സ്ത്രീ പാണ്ഡിത്യത്തിന്റെ അത്ഭുതലോകം

3328

സ്ത്രീ പാണ്ഡിത്യത്തിന്റെ ഗരിമയുയര്‍ത്തിയ സമ്പന്നമായ ചരിത്രങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ഇസ്ലാമിക നാഗരികത. സര്‍വസാധാരണമായിരുന്ന അത്തരമൊരു സംസ്‌കാരം കാലക്രമേണ ചരിത്രത്തിന്റെ പല ദശകളിലുമായി അസാധാരണമായി ചിത്രീകരിക്കപ്പെടുകയായിരുന്നു. സ്ത്രീകളേര്‍പ്പെട്ടിരുന്ന വൈജ്ഞാനികവും കലാപരവുമായ വ്യവഹാരങ്ങളും അവയുടെ ആഴവും പരപ്പും ചെറുതായി വിശദീകരിക്കുകയാണീ കുറിപ്പ്.


ഫത്വകളിലെ സ്ത്രീസാന്നിധ്യം
ഇമാം ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി(ഹി.751 വഫാത്ത്) യുടെ ഫത്വയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍കൊണ്ട് സമ്പന്നമായ ‘ഇഅ്ലാമുല്‍ മൗഖിഈന്‍ അന്‍ റബ്ബില്‍ ആലമീന്‍’ എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിക്കപ്പെട്ട ഫത്വകളുടെയും അതിന്റെ പ്രയോഗങ്ങളുടെയും നിബന്ധനകള്‍, ഇമാം നവവി തങ്ങള്‍(ഹി. 676 വഫാത്ത്) ഇങ്ങനെ സംഗ്രഹിക്കുന്നു:’പ്രായപൂര്‍ത്തിയായ, മുസ്ലിമും വിശ്വസ്തനും കാപട്യം, വെറുക്കപ്പെടുന്ന കാര്യങ്ങള്‍ എന്നിവയില്‍ നിന്ന് മുക്തനും നല്ല ചിന്താഗതിക്കാരനും ശാന്തമനസ്സുള്ളവനും പെരുമാറ്റത്തിലും ഇടപാടുകളിലും ജാഗ്രതയുള്ളവനുമായിരിക്കണം ഫത്വ നല്‍കുന്നയാള്‍, ആണായാലും പെണ്ണായാലും അടിമയായാലും ഉടമയായാലും ശരി’. വൈജ്ഞാനിക വിഷയങ്ങളിലുള്ള അവഗാഹവും സ്വഭാവശുദ്ധിയും ധിഷണയുമാണ് ഇസ്ലാമിലെ യോഗ്യതയുടെ അളവുകോല്‍, മറിച്ച് വര്‍ഗമോ ജാതിയോ അല്ലെന്നര്‍ഥം.
ഇത്തരത്തില്‍ ഇസ്ലാമിന്റെ വിധിവിലക്കുകളില്‍ ഭാഗധേയം നിര്‍ണയിക്കുന്നതിനും ഫഖീഹ്, ആലിം, മുഫ്തി എന്നിങ്ങനെയുള്ള സ്ഥാനമാനങ്ങള്‍ അലങ്കരിക്കുന്നതിനും സ്ത്രീ പണ്ഡിതകളെ യോഗ്യമാക്കാന്‍ ഗുരുക്കന്മാരുടെ പക്കല്‍ നിന്നുമുള്ള പ്രത്യേക അനുമതി ആവശ്യമായിരുന്നു. ഇത്തരം സ്ഥാനപ്പേരുകള്‍ നല്‍കുന്ന പ്രക്രിയ മുന്‍കാല പണ്ഡിതന്മാര്‍ അത്ര സുലഭമായി നിര്‍വഹിച്ചിരുന്ന ഒന്നുമല്ല. വലിയ ഉത്തരവാദിത്തങ്ങളാണ് ഇവ നല്‍കുന്നത് എന്നതു തന്നെയാണ് അതിന്റെ മൂലകാരണം.
ഇമാം ഖാള്വി അല്‍ യഹ്സ്വബി(ഹി. 544 വഫാത്ത്) തര്‍തീബുല്‍ മദാരിക് എന്ന തന്റെ ഗ്രന്ഥത്തില്‍ പറയുന്നു: ‘ഒരു വിദ്യാര്‍ഥി തിരുചര്യകള്‍ പാലിക്കുന്നതില്‍ പരിപൂര്‍ണത കൈവരിക്കുകയും തന്റെ വീക്ഷണങ്ങള്‍ ശക്തിപ്പെടുത്തുകയും ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് അവ ആഴത്തില്‍ പഠിക്കുകയും പണ്ഡിതന്മാരുടെ വിഭിന്ന വിഷയങ്ങളിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മനഃപാഠമാക്കുകയും അടിസ്ഥാന പ്രമാണങ്ങള്‍ കൈകാര്യം ചെയ്യുകയും അവയുടെ കാര്യകാരണങ്ങള്‍ മനസ്സിലാക്കുകയും അഭിപ്രായ ഭിന്നതകള്‍ ഗൗരവമായ വായനകള്‍ക്ക് വിധേയമാക്കുകയും പണ്ഡിതന്മാരുടെ മദ്ഹബുകളും വിശുദ്ധ ഖുര്‍ആന്റെ അര്‍ഥതലങ്ങളും വ്യാഖ്യാനങ്ങളും പഠിക്കുകയും ചെയ്യുമ്പോഴാണ് ഫഖീഹെന്ന സ്ഥാനപ്പേരിന് അര്‍ഹനാകുന്നത്. അല്ലാത്തപക്ഷം, വിദ്യാര്‍ഥിയെന്ന പേരു തന്നെയാണ് അവന് ഏറ്റവും അനുയോജ്യമായത്’. ഈ മാനദണ്ഡം വച്ചുനോക്കുമ്പോള്‍, ഉപര്യുക്ത വിശേഷഗുണങ്ങളെല്ലാം ഒത്തിണങ്ങിയ ഒത്തിരി പണ്ഡിതകളുടേതു കൂടിയാണ് ഇസ്ലാമിക ചരിത്രമെന്നു ബോധ്യമാവും. ഇത്തരത്തില്‍ മുഫ്തി സ്ഥാനങ്ങള്‍ ഏറ്റെടുത്ത ഒട്ടനവധി മഹിളാരത്നങ്ങളുടെ ജീവിതം ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം.
ഇമാം ഇബ്നുല്‍ ഖയ്യിമുല്‍ ജൗസി(റ) തന്റെ ഉപര്യുക്ത ഗ്രന്ഥത്തില്‍ പറയുന്നു: ‘നൂറ്റിമുപ്പതിലധികം വരുന്ന പ്രവാചകാനുചരന്മാര്‍ ഫത്വകള്‍ മനഃപാഠമാക്കിയവരായിരുന്നു. അവരില്‍ തന്നെ ഇരുപത്തി രണ്ട് മുഫതിയത്തുകള്‍(വനിതാ പണ്ഡിതകള്‍) ഉണ്ടായിരുന്നു. അവര്‍ നല്‍കിയ ഫത്വകളുടെ തോതനുസരിച്ച് അവരെ ഇങ്ങനെ ക്രമീകരിക്കാം; ഉമ്മുല്‍ മുഅ്മിനീന്‍ ആയിശാ ബീവി(റ), ഉമ്മുല്‍ മുഅ്മിനീന്‍ ഉമ്മുസലമ(റ), ഉമ്മു അത്വിയ്യ(റ), ഉമ്മുല്‍ മുഅ്മിനീന്‍ ഹഫ്സ(റ), ഉമ്മുല്‍ മുഅ്മിനീന്‍ ഉമ്മുഹബീബ(റ), ലൈലാ ബിന്‍ത് ഖാനിഫ് അസ്സഖഫിയ്യ(റ), അസ്മാഅ് ബിന്‍ത് അബീബക്ര്‍(റ), ഉമ്മു ശരീക്(റ), ഹൗലാഅ് ബിന്‍ത് തുവൈതുല്‍ അസദിയ്യ(റ), ഉമ്മു ദര്‍ദാഅ് അല്‍ കുബ്റാ(റ), ആതിഖ ബിന്‍ത് സൈദ്ബ്നു അംറ്(റ), സഹ്ല ബിന്‍ത് സുഹൈല്‍(റ), ഉമ്മുല്‍ മുഅ്മിനീന്‍ ജുവൈരിയ(റ), ഉമ്മുല്‍ മുഅ്മിനീന്‍ മൈമൂന(റ), ഫാത്വിമ ബീവി(റ), ഫാത്വിമ ബിന്‍ത് ഖൈസ്(റ), സൈനബ് ബിന്‍ത് ഉമ്മുസലമ(റ), നബി തങ്ങളുടെ വളര്‍ത്തുമ്മയായ ഉമ്മു അയ്മന്‍ അല്‍ ഹബശിയ്യ(റ), നബി തങ്ങളുടെ സേവകയായിരുന്ന എത്യോപ്യക്കാരിയായ ഉമ്മു യൂസുഫ്(റ), ഗാമിദിയ്യ(റ) എന്നിവരാണവര്‍. നബി(സ്വ) തങ്ങളുടെ കാലത്തും തൊട്ടടുത്ത കാലത്തും സ്ത്രീകള്‍ എത്രമാത്രം വൈജ്ഞാനിക വ്യവഹാരങ്ങളില്‍ വ്യാപൃതമായിരുന്നുവെന്ന് ഇത് കുറിക്കുന്നുണ്ട്.


ആയിശ ബീവി(റ); പാണ്ഡിത്യത്തിന്റെ ഉറവ
സ്ത്രീജീവിതത്തിന്റെ അതിവിപുലമായ പാണ്ഡിത്യത്തിന്റെ മകുടോദാഹരണമാണ് ആയിശ ബീവി(ഹി. 58 വഫാത്ത്). തിരുനബി(സ്വ)യുടെ വഫാത്തിന് ശേഷം കാലാതീതമായി, അറിവിന്റെ കെടാവിളക്കായി, പ്രവാചകാധ്യാപനങ്ങളുടെ അവസാനവാക്കായി, പാണ്ഡിത്യത്തിന്റെ വന്‍മരമായി വളര്‍ന്ന് പന്തലിച്ച ധീരവനിതയാണ് സയ്യിദത്ത് ആഇശ(റ). ആദ്യ നൂറ്റാണ്ടിലെ അതുല്യരായ ഏഴ് പണ്ഡിത മഹത്തുക്കളില്‍ ഒരാളായി ചരിത്രകാരന്മാര്‍ ബീവിയെ എണ്ണുന്നുണ്ട്. ഇഅ്ലാമുല്‍ മുവഖിഈന്‍ എന്ന തന്റെ ഗ്രന്ഥത്തില്‍ ഇമാം ഇബ്നുല്‍ ഖയ്യിം ലോകത്തെ ഏറ്റവും കര്‍മശാസ്ത്ര പരിജ്ഞാനമുള്ള വനിതയായി ആഇശ ബീവിയെ വിശേഷിപ്പിച്ചതായി കാണാം. മുഹമ്മദ് നബിയുടെ സമുദായത്തിലെന്നല്ല, ലോകചരിത്രത്തില്‍ തന്നെ വനിതകളുടെ കൂട്ടത്തില്‍ ആയിശാ ബീവി(റ) യേക്കാള്‍ പരിജ്ഞാനമുള്ള ഒരു വനിതയെയും തനിക്കറിയില്ലെന്ന് ഇമാം ദഹബി(ഹി. 748 വഫാത്ത്) തന്റെ സിയറു അഅ്ലാമുന്നബലാഇല്‍ രേഖപ്പെടുത്തുന്നു. ബീവിയുടെ വഫാത്ത് വരെയും അബൂബക്ര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) തുടങ്ങി പ്രമുഖ ഖലീഫമാരെല്ലാം ഫത്വകള്‍ക്കു വേണ്ടി മുഖ്യമായി ആശ്രയിച്ചിരുന്നത് ബീവിയെ ആയിരുന്നെന്ന് സഅ്ദ് അല്‍ ബസ്വരി(റ)യുടെ(ഹി. 230 വഫാത്ത്) അത്ത്വബഖാത്ത് എന്ന ഗ്രന്ഥത്തില്‍ കാണാം.
ഹദീസ് പരിജ്ഞാനത്തിലും ഫത്വകള്‍ നല്‍കുന്നതിലുമുള്ള ബീവിയുടെ പരിജ്ഞാനത്തിനു പിന്നിലെ പ്രധാന ഹേതുകം നിസ്സംശയം നബി തങ്ങളുമായുള്ള അടുത്ത ജീവിതമായിരുന്നുവെന്നു പറയാം. ഇമാം ബദ്റുദ്ദീന്‍ സര്‍ക്കശി(ഹി. 794 വഫാത്ത്) പറഞ്ഞതായി ഹാകിം നൈസാബൂരി (ഹി. 405 വഫാത്ത്) പറയുന്നു: ‘ഇസ്ലാമിക ശരീഅത്ത് നിയമങ്ങളിലെ നാലിലൊരു ഭാഗം ബീവിയില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടതാണ്. സ്വഹീഹുല്‍ ബുഖാരിയിലും മുസ്ലിമിലും ആയിശ ബീവി(റ) വില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 270 ഹദീസുകളില്‍ വളരെ കുറഞ്ഞ ഭാഗമൊഴിച്ച് അധികവും വിധിവിലക്കുകളാണ്’. ശൈഖ് സഈദ് ഫായിസ് ബീവിയുടെ കര്‍മശാസ്ത്ര വിധികളും ഫത്വകളും മാത്രം ഒരുമിച്ചുകൂട്ടി ഒരു രചന തന്നെ നിര്‍വഹിച്ചിട്ടുണ്ട്.
ബീവിയുടേതു മാത്രമായി പ്രസിദ്ധമായ അനവധി ഫത്വകള്‍ ചരിത്രത്തില്‍ കാണാം. ജാര സന്തതിയെ നിസ്‌കാരത്തിന് നേതൃത്വം നല്‍കുന്നതില്‍ നിന്ന് വിലക്ക് കല്‍പ്പിക്കുന്ന വിഷയത്തില്‍; ‘പാപം പേറുന്ന ഒരു വ്യക്തിയും മറ്റൊരാളുടെ പാപഭാരം ഏറ്റെടുക്കുന്നതല്ല'(ഫാത്വിര്‍- 18) എന്ന ഖുര്‍ആനിക സൂക്തത്തിന്റെ വെളിച്ചത്തില്‍ തന്റെ ജനനത്തിന് കാരണക്കാരായവര്‍ ചെയ്ത തെറ്റ് സന്തതിയുടെ മേലില്‍ ഉണ്ടാവുകയില്ല എന്ന് ബീവി ഫത്വ നല്‍കിയിട്ടുണ്ട്. സ്ത്രീ തന്റെ ശരീരത്തെത്തൊട്ട് സ്വയം നിര്‍ഭയമാകുമ്പോള്‍ അവള്‍ക്ക് മഹ്റമില്ലാതെ തന്നെ സ്വന്തമായി യാത്ര ചെയ്യാമെന്ന് ബീവി ഫത്വ നല്‍കിയിരുന്നു. അപ്പോള്‍ സ്ത്രീ മഹ്റമിന്റെ കൂടെയല്ലാതെ യാത്ര ചെയ്യരുതെന്ന ഹദീസ് ബീവിയുടെ അടുക്കല്‍ ഉദ്ധരിക്കപ്പെട്ടപ്പോള്‍, എല്ലാ സ്ത്രീകള്‍ക്കും മഹ്റം ഉണ്ടായിരിക്കണമെന്നില്ലെന്നായിരുന്നു ബീവിയുടെ മറുപടി.
ബീവിയുടെ പാണ്ഡിത്യത്തിന്റെ പ്രസരണം കര്‍മശാസ്ത്രത്തിലോ ഫത്വകളിലോ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. മതസംബന്ധമായ വിഷയങ്ങളില്‍ സംശയനിവാരണത്തിനായി സ്വഹാബി വര്യര്‍ ബീവിയെ സമീപിക്കുകയും മുമ്പൊരിക്കലും കിട്ടാത്ത അറിവുകള്‍ തങ്ങള്‍ക്ക് കിട്ടിയിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇമാം സര്‍ക്കശി(റ) തന്റെ അല്‍ ഇജാബ എന്ന ഗ്രന്ഥത്തില്‍ അബൂമൂസല്‍ അശ്അരി(റ)യില്‍ നിന്ന് നിവേദനം ചെയ്യുന്നു: ഞങ്ങള്‍ ഹദീസില്‍ സംശയമുണ്ടായി ആഇശ ബീവിയോട് ചോദിക്കുമ്പോള്‍ അവര്‍ ശരിയായ മറുപടി പറയാത്ത സന്ദര്‍ഭമേ ഉണ്ടായിരുന്നില്ല. സ്വഹാബിമാരെ ആയിശ(റ) തിരുത്തിയതായി അനവധി സംഭവങ്ങളുമുണ്ട്. അല്‍ ഇജാബ എന്ന ഇമാം സര്‍ക്കശിയുടെ ഈ ഗ്രന്ഥം ഈ വിഷയം സവിസ്തരം പ്രതിപാദിക്കുന്ന ഒന്നാണ്. പ്രവാചകന്റെ മറ്റു പത്‌നിമാരുടെയും ലോകത്തെ സകല സ്ത്രീകളുടെയും അറിവ് ഒരുമിച്ചു കൂട്ടിയാല്‍ പോലും അത് ആയിശ ബീവിയുടെ അറിവോളം വരില്ലെന്ന് ഇമാം സുഹ്റവര്‍ദി പ്രസ്താവിച്ചിട്ടുണ്ട്.
ശൈഖ് സഈദ് റമളാന്‍ ബൂത്വിയുടെ ആയിശ(റ): ഉമ്മുല്‍ മുഅ്മിനീന്‍ എന്ന ചെറു ഗ്രന്ഥത്തില്‍ ഉസ്താദ് സഈദ് അഫ്ഗാനി എഴുതിയ ‘അല്‍ ഇജാബ ഫീ മസ്തദറകത്ഹു ആഇശ അലസ്സ്വഹാബ’യുടെ മുഖവുരയില്‍ ബീവിയുടെ വിജ്ഞാനത്തിന്റെ ആഴത്തെക്കുറിച്ച് അദ്ദേഹം എഴുതിയതിങ്ങനെ:’ആയിശ(റ) ബീവിയെക്കുറിച്ച് പഠിക്കാന്‍ ഞാന്‍ വര്‍ഷങ്ങള്‍ ചെലവഴിച്ചു. സത്യത്തില്‍ ഞാനപ്പോഴൊരു ദിവ്യാത്ഭുതത്തിന്റെ വലയത്തിലായിരുന്നു. വാക്കുകള്‍ കൊണ്ട് ആ അനുഭൂതിയെ വര്‍ണിക്കാനാവില്ല. ഞാനൊന്നേ പറയുന്നുള്ളൂ, അതിവിശാലമായ ചക്രവാളങ്ങളും വൈവിധ്യമാര്‍ന്ന നിറങ്ങളും പ്രക്ഷുബ്ധമായ തിരകളും അഗാധമായ ഗര്‍ത്തങ്ങളുമുള്ള ആ അറിവിന്റെ മഹാസാഗരം നിങ്ങളെ അത്ഭുതപ്പെടുത്തും. കര്‍മശാസ്ത്രം, ഹദീസ്, ഖുര്‍ആന്‍ വ്യാഖ്യാനം, ശരീഅത്ത്, സാഹിത്യം, കവിത, കുടുംബ പരമ്പരാ ജ്ഞാനം(നസബ), പ്രതാപം, വൈദ്യം, ചരിത്രം എന്നിവയിലെല്ലാം നിങ്ങളെ ആകര്‍ഷിക്കുന്ന കാര്യങ്ങളൊക്കെ നിങ്ങള്‍ക്ക് മഹതിയില്‍ കാണാം. തിരുനബിയുടെ വേര്‍പാടിന്റെ സമയത്ത് പതിനെട്ട് കഴിയാത്ത ഇവര്‍ക്ക് ഇതെല്ലാം എങ്ങനെ സ്വാംശീകരിക്കാന്‍ സാധിച്ചു എന്ന അത്ഭുതം എന്നെ ഇപ്പോഴും വിട്ടുമാറിയിട്ടില്ല!’. ബീവിയുടെ ശിഷ്യത്വം വരിച്ച അനവധി വനിത പണ്ഡിതകളുണ്ട്. അവരില്‍ പെട്ട അംറ ബിന്‍ത് അബ്ദുറഹ്മാന്‍ അന്‍സ്വാരി, സ്വഫിയ്യ ബിന്‍ത് ശൈബ ഉമ്മു മന്‍സ്വൂര്‍, ഉമ്മുദ്ദര്‍ദാഅ് എന്നിവര്‍ കൂര്‍മബുദ്ധികൊണ്ടും അപാരമായ ജ്ഞാനം കൊണ്ടും കഴിവ് തെളിയിച്ചവരില്‍ പ്രമുഖരാണ്.


ചരിത്രപുരുഷരെ വാര്‍ത്തെടുത്ത മഹതികള്‍
താബിഉകളില്‍ പാണ്ഡിത്യം കൊണ്ട് ചരിത്രത്തിലിടം നേടിയ അനവധി പണ്ഡിതപ്രമുഖരെ നമുക്ക് കാണാം. എന്നാല്‍, ഇത്തരക്കാരുടെ പാണ്ഡിത്യത്തിന് അടിത്തറ പാകുകയും അവരെ അതിന് പ്രാപ്തരാക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അക്കാലത്തെ വനതാ പണ്ഡിതകളുടെ സ്വാധീനം വലിയൊരളവില്‍ കാണാവുന്നതാണ്. സപ്ത പണ്ഡിതരെന്ന പേരിലറിയപ്പെട്ട ഏഴ് പണ്ഡിതര്‍ അക്കാലത്ത് മദീനയിലുണ്ടായിരുന്നു. അവരില്‍ ഒന്നാമനായ സഈദ് ബ്നുല്‍ മുസയ്യിബ് (റ)(ഹി. 94 വഫാത്ത്) ആയിശ ബീവി(റ)യില്‍ നിന്നും ഉമ്മുസലമ ബീവി(റ)യില്‍ നിന്നുമാണ് വിദ്യയഭ്യസിച്ചത്. മാതാവ് അസ്മാഅ് ബിന്‍ത് അബീബക്റി(റ)ല്‍ നിന്നും ഇളയുമ്മ ഉമ്മുല്‍ മുഅ്മിനീന്‍ ആയിശ ബീവിയില്‍ നിന്നും പഠിച്ച ഉര്‍വത്തു ബ്നു സുബൈര്‍(റ)(ഹി. 93 വഫാത്ത്), അമ്മായി ബീവി ആയിശയുടെ സംരക്ഷണത്തില്‍ വളര്‍ന്ന് അഗാധമായ പാണ്ഡിത്യം നേടിയ ഖാസിമു ബ്നു മുഹമ്മദ് ബ്നു അബീബക്ര്‍(ഹി.107 വഫാത്ത്) എന്നിവരും ഈ ഏഴില്‍ പെടുന്നു. കവിയും കര്‍മശാസ്ത്ര പണ്ഡിതനുമായ ഏഴാമന്‍ ഉബൈദു ബ്നു അബ്ദുല്ലാ(ഹി. 107 വഫാത്ത്) യും ആയിശാ ബീവിയില്‍ നിന്നും ഉമ്മു സലമ ബീവിയില്‍ നിന്നുമായാണ് പഠനം പൂര്‍ത്തിയാക്കിയത്.
നാലു മദ്ഹബിന്റെ ഇമാമുമാരും നിരവധി പണ്ഡിതകളില്‍ നിന്നും അറിവ് നേടിയവരായിരുന്നു. മദീനയിലെ ഇമാം മാലിക് ബ്നു അനസ്(റ)(ഹി. 179 വഫാത്ത്), സഅ്ദ് ബ്നു അബീവഖാസി(റ)ന്റെ മകള്‍ ആയിശയില്‍ നിന്നാണ് വിദ്യയഭ്യസിച്ചത്. ഇദ്ദേഹത്തിന്റെയടുക്കല്‍ നിന്നും മകള്‍ ഫാത്വിമ പിതാവ് സ്വായത്തമാക്കിയ അറിവുകളെല്ലാം മനഃപാഠമാക്കിയിരുന്നുവെന്ന് ഹാഫിള് ബ്നു നാസ്വറുദ്ദീന്‍(ഹി. 842 വഫാത്ത്) എന്ന പണ്ഡിതന്‍ രേഖപ്പെടുത്തുന്നു. അദ്ദേഹം പറയുന്നു:’മാലിക്ക് തങ്ങള്‍ക്ക് തന്റെ അറിവുകള്‍ മുഴുവനും മനഃപാഠമാക്കുന്ന ഒരു മകളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യര്‍ ഹദീസുകള്‍ വായിച്ച് കേള്‍പ്പിക്കുമ്പോള്‍ മകള്‍ വാതിലിന് പിന്നിലായി നില്‍ക്കുകയും തെറ്റുകള്‍ പിതാവിനെ ബോധ്യപ്പെടുത്തുകയും ചെയ്യുമായിരുന്നു’. അതേ കാലഘട്ടത്തില്‍ തന്നെ ജീവിച്ച, ളാഹിരി മദ്ഹബ് കൊണ്ടും മറ്റിതര വൈജ്ഞാനിക ശാഖകള്‍ കൊണ്ടും പ്രസിദ്ധനായ ഇമാം അബൂ മുഹമ്മദ് ബ്നു ഹസ്മ്(ഹി. 456 വഫാത്ത്) തന്റെ വൈജ്ഞാനിക ലോകത്തെ സൃഷ്ടച്ചെടുക്കുന്നതിലുള്ള പെണ്‍സ്വാധീനത്തെക്കുറിച്ചു പറയുന്നു:’എന്നെ മറ്റൊരാളും പഠിപ്പിക്കാത്ത പല രഹസ്യങ്ങളും ഞാന്‍ സ്വായത്തമാക്കിയത് സ്ത്രീ പണ്ഡിതകളില്‍ നിന്നാണ്. കാരണം, അവരുടെ മടിത്തട്ടിലാണ് ഞാന്‍ വളര്‍ന്നത്, അവരുടെ കൈകളിലൂടെയാണ് ഞാന്‍ പരിപാലിക്കപ്പെട്ടത്, അവരാണെന്നെ ഖുര്‍ആന്‍ പഠിപ്പിച്ചത്, അനേകം കവിതകള്‍ പാടിത്തന്നത്, എഴുത്തിലെന്നെ പരിശീലിപ്പിച്ചത്’.
കിഴക്കിലെ ഇസ്ലാമിന്റെ അഞ്ചാം നൂറ്റാണ്ട് പരിശോധിക്കുമ്പോള്‍, ഹാഫിളുല്‍ മശ്‌രിഖ്(ഹി. 463 വഫാത്ത്) എന്ന പേരില്‍ വിശ്രുതനായ ഇമാം ഖത്വീബുല്‍ ബഗ്ദാദി(ഹി. 463 വഫാത്ത്) ത്വാഹിറ ബിന്‍ത് അഹ്മദെന്ന(ഹി. 436 വഫാത്ത്) ഒരു കര്‍മശാസ്ത്ര-ഹദീസ് പണ്ഡിതയില്‍ നിന്ന് ഹദീസ് വിജ്ഞാനം കരസ്ഥമാക്കിയ ചരിത്രം നമുക്ക് കാണാനാകും. ഇബ്നു അസാകിര്‍(ഹി. 571) തന്റെ മുഅ്ജമുന്നിസ്വാന്‍ എന്ന ഗ്രന്ഥത്തില്‍ തനിക്ക് അറിവു പകര്‍ന്നുതന്ന എണ്‍പതോളം വരുന്ന പണ്ഡിതകളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. മക്കയിലെ ഇമാം നജ്മുദ്ദീനുബ്നു ഫഹദ് എന്ന പണ്ഡിതന്‍(ഹി. 885 വഫാത്ത്) 130 ഓളം വനിതകളില്‍ നിന്നും വിദ്യയഭ്യസിച്ചിരുന്നു. ഇമാം ഇബ്നു ഹജര്‍ അസ്ഖലാനി(ഹി. 852 വഫാത്ത്) യുടെ 170 ഓളം ഹദീസ് പണ്ഡിതകളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥത്തില്‍, അവയിലെ 54ഓളം സ്ത്രീകള്‍ തന്റെ കൂടി ഗുരുക്കളാണെന്ന് അദ്ദേഹം രേഖപ്പെടുത്തുന്നു. ഇദ്ദേഹത്തിന്റെ തന്നെ തഖ്രീബ് എന്ന ഗ്രന്ഥത്തിലൂടെ ഹദീസ് മേഖലയില്‍ നിപുണരായ 824 ഓളം വനിതകളെ അദ്ദേഹം പരിചയപ്പെടുത്തുന്നുണ്ട്. ഇദ്ദേഹത്തിന്റെ ശിഷ്യനായ ഇമാം സഖാവിക്കും(ഹി. 902 വഫാത്ത്) 85 ഓളം മഹതികള്‍ ഗുരുക്കളായി ഉണ്ടായിരുന്നു. അതേകാലത്ത് ജീവിച്ച വിശ്വപണ്ഡിതന്‍ സുയൂത്വി ഇമാമിന്റെ ഗുരുക്കന്മാരില്‍ 44 പേര്‍ വനിതകളായിരുന്നു.
ഏഴാം നൂറ്റാണ്ടിലും എട്ടാം നൂറ്റാണ്ടിലുമൊക്കെയായി ഈജിപ്തിലും ശാമിലുമായി 334 ഓളം ഹദീസ് പണ്ഡിതകള്‍ ഉയര്‍ന്നു വരികയുണ്ടായി. ഇബ്നു അസാകിര്‍, ഇബ്നു ഹജര്‍ എന്നിവരെപ്പോലുള്ള പണ്ഡിത മഹത്തുക്കള്‍ക്കെല്ലാം അനവധി വനിതാ ഗുരുക്കള്‍ ഉണ്ടായിരുന്നു. ഏറ്റവും കുറഞ്ഞത് ഒരു ഹദീസ് പണ്ഡിതയില്‍ നിന്നെങ്കിലും അറിവ് സ്വീകരിക്കാത്ത ഒരൊറ്റ പണ്ഡിതനെയും നമുക്ക് ആ കാലഘട്ടത്തില്‍ കണ്ടെടുക്കാനാവില്ലെന്നു സാരം.


നൂറ്റാണ്ടിന്റെ മുഫ്തിയത്തുകള്‍
ഫിഖ്ഹിന്റെയും ഫത്വകളുടെയും ഗഹനമായ പഠനങ്ങളിലൂടെ കടന്നു പോകുമ്പോള്‍, ഇസ്ലാമിക ഭൂഖണ്ഡങ്ങളിലൊക്കെയും എല്ലാ കാലത്തും എണ്ണമറ്റ വനിതാ പണ്ഡിതകള്‍ കടന്നുപോയിട്ടുണ്ടെന്നു നമുക്ക് മനസ്സിലാക്കാനാകും. ഹിജ്റ മൂന്നാം നൂറ്റാണ്ടില്‍ ഖൈറുവാനില്‍ ജീവിച്ച തുനീഷ്യയുടെ രണ്ട് കര്‍മശാസ്ത്ര പണ്ഡിതകളെക്കുറിച്ച് തുനീഷ്യന്‍ സാംസ്‌കാരിക ചരിത്രകാരന്‍ ഹസന്‍ ഹുസ്നി അബ്ദുല്‍ വഹാബ്(1388. ഹി വഫാത്ത്) രേഖപ്പെടുത്തുന്നുണ്ട്. ഹനഫി മദ്ഹബില്‍ അഗ്രഗണ്യയായിരുന്ന അസ്മാഅ് ബിന്‍ത് അസദ് ബ്നു ഫുറാത്ത്(ഹി. 250 വഫാത്ത്) ആണ് അതില്‍ ഒന്നാമത്. വലിയ പണ്ഡിതനും ഖാള്വിയും ഇമാമുമായ, ഒരേസമയം ഹനഫി മദ്ഹബിലും മാലിക്കി മദ്ഹബിലും അഗാധമായ പാണ്ഡിത്യമുള്ള തന്റെ പിതാവില്‍ നിന്നാണ് അവര്‍ പഠനം പൂര്‍ത്തിയാക്കിയത്. ഒട്ടനവധി സംവാദ ചോദ്യോത്തര വേദികളിലും പങ്കെടുക്കുകയും സ്വന്തമായി സംഘടിപ്പിക്കുകയും ചെയ്യുമായിരുന്നു മഹതി. ഖദീജ ബിന്‍ത് ഇമാം സഹ്‌നൂന്‍(ഹി. 270 വഫാത്ത്) എന്നവരാണ് മറ്റൊന്ന്. മാലികി മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനും പടിഞ്ഞാറന്‍ ഇസ്ലാമിക പ്രവിശ്യയിലെ മദ്ഹബിന്റെ പ്രധാന പ്രബോധകനും കൂടിയായ ഇമാം സഹ്‌നൂന്റെ മകള്‍. ഖാള്വി ഇയാള് തന്റെ തര്‍ത്തീബുല്‍ മദാരിക് എന്ന ഗ്രന്ഥത്തില്‍ ഈ മഹതിയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
ഇതേനൂറ്റാണ്ടില്‍ തൂനീഷ്യയില്‍ നിന്നും അധികം വിദൂരമല്ലാത്ത ഈജിപ്തില്‍, ശാഫിഈ മദ്ഹബിന്റെ പ്രധാന അനുചരനായ ഇസ്മാഈലു ബ്നു യഹ്യല്‍ മുസ്നി(ഹി. 204 വഫാത്ത്) യുടെ സഹോദരിയായ ഒരു ഫഖ്ഹീ പണ്ഡിതയെ നമുക്ക് കണ്ടെത്താനാകും. അദ്ദേഹത്തിന്റെ കൂടെ ചര്‍ച്ചകളിലും മത്സരങ്ങളിലും മഹതി പങ്കെടുക്കാറുണ്ടായിരുന്നു. എന്നാല്‍, തന്റെ സഹോദരിയുടെ പേര് എവിടെയും അദ്ദേഹം വെളിപ്പെടുത്താത്തതിനാല്‍ ചരിത്രത്തില്‍ ഇന്നും ഇസ്മാഈലിന്റെ സഹോദരി എന്ന പേരിലാണ് അവരറിയപ്പെടുന്നത്. ശാഫിഈ ഇമാമിന്റെ സദസ്സുകളിലെ സ്ഥിരസാന്നിധ്യമായിരുന്ന മഹതി ശാഫിഈ ഇമാമില്‍ നിന്ന് നിരവധി ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ഇമാം അബൂ ജഅ്ഫര്‍ ത്വഹായുടെ മാതാവാണവര്‍. തന്റെ അമ്മാവന്‍ ഇമാം മുസ്നിക്ക് ഇവരല്ലാതെ മറ്റൊരു സഹോദരി ഉണ്ടായിരുന്നില്ലെന്നും സുയൂത്വി ഇമാം ഹുസ്നുല്‍ മുഹാളറയില്‍ പറയുന്നുണ്ട്. സുയൂത്വി ഇമാമൊഴിച്ച് മറ്റു പണ്ഡിതരൊന്നും ഈ പണ്ഡിതയെക്കുറിച്ച് ജീവചരിത്രഗ്രന്ഥങ്ങളിലോ മറ്റോ പറഞ്ഞതായും കാണാനാവില്ല.
സ്പെയിന്‍ ചരിത്രകാരന്‍ ഇബ്നു ഉമൈറ(ഹി. 599 വഫാത്ത്) ബുഗ്യത്തുല്‍ മുല്‍തമിസ് എന്ന ഗ്രന്ഥത്തില്‍ കൊര്‍ദോവയില്‍ മറവുചെയ്യപ്പെട്ട ഫാത്വിമ ബിന്‍ത് യഹ്യ ബ്നു യൂസുഫ്(ഹി. 319 വഫാത്ത്) എന്ന ഒരു ഫിഖ്ഹി പണ്ഡിതയെ പരിചയപ്പെടുത്തുന്നുണ്ട്. കൊര്‍ദോവക്കാരിയായ മഹതി വലിയ അറിവുള്ളവരും സൂക്ഷ്മജ്ഞാനിയുമായിരുന്നു. ഇറാഖിലെ ഉമ്മു ഈസാ ബിന്‍ത് ഇബ്റാഹീം(ഹി. 328 വഫാത്ത്) എന്ന ശാഫിഈ പണ്ഡിതയെക്കുറിച്ച് ഇബ്നുല്‍ ഹൗസി തങ്ങള്‍ മുന്‍തളിം എന്ന ഗ്രന്ഥത്തില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കൂടാതെ, ശാഫിഈ പണ്ഡിതന്‍ അബൂ ഹുറൈറ തങ്ങളുടെ(ഹി. 345 വഫാത്ത്) മകന്‍ അബൂ അലിയുടെ കൂടെ ഫത്വകള്‍ നല്‍കാറുണ്ടായിരുന്ന മഹാനായ ഖാള്വി ഹുസൈനി(ഹി. 377 വഫാത്ത്) ന്റെ മകളെക്കുറിച്ച് ഇമാം ദഹബി ‘ഇബര്‍’ എന്ന ഗ്രന്ഥത്തില്‍ അടയാളപ്പെടുത്തിയതായും കാണാം.
ഖുറാസാനില്‍ നിന്നുമുള്ള ഉമ്മു ഫള്ല്‍ ആയിശ ബിന്‍ത് അഹ്മദെന്ന(ഹി. 529 വഫാത്ത്) ഫിഖ്ഹി പണ്ഡിതെയക്കുറിച്ച് അബൂ സഅ്ദ് സംആനി (ഹി. 562 വഫാത്ത്) അത്തഹ്ബീര്‍ ഫീ മുഅ്ജമില്‍ കബീര്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. അതേ നൂറ്റാണ്ടില്‍ തന്നെ ജീവിച്ച ശഹ്ദ ബിന്‍ത് അഹ്മദെന്ന(ഹി. 574 വഫാത്ത്) അതീവ സൂക്ഷ്മജ്ഞാനിയായ സ്ത്രീയെക്കുറിച്ച് ചരിത്രം പറയുന്നു; നിരവധി ശാസ്ത്ര മേഖലകളില്‍, പ്രത്യേകിച്ച് ഫിഖ്ഹില്‍ ജ്ഞാനിയായിരുന്നു മഹതി. ആ കാലഘട്ടത്തില്‍ വിജ്ഞാനം കൊണ്ട് കീര്‍ത്തിയാര്‍ജിച്ച ഈ പണ്ഡിത, മറയുടെ പിന്നിലിരുന്ന് അധ്യാപനം നടത്തുകയും ഒട്ടനവധിയാളുകള്‍ അവരില്‍ നിന്ന് ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തിരുന്നു. ഹനഫി മദ്ഹബില്‍ ഫത്വകള്‍ നല്‍കിയും സംശയങ്ങള്‍ ദുരീകരിച്ചും സജീവമായ ഇടപെടലുകള്‍ നടത്തിയ അനേകം ശൈഖമാരും ചരിത്രത്തിലുണ്ട്. തുഹ്ഫത്തുല്‍ ഫുഖഹാഅ് എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ശൈഖ് അലാഉദ്ദീന്‍ സമര്‍ഖന്ദിയുടെ മകള്‍ ഫാത്വിമ ബിന്‍ത് അലാഉദ്ദീന്‍ സമര്‍ഖന്ദി എന്നവര്‍ അതില്‍ പ്രധാനിയാണ്. ബദാഇഉസ്സ്വനാഇഅ് എന്ന ഗ്രന്ഥത്തിന്റെ ഗ്രന്ഥകാരന്‍ ഇമാം അലാഉദ്ദീന്‍ കാസാനിയുടെ പത്നിയായിരുന്നു മഹതി. തന്റെ പിതാവിന്റെ അടുക്കല്‍ നിന്നും കര്‍മശാസ്ത്രം പഠിച്ചെടുത്ത അവര്‍ക്ക് പിതാവിന്റെ രചനയായ തുഹ്ഫ മനഃപാഠമായിരുന്നു. ഫത്വകള്‍ നല്‍കുമ്പോള്‍ തന്റെ ഭര്‍ത്താവിന് പിഴവുകള്‍ നികത്തിക്കൊടുക്കുകയും ഭാര്യയുടെ വശം ശരിയാണെന്ന് മനസ്സിലാക്കിയാല്‍ അദ്ദേഹം തിരുത്തുകയും ചെയ്യാറുണ്ടായിരുന്നു.


പ്രസംഗ പീഠങ്ങളിലുയര്‍ന്ന പെണ്‍ശബ്ദങ്ങള്‍
വാക്കുകള്‍ കൊണ്ട് ജനഹൃദയങ്ങളില്‍ ഇസ്ലാമിന്റെ വെളിച്ചം പകര്‍ന്ന മതപ്രഭാഷണ ചരിത്രങ്ങളിലും പെണ്‍സാന്നിധ്യം വ്യക്തമായി കാണാം. ഹിജ്റ എട്ടാം നൂറ്റാണ്ടില്‍ ജീവിച്ച ഹമ്പലി പണ്ഡിത ഉമ്മു സൈനബ് ഫാത്വിമാ ബിന്‍ത് അബ്ബാസ് അല്‍ ബഗ്ദാദിയ്യ(ഹി. 714 വഫാത്ത്) സ്ത്രീ സദസ്സുകളില്‍ ഉയര്‍ന്നുപൊങ്ങുന്ന ധീര ശബ്ദത്തിനുടമയും സ്ത്രീസമൂഹത്തിനു നേതൃപദവി അലങ്കരിക്കുകയും ചെയ്ത മഹതിയായിരുന്നു. ചരിത്രകാരന്‍ സ്വലാഹുദ്ദീനുസ്സഫ്ദി(ഹി. 764 വഫാത്ത്) തന്റെ അഅ്യാനുല്‍ ബസ്വര്‍ എന്ന ഗ്രന്ഥത്തില്‍ അടയാളപ്പെടുത്തുന്നു: ‘മഹതിയുടെ ഉത്ബോധനങ്ങള്‍ക്ക് അതീവ സ്വാധീനം ചെലുത്താന്‍ സാധിച്ചിരുന്നുവെന്നു മാത്രമല്ല, ദമസ്‌കസിലെ ഒരു പറ്റം സ്ത്രീകളുടെ പരിവര്‍ത്തനത്തിന് തന്നെ അവ കാരണമായിട്ടുണ്ട്. ഹിജ്റ എഴുന്നൂറുകള്‍ക്കു ശേഷം അവര്‍ ഈജിപ്തിലേക്ക് നീങ്ങുകയും അവിടെയും എണ്ണമറ്റ സ്ത്രീകള്‍ക്ക് സേവനം ചെയ്യുകയും അതേ തുടര്‍ന്ന് പ്രസിദ്ധിയാര്‍ജിക്കുകയുമുണ്ടായി. മഹതിയുടെ പേരില്‍ അറിയപ്പെട്ട, ഹിജ്റ 684 ന് കൈറോയില്‍ സ്ഥാപിക്കപ്പെട്ട ഒരു സംഘടനതന്നെ അക്കാലത്തുണ്ടായിരുന്നു. ഭര്‍ത്താക്കന്മാര്‍ വിവാഹമോചനം നടത്തുകയോ ഒഴിവാക്കുകയോ ചെയ്ത സ്ത്രീകളുടെ പുനര്‍വവാഹം, ബന്ധങ്ങള്‍ പുനഃസ്ഥാപിക്കല്‍ തുടങ്ങി സ്ത്രീസുരക്ഷ ലക്ഷ്യമിട്ടു കൊണ്ട് സമൂഹത്തിന്റെ മുഖ്യധാരയില്‍ പ്രത്യുത സംഘടന സജീവമായ പ്രവര്‍ത്തിച്ചിരുന്നു.
ഫിഖ്ഹുമായുള്ള മഹതിയുടെ ബന്ധത്തെക്കുറിച്ച് ചരിത്രകാരന്‍ സ്വഫദി പറയുന്നു: ‘തലമുറകളായി പാണ്ഡിത്യത്തിന്റെ പാരമ്പര്യമുള്ള മുഖാദിസ കുടുംബത്തിലെ ശൈഖ് ശംസുദ്ദീന്‍(ഹി. 682 വഫാത്ത്) എന്ന മഹാനില്‍ നിന്നാണ് അവര്‍ ഫിഖ്ഹ് പഠിച്ചെടുത്തത്. കര്‍മശാസ്ത്രത്തിലെ സങ്കീര്‍ണമായ മസ്അലകള്‍ സൂക്ഷ്മമായി കൈകാര്യം ചെയ്യുമായിരുന്ന അവര്‍ ജനമനസ്സുകളില്‍ ഉന്നതമായ സ്വീകാര്യത നേടിയിരുന്നു’. ഒരിക്കലവരെ സന്ദര്‍ശിക്കാന്‍ തനിക്കവസരം ലഭിക്കുകയും അവരുടെ അറിവിലുള്ള ഉയര്‍ച്ചയും ഭയഭക്തിയും എന്നെ ആശ്ചര്യപ്പെടുത്തുകയും ചെയ്തുവെന്ന് ഇമാം ദഹബി തന്റെ അല്‍ ഇബര്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തയതായി കാണാം.
ശാഫിഈ മദ്ഹബിലെ അഗ്രഗണ്യനായ പണ്ഡിതന്‍ ശിഹാബുദ്ദീന്‍ അല്‍ അന്‍സ്വാരിയുടെ മാതാവ് ആഴമേറിയ പാണ്ഡിത്യത്തിന്റെ ഉടമയായിരുന്നു. തന്റെ മകന്‍ ‘ഇബ്നുല്‍ ആലിമത്ത്'(പണ്ഡിതയുടെ മകന്‍) എന്ന സ്ഥാനപ്പേരിലറിയപ്പെട്ടതു തന്നെ ആ മാതാവിന്റെ പാണ്ഡിത്യത്തിന്റെ പരപ്പറിയാന്‍ മതി. അവരുടെ വാക്ചാതുരി കേട്ടറിഞ്ഞ് രാജാക്കന്മാര്‍ പോലും അറിവ് നേടാനായി അവരെ സമീപിച്ചിരുന്നതായി ചരിത്രം പറയുന്നു. ശൈഖ് ഇബ്നു നബാത്തിയുടെ പ്രഭാഷണങ്ങളില്‍ നിന്നുമുള്ള അനവധി പ്രഭാഷണ ശകലങ്ങളും അവര്‍ക്ക് ഹൃദിസ്ഥമായിരുന്നു.


തമസ്‌കരിക്കപ്പെടുന്ന സ്ത്രീയിടങ്ങള്‍
കാലാന്തരങ്ങളിലായി കണക്കില്ലാത്ത പെണ്‍ പണ്ഡിതകള്‍ ഇസ്ലാമികമായ വൈജ്ഞാനിക വ്യവഹാരങ്ങളില്‍ സജീവമായ ഇടപെടലുകള്‍ നടത്തുകയുണ്ടായി. എങ്കിലും പ്രവാചക പത്നിമാരുടെയും വിശിഷ്യാ ആയിശാ ബീവിയുടേതുമൊഴിച്ച് മറ്റു സ്ത്രീപണ്ഡിതകളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളും മറ്റും വിമുഖത കാണിച്ചുവെന്നു നിരീക്ഷിക്കപ്പെടുന്നു. അതിന്റെ പ്രധാനകാരണങ്ങള്‍ നാലെണ്ണമാക്കി സംഗ്രഹിക്കാം. ഒന്ന്, ഫുഖഹാക്കള്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നിടത്ത് പ്രധാനമായും പണ്ഡിതരുടെ പ്രസിദ്ധി അടിസ്ഥാനമാന ദണ്ഡമായി കണക്കാക്കിയിരുന്നു. അങ്ങനെ ഓരോ കാലഘട്ടത്തിലെയും പ്രമുഖ ഇമാമുമാരുടെ അഭിപ്രായങ്ങള്‍ മാത്രമായി അവ ചുരങ്ങുകയാണുണ്ടായത്. രണ്ടാമതായി, ഒട്ടുമിക്ക പണ്ഡിതകളും പണ്ഡിതരുടെ മകളോ ഭാര്യയോ ആയിരുന്നതിനാല്‍ ഭര്‍ത്താവിന്റെയോ പിതാവിന്റെയോ പേരിന് പിന്നിലായി ഒതുങ്ങുകയായിരുന്നു അവരിലധികവും. കാലാതീതമായി അഭിപ്രായങ്ങളും മസ്അലകളും ജീവസ്സുറ്റതായി നിലനിര്‍ത്താനാവുകയെന്നത് പുസ്തകങ്ങളുടെ സവിശേഷതയാണെന്നിരിക്കെ സ്ത്രീപണ്ഡിതകളില്‍ നിന്നും വളരെ വിരളമായല്ലാതെ ഗൗരവമായ രചനകള്‍ വന്നില്ല എന്നത് മൂന്നാമതൊരു കാരണമായി എണ്ണപ്പെടുന്നു. സ്ത്രീ സ്വത്വത്തെ മുഴുവന്‍ ഔറത്തായി കണക്കാക്കി അകത്തളങ്ങളില്‍ ഒതുങ്ങിക്കൂടേണ്ടവളായി കണ്ടുവന്ന ആദ്യകാല ഇസ്ലാമിക സാമൂഹിക പരിസരവും ഇതിന് വലിയൊരളവില്‍ കാരണമായിട്ടുണ്ട് എന്നും നിരീക്ഷിക്കപ്പെടുന്നു. ഇമാം മുസ്നി തന്റെ സഹോദരിയെക്കുറിച്ച് മൗനം പാലിച്ചതും ഇതേ കാരണം കൊണ്ടാവാം.
ഹിജ്റ എട്ട് മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തില്‍ കാര്യക്ഷമമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ 36 രചയിതാക്കളെ മാത്രമാണ് ചരിത്രത്തില്‍നിന്ന് ഗവേഷകര്‍ക്ക് കണ്ടെടുക്കാനായത്. അതില്‍ പലതും ഇന്ന് നാമമാത്രമായി അവശേഷിക്കുന്നു. ജീവചരിത്ര ഗ്രന്ഥങ്ങളില്‍ നിന്നും മറ്റുമായി ലഭ്യമായ വളരെ തുച്ഛമായ ഈ എണ്ണം, രചനകളോടുള്ള സ്ത്രീ പണ്ഡിതകളുടെ വിമുഖതക്ക് അടിവരയിടുന്നു. ഇക്കാര്യം സാക്ഷ്യപ്പെടുത്തിക്കൊണ്ട് ഗവേഷകന്‍ മുഹമ്മദ് ഖൈര്‍ റമളാന്‍ യൂസുഫ് പറയുന്നു: ‘ഗവേഷണാവശ്യാര്‍ഥം വിവിധ മദ്ഹബുകളുടെ ഗ്രന്ഥങ്ങള്‍ പരിശോധിച്ച അദ്ദേഹത്തിന് 2115 ഓളം ഹനഫി പണ്ഡിതരുടെ ജീവചരിത്രങ്ങളടങ്ങുന്ന അല്‍ ജവാഹിറുല്‍ മുളയ്യ ഫി തറാജിമില്‍ ഹനഫിയ്യ എന്ന ഗ്രന്ഥത്തില്‍ നിന്നും വെറും അഞ്ച് പണ്ഡിതകളെക്കുറിച്ചാണ് വായിക്കാനായത്. എന്നാല്‍, മാലിക്കി ഗ്രന്ഥങ്ങളില്‍ നിന്നും ഒരൊറ്റ സ്ത്രീയെപ്പോലും കണ്ടെത്താനായതുമില്ല. അപ്രകാരം ഇമാം സുബ്കിയുടെ അത്ത്വബഖാത്തുശ്ശാഫിഇയ്യത്തുല്‍ കുബ്റ എന്ന ഗ്രന്ഥത്തില്‍ നിന്നും പത്തില്‍ താഴെ ശാഫിഈ പണ്ഡിതകളെ മാത്രമാണ് കണ്ടെത്താനായത്. കൂടാതെ ഇബ്നു അബീ യഅ്ലയുടെ ത്വബഖാത്തുല്‍ ഹനാബില എന്ന ഗ്രന്ഥത്തിലും ഹമ്പലി കര്‍മശാസ്ത്രപണ്ഡിതകളെക്കുറിച്ച് രേഖപ്പെടുത്തയിട്ടില്ല. എന്നാല്‍, ഇതിനെല്ലാം പകരമെന്നോണം ഇമാം ഇബ്നു ഹമ്പല്‍ തന്റെ സ്ത്രീഗുരുക്കളെക്കുറിച്ച് പ്രത്യേകം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
സ്പെയിനിലും സ്ത്രീപണ്ഡിതകളോടുള്ള തിരസ്‌കാരം ആവര്‍ത്തിച്ചതായി കാണാനാകും. നഫ്ഹുത്വീബ് എന്ന ഗ്രന്ഥത്തില്‍ ഇമാം തല്‍മസാനി സ്പെയിനിലെ പ്രസിദ്ധരായ ഇരുപതോളം വരുന്ന സ്ത്രീനേതാക്കളെക്കുറിച്ചു പറയുന്നുണ്ട്. അതില്‍തന്നെ സ്ത്രീകളുടെ മുഴുവന്‍ പേര്, ജനനം, മരണം, പഠനം തുടങ്ങിയ വിവരങ്ങള്‍ അവഗണനാപൂര്‍വം അതിവിരളമായി മാത്രമേ നല്‍കിയിട്ടുള്ളൂ. മറ്റൊരുദാഹരണത്തിലൂടെ ഗ്രന്ഥകാരന്മാര്‍ കാണിച്ച അവഗണന വ്യക്തമായി മനസ്സിലാക്കാനാകും. സ്പെയിനിലെ പണ്ഡിതകളെ പരിചയപ്പെടുത്തുന്നിടത്ത് ഇമാം മഖര്‍രി ലൂശായെന്ന സ്ഥലത്തെ ഖാള്വിയുടെ വിദ്യാസമ്പന്നയായ ഭാര്യയെക്കുറിച്ച് പറയുന്നുണ്ട്. ഖാള്വിയായ ഭര്‍ത്താവിന് പലപ്പോഴും വിധിനിര്‍ണയത്തില്‍ സംഭവിക്കാറുള്ള പാകപ്പിഴവുകള്‍ ചൂണ്ടിക്കാണിക്കാന്‍ മാത്രം കൂര്‍മബുദ്ധിയവര്‍ക്കുണ്ടായിരുന്നു എന്ന് ഗ്രന്ഥകാരന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും അവരുടെ പേരോ അടിസ്ഥാനവിവരങ്ങളോ പറയാതിരുന്നത് മറച്ചുവക്കലിന്റെ മറ്റൊരു മുഖമാണെന്നു പറഞ്ഞുകൂടായ്കയില്ല.
സ്പെയിന്‍, പടിഞ്ഞാറ്, ആഫ്രിക്ക എന്നിവിടങ്ങളിലെ മുഫ്തിമാരുടെ ഫത്വകള്‍ ഒരുമിപ്പിച്ച് അബൂ അബ്ബാസ് അല്‍വന്‍ശരീസി(ഹി. 914 വഫാത്ത്) രചിച്ച ഒരു ഗ്രന്ഥമുണ്ട്. എന്നാല്‍, പന്ത്രണ്ട് വാള്യങ്ങളുള്ള ആ ബൃഹത്തായ ഗ്രന്ഥത്തില്‍ സ്ത്രീകളുടെതായ ഒരൊറ്റ ഫത്വകള്‍ പോലും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ജീവചരിത്ര ഗ്രന്ഥങ്ങളും മറ്റും ഇത്തരത്തില്‍ പെണ്‍ പണ്ഡിതവ്യൂഹത്തോട് കാണിച്ച വിമുഖത കാരണമായി ആയിശ ബീവിയില്‍ നിന്ന് തുടക്കമിട്ട ഈ പണ്ഡിതപരമ്പരയുടെ കണ്ണികള്‍ പലതും ഇന്ന് ലോകമറിയാതെ മറഞ്ഞ് കിടക്കുന്നുണ്ടാവണം. വിശിഷ്യാ, വൈജ്ഞാനികലോകത്തെ സ്ത്രീപ്രാതിനിധ്യം താരതമ്യേന കുറവാണെന്നിരിക്കെ, ലഭ്യമായ ആധികാരികമായ സ്രോതസ്സുകളില്‍ നിന്നും പെണ്‍പണ്ഡിതലോകത്തെക്കുറിച്ച് ഗവേഷണങ്ങളും പഠനങ്ങളും പുരോഗമിക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണ്.
മൊറോക്കോയിലെ ഫെസ്സ് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ലോകത്തെ ഏറ്റവും പുരാതന സര്‍വകലാശാല ജാമിഅ: അല്‍-ഖറവിയ്യീന്‍ സ്ഥാപക ഫാത്തിമ അല്‍ ഫിഹ്‌രിയ്യ (ക്രി. 800-870) എന്ന വനിത വൈജ്ഞാനിക ലോകത്ത് നടത്തിയ ഇടപടലുകള്‍ ശ്രദ്ധയമാണ്. അടിയുറച്ച വിശ്വാസിയായ മഹതി തന്റെ ധനികനായ പിതാവിന്റേയും ഭര്‍ത്താവിന്റേയും മരണാനന്തരം തനിക്കു ലഭിച്ച അനന്തരസ്വത്ത് പള്ളി നിര്‍മാണത്തിനു നീക്കിവക്കുകയായിരുന്നു. വളര്‍ന്നു വരുന്ന വിശ്വാസി സമൂഹത്തിന് ഉപയോഗപ്രദമാകും വിധം അതിവിശാലമായ പള്ളിയാണ് അവരുടെ നേതൃത്വത്തില്‍ നിര്‍മിക്കപ്പെട്ടത്. അല്‍ ഖറവിയ്യീന്‍ എന്ന ഈ മസ്ജിദ് പിന്നീട് പത്താം നൂറ്റാണ്ടോടെ നോര്‍ത്താഫ്രിക്കയിലെ ഏറ്റവും വലിയതും പ്രഥമ മതസ്ഥാപനവുമായി രുപപ്പെട്ടു വന്നു. സംവാദങ്ങളും വൈജ്ഞാനിക ചര്‍ച്ചകളുമായി ലോകത്തെമ്പാടുമുള്ള പഠിതാക്കളെയും ശാസ്ത്രജ്ഞന്മാരെയും ആകര്‍ഷിച്ച ഈ സ്ഥാപനം പിന്നീട് സര്‍വകലാശാല തലത്തിലേക്ക് ഉയര്‍ന്നു വരികയുണ്ടായി. ഇന്ന് നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന സര്‍വകലാശാലകളില്‍ ഏറ്റവും പുരാതനമായ ഒന്നായി ഇതിനെ കണക്കാക്കുന്നു.
പ്രാരംഭഘട്ടത്തില്‍ തന്നെ വിപുലമായ ഗ്രന്ഥശാല അവിടെ നിലനിന്നിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കവികള്‍, കര്‍മശാസ്ത്രവിദഗ്ദര്‍, ജ്യോതിശാസ്ത്രജ്ഞര്‍, ഗണിതശാസ്ത്രജ്ഞര്‍ എന്നിങ്ങനെ ഒട്ടനവധി മേഖലകളില്‍ പ്രതിഭകളെ ലോകത്തിനു സമ്മാനിച്ചിട്ടുണ്ട് ഈ സംരംഭം. പ്രസിദ്ധ ചരിത്രകാരന്‍ ഇബ്‌നു ഖല്‍ദൂന്‍, തത്വശാസ്ത്രജ്ഞനും ഭിഷഗ്വരനുമായ ഇബ്‌നു റുശ്ദ് തുടങ്ങി നീളുന്ന പ്രമുഖരുടെ പട്ടിക തന്നെയുണ്ട്. സ്ത്രീ തൊഴില്‍ മേഖലയെ അഭിവൃദ്ധിപ്പെടുത്തുകയും പരിശീലനം നല്‍കുകയും ചെയ്യുന്ന പദ്ധതികളെ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2017ല്‍ ഫാത്തിമ അല്‍ ഫിഹ്‌രിയ്യയുടെ പേരില്‍ ബഹുമതി പട്ടത്തിന് തുനീഷ്യന്‍ സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു.

ഫഹ്മിദ പി.ടി തറയിട്ടാല്‍