സംസ്‍കാരത്തിന്റെ ഭാവഹാവങ്ങൾ

2277

സംസ്‌കാരത്തിന്റെ വഴികള്‍ തേടി ഒരു യാത്ര പോകുകയാണ്. കണ്ടും കേട്ടും അനുഭവിച്ചും, ചിന്തകളെ നവീകരിച്ചും മനസ്സിനെ വിമലീകരിച്ചും, നാഗരികതകളും സം സ്‌കാര ഭൂമികയും മാത്രമല്ല നാമീ യാത്രയില്‍ കണ്ടെത്തുന്നത്. നമുക്ക് ചുറ്റുമുള്ള പരിചിത ലോകത്തെ കൂടിയാണ്. ഒന്നുകൂടി പറഞ്ഞാല്‍ നമ്മെതന്നെയാണ്. നാം നമുക്ക് നേരേയും ലോകത്തിനു നേരേയും പിടിച്ച ഒരു കണ്ണാടിയാണ് ‘സംസ്‌കാര ജാലകം’. ഏതന്‍സിന്റെ തെരുവീഥീയില്‍ പട്ടാപകല്‍ റാന്തല്‍ വിളക്കുമായി നടന്ന ഡയോജനീസിനോട് ജനം ചോദിച്ചു: പട്ടാപകല്‍ വിളക്കു കൊളുത്തി എവിടെ പോകുന്നു: ഞാന്‍ മനുഷ്യനെ തേടി നടക്കുകയാണ്. അദ്ദേഹം മറുപടി പറഞ്ഞു: അപ്പോള്‍ ഞങ്ങള്‍ മനുഷ്യരല്ലേ..അവര്‍ വീണ്ടും ചോദിച്ചു: അതിന് ഡയോജനീസ് പറഞ്ഞ മറുപടി.. ഞാന്‍ കയ്യും കാലുമുള്ള മനുഷ്യരെയല്ല.. മനുഷ്യത്വമുള്ള മനുഷ്യരെയാണ് അന്വേഷിക്കുന്നത്.

പകല്‍വെളിച്ചത്തിലും പരസ്പരം കാണാന്‍ കഴിയാത്ത, കണ്ണില്‍ ഇരുട്ട് കൂട്ടുകൂടിയ, മനുഷ്യര്‍ക്കിടയില്‍ ചിന്തയുടെ ചിത്രമിട്ട വാക്കുകളായിരുന്നു അത്. അന്യരുടെ വേദനകള്‍ കേള്‍ക്കാനാവാത്ത ചെവിയും, അഹം നിറഞ്ഞ മനസ്സുമായി ഇപ്പോള്‍ പകല്‍വെളിച്ചത്തില്‍ മനുഷ്യരുണ്ട്. പക്ഷേ, മനുഷ്യത്വം മലക്കിയ്യത്തിലേക്ക് മാറുന്ന മനസ്സുള്ള മനുഷ്യരുണ്ടോ? രക്തവും അഭിമാനവും വിലപ്പെട്ടതാണെന്ന് അവസാന ഹജ്ജ് വേളയില്‍പോലും അരുള്‍ ചെയ്ത അന്ത്യദൂതന്റെ വാക്കുകള്‍ നാം ഏതെല്ലാം ഇടങ്ങളില്‍ സൗകര്യപൂര്‍വം മറന്നു പോകുന്നു. വെറുത്തും ഭയന്നും അകന്നും കഴിയുന്ന നവലോക ക്രമത്തിന്റെ തമസ്സിന്റെ ഘനാന്ധകാരത്തില്‍, നമുക്ക് സംസ്‌കാരത്തിന്റെ ജാലകങ്ങള്‍ തുറന്നിടാം. ഇരുള്‍മാറി വെളിച്ചം വരികയും സ്വയം തിരിച്ചറിയുകയും ചെയ്യാം…

സഞ്ചാരങ്ങളാണ് പലപ്പോഴും മനുഷ്യ ചരിത്രത്തിന്റെ ഭാഗധേയങ്ങള്‍ നിര്‍ണയിച്ചത്. ആദിമ മനുഷ്യനും സഞ്ചാരിയായിരുന്നു. വനാന്തരങ്ങളുടെ മലമ്പാതകള്‍ താണ്ടി അവന്‍ അലഞ്ഞു. കാട്ടാറില്‍ നിന്ന് വെള്ളം കുടിച്ചു, കാട്ടു കിഴങ്ങുകള്‍ ചുട്ടു തിന്നു, മലന്തേന്‍ നുകര്‍ന്ന്, കാടും മേടും താണ്ടി, മുളംകമ്പുകളില്‍ കുടില്‍കെട്ടി അങ്ങിനെയങ്ങിനെ സഞ്ചാരം ചെയ്തു. പിന്നെ, ചരിത്രത്തിന്റെ നാള്‍വഴികളില്‍ മനുഷ്യന്‍ സഞ്ചരിച്ചു കൊണ്ടേയിരുന്നു. ഇബ്രാഹീം പ്രവാചകന്‍ ബാബിലോണിയയില്‍ നിന്ന് ചെങ്കടലിന്റെ തീരങ്ങളിലൂടെ ഈജിപ്ത് പിന്നിട്ടു. മയിലുകള്‍ താണ്ടിയാണ് പ്രാചീന മക്കയില്‍ എത്തുന്നത്. ആദം പ്രവാചകന്‍ സിലോണില്‍ നിന്നും പ്രിയസഖിയെ തേടിയുള്ള യാത്ര അവസാനിക്കുന്നത് അറഫയിലാണ്. അതെ,കണ്ടുമുട്ടലിന്റെ ആത്മസുഖമാണ് യാത്രകള്‍. ഇബ്‌നു ബത്തൂത്ത നടത്തിയ യാത്രകള്‍ ഇല്ലായിരുന്നുവെങ്കില്‍ ചരിത്രം ഇന്നും അപൂര്‍ണതയുടെ പുസ്തകമാകുമായിരുന്നു. പായക്കപ്പലേറി, കടലലകളെ തോല്‍പ്പിച്ച്, ഏകാന്തമായ യാത്ര. ഓര്‍മിക്കുമ്പോള്‍ പോലും ഭയമിരച്ചു കയറുന്ന കടല്‍ യാത്ര! എന്തായിരിക്കും ഈ മൊറോക്കോക്കാരനെ അതിനു പ്രേരിപ്പിച്ചത്! താര്‍ത്താരികളും, ചെങ്കിസ്ഖാനും ചരിത്രത്തെ നിണമണിയിച്ച യാത്രക്കാരാണ്.

നെപ്പോളിയന്റെ യാത്രകള്‍ പിടിച്ചടക്കലിന്റെ കടുംനിറമുള്ള യാത്രകളായിരുന്നു. യമനിലെ തരീമില്‍ നിന്ന് പത്തേമാരി കേറി ഉത്തര അറ്റ്‌ലാന്റിക് ഓഷ്യന്‍ കടന്ന്, ഇന്ത്യന്‍ മഹാ സമുദ്രത്തിന്റെ തിരമാലകള്‍ കീറിമുറിച്ചു കടന്നു വന്ന ‘ഹള്‌റമി’ സൂഫി, സഞ്ചാരങ്ങളാണ് ഇന്ത്യയില്‍ ആത്മസുഗന്ധം പ്രസരിപ്പിച്ചത്.

കൊയിലാണ്ടിയിലെ കാറ്റ് കുറുകുന്നത് പോലും സഞ്ചാരിയുടെ സുഖമുള്ള ഓര്‍മകളിലാണ്. പൊന്നാനിയിലും, വളപട്ടണത്തും സഞ്ചാരികളുടെ കാലിടം പതിയുന്നുണ്ട്. കടലില്‍ മുസല്ലയിട്ടു വന്ന ‘സയ്യിദ് ഖുതുബ് ജമലുല്ലൈലി’ യാത്രയുടെ ആത്മ വിസ്മയമാണ്.. അതെ, യാത്രകള്‍ ആത്മാന്വേഷണത്തിന്റെ അഗ്‌നിയാണ്.

അത് വിശപ്പ് പോലെ മനസ്സിനെ എരിച്ചു കൊണ്ടിരിക്കും. അറിയാനുള്ള തിടുക്കം മനസ്സില്‍ ചുരമാന്തിത്തുടങ്ങിയാല്‍ ഭാണ്ഡം മുറുക്കും. പിന്നെ നാം മുസാഫിറാകും… പലപ്പോഴും നാം തന്നെയുണ്ടാക്കിയ ‘അഹം’ തോടിനുള്ളില്‍ നാം ഒതുങ്ങികൂടുകയാണ്. ആ ഇരുട്ടില്‍ നമ്മള്‍ മാത്രമാണ് നമ്മുടെ ശരി. സങ്കുചിതത്വത്തിന്റെ ഈ വലയം ഭേതിക്കപ്പെടുന്നത് മുസാഫിറാകുമ്പോഴാണ്. ‘ആകാശ ഭൂമികളുടെ വലിപ്പമുണ്ട് സ്വര്‍ഗത്തിന്’എന്ന സ്രഷ്ടാവിന്റെ വചനത്തെ നാം ബോധപൂര്‍വം വിസ്മരിക്കുകയാണോ?. ഈ ലോകം എത്ര വിസ്തൃതമാണന്നോ, എവിടെയൊക്കെ എത്രയോ മനുഷ്യരുണ്ടെന്നോ നാം ഓര്‍ക്കാറില്ല. എത്രയോ ജീവിതങ്ങള്‍,സംസ്‌കാരങ്ങള്‍, ഭാഷകള്‍, ദേശങ്ങള്‍, വേഷങ്ങള്‍. ഖുര്‍ആന്‍ യാത്രയെ പ്രചോദിപ്പിക്കുന്നുണ്ട്. എന്റെ അറിവില്‍ എല്ലാ മതവേദങ്ങളും യാത്രയെക്കുറിച്ചു പറയുന്നുണ്ട്. നമ്മിലെ നമ്മെ മനസിലാക്കാനും, നമ്മളിലില്ലാത്തവ മനസ്സിലാക്കാനുമാണ് യാത്രകള്‍. അതെ നാം ഒരു യാത്ര പോകുന്നു. സംസ്‌കാര ജാലകങ്ങള്‍ തുറന്ന്. നാം നമ്മുടെ സംസ്‌ക്കാരത്തെ രൂപപ്പെടുത്തണം.

അതുകൊണ്ട,് ആദ്യം തന്നിലേക്കുതന്നെ ഒന്ന് യാത്ര ചെയ്തു നോക്കൂ. നമ്മെ മറ്റുള്ളവര്‍ എങ്ങനെയാണ് നോക്കി കാണുന്നത്. നമ്മുടെ ഇടപെടല്‍ മറ്റുള്ളവര്‍ക്ക് ആരോചകമാകുന്നുണ്ടോ?. ജനങ്ങളുമായുള്ള ഇടപഴക്കങ്ങള്‍ക്കും സംസാരങ്ങള്‍ക്കുമൊക്കെത്തന്നെ വളരെ മാന്യവും മധുരോദാരവും മാതൃകാപരവുമായ രീതികളാണ് ഇസ്‌ലാം പഠിപ്പിച്ചിട്ടുള്ളത്. കൊടിയ ധിക്കാരിയായ ഫറോഫയുടെയടുത്തേക്കു പോകാന്‍ മൂസാനബിയെയും സഹോദരന്‍ ഹാറൂന്‍ നബിയെയും നിയോഗിച്ചയച്ചപ്പോള്‍പോലും അല്ലാഹു കല്‍പിച്ചത്, നിങ്ങളിരുവരും അവനോട് മൃദുലരീതിയില്‍ സംസാരിക്കണം എന്നായിരുന്നു. ജനങ്ങളോട് നിങ്ങള്‍ നല്ലതു പറയണമെന്നാണ് ഖുര്‍ആന്റെ ശാസന. പരുഷമായും രോഷത്തോടെയും അനാവശ്യ ശബ്ദത്തിലും സാംസാരിക്കരുത്. നിന്റെ ശബ്ദം താഴ്ത്തുക- നിശ്ചയമായും ഹീനശബ്ദം കഴുതയുടേതത്രെ. ഉത്തമ വചനങ്ങള്‍ക്ക് അനന്തമായ പ്രതിഫലനമുണ്ടാകുമെന്നു വിവരിച്ച അല്ലാഹു കല്‍പിച്ചതിതാണ്: എന്റെ അടിമകള്‍ ഏറ്റം ഉദാത്തമായ കാര്യങ്ങള്‍ പറയണമെന്ന് താങ്കള്‍ നിര്‍ദേശിക്കുക. നമ്മുടെ സംഭാഷണരീതികളും ശൈലികളും പദാവലികളും സംബന്ധിച്ച് ആത്മപരിശോധന നടത്തണം. ഇന്നവരോട് ഇന്നരീതിയില്‍ സംഭാഷണം നടത്തണമെന്ന യാതൊരു അളവുകോലുകളും വ്യവസ്ഥകളും പലര്‍ക്കുമില്ല. അങ്ങനെയൊരു സംസ്‌കാരമോ ധര്‍മമോ ഉണ്ടോ എന്നു ശങ്കിക്കുന്നവരാണ് പലരും. നാം ആരുമായി സംസാരിക്കുന്നുവോ അവര്‍ നമ്മുടെ ഓരോ വാക്കിലും, അക്ഷരത്തിലും ഭാവഹാവങ്ങളില്‍ നിന്നും, പലതും വായിച്ചെടുക്കുന്നുണ്ട്. മറ്റുള്ളവരെ ഇകഴ്ത്തിയും അവഹേളിച്ചും തരംതാഴ്ത്തിയുമൊക്കെ സംസാരിക്കുന്ന രീതി പലരുടേയും സ്വഭാവമാണ്. വളരെ ഗുരുതരമായ ദുസ്വഭാവമാണിതെന്ന് സത്യവിശ്വാസി തിരിച്ചറിഞ്ഞേ പറ്റൂ. ഇമാം ഇബ്‌നു അബ്ബാസില്‍നിന്നു നിവേദനം- മഹാന്‍ പറഞ്ഞു: സ്‌നേഹിതന്റെ ന്യൂനതകള്‍ പറയാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍, സ്വന്തം കുറ്റങ്ങളും കുറവുകളും നീ ഓര്‍ക്കുക. സ്വന്തം കണ്ണിലെ കുന്തം കാണാത്തവന്‍ മറ്റുള്ളവരുടെ കണ്ണിലെ കരടുകാണുന്നു എന്ന ആപ്തവാക്യത്തിന്റെ ഉദ്ദേശ്യമാണ് മേല്‍പറഞ്ഞത്. മുട്ടുകയ്യില്ലാത്തവന്‍ ചെറുവിരലില്ലാത്തവനെ കുറ്റം പറയുക എന്നതും ഇതുതന്നെ. നമ്മില്‍ പലരുടെയും അവസ്ഥ ഇതാണ്. ഇത്യാദി വിഷയങ്ങളെല്ലാം ഖുര്‍ആനും ഹദീസും ആവര്‍ത്തിച്ചു വിലക്കിയതാണ്.

അല്ലാഹു പറഞ്ഞു: ഹേ സത്യവിശ്വാസികളേ, നിങ്ങളില്‍ ഒരുകൂട്ടര്‍ മറ്റൊരു കൂട്ടരെ പരിഹസിക്കരുത്; ഇവര്‍ അവരേക്കാള്‍ ഉത്തമരായേക്കാം. ഒരു കൂട്ടം വനിതകള്‍ മറ്റൊരു കൂട്ടം വനിതകളെയും കളിയാക്കരുത്; ഇവര്‍ അവരേക്കാള്‍ ഉദാത്തരായേക്കാം. പരസ്പരം നിങ്ങള്‍ കുത്തുവാക്കുകള്‍ പറയാനോ പരിഹാസപ്പേരുകള്‍ വിളിച്ചപമാനിക്കാനോ പാടില്ലതാനും. സത്യവിശ്വാസം പുല്‍കിയ ശേഷം അധര്‍മപ്പേര് എത്രഹീനം! ആരെങ്കിലും വന്നുപോയവയില്‍നിന്നു പശ്ചാത്തപിക്കാത്തപക്ഷം, അവര്‍ തന്നെയത്രെ അക്രമികള്‍. കുത്തുവാക്ക് പറയുകയും അവഹേളിക്കുകയും ചെയ്യുന്ന ഏതൊരാള്‍ക്കും മഹാനാശം എന്നും ഖുര്‍ആന്‍ വ്യക്തമാക്കി…

റസൂല്‍ പറഞ്ഞു: ഊഹം നിങ്ങള്‍ സൂക്ഷിക്കുക. കാരണം, ഏറ്റവും വലിയ നുണയായിരിക്കുമത്. നിങ്ങള്‍ ചുഴിഞ്ഞന്വേഷിക്കരുത്, ചാരപ്പണി ചെയ്യരുത്, മാത്സര്യപ്രകടനമരുത്, പരസ്പരം അസൂയ വെക്കരുത്, വിദ്വേഷമുണ്ടാക്കരുത്, ഗൂഢാലോചന നടത്തരുത്. അല്ലാഹുവിന്റെ അടിമകളേ, അവന്‍ കല്‍പിച്ചതുപോലെ നിങ്ങള്‍ സഹോദരങ്ങളാവുക. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. അവന്‍ സഹോദരനെ അക്രമിക്കയില്ല, അവഹേളിക്കുകയില്ല, നിസ്സാരനാക്കുകയില്ല. തഖ്‌വ കുടികൊള്ളുന്നത് (നെഞ്ചിലേക്ക് ചൂണ്ടി) ഇവിടെയാകുന്നു. മുസ്‌ലിമായ തന്റെ സഹോദരനെ നിസ്സാരമാക്കുന്നത് തന്നെമതി ഏറ്റം വലിയ തിന്മയായി. ഒരു മുസ്‌ലിമിന്റെ എല്ലാം മറ്റൊരു മുസ്‌ലിമിന് നിഷിദ്ധമത്രെ- രക്തം, അഭിമാനം, സമ്പത്ത് എന്നിവ. ഈ അമൂല്യാധ്യാപനങ്ങളൊക്കെ നാം മറന്നു. മനുഷ്യനെ സംബന്ധിച്ചിടത്തോളം, അവന്‍ അല്ലാഹുവിന്റെ അടിമയാണ്. ഉടമയുടെ, യജമാനന്റെ അന്നദാതാവിന്റെ, അനുഗ്രഹദായകന്റെ താല്‍പര്യമനുസരിച്ചുമാത്രമേ അവന്‍ ജീവിച്ചുകൂടാവൂ.. ധിക്കരിച്ചും നിയമലംഘനം നടത്തിയുമുള്ള ജീവിതം ക്ഷണികമായിരിക്കും; തുടര്‍ന്നുള്ളത് കടുത്ത ശിക്ഷയും. നമ്മെ നാം തിരിച്ചറിയുക, വിജയത്തിന്റെ പാതയില്‍ ജീവിക്കുക