ഹാമിദ് കോയമ്മ തങ്ങളുടെ തപ്തസ്മരണയില്‍

1932

ഞങ്ങള്‍ എട്ടിക്കുളം ദര്‍സ് വിദ്യാര്‍ഥികള്‍ ഒരു സുവനീര്‍ ഇറക്കാന്‍ തീരുമാനിച്ചു. 1981 ലെ സംഭവമാണ്. ഞങ്ങള്‍ തീരുമാനിച്ചുവെന്ന് പറയുന്നതിനേക്കാള്‍ ഞങ്ങളുടെ ഉസ്താദ് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ അത്തരമൊരു പദ്ധതി അവതരിപ്പിച്ചു അതേറ്റടുക്കാന്‍ ഞങ്ങളെ പ്രാപ്തമാക്കിയെന്ന് പറയുകയാണ് കൃത്യത. അതില്‍ എഴുതേണ്ടവരെ പറ്റിയൊന്നും ഞങ്ങള്‍ക്കൊരു ധാരണയും ഇല്ലായിരുന്നു. ഏതോ ഒരു നിയോഗം പോലെ അതിന്റെ മുഖ്യ പത്രാധിപരാകേണ്ടി വന്നവനാണെങ്കില്‍ കൂട്ടത്തില്‍ ബേബിയും. എല്ലാം ഒരു കൗതുകത്തോടെ നോക്കിക്കാണുന്ന കാലം.
അന്ന് ഉസ്താദ് പറഞ്ഞു: രാമന്തളി സ്വദേശി ഒരു ചെറുപ്പക്കാരന്‍ തങ്ങളുണ്ട്. അയാള്‍ ഗള്‍ഫിലാണ്. സര്‍ സയ്യിദില്‍ നിന്ന് ഡിഗ്രിയൊക്കെ എടുത്ത മുസ്‌ലിയാരാണ്. അദ്ദേഹത്തിന്റെ ഒരു ലേഖനം വാങ്ങിക്കണം. അതിനായി അഡ്രസും തന്ന് ബന്ധപ്പെടാന്‍ ഏര്‍പ്പാടു ചെയ്തു. അതാണ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങളെ കുറിച്ചുള്ള എന്റെ ആദ്യ വിവരം. ഡിഗ്രിയെടുത്ത മുസ്‌ലിയാരായ തങ്ങള്‍!
ഇന്ന് അതു കേട്ടാല്‍ ആര്‍ക്കും വലിയ കുതൂഹലം തോന്നില്ല. എത്രയോ തങ്ങന്‍മാര്‍ പഠിച്ചു ഡിഗ്രിയും പി.ജി യും എടുക്കുന്നു. സമന്വിത വിദ്യാഭ്യാസത്തിലൂടെ പി.എച്ച്.ഡി വരെ നേടിയ തങ്ങന്‍മാരുണ്ട്. കൂട്ടത്തില്‍ പി.കെ.പി ഉസ്താദ് ലേഖനം ആവശ്യപ്പെടാന്‍ മാത്രം നിലവാരമുള്ള ആള്‍. ആ മതിപ്പ് മനസ്സില്‍ പതിഞ്ഞു നിന്നു. പിന്നെ വര്‍ഷങ്ങള്‍ക്കു ശേഷം, കൃത്യമായി പറഞ്ഞാല്‍ 1993ല്‍. ഞാന്‍ ഫൈസിയും നദ്‌വി യും അധ്യാപകനുമെല്ലാമായ ശേഷം പ്രവാസ ജീവിതത്തിന്റെ ഉത്തരീയം എടുത്തണിഞ്ഞു മൂന്നു വര്‍ഷം തികയുന്നു. ഒമാനിലെ ഇടവേളക്കു ശേഷം ദുബായിലെത്തി ഇരിപ്പടം ഉറപ്പിക്കാനുള്ള തത്രപ്പാടിലാണ്.
ആയിടെ കൂട്ടുകാരന്‍ ബശീര്‍ അലനല്ലൂരും മറ്റുമായി ദേര സബ്ഖയിലൂടെ നടന്നുപോകുമ്പോള്‍ മുമ്പിലൂടെ തലപ്പാവണിഞ്ഞ ശുഭ്രവസ്ത്രധാരിയായ ഒരു വലിയ മനുഷ്യന്‍ നടന്നു വരുന്നു. തങ്ങന്‍മാരുടെ കറുത്ത തൊപ്പിയണിഞ്ഞ കൗമാരപ്രായത്തിലുള്ള മകന്‍ കൂടെയുണ്ട്. കൂട്ടുകാര്‍ പരിചയപ്പെടുത്തി. ഇതാണ് കോയമ്മ തങ്ങള്‍. സുന്നീ സെന്റര്‍ പ്രസിഡന്റ്. എന്റെ മനസ്സില്‍ അന്ന് എട്ടുക്കുളത്തുവച്ച് പതിഞ്ഞ ചിത്രത്തിന് നേര്‍കാഴ്ചയുടെ സാക്ഷാല്‍ക്കാരം. തുടര്‍ന്നുള്ള എന്റെ ദുബായ് ജീവിതം കുറച്ചു കാലം അകലെ നിന്നും പിന്നെ അടുത്തു നിന്നും കോയമ്മ തങ്ങളെ അനുഭവിച്ചതിന്റെ ബാക്കിപത്രം കൂടിയാണ്. 2010 വരെ അതു തുടര്‍ന്നു. ആ വര്‍ഷം നാട്ടിലേക്ക് തിരിച്ച് പിന്നെ നാട്ടില്‍ സ്ഥിരമാക്കിയെങ്കിലും തങ്ങളുമായുള്ള ബന്ധം നിലനിന്നു. വാട്‌സാപ്പ് സൗകര്യം വന്ന ശേഷം ആശയ വിനിമയത്തിന് കൂടുതല്‍ വ്യാപ്തിയും തുടര്‍ച്ചയും ലഭിച്ചു. വിശേഷപ്പെട്ട വല്ല വിവരവും കിട്ടിയാല്‍ നേരെ എനിക്ക് ഫോര്‍വേര്‍ഡ് ചെയ്യും. പ്രത്യേകിച്ച് സംഘടനാപരമായ വല്ല പിന്നാമ്പുറ വര്‍ത്തമാനവും കിട്ടിയാല്‍ ഞാനുമായി ഷെയര്‍ ചെയ്യുക ശീലമായി. വിശേഷ ദിവസങ്ങളില്‍ ആശംസകള്‍ കൈമാറും. ഏറ്റവും ഒടുവില്‍, കഴിഞ്ഞ മാര്‍ച്ച് 12ന് തങ്ങളുടെ അസുഖവിവരവും ആസ്പത്രിവാസവും അറിഞ്ഞു അയച്ച വോയ്‌സിന് മറുപടിയായി തങ്ങള്‍ നല്‍കിയ ശബ്ദ സന്ദേശം ഇപ്പോഴും മൊബൈലിലുണ്ട്.
സമസ്തയിലെ ധ്രുവീകരണത്തെ തുടര്‍ന്നു ദുബായില്‍ സുന്നി പ്രവര്‍ത്തകര്‍ക്കിടയില്‍ ചേരിതിരിവ് പൂര്‍ണമായപ്പോള്‍, ഔദ്യോഗിക സമസ്തയുടെ നേതൃത്വം കോയമ്മ തങ്ങളുടെ കരങ്ങളില്‍ സുരക്ഷിതമായി. 1989 കാലത്ത് ശംസുല്‍ ഉലമായുടെ ദുബായ് സന്ദര്‍ശനത്തോടെ സമസ്തയെ അംഗീകരിക്കുന്നവര്‍ക്ക് വേണ്ടി ദുബായ് സുന്നി സെന്റര്‍ എന്ന പേരില്‍ സംഘടന നിലവില്‍ വന്നപ്പോള്‍ മുതല്‍ അതിന്റെ അമരത്ത് തങ്ങളായിരുന്നു. തുടര്‍ന്നു കഴിഞ്ഞ 32 വര്‍ഷങ്ങള്‍ക്കിടയില്‍ സെക്രട്ടറിമാരും മറ്റ് ഭാരവാഹികളും മാറിമാറി വന്നെങ്കിലും പ്രസിഡന്റ് സ്ഥാനത്ത് മറ്റൊരാളെ കുറിച്ച് ആര്‍ക്കും സങ്കല്‍പ്പിക്കേണ്ടി വന്നില്ല. പി.കെ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ (പട്ടാമ്പി), എ.പി അബൂബക്ര്‍ ഹാജി (ചെറുകുന്ന്), മുസ്ത്വഫ എളമ്പാറ, കുയ്‌തേരി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ വിവിധ ഘട്ടങ്ങളില്‍ സുന്നി സെന്ററിന്റെ സെക്രട്ടറി സ്ഥാനം വഹിച്ചവരാണ്. തുടക്കം മുതല്‍ ദേര സര്‍ഊനി പള്ളിയില്‍ തങ്ങളുടെ രാത്രി കാല ദര്‍സ് പ്രസിദ്ധമായിരുന്നു. എന്ത് പ്രതിബന്ധം ഉണ്ടായാലും ആ ദര്‍സ് തുടരണമെന്ന് തങ്ങള്‍ക്ക് നിര്‍ബന്ധമായിരുന്നു. ഫത്ഹുല്‍ മുഈനും മറ്റും അവലംബിച്ചുള്ള ക്ലാസില്‍ വര്‍ഷങ്ങളോളം സംബന്ധിച്ച ഏതാനും സാധാരണക്കാര്‍ ശരിക്കും പള്ളിദര്‍സുകളിലെ ഗുരു-ശിഷ്യ ബന്ധത്തിന്റെ ഇഴയടുപ്പം കാത്തു സൂക്ഷിച്ച് തങ്ങളോട് പെരുമാറുന്നത് കൗതുകത്തോടെ ഞങ്ങള്‍ നോക്കി നില്‍ക്കാറുണ്ട്.
സുന്നീ സെന്ററിന്റെ കീഴില്‍ പ്രവാസീ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് കേരളീയ മാതൃകയില്‍ മദ്‌റസാ വിദ്യാഭ്യാസം ഏര്‍പ്പെടുത്തുന്നതില്‍ തങ്ങളുടെ നേതൃത്വം ഏറെ ഗുണം ചെയ്തു. സംഘടനാ ബന്ധങ്ങള്‍ക്കപ്പുറം തങ്ങള്‍ക്ക് ദുബായിലും പരിസരത്തും വിവിധ തട്ടുകളിലുള്ളവരുമായുള്ള ബന്ധം മദ്‌റസയുടെ പുരോഗതിയില്‍ ഏറെ പ്രയോജനപ്പെട്ടു. സുന്നി സെന്ററിനെ ജനകീയമാക്കുന്നതിലും വലിയൊരളവ് വരെ തുണയായത് തങ്ങളുടെ വ്യക്തി ബന്ധങ്ങളാണ്. ആദ്യകാലത്ത് ഹജജ്-ഉംറ യാത്രകള്‍ക്ക് ദുബൈ സുന്നീ സെന്റര്‍ അടക്കമുള്ള പ്രവാസി സംഘടനകള്‍ നേതൃത്വം നല്‍കിയിരുന്നു. സുന്നീ സെന്റര്‍ വര്‍ഷങ്ങളോളം ഇത്തരം യാത്രകള്‍ നടത്തിയിരുന്നു. കോയമ്മ തങ്ങളുടെ വ്യക്തി ബന്ധത്തിലൂടെയും നീണ്ട കാലം അമീറായി പ്രവര്‍ത്തിച്ചിരുന്ന ത്വയ്യിബ് ഫൈസിയുടെ അടുപ്പത്തിലൂടെയും പലരും ഹജ്ജ് – ഉംറ യാത്രകള്‍ക്ക് സുന്നി സെന്ററിനെ തെരഞ്ഞെടുക്കുകയും പിന്നീട് അവര്‍ സംഘടനയുടെ ഭാഗമായി മാറുകയും ചെയ്ത അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ദുബായിലെ തങ്ങളുടെ സാന്നിധ്യം ഒരു തണല്‍മരം പോലെ അവിടത്തെ മലയാളികള്‍ അനുഭവിക്കുകയായിരുന്നു. പലര്‍ക്കും അവരുടെ വ്യക്തിപരമോ കുടുംബപരമോ ജോലിസംബന്ധമോ ആയ പ്രശ്‌നങ്ങളുടെ കുരുക്കഴിക്കാനുളള ഇടം കൂടിയായിരുന്നു ആ സാന്നിധ്യം. ഗള്‍ഫിലെ കുടുബ പ്രശ്‌നങ്ങളുടെ വലിയ കേസ് ഡയറി സമാഹരിച്ചെഴുതാന്‍ മാത്രം രഹസ്യ വിവരങ്ങള്‍ തങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചിരുന്നു. ആളുകളുടെ പേരുകള്‍ പറയാതെ ചില വിഷയങ്ങള്‍ പങ്കുവച്ചപ്പോള്‍ ഞങ്ങള്‍ അത് കേട്ട് അമ്പരന്നിട്ടുണ്ട്. ആത്മീയ ചികിത്സ മാത്രമല്ല; ആയുര്‍വേദ യൂനാനി ചികിത്സയിലും തങ്ങള്‍ക്ക് നല്ല ധാരണയുണ്ടായിരുന്നു. പരമ്പരാഗതമായി കൈമാറിക്കിട്ടിയ അത്തരം വിവരങ്ങളും ചില മസ്അലകളില്‍ കുടുംബ വൃത്തങ്ങളില്‍ നിന്ന് ലഭിച്ച തഹ്ഖീഖുകളും ഒഴിവ് വേളകളില്‍ പങ്കു വയ്ക്കുമായിരുന്നു.
മനസ്സിനിണങ്ങിയ കൂട്ടുകാരെ കിട്ടിയാല്‍ എന്ത് തിരക്കുണ്ടായാലും അതെല്ലാം മാറ്റിവച്ചു സംസാരിച്ചിരിക്കുക തങ്ങള്‍ക്ക് വലിയ ഹരമായിരുന്നു. സുന്നി സെന്റര്‍ മീറ്റിംഗുകള്‍ പലപ്പോഴും രാത്രി ഇശാഇനു ശേഷമാണ് നടക്കുക. അതു കഴിഞ്ഞു വേഗം പിരിഞ്ഞു പോകാന്‍ പലരും തിരക്ക് കൂട്ടുമ്പോഴും പ്രസിഡന്റായ തങ്ങള്‍ അവിടെ തന്നെ ഇരിക്കും. പഴയ ഓര്‍മകളുടെ ചെപ്പ് തുറക്കും. കമ്പിലിലെയും തള്ളിപ്പറമ്പിലേയും രാമന്തളി കൂട്ടുകുടുംബത്തിലേയും ഓരോ കഥാപാത്രങ്ങളും തങ്ങളുടെ ചാരുതയാര്‍ന്ന വര്‍ണനയുടെ നിറക്കൂട്ടില്‍ തെളിഞ്ഞു വരും. യു.കെ ആറ്റക്കോയ തങ്ങള്‍ (ഉള്ളാള്‍ തങ്ങളുടെ പുതിയാപ്ല), യാസീന്‍ മുത്ത കോയ തങ്ങള്‍ (കോയമ്മ തങ്ങളുടെ അമ്മാവന്‍), ഉള്ളാള്‍ കുഞ്ഞിക്കോയ തങ്ങള്‍ (കോയമ്മ തങ്ങളുടെ മൂത്തമ്മയുടെ ഭര്‍ത്താവ്), ശംസുല്‍ ഉലമാ തുടങ്ങിയവരുടെയെല്ലാം അറിയപ്പെടാത്ത ഒരു പാട് അനുഭവ കഥകള്‍ തങ്ങളുടെ നാവിലൂടെ പലരും കേട്ടിരിക്കും. കുടുംബ ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ തങ്ങള്‍ സംസ്ഥാനയുടെ കൂടെയോ എ.പി വിഭാഗത്തിന്റെ കൂടെയോ പോകേണ്ടതായിരുന്നു. പക്ഷേ, വ്യക്തിപരമായ തെരഞ്ഞെടുപ്പായിരുന്നു ഔദ്യോഗിക സമസ്തയുടെ പങ്കാളിത്തം. പാണക്കാട് തങ്ങന്‍മാരുമായുള്ള ബന്ധവും ഇ. കെ ഉസ്താദിനോടുള്ള മതിപ്പും അതിന് പ്രധാന പ്രേരകമായിട്ടുണ്ടാകാം. സമസ്തയുടെ ഭാഗമാണെന്ന് ആരുടെ മുന്നിലും തുറന്നു പറയുന്നതില്‍ ഒരു പ്രയാസവും തോന്നിയില്ല. എന്നാല്‍, സംഘടനാ പക്ഷപാതിത്വങ്ങള്‍ക്കപ്പുറത്തായി വ്യക്തി ബന്ധം കാത്തു സൂക്ഷിക്കുന്നതില്‍ അതൊന്നും തടസ്സമായില്ല. അതുകൊണ്ടു തന്നെ ദുബായിലെ വിവിധ സംഘടനകളിലും വിഭാഗങ്ങളിലും പെട്ട നിരവധി പേര്‍ തങ്ങളുമായി സൗഹൃദ ബന്ധം നിലനിര്‍ത്തി.
തങ്ങളുടെ കൂടെ ഒരു സംഘടനയില്‍ സെക്രട്ടറിയായിരിക്കുക നല്ല ക്രഡിറ്റും ആശ്വാസവുമായാണ് അനുഭവപ്പെട്ടിട്ടുള്ളത്. 1995 മുതല്‍ സഹ ഭാരവാഹിയായും 98 മുതല്‍ 2010 വരെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ച അനുഭവം വച്ചാണിത് പറയുന്നത്. ഒന്നാമതായി കോയമ്മ തങ്ങളോടുള്ള മതിപ്പും ബഹുമാനവും കാരണം ആരും മീറ്റിംഗുകളില്‍ അനാവശ്യ വിവാദമോ ബഹളമോ ഉണ്ടാക്കില്ല. ആരെങ്കിലും അന്യായമായി ഇടപെട്ടാല്‍ അവരെ കൈകാര്യം ചെയ്യാനും തങ്ങള്‍ക്കറിയാം. പിന്നെ പ്രസിഡന്റ് എന്ന പദവി അലങ്കാരമായി കൊണ്ടു നടക്കുന്ന രീതിയില്ല. എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടുകയും മുന്നിട്ടിങ്ങി പ്രവര്‍ത്തിക്കുകയും ചെയ്യും. അതുകൊണ്ട് കാര്യങ്ങള്‍ എളുപ്പത്തില്‍ നടന്നുകിട്ടും. സാമ്പത്തിക വിഷയങ്ങളില്‍ കണിശമായ സൂക്ഷ്മത പാലിക്കുകയും കൈകാര്യം ചെയ്യുന്ന ഇടപാടുകള്‍ കൃത്യമായി എഴുതി സൂക്ഷിക്കുകയും ചെയ്യും. വ്യക്തി ജീവിതത്തില്‍ ബാങ്ക് ലോണ്‍ പോലുള്ള കാര്യങ്ങളില്‍ നിന്ന് അത്യാവശ്യ ഘട്ടത്തില്‍ പോലും ഒഴിഞ്ഞു നിന്നു. മറ്റുള്ളവരോടും മാറി നില്‍ക്കാന്‍ ഉപദേശിക്കും.
സാധാരണ ഗതിയില്‍ കോയമ്മ തങ്ങളെപ്പോലുള്ളവര്‍ സ്വന്തമായി ജോലി ചെയ്തില്ലെങ്കിലും അവരുടെ കാര്യങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തു നോക്കിക്കൊള്ളും. അങ്ങനെ ജീവിക്കുന്ന എത്രയോ തങ്ങന്‍മാരെ കാണാം. പക്ഷേ, കോയമ്മ തങ്ങള്‍ അത്തരക്കാരനായിരുന്നില്ല. സ്വയം അധ്വാനിച്ചു കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കണമെന്ന് തങ്ങള്‍ നിശ്ചയിച്ചിരുന്നു. ഗള്‍ഫിലെത്തി ആദ്യ കാലത്ത് ലേബര്‍ ഓഫീസിന് മുന്നില്‍ ടൈപ്പിസ്റ്റായും പിന്നീട് ഡിഫന്‍സില്‍ പി.ആര്‍ ഉദ്യോഗസ്ഥനായും ജോലി ചെയ്തു. ഡിഫന്‍സില്‍ പിരിഞ്ഞ ശേഷവും വേറെ ജോലി അന്വേഷണത്തിലായിരുന്നു. അതിനിടെ ഷാര്‍ജയിലെ മെട്രോ പ്രസ് ഉടമ ചേറ്റുവായി അബ്ദുല്‍ ഖാദിര്‍ ഹാജി തന്റെ പ്രസ്സില്‍ പി.ആര്‍ ജോലി ഓഫര്‍ ചെയ്തതനുസരിച്ച് ആ ജോലിയിലേക്ക് മാറി. അടുത്ത കാലം വരെ വരെ ആ ജോലിയില്‍ തുടര്‍ന്നു. പിന്നെ മക്കള്‍ മുതിര്‍ന്നു ഗള്‍ഫില്‍ തന്നെ ജോലി ചെയ്തു തുടങ്ങിയതോടെ കാര്യങ്ങള്‍ ആരെയും അറിയിക്കാതെ അങ്ങനെ കഴിഞ്ഞു പോന്നു. കുടുംബ ബന്ധം ചേര്‍ക്കുന്നതില്‍ നല്ല ശ്രദ്ധയുണ്ടായിരുന്ന തങ്ങള്‍, ഞാന്‍ നാട്ടില്‍ വരുമ്പോള്‍ കാസര്‍കോട് ഭാഗത്ത് താമസിക്കുന്ന തങ്ങളുടെ ചില ബന്ധുക്കള്‍ക്ക് സമ്മാനങ്ങളും സഹായങ്ങളും നല്‍കാന്‍ ഏല്‍പ്പിച്ചു വിടുമായിരുന്നു. എത്ര വലിയ സൗഹൃദ ബന്ധമുണ്ടെങ്കിലും ഇഷ്ടമില്ലാത്തത് കണ്ടാല്‍ ശക്തിയായി എതിര്‍ക്കാന്‍ അത് തടസ്സമായില്ല. ആരെങ്കിലും അവഗണിക്കുകയോ ആത്മാഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുകയോ ചെയ്താല്‍ കടുത്ത രീതിയില്‍ പ്രതികരിക്കുന്നതിനും വേണ്ടിവന്നാല്‍ പൊട്ടിത്തെറിക്കുന്നതിനും ആളോ സദസ്സോ പ്രതിബന്ധമാവില്ല. ഹൃദയ നൈര്‍മല്യത്തിന്റെയും നിഷ്‌കളങ്കതയുടെയും ലക്ഷണമായി അതിനെ കാണാവുന്നതാണ്.
ഏതായാലും ആദരണീയനായ കോയമ്മ തങ്ങള്‍ സ്‌നേഹിക്കുന്നവരിലെല്ലാം കടുത്ത നഷ്ടബോധം സൃഷ്ടിച്ചു ഇത്ര വേഗം പിരിഞ്ഞു പോകുമെന്ന് നിനച്ചില്ല. ഏറ്റവും ഒടുവില്‍ കഴിഞ്ഞ മാസം ബന്ധപ്പെട്ടപ്പോഴും ആഫിയത്തിനു ദുആ ചെയ്യാന്‍ ആവശ്യപ്പെട്ടതും ആ തണല്‍ ദീര്‍ഘകാലം നിലനിന്ന് കാണാന്‍ പ്രാര്‍ഥിച്ചതും ഇപ്പോള്‍ നൊമ്പരപ്പെടുത്തുന്ന ഓര്‍മയാണ്. സര്‍വ ശക്തന്‍ യശ:ശരീരനായ ഹാമിദ് കോയമ്മ തങ്ങളുടെ ഖബ്‌റ് ജീവിതം ആശ്വാസകരവും ഐശ്വര്യപൂര്‍ണവുമാക്കി കൊടുക്കട്ടെ.

സ്വിദ്ദീഖ് നദ്‌വി ചേരൂര്‍