സാമ്പത്തിക അസന്തുലിതാവസ്ഥ; ഇസ്ലാം പരിഹാരം പറയുന്നു

677

ലോകത്തെ അതിസമ്പന്നരായ ശതകോടീശ്വരും അല്ലാത്തവരും തമ്മില്‍ സമ്പത്തിന്റെ കാര്യത്തിലുള്ള അതിഭീകരമായ അന്തരം പലപ്പോഴും ചര്‍ച്ചകളില്‍ നിറയാറുണ്ട്. 2023 ജനുവരിയില്‍ പുറത്തുവന്ന ഓക്സ്ഫാം ഇന്റര്‍നാഷണലിന്റെ അതിസമ്പന്നരുടെ അതിജീവനം (Survival of the Richest) എന്ന റിപ്പോര്‍ട്ടും 2022 ലെ ലോക സാമ്പത്തിക അസമത്വ റിപ്പോര്‍ട്ടും (World Inequality Report 2022) സമ്പത്തിന്റെ വളര്‍ച്ചയിലും അന്തരത്തിലുമുള്ള ഭീകരമായ ഈ വിടവിനെക്കുറിച്ചും അതിന്റെ പരിഹാരങ്ങളെക്കുറിച്ചും കൂടുതല്‍ വ്യക്തമായ ചിത്രം നല്‍കുന്നു. ഒരു ഭാഗത്ത് സമ്പന്നരുടെ സമ്പത്ത് കൂടുമ്പോള്‍ മറുഭാഗത്ത് ദരിദ്രരുടെ ദാരിദ്ര്യവും വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. കോവിഡ് 19, റഷ്യ-ഉക്രൈന്‍ യുദ്ധം, കാലാവസ്ഥ മാറ്റം തുടങ്ങിയ പല പ്രതിസന്ധികളും ഇതിന്റെ കാരണങ്ങളായി എണ്ണുമ്പോഴും അതിസമ്പന്നരുടെയും അവര്‍ നിയന്ത്രിക്കുന്ന ഭീമന്‍ കമ്പനികളുടെയും സമ്പത്തും ലാഭവും വര്‍ദ്ധിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. വളരെ കുറഞ്ഞ ഒരു ന്യൂനപക്ഷത്തിന്റ കയ്യില്‍ സമ്പത്ത് കേന്ദ്രീകരിക്കുന്നതിലൂടെ ഭരണ,രാഷ്ട്രീയ,മാധ്യമ രംഗങ്ങള്‍ ഒരു ദുഷിച്ച വൃത്തത്തിന്റെ കൈപ്പിടിയില്‍ ഒതുങ്ങുന്നതിനെക്കുറിച്ചും ഈ റിപ്പോര്‍ട്ട് വേവലാതിപ്പെടുന്നുണ്ട്.
2023 ഓക്സ്ഫാം റിപ്പോര്‍ട്ട് അനുസരിച്ച് ലോക സമ്പത്തിന്റെ 45.6% കയ്യടിക്കിവെച്ചിരിക്കുന്നത് കേവലം 1% മാത്രം വരുന്ന അതിസമ്പന്നരാണ്. താഴെതട്ടിലുള്ള 50% പേര്‍ക്ക് എല്ലാം കൂടി ലോക സമ്പത്തിന്റെ വെറും 0.75% മാത്രമാണ്. ലോക ജനസംഖ്യയുടെ പകുതിയായ 4 ബില്യണ്‍ ജനങ്ങളുടെ കയ്യിലുള്ള സമ്പത്തിന് തുല്യമാണ് ലോകത്തെ ശതകോടീശ്വരന്മാരായ 81 പേരുടെ കയ്യിലുള്ളത്. World Inequaltiy Report 2022 അനുസരിച്ച് ലോക ജനസംഖ്യയുടെ ഉയര്‍ന്ന 10 ശതമാനം 52% വരവും ലോക സമ്പത്തിന്റെ 76%വും കയ്യടക്കിവെച്ചിരിക്കുന്നു. 50% ജനങ്ങള്‍ക്ക് ഉള്ളത് സമ്പത്തിന്റെ 2% മാത്രമാണ്.
ലോകം പിന്തുടരുന്ന സാമ്പത്തിക നയങ്ങള്‍ കാരണം അതിസമ്പന്നര്‍ വലിയ വളര്‍ച്ച നേടുകയും കോവിഡ് അടക്കമുള്ള പ്രതിസന്ധികളെ തുടര്‍ന്ന് സര്‍ക്കാര്‍ നടപടികളില്‍ നേട്ടമുണ്ടാക്കി കൂടുതല്‍ സമ്പത്ത് നേടുകയും ചെയ്യുമ്പോള്‍ താഴെതട്ടിലുള്ളവരാണ് ഏറെ പ്രയാസങ്ങള്‍ സഹിക്കേണ്ടി വരുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ശമ്പള വെട്ടിക്കുറക്കല്‍, ജോലി നഷ്ടം, പണപ്പെരുപ്പം, വിലക്കയറ്റം തുടങ്ങിയ വഴികളിലൂടെ സാധാരണക്കാര്‍ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ ഇതിന്റെയൊക്കെ ഗുണഫലം കിട്ടുന്നത് അതിസമ്പന്നര്‍ക്കും വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കുമാണ്. അതില്‍ തന്നെ ഓരോ സമൂഹത്തിലും പാര്‍ശവത്കരിക്കപ്പെട്ട വിഭാഗങ്ങളാണ് ഇതിന്റെ കെടുതികള്‍ കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത്. ഇന്ത്യയില്‍ ഇത് അധസ്ഥിത വിഭാഗങ്ങളും മുസ്ലിംകളുമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
കോവിഡിന്റെ പിടിയില്‍ ലോകം അമര്‍ന്ന 2020-2021 കാലത്ത് പുതിയതായി സൃഷ്ടിക്കപ്പെട്ട സമ്പത്തിന്റെ 63% നേടിയിരിക്കുന്നത് അതിസമ്പന്നരായ 1% പേരാണ്. പുതിയ സമ്പത്തിന്റെ 10% മാത്രമാണ് ലോക ജനസംഖ്യയുടെ 90% മൊത്തമായി കിട്ടിയത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഈ ഒരു ശതമാനത്തിന്റെ സമ്പത്ത് താഴെതട്ടിലുള്ള 50% ജനങ്ങളെക്കാള്‍ 74 ഇരട്ടിയാണ് വര്‍ദ്ധിച്ചത്. അതിസമ്പന്നരും ലോകത്തെ അതിഭീമ കമ്പനികളും തങ്ങളുടെ ലാഭവും സമ്പത്തും വര്‍ദ്ധിപ്പിക്കുമ്പോള്‍, മറുഭാഗത്ത് ദരിദ്രര്‍ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്ന കാഴ്ചയാണ് ഈ റിപ്പോര്‍ട്ട് വിശദീകരിക്കുന്നത്.


ഇന്ത്യ: സാമ്പത്തിക അസമത്വത്തിന്റെ പറുദീസ
ഒരു ഭാഗത്ത് വര്‍ദ്ധിച്ചുവരുന്ന ദാരിദ്ര്യവും മറുഭാഗത്ത് ‘അതിസമ്പന്നരായ വരേണ്യവര്‍ഗവു’മുള്ള ലോകത്തിലെ ഏറ്റവും സാമ്പത്തിക അസമത്വമുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നാണ് World Inequaltiy Report വിശേഷിപ്പിക്കുന്നത്. ഓക്സ്ഫാം ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തെക്കുറിച്ച് ഇറക്കിയ സപ്ലിമെന്ററി റിപ്പോര്‍ട്ടില്‍ വര്‍ദ്ധിച്ചുവരുന്ന സമത്വത്തിന്റെ നേര്‍ച്ചിത്രം വരച്ചുകാട്ടുന്നു. ദേശീയ വരുമാനത്തിന്റെ 13%വും ദേശീയ സമ്പത്തിന്റെ 3%വും മാത്രമാണ് ഇന്ത്യയിലെ പകുതി ജനങ്ങള്‍ക്ക് മൊത്തമായിട്ടുള്ളത്. ജനസംഖ്യയിലെ അതിസമ്പന്ന ശ്രേണിയിലുള്ള വെറും 1 ശതമാനം ആണ് ദേശീയ സമ്പത്തിന്റെ 40.6% കൈവശം വെച്ചിരിക്കുന്നത്. 5 ശതാമനത്തിലേക്ക് പോകുമ്പോള്‍ അത് 62%മായും 10 ശതമാനം സമ്പന്നരിലേക്ക് പോകുമ്പോള്‍ അത് 72%മായും കൂടുന്നു. ഏറ്റവും സമ്പന്നരായ 100 പേരുടെ മൊത്തം സാമ്പാദ്യം 54 ലക്ഷം കോടിയിലധികമാണ്. ഒറ്റവര്‍ഷത്തിനിടയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ 10 അതിസമ്പന്നരുടെ ധനം 32.8 ശതമാനമാണ് വര്‍ദ്ധിച്ചത്.
കോവിഡ് കാലത്ത് ഏറ്റവും സമ്പത്ത് കൂടിയത് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടേതാണ്. ആദ്യം ഏട്ടിരട്ടിയും പിന്നീട് ഒറ്റയടിക്ക് 100 ശതമാനം വളര്‍ച്ചയുമാണ് അത് കാണിച്ചത്. ഇതൊക്കെ ഇവര്‍ ഇന്ത്യയില്‍ രേഖപ്പെടുത്തിയ സമ്പത്താണ്. വ്യാജ കമ്പനികളുടെ വിലാസമുപയോഗിച്ച് ഇവര്‍ ഇന്ത്യയില്‍ നിന്നു കടത്തികൊണ്ടുപ്പോയ കോടികള്‍ ഈ കണക്കുകകളില്‍ കാണില്ലെന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. അദാനിയുടെ വളര്‍ച്ച യഥാര്‍ത്തില്‍ മറ്റുള്ളവരുടെ സമ്പത്ത് കൊള്ളയടിക്കാന്‍ ഊതിപ്പെരുപ്പിച്ച കണക്കുകള്‍ ആയിരുന്നുവെന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് ഇതിനോട് ചേര്‍ത്തു വായിക്കണം.
മറുഭാഗത്ത് ലോകം ഏറ്റവും അധികം ദരിദ്രരുള്ളത് ഇന്ത്യയിലാണ്. 228.9 ദശലക്ഷം. ഇന്ത്യന്‍ ജനതയുടെ 70%വും ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ പ്രയാസപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്ന മറ്റൊരു പ്രധാന കാര്യം മരുന്നിനും ചികിത്സയ്ക്ക് പണം ചെലവാക്കിയാണ് ഇന്ത്യന്‍ ജനതയുടെ ഒരു വലിയ വിഭാഗം കുത്തുപാളയെടുക്കുന്നതെങ്കില്‍ പൂര്‍ണമായയും വാണിജ്യവത്കരിക്കപ്പെട്ട ആരോഗ്യ രംഗത്താണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരുള്ളത്, 32 പേര്‍.


എന്താണ് പരിഹാരം?
സാമ്പത്തിക അസമത്വത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ മുന്നോട്ടുവെക്കുന്ന പ്രധാന പരിഹാരം അതി സമ്പന്നര്‍ക്ക് കൂടുതല്‍ ടാക്സ് ഏര്‍പ്പെടുത്തുകയെന്നതാണ്. പ്രത്യേകിച്ചും സമ്പത്ത് നികുതി (wealth tax). ലോകത്ത് മിക്ക രാജ്യങ്ങളിലും സമ്പത്ത് നികുതിയില്ല. വരുമാന നികുതി മാത്രമേയുള്ളൂ. വരുമാന നികുതിയില്‍ വെട്ടിപ്പ് നടത്താന്‍ പലതരം വഴികള്‍ അത്തരക്കാര്‍ക്ക് കഴിയും. ആഗോള അടിസ്ഥാനത്തിലും ദേശീയ അടിസ്ഥാനത്തിലും സര്‍ക്കാറുകള്‍ക്ക് ലഭിക്കുന്ന നികുതിവരുമാനത്തില്‍ നല്ലൊരു പങ്കും പാവങ്ങളില്‍ നിന്ന് ഈടക്കുന്നതാണ്. ലോക ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക് 3.2%വും ആമസോണ്‍ മുതലാളി ജെഫ് ബെസോസ് 1 % മാത്രം ടാക്സ് അടക്കുമ്പോള്‍ ഉഗാണ്ട ഒരു സാധാരണ കച്ചവടക്കാരന്‍ 40% വരെ ടാക്സ് അടക്കേണ്ടിവരുന്നെന്ന് ഓക്സ്ഫാം റിപ്പോര്‍ട്ട് ചൂണ്ടിക്കാടുന്നു. ഇന്ത്യയില്‍ 64.3 ശതമാനം ജി.എസ്.ടി നികുതിയും വരുന്നത് താഴെതട്ടിലുള്ള 50% ജനങ്ങളില്‍ നിന്നാണ്. 34% മാത്രമാണ് അതിസമ്പന്നരായ 10% പേരില്‍ നിന്നു വരുന്നത്.
ഇന്ത്യന്‍ ശതകോടീശ്വരന്മാര്‍ക്ക് 3% സമ്പത്ത് നികുതി എര്‍പ്പെടുത്തിയാല്‍ ദേശീയ ആരോഗ്യ മിഷന് മൂന്നു വര്‍ഷത്തേക്ക് ആവശ്യമായ 37800 കോടി ലഭിക്കുമെന്നും ഏറ്റവും ഉയര്‍ന്ന 100 ശതകോടീശ്വരന്മാര്‍ക്ക് 2% നികുതി ഏര്‍പ്പെടുത്തിയാല്‍ ആരോഗ്യപരിപാലനത്തിനു വേണ്ടി ജി.ഡി.പിയുടെ 3% എങ്കിലും അനുവദിക്കാന്‍ ആവശ്യമായ 1,06,600 കോടി ഉണ്ടാക്കാമെന്നും ഓക്സ്ഫാം പറയുന്നു. ലോക കോടീശ്വരന്മാര്‍ക്ക് 2 ശതമാനവും 50 ദശലക്ഷത്തിലധികം സമ്പത്തുള്ളവര്‍ക്ക് 3 ശതമാനവും ശതകോടീശ്വരന്മാര്‍ക്ക് 5% ശതമാനവും നികുതി ഏര്‍പ്പെടുത്തിയാല്‍ 1.7 ട്രില്യണ്‍ അമേരിക്കന്‍ ഡോളര്‍ ലഭ്യമാവുമെന്നും ലോകത്തുള്ള 2 ബില്യണ്‍ ജനങ്ങളെ പട്ടിണിയില്‍ നിന്നു കരകയറ്റാന്‍ ഈ തുക ധാരളമാണെന്ന് ഓക്സ്ഫാം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
സമ്പന്നര്‍ക്ക് സമ്പത്ത് നികുതിയും ധനം ഒരു തലമുറയില്‍ അടുത്ത തലമുറയിലേക്ക് അനന്തരവകാശമായി കൈമാറുമ്പോഴുള്ള നികുതിയും ഏര്‍പ്പെടുത്തി സമ്പത്ത് കുറച്ചാളുകളില്‍ മാത്രം കുമിഞ്ഞുകൂടുന്നത് തടയണമെന്ന് ഈ റിപ്പോര്‍ട്ടുകള്‍ എല്ലാം ആവശ്യപ്പെടുന്നു. കുറച്ചാളുകളില്‍ മാത്രമായി അമിതമായ സമ്പത്ത് കേന്ദ്രീകരിക്കുന്നത് അവര്‍ക്ക് രാജ്യത്തെ നയങ്ങളിലും നിയമങ്ങളിലും ഭരണത്തിലും മീഡിയയിലും അന്യായമായ സ്വാധീനം ചെലുത്താന്‍ വഴിയൊരുക്കുകയും ഇത്തരത്തിലുള്ള ഒരുകൂട്ടം രാഷ്ട്രീയസമ്പന്ന അതിദൂഷിത വലയം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇന്ത്യയെപ്പോലെ ഒരു ജനാധിപത്യ രാജ്യത്ത് ഈ കൂട്ടുകെട്ട് സൃഷ്ടിക്കുന്ന അപകടങ്ങള്‍ നാം അനുഭവിച്ചികൊണ്ടിരിക്കുന്നതാണ്. അതിനു മതത്തിന്റെയും വര്‍ഗീയതയുടെയും നിറം കൂടി ചേരുമ്പോള്‍ ചങ്ങാത്ത മുതലാളിത്തവും ഹിന്ദുത്വ വര്‍ഗീയതയും ചേര്‍ന്ന് ഇന്ത്യന്‍ ജനാധിപത്യത്തെ തന്നെ വെല്ലുവിളിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.


സമ്പത്ത് വികേന്ദ്രീകരണം: ഇസ്ലാം പറയുന്നത്
സമ്പത്ത് ധനികരുടെ കയ്യില്‍ മാത്രം കറങ്ങുന്നത്തിനു പകരം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും അത് എത്തണമെന്നതാണ് ഇസ്ലാമിക വീക്ഷണം. അല്ലാഹു പറയുന്നു ‘വിവിധ നാടുകളില്‍ നിന്ന് അല്ലാഹു അവന്റെ ദൂതന് നേടിക്കൊടുത്തതൊക്കെയും അല്ലാഹുവിനും അവന്റെ ദൂതന്നും അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കര്‍ക്കുമുള്ളതാണ്. സമ്പത്ത് നിങ്ങളിലെ ധനികര്‍ക്കിടയില്‍ മാത്രം ചുറ്റിക്കറങ്ങാതിരിക്കാനാണിത്’. (അല് ഹശ്ര്7)
ധനം സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലേക്ക് പ്രസരണം ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകതയാണ് മേല്‍പറഞ്ഞ സൂക്തം സൂചിപ്പിക്കുന്നത്. സ്വര്‍ണവും വെള്ളിയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതെ അനാവശ്യമായി കൂട്ടിവെക്കുന്നവര്‍ക്ക് ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നു. എല്ലാവരും സമ്പത്ത് തുല്യമായി അനുഭവിക്കണമെന്ന ഉട്ടോപ്യന്‍ സിദ്ധാന്തം ഇസ്ലാം മുന്നോട്ടുവെക്കുന്നില്ല. മറിച്ച്, ജീവിത വിഭവങ്ങളുടെ ലഭ്യതയുടെ കാര്യത്തില്‍ പലരും പല തട്ടിലാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നതോടൊപ്പം അത് ദൈവിക വിവേകത്തിന്റെയും ലോകക്രമത്തിന്റെയും ഭാഗമായി ഇസ്ലാം വിശദീകരിക്കുകയും ചെയ്യുന്നു. ‘ഐഹിക ജീവിതത്തില്‍ ഇവര്‍ക്കിടയില്‍ തങ്ങളുടെ ജീവിതവിഭവം വീതംവെച്ചുകൊടുത്തത് നാമാണ്. അങ്ങനെ ഇവരില്‍ ചിലര്‍ക്ക് മറ്റുചിലരെക്കാള്‍ നാം പല പദവികളും നല്‍കി’ (സുഖ്റുഫ് 32)
അതേസമയം, ഇസ്ലാമിക കാഴ്ചപ്പാടില്‍ ഉല്‍പാദന പ്രക്രിയയുടെ ഭാഗമല്ലാത്തവര്‍ക്കു പോലും മറ്റുള്ളവരുടെ സമ്പത്തില്‍ അവരുടെ വിഹിതത്തിന് അവകാശമുണ്ട്. ഈ സവിശേഷത ഇസ്ലാമിക സാമ്പത്തിക വിതരണ സംവിധാനത്തെ മുതലാളിത്തത്തില്‍ നിന്നും സോഷ്യലിസത്തില്‍ നിന്നും വ്യത്യസ്തമാക്കുന്നു. ഖുര്‍ആന്‍ പറയുന്നു: ‘അവരുടെ സമ്പത്തില്‍, അത് ചോദിക്കുന്നവര്‍ക്കും ആവശ്യക്കാര്‍ക്കും അവകാശമുണ്ട്’ (അല്‍ മആരിജ്: 2425). വ്യക്തിപരമായി തന്റെ അധ്വാനവും മൂലധനവും അടിസ്ഥാനമാക്കി സമ്പാദിക്കാനും അത് വളര്‍ത്താനും മനുഷ്യന് അവകാശമുള്ളപ്പോള്‍ തന്നെ മിനിമം രീതിയിലുള്ള മാന്യമായ ജീവിതത്തിനു എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. അതിനായി കൂടുതല്‍ നീതിപൂര്‍വമായ ധനവിതരണം ഇസ്ലാം വിഭാവനം ചെയ്യുന്നത്.
സ്വന്തമാക്കാനും സമ്പാദിക്കാനുമുള്ള വ്യക്തിയുടെ അവകാശം ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ തന്നെ വിവിധ വഴികളിലൂടെ അത് സമൂഹത്തില്‍ വ്യാപിപ്പിക്കാനുള്ള സംവിധാനം ഇസ്ലാം ഉറപ്പുവരുത്തുന്നു. കൃഷി, ബിസിനസ് പോലുള്ള വരുമാന മാര്‍ഗങ്ങളിലുള്ള സകാത്തിനു പുറമെ ഒരാള്‍ സൂക്ഷിക്കുന്ന ധനത്തിനും ഇസ്ലാം സകാത്ത് നിഷ്‌കര്‍ഷിക്കുന്നു. നിബന്ധനകള്‍ക്കനുസരിച്ച് തന്റെ സാമ്പാദ്യത്തിന്റെ 2.5% ഓരോ വര്‍ഷവും സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ക്ക് നല്‍കാന്‍ ഒരു വിശ്വാസി ബാധ്യസ്ഥനാണ്. ഇതിന് സമാനമായ രീതിയില്‍ സമ്പത്തിന് ടാക്സ് ഏര്‍പ്പെടുത്തണമെന്നതാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടെ പ്രധാന ആവശ്യമെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. സകാത്തിന്റെ കാര്യക്ഷമമായ വിതരണം സമൂഹത്തില്‍ ഒരു പരിധിവരെ ദാരിദ്ര്യവും സാമ്പത്തിക അസമത്വവും കുറച്ച് കൊണ്ടുവരാന്‍ സഹായിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഇതിനു പുറമേ ബൈത്ത് അല്‍മാല്‍ (പബ്ലിക് ട്രഷറി), സദഖ (സന്നദ്ധ ചാരിറ്റി), വഖഫ് (സാമ്പത്തിക സ്രോതസ്സുകളെ ദാനം), ഹഖ് അല്‍ഖറാബ (ബന്ധുത്വത്തിന്റെ അവകാശം), ഹഖ് അല്‍ജാര്‍ (അയല്‍വാസിയുടെ അവകാശം), പാവപ്പെട്ടവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ സമ്പന്നരായ ആളുകളുടെ ഫര്‍ള് കിഫായ (ഗ്രൂപ്പ് ബാധ്യത) തുടങ്ങിയ വിവിധ സാമഗ്രികളാണ് ഇതിനു വേണ്ടി ഇസ്ലാം വിഭാവനം ചെയ്തിട്ടുള്ളത്.

ഫൈസല്‍ നിയാസ് ഹുദവി