സാമ്പത്തിക സംവരണത്തിന്റെ ജാതീയ മാനദണ്ഡം

2674

2011 ല്‍ അംബേദ്കര്‍ ജയന്തി ദിവസം, സ്വരാജ് എന്ന എന്‍.ജി.ഓയുടെ നേതൃത്വത്തില്‍ കുറച്ചു ചെറുപ്പക്കാര്‍ ഡല്‍ഹിയില്‍ ഒത്തുകൂടി. തങ്ങളുടെ ജാതിപേരുകള്‍ ഉപേക്ഷിക്കാന്‍. ഇവരെല്ലാം സവര്‍ണരായിരുന്നു എന്നതാണ് അതിലെ രസകരമായ വസ്തുത. മാധ്യമ പ്രവര്‍ത്തകര്‍ ഇവരില്‍ പലരോടും സംവരണത്തെ കുറിച്ചുള്ള നിലപാട് ചോദിച്ചു. എല്ലാവരും സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്നവരായിരുന്നു എന്നതാണ് ഇന്ത്യയിലെ ആധുനിക ജാതി വ്യവഹാരത്തിന്റെ മര്‍മത്തെ തൊടുന്നത്. ജനിച്ച ജാതിയുടെ ആനുകൂല്യം അനുഭവിക്കുന്നവര്‍ എങ്ങനെ ജാതിയെ തള്ളി പറയുന്നു. മറിച്ച് ജാതീയമായ വിവേചനം, അസമത്വം നേരിടുന്നവര്‍ ജാതിയെ എടുത്തുപറയേണ്ടി വരുന്നു? ഒരു തിരിച്ചിടല്‍ ആയി തോന്നാവുന്ന ഈ ഇടപാട് എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്നു ചിന്തിക്കുന്നതിലൂടെ സാമ്പത്തിക സംവരണവാദത്തിന്റെ യുക്തി മനസിലാക്കാന്‍ കഴിയും. ജാതി വ്യസ്ഥയ്ക്കുള്ളില്‍ ജാതികളെ കൃത്യമായി ഉറപ്പിച്ചു ജാതി അധികാരവും അതിന്റെ സവിശേഷ ആനുകൂല്യങ്ങളും സവര്‍ണര്‍ക്ക് നിലനിര്‍ത്താന്‍ കഴിയുന്ന ‘ജാതി’ എന്ന സങ്കല്‍പം ജാതീയ്തയ്‌ക്കെതിരെയും ജാതീയാധികാരത്തിനെതിരെയും ഒരു രാഷ്ട്രീയ സങ്കല്‍പ്പമായി ഉയര്‍ന്നുവന്നു എന്നത് സവര്‍ണ ജാതികള്‍ക്കുണ്ടാക്കിയ പ്രതിസന്ധിയാണ് പ്രധാനമായ ഒരു കാരണം. അതില്‍ തന്നെ ജാതിസംവരണം എന്ന സങ്കല്‍പ്പപത്തെ എങ്ങനെ മറികടക്കാമെന്നത് അവരെ സംബന്ധിച്ച ഏറ്റവും വലിയ ആശങ്കയായി മാറിയിട്ടുണ്ട്. അതുകൊണ്ടാണ് ‘ജാതി വിരുദ്ധം’ എന്നു തോന്നിക്കുന്ന ജാതിപേര് മാറ്റുന്ന പ്രക്ടനാത്മക പരിപാടികള്‍ സവര്‍ണ പുരോഗമനകാരികള്‍ക്കിപ്പോള്‍ ചെയ്യേണ്ടി വരുന്നത്.

പാര്‍ലമെന്റിലും രാജ്യസഭയിലും ഭൂരിപക്ഷ വോട്ടുകളുടെ പിന്‍ബലത്തോടെ പാസായ, രാഷ്ട്രപതിയുടെ അംഗീകാരത്തോടെ നിയമമായി കഴിഞ്ഞ 10 ശതമാനം മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം, സംവരണത്തെ കുറിച്ചുള്ള ചര്‍ച്ചകകളെ വീണ്ടും സജീവമായി കൊണ്ടുവന്നിരിക്കുന്നു. ജാതിയെ മര്‍മപ്രധാനമായി കാണുന്ന, സാമൂഹിക പിന്നാക്കാവസ്ഥയെ അടിസ്ഥാനപ്പെടുത്തിയുള്ള സവര്‍ണതയെ ബാധിക്കാത്തതെന്നു പ്രത്യക്ഷത്തില്‍ തോന്നിപ്പിക്കുന്ന ഈ ഭരണഘടനാ ഭേദഗതി, വളരെ തന്ത്രപരമായി സാമ്പത്തിക സംവരണ വാദത്തെ മുന്നോട്ടു കൊണ്ടുപോകുന്ന ഒന്നാണ്. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഈ ബില്ലിനെ പിന്തുണച്ചത് വലിയ അത്ഭുതമുണ്ടാക്കുന്നില്ലെങ്കിലും, ബി.എസ്.പി അടക്കമുള്ള ദലിത് ബഹുജന്‍ പാര്‍ട്ടികള്‍ ബില്ലിനെ പിന്തുണച്ചു എന്നത് സാമ്പത്തിക സംവരണ വാദം സംവരണത്തിന്റെ രാഷ്ട്രീയത്തോട് വര്‍ഷങ്ങളോളം നടത്തിയിട്ടുള്ള കലഹത്തില്‍ നേടിയ ഒരു വിജയം തന്നെയാണ്. സാമ്പത്തിക മാനദണ്ഡം എന്ന സങ്കല്‍പ്പത്തെ സംവരണത്തിന്റെ വ്യവഹാരത്തിലേക്ക് കടത്താനും, അതുവഴി സംവരണം അനുഭവിക്കുന്ന സമുദായങ്ങളിലെ ഒരു വിഭാഗം അതിനു സാധൂകരണം നല്‍കിയെന്നതും, ഒരു ചെറിയ വിജയമല്ല അവരെ സംബന്ധിച്ച്. വ്യത്യസ്ത വിഭാഗങ്ങള്‍ക്കു നല്‍കുന്ന സംവരണം അമ്പതു ശതമാനത്തില്‍ കവിയരുത് എന്ന സുപ്രീം കോടതി തീര്‍പ്പിനെ മറികടക്കാന്‍, അറുപതു ശതമാനം സംവരണം കൊണ്ടുവന്നു കൊണ്ട,് അതില്‍ പത്തു ശതമാനം മുന്നാക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം അനുവദിച്ചു കൊണ്ടാണല്ലോ ഇപ്പോള്‍ ഭരണഘടനാ ഭേദഗതി ചെയ്തിരിക്കുന്നത്. അതുകൊണ്ട,് നിലവിലെ സംവരണത്തെ ബാധിക്കില്ല എന്ന ഒരു പ്രതീതി ഈ ഭേദഗതിയുണ്ടാക്കിയിട്ടുണ്ട്. അക്കാരണത്താല്‍ തന്നെ, കൂടുതല്‍ അപകടകരമായ ഒരു നീക്കമാണിത്. സംവരണത്തിന്റെ കണക്കുകള്‍,വസ്തുതകള്‍ എന്നതിനെക്കാളും, ഇപ്പോള്‍ അംഗീകാരം നേടിയ ‘അധികമായി കൂട്ടിചേര്‍ക്കപെട്ട’ സംവരണത്തിന്റെ രാഷ്ട്രീയമായ പ്രശ്‌നത്തെ കുറിച്ചുള്ള ചില ആലോചനകളാണ് ഈ കുറിപ്പിലൂടെ മുന്നോട്ടുവെക്കാന്‍ ശ്രമിക്കുന്നത്.

ഒരു സങ്കല്‍പ്പത്തിന്റെ യുക്തിയുപയോഗിച്ചു തന്നെ, അതിനെ തകര്‍ക്കുന്ന ഒരു രീതിയാണ് ‘സാമ്പത്തിക സംവരണം’ ചെയ്യുന്നത്. ചില പ്രത്യേക വിഭാഗങ്ങള്‍ക്കുള്ള സംവരണം എന്ന സങ്കല്‍പം വികസിച്ചു വരുന്നത് തന്നെ ‘പൊതു’ എന്നു കരുതപ്പെടുന്ന ഒരു വ്യവസ്ഥക്കുള്ളില്‍ പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു എന്ന ബോധ്യംകൊണ്ടാണ്. ഇവിടെ ചരിത്രപരമായി കൂടി ഈ പ്രശ്‌നത്തെ സമീപിക്കേണ്ടതുണ്ട്. സംവരണത്തിന്റെ ചരിത്രത്തെ കുറിച്ചുള്ള ധാരാളം പഠനങ്ങള്‍ ലഭ്യമാണ്. അതിന്റെ ചരിത്രത്തിലെ പ്രധാനപെട്ട മുഹൂര്‍ത്തങ്ങളെയും, അതുപോലെ സംവരണ വിരുദ്ധപ്രക്ഷോഭ കാലത്ത് ഉയര്‍ന്നു വന്ന ചര്‍ച്ചകളെയും സ്പര്‍ശിച്ചുകൊണ്ട,് ഇപ്പോഴത്തെ സാഹചര്യത്തെ കുറിച്ച് ആലോചിക്കാം.

സംവരണം എന്ന സങ്കല്‍പം നിലവില്‍ വരുന്നത് ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുന്നത് മുതലല്ല. ബ്രിട്ടീഷ് ഭരണധികാരികളും ചില രാജഭരണാധികാരികളും ഈ ഒരു സങ്കല്‍പം പല രീതിയില്‍ നടപ്പില്‍ വരുത്തിയിട്ടുണ്ട്. തെക്കെയിന്ത്യയില്‍ മൈസൂരിലും പശ്ചിമേന്ത്യയില്‍ ബറോഡയിലും കൊല്‍ഹാനപൂരിലും സംവരണം നടപ്പാക്കപ്പെട്ടിരുന്നു. ‘സംവരണത്തിന്റെ ചരിത്രത്തിലെ മുഹൂര്‍ത്തങ്ങള്‍’ എന്ന പേരില്‍ ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ എഴുതിയ ലേഖനത്തില്‍ ഭഗവാന്‍ദാസ് ഈ ചരിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ബ്രിട്ടീഷധികാരികള്‍ 1909,1919 ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ടുകളിലൂടെ മുസ്‌ലിംകളുടെ പ്രാതിനിധ്യം ഉറപ്പിക്കാനും വട്ടമേശ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഡിപ്രസ്ട് ക്ലാസ് എന്ന് അന്നറിയപ്പെട്ടിരുന്ന അയിത്ത ജാതിക്കാര്‍ക്കു വേണ്ടിയുള്ള കമ്മ്യൂണല്‍ അവാര്‍ഡും കൊണ്ടുവരുന്നുണ്ട്. പിന്നീട് ഗാന്ധിയുടെ എതിര്‍പ്പിന്റെ ഭാഗമായി ‘പൂനാകരാര്‍’ നിലവില്‍ വരുന്നതും ചരിത്രമാണ്. പിന്നീട്, ഡിപ്രസ്ട് ക്ലാസുകള്‍ക്കുള്ള സംവരണ സീറ്റുകളുടെ പ്രശ്‌നം 1935ലെ ഇന്ത്യന്‍ അക്ടിലും ഉറപ്പിക്കുന്നുണ്ട്. 1937ല്‍ നിലവില്‍വന്ന ആ ആക്ട്ടിലൂടെയാണ് ‘പട്ടിക ജാതികള്‍’ (രെവലറൗഹലറ രമേെല)െ എന്ന പ്രയോഗം നിലവില്‍ വരുന്നത്. ഇന്ത്യന്‍ ഭരണഘടന സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ പ്രത്യേകിച്ച്, പട്ടിക വിഭാഗങ്ങളുടെ സംവരണാവകാശത്തെയും ജനപ്രതിനിധിസഭകളിലെ പ്രാതിനിധ്യത്തെ ഉറപ്പിക്കുന്നുണ്ട്. പതിനഞ്ചാം അനുച്ഛേദത്തില്‍, സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്കായുള്ള നിയമ നിര്‍മാണത്തെ അനുവദിക്കുന്ന ഉപവകുപ്പ് ചേര്‍ത്തിട്ടുള്ളതു പോലെ, ഗവണ്‍മെന്റ് സര്‍വീസില്‍ മതിയായ പ്രാതിനിധ്യം ഇല്ലാത്ത പിന്നാക്ക വിഭാഗങ്ങള്‍ക്കായി ജോലി,പോസ്റ്റ് സംവരണം ചെയ്യുന്നതിനു സര്‍ക്കാരിനെ അനുവദിക്കുന്നുണ്ട്.

അതെ പോലെ പട്ടികജാതി/വര്‍ഗക്കാര്‍ക്ക് ജനപ്രാതിനിധ്യസഭകളിലെ സീറ്റ് സംവരണം ഉറപ്പിക്കുന്ന പ്രത്യേക വകുപ്പുകളും ഭരണഘടനയിലുണ്ട്. സംവരണം എന്നത് കേവലം ഭരണകൂട ഭാഗത്തു നിന്നുള്ള നടപടിയല്ലായിരുന്നു. ബി.ആര്‍ അംബേദ്കറുടെ നേതൃത്വത്തിലുള്ള അയിത്ത ജാതിക്കാരുടെ നിരന്തരമായ സമരങ്ങളിലൂടെയും നീക്കുപോക്കുകളിലൂടെയുമാണ് സംവരണാവകാശങ്ങള്‍ നേടിയെടുക്കുന്നത്. ഗാന്ധിയുടെയും കൊണ്‍ഗ്രസിന്റെയും നിലപാടുകള്‍ക്കെതിരെയും, വട്ടമേശ സമ്മേളനത്തിലെ വാദങ്ങളിലൂടെയുമൊക്കെ നേടിയെടുത്ത ഒന്ന്. ആ സമയത്തെ അന്തരാഷ്ട്ര രാഷ്ട്രീയത്തിലെ സമ്മര്‍ദ്ദങ്ങള്‍ നേരിട്ടിരുന്ന ബ്രിട്ടീഷ് അധികാരികളുടെ പ്രതിസന്ധിയുടെ സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തി സംവരണാവകാശങ്ങള്‍ നേടിയെടുക്കാന്‍ അംബേദ്കര്‍ക്കും ഡിപ്രസ്ഡ് ക്ലാസ്സ് പ്രസ്ഥാനത്തിനും കഴിഞ്ഞു. സംവരണത്തിന്റെ ചരിത്രം നോക്കിയാല്‍, ഈ നിലക്ക്, സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയേയും പ്രാതിനിധ്യത്തിന്റെ പ്രശ്‌നത്തേയുമാണ് അത് അഭിസംബോധന ചെയ്യുന്നത് എന്നു കാണാം. ഈ പിന്നാക്കം എന്ന സങ്കല്‍പ്പത്തിന് എതിരായാണ് മുന്നാക്കം എന്ന ആശയം തന്നെയുണ്ടാകുന്നത്. പട്ടിക ജാതി, ഒ.ബി.സി തുടങ്ങിയ സര്‍ക്കാര്‍ ഗണങ്ങള്‍ (രമലേഴീൃശല)െ തന്നെ ആലോചിച്ചാല്‍ വ്യക്തമാണല്ലോ മുന്നാക്കം എന്നതു ജാതീയമായി സാമൂഹിക മുന്നാക്കാവസ്ഥയില്‍ നില്‍ക്കുന്നവരെയാണ് കുറിക്കുന്നതെന്ന്. ആ നിലക്ക,് മുന്നാക്കം എന്നതില്‍തന്നെ അഭിമാനിക്കുന്ന ഒരു സമുദായം എങ്ങനെയാണ് സംവരണത്തിന് അര്‍ഹാമാകുന്ന ത്?. സാമ്പത്തിക സംവരണ വാദികള്‍ക്ക് സാമൂഹികമായ ജാതീയ പദവിയെ ആശ്രയിച്ചു കൊണ്ടു മാത്രമാണ് സംവരണത്തിനു വേണ്ടി വാദിക്കാന്‍ കഴിയുന്നത് എന്നതാണ് അവര്‍ നേരിടുന്ന ഒരു പ്രശ്‌നം. ഇപ്പോഴത്തെ പത്തു ശതമാനം മുന്നാക്കക്കാരിലെ ‘പിന്നാക്കക്കാര്‍ക്ക്’ വേണ്ടിയുള്ളതാണ് എന്നതുകൊണ്ട് ഫലത്തില്‍ ഇത,് മുന്നാക്ക ജാതിക്കാര്‍ക്ക് വേണ്ടിയുള്ള ജാതി സംവരണമായി മാറുന്നു. അതുകൊണ്ടുതന്നെ, അത് ഭരണഘടന അനുവദിക്കുന്ന തുല്യതയ്ക്കു എതിരാവുകയും ചെയ്യുന്നു. മറ്റൊന്ന്, ഒരു സാമൂഹികവിഭാഗം എന്ന നിലയില്‍ സവര്‍ണ/മുന്നാക്ക ജാതികള്‍ പിന്നാക്ക അവസ്ഥ നേരിടുന്നില്ല എന്നു കൂടിയാണല്ലോ അവര്‍ തന്നെ സമര്‍ത്ഥിക്കുന്നത്. അവരിലെ ചിലര്‍ സാമ്പത്തികമായ പിന്നാക്കാവസ്ഥയിലാണ് എന്നതായി മാറുന്നുണ്ട് അവരുടെ വാദം.

അതിന്റെ അര്‍ത്ഥം, സാമ്പത്തിക പിന്നാക്കാവസ്ഥയെന്നത് ആ ജാതിയില്‍ ജനിച്ചത് കൊണ്ടാല്ലായെന്നു തന്നെയല്ലേ അവര്‍ പറയുന്നത്? എന്‍.എസ്.എസ്, യോഗ ക്ഷേമ സഭ പോലുള്ള സമുദായങ്ങള്‍ക്ക് എന്തുകൊണ്ട് അവരുടെയിടയിലെ സാമപ്തിക പിന്നോക്കാവസ്ഥയുടെ പരിഹാരത്തിന് ഒന്നുംചെയ്യാന്‍ പറ്റാത്തത്. അവരുടെ സ്ഥാപനങ്ങളില്‍ തൊഴില്‍ ഉറപ്പിക്കാന്‍ കഴിയാത്തത്. അതുപോലെ, മറ്റൊരു ചോദ്യവും ചോദിക്കാവുന്നതാണ്. കേരളത്തിലെ ജനപ്രതിനിധി സഭകളില്‍ സവണര്‍ക്ക് ഇത്രയും പ്രാതിനിധ്യം വരുന്നത് ഏതു സംവരണത്തിന്റെ അടിസ്ഥാനത്തിലാണ്? ജനറല്‍ സീറ്റുകളിലൂടെ എങ്ങനെ ആ ആധിപത്യം ഉറപ്പിക്കാന്‍ കഴിയുന്നു? മണ്ഡല്‍ കമ്മീഷന്‍ കേസുകളുമായി ബന്ധപെട്ട കോടതി വിധിയില്‍ (16 നവംബര്‍ 1992)ല്‍ കോടതി വിധിയിലെ ജാതീയത/പിന്നാക്കാവസ്ഥ എന്നതിനെ കുറിച്ചുള്ള പ്രധാന വിലയിരുത്തലുകള്‍ കെ.വി കുമാരന്റെ ‘മണ്ഡല്‍ കേസുകളിലെ സുപ്രീം കോടതി വിധി:സാമൂഹിക രാഷ്ട്രീയ പശ്ചാത്തലവും പ്രത്യാഘാതങ്ങളും’ (1993) എന്ന ലഘുലേഖയില്‍ കൊടുത്തിട്ടുണ്ട്. അതിലൊന്ന് ‘ദാരിദ്ര്യാവസ്ഥ എല്ലാ രാജ്യങ്ങളിലുമുണ്ട്. എന്നാല്‍, മറ്റൊരു രാജ്യത്തും ദാരിദ്ര്യാവസ്ഥക്ക് മുതുകത്ത് സാമൂഹികമായ ഈ അധ:സ്ഥിതാവസ്ഥ അടിച്ചേല്‍പ്പിക്കപ്പെട്ടിട്ടില്ല. ദാരിദ്ര്യാവസ്ഥ, ജാതിയാലുള്ള താഴ്ന്നനില, താഴ്ന്ന തൊഴില്‍ ഇതുമൂന്നും ചേര്‍ന്ന് ഒരു വിഷമവൃത്തം ഇന്ത്യയില്‍ മാത്രമാണ്. ഇതിന്നും നിലനില്‍ക്കുന്നു.’ ജാതി, തൊഴില്‍, ദാരിദ്ര്യാവസ്ഥ, സാമൂഹികമായ പിന്നാക്കാവസ്ഥ ഇതെല്ലാം പരസ്പരം നല്ലവണ്ണം കെട്ടുപിണഞ്ഞു കൊണ്ടുള്ളതാണ് നമ്മുടെ സമൂഹമെന്നും, പിന്നാക്ക സമുദായക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ പ്രാതിനിധ്യം കുറവാണെന്നും, മേല്‍ജാതി പ്രാതിനിധ്യം കൂടുതലാണെന്നും കോടതി വിധി പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യന്‍ ഭരണഘടനയിലെ 16(4) വകുപ്പിലുള്ള ക്ലാസ് എന്ന പദപ്രയോഗം സാമൂഹികമായ വര്‍ഗം എന്ന നിലയിലുള്ളതാണെന്നും, മാര്‍ക്‌സിസ്റ്റു രീതിയിലുള്ള വര്‍ഗമല്ലെന്നും കോടതി പറയുന്നു. 25-09-1991ല്‍ നരസിംഹ റാവു സര്‍ക്കാര്‍ ഉത്തരവ് പ്രകടിപിച്ച സംവരണേതര സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള പത്തു ശതമാനം സംവരണം ഭരണഘടനാ വിരുദ്ധമായി കോടതി പ്രഖ്യാപിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ, ഇപ്പോഴത്തെ സാമ്പത്തിക സംവരണ നിയമം കോടതിയില്‍ ചോദ്യം ചെയ്യപ്പെടാം.

ഈ അവസരത്തില്‍ ആലോചിക്കേണ്ട ഒരുകാര്യം, സാമൂഹിക പിന്നാക്കാവസ്ഥ അടിസ്ഥാനപ്പെടുത്തിയുള്ള സംവരണത്തിന്, അനുകൂലമായ ചില ലിബറല്‍ ഇടങ്ങളില്‍ നിന്നും വരുന്ന ചില വാദങ്ങളെ കുറിച്ചാണ്. ഭൂതകാലത്തെ തെറ്റിനുള്ള പ്രായശ്ചിത്തമായി കാണുന്ന ചില നിലപാടുകള്‍ പ്രശ്‌നം നിറഞ്ഞതാണെന്ന് തോന്നുന്നു. കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം അത്തരം ഒരു വാദം ഉന്നയിച്ചിരുന്നു. അതിലെ പ്രശ്‌നം ശരിക്കും ജാതിയെ ഭൂതകാലത്തില്‍ പ്രതിഷ്ഠിക്കുന്നുവെന്നതും, പുരോഗമന/ലിബറല്‍ സവര്‍ണരുടെ കുറ്റബോധത്തെ പരിഹരിക്കാനുള്ള ഒന്നായി കാണുന്നു എന്നുള്ളതാണ്. പ്രായശ്ചിത്ത നടപടിയുടെ ഉറവിടമാണ് പ്രശ്‌നം. ആരില്‍ നിന്നാണ് ഈ പ്രായശ്ചിത്തം ഉണ്ടാകേണ്ടത്?, ഭരണകൂടത്തില്‍ നിന്നോ?, അങ്ങനെ വരുമ്പോള്‍ ഭരണകൂടം എന്നതിനെ സവര്‍ണര്‍ തങ്ങളുടെതായി കാണുകയും പട്ടിക വിഭാഗങ്ങള്‍ക്കും മറ്റു പിന്നാക്കവിഭാഗങ്ങള്‍ക്കും ചെയ്യുന്ന ഔദാര്യം, അല്ലെങ്കില്‍ തെറ്റുതിരുത്തല്‍ ആണോ ഇത്?. മറിച്ച്, ഭരണകൂടത്തിലെ തങ്ങളുടെ അവകാശത്തെ കൂടി ഇതിലൂടെ ഉറപ്പിക്കുകയല്ലേ ഇതിലൂടെ ചെയ്യുന്നത്. മറ്റൊരു പ്രധാനകാര്യം സംവരണം ഭൂതകാലത്തെ ഒരു നഷ്ടടം നികത്താനുള്ളതല്ല. മറിച്ച് ആധുനിക ദേശ/സമൂഹ ഇടത്തിലെയും വ്യക്തിപരമായ ഇടത്തെയും വികസിപ്പിക്കാനുള്ള ഒരു സാധ്യതയാണ്. സര്‍ക്കാര്‍ ജോലിയിലെയും ആധുനിക വിദ്യാഭ്യാസത്തിലെയും ഭരണ സംവിധാനത്തിലെയും പ്രാതിനിധ്യം എന്നത് ഒരു ആധുനികയിടപാടല്ലേ? സംവരണം എന്നത് ഒരു ഭരണകൂട വ്യവഹാരമാണോ? അല്ലെങ്കില്‍ ഒരു രക്ഷാധികാര സ്വഭാവമുള്ള രാഷ്ട്രത്തിന്റെ ഔദാര്യമാണോ?. ഇത് ഒരു സൈദ്ധാന്തിക പ്രശ്‌നമായിരിക്കാം. ആധുനിക ജാനാധിപത്യ സംവിധാനങ്ങള്‍ മുന്നോട്ടുവക്കുന്ന ജാതി, മത അടയാളമില്ലാത്ത സ്വതന്ത്ര്യവ്യക്തി, അല്ലെങ്കില്‍ പൗര-പ്രജ എന്ന സങ്കല്‍പ്പത്തിന്റെ ഒരു പ്രതിസന്ധിയാണ് സംവരണത്തെ അംഗീകരിക്കുന്നതിലൂടെ ഭരണകൂടം തന്നെ വ്യക്തമാക്കുന്നത്. ജാതി-മത സമുദായങ്ങളുടെ വ്യത്യസ്തതകളും സാമൂഹിക പശ്ചാതലങ്ങളുടെ വ്യത്യസ്തതകളും ഭരണകൂടത്തിനു അംഗീകരിക്കേണ്ടി വരുന്നു എന്നതാണ് ജാനാധിപത്യം എന്ന സങ്കല്‍പ്പത്തെ അതിന്റെ സാധ്യതകളുടെ അതിരിലേക്ക് വികസിപ്പിക്കാന്‍ കഴിയുന്നത്. ഈ കുറിപ്പിന്റെ അവസാനം ചില പരിമിതികളെ കുറിച്ചും മറ്റു സാധ്യതകളെ കുറിച്ചുമുള്ള ചില ആലോചനകള്‍ പങ്കുവക്കട്ടെ. ഭരണഘടനാ പരിഷ്‌കാരത്തിലൂടെ സംവരണത്തെ മുന്നോട്ടുകൊണ്ടു പോകണമെങ്കില്‍, നടപ്പാക്കേണ്ടത് സാമ്പത്തിക സംവരണമല്ല. സംവരണത്തിന്റെ പരിധിക്കു പുറത്തായ, അല്ലെങ്കില്‍ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ പുറത്തായ സമുദായങ്ങളെയാണ്. ദലിത് ക്രൈസ്തവര്‍, മുസ്‌ലിംകള്‍ എന്നിവരെയാണ് പരിഗണിക്കേണ്ടത്. ഒ.ബി.സികളുടെ ജനസംഖ്യാനുപാതിക സംവരണം പരിഗണിക്കപ്പെടേണ്ടത് ഒരു പ്രധാന കാര്യമാണ്. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുന്നതിലൂടെ നഷ്ടടമായ കേന്ദ്ര സര്‍വീസിലുള്ള മുസ്‌ലിംകള്‍ക്കുള്ള സംവരണം ഉള്‍പ്പെടെ ചര്‍ച്ചയ്ക്കു വരേണ്ട വിഷയങ്ങളുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിലെ സംവരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളുണ്ട്. മറ്റൊന്ന് സംവരണത്തിനപ്പുറത്തേക്ക് ജനസംഖ്യാനുപാതികമായി വ്യത്യസ്ത സമുദായങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്ന പുതിയ സമീപനങ്ങള്‍ വികസിപ്പിക്കേണ്ടതുമുണ്ട.്‌