സി. രവിചന്ദ്രനും ഹിന്ദുത്വയും; ഉപ്പിലിട്ടതല്ല, ഉപ്പ് തന്നെയാണ്‌

2923

കേരളത്തിലെ നവനാസ്തികതയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സി. രവിചന്ദ്രന്‍ സംഘ്പരിവാര്‍ ഏജന്റാണെന്നാണ് പലരും പ്രചരിപ്പിക്കുന്നത്. പ്രമാദമായ പൗരത്വ ഭേദഗതി നിയമത്തെയും ഡിറ്റെന്‍ഷന്‍ കേന്ദ്രങ്ങളെയും ന്യായീകരിക്കുന്നു, കേന്ദ്ര സര്‍ക്കാറിന്റെ തന്നെ കര്‍ഷക വിരുദ്ധ നിയമത്തെ സ്വാഭാവികവത്കരിക്കുന്നു, കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന സവര്‍ണാനുകൂല സംവരണത്തെ വെള്ളപൂശുന്നു തുടങ്ങിയ നീക്കങ്ങള്‍ ഇയ്യിടെ ടിയാനില്‍ നിന്നുണ്ടായതാണ് പുതിയ തെളിവുകള്‍. ഗാന്ധി വധത്തെ നിസ്സാരമാക്കുക, കേരളത്തിലരങ്ങേറിയ അവര്‍ണ-കീഴാള നവോഥാനങ്ങളെയും അവയുടെ നായകരെയും തള്ളിപ്പറയുക, മുസ്‌ലിം എന്ന അപരനെ സൃഷ്ടിക്കാന്‍ ഇസ്‌ലാമോഫോബിയക്ക് ശാസ്ത്രീയത പകരാന്‍ ശ്രമിക്കുക തുടങ്ങിയ കൃത്യങ്ങള്‍ കാരണത്താല്‍ നേരത്തെ തന്നെ സവര്‍ക്കറിസ്റ്റ് യുക്തിവാദി എന്നൊരു വിശേഷണം ആള്‍ ആര്‍ജിച്ചുവച്ചതുമാണ്.
സി. രവിചന്ദ്രന്‍ സംഘ്പരിവാറിന്റെ ഏജന്റാണെന്ന് പറയുന്നത് ശരിയല്ല, സംഘ്പരിവാറുകാരന്‍ തന്നെയാണ്. മത രഹിതനായ,മത വിരുദ്ധനായ, നാസ്തികനായ ഒരാള്‍ എങ്ങനെ വര്‍ഗീയ സ്വത്വത്തിന്മേല്‍ നിലകൊള്ളുന്ന പ്രത്യയ ശാസ്ത്രത്തിന്റെ ഭാഗമാവും എന്ന സംശയമാണ്-മെമ്പര്‍ഷിപ്പ് നല്‍കാതെ ഏജന്‍സിഷിപ്പ് മാത്രം പതിച്ച് നല്‍കാന്‍ പ്രേരണയാവുന്നത്. സംഘിസം വാര്‍ക്കപ്പെട്ട ആശയാടിത്തറയായ ഹിന്ദുത്വ എന്താണെന്ന് മനസ്സിലോര്‍ക്കാത്തത് കൊണ്ടാണങ്ങനെ സംഭവിക്കുന്നത്.
വിശ്വാസ മൂല്യങ്ങള്‍ ചട്ടയും കൂടും നിര്‍ണയിക്കുന്ന ഹിന്ദുയിസം എന്ന മതമല്ല ഹിന്ദുത്വ എന്ന് വ്യക്തമായി വിശദീകരിച്ച ദാമോദര്‍ വിനായക് സവര്‍ക്കര്‍ ഒരേ സമയം നിരീശ്വരവാദിയും ഹിന്ദുത്വയുടെ ശില്‍പിയുമായിരുന്നു. നിരീശ്വരവാദി നിരുപാധികം മത വിരുദ്ധനാവണമെന്നില്ല, കാരണം, മതമെന്നാല്‍ ഒരു സാമൂഹിക സ്ഥാപനമാണ്. പരിണാമ പ്രക്രിയകള്‍ക്ക് വിധേയമായും സാമൂഹിക മാറ്റങ്ങള്‍ക്ക് ഇടമൊരുക്കിയും നിലനില്‍ക്കുന്ന മതങ്ങളെ അതിന്റെ ലെ േീള യലഹശലള ല്‍ നിന്നും വേര്‍പ്പെടുത്തിയ ശേഷം കൂടെ കൂട്ടാമെന്നത് നാസ്തികതയുടെ സൗകര്യമാണ്. അതിജീവനത്തിന് അര്‍ഹതപ്പെട്ട സമൂഹത്തിന്റെ മതം അവര്‍ക്ക് ശാസ്ത്രീയ ശരിയുമാണ്. ഹിന്ദുത്വ എന്ന നാമം തന്നെ സവര്‍ക്കര്‍ ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി സ്വയം രൂപീകരിച്ചതാണ്. ‘ആരാണ് ഹിന്ദു’ എന്ന സവര്‍ക്കര്‍ ഉപന്യാസത്തിലൂടെയാണ് ‘ഹിന്ദുത്വ’ യെ പരിചയപ്പെടുത്തിയത്.
ഈ ബൈനറിയുടെ മറുപുറമാണ് മുഹമ്മദലി ജിന്ന. താന്‍ ജനിച്ച് വളര്‍ന്ന മതഗാത്രത്തോടും വിശ്വാസങ്ങളോടും വിയോജിച്ച, വിപ്രതിബദ്ധനായ മതവിരുദ്ധനായിരുന്നു ജിന്ന. പക്ഷേ, ജിന്നയും സവര്‍ക്കറും സ്വത്വരാഷ്ട്രീയവും മതവര്‍ഗീയതയും ആയുധമാക്കിയവരായിരുന്നു. അതായത്, സി. രവിചന്ദ്രന് ഹിന്ദുത്വയെ പിന്തുണക്കാന്‍ എന്തോ മാറ്റിവക്കേണ്ടതിന്റെയോ, കൂടെ നിര്‍ത്തേണ്ടതിന്റെയോ ഒന്നും കാര്യമില്ല. അയാള്‍ അയാളുടെ പ്രത്യയശാസ്ത്രപരമായ ജോലി തന്നെയാണ് ചെയ്യുന്നത്.
ഫാസിസം വളരാന്‍ അപരന്മാരെ തേടുമെന്ന് വീണ്ടും പറയട്ടെ, ഭാരതത്തില്‍ ആ അപരന്മാര്‍ ആരൊക്കെയാണെന്ന് ഗോള്‍വാള്‍ക്കറുടെ വിചാരധാര തന്നെ എഴുതിയതാണ്, മുസ്‌ലിംകള്‍ , ക്രിസ്ത്യര്‍, കമ്മ്യൂണിസ്റ്റുകാര്‍. വടക്കേ ഇന്ത്യയില്‍ വിജയിച്ച ആ രീതി കേരളത്തില്‍ നടപ്പിലാക്കുന്നത് ബി.ജെ.പി നേതാക്കളേക്കാള്‍, ഹിന്ദുത്വ നാസ്തികരാണ്. നവനാസ്തികത ഫാസിസം തന്നെയാണ്. നിരന്തരം നീട്ടിവക്കപ്പെടുന്ന ലക്ഷ്യസാക്ഷാത്കാരം, മിഥ്യയായ അപരശത്രു നിര്‍മാണം, മതത്തിന്റെ മതവിരുദ്ധ സാധ്യതയെ ദേശീയതയുമായി കൂട്ടിച്ചേര്‍ക്കല്‍ തുടങ്ങിയ പ്രക്രിയകള്‍ തന്നെയാണ് നവനാസ്തികതയുടെ ആഗോള, ദേശീയ, പ്രാദേശിക രീതികള്‍.
മൂന്നു തരം സംഘ്പരിവാര്‍ ഫ്രീക്വന്‍സികളാണ് കേരളത്തിലുള്ളത്. ഇസ്‌ലാമോഫോബിക്കായ മുസ്‌ലിം വിരുദ്ധ മധ്യവര്‍ഗ സംഘികള്‍, ജാതി സംവരണത്തെയും ഭൂപരിഷ്‌കരണ നിയമത്തെയും എതിര്‍ക്കുന്ന ബ്രാഹ്മണ സംഘികള്‍, ഇടതു-മൃദു വലതു രാഷ്ട്രീയ ചേരിയോട് ചേരാനാവാതെ തീവ്രവലതു രാഷ്ട്രീയം സ്വീകരിച്ച രാഷ്ടീയ സംഘികള്‍ എന്നിവയാണവ. ഈ മൂന്ന് വിഭാഗത്തെയും സംതൃപ്തരാക്കാന്‍ സി. രവിചന്ദ്രന്‍ പറയുന്ന സാമൂഹിക പാഠങ്ങളേക്കാള്‍ പാകപ്പെട്ട മറ്റൊന്ന് ഇനി ഉണ്ടായിട്ട് വേണം. ഹൈന്ദവ ആചാരങ്ങളെ അപകടകരമല്ലാത്ത വിധം ആക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന വിമര്‍ശന സന്തുലിതത്വം, അധികാര ഹിന്ദുത്വയോടുള്ള ദാസ്യം മറച്ചുപിടിക്കാന്‍ ഉപയോഗപ്പെടുത്തുന്നുവെന്നതാണ് സി. രവിചന്ദ്രന്‍ അര്‍ഥവും വിവക്ഷയുമറിഞ്ഞ് ചെയ്യുന്ന ഏകജോലി.

നാസ്തികത മാത്രമല്ല നവനാസ്തികത
രാഷ്ട്രീയ താത്പര്യങ്ങളുടെ നിലനില്‍പ്പിനു വേണ്ടി പ്രാക്തന കാലത്ത് രൂപപ്പെടുത്തപ്പെട്ട വര്‍ണാശ്രമാവ്യവസ്ഥയുടെ പ്രായോഗിക ശാലകള്‍ മതാധിഷ്ഠിതമാണെന്ന തിരിച്ചറിവാണ് കേരള യുക്തിവാദത്തിന്റെ ആചാര്യരായ സഹോദരന്‍ അയ്യപ്പനെയും കുറ്റിപ്പുഴ കൃഷ്ണന്‍പിള്ളയെയും ഇ.വി പെരിയോരെയുമെല്ലാം നിരീശ്വര വാദികളാക്കിയത്. കീഴാളരുടെ സാമൂഹിക പരിഷ്‌കരണമായിരുന്നു അവരുടെയെല്ലാം അടിസ്ഥാന ലക്ഷ്യം. ആധ്യാത്മിക മഹത്വങ്ങളെ നിഷേധിച്ചുകൊണ്ട് തികഞ്ഞ ഭൗതികവാദിയായി മാറിയപ്പോഴും തന്റെ ഗുരു ശ്രീ നാരായണനോട് അങ്ങേയറ്റം ഭവ്യത കാത്തു സൂക്ഷിച്ചിരുന്നു സഹോദരന്‍ അയ്യപ്പന്‍. തന്റെ പിന്‍ഗാമിയായി ശ്രീനാരായണ ഗുരു സഹോദരന്‍ അയ്യപ്പനെ വാഴ്ത്തിയത് സാമൂഹികമായ ഉച്ഛനീചത്വങ്ങള്‍ക്കെതിരെയുള്ള ഉറച്ച സന്ദേശം എന്നനിലയിലായിരുന്നു. അവരാരും സവര്‍ണ നാസ്തികരോ ഇസ്‌ലാമിക് ഫോബികോ സെമിറ്റിക്-സംവരണ വിരുദ്ധരോ ആയിരുന്നില്ല.
‘എനിക്ക് മതമില്ല, ഞാനൊരു മതം തിരഞ്ഞെടുക്കുന്നുവെങ്കില്‍ അത് ഇസ്‌ലാമാകുമെന്നായിരുന്നു’ എന്നായിരുന്നു ഇവി പെരിയോര്‍ പറഞ്ഞത്. തങ്ങളുടെഅടിസ്ഥാന നിലപാട് ചോര്‍ന്നു പോയ കാര്യത്തില്‍ കേരളത്തിലെ നവനാസ്തികാചാര്യന്മാര്‍ക്ക് ധാരണയില്ല. പക്ഷേ, ഇന്നിപ്പോള്‍ ഇവിപെരിയോറെയും സഹോദരന്‍ അയ്യപ്പനെയും തള്ളി വീര്യ സവര്‍ക്കറെ സാമൂഹിക സമുദ്ധാരകന്‍ എന്ന് വിശേഷിപ്പിച്ച സി രവിചന്ദ്രന്‍ തീവ്ര വലതുപക്ഷ യൂറോപ്യന്‍ നാസ്തികതയാണ് പ്രചരിപ്പിക്കുന്നത്.മനുവിന്റെ വര്‍ണാശ്രമ വ്യവസ്ഥയുടെ ശാസ്ത്രീയ വത്കരണമാണ് നിയോ എയ്തിസത്തിന്റെ രാഷ്ട്രീയ മാനം. ‘നിങ്ങളുടെ മനുവിനെ നോക്കുമ്പോള്‍ നാസികളുടെ ഹിറ്റ്ലര്‍ എത്രയോ പാവമാണ്’ എന്ന് നിരീക്ഷിച്ച അയ്യപ്പന്‍ ഇവര്‍ക്ക് അനഭിമിതനാവുന്നതില്‍ അത്ഭുതമില്ല.
ചിലര്‍ വീക്ഷിക്കുന്നതു പോലെ ഭരണകൂടത്തോടുള്ള കേവലം ദാസ്യ മനോഭാവത്തില്‍ നിന്നല്ല നവനാസ്തികത വലതുപക്ഷ സവര്‍ണ ചേരിയിലേക്ക് ചായുന്നത്. അതിന് ആഗോളീയമായ പ്രത്യശാസ്ത്രപരമായ മാനമാണുള്ളത്. ശാസ്ത്രമാത്ര വാദം എന്ന പഥാര്‍ഥ ബന്ധിത പ്രാപഞ്ചിക വീക്ഷണം (സയന്റിസം) ആണ് അവരുടെ മതം. മനുഷ്യ ശരീരത്തിന്റെ ഉദാര സ്വാതന്ത്രവാദമായ മാനവികവാദ (ഹ്യൂമനിസം) ത്തെ തരാതരത്തില്‍ കൂടെകൂട്ടി സയന്റിസത്തെ പ്രായോഗികവത്കരിക്കുക എന്നതാണ് അവരുടെ രീതി. മനുഷ്യന്‍ മാത്രം സൂപ്പറാവുന്ന ഹ്യൂമനിസം ൗെൃ്ശ്മഹ ീള വേല ളശേേലേെ െഎന്ന നിരുപാധിക സങ്കല്‍പത്തോട് യോജിക്കില്ലല്ലോ എന്ന ആരോപണത്തെ മറികടക്കാനാണ് ടരശലിരല എന്ന ഉപകരണമുള്ള വര്‍ഗമേ അതിജീവനത്തിന് ഏറ്റവുമര്‍ഹന്‍ എന്ന് അനുബന്നം ചേര്‍ക്കേണ്ടി വന്നത് എന്നത് വേറെ കാര്യം. അതനുസരിച്ച്, ന്യായാന്യായങ്ങള്‍ പ്രകൃതി നിര്‍ദ്ധാരണത്തിന്റെ ഭാഗമാണ്. അര്‍ഹതയുള്ളവരുടെ അതിജീവനം എന്ന തത്വത്തില്‍ നിലകൊള്ളുന്ന പരിണാമ സിദ്ധന്തം തന്നെയാണ് അവരുടെ പക്കല്‍ സാമൂഹിക മാറ്റങ്ങളുടെയും അടിസ്ഥാനം. അതനുസരിച്ച് സവര്‍ണരുടെ അടിമകളാകേണ്ടവരാണ് അവര്‍ണര്‍.
‘മേലാളന്മാരുടെ ഉന്നമനത്തിന് വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിക്കുക എന്നതാണ് കീഴാളന്മാരുടെ ജീവിതദൗത്യം’ എന്ന് പറഞ്ഞ ഫെഡറിക് നീഷേയും ‘സവര്‍ണ മേധാവിത്വമാണ് പ്രകൃതിനീതി, അവര്‍ണര്‍ക്ക് അതിജീവനത്തിന് അവകാശമില്ല’ എന്ന് പറഞ്ഞ ജ്ഞാനോദയ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ഇമ്മാനുവല്‍ കാന്റും ‘സെമിറ്റിക് മത വിശ്വാസികള്‍ ഹോമോസാപ്പിയന്‍സല്ല, ബുദ്ധിവളര്‍ച്ച പൂര്‍ണമാവാത്ത പ്രീ ഹോമോ പിരീഡുകാരാണ്’ എന്ന് പറഞ്ഞ റിച്ചാര്‍ഡ് ഡോക്കിന്‍സുമൊക്കെ മുന്നോട്ടുവക്കുന്ന വംശീയ നിര്യാതനനിരീശ്വരത്വത്തിന് വ്യക്തമായ രാഷ്ട്രീയ അജണ്ടകള്‍ ഉണ്ട്. ‘മനുഷ്യന് ശാശ്വതമായ ആത്മാവോ സവിശേഷമായ ആത്മാംശമോ ഇല്ല’ എന്ന ബര്‍ണാഡ് റസ്സലിപോലുള്ളവരുടെ ആത്മനിരാസ വാദം കൂടെ ഇതിനോട് ചേരുമ്പോള്‍ തികഞ്ഞ മനുഷ്യത്വ വിരുദ്ധമാവുകയാണ് നവനാസ്തികത. അവരെ സംബന്ധിച്ചിടത്തോളം ഉദാര ലൈംഗീകത മനുഷ്യന്റെ ഉടലിന്റെ അവകാശമാണ്. അപ്പോള്‍ ഘഏആഠഝ ക്കാര്‍ക്ക് വേണ്ട് ശബ്ദിക്കേണ്ടത് ഹ്യുമനിസത്തിന്റെ ഭാഗമാവും. എന്നാല്‍, സംവരണമാവശ്യപ്പെടുന്ന ദലിത് പിന്നാക്കക്കാര്‍ക്ക് വേണ്ടിയോ അടിച്ചമര്‍ത്തപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയോ അവര്‍ ശബ്ദിക്കില്ല. അര്‍ഹതയുള്ളവരെ പ്രകൃതി നേരിട്ട് അതിജീവിപ്പിച്ചുകൊള്ളും. നാം വെറുതെ വിയര്‍ക്കേണ്ട എന്നതാണ് അവരുടെ നിലപാട്. ഇന്ത്യയില്‍ നവനാസ്തികതയുടെ കടിഞ്ഞാണിപ്പോള്‍ തീവ്രഹിന്ദുത്വതയുടെ കരങ്ങളിലാണ്. ദൈവനിഷേധ പ്രസ്ഥാനം പരദൈവ വിശ്വാസത്തിന്റെ രാഷ്ട്രീയ ഉപകരണമാവുന്നത് നാം എത്രയോ കണ്ടതണ്. ശരീഅത്ത് പരിഷ്‌കരണം, ഖുര്‍ആന്‍ ഭേദഗതീവാദം, മുത്തലാഖ് നിരോധനം, ഏക സിവില്‍കോഡ്, സ്ത്രീസ്വാതന്ത്രം, തീവ്രവാദാരോപണം തുടങ്ങിയ വിഷയങ്ങളില്‍ മുസ്‌ലിംകള്‍ക്കെതിരെ ചര്‍ച്ചാഗതി തിരിക്കാനാണ് സി. രവിചന്ദ്രനും അനുചരരും.

മതരാഹിത്യം എന്ന ഗുപ്ത മതം
‘നാസ്തികര്‍ 100 ശതമാനം മതങ്ങളെ നിരാകരിക്കുന്നുവെങ്കില്‍മതവിശ്വാസികള്‍ 99 ശതമാനം മതങ്ങളെയും നിരാകരിക്കുന്നുണ്ട്. കാരണം, ഒരു മതവിശ്വാസിയും തന്റേതല്ലാത്ത വിശ്വാസത്തെ അംഗീകരിക്കുന്നില്ല. അതിനാല്‍ മതവിശ്വാസികളെല്ലാം സെമിനാസ്തികരാണ്’ സി. രവിചന്ദ്രന്‍ തന്റെ രാഷ്ട്രീയ മതം ഒളിച്ചു കടത്താനുപയോഗിക്കുന്ന വാദങ്ങളിലൊന്നാണിത്. ഏതെങ്കിലും ഒരു അകാരണ കാര്യം ആദികാരണമായി ഉണ്ടോ, ഇല്ലയോ എന്ന വ്യത്യാസമാണ് ആസ്തികതയും നാസ്തികയും എന്ന ബാലപാഠം പോലും അറിയാതെയാണ്/ ഓര്‍ക്കാതെയാണ് അദ്ദേഹം അത് പറയുന്നത് എന്ന കാര്യം അവിടെയിരിക്കട്ടെ, ആ തെറ്റായ ലോജിക്ക് സവര്‍ണഹിന്ദുത്വ ഒളിച്ചു കടത്താനുള്ള പച്ചനുണയാണ് എന്നതാണ് ഇവിടെ പറയുന്നത്. മതവിശ്വാസികള്‍ മതരാഹിത്യത്തോട് അടുത്തവരാണെന്നതു പോലെ ആ വാദത്തിന്റെ മറുപുറം മതരാഹിത്യം മതവിശ്വാസത്തോട് അടുത്ത് നില്‍ക്കാം എന്നതാണ്. കേരളത്തിലെ ലിറ്റ്മസ് അതായത് എലൈറ്റ് യുക്തിവാദികള്‍ ജനനം, വിവാഹം, മരണം, മരണാനന്തരം തുടങ്ങിയ കാര്യങ്ങളില്‍ അവര്‍’ദേശീയമായി വാഴ്ത്തപ്പെട്ട’ ഹൈന്ദവ ശീലങ്ങളാണ് പാലിക്കുന്നത്. എളുപ്പത്തില്‍ മനസ്സിലാവുന്ന വേറൊരുദാഹരണം പറയാം: സ്വന്തം ചിന്താ സ്വാത്രന്ത്ര്യത്തിന്റെ ഭാഗമായിനജ്മല്‍ ബാബുവായി മാറിയ ടി.എന്‍ ജോയി എന്ന എക്‌സ് ലെഫ്റ്റ് നക്‌സല്‍ തന്റെ ഭൗതികദേഹം കൊടുങ്ങല്ലൂര്‍ പള്ളിപ്പറമ്പില്‍ അടക്കണം ചെയ്യണം എന്ന് സ്വന്തക്കാരെ ഏല്‍പ്പിച്ചിരുന്നു.പക്ഷേ, അവര്‍ ഹൈന്ദവമായിട്ടാണ് നജ്മലിന് അന്ത്യയാത്ര നേര്‍ന്നതും ശാന്തി നിമജ്ഞനം ചെയ്തതും.അതിന്റെ രാഷ്ട്രീയം അല്ല പറയുന്നത്, മരണം എന്നത് കേവലം രാസ-ജൈവനിര്‍വാണം മാത്രമാണെന്നും അലൗകികമായ അനന്തരത്വങ്ങള്‍ക്ക് പ്രസക്തിയില്ലാത്ത ഭൗതിക വസ്തു മാത്രമാണ് മൃതദേഹം എന്നും പറയുന്നവര്‍ക്ക് മുസ്‌ലിം പള്ളിക്കാടും കൃസ്ത്യന്‍ പെട്ടിക്കൂടും ഹിന്ദു അശോകച്ചിതയും ഒരുപോലാവണം. പക്ഷേ, അങ്ങനെ ആകാനാവാത്തത്, അവരുടെ തന്നെ തത്വമനുസരിച്ച് പറഞ്ഞാല്‍ യുക്തിവാദികള്‍ സെമി മതവിശ്വാസികള്‍ ആയതിനാലാണ്.പക്ഷേ, അസവര്‍ണ യുക്തിവാദികളെ ലിറ്റ്മസിന് വേണ്ട. അഗമ്യഗമനത്തെ സംബന്ധിച്ച ചര്‍ച്ചയില്‍ ഇയ്യിടെ സി. രവിചന്ദ്രന്‍, സ്വന്തം പെങ്ങളെ ഗുദത്തില്‍ ഭോഗിക്കുന്നത് വൃത്തിഹീനരായലോറി ഡ്രൈവര്‍മാരെപ്പോലോത്തവരാണെന്ന തൊഴിലാളി-കീഴാള വിരുദ്ധ പരാമര്‍ശം നടത്തിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. പ്രച്ഛന്ന ആള്‍ ദൈവങ്ങളിലൂടെ തന്നെയാണ് ഏത് നാട്ടിലും നാസ്തിക പ്രചരണങ്ങള്‍ നടക്കുന്നത് എന്നതാണ് വിരോധാഭാസം. ഇവിടെയും അവര്‍ക്ക് അവസാനവാക്ക് പറയുന്ന കള്‍ട്ടുകളുണ്ട്. അവര്‍ പറയുന്ന ‘പ്രമാണങ്ങള്‍’ പരീക്ഷണ നിരീക്ഷണമന്യേ ‘അന്ധമായി’ വിശ്വസിക്കുകയാണ് അനുയായികള്‍ ചെയ്യുന്നത്. ഏത് അതിഭ്രമവും ആരാധനയാണ് തത്വശാസ്ത്രത്തില്‍. പ്രമാണങ്ങളോടുള്ള അതിഭ്രമം പ്യൂരിറ്റാനിസമാവും. വിശ്വാസത്തോടുള്ള അതിഭ്രമം സ്പിരിച്വലിസമാവും. ദേശീയതയോടുള്ള അതിഭ്രമം ഫാസിസമാവും. പദാര്‍ഥ ഗുണത്തോടുള്ള അതിഭ്രമം സയന്റിസമാവും. വ്യക്തിയോടുള്ള അതിഭ്രമം ഫാനിസമാവും. ഇതെല്ലാം തെളിവുകളേക്കാള്‍ ‘വിശ്വാസം’ തീര്‍പ്പു കല്‍പ്പിക്കുന്ന ഡോഗ്മകള്‍ പ്രസക്തമായ മതങ്ങള്‍ തന്നെയാണ്. പ്രസ്തുത ഫാന്‍സ് കള്‍ട്ടിനാണ് ആള്‍ദൈവം എന്നു പറയുന്നത്. അതായത്, മാതാ അമൃതാനന്ദമയി എന്താണോ അതിന്റെ രാസപരിണിത പതിപ്പ് തന്നെയാണ് സി. രവിചന്ദ്രന്‍ എന്ന ഊതിവീര്‍പ്പിച്ച ബിംബവും. തെളിവുകള്‍ നയിക്കട്ടെ എന്ന് പറഞ്ഞ് അദ്ദേഹം തന്റെ ഭക്തരെ നയിക്കുന്നത് സവര്‍ണ വംശീയതയിലേക്ക് തന്നെയാണ്. പറയുന്ന കാര്യങ്ങള്‍ക്ക് അദ്ദേഹം എന്തു തെളിവാണ് പറയാറുള്ളത്? അദ്ദേഹം പറഞ്ഞു എന്നത് തന്നെയാണ് തെളിവ് എന്ന് വിശ്വസിക്കുന്നവര്‍ ഭക്തരല്ലെങ്കില്‍ പിന്നാരാണ് ഭക്തര്‍ ?
ആശ്രമത്തിലെ ആള്‍ദൈവങ്ങള്‍ വേദങ്ങള്‍ പറഞ്ഞ് വര്‍ണവെറിയും പൂജനീയ രക്തശുദ്ധിയും സ്ഥാപിക്കുമ്പോള്‍, ഇത്തരക്കാര്‍ പരിസ്ഥിതിയുടെ, പ്രകൃതിയുടെ സ്വയം പരിപാലനവും പരിണാമവും പറഞ്ഞ് സംവരണം ആര്‍ടിഫിഷലാണെന്ന് പറയും. അബലയായ മാനിനെ സുബലനായ കടുവ തിന്നുന്നത് പ്രകൃതിനിയമമാണെങ്കില്‍, മണ്ണിലെ കുടിയാനെ മന്ദിരത്തിലെ ജന്മി നിയന്ത്രിക്കുന്നത് അതേ നീതിയാണെന്ന് പറയും. ഫെഡറിക് നിഷേയും ഇമ്മാനുവല്‍ കാന്റും ഹെര്‍ബര്‍ട് സ്‌പെന്‍സറും അഗസ്റ്റ് കോംപ്‌റ്റേയും ബര്‍ണാട് റസലും ഡേവിഡ് ഹ്യൂമും അവരുടെ ചര്‍ച്ചയില്‍ വരും, വേണ്ട അളവില്‍ കഷ്ണിക്കപ്പെട്ട നിലയില്‍. അടിച്ചമര്‍ത്തപ്പെട്ടവരുടെ നാവായി പൊങ്ങിയ വാരിയന്‍കുന്നന്മാര്‍ അവരുടെ വര്‍ഗശത്രു ആവുന്നതിന്റെ പ്രത്യയശാസ്ത്ര തലം അതാണ്.
ജയിക്കുന്നവരാണ് പ്രകൃതിപരമായി ശരി എന്നത് വലതുപക്ഷ യുക്തിവാദത്തിന്റെ പൊതുതത്വമാണ്.അവര്‍ക്ക് ഗാന്ധിജിയും അംബേദ്ക്കറും അനഭിമതരാവുന്നത് വേറൊന്നും കൊണ്ടല്ല. വാരിയന്‍കുന്നന്റെ പോരാട്ടം (ജയിക്കാന്‍ പിറന്ന) ഭൂജന്മിമാരോടും ബ്രിട്ടീഷുകാരോടുമായിരുന്നു എന്ന കൂട്ടിക്കെട്ടലും ചില യുക്തിവാദികള്‍ നടത്തിയത് ഇയ്യിടെ നാം കണ്ടതാണ്. അപ്പോള്‍ ചിത്രം വ്യക്തമാണ്. ആയുര്‍വേദം,പ്രകൃതിചികില്‍സ,നാടന്‍ ചികില്‍സ തുടങ്ങിയവയെ എതിര്‍ക്കുന്നവര്‍ എന്‍ഡോസള്‍ഫാനെ എതിര്‍ക്കാറില്ല. അലോപ്പതിയിലെ അമാനവിക പരീക്ഷണങ്ങളെ ചോദ്യം ചെയ്യാറില്ല.ഭാരതത്തില്‍, ഹിന്ദുത്വയുടെ ചാണകംജയിക്കാന്‍ അവകാശപ്പെട്ട എന്‍ഡോസള്‍ഫാനാണ് എന്ന വിരുദ്ധ ദ്വന്ദങ്ങളെ പാലമിട്ട് ഒന്നാക്കലിന്റെ പേരാണ് സവര്‍ണ യുക്തിവാദം .
മലയാള യുക്തിവാദത്തിന്റെ ഗതിമാറ്റം
മലയാള യുക്തിവാദത്തിന്റെ സവര്‍ണബാധ കഴിഞ്ഞ പതിറ്റാണ്ടുകളിലെ ക്രമാനുകമായ പരിണാമമാണ്. 1970കളില്‍ യുക്തിവാദി സംഘത്തില്‍ കോണ്‍ഗ്രസ്സുകാരും സി.പി.ഐക്കാരും ആര്‍.എസ്.പിക്കാരും നക്‌സലൈറ്റുകളും സി.പി.എമ്മില്‍ പെട്ടവരും ഉണ്ടായിരുന്നു. കോണ്‍ഗസ്സ് നേതാവായിരുന്ന എം.എ ജോണ്‍, മുന്‍ കോണ്‍ഗ്രസ്സ് മന്ത്രിയായിരുന്ന ഡോ. എം.എ കുട്ടപ്പന്‍, സി.പി.ഐ. നേതാവായിരുന്ന പവനന്‍, വി.ജോര്‍ജ്, തെങ്ങമം ബാലകൃഷ്ണന്‍,ആര്‍.എസ്പിയില്‍ നിന്നും വന്ന ഇടമറുക്, സി.പി.എമ്മില്‍ നിന്നും വന്ന യു. കലാനാഥന്‍, സി.പി.ഐ.എം.എല്ലില്‍ നിന്നും വന്ന കെ.വേണു തുടങ്ങിയവരൊക്കെയായിരുന്നു നേതാക്കള്‍. പവനനും യു. കലാനാഥനും നേതൃത്വത്തിലെത്തിയതോടെ അവര്‍ക്കിടയില്‍ അഭ്യന്തര സംവാദങ്ങള്‍ ഉടലെടുത്ത് തുടങ്ങി. ഇക്കാലത്താണ് യുക്തിവാദവും മാര്‍ക്‌സിവും തമ്മിലുള്ള സംവാദമുണ്ടായത്.പവനനും ഇടമറുകും യുക്തിവാദത്തിന്റെ പക്ഷത്തു നിന്നും ഇ.എം.എസ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പക്ഷത്തു നിന്നും നടത്തിയ സംവാദം പ്രധാന വഴിത്തിരിവാവുകയായിരുന്നു. ജാതീയ മേല്‍ക്കോയ്മക്കെതിരില്‍ ഇടതുപക്ഷ ചിന്താഗതിക്കാര്‍ വളര്‍ത്തിയ മതാതീയ സ്വതന്ത്രചിന്ത നിക്ഷിപ്ത താല്‍പര്യങ്ങളിലേക്ക് വ്യതിചലിച്ച് തുടങ്ങുകയായിരുന്നു പിന്നെ. ചില ഉദാഹരണങ്ങള്‍ നോക്കാം: അവരുടെ മുഖപത്രമായിരുന്ന’യുക്തിരേഖ’മാനേജറായിരുന്ന രാജഗോപാല്‍ വാകത്താനം ശ്രീ നാരായണ ഗുരുവിനെതിരെ യുക്തിരേഖയാല്‍ ലേഖനമെഴുതുന്നു.ഗുരു വിപ്ലവകാരിയല്ല, അവസരവാദിയായിരുന്നു എന്നായിരുന്നു ആക്ഷേപം. ഇവി പെരിയോറല്ല ഗോള്‍വാള്‍ക്കറാണ് ശരി എന്ന രവിചന്ദ്രന്റെ കണ്ടെത്തല്‍ ആകസ്മികമല്ല എന്നര്‍ഥം. ശിവഗിരി പിടിച്ചെടുക്കാന്‍ സവര്‍ണ ഹിന്ദുത്വര്‍ ശ്രമിച്ചപ്പോള്‍ പവനന്‍ തന്നെ അവര്‍ക്കൊപ്പം വേദി പങ്കിടുന്നു. ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയായിരുന്ന മോഹനന്‍, ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരന്‍ എന്നിവരോടൊപ്പം ചേര്‍ന്ന് ശിവഗിരിയെ നമ്പൂതിരിവത്കരിക്കാന്‍ കൂട്ട് നിന്നയാളായി പവനന്‍ ആക്ഷേപിക്കപ്പെട്ടിട്ടുണ്ട്.
അതായത്, ഇടതുപക്ഷ/കമ്മ്യൂണിസ്റ്റ് മാനവിക ചിന്ത അല്ലെങ്കില്‍ കീഴാള മതാതീത ചിന്തയേക്കാള്‍മുസ്‌ലിം വിരുദ്ധമായത്ബ്രഹ്മണിക്കല്‍ ഹെജിമണിയെ ശാസ്ത്രീയമായി പ്രകൃതിപരമാക്കാന്‍ വളഞ്ഞു വലയം പിടിക്കുന്ന സവര്‍ണ യുക്തിവാദം തന്നെയാണ്. ഭൗതിക-പദാര്‍ഥ വാദവും ഇസ്‌ലാമും രാഷ്ട്രീയമായി വിപരീതങ്ങളല്ല. ഭൗതികവാദം അരാഷ്ട്രീയമായി മതരഹിതമാണ്, വിരുദ്ധമല്ല. വിശാലമായി വ്യാഖ്യാനിക്കപ്പെടുമ്പോള്‍ ഭൗതികവാദം അഭൗതികമാവുന്നു എന്ന സാധ്യതയുടെ സാധുതയാണ് ഇസ്‌ലാം. ആത്മീയതയെ ഭൗതികമായി വ്യാഖ്യാനിച്ച നിത്യ ചൈതന്യയതിയും ഹിപ്പിമാരും ഇസ്‌ലാമിനോട് താദാത്മ്യപ്പെടുന്ന അകധാര കണ്ടെത്തിയവരായിരുന്നു. കേരള യുക്തിവാദത്തിന്റെ ആചാര്യന്‍ സഹോദരന്‍ അയ്യപ്പന്‍ രാഷ്ട്രീയ ഇസ്‌ലാമിന്റെ മാനവികതലം അംഗീകരിച്ചിരുന്നു. അദ്ധേഹത്തിന്റെ മകളുടെ പേര് ആഇശ എന്നായിരുന്നുവെന്നത് ഇന്നത്തെ ‘മുനാഫിഖ് ‘ യുക്തിവാദികള്‍ക്ക് മനസ്സിലാവില്ല.
ആഇശ എന്നത് അക്കാലത്ത് കീഴാള സ്ത്രീത്വത്തിന്റെ വിമോചന നാമം കൂടിയായിരുന്നു. തിരൂരങ്ങാടിക്കടുത്ത വെന്നിയൂരിലെ ഭൂജന്മിയായിരുന്ന കപ്രാട്ട് പണിക്കരുടെമുറ്റംതളിക്കാരിയായിരുന്നു ചക്കി എന്ന ഹരിജ സ്ത്രീ, അവര്‍ മമ്പുറം അലവി തങ്ങളുടെ സവിധത്തിലെത്തി ഇസ്‌ലാമണഞ്ഞ് ആഇശയായി മാറില്‍ വസ്ത്രമണിഞ്ഞു. ധൃഷ്ടനായ പണിക്കര്‍ അവരുടെ വസ്ത്രങ്ങള്‍ പിച്ചിച്ചീന്തി പീഡിപ്പിച്ചു. മമ്പുറം തങ്ങളുടെ അടുക്കല്‍ ആഇശ എന്ന ചക്കി അഭയം തേടിയപ്പോള്‍ഏഴ് മാപ്പിളപ്പോരാളികള്‍ ചേര്‍ന്നു ചെന്ന് പണിക്കരുടെ പണി കഴിച്ചു. ഭൂപ്രഭുക്കന്മാര്‍ മാപ്പിളമാര്‍ക്കെതിരെ തിരിഞ്ഞു. ബ്രിട്ടീഷുകാര്‍ ജന്മിമാരോടൊപ്പം ചേര്‍ന്നു. 20 സായിപ്പുമാരും 7 മാപ്പിളമാരും മരണപ്പെട്ടു. അതോടെ ആഇശ ഒരു പ്രതീകമായി ഉയര്‍ന്നു. പക്ഷേ, ചാന്നാര്‍ ലഹളയുടെ നായിക, മുലക്കപ്പം വാങ്ങാന്‍ വന്നവര്‍ക്ക് മുലയരിഞ്ഞ് നല്‍കിയ കണ്ടപ്പന്റെ കെട്ടിയോള്‍ നങ്ങേലിയുടെ പ്രാധാന്യം മാപ്പിള ചരിത്രത്തില്‍ പോലും ചക്കിക്ക് ലഭിച്ചില്ല. ഒഴുക്കിനെതിരെ നീന്താനാവാതെ പിന്തിരിഞ്ഞ് നടന്ന നങ്ങേലിയേക്കാള്‍ അഭയമായി മാറുന്ന തുരുത്തില്‍ ബദലന്വേഷിച്ച ചക്കി തന്നെയാണ് എന്നും സ്വതന്ത്രചിന്തയുടെ പ്രതീകം.
സത്യത്തില്‍, സ്വതന്ത്രചിന്ത അരികിലൂടെ പോവാത്തവരാണ് കേരളത്തിലെ ഇന്നത്തെ ഏത് യുക്തിവാദ സംഘവും. എന്റെ നിരീക്ഷണത്തില്‍ എഴു വിഭാഗം യുക്തിവാദികളാണ് മലയാളികള്‍ നിയന്ത്രിക്കുന്ന സോഷ്യല്‍മീഡിയാ പേജുകളില്‍ ഉള്ളത്. മതം,ജാതി,സ്വജനപക്ഷപാതിത്വം തുടങ്ങിയ ഘടകങ്ങള്‍ തന്നെയാണ് അവരെ പലതാക്കുന്നത് എന്നതാണ് ശ്രദ്ധേയം.

1: നായര്‍ പുരുഷ യുക്തിവാദികള്‍
2: ഈഴവ പുരുഷ യുക്തിവാദികള്‍
3: ദളിത് പുരുഷ യുക്തിവാദികള്‍
4: ദളിത് സ്ത്രീ യുക്തിവാദികള്‍
5: മുസ്‌ലിം പുരുഷ യുക്തിവാദികള്‍
6: മുസ്‌ലിം സ്ത്രീ യുക്തിവാദികള്‍
7: ക്രിസ്ത്യന്‍ പുരുഷ യുക്തിവാദികള്‍

ബ്രഹ്മണ യുക്തിവാദം/ഭൗതിക വാദത്തിന് വി.ടി ഭട്ടതിരിപ്പാടിനു ശേഷം തുടര്‍ച്ച നഷ്ടപ്പെട്ടത് കൊണ്ടാവാം അത്ര കാണാറില്ല. നസ്രാണീ സ്ത്രീ യുക്തിവാദം ഇംഗ്ലീഷിലുണ്ടെങ്കിലും മലയാളത്തില്‍ കണ്ടിട്ടില്ല. (ഇവിടെ യുക്തിവാദം എന്ന പ്രയോഗം സാങ്കേതികമായി പറഞ്ഞതല്ല. നാടന്‍ പ്രയോഗമാണത്. ഇക്കൂട്ടര്‍ സാങ്കേതിമായി സെമി തീസ്റ്റുകളോ, അഗ്‌നോയിസ്റ്റുകളോ സെമി ഹ്യൂമനിസ്റ്റുകളോ ഒക്കെയാണ്. ചുരുക്കം ചിലരെ സൈന്റിഫിക് റാഷനിലിസ്റ്റുകള്‍ എന്ന് വിളിക്കാം).
അതായത്, മത-ജാതി-ലിംഗത്തിന്റെ ഹെറാര്‍ക്കിയും വര്‍ഗ സ്വഭാവങ്ങളും അവരുടെ ഇടപെടലുകളിള്‍ വ്യക്തമായി കാണാം എന്നര്‍ഥം. ഹൈന്ദവ അനാചാരങ്ങളെ എതിര്‍ക്കുന്നത് ദളിത് -ഈഴവ യുക്തിവാദികളാണ്. അവകള്‍ നായര്‍ യുക്തിവാദികള്‍ പ്രചരിപ്പിക്കാറില്ല. ഇടതുപക്ഷ രാഷ്ട്രീയ വിരുദ്ധതയാണ് നായര്‍ യുക്തിവാദികളുടെ രസം. ദളിത് ഹിന്ദു പുരുഷ യുക്തിവാദികള്‍ ഇടതുപക്ഷ വിരുദ്ധമായ ബ്രഹ്മണ യുക്തിവാദം പങ്കുവച്ച് പൊട്ടന്മാരാവാറുണ്ട്. ഇവരെല്ലാം ഏക സ്വരത്തില്‍ ഏറ്റെടുക്കുന്നത് ഇസ്‌ലാം വിരുദ്ധത തന്നെയാണ്.
അവിടെ എല്ലാവര്‍ക്കും ഒറ്റനിറമാണ്. മതം സമം ഇസ്‌ലാം. ഇസ്‌ലാം ബോധം വിപരീതം പൊതുബോധം എന്ന പടിഞ്ഞാറന്‍ നാസ്തികത പടച്ചുണ്ടാക്കിയ ധാരണ ഇവിടെ ഇറക്കുമതി ചെയ്യുന്നതിലാണ് അവരുടെ പ്രധാന ഉത്സാഹം. കേരള യുക്തിവാദം സാങ്കേതികമായി പടിഞ്ഞാറന്‍ റാഷനലിസവുമായി സന്ധിക്കുന്ന ഒരേയൊരു തലം അതായിരിക്കും.
പശ്ചാത്യനായ ജോണ്‍ കെറിന്റെ പഠനങ്ങള്‍ ഉദ്ധരിച്ച് ഫനാന്‍ ഹദ്ദാദിനെ പോലുള്ളവര്‍, ആ ആഗോളപ്രതിഭാസത്തെ ഒരു വസ്തുതയായി അംഗീകരിക്കുന്നുണ്ട്. ക്രിസ്റ്റഫര്‍ ഹിച്ചണ്‍സ്, സാം ഹാരിസ്, റിച്ചാര്‍ഡ് ഡോകിന്‍സ് എന്നീ നവനാസ്തികത്രയങ്ങളുടെ ഇസ്‌ലാം വായനകളില്‍ മുസ്‌ലിം ധിഷണയെ തളച്ചിടുന്നതില്‍ ചെറിയൊരളവില്‍ ഈ പറഞ്ഞ കൂട്ടര്‍ വിജയിച്ചിട്ടുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ശരീരത്തോളം ബുദ്ധി പരിണമിക്കാത്ത സെമി ഹോമോസാപ്പിയന്മാര്‍ മാത്രമാണ് വാരിയംകുന്നന്‍ കുഞ്ഞഹമ്മദാജിമാര്‍.
മുസ്‌ലിം ആധിപത്യം ലോകത്ത് നിന്നും ഇല്ലാതാക്കാന്‍-പെട്രോള്‍ രഹിത മോട്ടോര്‍ എന്‍ജിനീയറിംഗ് വികസിപ്പിക്കപ്പെടണം എന്ന് പറയാന്‍ വലിയ പുസ്തകം തന്നെ എഴുതിയമുസ്‌ലിം വിരോധിയായ ഹിച്ചണ്‍സിനെ മാതൃകയാക്കുന്നവരുടെ പൊളിറ്റിക്കല്‍ കറക്ട്‌നസ് എന്തുമാത്രം ഭീകരമായിരിക്കും!
ദളിത്/കീഴാള ഹിന്ദു സ്ത്രീയുക്തിവാദികള്‍ കുറച്ചു കൂടെ പൊളിറ്റിക്കല്‍ കറക്ട്‌നസ് പുലര്‍ത്തുന്നവരാണ്. കീഴാള രാഷ്ട്രീയത്തെ വിജാതീയമായി പ്രതിനിധീകരിക്കാന്‍ അവര്‍ക്ക് പറ്റുന്നുണ്ട്. അന്ധമായ ഇസ്‌ലാം ഫോബിയയും അവര്‍ കാണിക്കാറില്ല. ഈയടുത്ത് നടന്ന ദേശീയ-പൗരത്വബില്‍ വിരുദ്ധ സമരങ്ങളിലൊക്കെ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് നിര്‍ണായക പിന്‍ബലം ലഭിച്ചത് ഇവരില്‍ നിന്നു കൂടിയാണ്. മുസ്‌ലിം യുക്തിവാദികളുടെ കാര്യമാണ് കഷ്ടം. അവര്‍ സവര്‍ണ ഹിന്ദു യുക്തിവാദികളുടെ ഇസ്‌ലാം വിരുദ്ധതക്ക് കയ്യടിക്കാന്‍ വിധിക്കപ്പെട്ടവരാണ്. ദളിത്-കീഴാള യുക്തിവാദികള്‍ സെമിറ്റിക്ക്/ഇസ്‌ലാം വിരുദ്ധത ഇനീഷ്യേറ്റ് ചെയ്യാറില്ല. ഹിന്ദു യുക്തിവാദികള്‍ക്ക് മൊത്തത്തില്‍ ഹൈന്ദവതയെ ദാര്‍ശനികമായി എതിര്‍ക്കാതെ തന്നെ, ജാതീയമായ സോഷ്യല്‍ സ്പയറുകളെ മാത്രം വിമര്‍ശിച്ച് പരിക്കേല്‍ക്കാതെ നില്‍ക്കാനുള്ള സ്‌പേസുണ്ട്. മതാന്തര്‍ വിമലീകരണവാദം എന്ന പദവിയാണത്.
ആ ഇടം മുസ്‌ലിം യുക്തിവാദികള്‍ക്ക് ഇസ്‌ലാമിലില്ല. അതിനാല്‍ അവര്‍, കാലം ചിങ്ങമായാലും മീനമായാലും ഖുര്‍ആനും ഹദീസും ലോക ഭീഷണികളാണെന്ന് പറഞ്ഞു കൊണ്ടേയിരിക്കും. ഏതെങ്കിലുമൊരു നിരീശ്വര പ്രത്യയശാസ്ത്രത്തിന്റെ സാങ്കേതിക വൃത്തവും അവരെ ഉള്‍ക്കൊള്ളുന്നില്ല

ശുഐബുല്‍ ഹൈതമി