2019ലെ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന വലിഞ്ഞുമുറുകിയ അന്തരീക്ഷത്തില്‍ ഇന്ത്യയെ ചൊറിയാന്‍ വന്ന പാകിസ്താന് ബാലാക്കോട്ടില്‍ മിന്നലാക്രമണം നടത്തുകയും അതുവഴി അതിദേശീയവാദികളുടെ വാഴ്ത്തുപാട്ടിന് പാത്രമാവുകയും ചെയ്തയാളാണ് നരേന്ദ്രമോദി. അതുകഴിഞ്ഞ് കൃത്യം ഒരുവര്‍ഷത്തിനു ശേഷം ചൈന ഇന്ത്യയുടെ 20 സൈനികരുടെ ജീവനെടുത്തതിന് മറുപടിയായി ആപ്പുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്തുള്ള ‘മിന്നലാക്രമണം’ നടത്തിയപ്പോഴും അതിദേശീയവാദികള്‍ മോദി സ്തുതിപാഠകരായി എന്നതാണ് മോദിയുടെയും അദ്ദേഹത്തിന്റെ ബി.ജെ.പിയുടെയും അനുഗ്രഹം.
ഒന്‍പത് അയല്‍രാജ്യങ്ങളാണ് ഇന്ത്യക്കുള്ളത്. ഇതില്‍ ശ്രീലങ്ക, മാലദ്വീപ് എന്നിവ കടല്‍മാര്‍ഗം അതിര്‍ത്തി പങ്കിടുമ്പോള്‍ ചൈന,പാകിസ്ഥാന്‍,അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍, മ്യാന്മാര്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവയുമായി കരമാര്‍ഗവും അതിര്‍ത്തി പങ്കിടുന്നു. ഏറെക്കുറേ ഇതില്‍ പൂര്‍ണമായി ഇന്ത്യക്കു വഴങ്ങിയ അയല്‍സുഹൃത്ത് ഇല്ലെന്ന് പറയാമെങ്കിലും ഭൂട്ടാന്‍ മാത്രമാണ് ഇന്ത്യയുമായി നിലവില്‍ സൗഹാര്‍ദത്തിലുള്ള രാഷ്ട്രം. ഈയടുത്തു വരെ ഇന്ത്യയുടെ അടുത്ത സുഹൃദ് രാജ്യമായിരുന്ന മാലദ്വീപും മാറിചിന്തിച്ചിട്ടുണ്ട്.
‘അയല്‍പക്കം ആദ്യം’
‘അയല്‍പക്കം ആദ്യം’ എന്ന നയവുമായാണ് നരേന്ദ്രമോദി 2014ല്‍ അധികാരത്തിലേറിയത്. രാജ്യാന്തര നയതന്ത്ര വിദഗ്ധരും നിരീക്ഷകരും വളരെ മതിപ്പോടെയും പ്രതീക്ഷയോടെയുമായിരുന്നു മോദിയുടെ ഈ നയത്തെ കണ്ടത്. അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് അടക്കമുള്ള അയല്‍പക്ക നേതാക്കളുടെ സാന്നിധ്യത്തിലാണ് 2014ല്‍ മോദി സത്യപ്രതിജ്ഞ ചെയ്തത്. അധികാരമേറ്റ ശേഷമുള്ള ആദ്യ ഔദ്യോഗിക വിദേശയാത്ര ഭൂട്ടാനിലേക്കും നേപ്പാളിലേക്കുമായതോടെ ശുഭ പ്രതീക്ഷയുമുണ്ടായി. പാകിസ്താനുമായി ഉള്‍പ്പെടെ വഷളായി കിടക്കുന്ന നയതന്ത്രബന്ധം മോദി മെച്ചപ്പെടുത്താന്‍ ശ്രമിച്ചേക്കുമെന്ന സൂചനയായും ഇത് വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍, കാലാവധി പൂര്‍ത്തിയാക്കയപ്പോഴേക്കും അയല്‍രാഷ്ട്രങ്ങള്‍ ഏതാണ്ടെല്ലാം പൂര്‍ണമായും ശത്രുചേരിയിലായിരിക്കുകയാണ്. 2014 വരെ ഇന്ത്യസ്വീകരിച്ച ചേരിചേരാ നയം ഉള്‍പ്പെടെ വന്‍സ്വീകാര്യത ലഭിച്ച വിദേശനയം ആകെ പൊളിച്ചടുക്കകയും ചെയ്തിരിക്കുന്നു നരേന്ദ്രമോദി സര്‍ക്കാര്‍.
പാകിസ്താന്‍
2019ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇമ്രാന്‍ഖാന്‍ ഇങ്ങനെ പറയുകയുണ്ടായി, ഈ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വിജയിക്കുകയാണെങ്കില്‍ പാകിസ്താനുമായി അത് നല്ല ബന്ധം ഉണ്ടാവാന്‍ കാരണമാവും എന്ന്. അതിനുള്ള ന്യായങ്ങളും ഇമ്രാന്‍ഖാന്‍ നിരത്തുകയുണ്ടായി. കോണ്‍ഗ്രസ് ആണ് ജയിക്കുന്നതെങ്കില്‍ അതിദേശീയ വാദികളായ സംഘ്പരിവാര്‍ ആവും പ്രതിപക്ഷത്ത്. അത്തരം ഘട്ടങ്ങളില്‍ പാകിസ്താനുമായുള്ള സമാധാന ചര്‍ച്ചകള്‍ എളുപ്പത്തില്‍ മുന്നോട്ടു കൊണ്ടുപോവാന്‍ കോണ്‍ഗ്രസിന് ബുദ്ധിമുട്ടുണ്ടാവും. എന്നാല്‍, മോദിയാണ് വിജയിക്കുന്നതെങ്കില്‍ പ്രതിപക്ഷചേരിയില്‍ നിന്ന് അത്തരം തലവേദനകള്‍ ഉണ്ടാവില്ലെന്നും ഇതു ബന്ധം മെച്ചപ്പെടാന്‍ സഹായിക്കുമെന്നുമായിരുന്നു ഇമ്രാന്റെ നിരീക്ഷണം. ഇതു അപ്പടി അബദ്ധമായിപ്പോയെന്ന് പിന്നീടുള്ള ഓരോ നീക്കങ്ങളും വ്യക്തമാക്കി തന്നു.
ഇപ്പോഴും എപ്പോഴും ഇന്ത്യയുടെ ഒന്നാംനമ്പര്‍ ശത്രുപട്ടികയിലുള്ള പാകിസ്താനുമായി മിക്കപ്പോഴും വഷളായ ബന്ധം തന്നെയായിരുന്നു ഇന്ത്യക്ക് ഉണ്ടായിരുന്നത്. വാജ്പേയിയുടെ നേതൃത്വത്തിലുള്ള ആദ്യ ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് പാകിസ്താനുമായി ബന്ധം മെച്ചപ്പെടുത്താനുള്ള ക്രിയാത്മക നീക്കങ്ങള്‍ നടന്നതാണ്. പിന്നീട് അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ കാര്‍മേഘംകൂടുന്നതിനനുസരിച്ച് ബന്ധം ഏറിയും കുറഞ്ഞും വിഷളാവുകയാണ് പതിവ്. എപ്പോഴെല്ലാം സര്‍ക്കാര്‍ പ്രതിസന്ധിയിലാവുന്നോ അപ്പോഴെല്ലാം അതിര്‍ത്തിയില്‍ വെടിവെപ്പിന്റെ ശബ്ദം ഉയരുന്ന തരത്തിലായി സാഹചര്യം എന്ന് ആരോപണം ഉയരുന്നവിധത്തിലേക്ക് ഇത് മാറി. വാജ്പേയിയുടെ കാലത്ത് ബന്ധം മെച്ചപ്പെടുന്നുവെന്ന സൂചനകള്‍ ഉള്ളതനിനാലാവണം ഇമ്രാന്‍ ഖാന്‍ വാജ്പേയിയുടെ കാലവുമായി മോദിയെ താരതമ്യംചെയ്തത്.
ചൈന
പാകിസ്താന്‍ ആണ് ഒന്നാംനമ്പര്‍ ശതുവെങ്കിലും ഇന്ത്യയുടെ ശക്തനായ ശത്രുവാണ് ചൈന. കൂടാതെ ലോകത്തെ സൂപ്പര്‍ പവറുമാണ്. നാലരപതിറ്റാണ്ട് മുന്‍പുള്ള യുദ്ധം മാറ്റിനിര്‍ത്തിയാല്‍ അതിര്‍ത്തിയില്‍ നേരിയ സംഘര്‍ഷം ഉണ്ടാവുക പതിവാണെങ്കിലും ഏറെക്കുറേ സമാധാനപരമായിരുന്നു. അപ്പോഴും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വാണിജ്യ-വ്യവസായ രംഗത്ത് കൊടുക്കല്‍ വാങ്ങലുകള്‍ നടന്നിരുന്നു. രണ്ടാം മോദിസര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികാഘോഷങ്ങളുടെ സമയത്താണ് ചൈനയുമായുള്ള ഇന്ത്യയുടെ തര്‍ക്കം പാരമ്യതയിലെത്തിയത്. അരുണാചല്‍ പ്രദേശിനെച്ചൊല്ലി ഏറെക്കാലമായി നിലനിന്ന തര്‍ക്കമാണ് ലഡാക്കിന്റെ പേരില്‍ ഉടലെടുത്ത ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ കാതല്‍. 2017ല്‍ അരുണാചലിലെ ദോക്ലാം മേഖലയില്‍ ചൈന നടത്തിയ കടന്നുകയറ്റം സംഘര്‍ഷത്തിലേക്ക് നീണ്ടെങ്കിലും ചര്‍ച്ചകളിലൂടെ താത്കാലികമായി പരിഹരിക്കപ്പെട്ടിരുന്നു. സമാനമായി ലഡാക്ക് മേഖലയെച്ചൊല്ലി കഴിഞ്ഞവര്‍ഷം വീണ്ടും ഉയര്‍ന്ന തര്‍ക്കങ്ങള്‍ സൈനികതലത്തിലും നയതന്ത്രതലത്തിലും അനുരഞ്ജനത്തില്‍ എത്തിയെങ്കിലും പൊടുന്നനെ പൊട്ടിത്തെറിയില്‍ എത്തുകയായിരുന്നു. ചൈനീസ് ആക്രമണത്തില്‍ 20 സൈനികരെയാണ് ഇന്ത്യക്ക് നഷ്ടമായത്.
നേപ്പാള്‍
ഇന്ത്യയുടെ ഏറ്റവും വിശ്വസ്തരായ അയല്‍ക്കാരായിരുന്നു ഹിന്ദുഭൂരിപക്ഷ നേപ്പാള്‍. ഇന്ത്യയുടെ 29മത്തെ സംസ്ഥാനം എന്ന പരിഗണനയാണ് നേപ്പാളിനോട് നരേന്ദ്രമോദി സര്‍ക്കാര്‍ നല്‍കിയിരുന്നത്. നേപ്പാളുമായി കാര്യമായ അതിര്‍ത്തി തര്‍ക്കങ്ങളും നിലവിലില്ലായിരുന്നു. എന്നാല്‍, ഏതാനും ആഴ്ചകളായി നേപ്പാള്‍ അതിര്‍ത്തി കലുഷിതമാണ്. ലിപുലേഖ്, കാലാപാനി, ലിംപിയാധര പ്രദേശങ്ങളിന്‍മേലാണ് തര്‍ക്കം. കാലാപാനി മേഖലയില്‍ 80 കിലോമീറ്റര്‍ നീളമുള്ള റോഡ് മെയില്‍ ഇന്ത്യ ഉദ്ഘാടനം ചെയ്തതാണ് നേപ്പാളിനെ പെട്ടെന്ന് പ്രകോപിപ്പിച്ചത്. ഈ പ്രദേശങ്ങള്‍ തങ്ങളുടെതാണെന്ന് ഇന്ത്യ തറപ്പിച്ചു പറയുമ്പോഴും ഇവ ഉള്‍പ്പെടുത്തി നേപ്പാള്‍ ഭൂപടം മാറ്റിവരച്ചു. ഇതേചൊല്ലി അതിര്‍ത്തി പുകഞ്ഞു കൊണ്ടിരിക്കെയാണ് നേപ്പാള്‍ സൈന്യത്തിന്റെ വേടിയേറ്റ് ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടത്.
മതേതരരാഷ്ട്രമായി പ്രഖ്യാപിച്ച് 2015ല്‍ നേപ്പാള്‍ ഭരണഘടന പരിഷ്‌കരിച്ചത് ഇന്ത്യക്ക് പിടിച്ചിരുന്നില്ല. അതിന്റെ ബാക്കിയായി ഇന്ത്യ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ അവരുടെ രക്ഷയ്ക്കെത്തിയത് ചൈനയായിരുന്നു. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് അജിത്ഡോവലിന്റെ ബുദ്ധിയായിരുന്നു ഉപരോധം വഴി ശ്വാസംമുട്ടുന്നതോടെ നേപ്പാള്‍ ഇന്ത്യയുടെ കൈയിലൊതുങ്ങുമെന്ന്. എന്നാല്‍, പാളിപ്പോയെന്നു മാത്രമല്ല വിശ്വസ്തരായ സുഹൃദ് രാഷ്ട്രത്തെ എതിര്‍ചേരിയിലെത്തിക്കുകയായിരുന്നു അതിന്റെ ഫലം. അടിസ്ഥാന സൗകര്യവികസനത്തിലും സാങ്കേതിക വിദ്യയിലും നേപ്പാളില്‍ വന്‍ നിക്ഷേപം നടത്തി തങ്ങളുട വിശ്വസ്ത സഖ്യകക്ഷിയാക്കി നേപ്പാളിനെ ചൈന കൂടെ നിര്‍ത്തി.
മ്യാന്മാര്‍
2015ല്‍ മ്യാന്‍മറിലെ നിരോധിത മാവോയിസ്റ്റ് സംഘടനയെ അവിടെ കയറി ആക്രമിച്ചത് മുതലാണ് ആ രാജ്യവുമായുള്ള അകല്‍ച്ച തുടങ്ങിയത്. നേരത്തെ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്തും ഇന്ത്യന്‍ സൈന്യം മ്യാന്‍മര്‍ അതിര്‍ത്തിയിലെത്തി സൈനിക നീക്കം നടത്തിയിരുന്നുവെങ്കിലും രാജ്യരഹസ്യത്തിന്റെ ഭാഗമായതിനാല്‍ രഹസ്യമാക്കിവയ്ക്കാറാണ് പതിവ്. എന്നാല്‍, 2015ലെ പരസ്യമായി സൈനിക നടപടിയാണ് വിവാദമായത്. ഇതേചൊല്ലിയുള്ള തര്‍ക്കമാണ് മ്യാന്‍മറിനെ ഇന്ത്യാ വിരുദ്ധ ചേരിയിലും ചൈനയുടെ വിശ്വസ്ത സഖ്യകക്ഷിയും ആക്കിയത്.
ശ്രീലങ്ക
കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്ത് ദ്വീപ് രാഷ്ട്രവുമായി ശക്തമായ ബന്ധം ആണ് നിലനിന്നിരുന്നത്. ഇന്ന് ശ്രീലങ്ക ചൈനയോടൊപ്പമാണ്. വിവിധ മേഖലകളില്‍ വലിയ നിക്ഷേപവും ചൈന ലങ്കയില്‍ നടത്തിയിട്ടുണ്ട്. 2014ല്‍ മോദി അധികാരത്തിലേറിയതിന് പിന്നാലെ തന്നെയാണ് ലങ്ക ഇന്ത്യയുമായി അകന്നുതുടങ്ങിയത്. 2015ലെ തെരഞ്ഞെടുപ്പില്‍ മഹീന്ദരാജപക്സെ പരാജയപ്പെട്ടതിലുള്ള ഇന്ത്യയുടെ പങ്കും അത് ഇന്ത്യ പരസ്യപ്പെടുത്തിയതടക്കമുള്ള നയതന്ത്ര പാളിച്ചകളുമാണ് ലങ്കയെ അകറ്റിയത്.
ഇന്ത്യക്ക് 14 ലക്ഷം പട്ടാളക്കാരുണ്ട്. നേപ്പാളിന്റെ സൈനികബലം ഒരുലക്ഷം കവിയില്ല. കേരളത്തിലെ അത്രപോലും ജനസംഖ്യയുമില്ല. പോരാത്തതിന് ദരിദ്ര്യ രാജ്യവും. പലപ്പോഴും ഇന്ത്യയുടെ അളവറ്റ കനിവ് ലഭിച്ച രാജ്യവും. എന്നാല്‍, അവര്‍ പോലും ഇപ്പോള്‍ ഇന്ത്യയെ വെല്ലുവളിക്കുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ് ഇന്ത്യയുടെ വിദേശനയവും ‘അയല്‍പക്കം ആദ്യം’ നയവും. ആദ്യ മോദി സര്‍ക്കാരിന്റെ കാലത്ത് വിദേശനയങ്ങളില്‍ പാളിച്ചയുണ്ടായങ്കിലും നയതന്ത്രവിദഗ്ധനും ഐ.എഫ്.എസുകാരനും മുന്‍ വിദേശകാര്യ സെക്രട്ടറിയുമായ എസ്. ജയശങ്കര്‍ വിദേശകാര്യമന്ത്രിയാവുന്നതോടെ ഇതിന് മാറ്റം വരുമെന്ന തോന്നലുണ്ടായിരുന്നു രാഷ്ട്രീയവൃത്തങ്ങള്‍ക്ക്. എന്നാല്‍, അതും വെറുതെയായിരുന്നു. ഇന്ത്യയിലെ ഭരണകക്ഷിയായ വലതുപക്ഷ ഹിന്ദുപാര്‍ട്ടിയുടെ അതിദേശീയവാദികളായ അണികളെ തൃപ്തിപ്പെടുത്താനായി ഭരണകൂടം ചെയ്യുന്ന അപക്വമായ നീക്കങ്ങളൊക്കെയും തിരിച്ചടിയാവുകയാണെന്ന വിലയിരുത്തല്‍ ഉണ്ട്. അത് ശരിവയ്ക്കുന്നതാണ് ഇന്ത്യയുടെ അയല്‍പക്കക്കാരുമായുള്ള വഷളായ ബന്ധം കാണിക്കുന്നത്. ഇന്ത്യയുടെ 20 സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍ നേപ്പാളും എപ്പോഴും കൂടെനില്‍ക്കുമെന്ന് കരുതിയ ബംഗ്ലാദേശ് പോലും മിണ്ടിയത് പോലുമില്ല.
യു.എം മുഖ്താര്‍