വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍; ആത്മപ്രഭയുടെ പ്രാര്‍ഥന മന്ത്രങ്ങള്‍

7266

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃനിരയില്‍ സൗമ്യസാന്നിധ്യമായിരുന്നു ശൈഖുനാ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍. ജീവിത വിശുദ്ധികൊണ്ടും പ്രാര്‍ഥനാ നിര്‍ഭരമായ സാന്നിധ്യം കൊണ്ടും സമൂഹത്തിന്റെ ചലനങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്ന ഉസ്താദും ഓര്‍മയാകുമ്പോള്‍, സത്യധാര 2020 ജനുവരി ലക്കത്തിലെ കുറിപ്പ് പുന:ര്‍ പ്രസിദ്ധീകരിക്കുന്നു.

ഉസ്താദിന്റെ പഠന ജീവിതം ആരംഭിക്കുന്നത് ബഹുവന്ദ്യരായ അണ്ടോണ അബ്ദുല്ല മുസ്‌ലിയാരുടെ അടുക്കല്‍ നിന്നാണ.് ശേഷം കളരാന്തിരി ഹുസൈന്‍ കുട്ടി മുസ്‌ലിയാര്‍, മലയമ്മ നാരകശേരി അബൂബക്ര്‍ മുസ്‌ലിയാര്‍ എന്നിവരുടെ ദര്‍സിലും ഇയ്യാട്ട് നിന്ന് ഇ.കെ ഹസന്‍ മുസ്‌ലിയാരുടെ ദര്‍സിലും പഠനം നടത്തി. വീണ്ടും അണ്ടോണ ഉസ്താദിന്റെ ദര്‍സിലെത്തി. അവിടെ നിന്നാണ് ഉപരിപഠനാര്‍ഥം പട്ടിക്കാട് ജാമിഅ: നൂരിയ്യയിലേക്കു പോകുന്നത്. അസുഖം കാരണം ജാമിഅ:യില്‍ പഠനം പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞില്ല. ജീവിത കാലം മുഴുവന്‍ ഉസ്താദ് ഈ സങ്കടം കൂടെ കൊണ്ടു നടന്നിരുന്നു. പട്ടിക്കാടു വച്ച് താഴെക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍, ശംസുല്‍ ഉലമ ഇ.കെ ഉസ്താദ്, കോട്ടുമല ഉസ്താദ് തുടങ്ങിയ പണ്ഡിത തേജസ്സുകളില്‍ നിന്നും അറിവു നുകര്‍ന്നു.
ജാമിഅ:യിലെ ശൈഖുനാ ശംസുല്‍ ഉലമയുടെയും കോട്ടുമല ഉസ്താദിന്റെയും സബ്ഖുകളെ ഉസ്താദ് ആത്മനിര്‍വൃതിയോടെയാണ് ഓര്‍മയില്‍ താലോലിക്കുന്നത്. ജാമിഅ:യിലെ ഉസ്താദിന്റെ ഉറ്റ സുഹൃത്തും പ്രധാന ശരീക്കും പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളായിരുന്നു. ആ ആത്മബന്ധത്തെക്കുറിച്ച് പറയുമ്പോള്‍ ഉസ്താദിന്റെ മുഖത്ത് സന്തോഷത്തിന്റെ പ്രഭ വല്ലാതെ വെളിച്ചം വീശുന്നുണ്ട്. പാണക്കാട് കുടുംബവുമായി അന്ന് തുടങ്ങിയ ആത്മബന്ധം ഉസ്താദ് ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ചു. ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരാണ് ഉസ്താദ് ആദരവോടെ ഓര്‍ത്തിരുന്ന മറ്റൊരു വ്യക്തിത്വം. കളരാന്തിരി ഖാള്വിയായിരുന്ന അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എന്‍.വി ഖാലിദ് മുസ്‌ലിയാര്‍ എന്നിവരുമായുള്ള സ്‌നേഹബന്ധത്തെയും ഉസ്താദ് അഭിമാനത്തോടെ ഓര്‍ത്തിരുന്നു.
പഠന ശേഷം 12 വര്‍ഷം കത്തറമ്മല്‍ സേവനം ചെയ്തു. ശേഷം കൊടുവള്ളി സിറാജില്‍ സ്വദര്‍ മുഅല്ലിമായി സേവനമനുഷ്ടിച്ചു. പാണക്കാട് കുടുംബത്തോട് വലിയ മതിപ്പുകാണിച്ച ഉസ്താദ്. ഉമറലി തങ്ങളുമായുള്ള ആത്മബന്ധം ജീവിതത്തിലെ സൗഭാഗ്യമായി കൂടെക്കൂട്ടി. ജാമിഅ:യിലെ പഠന കാലത്ത് പലവുരു പാണക്കാട്ട് പോവുകയും പുക്കോയ തങ്ങളെ കൊണ്ട് ദുആ ചെയ്യിക്കുകയും ഉപദേശം തേടുകയും
ചെയ്തു. ഒരിക്കല്‍ അസുഖ ബാധിതനായപ്പോള്‍ പുക്കോയ തങ്ങളെ കാണാന്‍ പോയി. 4 മരുന്നുകള്‍ 14 ദിവസം കഴിക്കാന്‍ നിര്‍ദേശിച്ചു. രണ്ട് തവണ ഇതുപോലെ ആവര്‍ത്തിച്ചെങ്കിലും രോഗം ഭേദമായില്ല. വീണ്ടും പാണക്കാട്ടെത്തി. ഈ മരുന്ന് കഴിച്ചിട്ട് യാതൊരുവിധ മാറ്റവുമില്ല എന്നു പറഞ്ഞപ്പോള്‍ പൂക്കോയ തങ്ങള്‍ ഗൗരവത്തില്‍ പറഞ്ഞുവത്രെ സുഖമാവാനല്ലെ മരുന്ന് തന്നത് സുഖമാവുക തന്നെ ചെയ്യും. വീണ്ടും 4 പൊതി മരുന്നുകള്‍ തന്നു. അതില്‍ നിന്നും ഒരു പൊതി കഴിക്കുമ്പോഴേക്കും രോഗം മാറിയിരുന്നു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായുള്ള ബന്ധവും ഇതു പോലെ സുദൃഢം തന്നെയായിരുന്നു. ഒരു മഹല്ലിലെ മദ്രസയുടെ വലിപ്പംകൂട്ടാന്‍ മറ്റൊരു വ്യക്തിയുടെ സ്ഥലം കൂടി ലഭിക്കേണ്ടതുണ്ടായിരുന്നു. ഈ ആവശ്യവുമായി പാണക്കാട് തങ്ങളെ സമീപിച്ചപ്പോള്‍ തങ്ങള്‍ പറ
ഞ്ഞു: ഞാന്‍ വരേണ്ട ആവശ്യമൊന്നുമില്ല. റമള്വാനിലെ ഒരു പ്രത്യേക ദിവസം അദ്ദേഹത്തെ ചെന്ന് കണ്ടാല്‍ മതി. തങ്ങള്‍ പറഞ്ഞതനുസരിച്ച് റമള്വാനില്‍ സ്ഥലമുടമയെ സമീപിച്ചു. എന്നാല്‍, വിഷയം സൂചിപ്പിക്കും മുമ്പേ അദ്ദേഹം പറഞ്ഞു. നിങ്ങള്‍ ഇവിടെ വന്ന ആവശ്യം എനിക്കറിയാം. നിങ്ങള്‍ക്ക് ആവശ്യമുള്ള സ്ഥലത്ത് മദ്രസക്കുള്ള സ്ഥലം എടുത്തോളൂ. ഉസ്താദിന്റെ പ്രധാന ശൈഖായ ചാപ്പനങ്ങാടി ബാപ്പുമുസ്‌ലിയാര്‍ പാണക്കാട്ടെ സയ്യിദന്മാര്‍ക്ക് നല്‍കിയ ബഹുമാനവും ഉസ്താദ് ഓര്‍ത്തിരുന്നു.
റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് ഉസ്താദിന്റെ കറാമത്ത് നേരില്‍ കണ്ട അനുഭവം ഉസ്താദ് ജീവിത കാലത്ത് ഓര്‍ത്തിരുന്നു. ഒരിക്കല്‍ ഒരു പള്ളി പുന:ര്‍ നിര്‍മാണാവശ്യാര്‍ഥം കണ്ണിയത്ത് ഉസ്താദ് നാട്ടില്‍ വന്നിരുന്നു. മഴ ലഭിക്കാതെ ബുദ്ധിമുട്ടനുഭവിക്കുന്ന സമയമായിരുന്നു അത്. നാട്ടുകാര്‍ ഉസ്താദിനെ സമീപിച്ച് ആവലാതി ബോധിപ്പിച്ചു. ഉസ്താദ് ‘സുബ്ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വലാഇലാഹ
ഇല്ലള്ളാഹ്’ എന്ന ദിക്‌റ് ചൊല്ലാന്‍ പറയുകയും അവര്‍ അപ്രകാരം പ്രവര്‍ത്തിച്ചപ്പോള്‍ ആ വരള്‍ചക്കാലത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ കോരിച്ചൊരിയുന്ന മഴപെയ്തിറങ്ങുകയും ചെയ്തു.
ശൈഖുനാ ശംസുല്‍ ഉലമ ഉസ്താദിന്റെ പ്രധാന വഴികാട്ടിയാണ്. ജാമിഅ:യില്‍ വച്ചാണ് ശൈഖുനയുടെ ശിഷ്യത്വം സ്വീകരിക്കുന്നത്. അന്നു മുതല്‍ ശുസുല്‍ ഉലമയുടെ ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നിരന്തരം തേടിയിരുന്നു. ഉസ്താദിന്റെ മകളുടെ വിവാഹവുമായി ബന്ധപ്പട്ടുണ്ടായ ഒരു സംഭവം ഉസ്താദ് വിവരിച്ച് തന്നു. ഒരു വ്യക്തിയുമായി മകളുടെ വിവാഹം നടത്താന്‍ ഉസ്താദിന് അതിയായ താല്‍പര്യമുണ്ടായിരുന്നു. അതിനുള്ള ശ്രമവും ആരംഭിച്ചിരുന്നു. എന്നാല്‍, ഒരു ദിവസം ശംസുല്‍ ഉലമ സ്വപ്‌നത്തില്‍ വന്ന് പറഞ്ഞു ആ ബന്ധം നമുക്കു വേണ്ട. അതു മറന്നേക്ക്. അതോടെ ആ ബന്ധം ഉസ്താദ് വേണ്ടെന്നു വച്ചു. പില്‍ക്കാലത്ത് ശൈഖുനാ അന്ന് പറഞ്ഞതിന്റെ പൊരുള്‍ ഉസ്താദ് കണ്ടറിഞ്ഞു.
മുശാവറയില്‍ അംഗമാവാനോ അവിടെ യോഗങ്ങളില്‍ പങ്കെടുക്കാനോ ഉള്ള അര്‍ഹതയോ ഇല്‍മോ കഴിവോ എനിക്കില്ലന്ന് ഉസ്താദ് എപ്പോഴും പറയുമായിരുന്നു. വലിയ ഉലമാക്കള്‍ക്കൊപ്പം പരിശുദ്ധ ദീനിന്‍ സേവനം ചെയ്യാനുള്ള ഒരവസരവുമാണല്ലോ എന്നായിരുന്നു അദ്ദേഹം ചോദിച്ചിരുന്നത്. എല്ലാറ്റിലുമുപരി മരണപ്പെട്ടാല്‍ ജനങ്ങള്‍ മയ്യിത്ത് നിസക്കരിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുമല്ലോ അതാണ് ഏറ്റവും വലിയ സന്തോഷം. എത്ര എത്ര ഔലിയാക്കളാണ് സമസ്തയില്‍ സേവനം ചെയ്തു വിടപറഞ്ഞത.് അവരുടെ പൊരുത്തവും കാവലുമാണ് എപ്പോഴും തേടുന്നത്. മക്കളെ നിങ്ങളും ദുആ ചെയ്യണം എന്നിടക്കിടെ ഓര്‍മിപ്പിക്കുന്നുണ്ടായിരുന്നു.
ദര്‍സില്‍ പഠിക്കുന്ന കാലത്ത് അണ്ടോണ ഉസ്താദിന്റെ കൂടെ വഅഌനു പോയ അനുഭവം ഉസ്താദിന്റെ ഓര്‍ത്തെടുത്തിരുന്നു. അന്ന് റാന്തല്‍ വിളക്കും കുടയുമായി കിലോ മീറ്ററുകളോളം നടന്നായിരുന്നു വഅഌനു പോയത്. 20ാം വയസ്സില്‍ തന്നെ ഉസ്താദ് വഅഌ പറയാന്‍ വിവിധ ദിക്കുകളില്‍ എത്തിയിരുന്നു. വഅള് പറയുന്നതിലൂടെ ജീവിതത്തില്‍ സന്തോഷവും മനസമാധാനവും ഉണ്ടാവുമെന്നും സ്വജീവിതം ചിട്ടപ്പെടുത്തുന്നതിനു പ്രേരകമായി വര്‍ത്തിക്കുമെന്നും ഉസ്താദ് അടിവരയിടുന്നു. കൂടാതെ സമൂഹത്തിന്റെ നാനാതുറകളില്‍പെട്ട പല ആളുകളുമായി ബന്ധം സ്ഥാപിക്കുന്നതിനും അവരുടെ പ്രാര്‍ഥനകളില്‍ ഉള്‍പ്പടുന്നതിനും അവസരം ലഭിക്കുന്നു. മദ്‌റസകളുടെയും പള്ളികളുടെയും ആവശ്യങ്ങള്‍ക്കായിരുന്നു നാട്ടിന്‍ പുറങ്ങളില്‍ വഅള് പരമ്പര നടത്തിയിരുന്നത്. 8 കീലേമീറ്ററോളം നടന്ന് ഓമശ്ശേരിയില്‍ പോയി വഅ്‌ള് പറഞ്ഞതും പാതി രാത്രിയില്‍ ഒറ്റക്ക് തിരിച്ച് പോന്നതും ഉസ്താദിന്റെ ഓര്‍മയിലെ മായാത്ത മുദ്രകളാണ്. അന്ന് എത്രയോ പ്രയാസങ്ങള്‍ സഹിച്ചും പ്രതിബദ്ധതകള്‍ തരണം ചെയ്യതുമായിരുന്നു വഅഌന്‍ പോയതും സദസ്സുകള്‍ സംഘടിപ്പിക്കപ്പെട്ടതും.

തയ്യാറാക്കിയത് : തന്‍സീര്‍ ദാരിമി കാവുന്തറ