സയ്യിദ് ഹുസൈന്‍ ജിഫ്രി കൊടിഞ്ഞി; ഖുത്ബുസ്സമാന്റെ പിന്‍ഗാമി

1583

ഖുത്ബുസ്സമാന്‍ മമ്പുറം തങ്ങള്‍ മലബാറിലെത്തി പൊതു ജീവിതം തുടങ്ങിയ ശേഷം ആദ്യം നിര്‍മിച്ച പള്ളികളിലൊന്നാണ് കൊടിഞ്ഞി പഴയ ജുമാ മസ്ജിദ്. പച്ച പുതച്ച നെല്‍പാടങ്ങളും ഇടതൂര്‍ന്ന തെങ്ങിന്‍ തോപ്പുകളും തോടുകളും ജലാശയങ്ങളും നിറഞ്ഞ പ്രകൃതി രമണീയമായ ഗ്രാമമാണ് കൊടിഞ്ഞി. മലപ്പുറം ജില്ലയിലെ നന്നമ്പ്ര ഗ്രാമ പഞ്ചായത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. മമ്പുറം തങ്ങള്‍ക്ക് കൊടിഞ്ഞി ഗ്രാമവുമായി വലിയ ആത്മബന്ധമുണ്ടായിരുന്നു.
പള്ളി നിര്‍മാണ ശേഷം കൊടിഞ്ഞി പള്ളിയിലേക്ക് ഇമാമായി തങ്ങള്‍ നിയോഗിച്ചത് വലിയാക്കത്തൊടി കുഞ്ഞി മുഹമ്മദ് മൊല്ലയെയാണ്. അദ്ദേഹത്തിന് പ്രായാധിക്യം കാരണം കര്‍ത്തവ്യനിര്‍വഹണത്തിന് പ്രയാസം വന്നപ്പോള്‍ അദ്ദേഹം കൊടിഞ്ഞിയിലെ നാട്ടുകാരണവന്മാരെയും കൂട്ടി മമ്പുറം തങ്ങളുടെ സവിദത്തിലെത്തി തനിക്ക് പകരം ഒരാളെ കൊടിഞ്ഞിയിലേക്ക് ഇമാമായി അയച്ചു തരണമെന്നും വിവാഹ പ്രായമെത്തിയ തന്റെ മകള്‍ക്ക് അനുയോജ്യനായ ഒരു വരനെ ലഭിക്കാന്‍ പ്രാര്‍ഥിക്കണമെന്നും അഭ്യര്‍ഥിച്ചു. ആഗതരുടെ ആവശ്യങ്ങള്‍ കേട്ട തങ്ങളുടെ മറുപടി ഇപ്രകാരമായിരുന്നു.
നിങ്ങള്‍ പ്രയാസപ്പെടണ്ട നിങ്ങളുടെ മകള്‍ക്ക് യോജിച്ചൊരു വരനും കൊടിഞ്ഞി പള്ളിയിലേക്ക് പുതിയൊരു ഇമാമും വൈകാതെ എത്തും. തങ്ങളുടെ മറുപടി കേട്ട കാരണവന്മാരും ഇമാമും സന്തോഷത്തോടെ തിരിച്ചുപോയി.
കൊടിഞ്ഞി നിവാസികള്‍ പുതിയ ഇമാമിനെയും പള്ളിയിലെ ഇമാം തന്റെ മകള്‍ക്കുള്ള വരനെയും പ്രതീക്ഷിച്ചിരിക്കുന്ന സമയത്താണ് മമ്പുറം തങ്ങളുടെ സന്ദേശമെത്തുന്നത്. കൊടിഞ്ഞിയിലേക്കുള്ള ഇമാമ് ഇവിടെ എത്തിയിട്ടുണ്ട്. സന്ദേശം കിട്ടിയ കൊടിഞ്ഞിയിലെ കാരണവന്മാര്‍ മമ്പുറത്തെത്തി ഇരുനിറത്തില്‍ പൊക്കം കുറഞ്ഞ് വട്ട മുഖമുള്ള ഒരു ചെറുപ്പക്കാരന്‍ ‘സയ്യിദ് ഹുസൈന്‍ ജിഫ്രി അല്‍ ഹള്റമി’ മമ്പുറം തങ്ങള്‍ പരിചയപ്പെടുത്തി.
രൂപം കണ്ട് നിങ്ങള്‍ ആളെ അളക്കണ്ട പുറം കറുപ്പാണങ്കിലും അകം വെളുപ്പാണ്. ഇത് അള്ളാഹുവിന്റെ ഔലിയാക്കളില്‍പെട്ട മഹാനാണ്. സര്‍വ ആദരവും ബഹുമാനവും നല്‍കണം. മമ്പുറം തങ്ങള്‍ നിര്‍ദേശിച്ചു
കൊടിഞ്ഞി ഗ്രാമം മമ്പുറത്തേക്കൊഴുകി. സന്തോഷത്തോടെ സ്വീകരിച്ചു. നാടറിയിച്ച് കൊണ്ടുപോയി. കുഞ്ഞിമുഹമ്മദ് മൊല്ല മമ്പുറത്തെത്തി മകളുടെ വിവാഹ കാര്യം ഓര്‍മിപ്പിച്ചു. മമ്പുറം തങ്ങള്‍ മുന്‍കൈയ്യെടുത്തു. സയ്യിദ് ഹുസൈന്‍ ജിഫ്രി സൈനബയെ വിവാഹം ചെയ്തു. കൊടിഞ്ഞി പള്ളിയുടെ ചാരത്ത് വീട് വെച്ച് താമസമാക്കി.
തിരുനബിയുടെ പൗത്രന്‍ സയ്യിദ് ഹുസൈന്റെ (റ)ന്റെ പരമ്പരയില്‍ ശ്രദ്ധേയനായിരുന്ന സയ്യിദ് അബൂ
ബക്ര്‍ ജിഫ്രി അല്‍ മുഅള്ളമിന്റെ സന്താന പരമ്പരയിലാണ് സയ്യിദ് ഹുസൈന്‍ ജിഫ്രി ജനിച്ചത്. മമ്പുറം തങ്ങളുടെ ജന്മദേശമായ യമനിലെ ഹളര്‍മൗത്തില്‍പ്പെട്ട തരീമില്‍ ഹിജ്റ 1222-ലാണ് ഹുസൈന്‍ ജിഫ്രിയുടെ ജനനം. മമ്പുറം തങ്ങളുടെ മാതാവിന്റെ അടുത്ത ബന്ധുവായ സയ്യിദ് ഐദറൂസ് ജിഫ്രിയാണ് പിതാവ്.
അദ്ദേഹത്തിന്റെ പിതൃ പരമ്പര തിരുനബിയിലേക്കെത്തുന്നത് ഇപ്രകാരമാണ്: സയ്യിദ് ഹുസൈന്‍ ജിഫ്രി കൊടിഞ്ഞി, സയ്യിദ് ഐദറൂസ,് സയ്യിദ് ഹുസൈന്‍, സയ്യിദ് ത്വാഹിര്‍, സയ്യിദ് അബൂബക്ര്‍, സയ്യിദ് ഹാദി, സയ്യിദ് സഈദ്, സയ്യിദ് ശൈഖാന്‍, സയ്യിദ് അലവിയ്യുല്‍ അശ്ഹര്‍, സയ്യിദ് അബ്ദുള്ളാഹി തരീസി, സയ്യിദ് അലവി, സയ്യിദ് അബൂബക്ര്‍ ജിഫ്രി അല്‍ മുഅള്ളം(ഇദ്ദേഹത്തിന്റെ സന്താന പരമ്പരയാണ് ജിഫ്രി സാദാത്തുക്കള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്)സയ്യിദ് മുഹമ്മദ്, സയ്യിദ് അലി, സയ്യിദ് മുഹമ്മദ്, സയ്യിദ് അഹമ്മദ്, സയ്യിദ് മുഹമ്മദ് ഫഖീഹുല്‍ മുഖദ്ദം (റ),സയ്യിദ് അലി, സയ്യിദ് മുഹമ്മദുസ്സ്വാഹിബുല്‍ മിര്‍ബാത്ത്, സയ്യിദ് അലി, സയ്യിദ് അലവി, സയ്യിദ് മുഹമ്മദ്, സയ്യിദ് അലവി, സയ്യിദ് ഉബൈദുള്ളാഹ്, സയ്യിദ് അഹമ്മദുല്‍ മുഹാജിര്‍ (ഇവരാണ് ബസ്വറയില്‍ നിന്നും ആദ്യമായി യമനില്‍ വന്ന് താമസിച്ചയാള്‍)സയ്യിദ് ഈസന്നഖീബ്, സയ്യിദ് മുഹമ്മദ്, സയ്യിദ് അലിയ്യുല്‍ ഉറൈളി, സയ്യിദ് ജഹ്ഫറുസ്സ്വാദിഖ്, സയ്യിദ് മുഹമ്മദുല്‍ ബാഖിര്‍, സയ്യിദ് അലി സൈനുല്‍ ആബിദീന്‍, സയ്യിദ് ഹുസൈന്‍, സയ്യിദത്തുനാ ഫാത്തിമത്തു സഹ്റാ സയ്യിദുനാ മുഹമ്മദ് (സ്വ).
യമനിലെ തരീമില്‍ നിന്ന് തന്നെയാണ് സയ്യിദ് ഹുസൈന്‍ ജിഫ്രി മത വിജ്ഞാനം കരസ്ഥമാക്കിയത്. ഒരേ സമയം ഫത്വക്ക് യോഗ്യരായ മുന്നൂറിലധികം പണ്ഡിതന്മാര്‍ തരീമില്‍ ജീവിച്ചിരുന്നു എന്നാണല്ലോ ചരിത്രം. ഇസ്ലാമിക ജ്ഞാനത്തിന്റെ സര്‍വ മേഖലകളിലും അവഗാഹം നേടിയ സയ്യിദ് ഹുസൈന്‍ ജിഫ്രി ഖാദിരിയ്യ ത്വരീഖത്തിന്റെ ആത്മീയ ഗുരുക്കളില്‍ നിന്ന് ത്വരീഖത്ത് സ്വീകരിച്ചു. പതിനേഴ് വയസിന് മുമ്പുതന്നെ യമനില്‍ നിന്നും ഹുസൈന്‍ ജിഫ്രി വിവാഹം ചെയ്യുകയും ആ ദാമ്പത്യ വല്ലരിയില്‍ ഒരു പെണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തു. പ്രായം പതിനേഴിലെത്തിയപ്പോള്‍ കുടുംബത്തിന്റെ സമ്മത പ്രകാരം മലബാറിലേക്ക് യാത്ര തിരിച്ചു. കോഴിക്കോട് കപ്പലിറങ്ങി പരപ്പനങ്ങാടിയിലെത്തി. പരപ്പനങ്ങാടി പനയത്തില്‍ പള്ളിയില്‍ നിന്നും മഗ്രിബ് നിസ്‌കാരം നിര്‍വഹിച്ചു. ആരെയും വിസ്മയിപ്പിക്കുന്ന അതി സുന്ദരമായ ഖുര്‍ആന്‍ പാരായണം കേട്ട് പള്ളിയില്‍ കൂടിയവര്‍ അത്ഭുതം കൂറി. ഇവിടെ ഇമാമായി നില്‍ക്കണമെന്നും ഞങ്ങള്‍ ഇവിടെ നിന്നും വിവാഹം ചെയ്തു തരാമെന്നും പരപ്പനങ്ങാടിയിലെ നാട്ടുകാരണവന്മാര്‍ തങ്ങളോട് അഭ്യര്‍ഥിച്ചു. പക്ഷേ, ഞാന്‍ മമ്പുറം തങ്ങളുടെ നിര്‍ദേശ പ്രകാരം എത്തിയതാണെന്നും മമ്പുറത്തെത്തണമെന്നുമായിരുന്നു മറുപടി.
മമ്പുറത്തെത്തി കുറച്ച് ദിവസം തങ്ങളോടൊപ്പം താമസിച്ച ശേഷമാണ് കൊടിഞ്ഞിയിലേക്ക് പോയത്. കൊടിഞ്ഞിയില്‍ താമസമാക്കി ദിവസങ്ങള്‍ പിന്നിട്ടപ്പോഴേക്കും സയ്യിദ് ഹുസൈന്‍ ജിഫ്രിയുടെ പ്രശസ്തി അനുദിനം വര്‍ധിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തെ നേരില്‍ കാണാനും ആത്മീയ ഉപദേശങ്ങള്‍ സ്വീകരിക്കുന്നതിനുമായി ദിനംപ്രതി ആളുകള്‍ കൊടിഞ്ഞിയിലേക്കൊഴുകി. ഖുതുബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി തങ്ങളെ കാണാനെത്തുന്ന അധികപേരും കൊടിഞ്ഞിയിലെത്തി ഹുസൈന്‍ ജിഫ്രിയെയും സന്ദര്‍ശിക്കാനെത്തി തുടങ്ങി. ഖുതുബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി തങ്ങള്‍ പ്രയാസങ്ങള്‍ക്ക് പ്രതിവിധി തേടി തന്നെ തേടിയെത്തുന്നവരില്‍ ചിലരെ കൊടിഞ്ഞിയിലേക്കയച്ച് സയ്യിദ് ഹുസൈന്‍ ജിഫ്രിയുടെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തി. തന്നെ സന്ദര്‍ശിക്കാനെത്തുന്നവരില്‍ തനിക്ക് ബോധ്യപ്പെട്ടവര്‍ക്ക് ഖാദിരിയ്യ ത്വരീഖത്തിന്റെ ഇജാസത്തുകള്‍ നല്‍കുകയും ജനങ്ങളെ ആത്മീയമായി സംസ്‌കരിക്കുകയും ചെയ്ത് സയ്യിദ് ഹുസൈന്‍ ജിഫ്രി, പ്രബോധന ദൗത്യം നിര്‍വഹിച്ച് മുന്നോട്ടുപോയി. നീറുന്ന നൊമ്പരങ്ങളും പ്രയാസങ്ങളും വ്യഥകളും വേദനകളുമായി തന്നെ സമീപിക്കുന്നവര്‍ക്ക് ആത്മസായൂജ്യം നല്‍കി അവരെ സാന്ത്വനിപ്പിക്കുകയും അവര്‍ക്കു വേണ്ട പരിഹാരം നിര്‍ദേശിക്കുകയും ചെയ്ത് ജനങ്ങളുടെ എല്ലാവരുടെയും ആശ്രയ കേന്ദ്രമായി മാറി. അനേകം കറാമത്തുകളും സയ്യിദ് ഹുസൈന്‍ ജിഫ്രിയില്‍ നിന്നും പ്രകടമായി


ഇരിങ്ങല്ലൂരിലെ മൗലിദ്
ഇരിങ്ങല്ലൂര്‍ പ്രദേശത്ത് പ്ലേഗ് പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്നു. അതി ഗുരുതരമാം വിധം ഓരോ വീട്ടുകാരെയും പ്ലേഗ് രോഗം പിടികൂടി. നിരവധിയാളുകള്‍ മരണപ്പെട്ടു. നാട്ടുകാര്‍ പ്രയാസത്തിലായി. അവര്‍ ഒന്നടങ്കം കൊടിഞ്ഞിയിലെത്തി ഹുസൈന്‍ ജിഫ്രിയോട് സങ്കടം പറഞ്ഞു. തങ്ങള്‍ ഇരിങ്ങല്ലൂരിലേക്ക് പോകാന്‍ തീരുമാനിച്ചു. വൈകാതെ തങ്ങള്‍ ഇരിങ്ങല്ലൂരിലെത്തി നീണ്ട പ്രാര്‍ഥന നടത്തി. പ്ലേഗ് രോഗം ഇരിങ്ങല്ലൂരില്‍ നിന്നും അരങ്ങൊഴിഞ്ഞു. നാട്ടുകാര്‍ക്ക് സമാധാനമായി. പ്രാര്‍ഥന നിര്‍വഹിച്ചു പോകുന്ന സമയം ഹുസൈന്‍ ജിഫ്രി അവരോട് ഇങ്ങനെ കൂടി നിര്‍ദേശിച്ചിരുന്നു. എല്ലാ വര്‍ഷവും നാട്ടുകാര്‍ ഒന്നിച്ചിരുന്ന് തിരുനബിയുടെ പേരില്‍ മൗലിദ് ഓതണം. ഇന്നും ഇരിങ്ങല്ലൂര്‍ പ്രദേശത്ത് പരമ്പരാഗതമായി ആ മൗലിദ് പാരായണം ചെയ്ത് വരുന്നു.


കാക്കകളുടെ അനുസരണ
വലിയോറയിലുള്ള ഒരു പരിചയക്കാരനെ കൂട്ടികൊണ്ടു വരാന്‍ ഹുസൈന്‍ ജിഫ്രി തന്റെ പരിചാരകനെ വലിയോറയിലേക്കയച്ചു. അദ്ദേഹം തങ്ങള്‍ നിര്‍ദേശിച്ച വീട്ടു പരിസരത്തെത്തി. അവിടെ അനേകം കാക്കകള്‍ മരങ്ങളില്‍ കൂടുകെട്ടി താമസിക്കുന്നു. വീടിന്റെ ചുറ്റുഭാഗവും നിറയെ മരങ്ങളാണ്. അദ്ദേഹം ആ വീട്ടിലുള്ളവരെ എത്ര വിളിച്ചിട്ടും ആരും വിളി കേള്‍ക്കുന്നില്ല. നിരാശനായി അദ്ദേഹം തിരിച്ചുപോന്നു. കൊടിഞ്ഞിയിലെത്തി അദ്ദേഹം ഇങ്ങനെ പറഞ്ഞു. ആ വീട്ടില്‍ ആളില്ലെന്നാണ് തോന്നുന്നത്. ഞാനെത്ര ഒച്ച വെച്ച് വിളിച്ചിട്ടും ആ വീട്ടില്‍ നിന്ന് ഒരു മറുപടിയും ലഭിച്ചില്ല. അവിടെ നിറയെ കാക്കകള്‍ കൂടുകെട്ടി താമസിക്കുകയാണ്. അവരുടെ ആര്‍ത്തു വിളിയില്‍ എന്റെ ശബ്ദമൊന്നും അവര്‍ കേട്ടില്ലെന്ന് തോന്നുന്നു. ഹുസൈന്‍ ജിഫ്രി അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു. ആ വീട്ടില്‍ ആളൊക്കെയുണ്ട്. നീ ആദ്യം പോയി ആ കാക്കകളോട് സംസാരിക്കൂ. അല്ലാഹുവിന്റെ വലിയ്യ് നിങ്ങളോട് ഇവിടം വിട്ട് പോവാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ആ കാക്കകളോട് പറയൂ. പരിചാരകന്‍ വീണ്ടും വലിയോറയിലെ ഈ വീട്ടു പരിസരത്തെത്തി. അപ്പോഴും നിറയെ കാക്കകള്‍ ആര്‍ത്തുവിളിക്കുകയാണ്. കാക്കകളുടെ അടുത്തേക്ക് ചെന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞു. നിങ്ങളോട് അല്ലാഹുവിന്റെ വലിയ്യ് ഇവിടെ നിന്നും പോകാന്‍ ആവിശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം അത് പറയേണ്ട താമസം ആര്‍ത്തു വിളിച്ചിരുന്ന മുഴുവന്‍ കാക്കകളും എല്ലാ മരങ്ങളില്‍ നിന്നും ദൂരേക്ക് പറന്നകലുന്നത് അദ്ദേഹം കണ്ടു. ഈ സംഭവം നാടാകെ പ്രചരിച്ചു. കാക്കകള്‍ തിരിച്ചു വരുന്നതും നോക്കി നാട്ടുകാര്‍ ദിവസവും കാത്ത് നിന്നു. പക്ഷേ, പിന്നീടൊരിക്കലും ആ കാക്കകള്‍ തിരിച്ചു വന്നില്ല.


കൊടിഞ്ഞിയിലെ സത്യം ചെയ്യല്‍
ചെയ്ത കുറ്റം നിഷേധിക്കുന്നവരും കളവ്നടത്തിയവരും മമ്പുറം തങ്ങളുടെ മുമ്പിലെത്തിയാല്‍ ഉള്ള സത്യം തുറന്നു പറയല്‍ പതിവായിരുന്നു. മമ്പുറത്ത് അങ്ങനെ സത്യം ചെയ്യിക്കല്‍ നടന്നിരുന്നു. മമ്പുറം തങ്ങള്‍ ചിലരെ സത്യം ചെയ്യാന്‍ കൊടിഞ്ഞിയിലേക്ക് പറഞ്ഞയച്ചിരുന്നു. ഗൗരവമേറിയ ചില കേസുകളില്‍ മമ്പുറം തങ്ങള്‍ പ്രതികളുമായി നേരിട്ട് കൊടിഞ്ഞിയില്‍ വന്ന സംഭവവും ഉണ്ടായിട്ടുണ്ട്. പിന്നീട് മമ്പുറം തങ്ങളുടെ കാലശേഷം സത്യം ചെയ്യിക്കലിന് ജനങ്ങള്‍ ഹുസൈന്‍ ജിഫ്രിയുടെ മുന്നിലേക്കായിരുന്നു എത്തിയിരുന്നത്. പിന്നീട് കള്ളന്മാര്‍ക്കും ദുര്‍മാര്‍ഗികള്‍ക്കും കൊടിഞ്ഞി ഒരു പേടിസ്വപ്നമായി മാറി. ഏത് കള്ളനും ഹുസൈന്‍ ജിഫ്രിയുടെ മുന്നിലെത്തിയാല്‍ ഉള്ള സത്യം തുറന്നു പറയും. നാട്ടുകാര്‍ ഈ അത്ഭുത സംഭവം പല തവണ കണ്ടു. കൊടിഞ്ഞിയില്‍ സയ്യിദ് ഹുസൈന്‍ ജിഫ്രിയുടെ ആത്മീയ ശക്തി അമുസ്ലിംകളും അംഗീകരിച്ചു തുടങ്ങി. ബ്രിട്ടീഷ് കോടതികളില്‍ ചില കേസുകള്‍ വന്നു എങ്ങനെയൊക്കെ ചോദ്യം ചെയ്താലും ചില കുറ്റവാളികള്‍ കുറ്റം സമ്മതിക്കില്ല. ശാരീരിക മാനസിക പീഡനങ്ങള്‍ ഏല്‍പ്പിച്ചാലും അവര്‍ കുറ്റം നിഷേധിച്ചു കൊണ്ടിരിക്കും. ഒടുവില്‍ ജഡ്ജി വിധി പ്രഖ്യാപിക്കും. വെള്ളിയാഴ്ച ജുമുഅ:ക്കു ശേഷം കൊടിഞ്ഞി പള്ളിയിലെത്തി സത്യം ചെയ്യുക. വെള്ളിയാഴ്ച ഉച്ച സമയത്ത് പ്രതികളെ കൈ വിലങ്ങിട്ട് പോലീസുകാര്‍ കൊണ്ടുവരും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൂടെയുണ്ടാകും. വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള പുസ്തകങ്ങളും കാണും. ജുമുഅ:യും ദുആകളുമൊക്കെ കഴിഞ്ഞതിനു ശേഷം പുറം പള്ളിയിലേക്ക് സയ്യിദ് ഹുസൈന്‍ ജിഫ്രി കടന്നു വരും. കുറ്റവാളികള്‍ക്ക് ഹുസൈന്‍ ജിഫ്രിയുടെ മുഖം കാണുമ്പോഴേക്കും മനസ്സ് പതറും. സത്യം ചെയ്യുന്ന സ്ഥലത്തേക്ക് പ്രതിയെ മാറ്റിനിര്‍ത്തിയാല്‍ തങ്ങളുടെ ചോദ്യം വരുന്നതിന് മുമ്പേ തെറ്റ് ചെയ്തവര്‍ കുറ്റമേറ്റ് പറയും. ജനം കോരിത്തരിച്ചു നില്‍ക്കും. പോലീസുകാരും ഉദ്യോഗസ്ഥരും സയ്യിദിനെ വണങ്ങിയ ശേഷമേ പ്രതിയെ കൊണ്ടുപോകൂ. ഇത് ബ്രിട്ടീഷുകാരുടെ കാലത്തെ കഥയാണ്.
ഇന്ത്യന്‍ കോടതികളും തെളിയാതെ വരുന്ന കേസുകളില്‍ കൊടിഞ്ഞി പള്ളിയില്‍ സത്യം ചെയ്യിക്കുക എന്ന് വിധിച്ചിരുന്നു. ഹുസൈന്‍ ജിഫ്രി വഫാത്തായി ഒന്നര നൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും അത് തുടര്‍ന്നു കൊണ്ടിരിക്കുന്നു. കൊടിഞ്ഞി പള്ളിയിലെത്തിയാല്‍ കുറ്റവാളികള്‍ കുറ്റം വിളിച്ചു പറയും. ഇപ്പോഴും വെള്ളിയാഴ്ച ദിവസം ജുമുഅക്ക് ശേഷം കൊടിഞ്ഞി പള്ളിയില്‍ സത്യം ചെയ്യല്‍ നടക്കാറുണ്ട്.


ഹുസൈന്‍ ജിഫ്രിയുടെ കുടുംബം
കൊടിഞ്ഞിയില്‍ നിന്നും വിവാഹം ചെയ്ത വലിയാക്കത്തൊടി സൈനബ എന്ന ഭാര്യയില്‍ നാല് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് ഹുസൈന്‍ ജിഫ്രിക്ക് ജനിച്ചത്. സയ്യിദ് ഐദറൂസ്, സയ്യിദ് അഹ്മദ്,സയ്യിദ് അലവി, സയ്യിദ് അബ്ദുള്ള എന്നീ ആണ്‍കുട്ടികളും സയ്യിദത്ത് ശരീഫ എന്ന പെണ്‍കുട്ടിയുമായിരുന്നു സന്താനങ്ങള്‍.
പിന്നീട് കടലുണ്ടിയിലെ ജമലുല്ലൈലി കുടുംബത്തില്‍ നിന്നും സയ്യിദത്ത് ശരീഫയെ വിവാഹം ചെയ്തു. ആ ബന്ധത്തില്‍ സയ്യിദ് അഹ്മദ്, ശരീഫ, ഖദീജ എന്നീ മക്കളുണ്ടായി. കിഴക്കേപ്പുറം വലിയാക്കത്തൊടി സൈനുദ്ധീന്‍ എന്നിവരുടെ മകള്‍ സൈനബയെയും ഹുസൈന്‍ ജിഫ്രി വിവാഹം ചെയ്തിരുന്നു. അതില്‍ രണ്ട് പെണ്‍കുട്ടികള്‍ മാത്രമാണുണ്ടായത്. അതിനിടയില്‍ ഒരു ഭാര്യ മരണപ്പെട്ടു പിന്നീട് പരപ്പനങ്ങാടിയില്‍ നിന്നും ഒരു വിവാഹം ചെയ്തു. അതില്‍ ഒരു പെണ്‍കുട്ടിയും സയ്യിദ് ത്വാഹിര്‍, സയ്യിദ് ത്വാഹ എന്നീ രണ്ട് ആണ്‍കുട്ടികളും ജനിച്ചു. കൊടിഞ്ഞിയിലെ ഭാര്യയില്‍ പിറന്ന സയ്യിദ് അഹ്മദ്, സയ്യിദ് അലവി പരപ്പനങ്ങാടിയിലെ ഭാര്യയില്‍ പിറന്ന സയ്യിദ് ത്വാഹിര്‍ എന്നീ മൂന്ന് ആണ്‍മക്കളിലൂടെയാണ് ഹുസൈന്‍ ജിഫ്രിയുടെ സന്താന പരമ്പര നിലനില്‍ക്കുന്നത്.
സയ്യിദ് അഹ്മദ് ജിഫ്രിക്ക് സയിദത്ത് അലവിയ്യ ബീവിയില്‍ ജനിച്ച മകനാണ് പില്‍ക്കാലത്ത് പ്രശസ്തനായി തീര്‍ന്ന കക്കാട് സയ്യിദ് ഐദറൂസ് ജിഫ്രി. വലിയ പണ്ഡിതനും സൂഫിയുമായിരുന്ന അദ്ദേഹം ഹിജ്റ 1277-ല്‍ കൊടിഞ്ഞിയില്‍ തന്നെയാണ് ജനിച്ചത്.
ഈ ഐദറൂസ് ജിഫ്രിയാണ് മര്‍ഹൂം പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാര്‍ക്ക് കൊടിഞ്ഞി സയ്യിദ് ഹുസൈന്‍ ജിഫ്രിയെ കുറിച്ച് മൗലിദ് രചിക്കുവാന്‍ വിവരങ്ങള്‍ കൈമാറുകയും സഹായം നല്‍കുകയും ചെയ്തത്. തന്റെ പിതാമഹന്‍ ഹുസൈന്‍ ജിഫ്രിയെ ഐദറൂസ് ജിഫ്രി നേരില്‍ കണ്ടിട്ടില്ലെങ്കിലും വല്യുമ്മ വലിയാക്കത്തൊടി സൈനബയില്‍ നിന്ന് നേരിട്ട് ലഭിച്ച വിവരങ്ങളാണ് ഐദറൂസ് ജിഫ് രി പാങ്ങില്‍ ഉസ്താദിന് കൈമാറിയത്. ഫൈളുല്‍ല്‍ മുന്‍ജി എന്നാണ് പ്രസ്തുത മൗലിദിന്റ പേര്
തന്റെ കാലിലുണ്ടായ രോഗം സുഖപ്പെടാന്‍ വേണ്ടി പാങ്ങില്‍ ഉസ്താദ് നേര്‍ച്ചയാക്കിയതാണ് ഹുസൈന്‍ ജിഫ്രിയെ കുറിച്ചുള്ള മൗലിദ്. അസുഖം സുഖപ്പെട്ടതിന് ശേഷമാണ് അദ്ദേഹം ഈ മൗലിദ് രചിച്ചത് എന്നാണ് ചരിത്രം.


വഫാത്ത്
ഹിജ്റ 1270 ശഅ്ബാന്‍ പതിമൂന്നിന് ചൊവ്വാഴ്ച രാത്രി തന്റെ നാല്‍പ്പത്തി ഏഴാം വയസിലാണ് മഹാനവറുകള്‍ ഭൗതികലോകത്തോട് വിടപ്പറഞ്ഞത്. കൊടിഞ്ഞി ജുമാ മസ്ജിദിന്റെ വടക്ക് ഭാഗത്താണ് മഹാന്‍ അന്ത്യവിശ്രമം കൊള്ളുന്നത്. അദ്ദേഹത്തിന്റെ വസതിയായിരുന്നു അതെന്നും പറയപ്പെടുന്നു

എം.എ റഊഫ് കണ്ണന്തളി