ഹലാല്‍: മതം, യുക്തി, രാഷ്ട്രീയം, കമ്പോളം, ശാസ്ത്രം

2643
Open sign in a window with written in german “Geöffnet”, meaning “Open”.

മനുഷ്യന്‍ മിശ്രഭുക്കാണ്. നിര്‍മലമായ ഓര്‍ഗാനിക് ഘടനയുള്ള അവന്റെ ജൈവിക താളത്തിന് പരിമിതികളുണ്ട്. ഏകദേശം 6,50,000 മണിക്കൂറുകളുടെ അനന്തത മാത്രം ഈ ഭൂമുഖത്ത് അവകാശപ്പെടാവുന്ന പരമാണുക്കളുടെ കൂട്ടമാണ് മനുഷ്യ ശരീരം. കാര്‍ബണ്‍, ഒപ്പം ഹൈഡ്രജന്‍, ഓക്‌സിജന്‍, നൈട്രജന്‍, കാല്‍സ്യം, സള്‍ഫര്‍ എന്നിങ്ങനെലിഥിയംമുതല്‍ബ്രോമിന്‍വരെ അടങ്ങിയ മൂലകങ്ങളുടെ മഹാസാഗരമാണത്. സാധാരണ ഒരു രാസഫാക്ടറിയില്‍ ഉപയോഗിക്കുകയും ഉണ്ടാക്കപ്പെടുകയും ചെയ്യുന്ന കേവല രാസമൂലകങ്ങള്‍ മാത്രം. പക്ഷേ, അടുക്കിയൊരുക്കിജീവന്‍എന്ന അത്ഭുതസമസ്യ ഒരുക്കപ്പെട്ടിരിക്കുന്നു. മനുഷ്യ ശരീരത്തില്‍ ഒരു ട്രില്യണ്‍ബാക്ടീരിയകള്‍ ഉണ്ടാവും. അന്നപഥത്തില്‍ നാനൂറിനങ്ങളില്‍പ്പെട്ട ഒരുകോടിക്കോടി സൂക്ഷ്മാണുക്കളുണ്ടാവും.നൂറുകോടി ബാക്ടീരിയങ്ങളെ വായില്‍ നിര്‍ത്തിക്കൊണ്ടാണ് മനുഷ്യന്‍ ചിരിക്കുന്നതും ചുമയ്ക്കുന്നതും. അങ്ങനെ നൂറുക്വാഡ്രില്യണ്‍ ബാക്ടീരിയയെ ശരീരത്തില്‍ അതിഥികളായി നിലനിര്‍ത്തി മനുഷ്യനങ്ങനെ ജീവിക്കുന്നു. ഭൂമിയില്‍ മനുഷ്യന്‍ വരുന്നതിനു മുമ്പേ ബാക്ട്ടീരിയകളും വൈറസകളും ഉണ്ടായിരുന്നു എന്നാണ് ശാസ്ത്രം.
ഇരുപത് ചതുരശ്ര അടി വിസ്തൃതിയുണ്ട് മനുഷ്യന്റെ ത്വക്കിന് ഒരു ടെന്നീസ് കോര്‍ട്ടിനോളം വലിപ്പമുണ്ടാവും. രണ്ടുശ്വാസകോശങ്ങളും പരത്തിവച്ചാല്‍ കോണ്‍ക്രീറ്റിനെക്കാള്‍ ബലമുള്ള തുടയെല്ലും ഒരു വര്‍ഷം മുപ്പത്തിയഞ്ച് ദശലക്ഷം തവണ മിടിക്കുന്ന ഹൃദയവുമായി രാജകീയഭാവത്തിലാണ് മനുഷ്യന്റെ നിലനില്‍പ്. നിവര്‍ന്നുനില്‍ക്കാനുള്ള കഴിവും മറ്റുവിരലുകളോട് സമ്മുഖമാക്കാവുന്ന തള്ളവിരലുകളുള്ളതും ആഴവും പരപ്പും അളന്നറിയിക്കുന്ന ദ്വിനേത്ര ദര്‍ശനവും ഇരുകാലി നടത്തവും മനുഷ്യന്റെ ശാരീരിക മേന്‍മകള്‍ തന്നെ. ഇതില്‍ പലതും ഇത് പോലെയോ ഇതിലേറെയോ ഇതര ജീവികള്‍ക്കുമുണ്ട്. എന്നാല്‍, ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഭാഷ ഉപയോഗിച്ച് ആശയവിനിമയം നടത്താനും എന്തിന്, സ്വന്തം വാസസ്ഥാനത്തിന് അപാരമായ അവസ്ഥാന്തരം വരുത്താനുംമനുഷ്യനുള്ള കഴിവ് മറ്റൊരു ജീവിക്കുമില്ല. അതാണ് മനുഷ്യന്റെ അനന്യതയ്ക്കും അധീശത്വത്തിനും കാരണം. ഈ അധീശത്വമാണ് ഇതര ജീവജാലങ്ങളെ ഭൂമിയില്‍ അവന് കീഴ്‌പ്പെടുത്താനാവുന്നതിന്റെ ഏക കാരണവും.
ഈ ശക്തി മനുഷ്യന് നല്‍കപ്പെട്ടതാണ്. സ്വയം പാകപ്പെട്ടതോ ആര്‍ജിച്ചെടുത്തതോ അല്ല. പലതും അവന് വികസിപ്പിക്കാനാവുമെങ്കിലും അടിസ്ഥാന സിദ്ധി സ്രഷ്ടാവ് നല്‍കിയതാണ്. പ്രപഞ്ചത്തിന്റെ അവകാശികള്‍ മനുഷ്യര്‍ മാത്രമല്ല. ബാക്ടീരിയകള്‍ക്കും വൈറസ്റ്റുകള്‍ക്കും കൂടി അവകാശപ്പെട്ടതാണ് ഈ പാരിസ്ഥിതിക വ്യവസ്ഥ. 5 ന് ശേഷം 30 പൂജ്യങ്ങള്‍ ഇട്ടാലുള്ള അഗണ്യ സംഖ്യ ബാക്ടീരിയകള്‍ ലോകത്തുണ്ട്. അതിനേക്കാള്‍ കൂടുതല്‍ വൈറസുകള്‍ ഉണ്ട്. ഭൂമിയുടെ ഏഴ് മൈലുകള്‍ താഴേയും 40 മൈല്‍ മുകളിലും വൈറസുകളുണ്ട്. പ്രകൃതിയുടെ സന്തുലിതത്വത്തിന് അവ ആവശ്യമാണ്. മനുഷ്യന്‍ അവക്രമം വരുത്തിയാല്‍ വൈറസുകള്‍ പ്രതിക്രമം വരുത്തും. അത് സഹിക്കാന്‍ മനുഷ്യന്റെ ശാസ്ത്രം മതിയാവാതെ വരും. പ്രകൃതിയേയും ഇതര ജന്തുജാലങ്ങളെയും കൈകാര്യം ചെയ്യുന്ന വിഷയത്തിലെ താന്തോന്നിത്തം തന്നെയാവാം വില്ലന്‍.
മനുഷ്യ ശരീരത്തില്‍ തന്നെയുള്ള കോടിക്കണക്കിന് സൂക്ഷ്മജീവികളാണ് അവന്റെ ആരോഗ്യം കാക്കുന്നത്. ശരീരത്തിന്റെ ആരോഗ്യ സംരക്ഷണത്തില്‍ അവ വലിയ പങ്ക് വഹിക്കുന്നുണ്ട്. മനുഷ്യ ജീനോമിനെക്കാള്‍ 150 ഇരട്ടി മൈക്രോബിയല്‍ജീനജശറ്റ മനുഷ്യശരീരത്തിലുണ്ട്. ജനനശേഷം ഉടനെതന്നെ സൂക്ഷ്മജീവികളില്‍ പലതും ശരീരത്തിലെത്തുന്നു. ദഹനവ്യവസ്ഥയില്‍ ആഹാരഘടകങ്ങളെ ദഹിപ്പിക്കുന്നതിനും അതുവഴി ശരീരത്തിനാവശ്യമായ ജീവകങ്ങളെ ഉത്പാദിപ്പിക്കുന്നതിനും ചില ബാക്ടീരിയകള്‍ക്ക് കഴിയുന്നു. ഇത്തരം സൂക്ഷ്മ ജീവികളെ നശിപ്പിക്കുന്ന അപര വൈറസുകള്‍ പ്രവേശിക്കാതിരിക്കാന്‍ തന്നെയാണ് പ്രാപഞ്ചിക മതമായ ഇസ്‌ലാം അന്നം തിന്നുന്നതിലും നിയമം സ്ഥാപിച്ചത്.ഇസ്‌ലാം അതിന്റെ ജന്തുജാല സമീപന വിഷയങ്ങളില്‍ പ്രസക്തമാവുന്നത് ഇവിടെയാണ്. ഭക്ഷ്യവും വര്‍ജ്യവുമായ മാംസങ്ങള്‍, ശവങ്ങള്‍ എന്നിവ കൃത്യമായി ഇസ്‌ലാം വിവരിച്ചിരിക്കുന്നു. അതിലുപരി വന്യവും ഗാര്‍ഹികവുമായ ജന്തുജാലങ്ങളെ സംബന്ധിച്ചും മാര്‍ഗരേഖയുണ്ട്. പാന്‍ഡെമിക്കിന് കാരണമായ ജീവികളെ നോക്കിയാല്‍, ഇസ്‌ലാം ഭക്ഷിക്കാനോ ഇണക്കാനോ പറ്റില്ല എന്ന് പറഞ്ഞ ജീവികളാണ് എന്ന് കാണാം. മനുഷ്യന്റെ ജൈവിക ഘടനക്ക് വഴങ്ങാത്ത മാംസങ്ങളാണ് ഇസ്‌ലാം നിരോധിച്ചിരിക്കുന്നത്. ദഹനവ്യവസ്ഥയെ കച്ചവട സാധ്യതകള്‍ക്ക് വേണ്ടി പരിക്കേല്‍പ്പിച്ചത് വഴിയാണ് ശരീരം പ്രധാനമായും രോഗങ്ങളുടെ ഉത്സവപ്പറമ്പായി മാറിയത് എന്നത് കൂടെ ചേര്‍ത്തു വായിക്കണം.


ഹലാല്‍ എന്ത് ?
ഹലാല്‍ എന്നാല്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ പേരാണെന്ന് കരുതി മുസ്‌ലിം പോ/പേക്കറ്റുകളില്‍ ഹലാല്‍ സ്റ്റിക്കര്‍ പതിക്കുന്നതിന് പകരം ത്വയ്യിബ് എന്ന ശരിയായ പ്രയോഗമാണ് നടത്തേണ്ടത്. സമ്പാദിച്ച/അറുത്ത /പങ്കെടുത്ത/നേടിയെടുത്ത/രീതിയാണ് ഏതൊരു ഭക്ഷണത്തെയും ഹലാലാക്കുന്നത്. മതനിയമം ബാധകമാവുന്ന മനുഷ്യന്റെ കര്‍മങ്ങള്‍ക്ക് ബാധകമാവുന്ന അഞ്ചാലൊരു മതവിധിയാണ് ഹലാല്‍. നിഷിദ്ധം അല്ലാത്തത് എന്ന പൊതുവര്‍ഥത്തില്‍ വരുന്ന ഹലാല്‍, ചിലപ്പോള്‍ നിര്‍ബന്ധമോ പുണ്യകരമോ അഹിതകരമോ ആവാം. അല്ലാതെ കഴിക്കുന്ന ഭക്ഷണത്തിന്റെ ഇനങ്ങളായ ചൈനീസ്,നാടന്‍,അറേബ്യന്‍ പോലെ ഒരിനമല്ല ഹലാല്‍. സംഗതി സംസം വെള്ളം തന്നെയാണെങ്കിലും അന്യന്റേതാണ് സാധനമെങ്കില്‍ അതാണ് ‘നോ ഹലാല്‍’ കട്ടും കവര്‍ന്നും വിളമ്പിയ ഭക്ഷണം ലഭ്യമാണ് എന്നാണാ ബോര്‍ഡിന്റെ ആശയം. മനുഷ്യന്റെ ഓര്‍ഗാനിക് ഘടനയോട് ഇണങ്ങുന്ന/പ്രകൃതി അനുഗുണമാണെന്ന് വരുത്തിയ ഭക്ഷണങ്ങള്‍ കഴിക്കാനേ ഇസ്‌ലാം സമ്മതിക്കുന്നുള്ളൂ. കാരണം, പ്രകൃതിയുടെ മായം ചേരാത്ത ഭാവമാണ് ഇസ്‌ലാം. അത്തരം ഭക്ഷണങ്ങള്‍ക്ക് ത്വയ്യിബ് എന്നാണ്, ഹലാല്‍ എന്നല്ല പറയുക. ഖുര്‍ആന്‍ പറഞ്ഞ ‘ഹലാലന്‍ ത്വയ്യിബന്‍’ അതാണ്.
ഭോജനയോഗ്യതയുടെ പൊതുതത്വം ഇസ്‌ലാമില്‍ രണ്ടെണ്ണമാണ്. മനുഷ്യര്‍ തിന്നേണ്ടത് വിശിഷ്ട വസ്തുക്കളാവണമെന്ന് അധ്യായം: ബഖറ 168 പ്രസ്താവിക്കുന്നു. അനുഭവവും പൊതുബോധവും ശാസ്ത്രവും നിരാക്ഷേപം നല്ലതാണെന്ന് പറഞ്ഞവയാണ് ആ ‘നല്ലത്’. പ്രവാചക തിരുമേനി (സ്വ) തിന്നാന്‍ കൊള്ളുന്നത് സമ്മതിച്ചു, ചീത്ത നിഷിദ്ധമാക്കി എന്ന് അധ്യായം അഅ്‌റാഫ് 157 ല്‍ വിവരിക്കുന്നു. അതായത്, പദാര്‍ഥം-ഉപദ്രവത്തേക്കാള്‍ ഉപകാരം ചെയ്യണം. മ്ലേഛമോ മ്ലേഛ ജന്യമോ ആവരുത്-ഈ ആധാരമാണ് അടിസ്ഥാനം. വേട്ടമൃഗങ്ങളും വേട്ടപ്പക്ഷികളും ഹിംസ്ര ജന്തുക്കളും മാലിന്യജന്യ ജീവികളുമെല്ലാം നിഷിദ്ധമായത് അതിനാലാണ്. ഈ തത്വം തന്നെയാണ് പ്രകൃതി നിര്‍ഝാരണ രീതിയും.
പൊതു ചരിത്രം പറയുന്നത്, മനുഷ്യനാഗരികതകള്‍ അനുഭവ പരിശോധന വഴിയാണ് ഭക്ഷണ മെന്യു പാകപ്പെടുത്തിയത് എന്നാണ്. ആ അഭിപ്രായം ഒരിക്കലും തെറ്റല്ല. നിയതമായ ഭക്ഷണ മെന്യു സാര്‍വകാലികമായി ഒന്നാവില്ല. പ്രാക്തനമായ ബാര്‍ബേറിയന്‍ നായാട്ട് മുതല്‍ ഇന്നത്തെ ബാര്‍ബീക്യു വരെ നീണ്ട പരീക്ഷണങ്ങളിലൂടെ തന്നെയാണ് മനുഷ്യന്റെ നാക്ക് സഞ്ചരിച്ചത്. പക്ഷേ, ഈ രുചി പരീക്ഷണങ്ങള്‍ക്കിടയിലെ പൊതുമാനദണ്ഡം ഇസ്‌ലാം നേരത്തെ എണ്ണിയ രണ്ടെണ്ണമാണ്. സെമിറ്റിക്ക് മത വിശ്വാസികള്‍ വേദനിയമങ്ങളിലൂടെ അത് മനസ്സിലാക്കി. ആചാര്യ മതാനുയായികള്‍ പ്രകൃതിയില്‍ നിന്നും അത് കണ്ടെത്തി. നിര്‍മത സമൂഹങ്ങള്‍ അനുഭവ പരീക്ഷണങ്ങളിലൂടെ അതേ സത്യത്തിലേക്ക് എത്തിച്ചേരുകയും ചെയ്തു. ഖുര്‍ആനേതര നിയമവ്യവസ്ഥയിലും അതിന് മുമ്പേയും ‘ഹലാല്‍ ഭക്ഷണം’ എന്ന ആശയം നിലനിന്നിരുന്നു. ജൂതന്മാര്‍ പ്രയോഗിക്കുന്ന കോഷര്‍ മാനദണ്ഡങ്ങളും ഈ അര്‍ഥത്തിലാണ്. തോറയില്‍ ഹലാല്‍ ഭക്ഷണത്തിന് പ്രധാന സ്ഥാനമുണ്ട്. ഓട്ടോമന്‍ കാലഘട്ടത്തിലെ ഭക്ഷ്യവസ്തുക്കളില്‍ ഉണ്ടായിരുന്ന ”താഹിര്‍ദിര്‍” സ്റ്റാമ്പ് അര്‍ഥമാക്കുന്നത് ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നതില്‍ കുഴപ്പവുമില്ല എന്നാണ്.
ഹലാലായ ഭക്ഷണത്തെക്കുറിച്ച് ഖുര്‍ആന്‍ ഇങ്ങനെ പറയുന്നു. ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടത് എന്നിവ മാത്രമേ അവന്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിട്ടുള്ളൂ. ഇനി ആരെങ്കിലും (നിഷിദ്ധമായത് ഭക്ഷിക്കുവാന്‍) നിര്‍ബന്ധിതനായാല്‍ അവന്റെ മേല്‍ കുറ്റമില്ല. (എന്നാല്‍) അവന്‍ നിയമലംഘനത്തിനു മുതിരാതിരിക്കുകയും (അനിവാര്യതയുടെ) പരിധി കവിയാതിരിക്കുകയും വേണം. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖുര്‍ആന്‍: 2:173)
ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്, ശ്വാസം മുട്ടി ചത്തത്, അടിച്ചുകൊന്നത്, വീണുചത്തത്, കുത്തേറ്റ് ചത്തത്, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍, (ജീവനോടെ) നിങ്ങള്‍ അറുത്തത് ഇതില്‍ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകള്‍ക്കു മുമ്പില്‍ ബലിയര്‍പ്പിക്കപ്പെട്ടതും (നിങ്ങള്‍ക്ക്) നിഷിദ്ധമാകുന്നു. വല്ലവനും പട്ടിണി കാരണം (നിഷിദ്ധമായത്) തിന്നുവാന്‍ നിര്‍ബന്ധിതനാകുന്ന പക്ഷം അവന്‍ അധര്‍മത്തിലേക്ക് ചായ്വുള്ളവനല്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു. (ഖുര്‍ആന്‍: 5:3)
ഇതനുസരിച്ച് അനുവദിനീയമായ വസ്തുക്കള്‍ ഇങ്ങനെ ചുരുക്കാം, പാല്‍, തേന്‍, ലഹരിയില്ലാത്ത സസ്യങ്ങള്‍, പച്ചക്കറികള്‍, സംസ്‌കരിച്ചതോ അല്ലാത്തതോ ആയ പഴങ്ങള്‍, പരിപ്പ്, പയര്‍ വര്‍ഗങ്ങള്‍, വ്യവസ്ഥകളോടെ കശാപ്പു ചെയ്യപ്പെട്ട മൃഗമാംസം, മല്‍സ്യമാംസം. അനുവദിനീയമല്ലാത്ത വസ്തുക്കള്‍ ഇങ്ങനെ പോവുന്നു; പന്നി, പട്ടി മുതലായവ, പല്ലും നഖവും ഉപയോഗിച്ച് ഇര പിടിക്കുന്ന മാംസഭുക്കുകളായ മൃഗങ്ങള്‍ (സിംഹം, കടുവ മുതലായവ), പരുന്ത്, കഴുകന്‍ പോലുള്ള പക്ഷികള്‍ എലി, പഴുതാര തുടങ്ങിയ ജീവികള്‍ ഈച്ച, തേന്‍തുമ്പി, മരംകൊത്തി മുതലായവ, രക്തം അള്ളാഹു അല്ലാത്തവയുടെ പേരില്‍ അറുക്കപ്പെട്ടത്, ശവം, മൃഗങ്ങള്‍ വീണു ചത്തത്, അടിച്ചു കൊന്നത് മുതലായവ. മദ്യവും മറ്റ് ലഹരിപദാര്‍ഥങ്ങളും. കശാപ്പിന്റെ നിയമങ്ങളും മര്യാദകളും ഇങ്ങനെ സംഗ്രഹിക്കാം,കശാപ്പുകാരന്‍ പ്രായപൂര്‍ത്തിയായ സ്ഥിരബുദ്ധിയുള്ള മുസ്ലിം ആയിരിക്കണം. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ മറ്റുള്ള നിബന്ധനകള്‍ പാലിച്ചുകൊണ്ട് ക്രിസ്ത്യന്‍, യഹൂദ മതക്കാര്‍ കശാപ്പുചെയ്താലും മതിയാകും. കശാപ്പിനു മുമ്പ് മതിയായ തീറ്റയും വെള്ളവും കൊടുത്തിരിക്കണം, കശാപ്പിന് ഉപയോഗിക്കുന്ന കത്തി വളരെ മൂര്‍ച്ചയുള്ളതായിരിക്കണം. കശാപ്പു ചെയ്യുന്ന മൃഗത്തിന്റെ മുന്നില്‍വച്ച് കത്തി മൂര്‍ച്ചകൂട്ടാന്‍ പാടുള്ളതല്ല, ഒരു മൃഗത്തിന്റെ മുന്നില്‍ വച്ച് മറ്റു മൃഗങ്ങളെ കശാപ്പുചെയ്യാന്‍ പാടില്ല, കശാപ്പുചെയ്യപ്പെടുന്ന മൃഗത്തിന്റെ തലകഅ്ബയുടെനേരേ തിരിക്കുക. കശാപ്പുചെയ്യുന്നതിനു തൊട്ടുമുമ്പ് വെള്ളം കുടിപ്പിച്ചിരിക്കണം, കശാപ്പുചെയ്യുമ്പോള്‍ ‘ബിസ്മില്ലാഹി ‘ ഉച്ചരിക്കുക, കശാപ്പുചെയ്യുന്നത് ഒറ്റപ്രാവശ്യമായി കഴുത്തിലെ നാലു ഞരമ്പുകളും മുറിച്ചു കൊണ്ടായിരിക്കണം.

ഹലാല്‍ കമ്പോളം
കമ്പോളത്തിലെ ഹലാല്‍ മുദ്രകള്‍ക്ക് മതപരവും മതേതരവുമായ മാനങ്ങളുണ്ട്. മലേഷ്യയും തുര്‍ക്കിയുമാണ് ഹലാലിന്റെ കമ്പോള സാധ്യത ആദ്യം ഉപയോഗപ്പെടുത്തിയത്. അറബ്-ഗള്‍ഫ് രാജ്യങ്ങള്‍ പിന്നീടത് ഉപയോഗപ്പെടുത്തി. എന്നാല്‍, ക്രിസ്ത്യന്‍ ഭൂരിപക്ഷ യൂറോപ്യന്‍ രാജ്യങ്ങള്‍ പോലും ഇന്ന് ഹലാല്‍ സ്റ്റിക്കറുകളുടെ മൂല്യം കണ്ടറിഞ്ഞിട്ടുണ്ട്. മുസ്‌ലിം ഉപഭോക്താക്കളെ ആകര്‍ശിക്കാനാണ് അതെന്ന് പ്രഥമേ തോന്നുമെങ്കിലും വാസ്തവം അതല്ല, ഉത്പാദനം മുതല്‍ പാചകമടക്കം വിതരണം വരെ കൃത്യമായ വ്യവസ്ഥകള്‍ക്കും മേല്‍നോട്ടങ്ങള്‍ക്കും വിധേയമായാല്‍ മാത്രം നല്‍കപ്പെട്ടിരുന്ന ഹലാല്‍ സര്‍ട്ടിഫിക്കറ്റിന്റെ വിശ്വാസ്യതയെ കച്ചവടത്തിന് വച്ചതാണത്. എന്നാല്‍, ഇപ്പോള്‍ സ്റ്റിക്കര്‍ മാത്രമാണ് ഹലാല്‍ എന്നതാണ് വാസ്തവം എന്ന വിമര്‍ശനം സജീവമാണ്. അമുസ്‌ലിം വ്യാപാരികള്‍ മുസ്‌ലിം ഉപഭോക്താക്കളെ വരുതിയിലാക്കാന്‍ പതിക്കുന്ന ഹലാല്‍ സ്റ്റിക്കറുകളാണ് പ്രാദേശികമായി കൂടുതലുള്ളത്. അതുകൊണ്ടു തന്നെ, കേരളത്തില്‍ ഹലാല്‍ സ്റ്റിക്കറിനെതിരായ കൃതൃമ വികാരം പ്രായോഗികമായി മുസ്‌ലിംകളെയല്ല, അമുസ്‌ലിം വ്യാപാരികളെയാണ് പ്രകോപ്പിക്കുക.
ഹലാല്‍മുദ്ര മാര്‍ക്കറ്റില്‍ വര്‍ഗീയതയുണ്ടാക്കുന്നത് നേരത്തെ തന്നെ വര്‍ഗീന്മോഖരായവരില്‍ മാത്രമാണ്. അവര്‍ക്ക് സാമാന്യബോധം എന്നോ നഷ്ടപ്പെട്ടതാണ്. മറിച്ച്, ഹലാല്‍ എന്നാല്‍ മതത്തില്‍ അനുവദനീയ കര്‍മമെന്നും പ്രയോഗത്തില്‍ നൈസര്‍ഗികമായി ജെന്യൂന്‍ എന്നും മാര്‍ക്കറ്റില്‍ പ്രത്യേക കാറ്റഗറി എന്നുമാണ്. മുസ്‌ലിംകള്‍ ഹലാല്‍ മാത്രമേ തിന്നുകയുള്ളൂ എന്നു മാത്രമല്ല, ഹലാലായി മാത്രമേ ജീവിക്കുക പോലുമുള്ളൂ എന്നിരിക്കേ, ഭോജനകാര്യത്തില്‍ മാത്രമുള്ള മുദ്ര, മുസ്‌ലിംകളെ വച്ച് അമുസ്‌ലിംകള്‍ക്കു കൂടി ലാഭം കിട്ടാനുള്ള കമ്പോള ചിന്തയാണ്. അതിലുള്ള ഗുണപരമായ വശങ്ങള്‍ മതേതരമായി തന്നെയാണ് വ്യവഹരിക്കപ്പെടുന്നത്, അല്ലെങ്കില്‍ വ്യവഹരിക്കപ്പെടാം. ആരോഗ്യത്തിലും വൃത്തിയിലും ശ്രദ്ധയുള്ള എല്ലാ മനുഷ്യര്‍ക്കും ഹലാല്‍ ബ്രാന്‍ഡ് തെരെഞ്ഞെടുക്കാം. പക്ഷേ, ഹലാല്‍മുദ്ര വ്യവസ്ഥാപിതമായ മാര്‍ഗത്തിലൂടെ ആവുമ്പോഴേ അത്തരം ഗുണങ്ങള്‍ ലഭ്യമാവുകയുള്ളൂ. അതുകൊണ്ടു തന്നെ, ഹലാല്‍ മാത്രം കഴിക്കുന്ന മുസ്‌ലിം എന്നത് ഒരു രാഷ്ട്രീയ ഭീഷണിയാവുന്നില്ല, അല്ലെങ്കില്‍ മുസ്‌ലിം സ്വത്വം തന്നെ ഭീഷണിയാവണം. കമ്പോളത്തിലെ ഹലാലിനേക്കാള്‍ സവിശേഷമായ ഹലാലാണ് ഇസ്‌ലാമിലെ ഹലാല്‍. അമുസ്‌ലിംകള്‍ക്കിടയില്‍, അവരല്ലാത്തവര്‍ക്ക് അനുവദിനീയമല്ലാത്ത ആചാര വിഭവങ്ങളുണ്ട്. അതുപോലും അപരബോധമുണര്‍ത്തുന്ന വര്‍ഗീയമാണെന്ന് വിവേകമുള്ളവര്‍ പറയില്ല എന്നിരിക്കേ, ആഗോളീയമായി, ജനകീയമുഖം ആര്‍ജിച്ച കമ്പോളീയ ഹലാല്‍ മുദ്രക്കെതിരെ സംസാരിക്കുന്നത് അരാഷ്ട്രീയത കൂടിയാണ്.

ഹലാല്‍ സംവാദം
ഇസ്‌ലാം വിസമ്മതിച്ച പദാര്‍ഥങ്ങള്‍ തിന്നാല്‍ രോഗം പിടിച്ചിരിക്കും എന്നോ ഇസ്‌ലാം തിന്നോളൂ എന്നു സമ്മതിച്ചവ തിന്നാല്‍ രോഗം പിടിക്കില്ല എന്നോ വിഢിത്വം പറയുകയല്ല ഇവിടെ. ഇസ്‌ലാമിക വിശ്വാസമനുസരിച്ച് അല്ലാഹുവിന്റെ നിശ്ചയവും ഇംഗിതവുമാണ്മാണ് ഏതു കാര്യം ഉണ്ടാവാനും ഉണ്ടാവാതിരിക്കാനും ആധാരം. കാരണങ്ങള്‍ സമജ്ഞസിച്ചാല്‍ കാര്യം ജീവിതത്തില്‍ ‘ഹലാല്‍ ഭക്ഷണങ്ങള്‍ ‘ മാത്രം ഭുജിക്കുന്ന വ്യക്തിക്ക് ഡയബെറ്റിസ് പ്രശ്‌നങ്ങള്‍ മുതല്‍ കൊറോണ വരെ ബാധിച്ചത്,ബാധിക്കുന്നത് ലോകം കാണുന്നു. ഭൗതിക ലോകത്ത് അഭൗതികമായ അതിവാദങ്ങള്‍ ആര്‍ക്കുമില്ല. പിന്നെ, പ്രത്യേകിച്ച് മുകളില്‍ പറഞ്ഞത്, ഇസ്‌ലാം നിഷിദ്ധമാക്കിയ ഈനാംപേച്ചിയില്‍ നിന്നാണ് കൊറോണാ വൈറസ് മനുഷ്യരിലേക്ക് പടര്‍ന്നത് എന്ന ചര്‍ച്ചകളും ചൈനയുടെ സ്വയം സമ്മതവും ഉയര്‍ത്തിയ ചര്‍ച്ചകളില്‍ ഇസ്‌ലാം അനുവദിച്ച മാംസങ്ങള്‍ ഒരിടത്തും എപിഡമിക്‌സോ സാമൂഹിക രോഗങ്ങളോ ഉണ്ടാക്കിയിട്ടില്ല എന്നതാണ്. ലോകചരിത്രത്തില്‍ ജീവികള്‍ പടര്‍ത്തിയ പാന്‍ഡെമിക്‌സുകളില്‍ ഇസ്‌ലാമിന്റെ ജന്തുസമ്പക്കര്‍ക്ക മാര്‍ഗരേഖയനുസരിച്ചുള്ള ഇണക്കജന്തുക്കള്‍ വരുന്നില്ല എന്ന് ശാസ്ത്രീയ നിരീക്ഷണങ്ങള്‍ എമ്പാടുമുണ്ട് വായനക്ക് ലഭിക്കാന്‍. ഇവിടെയാണ് ഇസ്‌ലാം വിമര്‍ശകര്‍ വിഷയത്തിന്റെ മര്‍മമറിയാതെ, സൗദിയില്‍ മെര്‍സ് വ്യാപിപ്പിച്ചത് ഹലാല്‍ മാംസമായ ഒട്ടകമല്ലേ, പക്ഷിപ്പനികള്‍ ചിലത് കോഴിയില്‍ നിന്നും വരുന്നില്ലേ എന്നൊക്കെ ചോദിച്ച് കാര്യം കളിയാക്കി മാറ്റുന്നത്. രോഗബാധിതമായ ഹലാല്‍ ജീവികളില്‍ നിന്ന് വൈറസ് ബാധയുണ്ടാവുന്നത് രോഗബാധയില്ലാത്ത ഈനാംപേച്ചി മുതലായവ ആരോഗ്യത്തോടെ തന്നെ വൈറസ് സാംക്രമണം നടത്തുന്നതിന് തുല്യമല്ല. ആട്-മാട്-ഒട്ടകങ്ങള്‍ രോഗബാധിതമായാല്‍ അറുത്ത് തിന്നാനോ തീറ്റിക്കാനോ പാടില്ല എന്നാണ് ‘മസ്അല’. അസുഖം ബാധിച്ച അടുമാടുകളെ തിന്നാല്‍ മാത്രമല്ല, പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളുമെല്ലാം അങ്ങനെത്തന്നെയാണ്. പള്ളിയിലെ ചീരണിയിറച്ചി തിന്ന് രോഗം ബാധിച്ച കഥകളുമായി വരുന്നവര്‍ എത്ര ദുര്‍ബലമായ കാര്യങ്ങളാണ് പറയുന്നത്. മാത്രവുമല്ല, രോഗമല്ല സാംക്രമിക രോഗമാണ് സാമൂഹിക ദുരന്തം. വിഷലിപ്തമായ ഭക്ഷണങ്ങള്‍ നല്‍കി പ്രകൃതിവിരുദ്ധമായി വളര്‍ത്തിയാല്‍ ഏതു മാംസത്തിന്റെയും തനിമ നഷ്ടപ്പെട്ട് രോഗം പരത്തിയേക്കാം എന്ന വസ്തുത മതം മറുപടി പറയേണ്ട കാര്യമല്ല. മാനവികത നഷ്ടപ്പെട്ട കമ്പോള സംസ്‌ക്കാരത്തിന്റെ സൃഷ്ടിയാണത്.


നായക്ക് വേറെയും വകുപ്പ്മാലിക് ബിനു അനസ് (റ) നായയെ അനുവദിച്ചു എന്ന അല്‍ ഹാവില്‍കബീറിലെ ഇമാം മാവര്‍ദിയുടെ ഉദ്ധരണി എടുത്തുയര്‍ത്തി ഹലാല്‍ ഭദ്രതക്കെതിരെ സംസാരിക്കുന്ന ചില പുതിയ രീതികള്‍ കണ്ടുവരുന്നു. ചരിത്രത്തില്‍ എവിടെയെങ്കിലും നായ ഒരു എപിഡമിക്കിന് കാരണമായിട്ടുണ്ടെങ്കില്‍ മാലികീ ധാരയിലെ ആ വാദം ശാസ്ത്രീയമായി പ്രശ്‌നവത്കരിക്കപ്പെടാം. മാലിക് ബിനു അനസ് (റ) യുടെ വീക്ഷണം നായയെ തിന്നാന്‍ അനുവദിക്കുന്നു എന്ന അല്‍ ഹാവില്‍കബീറിലെ ഇമാം മാവര്‍ദിയുടെ ഉദ്ധരണിയെ എങ്ങനെ സമീപിക്കും പിന്നെ?. പക്ഷേ, അത് എങ്ങനെ സമസ്യയാവും, ഇല്ലല്ലോ. നായയെ തിന്നാന്‍ പാടില്ല എന്ന് ഇസ്‌ലാമില്‍ ഏകാഭിപ്രായമില്ല. ഇമാം മാലികിന്റെ (റ) കര്‍മധാര പിന്‍പറ്റുന്ന എല്ലാവര്‍ക്കും ആ അഭിപ്രായമല്ല ഉള്ളത്. ഇമാം ഇബ്‌നു അബ്ദില്‍ ബറ് എന്ന മാലികീ മുഫ്തി പ്രസ്തുത വീക്ഷണം പ്രമാണ വിരുദ്ധമാണ് എന്ന അഭിപ്രായക്കാരനാണ്. ശാഖാപരമായ ഒരൊറ്റ കാര്യത്തെ സംബന്ധിച്ച് വീക്ഷണപരമായ പലമകള്‍ ഉണ്ടാവുന്നത് ഇസ്‌ലാമിന്റെ പ്രാക്ടിക്കല്‍ ഇലാസ്തികതയും സൗന്ദര്യവുമാണ്. കാരണം മതാചരണം ഒരു സ്റ്റേജ് ഷോ അല്ല. പ്രത്യുത, അടിമുടി വിഭിന്നങ്ങളായ ജീവിത സാഹചര്യങ്ങളിലൂടെയുള്ള സഞ്ചാരമാണ്. എന്നാല്‍, വിശ്വാസപരമായ അടിസ്ഥാനങ്ങളിലോ മൗലിക ആധാരങ്ങളിലോ ഇസ്‌ലാം ഭിന്നതകള്‍ അനുവദിക്കുന്നില്ല. കര്‍മപരമായി ഭിന്നമായ ഇസ്‌ലാമിനെയാണ് ഞാന്‍, ഞങ്ങള്‍ വിശ്വസിക്കുന്നത്. അവ അഭിപ്രായ ഭിന്നതയല്ല, ഭിന്നാഭിപ്രായമാണവ എന്ന വ്യത്യാസവും വിശ്വാസികള്‍ക്കറിയാം.
അതിനാല്‍, ഇസ്‌ലാമില്‍ ഒരേ കാര്യത്തില്‍ നാലഭിപ്രായമാണ് എന്ന മഹത്തായ കണ്ടെത്തലുകള്‍ നടത്തി ആക്ഷേപമുന്നയിക്കുന്നത് പ്രായപൂര്‍ത്തിയാവാത്തവന്റെ സംയോഗ ശ്രമമായി മാത്രമേ പരിഗണിക്കാനാവുകയുള്ളൂ. കര്‍മപരമായി ഇസ്‌ലാം ഏകമാണ് എന്ന് അഭിപ്രായമുള്ളവരോട്-അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍-നിങ്ങള്‍ അവിടെ ഇറക്കിക്കോളൂ ആ ദഹനക്കേടുകള്‍ എന്നേ പറയാനുള്ളൂ. ഇമാം മാലിക് (റ) നായയെ, മറ്റു ചിലതിനെയും ‘ഹലാലാക്കി ‘ എന്ന ടെക്‌സ്ച്വല്‍ പ്രസ്താവന പത്രവാര്‍ത്തയല്ല. അതായത് ഹലാല്‍ എന്ന പദത്തിന് സാങ്കേതികാര്‍ഥം ഉണ്ട്. പുണ്യം,നിര്‍ബന്ധം,പാപം,അഹിതം എന്നീ മറ്റു നാലു മാനങ്ങളിലൊന്ന് പറയാന്‍ ന്യായം കാന്നുന്നില്ല എന്നാണ് ഹലാല്‍ എന്നതിന്റെ നിര്‍ത്സാരണ സാരം. ഹലാല്‍ എന്നത് പ്രാഗ് ഭാവമാണ്. അങ്ങനെ ഏതെങ്കിലും ഒന്നിലേക്ക് ചേര്‍ക്കാന്‍ ന്യായം കണ്ടാല്‍ അതിലേക്ക് ചേര്‍ക്കാം എന്നര്‍ഥം.
പില്‍ക്കാല നിര്‍ഝാരകര്‍ ന്യായത്തിന്റെ ബലത്തില്‍ ഭിന്നാഭിപ്രായക്കാരായി . ഇമാം ശാഫി (റ)നായയെ അടിമുടി നിഷിദ്ധമാക്കി. ഇമാം അബൂഹനീഫ (റ) ഉമിനീര്‍ നിഷിദ്ധമാക്കി. ഇമാം അഹ്മദ് ബിനു ഹമ്പല്‍ (റ)ചില കാര്യങ്ങളില്‍ ഇമാം ശാഫി റവിനോടും ചില കാര്യങ്ങളില്‍ ഇമാം മാലികിറവിനോടും യോജിച്ചു. ഒരു തരുവോ തരിയോ പോലും അവരുടെ ഇഴകീറലുകള്‍ക്കിടയില്‍ നിന്ന് മുക്തമായില്ല എന്നത് പ്രത്യശശാസ്ത്രപരമായ അപാരതയാണ് മതത്തിന് നല്‍കിയത്. അവിടെ നായയുടെ രോമത്തെ കുറിച്ച് തന്നെയുണ്ട് നാടുകളും നാളുകളും നീണ്ട ചര്‍ച്ച. നിര്‍ബന്ധിത ഘട്ടത്തില്‍ നായയെ എന്നല്ല ഈനാംപേച്ചിയെ പോലും തിന്നാം, തിന്നണം എന്ന കാര്യത്തില്‍ എല്ലാവരും ഏകാഭിപ്രായക്കാരാണ് എന്നത് കൂടി വായിക്കണം.

ശുഐബുല്‍ ഹൈതമി