സംഘടിത നിസ്‌കാരത്തിന്റെ അകക്കാഴ്ചകള്‍

3136

വൈയക്തികതയുടെ വേലിക്കെട്ടുകള്‍ക്കുള്ളിലിരുന്ന് വിഹിരിക്കുന്നതിനെക്കാള്‍ സാമൂഹികതയുടെ പ്രവിശാലതയിലേക്കിറങ്ങി വരുന്നതിലാണ് ഇസ്‌ലാം മേന്മ അടയാളപ്പെടുത്തുന്നത്. തനിക്ക് താന്‍ നിര്‍ണയിച്ച ലോകം എന്ന സ്വാര്‍ത്ഥ വീക്ഷണത്തോട് അതിനു ഒട്ടും യോചിപ്പില്ല. കാരണം, ഒന്നു സംഘബോധമാണെങ്കില്‍ മറ്റേത് ഏക ബോധമാണ്. ഏകബോധം സ്വാര്‍ത്ഥതയെ പ്രതിനിധീകരിക്കുമ്പോള്‍, സംഘബോധം നിസ്വാര്‍ത്ഥതയെ പ്രതിനിധീകരിക്കുന്നു. സ്വാര്‍ത്ഥത ഏകാധിപത്യമാണ്, ഉള്‍വലിയലാണ്, നിഷ്‌ക്രിയത്വമാണ്, താന്തോന്നിത്തവും വിദ്വേഷവുമാണ്. അതേസമയം, നിസ്വാര്‍ത്ഥത നേര്‍വിപരീതമായാണു നിലകൊള്ളുന്നത്. അത് ജനാധിപത്യമാണ്, രംഗപ്രവേശമാണ്, സക്രിയമാണ്, സേവനവും സ്‌നേഹവും അനുകമ്പയുമാണ്. ഒറ്റയായി നിസ്‌കരിക്കുന്നതിനെക്കാള്‍ ഒറ്റക്കെട്ടായി നിസ്‌കരിക്കുന്നതിനാണ് കൂടുതല്‍ മഹത്വം എന്ന് ഇസ്‌ലാം പ്രഖ്യാപിക്കുന്നതിനു പിന്നിലെ യുക്തി നമുക്ക് ഇങ്ങനെ വായിക്കാം.
സത്യത്തില്‍, പുറത്തുനിന്ന് ഒരു നിഷ്പക്ഷ വീക്ഷണം നടത്തിയാല്‍ സാമൂഹിക ജീവിത ക്രമത്തിന്റെ രീതിശാസ്ത്രം സംഘടിത നമസ്‌കാരത്തില്‍ നമുക്ക് തെളിഞ്ഞു കാണാവുന്നതാണ്. ഏതൊരു സമൂഹത്തിലും നേതൃത്വം അനിവാര്യമാണെന്നാണ് ജമാഅത്ത് നിസ്‌കാരത്തിലെ ഇമാമത്ത് സൂചിപ്പിക്കുന്നത്. ഇമാമിന്റെ ചലനനിശ്ചലനത്തെക്കാള്‍ ഒരടി പോലും മുന്താന്‍ മഅ്മൂമിന് അധികാരമില്ല. അതുപോലെ അനാവശ്യമായി പിന്താനും പാടില്ല. എല്ലാം ഇമാമിന്റെ പിന്നാലെയായിരിക്കണം. ഇതേ സമീപനമാണ് ഭരണാധികാരിയും ഭരണീയനും തമ്മിലുണ്ടാവേണ്ടത്. നേതാവിന്റെ കല്‍പനകള്‍ക്ക് നേരെ പുറം തിരിഞ്ഞു നില്‍ക്കാതെ അത് അപ്പടി സ്വീകരിക്കാന്‍ ഭരണീയര്‍ ബാധ്യസ്ഥരാണ്. 
ഇമാമത്തിന്റെ മാനദണ്ഡം ഭാഷയല്ല. വേഷവും നിറവുമല്ല; തഖ്‌വയാണ്. അതായാരിക്കണം നേതാവിന്റെയും മാനദണ്ഡം. അധികാരം വരേണ്യ വര്‍ഗത്തിന്റെ മാത്രം കുത്തകയല്ല. സേവന തല്‍പരരായ നിസ്വാര്‍ത്ഥമതികള്‍, അവരേത് താഴെക്കിടയിലുള്ളവരാണെങ്കിലും സമൂഹത്തിന്റെ അമരം കാക്കാന്‍ അര്‍ഹരാണ്. ഇമാമിനു ഒരു പക്ഷേ, അറിയതെ തെറ്റു പിണയാം. അത് ഉണര്‍ത്തിക്കൊടുക്കാന്‍ തൊട്ടു പിന്നിലുള്ളവര്‍ ബാധ്യസ്ഥരാണ്. അതിനു വലിയ പണ്ഡിതനാവണമെന്നില്ല. യോഗ്യത, തെറ്റാണെന്ന് ബോധ്യപ്പെടുക മാത്രമെയുള്ളൂ. തിന്മ വിരോധിക്കുന്ന നിഷ്പക്ഷമതികളായ ഒരു പ്രതിപക്ഷം ഭരണകൂടത്തില്‍ എപ്പോഴും ഉണ്ടാവണമെന്ന് അത് സൂചിപ്പിക്കുന്നു. ഖിലാഫത്തുര്‍റാശിദയില്‍ അത്തരമൊരു സാഹചര്യം യഥേഷ്ടം കാണാനാകും. നേതൃനിരയില്‍ നിന്നണ്ടാകുന്ന ഏത് നിസ്സാര കുറവുകളോടും ശക്തമായി പ്രതികരിക്കാന്‍ അക്കാലത്ത് ആര്‍ക്കും മടിയുണ്ടായിരുന്നില്ല. 
അണികള്‍ക്ക് ഈ യോഗ്യത കൈവരണമെങ്കില്‍ നേതാവിന്റെ ഓരോ ചുവടുവയ്പ്പുകളിലും അവര്‍ ബദ്ധശ്രദ്ധരായിരിക്കണം. മഅ്മൂം ഇമാമിനെ ശ്രദ്ധിക്കുന്നതു പോലെ. ഇമാമിന്റെ ചേഷ്ടകളില്‍ മഅ്മൂം അശ്രദ്ധനാണെങ്കില്‍ ആ ജമാഅത്തിനു ഒരു പ്രസക്തിയുമില്ല. ശ്രദ്ധ ഇമാമിനു മാത്രമുണ്ടായതു കൊണ്ട് ജമാഅത്ത് പൂര്‍ണമാവില്ലല്ലോ. അതുപോലെ ഭരണകൂടത്തിന്റെ സുഗമമായ പുരോപ്രയാണത്തിനു ഭരണാധികാരി മാത്രം നന്നായാല്‍ പോരാ. ഭരണീയരരുടെ സമ്പൂര്‍ണ സഹകരണം കൂടി അത്യാവശ്യമാണ്.
ജമാഅത്ത് നിസ്‌കാരം തുടങ്ങുന്നതിനുമുമ്പ് മഅ്മൂമുകള്‍ സ്വഫ് ശരിയാക്കണം. ഇമാം തന്നെ അതിനു മുന്നിട്ടിറങ്ങലാണു നല്ലത്. ഏതൊരു ഭരണാധികാരിയുടെയും പ്രഥമവും പ്രധാനവുമായ ദൗത്യം അണികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്നതാണ്. ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കറുതി വരുത്തിയ ശേഷമാവണം വികസന പ്രവര്‍ത്തനങ്ങള്‍. അഞ്ചാം ഖലീഫ ഉമര്‍ ബിന്‍ അബ്ദില്‍ അസീസ്(റ) ഭരണമേറ്റെടുത്തപ്പോള്‍ പ്രധാനമായും ശ്രദ്ധ പതിപ്പിച്ചത് അഭ്യന്തരപ്രശ്‌നങ്ങളിലായിരുന്നു. അതായത്, സ്വഫ് ശരിയാക്കല്‍. അതുകൊണ്ടുതന്നെ ഭൗതിക വികസനങ്ങള്‍ കൂടുതലൊന്നും മഹാനവര്‍കളുടെ ഭരണകാലത്ത് നമുക്ക് കാണാനാവില്ല. മറ്റുള്ള ഭരണാധികാരികള്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കുപരി ഭൗതിക വികസനങ്ങള്‍ക്കായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്. അതിനാല്‍തന്നെ അക്രമ രാഷ്ട്രീയം അവരുടെ കാലത്ത് സര്‍വവ്യാപിയായിരുന്നു. 
ബോധക്ഷയം, വുളു മുറിയുക തുടങ്ങിയ കാരണങ്ങള്‍ മൂലം നിസ്‌കാരം തുടരാന്‍ കഴിയാതെ വന്നാല്‍ ഉടന്‍ തന്നെ ഇമാം സ്ഥാനമൊഴിഞ്ഞ് തല്‍സ്ഥാനത്ത് മഅ്മൂമുമാരില്‍നിന്ന് ആരെങ്കിലും കടന്നു വരണം. അതെ, ഭരണാധികാരി സ്ഥാനഭ്രഷ്ടനാവുകയോ മരണമടയുകയോ ചെയ്താല്‍ ഉടനടി അടുത്ത നായകന്‍ നേതൃസ്ഥാനത്ത് എത്തണം. അധികാര കസേര ഒഴിഞ്ഞു കിടക്കുന്ന അവസ്ഥ ഒരിക്കലും ഉണ്ടായിക്കൂടാ….നബി(സ്വ)വഫാത്തായപ്പോള്‍ അവിടത്തെ അനുചരന്മാര്‍ ആദ്യമായി ചെയ്തത് അടുത്ത ഭരണാധികാരി ആരായിരിക്കണം എന്നു തീരുമാനിക്കുകയായിരുന്നു. 
മഅ്മൂമിന്റെ മാനസികാവസ്ഥ പരിഗണിച്ചായിരിക്കണം ഇമാം നിസ്‌കരം മുന്നോട്ടുകൊണ്ടുപോകേണ്ടത്. വന്‍കിട കുത്തക കമ്പനികള്‍ക്ക് രാജ്യത്ത് വേദി ഒരുക്കുന്നത് ഒരുപക്ഷേ, സാരമായ നേട്ടങ്ങള്‍ ഉണ്ടാക്കിയേക്കാം. അതേ സമയം നിലവിലുള്ള റീട്ടൈല്‍ സ്ഥാപനങ്ങള്‍ക്ക് അത്തരം സംരംഭങ്ങള്‍ കൊലക്കയറാണെന്നു കൂടി ഭരണാധികാരികള്‍ ഓര്‍ക്കേണ്ടതുണ്ട്. ഉണ്ടാക്കുന്ന സൗകര്യങ്ങള്‍ നിലവിലുള്ള സൗകര്യങ്ങളെക്കാള്‍ മെച്ചമാണോ എന്ന് അന്വേഷിച്ചിട്ടു വേണം അതിനിറങ്ങേണ്ടത്. 
ഒരു പക്ഷേ, ജമാഅത്ത് നിസ്‌കാരം വളരെ വിപുലമായിരിക്കും. ഇമാമിന്റെ ശബ്ദം കേള്‍ക്കാന്‍ പിന്നിലുള്ളവര്‍ക്ക് കഴിഞ്ഞു കൊള്ളണമെന്നില്ല. അതിനാല്‍ ഇടയില്‍ ഒരു മുബല്ലിഗ് ആവശ്യമാണ്. ഇമാമിന്റെ നീക്കുപോക്കുകള്‍ കാണാനോ കേള്‍ക്കാനോ കഴിയാത്തവര്‍ക്ക് ആ അസൗകര്യം നികത്തും വിധം മുബല്ലിഗ് ഇമാമിന്റെ പ്രതിനിധിയെ പോലെ നിലകൊള്ളണം. ഇതേ നയമാണ് ഭരണരംഗത്തും സ്വീകരിക്കേണ്ടത്. നേതൃതീരുമാനങ്ങള്‍ എന്തൊക്കെയാണെന്ന് ഭരണീയര്‍ അറിഞ്ഞുകൊള്ളണമെന്നില്ല. അതിനുള്ള പരിഹാരമാണ് നബി(സ്വ)പറഞ്ഞതു പോലെ ‘ഫല്‍ യുബല്ലിഗുശ്ശാഹിദുല്‍ ഗാഇബ്’ എന്നത്. ഇബ്‌ലാഗ് ചെയ്യുന്ന മുബല്ലിഗുകള്‍ രംഗത്തുണ്ടാകണമെന്നര്‍ത്ഥം. 
ജമാഅത്ത് നിസ്‌കാരത്തില്‍ പങ്കു കൊള്ളാന്‍ സ്ത്രീകളും പുരുഷന്മാരുമുണ്ടെങ്കില്‍ മുന്‍നിരയില്‍ നില്‍ക്കേണ്ടത് പുരുഷന്മാരാണ്. പുരുഷന്മാര്‍ക്കു പിന്നിലാണു സ്ത്രീകളുടെ സ്ഥാനം. സമൂഹത്തില്‍ പുരുഷന്മാരുണ്ടെങ്കില്‍ നേതൃരംഗത്ത് അവരെ മുന്‍കടക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമില്ല. സ്ത്രീയുടെ ഭരണരംഗം വീടാണ്. അതവളുടെ സ്വാതന്ത്ര്യം ഹനിക്കലല്ല; അവളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തലാണ്. വിലപിടിപ്പുള്ള ആഭരണങ്ങളും മറ്റും നാം അനാഥമായി വിട്ടേച്ചു പോവാറില്ല. അന്യര്‍ കാണാത്ത ഏറ്റവും രഹസ്യമായ സ്ഥലത്തായിരിക്കും അതു സൂക്ഷിച്ചു വയ്ക്കുക. ഇനി പുറത്തിറക്കുകയാണെങ്കില്‍തന്നെ ഉടമ അതു സശ്രദ്ധം തന്റെ ശരീരത്തിലണിയും. മറ്റുള്ളവരെ ഏല്‍പിക്കുകയാണെങ്കില്‍ തന്റെ ഏറ്റം വിശ്വസ്തരായ ആളുകളെയാണു ഏല്‍പിക്കുക. സ്ത്രീ ഒരിക്കലും അനാഥമാക്കപ്പെടാവതല്ല. അവള്‍ക്ക് സദാ സുരക്ഷയും സംരക്ഷണവും നല്‍കണം. പുരുഷന്മാര്‍ക്ക് സ്ത്രീ ഇമാമത്തു നില്‍ക്കാന്‍ പാടില്ലാത്തതുപോലെ പുരുഷന്മാരെ ഭരിക്കാന്‍ സ്ത്രീ രംഗത്തുവരാന്‍ പാടില്ല. 
സമത്വമാണ് ജമാഅത്ത് നിസ്‌കാരത്തിന്റെ മറ്റൊരു പ്രത്യേകത. കറുത്തവനും വെളുത്തവനും നേതാവും അണിയും ദരിദ്രനും ധനാഢ്യനും തുടങ്ങി സമൂഹത്തിലെ വിവിധ തസ്തികകളില്‍ വിരാചിക്കുന്ന സര്‍വരും തോളോടു തോള്‍ ചേര്‍ന്ന് തൊട്ടൊരുമ്മി നില്‍ക്കുന്ന അത്യപൂര്‍വ കാഴ്ച.. അവര്‍ക്കിടയില്‍ ഒരു ചെറിയ വിടവു പോലും ഉണ്ടാവരുതെന്നാണ് കര്‍മശാസ്ത്രം പറയുന്നത്. പുറം ലോകത്ത് ദരിദ്രനും ധനാഢ്യനുമിടയില്‍ അല്ലെങ്കില്‍ ഉന്നതനും താഴ്ന്നവനുമിടയില്‍ എത്തിപ്പെടാനാവാത്ത അകലമുണ്ടെങ്കില്‍, അത്തരം അകലങ്ങളെ നിഷ്പ്രഭമാക്കുന്ന ഉന്നത വേദിയാണ് നിസ്‌കാരം. നിസ്‌കാര ഹാളില്‍ ധാനാഢ്യന്റെ മുന്നില്‍ നില്‍ക്കാനും തൊട്ടടുത്ത് നില്‍ക്കാനും ദരിദ്രന് സമ്പൂര്‍ണ അധികാരമുണ്ട്. ഒരു പക്ഷേ, സുജൂദിന്റെ വേളയില്‍ ദരിദ്രന്റെ കാലിന്റെ തൊട്ടുപിന്നിലായിരിക്കും ധനാഢ്യന്‍ തന്റെ തല വച്ചിട്ടുണ്ടാവുക. അതെ, സമൂഹം താഴ്ന്നവരെന്നു മുദ്രകുത്തിയവര്‍ക്ക് തങ്ങള്‍ അല്ലാഹുവിന്റെ മുന്നില്‍ താന്‍ ഉന്നതനാണെന്ന് ബോധം ജമാഅത്തു നി
സ്‌കാരം വഴി ഉണ്ടാകുന്നു. ഉന്നതര്‍ക്ക് ദൈവസന്നിധിയില്‍ താന്‍ നിസ്സാരനാണെന്ന ബോധവും ഉണ്ടാകുന്നു. ജമാഅത്ത് നിസ്‌കാരം പകര്‍ന്നുനല്‍കുന്ന ഈ സമഭാവന ഭരണാധികാരികള്‍ ഉള്‍ക്കൊള്ളുകയും ആ രീതിയില്‍ ഭരണീയരെ നോക്കിക്കാണാന്‍ ശ്രമിക്കുകയും ചെയ്താല്‍ ഭരണം മികവു നേടും. ഒറ്റകാര്യം തന്നെ ശ്രദ്ധിച്ചാല്‍ മതി; ഇമാമും മഅ്മൂമും നില്‍ക്കുന്ന പൊസിഷന്‍… ഇമാം ഒരു സ്ഥലത്തും മഅ്മൂം മറ്റൊരു സ്ഥലത്തുമല്ല; ഒരേ വേദിയിലാണ് ഇരുവരും നില്‍ക്കുന്നത്. മഅ്മൂമിന്റെ തൊട്ടു മുന്നലായിരിക്കണം ഇമാം നില്‍ക്കേണ്ടത്. അവര്‍ക്കിടയില്‍ ഏറെ ദൂരമുണ്ടാവാന്‍ പാടില്ല. ഇതായിരിക്കണം ഭരണാധികാരിയും ഭരണീയനും തമ്മിലുണ്ടാവേണ്ട ബന്ധം. സമൂഹത്തിനിടയില്‍ ജീവക്കുക. അപ്പോഴേ അവരെ ഭരിക്കാന്‍ കഴിയുകയുള്ളൂ. തിരിച്ചാണെങ്കില്‍ സ്വശരീരത്തെ ഭരിക്കാനെ കഴിയുകയുള്ളൂ. ഇടയന്മാര്‍ ആട്ടിന്‍ പറ്റത്തിനടുത്ത് നില്‍ക്കട്ടെ… അല്ലാതിരുന്നാല്‍ അവരെ ചെന്നായ കൊണ്ടുപോകും.