സഘാടനം ഒരു കലയാണ് എന്ന് തോന്നിയത് വിദേശവാസത്തിനിടയിലാണ്. ചെറിയ സദസ്സുകള്‍, ഫലപ്രദമായ ക്ലാസ്സുകള്‍, മികച്ച സമയക്രമം. വേണമെന്ന് വിചാരിച്ച് പ്രഭാഷകരും ശ്രോതാക്കളും. അപ്പോഴാണ് ഈ കലയെ കുറിച്ച് ആലോചിച്ചതും പഠിച്ചതും. ഏത് ചെറിയ കാര്യത്തിനും വലിയ കാര്യത്തിനും സംഘടിപ്പിക്കുന്ന വിധം, ഘടന, രീതി, സമയം, സ്ഥലം തുടങ്ങിയവ വളരെ പ്രധാനമാണ്. വീട്ടിലായാലും നാട്ടിലായാലും നാലാള്‍ കൂടുന്ന ഒരു സംഗമം വിജയകരമായി നടത്തുക എന്നത് ഒരു കലയാണ്. തീരെ ചെറിയ ഒരു വീഴ്ച പോലും യോഗത്തിന്റെ പൊലിമ നശിപ്പിക്കും.
ഒരു ഇസ്‌ലാമികമായ പരിപാടി എങ്ങനെ നടത്താം? എന്തെല്ലാം കാര്യങ്ങള്‍ ഇതിനായി ശ്രദ്ധിക്കണം? വീഴ്ചകള്‍ പരമാവധി എങ്ങനെ ഒഴിവാക്കാം തുടങ്ങിയവയൊക്കെയാണ് ഈ ലേഖനപരമ്പരയുടെ ഉള്ളടക്കം. വായനക്കാര്‍ക്ക് സത്യധാരയുമായി സംഘാടനപരമായ അനുഭവങ്ങള്‍ പങ്ക് വെക്കുകയും ചെയ്യാം. എസ്‌കെഎസ്എസ്എഫ് അടക്കമുള്ള സമസ്തയുടെ തന്നെ പല ഉപസമിതികളുടേയും പ്രവര്‍ത്തകര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും ഉപയുക്തമാവുമെന്ന വിചാരമാണ് ഇത്തരമൊരു ഉദ്യമത്തിന് പിന്നിലെ പ്രേരണ.
പലതരം പരിപാടികളും ചടങ്ങുകളും യോഗങ്ങളും നമ്മുടെ നാട്ടില്‍ നിരന്തരം നടക്കുന്നുണ്ട്. മതപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും മറ്റുമെല്ലാം ഇവ സംഘടിപ്പിക്കുന്നു. ഇവയില്‍ സത്യസന്ധമായി ഇസ്‌ലാമിനെ ഉള്‍കൊണ്ട് മുന്നോട്ട് പോകുന്ന പരമ്പരാഗതസുന്നികളായ സമസ്തക്കാരുടെ പരിപാടികള്‍, അവ നടത്തുന്ന അല്ലെങ്കില്‍ നടത്തേണ്ട രീതി എന്നിവയൊക്കെയാണ് ഇവിടെ പ്രതിപാദ്യം.
പള്ളി, മദ്രസ്സ, അറബിക്കോളേജുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണം, പുനര്‍നിര്‍മ്മാണം, വരുമാനം കണ്ടെത്തല്‍ തുടങ്ങിയവയ്ക്കായി പരിപാടികള്‍ നടക്കുന്നു. ഓരോ മഹല്ലുമായും ബന്ധപ്പെട്ട് കുടുംബസംഗമം, മഹല്ല് നടത്തുന്ന വഅളുപരി
പാടികള്‍, മജ്‌ലിസുന്നൂര്‍ തുടങ്ങിയവയുണ്ടാകും. ചിലപ്പോള്‍ മഖാമുകളുമായി ബന്ധപ്പെട്ട് നടത്തുന്ന ഉറൂസ് മുബാറക്കുകളും നേര്‍ച്ചകളും നടക്കുന്നു. ഈ അടുത്ത കാലത്തായി മനശ്ശാസ്ത്രപരമായി ആളുകളെ ഉദ്ബുദ്ധരാക്കുന്ന ഓറിയന്റേഷന്‍ ക്ലാസ്സുകള്‍ നടക്കുന്നു. കൗണ്‍സിലിങ്ങ് ക്ലാസ്സുകളുണ്ടാകാറുണ്ട്. വിവാഹപൂര്‍വ്വജീവിതകാലത്തെ കുറിച്ച് പ്രീമാരിറ്റല്‍, ദമ്പതികള്‍ക്ക് പോസ്റ്റ് മാരിറ്റല്‍, കുടുംബങ്ങള്‍ക്ക് ഫാമിലി മാനേജ്‌മെന്റ് തുടങ്ങിയ നിരവധി വിഷയങ്ങളില്‍ ക്ലാസ്സുകളും വഅളുകളും യോഗങ്ങളും നടക്കുന്നു. സംഘടനാനയം വ്യക്തമാക്കുന്നതിനായി തെരുവുപ്രസംഗങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നു. ഖുര്‍ആന്‍ ക്ലാസ്സുകള്‍, മയ്യിത്ത് പരി
പാലനക്ലാസ്സുകള്‍, ഹദീസ്പഠനം തുടങ്ങിവയും ധാരാളമാണ്. സംഘടനയുടെ വാര്‍ഷികം, സ്ഥാപനങ്ങളുടെ വാര്‍ഷികം തുടങ്ങിയവയും വ്യാപകമായി നടക്കുന്നു. റമളാന്‍ മാസത്തില്‍ ഇഫ്ഥാറായും റബീഉല്‍ അവ്വലില്‍ പുണ്യപ്രവാചക(സ്വ)യുടെ ജന്മദിനാഘോഷമായും സംഗമങ്ങള്‍ നടക്കുന്നുണ്ട്. ചുരുക്കത്തില്‍ നമ്മളുടെ നാട്ടില്‍ പരിപാടികള്‍ക്കൊന്നും ഒരു പഞ്ഞവുമില്ല. ഏത് തരത്തിലും പ്രായത്തിലുമുള്ളവര്‍ക്കും വേണ്ടവ ലഭ്യമാണ്. രാത്രിയും പകലും പ്രഭാതത്തിലും വൈകുന്നേരവും എല്ലാം നടക്കുന്നു. ഇവയൊക്കെ കേരളീയമുസ്‌ലിംസമൂഹത്തെ ഇന്ന് കാണുന്ന തരത്തില്‍ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുമുണ്ട്. ഈ അര്‍ത്ഥത്തില്‍ നാട്ടിലെ ഇസ്‌ലാമികപരിപാടികളെ ഒന്ന് വര്‍ഗ്ഗീകരിച്ച് മനസ്സിലാക്കുന്നത് നന്നായിരിക്കും.
1. അറിവ് പകരാനുള്ളവ: ഖുര്‍ആന്‍ ക്ലാസ്സുകള്‍, ഹദീസ്പഠനക്ലാസ്സുകള്‍, പരിശീലനക്ലാസ്സുകള്‍ തുടങ്ങിയവയൊക്കെ ഈ ഗണത്തില്‍ പെടുന്നു. ഈ പരിപാടികള്‍ നടത്തുന്നതും അവയില്‍ പങ്കെടുക്കുന്നതും ഇത്തരം കാര്യങ്ങളോട് താല്പര്യമുള്ളവര്‍ മാത്രമാണ് എന്നത് ശ്രദ്ധിച്ച് നിരീക്ഷിച്ചാല്‍ മനസ്സിലാകും. പലപ്പോഴും ഇത്തരം പരിപാടികള്‍ ആഴ്ചയിലോ രണ്ടാഴ്ചയിലോ മാസത്തിലോ ഒക്കെ ആവര്‍ത്തിച്ച് വരുന്നവയായിരിക്കും. അത് കൊണ്ട് തന്നെ നിശ്ചിത ശ്രോതാക്കള്‍ മാത്രമേ ഇവക്ക് വരാറുള്ളൂ.
2. ധനശേഖരണത്തിനുള്ളവ: വഅളുകള്‍, കഥാപ്രസംഗങ്ങള്‍ തുടങ്ങിയവരൊക്കെ ഈ ഗണത്തില്‍ പെടുന്നു. ഇത്തരം പരിപാടികള്‍ പൊതുവേ ആഘോഷപൂര്‍വ്വം നടത്താനാണ് സംഘാടകര്‍ ശ്രമിക്കുക. കാരണം ധാരാളം പൊതുജനപങ്കാളിത്തമാണ് ഇവയ്ക്കാവശ്യം. കാരണം അറിവ് നേടുക എന്നതിലുപരി ആവശ്യമായ ലക്ഷ്യത്തിനുള്ള പണം സ്വരൂപിക്കുക എന്നതാണ് ഇവയുടെ പിന്നിലുണ്ടാവുക.
3. സംഘടന ശക്തിപ്പെടുത്താനുള്ളവ: സ്ഥാപനങ്ങളുടേയും സംഘടനകളുടേയും വാര്‍ഷികങ്ങള്‍, പൊതുയോഗങ്ങള്‍, നയവിശദീകരണയോഗങ്ങള്‍, ചിലയിനം സമ്മേളനങ്ങള്‍ തുടങ്ങിയവയൊക്കെ ഈ ഗണത്തില്‍ പെടുന്നു. വാദീനൂര്‍, സമര്‍ഖന്ദ് തുടങ്ങിയവ സംഘടനാചരിത്രത്തില്‍ എത്ര പ്രധാനപ്പെട്ടതാണ് എന്ന് നോക്കൂ.
4. അവബോധത്തിനുള്ളവ: പ്രീമാരിറ്റല്‍, പോസ്റ്റ് മാരിറ്റല്‍,പാരന്റിങ്ങ്, ഫാമിലി മാനേജ്‌മെന്റ്, കൗണ്‍സിലിങ്ങ് ക്ലാസ്സുകള്‍, കരിയര്‍ സംബന്ധിയായക്ലാസ്സുകള്‍ തുടങ്ങിയവയൊക്കെ ഈ പരിധിയില്‍ വരുന്നവയാണ്. ഇവ സംഘടിപ്പിക്കുന്നത് നിശ്ചിതപ്രായപരിധിയുള്ള ശ്രോതാക്കള്‍ക്ക് വേണ്ടിയാണ്.
പൊതുജനമല്ല കേള്‍വിക്കാര്‍ എന്നര്‍ത്ഥം.
5. ആത്മീയാവബോധത്തിനുള്ളവ: തസ്‌കിയത്ത് ക്യാമ്പുകള്‍, മജ്‌ലിസുന്നൂര്‍സദസ്സുകള്‍, ദിക്ര്‍ മജ്‌ലിസുകള്‍, സ്വലാത്ത് സംഗമങ്ങള്‍, ദുആസമ്മേളനങ്ങള്‍ തുടങ്ങിയവയും റമളാനിലെ ഇഅ്തികാഫ് സംഗമങ്ങളും ഈ വിഭാഗത്തില്‍ പെടുന്നു.
ഈ പറഞ്ഞ തരത്തില്‍ നടക്കുന്ന പരിപാടികളെല്ലാം യഥാര്‍ത്ഥത്തില്‍ ആവശ്യമാണോ? ആണെന്ന് വേണം മനസ്സിലാക്കാന്‍. കാരണം ഇത്തരം പരിപാടികളിലൂടെ ധാരാളം ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. ഖുര്‍ആന്‍ 3:159/4:59/7:31/17:26,27,/21:22/43:32/42:38/49:13/7:85/11:8485/ 17:35/26:181,182/55:79/83:13 തുടങ്ങിയ ധാരാളം ആയതുകളില്‍ സംഘടിതരാവുന്നതിന്റെയും സംഘടിപ്പിക്കുന്നതിന്റെയും ഒരേ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്നതിന്റെയുമൊക്കെ മഹത്വങ്ങള്‍ പറയുന്നുണ്ട്. ഹദീസുകളും ഇക്കാര്യത്തില്‍ ധാരാളം കാണാം. അവയില്‍ ചിലതെങ്കിലും വരും ലക്കങ്ങളില്‍ പരാമര്‍ശിക്കപ്പെടും. അപ്പോള്‍ പരിപാടികള്‍ നടത്തണം. അവയുടെ ഗുണങ്ങള്‍ മനസ്സിലാക്കുകയും വേണം.
1. അറിവ്: അറിവ് പ്രസരണം ചെയ്യപ്പെടുന്നു എന്നതാണ് ഏറ്റവും പ്രധാനം. മുസ്‌ലിംസമാജത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് ഈ അറിവുകള്‍ പ്രധാനമാണ്. സാധാരണക്കാര്‍ ഇസ്‌ലാം പഠിക്കുന്നത് ഇത്തരം പരിപാടികളിലൂടെയാണല്ലോ. വായിക്കാനും മറ്റും അവസരമില്ലാത്തവര്‍ക്ക് ഇവ ശരിക്കും പ്രയോജനകരമാണ്. ദീനീപ്രചരണത്തിനും ദാഈ പ്രവര്‍ത്തനങ്ങള്‍ക്കും ഇസ്‌ലാമികപരിപാടികള്‍ ഉപയോഗിക്കപ്പെടുന്നു.
2. ധനം: അനുവദനീയമായതും ബര്‍ക്കത്തുള്ളതുമായ ധനം ഇസ്‌ലാമികകാര്യങ്ങള്‍ നടപ്പാക്കാന്‍ ലഭ്യമാവുന്നു എന്നത് മറ്റൊരു നല്ല കാര്യമാണ്. ഇന്ന് കേരളത്തിലുള്ള എല്ലാ മതസ്ഥാപനങ്ങളും ഇത്തരം പരിപാടികളുടെ ഭാഗമായി നടക്കുന്ന പിരിവുകളിലൂടെ നിര്‍മ്മിക്കപ്പെട്ടവയാണ്. സ്വകാര്യവ്യക്തികളോ സ്വകാര്യട്രസ്റ്റുകളോ നടത്തുന്ന വിരലില്‍ എണ്ണാവുന്ന ഏതാനും സ്ഥാപനങ്ങള്‍ മാത്രമേ അപവാദമുണ്ടാകൂ. സ്ഥാപനം ആരംഭിക്കാനും നടത്തിക്കൊണ്ട് പോകാനും പരിപാടികളെ ആശ്രയിക്കേണ്ടി വരുന്നുണ്ട്.
3. പ്രഭാഷകരും സംഘാടകരും: പ്രഭാഷകരെയും സംഘാടകരെയും സൃഷ്ഠിക്കാന്‍ ഇത്തരം പരിപാടികള്‍ സഹായിക്കുന്നു. പഠനകാലത്ത് മനസ്സിലാക്കിയ വിവരങ്ങളും അന്വോഷിക്കാനുള്ള കഴിവുമുപയോഗിച്ച് മനസ്സിലാക്കിയ വിവരങ്ങളും മുന്‍നിര്‍ത്തി വിഷയങ്ങള്‍ പഠിച്ച് അവതരിപ്പിക്കാനുള്ള അവസരം പ്രഭാഷകന് ലഭിക്കുന്നത് പരിപാടികളിലൂടെയാണല്ലോ. അതിലൂടെ പ്രഭാഷകനും സമൂഹവും വളരുന്നു. ചിലര്‍ക്കെങ്കിലും ഈ വളര്‍ച്ചയും പേരുമൊക്കെ ഇസ്‌ലാമികസ്ഥാപനങ്ങളും സംവിധാനങ്ങളും ഉണ്ടാക്കിയെടുക്കാനുള്ള അവസരമാക്കി മാറ്റാന്‍ സാധിക്കുന്നുണ്ടല്ലോ.
4. സമുദായ നന്മ: മുസ്‌ലിംസമൂഹത്തിന്റെ സംഘടിതസ്വഭാവം എല്ലാവരും പ്രശംസിക്കുന്ന ഒന്നാണല്ലോ. മതപരിപാടികള്‍ ഈ ഒന്നാണെന്ന വികാരം സൃഷ്ടിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഓരോ പരിപാടിയുടേയും ഭാഗമായി ഒരു കൂട്ടായ്മ രൂപപ്പെട്ടു വരുന്നു. അത് പിന്നീട് കൂടുതല്‍ മികവ് തേടിക്കൊണ്ടിരിക്കും. ഈ അടുത്ത സമയത്ത് മലപ്പുറം ജില്ലയില്‍ ഒരു കൗണ്‍സിലിങ്ങ് ഓറിയന്റേഷന്‍ ക്ലാസ്സിന് അവസരം കിട്ടി. ശ്രോതാക്കള്‍ എല്ലാവരും യുവാക്കള്‍. അവര്‍ ആ നാട്ടിലെ ഹിഫ്‌ള് പൂര്‍ത്തിയാക്കിയ കുട്ടികളെ ആദരിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി നടത്തിയ പരിപാടിയുടെ തുടര്‍ച്ചയായിരുന്നു അത്. ആദരിക്കല്‍ ചടങ്ങ് വന്‍വിജയമായപ്പോള്‍ ആ കൂട്ടായ്മ വികസിക്കണം എന്ന് തീരുമാനിക്കപ്പെട്ടു. തുടര്‍ന്ന് സംഘാടകരുടെ വാട്‌സാപ്പ് കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് വേണ്ടി വലിയ തയ്യാറെടുപ്പോടെ രണ്ട് മനശ്ശാസ്ത്രാധിഷ്ഠിതമായ ക്ലാസ്സ് നടത്തി. രണ്ടിനും പങ്കെടുത്തു. ഈ കൂട്ടായ്മ ഇനിയും അത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.
5. സമയം ഹലാലാക്കുന്നു: നമ്മള്‍ പലപ്പോഴും ആവശ്യമില്ലാത്ത പല കാര്യങ്ങള്‍ക്കും സമയം ചെലവാക്കുന്നുണ്ടല്ലോ. എന്നാല്‍ ഇസ്‌ലാമികമായ പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ അത് വലിയ ഇബാദത്തിനുള്ള അവസരം കൂടിയായി മാറുന്നു. സമയം ശരിയായ ദിശയില്‍ വിനിയോഗിക്കപ്പെടുന്നു. വലിയ ഒരു നന്മക്കായി നാട് ഒരുമിക്കുമ്പോള്‍ അത് ബര്‍കത്തിനുള്ള കാരണമായി മാറുകയും ചെയ്യുന്നു.
എന്നാല്‍ പലപ്പോഴും നമ്മളുടെ പരിപാടികള്‍ ഉദ്ദേശിച്ച വിജയം കാണുന്നുണ്ടോ? പാളിച്ചകള്‍ എന്ത് കൊണ്ട് സംഭവിക്കുന്നു? എന്താണ് മികച്ച ഒരു ഇസ്‌ലാമികയോഗം സംഘടിപ്പിച്ച് വിജയിപ്പിച്ചെടുക്കുവാന്‍ നമ്മള്‍ ചെയ്യേണ്ടത്? ഈ വിഷയത്തില്‍ ധാരാളം കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നിരന്തരം പ്രഭാഷണങ്ങള്‍ക്കും ക്ലാസ്സുകള്‍ക്കും കൗണ്‍സിലിങ് പ്രോഗ്രാമുകള്‍ക്കും പോകുന്ന ഒരാളെന്ന നിലയില്‍ മനസ്സിലാക്കാന്‍ ശ്രമിച്ച പല കാര്യങ്ങളുണ്ട്. അത് ശ്രോതാക്കളുമായി പങ്ക് വെക്കുകയാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ.