സ്വവര്‍ഗ സ്വത്വവാദികളുടെ ആന്തരിക വൈരുധ്യങ്ങള്‍

2078

ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്ന രാഷ്ട്രീയ വിവക്ഷക്കകത്ത് നിന്നുകൊണ്ട് സ്വവര്‍ഗപ്രേമികളായ പുരുഷന്‍മാരും സ്ത്രീകളും കൂടുതല്‍ ദൃശ്യപ്പെടുന്ന കാലമാണിത്. തങ്ങളുടെ സ്വവര്‍ഗ ലൈംഗിക കാമനകളെ പൊതുവിടങ്ങളില്‍ സ്വാഭാവികവത്ക്കരിക്കാനും (Homonormativity) മതം, രാഷ്ട്രം, സമൂഹം എന്നിവക്കകത്തു തന്നെ പ്രത്യേക ഇടങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമത്തിലാണവര്‍. സെക്കുലര്‍, ലിബറല്‍ ഉത്തരാധുനിക പരിസരങ്ങളില്‍ തങ്ങള്‍ പൊതുവേ സ്വീകരിക്കപ്പെടുന്നുണ്ടെങ്കിലും, മത-സാംസ്‌കാരിക പാരമ്പര്യങ്ങള്‍ തങ്ങളുടെ സ്വത്വരൂപീകരണത്തിന് കാര്യമായ തടസ്സം സൃഷ്ടിക്കുന്നുണ്ട് എന്നവര്‍ മനസ്സിലാക്കിയിട്ടുണ്ട്. ഈ പ്രതിസന്ധി മറികടക്കാന്‍ കേവലം മതപാരമ്പര്യങ്ങളെ തള്ളിപ്പറയല്‍ കൊണ്ട് സാധിക്കുകയില്ലെന്നും പകരം മതത്തിനകത്തു തന്നെ ദൈവശാസ്ത്രപരമായും നൈതികമായും സ്വവര്‍ഗലൈംഗികതക്ക് ഇടം കണ്ടെത്തലാണ് കൂടുതല്‍ പ്രായോഗികം എന്നും അവര്‍ വിലയിരുത്തിയിട്ടുണ്ട്. ഇതിനുവേണ്ടി ഈ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ തന്നെ തിരുത്തല്‍ വാദികളും (Revisionists) ആക്ടിവിസ്റ്റുകളും ഖുര്‍ആന്‍,ഹദീസ് എന്നിവയില്‍ നിന്നും സ്വവര്‍ഗലൈംഗിക സ്വത്വത്തെ സ്ഥാപിക്കാന്‍ വേണ്ടിയുള്ള ജ്ഞാനോദ്പാദന പ്രക്രിയയില്‍ ഏര്‍പ്പെടുന്നതായി കാണാം. ഈ സാഹചര്യത്തില്‍ സ്വവര്‍ഗ ആക്ടിവിസ്റ്റുകളുടെയും ഖുര്‍ആനിലെയും ഹദീസിലെയും തിരുത്തല്‍വാദികളുടെയും വാദങ്ങളിലെ ആന്തരികവൈരുദ്ധ്യങ്ങളും രീതിശാസ്ത്രപരമായ വൈകല്യങ്ങളും വിശകലനം ചെയ്യുന്നത് പ്രസക്തമായിരിക്കും.

ലൈംഗികമായ സ്വത്വരൂപീകരണത്തിന്റെ പ്രശ്‌നങ്ങള്‍
ചരിത്രത്തില്‍ എല്ലാ സമൂഹങ്ങളിലും സ്വവര്‍ഗമോഹികളായ ആളുകള്‍ ഉണ്ടായതു പോലെ മുസ്‌ലിം സമൂഹങ്ങള്‍ക്കിടയിലും ഉണ്ടായിട്ടുണ്ട്. സ്ഥലകാല വ്യത്യാസങ്ങളില്ലാതെ സ്വവര്‍ഗലൈംഗികരായ ആളുകള്‍ ജീവിച്ചിരുന്നതു പോലെ തന്നെ, സാഹിത്യങ്ങളിലും ജനകീയസംസ്‌കാരങ്ങളിലും അവര്‍ സ്വയം അടയാളപ്പെടുത്തിരുന്നു. മധ്യകാല മുസ്‌ലിംകള്‍ക്കിടയില്‍ സജീവമായി നിലനിന്ന സ്വവര്‍ഗലൈംഗികതയുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അവയില്‍ ഏറ്റവും ശ്രദ്ധേയമായതാണ് ഖാലിദ് അല്‍ റോഹബ് എഴുതിയ ബിഫോര്‍ ഹോമോസെക്ഷ്വാലിറ്റി ‘ഇന്‍ ദി അറബ്-ഇസ്‌ലാമിക് വേള്‍ഡ് എന്ന പഠനം’. ഇത്തരം പഠനങ്ങള്‍ മുസ്‌ലിം സമൂഹങ്ങളില്‍ സ്വവര്‍ഗരതിക്കാര്‍ ജീവിച്ചിട്ടുണ്ട് എന്നും, അവരുടെ അസ്തിത്വത്തെ ഉള്‍ക്കൊണ്ടു കൊണ്ട് മുസ്‌ലിംകള്‍ ജീവിച്ചിട്ടുണ്ടെന്നും തെളിയിക്കുന്നുണ്ട്. സ്വവര്‍ഗലൈംഗിക മോഹങ്ങളുടെ പൂര്‍ത്തീകരണം എന്നതിനേക്കാള്‍ രാഷ്ട്രീയാധികാരം സ്ഥാപിക്കാനും, ശത്രുക്കള്‍ക്കെതിരെയുള്ള ഹിംസക്കും പ്രതികാരത്തിനുമുള്ള ഉപാധിയായും സ്വവര്‍ഗലൈംഗികത നിലനിന്നതായി ഖാലിദ് റോഹബ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ തന്നെ മറ്റൊരു ഗ്രന്ഥമായ ‘ദ് ലൌ ഓഫ് ബോയ്‌സ് ഇന്‍ അറബിക് പോയട്രി’ എന്ന പഠനം മധ്യകാല ഒട്ടോമന്‍ സാമ്രാജ്യത്തിലെ ആണ്‍കുട്ടികളോടുള്ള പ്രണയം പ്രമേയമാക്കിയുള്ള അറബി കവിതകളെ സംബന്ധിച്ചുള്ളതാണ്.
സ്വവര്‍ഗലൈംഗികതയോട് ആഭിമുഖ്യമുള്ള ആളുകള്‍ തങ്ങള്‍ക്കിടയില്‍ ജീവിച്ചിരുന്നു എന്നതിനെ കുറിച്ച് ഇസ്‌ലാമിക നിയമജ്ഞരും പണ്ഡിതരും ബോധവാന്മാരായിരുന്നു എന്നുമാത്രമല്ല, അവരെ മുസ്‌ലിംകളായി തന്നെ പരിഗണിക്കുകയും ചെയ്തു പോന്നിട്ടുണ്ട്. വിവിധതരത്തിലുള്ള ലൈംഗികാഭിമുഖ്യങ്ങളിലൊന്നായി സ്വവര്‍ഗാഭിമുഖ്യത്തെ അവര്‍ കാണുകയും, മനുഷ്യന്റെ തിന്മചെയ്യാനുള്ള നൈസര്‍ഗികമായ മറ്റു തെരഞ്ഞെടുപ്പുകളെപ്പോലെ തന്നെ ഒരു തെരഞ്ഞെടുപ്പായി ഇതിനെ മനസ്സിലാക്കുകയും ചെയ്തു. ഇങ്ങനെയൊക്കെ ആണെങ്കിലും മുസ്‌ലിം പണ്ഡിതര്‍ ആരും ഇതിനെ നിയമപരമായി കണ്ടിരുന്നില്ല. മാത്രമല്ല, സാധാരണ ഗതിയിലുള്ള വ്യഭിചാരത്തേക്കാള്‍ ഗൗരവതരമായ കാര്യമായി സ്വവര്‍ഗരതിയെ വിലയിരുത്തുകയാണ് അവര്‍ ചെയ്തത്. ഈ പശ്ചാത്തലത്തിലാണ് സ്വവര്‍ഗലൈംഗികാഭിമുഖ്യത്തെ ആഘോഷിക്കുകയും രാഷ്ട്രീയവത്ക്കരിക്കുകയും ചെയ്യുന്ന പ്രവണതയെ നാം പരിശോധന വിധേയമാക്കേണ്ടത്. സ്വവര്‍ഗലൈംഗികത വാദിക്കുന്നവരും അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരും ഉളവാക്കുന്ന ഏറ്റവും വലിയ നൈതികപ്രശ്‌നം അവര്‍ അവരുടെ ലൈംഗിക കാമനകളെ ലാളിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു എന്നതല്ല. മറിച്ച് അതവരുടെ സ്വത്വത്തിന്റെ പ്രധാന ഉള്ളടക്കമായി മനസ്സിലാക്കുന്നു എന്നതാണ്.
യഥാര്‍ഥത്തില്‍, സ്വവര്‍ഗത്തോട് ലൈംഗിക തൃഷ്ണ കാണിക്കുന്നവര്‍ (Homosexual‑), എതിര്‍ലിംഗത്തോട് ലൈംഗിക തൃഷ്ണ കാണിക്കുന്നവര്‍ (Heterosexual)‑, എന്നീ സംവര്‍ഗങ്ങള്‍ ഇസ്‌ലാമിന്റെ അവതരണ കാലഘട്ടത്തിലോ പൂര്‍വാധുനിക മുസ്‌ലിം സമൂഹങ്ങളിലോ ഉണ്ടായിരുന്നില്ല. മറിച്ച്, അവ ഒരു ആധുനിക പടിഞ്ഞാറന്‍ ഉത്പന്നമാണ്. എന്നാല്‍, ഇതിനര്‍ഥം പൂര്‍വാധുനിക സമൂഹങ്ങള്‍ക്ക് ഇത്തരം ലൈംഗിക തൃഷ്ണകള്‍ ഉണ്ടായിരുന്നില്ല എന്നല്ല. മറിച്ച് അത്തരം തൃഷ്ണകള്‍ ചേര്‍ന്നാണ് അവരുടെ സ്വത്വം രൂപപ്പെടുന്നത് എന്ന് അവര്‍ അംഗീകരിച്ചിരുന്നില്ല. സ്വവര്‍ഗത്തോട് ലൈംഗിക കാമനകള്‍ മനസ്സില്‍ സൂക്ഷിക്കുക എന്നതല്ല പ്രശ്‌നം, മറിച്ച് അവയുപയോഗിച്ച് ഒരു സ്വത്വവാദം രൂപപ്പെടുത്തുന്നതാണ് ഇസ്‌ലാമിന്റെ നൈതികതയെ സംബന്ധിച്ചിടത്തോളം പ്രശ്‌നകരമായ കാര്യം. ഇസ്‌ലാമില്‍ ആഗ്രഹങ്ങളും ചോദനകളും ഉണ്ടാകുന്നത് കുറ്റകരമല്ല, അവ മനുഷ്യരില്‍ ദൈവം നൈസര്‍ഗികമായി നിക്ഷേപിച്ചതാണ്. എന്നാല്‍, അതിനനുസരിച്ച് ഉണ്ടാവുന്ന പ്രവര്‍ത്തനങ്ങളെയാണ് ഇസ്‌ലാം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത്.
സ്വവര്‍ഗാനുരാഗം എന്ന ചോദന മാത്രമല്ല, അതിനേക്കാള്‍ ഹീനവും വികൃതവുമായ പല ചോദനകളും മനുഷ്യരില്‍ ഉണ്ടാവാം. എന്നാല്‍, അവ ഒരു വിഭാഗം ആളുകളുടെ സ്വത്വത്തെ നിര്‍ണയിക്കുന്നതായി മനസ്സിലാക്കപ്പെടുകയും അത് ഒരു സ്വത്വവാദം ആയി മാറുന്നതും ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങളാണ് ഉളവാക്കുക. സ്വത്വരൂപീകരണത്തിനു വേണ്ടി ക്വിയര്‍ (Queer‑) ആക്ടിവിസ്റ്റുകള്‍ ഉന്നയിക്കുന്ന ന്യായം സാധാരണ സ്ത്രീ-പുരുഷന്‍മാര്‍ക്കിടയില്‍ കാണപ്പെടുന്നതില്‍ നിന്നും വ്യത്യസ്തമാണ് തങ്ങളുടെ ലൈംഗികാഭിമുഖ്യം (Orientation) എന്നും, അത് തങ്ങളില്‍ പ്രകൃതിപരമായി തന്നെ ഉള്ളതാണ് എന്നുമാണ്. ലൈംഗികാഭിമുഖ്യത്തിന്റെ കാര്യത്തില്‍ ന്യൂനപക്ഷമാണെന്നതിനാല്‍ തങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ വേണമെന്ന രാഷ്ട്രീയപരമായ ആവശ്യവും അവര്‍ ഉന്നയിക്കുന്നു.
ഞങ്ങള്‍ ഒരു യാഥാര്‍ഥ്യമാണ്, അതുകൊണ്ട് ഞങ്ങളെ കാണാന്‍ ശ്രമിക്കൂ എന്നാണവര്‍ പറയുന്നത്. യഥാര്‍ഥത്തില്‍ ഏത് ലൈംഗികാഭിമുഖ്യമാണ് പ്രകൃതിപരമായി മനുഷ്യനില്‍ ഇല്ലാത്തത്? ഏത് ലൈംഗിക ചോദനയാണ് മനുഷ്യന്റെ പ്രകൃതമല്ലാത്തത്? മൃഗത്തോട് ലൈംഗികവൃത്തിയില്‍ (bestiality) ഏര്‍പ്പെടാനുള്ള ചോദന പ്രകൃതിപരമല്ലേ? വിവാഹം കഴിച്ചവര്‍ക്ക് വിവാഹബാഹ്യ ലൈംഗിക മോഹങ്ങള്‍ തോന്നുന്നത് പ്രകൃതിചോദന അല്ലേ.? മാതാവും പിതാവും അടങ്ങുന്ന ബന്ധുക്കളോട് ചിലര്‍ നടത്തുന്ന ലൈംഗിക വേഴ്ച (incest) അവരുടെ പ്രകൃതി ചോദന അല്ലേ, ശവത്തെ ഭോഗം ചെയ്യാനുള്ള ത്വര (necrophilia) അവനവന്റെ പ്രകൃതി ചോദനക്ക് വഴങ്ങിയല്ലേ.? വ്യഭിചാരം, മദ്യപാനം, മോഷണത്വര തുടങ്ങിയവയെല്ലാം പ്രകൃതിപരം അല്ലേ? നടേ പറഞ്ഞ ലൈംഗികചോദനകള്‍ മുഴുവന്‍ മനുഷ്യരില്‍ ഉണ്ടാകാന്‍ ഇടപെടുന്നതിനേക്കാള്‍ വ്യത്യസ്തമായ ഇടപെടലാണോ പ്രകൃതി സ്വവര്‍ഗപ്രേമികളില്‍ നടത്തുന്നത്.? മറ്റുള്ള ലൈംഗിക ആഭിമുഖ്യള്ളവരില്‍ ഉള്ളതിനേക്കാള്‍ സവിശേഷമായ എന്ത് ഇടപെടലാണ് സ്വവര്‍ഗപ്രേമികളില്‍ അവരുടെ ലൈംഗികാഭിമുഖ്യം സൃഷ്ടിക്കാന്‍, പ്രകൃതി നടത്തുന്നത്? മൃഗഭോഗം, ശവഭോഗം പോലെയുള്ള നികൃഷ്ടമായ ആഭിമുഖ്യത്തേക്കാള്‍ വിശുദ്ധമായ എന്താണ് സ്വവര്‍ഗലൈംഗിക ആഭിമുഖ്യത്തിലുള്ളത്? സ്വേഛപരമായ ലൈംഗികാഭിമുഖ്യം എന്ന ഒന്ന് നിലനില്‍ക്കുന്നുണ്ടോ? ഇത്തരം രതിവൈകൃതങ്ങളെല്ലാം സ്വേഛപരമാണെന്നും സ്വവര്‍ഗാനുരാഗം മാത്രം സ്വേഛപരമല്ലാതെ, ഒഴിച്ചു നിര്‍ത്താനാവാത്ത പ്രകൃതിയുടെ സൃഷ്ടിയാണെന്നും പറയുന്നത് എത്രമാത്രം നിരര്‍ഥകമാണ്!
ബ്രീട്ടിഷ് ശാസ്ത്ര ജേണലിസ്റ്റ് ആയ എഡ് യോങ് ദി അറ്റ്‌ലാന്റിക് മാസികയില്‍ എഴുതിയത് പ്രകാരം, സ്വവര്‍ഗപ്രേമികളുടെ ലൈംഗിക ചോദന അവരുടെ ശരീര ഘടനയില്‍ ആദ്യമേ നിര്‍ണയിക്കപ്പെട്ടതായോ, അല്ലെങ്കില്‍ അവരുടെ ലൈംഗികാഭിമുഖ്യം സ്വവര്‍ഗത്തോട് മാത്രമായി നിശ്ചയിക്കപ്പെട്ടതായോ അസന്ദിഗ്ധമായി തെളിയിക്കുന്ന യാതൊരു ജനിതകസൂചനയും ലഭ്യമായിട്ടില്ല എന്നാണ്. ഇനി അങ്ങനെ ലഭ്യമായാല്‍ തന്നെ അതിന് ധാര്‍മികമായ ന്യായീകരണം നല്‍കാന്‍ ഇസ്‌ലാമിക പാരമ്പര്യത്തില്‍ തെളിവുകളില്ലതാനും. സ്വവര്‍ഗപ്രേമത്തിന് ഇസ്‌ലാമിനകത്ത് സാധൂകരണം നല്‍കാന്‍ വേണ്ടിയുളള രചനാ പദ്ധതിയിലേര്‍പ്പെട്ടവരില്‍ ഏറ്റവും പ്രമുഖനായ സിറാജ് സ്‌കോട്ട് കൂഗഌന്റെ സിദ്ധാന്തങ്ങളെ രീതിശാസ്ത്രപരമായി തന്നെ ഇഴകീറി പരിശോധിച്ച് ദീര്‍ഘമായ പഠനമെഴുതിയ മുബീന്‍ വയ്ദ് ഇക്കാര്യം വിശദമായി എഴുതിയിട്ടുണ്ട് .

സ്‌കോട്ട് കൂഗഌം ഇസ്‌ലാമിക പാരമ്പര്യവും
ഇസ്‌ലാമിക പാരമ്പര്യങ്ങളില്‍ നിന്ന് സ്വവര്‍ഗലൈംഗികവാദത്തിന്റെ ന്യായീകരണങ്ങള്‍ കണ്ടെത്താന്‍ പലരും ശ്രമിച്ചിട്ടുണ്ടെങ്കിലും നിരന്തരം അതുസംബന്ധമായ ജ്ഞാനോത്പാദന പദ്ധതിയുമായി മുന്നോട്ടു പോയ ഏക വ്യക്തി സിറാജുല്‍ ഹഖ് സ്‌കോട്ട് കൂഗ്ള്‍ ആണെന്ന് പറയാവുന്നതാണ്. അതിനാല്‍, അദ്ദേഹത്തിന്റെ വാദങ്ങളിലെ പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നത് സ്വവര്‍ഗരതിക്കാരുടെ പദ്ധതികളെ സമീപിക്കുന്ന അവസരത്തില്‍ ഏറെ നിര്‍ണായകമാണ്. 2003 ല്‍ ഒമിദ് സാഫി എഡിറ്റ് പുറത്തിറക്കിയ Progressive Muslims: On Justice, Gender, and Pluralism എന്ന പഠനസമാഹാരത്തിലാണ് സ്‌കോട്ട് കൂഗഌന്റെ പ്രഥമലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. Sexuality, Diversity, and Ethics in the Agenda of Progressive Muslims എന്ന തലക്കെട്ടിലുള്ള ഈ ലേഖനത്തില്‍ അദ്ദേഹം ഇസ്‌ലാമിനകത്തെ ബഹുസ്വരതയെ ഉയര്‍ത്തിക്കാണിക്കുകയും അതടിസ്ഥാനത്തില്‍ ഹോമോസെക്ഷ്വലുകളെ കൂടി ഉള്‍ക്കൊള്ളുന്ന ലൈംഗികമായ ബഹുസ്വരതക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്നുണ്ട്. പിന്നീട് 2010 ലാണ് ലൈംഗികതയുടെ കാര്യത്തില്‍ നൂറ്റാണ്ടുകളായി രൂപപ്പെട്ടുവന്ന ജ്ഞാനപാരമ്പര്യത്തെ തള്ളിക്കളയുന്ന തിരുത്തല്‍ വാദവുമായി Homosexuality in Islam: Critical Reflection on Gay, Lesbian, and Transgender Muslims എന്ന അഞ്ഞൂറോളം പേജുള്ള തന്റെ പഠനം പുറത്തിറക്കുന്നത്. ഖുര്‍ആന്‍,ഹദീസ് അവയില്‍ ലൂത്ത് നബിയുടെ സമുദായത്തെ സംബന്ധിച്ച് വന്ന ആഖ്യാനങ്ങള്‍, ലൂത്ത് നബിയുടെ സമുദായം ചെയ്തതുപോലെയുള്ള ലൈംഗികപ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരെ അപലപിച്ചു കൊണ്ടുള്ള ഹദീസുകളുടെ വിമര്‍ശനം തുടങ്ങിയവയാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

വ്യാഖ്യാനശാസ്ത്രപരമായ ന്യായങ്ങള്‍
ഖുര്‍ആനിന്റെ വ്യാഖ്യാനശാസ്ത്രത്തില്‍ ചില അവ്യക്തമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടാണ് സ്‌കോട്ട് കൂഗ്ള്‍ തന്റെ ഹോമോ അനുകൂല വാദങ്ങള്‍ രൂപപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഖുര്‍ആനിലെ ബഹുസ്വരതയാണ് സ്‌കോട്ട് കൂഗ്ള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പ്രധാന ആശയം. ഖുര്‍ആന്‍ ബഹുസ്വരതയെയും വൈവിധ്യത്തെയും ആഘോഷിക്കുന്ന ഗ്രന്ഥമാണെന്ന് നിരവധി സൂക്തങ്ങള്‍ ഉദ്ധരിച്ച് സ്ഥാപിക്കുകയും അതടിസ്ഥാനമാക്കി ലൈംഗികമായ ബഹുസ്വരതയെ കൂടി അതിലേക്ക് ഉള്‍ച്ചേര്‍ക്കുകയും അതിന്റെ ഭാഗമായി സ്വവര്‍ഗലൈംഗികത ഖുര്‍ആനില്‍ സാധ്യമാണെന്ന് വ്യാഖ്യാനിക്കുകയുമാണ് കൂഗ്ള്‍ ചെയ്യുന്നത്. മാത്രമല്ല, ഹോമോലൈംഗികതയെ ന്യായീകരിക്കാനായി ബഹുസ്വരതയെ ഉപയോഗപ്പെടുത്തുന്ന കൂഗ്ള്‍ അതേ യുക്തി പ്രകാരം ഖുര്‍ആനില്‍ ഉഭയലൈംഗികത (Bisexuality) യുടെ സാധ്യത കാണുന്നില്ലെന്നും, അതെന്തു കൊണ്ടാണെന്ന് വിശദീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും വിമശിക്കപ്പെട്ടിട്ടുണ്ട്. ഒരു പാഠം വായിക്കുമ്പോള്‍ അടിസ്ഥാനപരമായ നിയമം ആ പാഠത്തെ അതിന്റെ തന്നെ പരാമര്‍ശങ്ങളുടെ വെളിച്ചത്തില്‍ വായിക്കുക എന്നാണല്ലോ. മാത്രമല്ല, പാഠവും (Text‑) സന്ദര്‍ഭവും (Context) പരസ്പരം കണ്ണിചേര്‍ന്ന് നില്‍ക്കുന്നതിലാല്‍ പാഠത്തെ സന്ദര്‍ഭത്തിന്റെ വെളിച്ചത്തില്‍ വായിക്കലാണ് അതിനോടു ചെയ്യുന്ന നീതി. ഈ നീതി പാലിക്കാതെ പാഠത്തെ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്താണ് സ്‌കോട്ട് കൂഗ്ള്‍ ഖുര്‍ആന്‍ വായന നടത്തുന്നത്. ഉദാഹരണമായി, കൂഗഌന്റെ തിരുത്തല്‍വാദ പദ്ധതിയിലെ (interpretive revisionism) ഒരു പ്രധാന നിര്‍ദ്ദേശമെടുക്കാം. ഖുര്‍ആന്‍ അപലപിച്ചത് ലൂത്ത് നബിയുടെ സമുദായത്തിന്റെ ദുര്‍നടപ്പുകളെ (ഫാഹിശ) പൊതുവെയാണ്, അല്ലാതെ, ആണുങ്ങളെ ലൈംഗികവികാരത്തോടെ സമീപിക്കുക എന്ന പ്രത്യേക കാര്യത്തെയല്ല എന്നാണ് അദ്ദേഹത്തിന്റെ വാദം.
ഇവിടെ ഫാഹിശ എന്ന ഖുര്‍ആനിന്റെ പ്രയോഗം ലൂത്ത് നബിയുടെ സമുദായക്കാര്‍ അദ്ദേഹത്തോടു ചെയ്ത ധിക്കാരപൂര്‍ണമായ കാര്യങ്ങളെ പൊതുവെ ആണ് ഉദ്ദേശിക്കുന്നത് എന്ന വായനയാണ് അദ്ദേഹം നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍, ഖുര്‍ആനില്‍ ഒമ്പത് വ്യത്യസ്ഥ സ്ഥലങ്ങളില്‍ ലൂത്തീ ആഖ്യാനങ്ങള്‍ വന്നിട്ടുണ്ട്. അതില്‍ സൂറത്തുല്‍ അഅ്‌റാഫില്‍ 80-81 സൂക്തത്തില്‍ അല്‍ഫാഹിശ എന്ന പദം പ്രയോഗിച്ച തൊട്ടുശേഷം ‘തഅ്ത്തൂന രിജാല’ (നിങ്ങള്‍ ആണുങ്ങളെ സമീപിക്കുന്നു) എന്ന പ്രയോഗം കൂടിയുണ്ട്. അതായത് ഖുര്‍ആന്‍ തന്നെ ഫാഹിശ എന്താണെന്ന് വിശദീകരിക്കുന്നുണ്ട്. എന്നാല്‍, ഇവിടെ ഖുര്‍ആന്‍ ഫാഹിശ എന്ന് വിളിക്കുന്നതിനെ കേവലം അക്ഷരാര്‍ഥത്തില്‍ വായിക്കണമെന്നും ‘തഅ്ത്തൂന രിജാല’ എന്ന ആശയം രൂപപ്പെടുത്തുന്ന സന്ദര്‍ഭത്തിനകത്ത് വായിക്കരുത് എന്നുമാണ് കൂഗ്ള്‍ ആവശ്യപ്പെടുന്നത്. അക്കാര്യത്തില്‍ ആയിരം കൊല്ലത്തോളം ഈ സൂക്തങ്ങള്‍ വിശദീകരിച്ച നിയമജ്ഞര്‍, ഖുര്‍ആന്‍ വ്യഖ്യാതാക്കള്‍ എന്നിവര്‍ക്ക് തെറ്റുപറ്റിയതാണെന്നും അദ്ദേഹം വാദിക്കുന്നു. ഇങ്ങനെ ഖുര്‍ആനിലെ പാഠവും സന്ദര്‍ഭവും തമ്മില്‍ വിശദീകരണമില്ലാത്ത വിധം വേര്‍തിരിച്ച് കൊണ്ടാണ് സ്‌കോട്ട് കൂഗഌന്റെ തിരുത്തല്‍ വായന മുന്നേറുന്നത്. പൊതുവെ, ‘ലൈംഗികമായ സ്വത്വം’ എന്ന സങ്കല്‍പത്തെ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നില്ല എന്നതിനാല്‍, ‘സ്വവര്‍ഗലൈംഗികത’ എന്ന സംവര്‍ഗത്തെ ഖുര്‍ആന്‍ പ്രത്യേകം എടുത്തു പറയുന്നില്ല എന്നതാണ് കൂഗഌന്റെ മറ്റൊരു വാദം. അതിനാല്‍ സ്വവര്‍ഗലൈംഗികതയെ പ്രത്യേകം എടുത്തുപറഞ്ഞ് നിരാകരിക്കാത്തതിനാല്‍ അതിനെ വ്യാഖ്യാനങ്ങളിലൂടെ ഖുര്‍ആനിനകത്ത് പ്രതിഷ്ഠിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതായി കൂഗ്ള്‍ വിശ്വസിക്കുന്നു. എന്നാല്‍, മുമ്പു വിശദീകരിച്ച പോലെ ഖുര്‍ആന്‍ ലൈംഗികതയെ ഒരു പ്രത്യേക സ്വത്വത്തെ രൂപീകരിക്കുന്ന ഘടകമായി പരിഗണിക്കുന്നില്ല. മറിച്ച്, നഫ്‌സ് എന്ന സംവര്‍ഗത്തിനകത്ത് അനുവദനീയവും അല്ലാത്തതുമായ എല്ലാ ലൈംഗികതയെയും ഉള്‍പ്പെടുത്തുകയും അതില്‍ നിന്ന് ഭാര്യ, അടിമസ്ത്രീ എന്നിവരോടുള്ള ലൈംഗികതയെ അനുവദിക്കുകയും മറ്റുള്ളവയെ മുഴുവന്‍ വ്യക്തമായി നിരാകരിക്കുകയുമാണ് ഖുര്‍ആന്‍ ചെയ്യുന്നത്. ഭാര്യമാര്‍,അടിയാത്തികള്‍ എന്നിവരില്‍ നിന്നൊഴികെ മറ്റെല്ലാവരില്‍ നിന്നും ഗുഹ്യഭാഗങ്ങളുടെ വിശുദ്ധി കാത്തുസൂക്ഷിക്കുന്നവരാണ് സത്യവിശ്വാസികള്‍ എന്ന് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത് കാണാം. ഈ രണ്ടു വിഭാഗത്തോടല്ലാതെ ലൈംഗികത പ്രാവര്‍ത്തികമാക്കുന്നവര്‍ പരിധി വിടുന്നവരാണ് എന്നും ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു (2931). ഇവയില്‍ ഭാര്യമാരിലൂടെ കുടുംബവ്യവസ്ഥയുടെ സംരക്ഷണവും, അതിലൂടെയുളള സുസ്ഥിരമായ സാമൂഹികരൂപീകരണവും ലക്ഷ്യമിടുന്നു. അടിമകളോട് ലൈംഗികബന്ധം അനുവദിക്കുന്നതിലൂടെ അടിമയുടെ ലൈംഗികസംതൃപതി, അടിമ പ്രസവിച്ച കുഞ്ഞിനെ സ്വതന്ത്ര്യമായി വിടുക, കുഞ്ഞിനെ തുടര്‍ന്ന് അടിമസ്ത്രീയെയും സ്വതന്ത്ര്യമാക്കുക, അങ്ങനെ ആ തലമുറയില്‍ നിന്നു തന്നെ അടിമത്തം പിഴുതെറിയുക എന്നതും ഉന്നമിടുന്നു.
സ്വവര്‍ഗലൈംഗികത എന്ന പ്രയോഗം ഖുര്‍ആനില്‍ ഇല്ല എന്നതു പോലെ തന്നെ കൂഗ്ള്‍ മുന്നോട്ടുവക്കുന്ന അബദ്ധജടിലമായ മറ്റൊരു വാദമാണ് ഖുര്‍ആന്‍ ‘ലൂത്തി’ ‘ലിവാത്തി’ എന്നീ പദങ്ങള്‍ ഉപയോഗിക്കുന്നില്ല എന്നത്. ഖുര്‍ആന്‍ ഉപയോഗിക്കാതെ ഇസ്‌ലാമിക നിയമപുസ്തകങ്ങളിള്‍ അവ വ്യാപകമായത് എന്തുകൊണ്ടെന്ന് കൂഗ്ള്‍ പ്രതിഷേധിക്കുന്നുണ്ട്. പക്ഷേ, ഈ യുക്തിപ്രകാരം നോക്കിയാല്‍ ഖുര്‍ആനില്‍ ബലാല്‍സംഗം, സമ്മതം, വിസമ്മതം തുടങ്ങിയ വാക്കുകളും ഇല്ല എന്നത് ശ്രദ്ധേയമാണ്. മാത്രമല്ല, കൂഗഌന്റെ വാദത്തിന്റെ യുക്തി പ്രകാരം പില്‍ക്കാലത്ത് ഇസ്‌ലാമിക നിയമജ്ഞര്‍ വിശകലനോപാധിയായി വികസിപ്പിച്ചെടുത്ത സുന്ന, ഹദീസ്, ഫിഖ്ഹ്, തുടങ്ങിയ പല സംവര്‍ഗങ്ങളും ഖുര്‍ആനിലില്ല എന്ന യാഥാര്‍ഥ്യത്തെ കൂഗ്ള്‍ അവഗണിക്കുന്നതായി മുബീന്‍ വൈദ് ചൂണ്ടിക്കാണിക്കുന്നു.
സ്വവര്‍ഗരതിയുടെ ശിക്ഷ വ്യക്തമായി ഖുര്‍ആനില്‍ പറയുന്നില്ല എന്നതാണ് ഹോമോവിഭാഗങ്ങളെ ന്യായീകരിക്കാന്‍ കൂഗഌനെ പ്രേരിപ്പിക്കുന്ന മറ്റൊരു ന്യായം. എന്നാല്‍, സ്വവര്‍ഗരതിയുടെ മാത്രമല്ല, മൃഗരതി, ശവരതി, ബലാല്‍സംഗം തുടങ്ങിയവയുടെ ശിക്ഷകളൊന്നും ഖുര്‍ആന്‍ പ്രത്യേകം പരാമര്‍ശിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. അതായത്, ലൈംഗികതയുമായി ബന്ധപ്പെട്ട ഖുര്‍ആനികമായ സംവര്‍ഗങ്ങളുപയോഗിച്ച് ലൈംഗികതയെ മനസ്സിലാക്കാന്‍ ശ്രമിക്കാതെ ആധുനിക ലൈംഗികസംവര്‍ഗങ്ങളെ ഖുര്‍ആനില്‍ ആരോപിക്കുന്ന തീര്‍ത്തും ജനാധിപത്യവിരുദ്ധമായ നിലപാടാണ് കൂഗ്ള്‍ സ്വീകരിക്കുന്നത്.
ലൂത്ത് നബിയുടെ ആണുങ്ങളായ അതിഥികളെ ഭോഗിക്കാന്‍ വന്നവര്‍ക്ക് സ്വന്തം ഭാര്യമാരുണ്ടായിരുന്നുവെന്നും അവരോട് ലൈംഗികവഞ്ചന (Sexual Infidelity‑) കാണിച്ചതിന്റെ പേരിലാണ് ലൂത്ത് നബി അവരെ അപലപിച്ചത്, അല്ലാതെ ആണുങ്ങളുടെ അടുത്തേക്കു വന്നു എന്ന പ്രത്യേക വിഷയം പരിഗണിച്ചല്ല എന്നതാണ് കൂഗഌന്റെ Homosexuality in Islam എന്ന പുസ്തകത്തിലെ മറ്റൊരു വാദം. ലൂത്ത് നബി അപലപിച്ചത് സ്വവര്‍ഗഭോഗമായിരുന്നില്ല, മറിച്ച്, തങ്ങളുടെ ഭാര്യമാരുടെ അടുത്തേക്ക് മാത്രമേ പോകാവൂ എന്ന കല്‍പന അവഗണിച്ചതിനെയാണ് എന്ന് കൂഗ്ള്‍ വിശദീകരിക്കുന്നു. സൂറത്ത് ശുഅറാഇലെ ”നിങ്ങളുടെ നാഥന്‍ നിങ്ങള്‍ക്കായി സൃഷ്ടിച്ച ഇണകളെ നിങ്ങള്‍ വര്‍ജിക്കുകയാണോ” (വതദറൂന മാ ഖലഖ ലകും റബ്ബുക്കും മിന്‍ അസ്‌വാജിക്കും) എന്ന പ്രയോഗമാണ് ഇതിന്റെ തെളിവായി അദ്ദേഹം മുന്നോട്ടുവക്കുന്നത്. എന്നാല്‍, ഭാര്യമാരുടെ അടുത്തേക്ക് പോകാതിരുന്നതാണ് പ്രശ്‌നമെങ്കില്‍ അക്കാര്യം ലൂത്ത് നബി തന്റെ കല്‍പനയില്‍ അവരെ പ്രത്യേകം നിര്‍ദ്ദേശിക്കണമായിരുന്നു. എന്നാല്‍, ആണുങ്ങളായ അതിഥികള്‍ക്കു പകരം ‘തന്റെ പെണ്‍മക്കളെ സമീപിക്കൂ’ (തന്റെ പെണ്‍മക്കള്‍ എന്നതിന്റെ വിവക്ഷ തന്റെ നാട്ടിലെ പെണ്‍കുട്ടികള്‍ ആണെന്ന് ഭൂരിഭാഗം മുഫസ്സിറുകളും രേഖപ്പെടുത്തിയിട്ടുണ്ട്) എന്ന പൊതുവായ നിര്‍ദ്ദേശം ബദലായി നിര്‍ദ്ദേശിക്കുകയാണ് ലൂത്ത് നബി ചെയ്തത്.
ഖുര്‍ആനിലെ ലൂത്തീ ആഖ്യാനങ്ങളുമായി ബന്ധപ്പെട്ട് ഹോമോ കേന്ദ്രീകൃതമായ വ്യാഖ്യാനപദ്ധതിയില്‍ ഏര്‍പ്പെടുന്നതിനിടെ കൂഗഌന്റെ രചനകള്‍ തന്നെ പരസ്പര വിരുദ്ധമായി നില്‍ക്കുന്നതു കാണാം. ഉദാഹരണമായി, ടലഃൗമഹശ്യേ: ഉശ്‌ലൃശെ്യേ ഋവേശര െഎന്ന ലേഖനത്തില്‍ തന്റെ ആണുങ്ങളായ അതിഥികള്‍ ബലാല്‍ത്സംഗം ചെയ്യപ്പെടാതിരിക്കാന്‍ വേണ്ടിയും അവരുടെ അഭിമാനം സംരക്ഷിക്കാന്‍ വേണ്ടിയും ലൂത്ത് നബി സ്വന്തം പെണ്‍കുട്ടികളെ സമര്‍പ്പിക്കുകയായിരുന്നു ചെയ്തതെന്ന് കൂഗ്ള്‍ വാദിക്കുന്നു. അതിഥികളെ അവമതിക്കുക എന്ന ലക്ഷ്യത്തോടെ അവരെ സമീപിക്കുന്നതായിരുന്നു നബി വിലക്കിയത്, അല്ലാതെ സ്വവര്‍ഗലൈംഗികത പൊതുവെ എതിര്‍ക്കുയായിരുന്നില്ല എന്ന തീര്‍പ്പിലെത്തുകയും ചെയ്യുന്നു. പക്ഷേ, ഈ തീര്‍പ്പില്‍ നിന്നും കൂഗ്ള്‍ പിന്നീട് മലക്കം മറിയുന്നുണ്ട്. അതായത്, ഒരു പ്രവാചകന്‍ തന്റെ പെണ്‍മക്കളെ ബലാല്‍ക്കാരത്തിനു വിട്ടുകൊടുക്കുമോ എന്ന സന്ദേഹം ഉന്നയിക്കുകയും, ലൂത്ത് നബി ഒരു ആക്ഷേപഹാസ്യപരമായ താരതമ്യം നടത്തിയതായിരുന്നു എന്നും പെണ്‍മക്കളെ നിര്‍ദ്ദേശിക്കുകയായിരുന്നില്ല എന്നും പുതിയൊരു വിശദീകരണമാണ് Homosexuality in Islamഎന്ന പുസ്തകത്തില്‍ അദ്ദേഹം നല്‍കുന്നത്.

ഖസസ് സാഹിത്യങ്ങള്‍
ഖുര്‍ആനിലെ വ്യാഖ്യാനശാസ്ത്രം ഹദീസിന്റെ നിദാനശാസ്ത്രം തുടങ്ങിയ മേഖലകളില്‍ തിരുത്തലുകള്‍ ആവശ്യപ്പെട്ട ശേഷം, സ്വവര്‍ഗ ലൈംഗികസ്വത്വം ഇസ്‌ലാമിക പാരമ്പര്യത്തിനകത്ത് സ്ഥാപിച്ചെടുക്കാന്‍ വേണ്ടി സ്‌കോട്ട് കൂഗ്ള്‍ ഖസസ് സാഹിത്യങ്ങളിലേക്ക് തിരിയുകയാണ് ചെയ്യുന്നത്. ഖസസ്/സീറ എന്നീ ആഖ്യാനപാരമ്പര്യങ്ങളിലൂടെ ഇസ്‌ലാമിക മൂല്യങ്ങളും ചരിത്രവും നിലനില്‍ക്കുകയും കൈമാറ്റപ്പെടുകയും ചെയ്തിട്ടുണ്ട് എന്നത് യാഥാര്‍ഥ്യം തന്നെയാണ്. എന്നാല്‍, അവക്ക് ഖുര്‍ആന്‍, ഹദീസ് എന്നിവയുടെ ആധികാരികത മറികടക്കാന്‍ സാധിച്ചിട്ടില്ല. ഖസസ് സാഹിത്യങ്ങള്‍ ആളുകളെ ധാര്‍മികമായി പ്രചോദിപ്പിക്കാനും, ഗുണപാഠകഥകള്‍ പ്രചരിപ്പിക്കാനും, യുദ്ധങ്ങളില്‍ ആവേശം നല്‍കാനുമൊക്കെ വ്യാപകമായി ഉപയോഗിച്ചിരുന്നു. എന്നാല്‍, ആഖ്യാനങ്ങള്‍ കൈമാറ്റം ചെയ്യുന്ന ഓരോ വ്യക്തിയുടെയും സത്യസന്ധത, വിശ്വാസ്യത, സൂക്ഷ്മത എന്നിവ അടിസ്ഥാനമാക്കി കണ്ണിമുറിയാത്ത സനദുകള്‍ ഉപയോഗിച്ചുള്ള കണിശമായ രീതിശാസ്ത്രത്തിലൂടെ അരിച്ചെടുത്തായിരുന്നു ഹദീസുകള്‍ ചരിത്രത്തില്‍ ആധികാരിക കൈവരിച്ചത്. ഈ ഗുണമേന്മ സ്വാഭാവികമായും ഖസസ് സാഹിത്യങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. കാരണം, ആധികാരികതയേക്കാള്‍ നാടകീയതയാണ് ഖസസുകളുടെ ഘടനയെ നിര്‍ണയിച്ചത്. അതുകൊണ്ട് തന്നെ, നിയമം, വിശ്വാസം തുടങ്ങിയ ഗൗരവതരമായ മേഖലകളില്‍ ഖസസ് സാഹിത്യങ്ങളെ തെളിവായി പരിഗണിച്ചിരുന്നില്ല.
മധ്യകാല മുസ്‌ലിംകളിലെ പണ്ഡിതരും പ്രബോധകരും ഖസസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, അത് ആളുകള്‍ക്ക് ഗുണപാഠം, ഹൃദയസംസ്‌കരണം എന്നിവ നല്‍കാന്‍ വേണ്ടി മാത്രമായിരുന്നു. മറിച്ച് ഫിഖ്ഹും അഖീദയുമായി ബന്ധപ്പെട്ട വിശ്വാസപരവും നിയമപരവുമായ മൂല്യമുള്ള മേഖലകളില്‍ ഖസസുകളെ ഉപയോഗിച്ചിരുന്നില്ല. മാത്രമല്ല, ഖസസ് സാഹിത്യവുമായി സ്ഥിരമായി ബന്ധപ്പെടുന്നവരെ ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാര്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഫിഖ്ഹ് ഗ്രന്ഥങ്ങളും അഖീദാ പാഠങ്ങളും നിലനില്‍ക്കുന്നത് ഖസസ് സാഹിത്യം അടിസ്ഥാനമാക്കിയല്ല എന്നത് കൂഗഌന്റെ പ്രസ്തുത സ്രോതസ്സുകളെ ദുര്‍ബലമാക്കുന്നുണ്ട്. അതിനാല്‍ ഇസ്‌ലാമിലെ ആധികാരിക പാരമ്പര്യത്തിനകത്ത് ഖസസ് സാഹിത്യമുപയോഗിച്ച് സ്വവര്‍ഗലൈംഗികത കണ്ടെത്താന്‍ കഴിയില്ലെന്നതാണ് യാഥാര്‍ഥ്യം.
ഖസസ് സാഹിത്യങ്ങളില്‍ നിന്നും മുഹമ്മദ് ബിന്‍ അബ്ദുല്ലാ അല്‍ കിസാഇ യുടെ ബദ്ഉല്‍ ഖല്‍ഖ് വ ഖസസുല്‍ അമ്പിയാ എന്ന ഗ്രന്ഥമാണ് കൂഗ്ള്‍ അവലംബിക്കുന്നത്. ചൂത്, ബിംബാരാധന തുടങ്ങി പല കുറ്റങ്ങളിലും ലൂത്ത് നബിയുടെ സമുദായക്കാര്‍ ഏര്‍പ്പെട്ടിരുന്നുവെന്നും സ്വവവര്‍ഗലൈംഗികഭോഗം ആയിരുന്നില്ല അവര്‍ ശിക്ഷിക്കപ്പെടാന്‍ കാരണമെന്നും ഈ ഗ്രന്ഥത്തിലെ ചില ഉദ്ധരണികള്‍ ഉപയോഗിച്ചു കൊണ്ട് കൂഗ്ള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍, പുരുഷന്മാരെ സമീപിക്കുന്നത് സംബന്ധമായിട്ടാണ് അവര്‍ ശിക്ഷിക്കപ്പെട്ടതെന്ന് വ്യക്തമാക്കുന്ന വിവരണങ്ങള്‍ കിസാഇയുടെ ഇതേ ഗ്രന്ഥത്തിലുണ്ടെങ്കിലും അവ തന്റെ പദ്ധതിയോട് യോജിക്കാത്തതിനാല്‍ കൂഗ്ള്‍ തള്ളിക്കളയുകയാണ് ചെയ്യുന്നത്.
ഏറ്റവും ഗുരുതരമായ പ്രശ്‌നം കൂഗഌന്റെ രീതിശാസ്ത്രത്തിലെ പൊരുത്തമില്ലായ്മയാണ്. അതായത്, കിസാഇയുടെ ഖസസ് ഗ്രന്ഥത്തില്‍ ഇസ്‌നാദ് പ്രകാരമുള്ള വിവരണങ്ങള്‍ ലഭ്യമല്ല. അതേസമയം സ്വവര്‍ഗലൈംഗികതക്ക് എതിരെയുള്ള സഹീഹായ ഹദീസുകള്‍ മുതവാത്തിര്‍ അല്ലാത്തതിനാലും ളന്നി ആയതിനാലും കൂഗ്ള്‍ തള്ളിക്കളയുകയും ചെയ്യുന്നു. ഇങ്ങനെ കണ്ണിമുറിയാത്ത സനദുകളുള്ള ഹദീസുകള്‍ ആഹാദ് ആണെന്ന പേരില്‍ തള്ളിക്കളയുകയും അതേസമയം സനദുകള്‍ പോലുമില്ലാത്ത ഖസസ് സാഹിത്യത്തെ ഉപജീവിച്ച് സ്വവര്‍ഗസ്വാഭാവികതക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്നതാണ് ഏറെ ഖേദകരം. മാത്രമല്ല, ഒരു ഗ്രന്ഥകാരന്‍ എന്ന നിലക്ക് കിസാഇയുടെ ജീവിതപരിസരം, മരണസമയം എന്നിവ അനിശ്ചിതവും അവ്യക്തവുമാണ് എന്ന് മുബീന്‍ വൈദ് രേഖപ്പെടുത്തുന്നുണ്ട്.
വസ്തുതാപരമായ ഒരു പിഴവുകൂടിയുണ്ടെന്ന് മുബീന്‍ വൈദ് ചൂണ്ടിക്കാണിക്കുന്നുണ്ട്. അതായത്, മുഹമ്മദ് ബിന്‍ അബ്ദുല്ലാഹ് അല്‍ കിസാഇക്ക് പകരം ഏഴ് പ്രാമാണിക ഖിറാഅത്തുകളില്‍ ഒന്നിന്റെ ഇമാമായ അലിയ്യുബ്‌നു ഹംസ അല്‍കിസാഇയുടെ പേരാണ് സ്‌കോട്ട് കൂഗ്ള്‍ നല്‍കിയിരിക്കുന്നത്. ഖസസ് സാഹിത്യങ്ങളില്‍ നിന്നും രണ്ടാമതായി കൂഗ്ള്‍ ആശ്രയിക്കുന്നത് പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച ശീഈ പണ്ഡിതനായ ഖുതുബുദ്ദീന്‍ റാവന്‍ദിയുടെ അല്‍ മുഹല്ല ഫീ ശറഹില്‍ മുജല്ല ബില്‍ ഹുജജ് വല്‍ ആസാര്‍ എന്ന കൃതിയാണ്. ഇതില്‍ എന്തു കൊണ്ടാണ് ലൂത്ത് നബിയുടെ സമുദായം ശിക്ഷക്ക് വിധേയരായതെന്ന് നബി (സ്വ) ജിബ്‌രീലിനോടു ചോദിക്കുന്ന ഒരു വിവരണമുണ്ട്. അപ്പോള്‍, ജിബ്‌രീല്‍ (അ) പറഞ്ഞ മറുപടി: ‘വിസര്‍ജിച്ച ശേഷം അവര്‍ ശുദ്ധിയാക്കിയില്ല, ജനാബത്തുണ്ടായപ്പോള്‍ ശുദ്ധി വരുത്തിയില്ല, ഉദാരമായി ആഹാരം പങ്കുവച്ചില്ല’ എന്നൊക്കെയാണ്. ഇത് അടിസ്ഥാനപ്പെടുത്തി കൂഗ്ള്‍ വാദിച്ചത് ലൂത്ത് സമുദായം അപലപിക്കപ്പെട്ടത് ആര്‍ത്തി, അത്യാഗ്രഹം, അമിതാസക്തി പോലുള്ള കുറ്റങ്ങള്‍ക്കാണെന്നും അവയില്‍ സ്വവര്‍ഗഭോഗത്തിനല്ലെന്നും ആണ്. ഇങ്ങനെ സ്വവര്‍ഗ രതിയെ പ്രത്യേകം പരാമര്‍ശിക്കാതെ ഉള്ള വിവരണങ്ങളില്‍ നിന്ന് കൂഗ്ള്‍ എത്തുന്ന നിഗമനം പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ ഭോഗത്തെ അല്ല ഖുര്‍ആന്‍ എതിര്‍ത്തത്, മറിച്ച് ബലാല്‍ക്കാരപരമായ ഭോഗത്തെയാണ് എന്നാണ്. എന്നാല്‍, ശീഈ പാരമ്പര്യത്തില്‍ അംഗീകൃതമായ അല്‍കുത്തുബുല്‍ അര്‍ബഅ, നഹ്ജുല്‍ ബലാഗ, രിസാലത്തുല്‍ ഹുഖൂഖ് എന്നീ ആധികാരിക ഗ്രന്ഥങ്ങളുടെ നാലയലത്തു പോലും വരാത്തതാണ് റാവന്‍ദിയുടെ ഖസസ് എന്നത് സ്പഷ്ടമായ കാര്യമാണ്. മാത്രമല്ല, സ്വവര്‍ഗഭോഗത്തെ നിരാകരിക്കുന്ന ഹദീസുകളെ സൂക്ഷ്മവിചാരണ ചെയ്യുന്ന കൂഗ്ള്‍ അതേ ജാഗ്രത ഇബ്‌നു റാവന്‍ദിയുടെ ഖസസിനെ സമീപിക്കുമ്പോള്‍ പ്രകടിപ്പിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.
കിസാഇയുടെ കാര്യത്തില്‍ ചെയ്തതുപോലെ തന്നെ ഇബ്‌നു റാവന്‍ദിയുടെ ഖസസില്‍ തന്നെ കൂഗഌന്റെ പ്രൊജക്ടിനു വിരുദ്ധമായ വിവരണങ്ങള്‍ ഉള്ളത് സമര്‍ഥമായി കൂഗ്ള്‍ മറച്ചുവക്കുന്നു. ഇങ്ങനെ സൗകര്യപൂര്‍വമുളള ഈ മറവി മുബീന്‍ വൈദ് കൂഗഌന്റെ സോഴ്‌സുകളില്‍ നിന്ന് ഉദ്ധരിച്ചുകൊണ്ട് തന്നെ തുറന്നു കാട്ടുന്നുണ്ട്. മാത്രമല്ല, ഖസസ് സാഹിത്യങ്ങളുടെ കാര്യത്തില്‍ കൗതുകകരമായ മറ്റൊരു കാര്യം കൂടിയുണ്ട്. അതായത്, 2003 ല്‍ എഴുതിയ ആദ്യത്തെ ലേഖനത്തില്‍ മാത്രമാണ് ഖസസ് സാഹിത്യത്തെ തന്റെ തിരുത്തല്‍വാദത്തിന്റെ വിശകലനത്തിന് വേണ്ടി കൂഗ്ള്‍ ഉപയോഗിക്കുന്നത്. ശേഷം ഏഴു വര്‍ഷം കഴിഞ്ഞ് 2010 ല്‍ പുറത്തിറങ്ങിയ ഹോമോ സെക്ഷ്വാലിറ്റി ഇന്‍ ഇസ്‌ലാം എന്ന ഗ്രന്ഥത്തില്‍ ഖസസ് സാഹിത്യങ്ങളെ കുറിച്ച് പരാമര്‍ശമേ ഇല്ല. ഇത് കൂഗഌന്റെ തിരുത്തല്‍വാദത്തിന്റെ രീതിശാസ്ത്രപരമായ തുടര്‍ച്ചയില്ലായ്മയായി മനസ്സിലാക്കാവുന്നതാണ്.

ഇബ്‌നു ഹസ്മും ഇബ്‌നു ദാവൂദും
മുസ്‌ലിം പാരമ്പര്യത്തിനകത്ത് സ്വവര്‍ഗലൈംഗിക സ്വത്വത്തെ സ്ഥാപിച്ചെടുക്കാന്‍ വേണ്ടി പാരമ്പര്യത്തിന്റെ ആധികാരികമായ ഉള്ളടക്കത്തിന്റെ പുറത്തുള്ള ലോകത്ത് ചുറ്റിക്കറങ്ങുന്നതായിട്ടാണ് കൂഗഌനെ നാം കാണുന്നത്. അതിന്റെ ഭാഗമായി അദ്ദേഹം പത്താം നൂറ്റാണ്ടിലെ പ്രമുഖ അന്‍ദലൂസിയന്‍ മുസ്‌ലിം പണ്ഡിതനും ദാര്‍ശനികനുമായിരുന്ന ഇബ്‌നു ഹസമിന്റെ തൗഖുല്‍ ഹമാമ ഫില്‍ ഉല്‍ഫ വല്‍ ഉല്ലാഫ് എന്ന ഗ്രന്ഥവും സാഹിരി ചിന്താധാരയുടെ സ്ഥാപകന്‍ ദാവൂദ് സാഹിരിയുടെ പുത്രനായ മുഹമ്മദ് ബിന്‍ ദാവൂദ് സാഹിരി എഴുതിയ അസ്സഹ്‌റ എന്ന ഗ്രന്ഥവും ഉപയോഗപ്പെടുത്തുന്നതായി കാണാം. എന്നാല്‍, ഈ ഗ്രന്ഥങ്ങളെ സമീപിക്കുമ്പോഴും രീതിശാസ്ത്രപരമായ അബദ്ധങ്ങള്‍ അദ്ദേഹം വീണ്ടും ആവര്‍ത്തിക്കുന്നു. ഇബ്‌നു ഹസമിന്റെ തൗഖുല്‍ ഹമാമ യഥാര്‍ഥ്യത്തില്‍ പ്രണയത്തെയാണ് പ്രമേയമാക്കിയിട്ടുള്ളത്. പ്രണയവുമായി ബന്ധപ്പെട്ട കഥകള്‍, കവിതകള്‍, തത്വങ്ങള്‍, അനുഭവങ്ങള്‍ എന്നിവയടങ്ങുന്ന ഈ കൃതിയിലെ സ്വവര്‍ഗപ്രേമത്തെ കുറിച്ചുള്ള ചില ഉള്ളടക്കങ്ങള്‍ പാശ്ചാത്യന്‍ വായനക്കാര്‍ പൊതുവെ തെറ്റിദ്ധരിച്ചിട്ടുണ്ട്. സ്വാഭാവികമായും കൂഗ്ള്‍ തന്റെ തിരുത്തല്‍വാദത്തിന് ഒീാീലെഃൗമഹശ്യേ ശി കഹെമാ എന്ന പുസ്തകത്തില്‍ ഇതിനെ ഉന്നയിക്കുന്നു. പക്ഷേ, ഇബ്‌നു ഹസമിന്റെ വൈജ്ഞാനിക സംഭാനകള്‍, ജീവിതം, ദര്‍ശനം എന്നിവയെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയും എഴുതുകയും ചെയ്ത ടെല്‍ അവീവ് യൂണിവേഴ്‌സിറ്റിയിലെ ഇസ്‌ലാമിക വിഭാഗം പ്രഫസറായ കമീല അഡാങ്ങ് തന്റെ Ibn Hazm on Homosexuality: A Case-Study of ?ahiri Legal Methodology എന്ന പഠനത്തില്‍ ഇബ്‌നു ഹസം ഹോമോ സെക്ഷ്വാലിറ്റിയെ ഇസ്‌ലാമിനകത്തെ ഒരു ലൈംഗിക സ്വത്വമായി കണ്ടിട്ടില്ലെന്ന വ്യക്തമായ സൂചന നല്‍കുന്നുണ്ട്. സ്വവര്‍ഗഭോഗത്തില്‍ (ജലറലൃമേ്യെ) ഏര്‍പ്പെട്ടവര്‍ക്ക് വ്യഭിചാരത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് നല്‍കാന്‍ ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്ന സുനിശ്ചിതമായ ശിക്ഷ (ഹദ്ദ്) നല്‍കേണ്ടതില്ലെന്നാണ് ഇബ്‌നു ഹസമിന്റെ അഭിപ്രായം. അത് അദ്ദേഹം പ്രതിനിധീകരിക്കുന്ന-പ്രമാണങ്ങളെ അക്ഷരാര്‍ഥത്തില്‍ വായിക്കുന്ന-രീതിശാസ്ത്രത്തിന്റെ പ്രതിഫലനമാണ്. അല്ലാതെ, സ്വവര്‍ഗഭോഗം എന്ന പ്രവര്‍ത്തനത്തെ പ്രത്യേകമായി പരിഗണിച്ചല്ല പ്രസ്തുത അഭിപ്രായം പറഞ്ഞതെന്ന് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ നിന്നു തന്നെ വ്യക്തമാണ്. ഇബ്‌നു ഹസമിന്റെ സാഹിരി ചിന്താധാരക്കു പുറത്തുള്ള മദ്ഹബുകളില്‍ സ്വവര്‍ഗഭോഗത്തിന് വ്യഭിചാരത്തിന്റെ ശിക്ഷ നല്‍കണം എന്ന അഭിപ്രായമാണുള്ളത്. ഈ പൊതുസമ്മതിയെ ഇബ്‌നു ഹസം ചോദ്യം ചെയ്യുന്നു എന്നു പറഞ്ഞാണ് സ്‌കോട്ട് കൂഗ്ള്‍ അദ്ദേഹത്തെ സ്വവര്‍ഗസ്‌നേഹികളുടെ വിമോചകനും ഹീറോയുമായി അവതരിപ്പിക്കുന്നത്. മാത്രമല്ല, ഹദ്ദ് ഇല്ലെങ്കിലും സ്വവര്‍ഗഭോഗികള്‍ക്ക് അവരെ നിരുത്സാഹപ്പെടുത്താനുതകുന്ന ഏന്തെങ്കിലും ശിക്ഷ (തഅ്‌സീര്‍) നല്‍കണമെന്നാണ് ഇബ്‌നു ഹസമിന്റെ അഭിപ്രായം എന്നത് സ്പഷ്ടമാണ്. പ്രണയം മാത്രമല്ല, ചാരിത്ര്യവും ലൈംഗികശുദ്ധിയും തൗഖുല്‍ ഹമാമയുടെ പ്രധാന പ്രമേയങ്ങളിലൊന്നാണെന്ന് സ്‌കോട്ട് കൂഗ്ള്‍ സൗകര്യപൂര്‍വം വിസ്മരിക്കുന്നതു കാണാം.
ഇബ്‌നു ദാവൂദ് അസ്സഹ്‌റയില്‍ തനിക്ക് ജീവിതത്തിലുണ്ടായ കാമനകളെ കുറിച്ചും തന്റെ കൂടെയുണ്ടായിരുന്ന ആണ്‍കുട്ടിയോടുള്ള അനുരാഗത്തെ കുറിച്ചും എഴുതിയിട്ടുണ്ട്. ഇതാണ് സ്‌കോട്ട് കൂഗ്ള്‍ തന്റെ പദ്ധതിയുടെ മുതല്‍ക്കൂട്ടായി മനസ്സിലാക്കുന്നത്. എന്നാല്‍, ഇബ്‌നു ദാവൂദ് തന്റെ മോഹങ്ങളെ മോഹങ്ങളായി തന്നെ കാണുകയും അതനുസരിച്ച് നിഷിദ്ധമായ പ്രവര്‍ത്തികളിലേക്ക് കടക്കാതിരിക്കുകയും ചെയ്തു എന്നതാണ് പ്രസ്തുത കൃതിയില്‍ നിന്നു തന്നെ മനസ്സിലാക്കാന്‍ കഴിയുന്ന യാഥാര്‍ഥ്യം. സ്വവര്‍ഗത്തോടുള്ള ലൈംഗികമോഹത്തെക്കുറിച്ച് മാത്രമല്ല അസ്സഹ്‌റയില്‍ ഇബ്‌നു ദാവൂദ് പരാമര്‍ശിക്കുന്നത്. മറിച്ച്, ലൈംഗികമോഹങ്ങളോട് പടവെട്ടി മനുഷ്യന്‍ മഹത്വം പ്രാപിക്കുന്നതിനെ കുറിച്ചും അദ്ദേഹം വാചാലനാകുന്നുണ്ട്. മാത്രമല്ല, തന്റെ ലൈംഗിക കാമനകള്‍ക്ക് കീഴ്‌പ്പെടാതിരിക്കുകയും അതിനെ അതിജയിക്കുകയും ചെയ്തത് ഇബ്‌നു ദാവൂദിന്റെ ജീവചരിത്ര വിവരണങ്ങളില്‍ അദ്ദേഹത്തിന്റെ മഹത്വങ്ങളിലൊന്നായി വ്യാപകമായി രേഖപ്പെടുത്തിയതായി മുബീന്‍ വയ്ദ് വ്യക്തമാക്കുന്നുണ്ട്. ഒരാള്‍ പ്രണയിക്കുകയും, അത് മറച്ചുവച്ച് ചാരിത്ര്യത്തെ സംരക്ഷിക്കുകയും, അതേ അവസ്ഥയില്‍ മരിക്കുകയും ചെയ്താല്‍ അയാള്‍ രക്തസാക്ഷിയായിരിക്കുന്നു എന്ന നബിവചനത്തെ (ഈ വചനത്തിന്റെ ആധികാരികതയില്‍ നിരവധി പണ്ഡിതന്മാര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്) തന്റെ മരണക്കിടക്കയില്‍ സ്മരിച്ചതായി കിത്താബുസ്സഹ്‌റ തന്നെ സാക്ഷ്യം വഹിക്കുന്ന കാര്യമാണ്.

ഉപസംഹാരം
ഇസ്‌ലാമിക ലോകവീക്ഷണത്തിനകത്ത് നിയമപരമായിത്തന്നെ ഹോമോസെക്ഷ്വാലിറ്റിയെ സ്വീകാര്യമാക്കാന്‍ നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങളെയാണ് മുകളില്‍ പരിശോധിക്കാന്‍ ശ്രമിച്ചത്. സെക്കുലര്‍-ലിബറല്‍ പാരമ്പര്യങ്ങളില്‍ ഇതിന്റെ സ്വീകാര്യത താത്വികമായി അസാധ്യമായ കാര്യമൊന്നുമല്ല. കാരണം, ലിബറല്‍ ലോകവീക്ഷണത്തിന്റെ അടിസ്ഥാന ശിലകളിലൊന്നായ വ്യക്തിവാദം(Individualism), ആപേക്ഷികതാവാദം (Relativism) സ്വവര്‍ഗരതി പോലെയുള്ള കാര്യങ്ങളെ സംരക്ഷിക്കുമെന്ന് സംശയമില്ലാത്ത കാര്യമാണ്. ഒരു ലൈംഗികസ്വത്വം എന്നതിലുപരി ഒരു രാഷ്ടീയ അഭിജ്ഞാനതയായി (identity) സ്വവര്‍ഗലൈംഗികസ്വത്വത്തെ വികസിപ്പിക്കാനുള്ള ശ്രമങ്ങളും ഇന്ന് ലോകത്ത് നടക്കുന്നുണ്ട്. മനുഷ്യ മനസ്സിന് മറികടക്കാനാവുന്ന താത്ക്കാലിക കാമനകളായോ, കൗണ്‍സലിംഗിലൂടെയും അല്ലാതെയും പരിഹരിക്കപ്പെടുന്ന വൈദ്യശാസ്ത്രപരമായ പ്രശ്‌നങ്ങളായോ സ്വവര്‍ഗലൈംഗികാഭിമുഖ്യം ഇന്ന് നിരവധി പ്രദേശങ്ങളിലും സാഹചര്യങ്ങളിലും ഗവേഷണങ്ങളിലും വെളിപ്പെട്ടുവരുന്നുണ്ട്. അത്തരം അനുഭവങ്ങള്‍ക്ക് തെളിവുകളുമുണ്ട്. ആക്ടിവിസ്റ്റുകളുടെ ഹിംസ ഭയന്ന് മൂടിവെക്കാതെ അത്തരം അനുഭവങ്ങളെക്കൂടി പരിഗണിച്ചുകൊണ്ട് മാത്രമേ ഇക്കാര്യത്തില്‍ ഒരു പുരോഗമന സമൂഹത്തിനു മുന്നോട്ടു പോകാനാവൂ.

റശീദ് ഹുദവി ഏലംകുളം