികവുമായ ചുറ്റുപാടിലേക്ക് തിരികെ പോവാനനുവദിക്കരുത്. സ്നേഹവും കരുതലും വേണ്ടത്രെ കൊടുക്കണം. അയാളൊരു ലഹരിവിമുക്തനാണെന്ന് ഉള്‍കൊള്ളാന്‍ പഠിക്കണം. മനഃശാസ്ത്രജ്ഞര്‍ വിചാരിച്ചാല്‍മാത്രം ലഹരിയുപഭോക്താക്കളെ രക്ഷിക്കാനാവില്ല. ഉത്തരവാദിത്വം എല്ലാവരുടേതുമാണ്.


എഴുത്ത്: മുഹ്യിദ്ദീന്‍ ശാക്കിര്‍. പി
(ഡോ. അബ്ദുസ്സലാം ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ഡെല്‍ഹിയില്‍നിന്ന് എം.ബി.ബി.എസ്സും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോസയന്‍സസ്, ബാംഗ്ലൂരില്‍നിന്ന് സൈക്യാട്ട്രിയിയില്‍ എം.ഡിയും നേടിയിട്ടുണ്ട്)

ഡോ. അബ്ദുസ്സലാം ഒ.കെ