മരുഭൂമിയുടെ വിജനതയില്‍, നിശബ്ദമായ രാത്രി നേരത്ത്, അരണ്ട വെളിച്ചത്തിലിരുന്ന്, നിഗൂഢമായ പുസ്തകത്താളുകളില്‍ എഴുതിവെക്കപ്പെട്ട ആല്‍ക്കെമി വിദ്യകള്‍ കുറിച്ചെടുത്ത ശേഷം ഈയ്യത്തെയും ചെമ്പിനെയും സ്വര്‍ണമായി മാറ്റാനുള്ള കഠിനപരിശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആല്‍ക്കെമിസ്റ്റുകള്‍ പ്രാചീന-മധ്യകാല പശ്ചിമേഷ്യന്‍ നാഗരിക സമൂഹത്തിന്റെ ചരിത്രത്തിന്റെ ഭാഗമായിരുന്നു. വിഖ്യാത ബ്രസീലിയന്‍ സാഹിത്യകാരനായ പൗലോ കൊയ്ലോ എഴുതിയ ആല്‍ക്കെമിസ്റ്റ് എന്ന ലോക പ്രശസ്ത നോവലിലൂടെയാണ് ‘ആല്‍ക്കെമിസ്റ്റുകള്‍’ ആധുനിക സമൂഹത്തിന്റെ ചിന്തകളില്‍ പ്രചാരം നേടുന്നത്. ഇസ്ലാമിക ആധ്യാത്മികതയുടെ ചേരുവകള്‍ ചേര്‍ത്ത് എഴുതപ്പെട്ട പ്രസ്തുത കൃതിയില്‍ ആല്‍ക്കെമി വിദ്യയെ കേവലം രാസപ്രവര്‍ത്തനം എന്നതിനപ്പുറം ആത്മീയമായ പരിവര്‍ത്തന പ്രക്രിയയായാണ് പൗലോ കൊയ്ലോ അവതരിപ്പിച്ചിരിക്കുന്നത്. ഈയ്യത്തെയും ചെമ്പിനെയും കേവലം രാസപ്രവര്‍ത്തനങ്ങള്‍ വഴി സ്വര്‍ണമാക്കി മാറ്റാന്‍ ഒരിക്കലും സാധിക്കില്ല എന്നതാണ് ആധുനിക ശാസ്ത്രഭാഷ്യവും എന്നിരിക്കെ, മാനവിക ചരിതത്തിന്റെ ഗതി മാറ്റിമറിച്ച കെമിസ്ട്രി എന്ന വൈജ്ഞാനിക ശാഖ ആല്‍ക്കെമിയില്‍ നിന്നും എങ്ങനെ ഉരുത്തിരിഞ്ഞു വന്നു എന്ന ചോദ്യം പ്രസക്തമാണ്. ഇസ്ലാമിക് ആല്‍ക്കെമിയുടെ ഉപജ്ഞാതാവും ആധുനിക രസതന്ത്രത്തിന്റെ (Chemistry) പിറവിക്ക് അടിസ്ഥാനമായ കണ്ടെത്തലുകള്‍ നടത്തുകയും ചെയ്ത ജാബിര്‍ ബിന്‍ ഹയ്യാന്‍ എന്ന എട്ടാം നൂറ്റാണ്ടിലെ ശാസ്ത്രപ്രതിഭയുടെ ജീവിതത്തില്‍ നിന്നും പ്രസ്തുത ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തേണ്ടതുണ്ട്. പ്രസിദ്ധ അബ്ബാസീ ഖലീഫ ഹാറൂന്‍ റശീദിന്റെ കൊട്ടാരത്തിലെ പ്രമുഖ ആല്‍ക്കെമിസ്റ്റായിരുന്നു ജാബിര്‍ ബിന്‍ ഹയ്യാന്‍.
തത്വചിന്തകനും ചരിത്രകാരനുമായ ഇബ്ന്‍ ഖല്‍ദൂന്‍ തന്റെ മുഖദ്ദിമയില്‍ ‘ആഭിചാരം, തല്‍സമാത്ത് എന്നിവ സംബന്ധിച്ച ശാസ്ത്രങ്ങള്‍’ എന്ന അധ്യായത്തില്‍ ആല്‍ക്കെമിയുടെ ചരിത്രവും ഉത്ഭവവും വിശദീകരിക്കുന്നുണ്ട്. ഇബ്ന്‍ ഖല്‍ദൂന്‍ എഴുതുന്നു: ആല്‍ക്കെമി ക്ഷുദ്രവിദ്യയോട് (സിഹ്‌റ്) ബന്ധപ്പെട്ടു കിടക്കുന്നു. ഒരു ഇനം പദാര്‍ഥങ്ങള്‍ മറ്റൊരു ഇനമായി പരിവര്‍ത്തനം ചെയ്യുന്നത് മന:ശക്തി കൊണ്ട് സാധിക്കേണ്ട കാര്യമാണ്. ഒരു പ്രായോഗിക സാങ്കേതികവിദ്യ മൂലമല്ല.(1) സ്വര്‍ണം,വെള്ളി എന്നീ ലോഹങ്ങളെ കൃതൃമമായി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഒരു ധാതുപദാര്‍ഥത്തെ കുറിച്ച് പഠിക്കുകയും അതിലേക്കു വേണ്ട ക്രിയകള്‍ വിവരിക്കുകയും ചെയ്യുന്ന ശാസ്ത്രമാണ് ആല്‍ക്കെമി. എല്ലാ പദാര്‍ഥങ്ങളുടെയും കൂറും ശക്തിയും സംബന്ധിച്ച അറിവ് ആല്‍ക്കെമി ശാസ്ത്രകാരന്മാര്‍ നേടുന്നു. അവയെക്കുറിച്ച് അവര്‍ സൂക്ഷ്മ നിരീക്ഷണം നടത്തുകയും ചെയ്യുന്നു. ഇങ്ങനെ അവര്‍ക്ക് സ്വര്‍ണവും വെള്ളിയും ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്ന ധാതു പദാര്‍ഥം കണ്ടെത്താന്‍ കഴിയുമെന്ന് അവര്‍ വിശ്വസിക്കുന്നു.(2) ആല്‍ക്കെമി എന്നത് പ്രകൃതിപരമായ ശാസ്ത്രമല്ലെന്നും ആത്മീയമായ പ്രതിഭാസമാണെന്നും തീര്‍ത്തു പറഞ്ഞ ഇബ്ന്‍ ഖല്‍ദൂന്‍ തുടര്‍ന്ന് ജാബിര്‍ ബിന്‍ ഹയ്യാനെ ഈ സമുദായത്തിലെ ഏറ്റവും വലിയ ക്ഷുദ്രശാസ്ത്രകാരനായാണ് വിശേഷിപ്പിക്കുന്നത്.(3).
എങ്കിലും ആല്‍ക്കെമി വിദ്യ അഭ്യസിക്കുന്ന വ്യക്തികള്‍ സജ്ജനങ്ങളായിരുന്നാല്‍ അത് ദിവ്യസിദ്ധികളുടെ ഗണത്തില്‍പെടുമെന്ന് മറ്റൊരിടത്ത് ഇബ്നു ഖല്‍ദൂന്‍ സൂചിപ്പിക്കുന്നുണ്ട്. പ്രവാചകന്‍(സ്വ)യുടെ പൗത്രന്മാരില്‍ പെട്ട ഇമാം ജഅ്ഫര്‍ സാദിഖിന്റെ(റ) ശിഷ്യനായ ജാബിര്‍ ബിന്‍ ഹയ്യാന്റെ സൂഫീ വ്യക്തിത്വത്തോട് ചേര്‍ത്തു വായിക്കുമ്പോള്‍ ആല്‍ക്കെമി അദ്ദേഹത്തിന്റെ ദിവ്യസിദ്ധിയുടെ ഭാഗമായിരുന്നു എന്നകാര്യം പൂര്‍ണമായി നിഷേധിക്കാനാവില്ല. ദൈവികമായ അത്ഭുതസിദ്ധിയില്‍ നിന്നും ക്ഷുദ്രവിദ്യയെ വിത്യസ്തമാക്കുന്നത് ആദ്യത്തേതിനു പിന്നിലുള്ളത് അഭൗതികമായ കാരണവും രണ്ടാമത്തേതിനു പിന്നിലുള്ളത് ഭൗതികമായ കാരണവും ആണെന്നതാണ്. ഇബ്നു ഖല്‍ദൂന്‍ ആരോപിച്ചതു പോലെ ജാബിര്‍ ബിന്‍ ഹയ്യാന്‍ പ്രവര്‍ത്തിച്ചത് ക്ഷുദ്രവിദ്യയാണെങ്കില്‍ കൂടി അതിന്റെ ലക്ഷ്യം തീര്‍ത്തും നിരുപദ്രവപരമാണെന്നതിനാല്‍ ആല്‍ക്കെമിയെ നിഷിദ്ധമാണെന്ന് വിധിയെഴുതാനാവില്ല. രാസകാന്തിക പ്രവര്‍ത്തനങ്ങളിലൂടെയും മറ്റും അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നവരുണ്ട്. ജനങ്ങള്‍ക്ക് കാരണങ്ങള്‍ മനസ്സിലാകാതിരിക്കുക എന്ന നിലയില്‍ ഇതൊക്കെ സിഹ്റിന്റെ പരിധിയില്‍ വരാം. എങ്കിലും; വഞ്ചന, തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങിയവയില്‍ നിന്ന് ഇതൊഴിവാണെങ്കില്‍ ഹറാമല്ല. നല്ല ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളതെങ്കില്‍ പുണ്യകര്‍മമാണ്(4)
ആല്‍ക്കെമിയില്‍ നിന്നും കെമിസ്ട്രി പിറവി കൊളളുന്നു
മധ്യകാലത്ത് എഴുതപ്പെട്ട ആല്‍ക്കെമി ഗ്രന്ഥങ്ങള്‍ പ്രധാനമായും മൂന്നു തരത്തിലുള്ളവയായിരുന്നു. ആദ്യത്തേത് പൂര്‍ണമായും മനുഷ്യന്റെ ആന്തരിക പരിവര്‍ത്തനം ആസ്പദമാക്കി എഴുതപ്പെട്ടവയാണെങ്കില്‍ രണ്ടാമത്തേത് പൂര്‍ണമായും രാസപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചാണ്. ഭൂമിക്കടിയിലെ ലോഹധാതുക്കള്‍ കുഴിച്ചെടുത്ത് രാസപ്രവര്‍ത്തനങ്ങള്‍ വഴി മനുഷ്യന് ഉപയുക്തമാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം. പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സമാവി അല്‍ ഇറാഖിയുടെ രചനകള്‍ ആദ്യ ഗണത്തിലും പത്താം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വൈദ്യശാസ്ത്ര മേഖലയില്‍ നിരവധി സംഭാവനകള്‍ അര്‍പ്പിച്ച അബൂബക് ര്‍ റാസിയുടെ ഗ്രന്ഥങ്ങള്‍ രണ്ടാമത്തെ ഗണത്തിലും വരുന്നവയാണ്. എന്നാല്‍, ആന്തരികപരിവര്‍ത്തനത്തിന് സമാന്തരമായും പിന്‍ബലമായും ബാഹ്യമായ രാസപ്രക്രിയകളില്‍ ഏര്‍പ്പെട്ടിരുന്ന മൂന്നാമത്തെ വിഭാഗത്തിലാണ് ജാബിര്‍ ബിന്‍ ഹയ്യാന്‍ ഉള്‍പ്പെടുന്നത്(5). അതായത്, ഒരേസമയം ആത്മീയാചാര്യന്റെയും രസതന്ത്രജ്ഞന്റെയും റോളുകള്‍ അദ്ദേഹം വഹിച്ചിരുന്നു. ഈ മൂന്നു വിഭാഗത്തിലും പെടാത്ത ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച രാസപ്രവര്‍ത്തനങ്ങളിലൂടെ ഈയ്യത്തെ സ്വര്‍ണമാക്കാന്‍ ശ്രമിക്കുന്ന ‘പ്രാകൃത ആല്‍ക്കെമി’ തീര്‍ത്തും അപ്രായോഗികവും കേവല സങ്കല്‍പവുമാണ്.
പൗരാണിക,മധ്യകാല ആല്‍ക്കെമിസ്റ്റുകള്‍ ആല്‍ക്കെമിയുടെ ഭൗതിക തലത്തെ ആത്മീയ തലത്തില്‍ നിന്നും വേര്‍പ്പെടുത്തിയിരുന്നില്ല.(6) സ്പിരിച്വല്‍ ആല്‍കെമിയുടെയും മെറ്റീരിയല്‍ ആല്‍ക്കെമിയുടെയും നിയമങ്ങള്‍ അടിസ്ഥാനപരമായി വ്യത്യാസപ്പെട്ടിരിക്കുന്നുവെങ്കിലും അവ രണ്ടിനെയും പ്രതിനിധാനം ചെയ്യുന്ന ചിഹ്നങ്ങളും സംജ്ഞകളും തമ്മില്‍ സമാന്തരമായ സാദൃശ്യം പുലര്‍ത്തുന്നുണ്ട്. ഭൂമിക്കടിയിലെ ധാതുലോഹങ്ങളെയും അവ തമ്മിലുള്ള പ്രതിപ്രവര്‍ത്തങ്ങളെയും വിശദീകരിക്കാന്‍ സ്പിരിച്വല്‍ ആല്‍ക്കെമിയുടെ ഭാഗമായ ചിഹ്നങ്ങളും പ്രതീകങ്ങളുമാണ് ജാബിര്‍ ബിന്‍ ഹയ്യാന്‍ ഉപയോഗിച്ചിരിക്കുന്നത്. ആല്‍ക്കെമിയുടെ അടിസ്ഥാനമായ അറിവുകളുടെ ഉറവിടം പൗരാണിക ഈജിപ് ത്തായിരുന്നുവെങ്കിലും സ്പിരിച്വല്‍ ആല്‍ക്കെമിയുടെ രൂപത്തില്‍ ശാസ്ത്രവും തത്വചിന്തയുമായി വികസിക്കുന്നത് ഈസാ നബി (അ) യുടെ ജനനത്തിനോടടുത്ത കാലഘട്ടത്തിലാണ്. സ്പിരിച്വല്‍ ആല്‍ക്കെമിയുടെ തത്വങ്ങളെ പദാര്‍ഥ ലോകത്ത് ഉപയോഗപ്പെടുത്തിയതിലൂടെ ആല്‍ക്കെമിയില്‍ നിന്നും കെമിസ്ട്രി എന്ന പുതിയൊരു ശാഖക്കു കൂടി ജന്മംനല്‍കുക കൂടി ചെയ്യുകയായിരുന്നു അദ്ദേഹം ചെയ്തത്.
ചൂട്,തണുപ്പ്,ഈര്‍പ്പം,വരള്‍ച്ച എന്നീ നാല് അടിസ്ഥാന സ്വഭാവങ്ങളുടെ അനുപാതത്തില്‍ മാറ്റം വരുത്തുന്നതിലൂടെ രാസപരിവര്‍ത്തനം നടത്താം എന്നായിരുന്നു അദ്ദേഹത്തിന്റെ സിദ്ധാന്തം. സങ്കീര്‍ണമായ ഭാഷകളും ചിഹ്നങ്ങളും ഉള്‍പ്പെടുത്തി എഴുതപ്പെട്ട അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ക്ക് ഇനിയും പൂര്‍ണമായി വ്യാഖ്യാനം എഴുതപ്പെട്ടിട്ടില്ല. ആധുനിക യൂറോപ്യന്‍ രസതന്ത്ര ശാഖകള്‍ക്ക് അടിത്തറ പാകിയത് ഇബ്നുഹയ്യാന്റെ സിദ്ധാന്തങ്ങളാണെന്ന് പ്രശസ്ത ജര്‍മന്‍ ചരിത്രകാരന്‍ മാക്സ് മെയര്‍ ഹോഫ് വ്യക്തമാക്കുന്നുണ്ട്. സ്വര്‍ണം, വെള്ളി തുടങ്ങിയ ആറ് ലോഹങ്ങളുടെ ഘടന സംബന്ധമായി അദ്ദേഹമൊരു സള്‍ഫര്‍ മെര്‍ക്കുറി തിയറി മുന്നോട്ടുവെച്ചു. ലോഹ സംസ്‌കരണം, വസ്ത്രങ്ങള്‍ക്കും ലതറിനും ചായം തേക്കല്‍, സള്‍ഫ്യൂരിക്നൈട്രിക്ഹ്രൈഡ്രോ ക്ലോറിക് തുടങ്ങിയ മിനറല്‍ ആസിഡുകള്‍ തയ്യാറാക്കുന്നതുള്‍പ്പെടെയുള്ള നിരവധി കണ്ടെത്തലുകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്.
ഗ്ലാസ് നിര്‍മാണത്തിനായി മാംഗനീസ് ഡയോക്സൈഡ് ആദ്യമായി ഉപയോഗിച്ചതും സ്വര്‍ണം അലിയിക്കുന്നതിനുള്ള ഉപാധിയായി അക്വാറീജിയ വികസിപ്പിച്ചതും അദ്ദേഹമാണ്.(7)
ഇന്ന് പെട്രോളിയം റിഫൈനറികളില്‍ ക്രൂഡോയില്‍ ശുദ്ധീകരണത്തിനായി അവലംബിക്കുന്ന സ്വേദനം, അംശിക സ്വേദനം പോലുള്ള പ്രക്രിയകളെകുറിച്ച് അദ്ദേഹം കിതാബുല്‍ കീമിയ, കിതാബുല്‍ സബ്ഈന്‍ പോലുള്ള പുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇബ്നു ഹയ്യാന്റെ പഠനഗവേഷണങ്ങള്‍ ഒരുമിച്ചുകൂട്ടി ഇംഗ്ലീഷ് ചരിത്രകാരനായ ഏറിക്ക് ജോണ്‍ ഹോള്‍മിയാര്‍സ് ആണ് ആദ്യമായി അദ്ദേഹത്തെ പ്രാചീന രസതന്ത്രത്തിന്റെ പിതാവായി പ്രഖ്യാപിക്കുന്നത്.
അറബിയില്‍ നിന്നും ലാറ്റിന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ആല്‍ക്കെമി ഗ്രന്ഥങ്ങള്‍ വഴിയാണ് യൂറോപ്പില്‍ ഈ ശാസ്ത്രശാഖ തുടക്കം കുറിക്കപ്പെടുന്നത്. റോജര്‍ ബേക്കണ്‍, ആല്‍ബെര്‍ട്ടസ് മാഗ്നസ്, അര്‍നോള്‍ഡ് വില്ലനോവ, റെയ്മണ്ട് ലല്ലി തുടങ്ങിയവരാണ് ഇതിന് ചുക്കാന്‍ പിടിച്ചവര്‍. പതിനേഴാം നൂറ്റാണ്ടോടു കൂടി ഹ്യൂമനിസത്തിന്റെ സ്വാധീനത്താല്‍ പാശ്ചാത്യന്‍ ശാസ്ത്രം വഴിതെറ്റി സഞ്ചരിക്കാന്‍ ആരംഭിച്ചെങ്കിലും ഐസക് ന്യൂട്ടന്‍ അടക്കം പല ശാസ്ത്രജ്ഞരും ആല്‍ക്കെമിയിലുള്ള അന്വേഷണങ്ങള്‍ തുടര്‍ന്നു കൊണ്ടിരുന്നു(8). ഭൗതിക ശാസ്ത്രത്തിന്റെ ഭാഗമായ സാങ്കേതിക അറിവുകള്‍ രസതന്ത്രവുമായി സംയോജിപ്പിച്ചു കൊണ്ടാണ് ഒന്നും രണ്ടും വ്യാവസായിക വിപ്ലവം പതിനെട്ടാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ കടന്നു വരുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ ലോഹധാതുക്കളെ ഉത്പാദിപ്പിക്കുന്ന മെറ്റലര്‍ജിയും പാര്‍പ്പിട ,ഗതാഗത രംഗത്ത് വന്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന സ്റ്റീല്‍,കല്‍ക്കരി,പെട്രോളിയം വ്യവസായങ്ങളും ഈ കാലഘട്ടത്തില്‍ ജന്മമെടുത്തതാണ്.
ആധുനിക ആല്‍ക്കെമി അഥവാ, അറ്റോമിക് ഫിസിക്സ്
പദാര്‍ഥ ലോകം അതിസൂക്ഷ്മവും അവിഭക്തവുമായ കണങ്ങളാല്‍ നിര്‍മിതമാണെന്ന് ആദ്യമായി അഭിപ്രായപ്പെട്ടത് ബി.സി 400 ല്‍ ജീവിച്ചിരുന്ന ഗ്രീക്ക് തത്വചിന്തകനായിരുന്ന ഡെമോക്രീറ്റസ് ആയിരുന്നു.’വിഭജിക്കാനാവാത്തത്’ എന്ന അര്‍ഥത്തിലുള്ള ‘ആറ്റൊമോസ്’ എന്നായിരുന്നു ഈ പദാര്‍ഥ കണങ്ങളെ അദ്ദേഹം വിളിച്ചിരുന്നത്. ഏതു മൂലകവും വിഭജിക്കാനാവാത്ത ചെറിയ ഘടകങ്ങള്‍ (ആറ്റങ്ങള്‍) കൂടിച്ചേര്‍ന്നുണ്ടായതാണെന്നും അവ രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് സംയുക്ത ഘടകങ്ങളായ തന്മാത്രകള്‍ (molecules) രൂപം കൊള്ളുമെന്നുമായിരുന്നു അണുസിദ്ധാന്തത്തിന്റെ(Atomic theory )ഉപജ്ഞാതാവായി അറിയപ്പെടുന്ന ജോണ്‍ ഡാള്‍ട്ടന്റെ സിദ്ധാന്തം. ആറ്റത്തിന്റെ പ്രകൃതിയേയും ഘടനയേയും കുറിച്ചു പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് അറ്റോമിക് ഫിസിക്സ്. ആറ്റത്തെക്കുറിച്ചുള്ള ആധുനിക സങ്കല്‍പം ഡാള്‍ട്ടന്റേതില്‍നിന്നു വ്യത്യസ്തമാണ്. ആറ്റത്തിന് ഒരു സൂക്ഷ്മ ഘടനയുണ്ടെന്നും അതിനെ ഉപഘടകങ്ങളായി വിഭജിക്കുക സാധ്യമാണെന്നും പിന്നീട് കണ്ടെത്തപ്പെട്ടു. പോസിറ്റീവ് ചാര്‍ജുള്ള പ്രോട്ടോണുകളും ചാര്‍ജില്ലാത്ത ന്യൂട്രോണുകളും അടങ്ങിയ ന്യൂക്ലിയസ് എന്ന കേന്ദ്രഭാഗത്തിനു ചുറ്റും നെഗറ്റീവ് ചാര്‍ജുള്ള ഇലക്ട്രോണുകള്‍ സൗരയൂഥ മാതൃകയില്‍ പ്രദക്ഷിണം ചെയ്യുന്നു എന്നതായിരുന്നു ന്യൂക്ലിയാര്‍ ഫിസിക്സിന്റെ പിതാവ് എന്നറിയപ്പെടുന്ന ഏണസ്റ്റ് റൂഥര്‍ഫോഡിന്റെ വാദം.
ഏറ്റവും ഭാരംകുറഞ്ഞ ഹൈഡ്രജന്‍ മുതല്‍ ഏറ്റവും ഭാരംകൂടിയ ഒഗനെസ്സണ്‍ വരേയുള്ള 118 മൂലകങ്ങളെ അവയുടെ ആറ്റോമിക് നമ്പറിന്റെ (ന്യൂക്ലിയസ്സിലെ
പ്രോട്ടോണിന്റെ എണ്ണം)അടിസ്ഥാനത്തില്‍ ക്രമമായി അടുക്കി വെച്ചതിനെയാണ് പീരിയോഡിക് ടേബിള്‍ എന്ന് വിളിക്കുന്നത്. അതായത് കെമിസ്ട്രിയില്‍ ഒരു മൂലകത്തിന്റെ ഐഡന്റിറ്റി തിരിച്ചറിയുന്നത് അതിന്റെ ന്യൂക്ലിയസ്സില്‍ എത്ര പ്രോട്ടോണുകളുണ്ടെന്നു നോക്കിയാണ്. ഉദാഹരണത്തിന്; ന്യൂക്ലിയസ്സില്‍ 12 പ്രോട്ടോണ്‍ ഉള്ള മൂലകത്തെ കാര്‍ബണ്‍ എന്നും 16 പ്രോട്ടോണ്‍ ഉള്ള മൂലകത്തെ സള്‍ഫര്‍ എന്നും പറയുന്നു. ഈയ്യത്തിന്റെയും (Lead) സ്വര്‍ണത്തിന്റെ(Gold) യും ന്യൂക്ലിയസ്സില്‍ യഥാക്രമം 82 ഉം 79 ഉം പ്രോട്ടോണുകളുണ്ട്. അങ്ങനെയെങ്കില്‍ ഈയ്യത്തിന്റെ ന്യൂക്ലിയസ്സില്‍ നിന്നും 3 പ്രോട്ടോണുകളെ പുറത്താക്കി അതിനെ സ്വര്‍ണമാക്കി പരിവര്‍ത്തനം ചെയ്യിച്ചു കൂടെ? തീര്‍ച്ചയായും സാധിക്കും. ന്യൂക്ലിയാര്‍ ഫിസിക്സില്‍ ദ്രവ്യാന്തരം (Transmutation)എന്നറിയപ്പെടുന്ന ഈ പ്രതിഭാസത്തെ നമുക്ക് പൗരാണിക ആല്‍ക്കെമിയുടെ ആധുനിക രൂപമായി കരുതാം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ എണസ്റ്റ് റൂഥര്‍ഫോഡും ബ്രിട്ടീഷ് ശാസ്ത്രജ്ഞനായിരുന്ന ഫ്രഡറിക്ക് സോഡിയും ചേര്‍ന്നു നടത്തിയ പരീക്ഷണങ്ങളിലാണ് ദ്രവ്യാന്തരം( Transmutation) എന്ന പ്രതിഭാസം ആദ്യമായി കണ്ടത്തപ്പെടുന്നത്. സുദീര്‍ഘമായ പരീക്ഷണങ്ങള്‍ക്കൊടുവില്‍ തോറിയം എന്ന മൂലകം ഹീലിയമായി മാറപ്പെട്ടത് കണ്ട സോഡി ആര്‍ത്തു വിളിച്ചുകൊണ്ട് തന്റെ സഹപ്രവര്‍ത്തകനോട് പറഞ്ഞു:’നോക്കൂ റൂഥര്‍ഫോഡ്.. ദ്രവ്യാന്തരം( Transmutation) സാധ്യമാണെന്ന് നാം തെളിയിച്ചിരിക്കുന്നു. റൂഥര്‍ഫോഡിന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘ദയവായി ദ്രവ്യാന്തരം ( Transmutation) എന്ന് വിളിക്കേണ്ട. നമ്മള്‍ ആല്‍ക്കെമിസ്റ്റുകളാണെന്നു പറഞ്ഞ് ജനം നമ്മുടെ തലവെട്ടും!’.(9)
പ്രകൃത്യാ ചില മൂലകങ്ങള്‍ ആല്‍ഫബീറ്റ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഊര്‍ജ വികിരണങ്ങളെ (അടിസ്ഥാന കണികകളുടെ ഭാരത്തിന് തത്തുല്യമായ)പുറത്തുവിട്ട് മറ്റൊരു മൂലകമായി പരിവര്‍ത്തനം ചെയ്യപ്പെടുന്നതിനെ റേഡിയോ ആക്ടിവ് ശോഷണം എന്നും അത്തരം മൂലകങ്ങളെ റേഡിയോ ആക്ടിവ് മൂലകങ്ങള്‍ എന്നും പറയുന്നു. യുറേനിയം, പ്ലൂട്ടോണിയം പോലുള്ള റേഡിയോ ആക്ടീവ് മൂലകങ്ങളെ ന്യൂട്രോണ്‍ കണികയുമായി കൃത്രിമമായി കൂട്ടിയിടിപ്പിച്ചാല്‍ അവ അതിഭീമമായ ഊര്‍ജം പുറത്തുവിട്ട് ചെറുമൂലകങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെടുമെന്ന കണ്ടെത്തലില്‍ നിന്നാണ് ന്യൂക്ലിയര്‍ ഫിഷന്‍ സാങ്കേതിക വിദ്യ പിറക്കുന്നത്. ഇത്തരത്തില്‍ പുറത്തുവിടുന്ന ഊര്‍ജത്തെ വൈദ്യുതോര്‍ജമാക്കി മാറ്റുകയാണ് ഒരു ആണവ വൈദ്യുതി നിലയം ചെയ്യുന്നത്.
പാര്‍ട്ടിക്കിള്‍ ആക്സിലറേറ്റര്‍ എന്ന സംവിധാനം ഉപയോഗിച്ച് അതിഭീമമായ ഊര്‍ജം കൃത്രിമമായി ആറ്റത്തിന്റെ ന്യൂക്ലിയസ്സിനകത്തേക്ക് സന്നിവേശിപ്പിച്ച് അതിനെ പരിവര്‍ത്തനം ചെയ്യിക്കുന്നതാണ് ‘ആധുനിക ആല്‍ക്കെമിയുടെ’ മറ്റൊരു രീതി. 1980 ല്‍ കാലിഫോര്‍ണിയയിലെ ലോറന്‍സ് ബെര്‍ക്ക്ലി നാഷണല്‍ ലബോറട്ടറിയിലെ (LBNL) ശാസ്ത്രജ്ഞര്‍ ഈയ്യത്തിന്(Lead) തൊട്ടടുത്തുള്ള ലോഹ മൂലകമായ ബിസ്മത്തിനെ(Bismuth)ദ്രവ്യാന്തരത്തിനു വിധേയമാക്കി ചെറിയ അളവില്‍ സ്വര്‍ണം ഉത്പാദിപ്പിക്കുന്നതില്‍ വിജയിക്കുകയുണ്ടായി. ഈയ്യം ഉപയോഗിച്ചും ഇത് സാധ്യമാണെങ്കിലും ഒടുക്കം സ്വര്‍ണം ഇതില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്നത് ബുദ്ധിമുട്ടായതിനാലാണ് ബിസ്മത്ത് ഉപയോഗിച്ചത്.
എന്നാല്‍, ഇത്തരത്തില്‍ നിര്‍മിക്കപ്പെട്ട സ്വര്‍ണത്തിന്റെ അളവ് ഒരു മാസ്സ് സ്പെക്ട്രോ മീറ്ററിന് കണ്ടെത്താന്‍ സാധിക്കുന്നതിലും കുറവാണെന്ന് മാത്രമല്ല, ഒരു ഔണ്‍സ് സ്വര്‍ണം നിര്‍മിക്കാനുള്ള ചെലവ് ഒരു മില്യണ്‍ ബില്യണ്‍ ഡോളര്‍ വരെയെത്തുമെന്ന് കണക്കാക്കാക്കപ്പെട്ടു. ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ അന്നത്തെ മാര്‍ക്കറ്റ് വില വെറും 560 ഡോളര്‍ മാത്രമായിരിക്കെ ആധുനിക ആല്‍ക്കെമി വിദ്യയിലൂടെ വാണിജ്യടിസ്ഥാനത്തില്‍ സ്വര്‍ണം നിര്‍മിക്കുക തീര്‍ത്തും അസാധ്യമാണെന്ന് ശാസ്ത്രലോകം തിരിച്ചറിഞ്ഞു.(10)
ആല്‍ക്കെമിയിലേക്ക് അതിഭൗതികത തിരിച്ചെത്തുന്നു
പ്രാചീന ആല്‍ക്കെമിയുടെയും ന്യൂക്ലിയാര്‍ ഫിസിക്സ് എന്ന ആധുനിക ആല്‍ക്കെമിയുടെയും ലക്ഷ്യം ഒന്നു തന്നെയായിരുന്നു. ഒരുമൂലകത്തെ മറ്റൊന്നായി പരിവര്‍ത്തനം ചെയ്യിക്കുക. ഈയ്യത്തെയും ചെമ്പിനെയും സ്വര്‍ണമാക്കി മാറ്റാന്‍ അതിഭീമമായ ഊര്‍ജം ആവശ്യമാണെങ്കില്‍ റേഡിയോ ആക്റ്റീവ് മൂലകങ്ങളെ ന്യൂക്ലിയാര്‍ ഫിഷനു വിധേയമാക്കിയാല്‍ അതിഭീമമായ ഊര്‍ജം പുറത്തേക്കു പ്രവഹിക്കുന്നു. പ്രാചീന ആല്‍ക്കെമിയില്‍ അതിഭൗതികതയുടെ സ്വാധീനത്തെക്കുറിച്ച് തുടക്കത്തില്‍ വിവരിക്കുകയുണ്ടായി. മെറ്റീരിയലിസം അടിസ്ഥാനപ്പെടുത്തി ഉയര്‍ന്നുവന്ന ആധുനിക ശാസ്ത്രത്തില്‍ അതിഭൗതികതക്ക് പങ്കില്ലെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പാശ്ചാത്യലോകത്ത് ഉയര്‍ന്നുവന്ന ചില ആദ്ധ്യാത്മികരഹസ്യ സംഘങ്ങള്‍ ആധുനിക ആല്‍ക്കെമിയുടെ വളര്‍ച്ചയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അമേരിക്കന്‍ എഴുത്തുകാരനായ മാര്‍ക്ക് മോറിസണ്‍ എഴുതിയ MODERN ALCHEMY, OCCULTISM AND THE EMERGENCE OF ATOMIC THEORY എന്ന കൃതിയില്‍ ന്യൂക്ലിയാര്‍ ഫിസ്‌കിസിന്റെ കടന്നുവരവോടെ മതവും ശാസ്ത്രവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ എങ്ങനെ ഇല്ലാതായി എന്ന് വിശദീകരിക്കുന്നുണ്ട്. ജര്‍മന്‍ ഭിഷഗ്വരനായ ഫ്രാന്‍സ് മെസ്മെര്‍ തുടക്കം കുറിച്ച മെസ്മെറിസം,റഷ്യന്‍ മിസ്റ്റിക്ക് ഹെലിന ബ്ലാവസ്‌കി സ്ഥാപിച്ച തിയോസോഫി, ഗ്രീക്ക്-ഈജിപ്ഷ്യന്‍ മിസ്റ്റിസത്തിന്റെ ചുവടുപിടിച്ച് വളര്‍ന്നുവന്ന ഹെര്‍മിറ്റിക്റോസി ക്രൂസിയന്‍ സംഘങ്ങള്‍ ഇവരെല്ലാം ശാസ്ത്രത്തിന്റെ നിര്‍വചനങ്ങള്‍ക്കപ്പുറത്തായിരുന്നിട്ടും അറ്റോമിക്ക് ഫിസിക്സിന്റെ ചരിത്രത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. 1913 ല്‍ ലണ്ടനില്‍ രൂപീകൃതമായ ആല്‍ക്കെമിക്കല്‍ സൊസൈറ്റിയില്‍ ശാസ്ത്രജ്ഞന്മാര്‍ക്കു പുറമെ ആദ്ധ്യാത്മിക രഹസ്യ സംഘങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രമുഖരും ഉണ്ടായിരുന്നു. അറ്റോമിക് ഫിസിക്സിസില്‍ ആല്‍ക്കെമിയുടെ ആത്മീയതലത്തിന് സ്വാധീനമുണ്ടെന്ന് അന്നത്തെ ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞതായിരുന്നു അതിനു കാരണം. 1904 ല്‍ കെമിസ്ട്രിയില്‍ നോബല്‍ സമ്മാനം നേടിയ സ്‌കോട്ടിഷ് ശാസ്ത്രജ്ഞന്‍ വില്യം റാംസെയ്, ഗ്രീക്ക് ഹെര്‍മിറ്റിക് ഗ്രന്ഥങ്ങള്‍ സ്ഥിരമായി വായിക്കുകയും ലണ്ടന്‍ യൂണിവേഴ്സിറ്റിയിലെ തന്റെ വിദ്യാര്‍ഥികള്‍ക്ക് അവ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. പ്രാചീന ആല്‍ക്കെമിസ്റ്റുകള്‍ക്ക് ആണവോര്‍ജത്തിന്റെ രഹസ്യങ്ങള്‍ അറിയുമായിരുന്നുവെന്ന് മറ്റൊരു നോബല്‍ ജേതാവായ ഫ്രഡറിക് സോഡി അഭിപ്രായപ്പെട്ടിട്ടുണ്ട്.(11)
ആണവയുഗം പിറക്കുന്നു
ഒരു പദാര്‍ഥത്തിന്റെ ദ്രവ്യവും ഊര്‍ജവും തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്നതാണ് ഐന്‍സ്റ്റീന്റെ ലോകപ്രശസ്തമായ E=mc2 എന്ന സമവാക്യം. ഒരു ചെറിയ അളവിലുള്ള ദ്രവ്യത്തെ വലിയ അളവിലുള്ള ഊര്‍ജമാക്കി മാറ്റാന്‍ കഴിയുമെന്ന് ഈ സമവാക്യത്തിലൂടെ തെളിയിക്കപ്പെട്ടു. വളരെ കുറഞ്ഞ അളവിലുള്ള യുറേനിയം, പ്ലൂട്ടോണിയം പോലെയുള്ള റേഡിയോ ആക്ടീവ് മൂലകങ്ങള്‍ ന്യൂക്ലിയര്‍ ഫിഷനു വിധേയമാക്കിയാല്‍ അവ അതിഭീമമായ ഊര്‍ജം പുറത്തുവിടുന്നതാണ് ആറ്റം ബോംബുകളുടെ പ്രവര്‍ത്തന തത്വം. രണ്ടാം ലോക മഹായുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരുകൂട്ടം ശാസ്ത്രജ്ഞരെയും എഞ്ചിനീയര്‍മാരെയും ഒരുമിച്ചിരുത്തി ന്യൂക്ലിയര്‍ ബോംബ് രൂപകല്‍പന ചെയ്യുന്നതിനും നിര്‍മിക്കുന്നതിനുമായി അമേരിക്ക നടപ്പിലാക്കിയ മാന്‍ഹട്ടന്‍ പദ്ധതിയുടെ ഭാഗമായാണ്, 1945 ജൂലൈയില്‍ ന്യൂമെക്സിക്കോ മരുഭൂമിയില്‍ ആദ്യത്തെ ആണവ പരീക്ഷണമായ ട്രിനിറ്റി ടെസ്റ്റ് നടത്തപ്പെടുന്നത്. ഇത് ആണവയുഗത്തിന്റെ പിറവിക്ക് തുടക്കം കുറിക്കുകയും ആറ്റത്തിന്റെ അവിശ്വസനീയമായ ശക്തി ലോകത്തിന് കാണിച്ചുകൊടുക്കുകയും ചെയ്തു. 1945 ഓഗസ്റ്റില്‍ ഹിരോഷിമയിലും നാഗസാക്കിയിലും വര്‍ഷിക്കപ്പെട്ട ആറ്റമിക് ബോംബുകള്‍ 200,000ത്തിലധികം ആളുകളുടെ മരണത്തിനു കാരണമായി. ഇതിനെ തുടര്‍ന്ന് അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മില്‍ ആരംഭിച്ച ആണവായുധ മത്സരം ദശകങ്ങളോളം നീളുകയും ശീതയുദ്ധമായി അറിയപ്പെടുകയും ചെയ്തു.
ആണവായുധങ്ങളുടെ നിര്‍മാണം ഇന്നും ലോക സമാധാനത്തിന് കനത്ത ഭീഷണിയായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 2021 ലെ കണക്കനുസരിച്ച്, ഏറ്റവും കൂടുതല്‍ ആണവായുധങ്ങള്‍ കൈവശം വച്ചിരിക്കുന്നത് അമേരിക്കയും റഷ്യയുമാണ്. അമേരിക്കയുടെയും റഷ്യയുടെയും കയ്യില്‍ യഥാക്രമം 5428 ഉം 5977 ഉം ആണവ പോര്‍മുനകളുടെ ശേഖരം ഉണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്(12). ആണവായുധങ്ങളുടെ ഉപയോഗം ദശലക്ഷക്കണക്കിനാളുകളുടെ മരണത്തിനും നഗരങ്ങളുടെ സമ്പൂര്‍ണമായ നാശത്തിനും കാരണമാകുമെന്ന് മാത്രമല്ല, തുടര്‍ന്നുണ്ടാകുന്ന ന്യൂക്ലിയര്‍ ശീതകാലം(Nuclear winter ) എന്നറിയപ്പെടുന്ന പ്രതിഭാസം മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ വംശനാശത്തിനു വരെ കാരണമാകും. ആണവസ്ഫോടനങ്ങളില്‍ നിന്നുള്ള തീവ്രമായ ചൂടും തീയും മൂലം സൃഷ്ടിക്കപ്പെടുന്ന പുകയും പൊടിയും ദീര്‍ഘകാലത്തേക്ക് സൂര്യന്റെ പ്രകാശത്തെയും ചൂടിനെയും തടയുന്നത് മൂലം ഭൂമിയുടെ അന്തരീക്ഷത്തിലെ താപനിലയില്‍ ഗണ്യമായ കുറവുണ്ടാക്കുകയും ഭൂമിയുടെ ആവാസവ്യവസ്ഥയെയും കൃഷിയെയും ഗുരുതരമായി തടസ്സപ്പെടുത്തുകയും ചെയ്യുന്നതിനെയാണ് ന്യൂക്ലിയര്‍ ശീതകാലം(Nuclear winter )എന്നു വിളിക്കുന്നത്.(13)
ബാബിലോണ്‍ മുതല്‍ അമേരിക്ക വരെ
പുരാതന ഇറാഖിലെ ബാബിലോണ്‍ നഗരത്തിലേക്ക് അയക്കപ്പെട്ട ഹാറൂത്ത്,മാറൂത്ത് എന്നീ മലക്കുകളെകുറിച്ച് സൂറത്തുല്‍ ബഖറ 102 ആം സൂക്തത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇവര്‍ ഇദ്രീസ് നബി(അ)ക്കു വേണ്ടി അവതരിക്കപ്പെട്ടവരായിരുന്നു. അസാധാരണമായ പല അറിവുകളും അവര്‍ക്ക് അല്ലാഹു നല്‍കിയിരുന്നു. ജനങ്ങള്‍ക്ക് വളരെ ഉപകാരപ്രദമായിരുന്ന അത്തരം അറിവുകള്‍ പിശാചുക്കളും സ്വായത്തമാക്കിയിരുന്നു. അതേസമയം, ഏതു വസ്തുവും നല്ലതിനും ചീത്തക്കും ഉപയോഗപ്പെടുത്താം. കരിമരുന്ന് നിര്‍മാണം അണുവിസ്ഫോടനം തുടങ്ങിയവയെല്ലാം മനുഷ്യനെ വളരെ ഉപകാരമാണ്. എന്നാല്‍, ഇവകൊണ്ട് വമ്പിച്ച അപകടം ഉണ്ടാക്കാനും കഴിയും(14). പില്‍ക്കാലത്ത് പിശാചുകള്‍ അവര്‍ സ്വന്തം കണ്ടെത്തിയ മാരണമന്ത്രങ്ങള്‍ക്കും സേവകള്‍ക്കും പുറമേ ഹാറൂത്തും മാറൂത്തും മുഖേന ലഭിച്ച അസാധാരണ അറിവുകളും ജനങ്ങള്‍ക്ക് പഠിപ്പിച്ചു നല്‍കാന്‍ തുടങ്ങി.
മലക്കുകള്‍ ജനങ്ങള്‍ക്ക് പഠിപ്പിച്ചു നല്‍കിയിരുന്നത് സിഹ്റായിരുന്നില്ല. എന്നാല്‍, മലക്കുകളില്‍ നിന്ന് പഠിച്ചവര്‍ അതിനെ സിഹ് റാക്കി ദുരുപയോഗം ചെയ്യുകയായിരുന്നു. ഇങ്ങനെ ദുരുപയോഗപ്പെടുത്താന്‍ സാധിക്കുന്നത് കൊണ്ടാണ് തങ്ങളില്‍ നിന്ന് പഠിക്കുന്നവരോട് മലക്കുകള്‍, ‘തീര്‍ച്ചയായും ഞങ്ങള്‍ പരീക്ഷണമാണ്.. നീ സത്യനിഷേധി ആകരുത്’ എന്ന് പറയേണ്ടി വന്നത്. ആണവപരീക്ഷണം നടത്തുന്ന ശാസ്ത്രജ്ഞന്‍ ഇത് അപകടമാണ് സൂക്ഷിക്കണം എന്ന് ശിഷ്യന്മാരോടു പറയുന്ന പോലെയാണിത്.(15)
പ്രവാചകന്മാരായ ദാവൂദ് നബിക്കും സുലൈമാന്‍ ലഭിക്കും മുഅ്ജിസത്തിനു പുറമെ വിശിഷ്ടമായ പല ജ്ഞാനങ്ങളും അല്ലാഹു നല്‍കിയിട്ടുണ്ടായിരുന്നു. പരിശുദ്ധ ഖുര്‍ആനിലെ സൂറത്ത് നംലില്‍ ‘നിശ്ചയം നാം ദാവൂദിനും(അ) സുലൈമാനും(അ) ജ്ഞാനം നല്‍കിയിരിക്കുന്നു’ എന്ന ആയത്തില്‍ ജ്ഞാനം എന്നതുകൊണ്ടുദ്ദേശിക്കുന്നത് ശരീഅത്തുമായി ബന്ധപ്പെട്ടത് മാത്രമല്ല, രസതന്ത്രജ്ഞാനവും തയ്യലും സംഗീതവും കൂടിയായിരുന്നു.(16). ദാവൂദ് നബിക്ക് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളില്‍ ഒന്നായിരുന്നു ഇരുമ്പുരുക്കാനുള്ള വിദ്യ. അതിനാല്‍, ലോക കമ്പോളങ്ങളെല്ലാം അദ്ദേഹം പിടിച്ചെടുത്തു. സുലൈമാന്‍ നബിക്ക് (അ) അല്ലാഹു ഭൂമിക്കടിയിലെ ചെമ്പ് ലോഹ ഖനികള്‍ അല്ലാഹു കാണിച്ചുകൊടുക്കുകയും അത് കുഴിച്ചെടുക്കാനും അതുകൊണ്ട് ഉയര്‍ന്ന പണിത്തരങ്ങളുണ്ടാക്കാനും ജിന്നുകളെ കീഴ്പ്പെടുത്തിക്കൊടുക്കുകയും ചെയ്തു.(17)
അതേസമയം, അല്ലാഹു നല്‍കിയ വിശിഷ്ടമായ ഭൗതികജ്ഞാനത്തെ പൈശാചിക മാര്‍ഗത്തില്‍ ഉപയോഗിക്കുകയും അഹങ്കാരം നടിക്കുകയും സമൂഹത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത വ്യക്തിയാണ് മൂസാനബിയുടെ സമൂഹത്തില്‍ ജീവിച്ചിരുന്ന ഖാറൂന്‍. ബനൂ ഇസ്രാഈലില്‍ പെട്ട ഇദ്ദേഹം മൂസാ നബിയുടെ പിതൃവ്യനാണെന്നും പിതൃവ്യപുത്രനാണെന്നും അഭിപ്രായമുണ്ട്. ആല്‍ക്കെമി(രസതന്ത്രം) അടക്കമുള്ള ഭൗതിക വിജ്ഞാനങ്ങള്‍ കരഗതമാക്കിയ അയാള്‍ പരീക്ഷണനിരീക്ഷണങ്ങളിലൂടെ അക്കാലത്തെ വലിയ ശാസ്ത്രജ്ഞനായി മാറി. ഉയര്‍ന്ന ലോഹങ്ങള്‍ രാസപ്രവര്‍ത്തനത്തിലൂടെ നിര്‍മിക്കാനും ഇരുമ്പ്, പിച്ചള, ചെമ്പ് എന്നിവയെ സ്വര്‍ണമാക്കാനും പഠിച്ചതിലൂടെ സ്വര്‍ണത്തിന്റെയും മറ്റും വലിയ കൂമ്പാരങ്ങള്‍ അയാള്‍ക്ക് സ്വന്തമായുണ്ടായിരുന്നു. പിന്നീട് ഖാറൂന്‍ രാസപ്രവര്‍ത്തനത്തിലൂടെ ജനങ്ങളെ ഒന്നടങ്കം നശിപ്പിക്കാന്‍ തീരുമാനിച്ചു അപ്പോഴാണ് അവിചാരിതമായി അയാളുടെ വീടും സംവിധാനങ്ങളുമെല്ലാം ഭൂകമ്പത്തിലൂടെ അഗാധ ഗര്‍ത്തത്തില്‍ പതിക്കുന്നത്. ഇതോടെ ഖാറൂന്റെ ഭൗതികജ്ഞാനത്തിലും സമ്പത്തിലും അത്ഭുതം പ്രകടിപ്പിച്ചവരെല്ലാം മാറി ചിന്തിച്ചു. രസതന്ത്രവും ഊര്‍ജതന്ത്രവും ഇന്ന് ലോകത്തെ കീഴടക്കുകയാണ്. വാളെടുത്തവന്‍ വാളാല്‍ എന്നു പറഞ്ഞതുപോലെ ഈ ശാസ്ത്രങ്ങള്‍ കൊണ്ട് കളിച്ചവര്‍ ഇതുകൊണ്ടു തന്നെ ചാമ്പലാവുകയാണ്. ഒരുപക്ഷേ, രാസപദാര്‍ഥങ്ങളും മറ്റും പൊട്ടിത്തെറിപ്പിച്ചാവും ഖാറൂനെ അല്ലാഹു ഭൂമിയിലേക്ക് താഴ്ത്തിയത്(18)
‘ഖാറൂന്‍ പറഞ്ഞു: എന്റെ കൈവശമുള്ള വിദ്യകൊണ്ട് മാത്രമാണ് എനിക്കിതു ലഭിച്ചത്. എന്നാല്‍, അവനു മുമ്പ് അവനേക്കാള്‍ കടുത്ത ശക്തിയുള്ളവരും, കൂടുതല്‍ സംഘബലമുള്ളവരുമായിരുന്ന തലമുറകളെ അല്ലാഹു നശിപ്പിച്ചിട്ടുണ്ടെന്ന് അവന്‍ മനസ്സിലാക്കിയിട്ടില്ലേ?(സൂറത്തുല്‍ ഖസസ്: 78). നാഗരിക സംസ്‌കാരത്തിന്റെ ഈറ്റില്ലമായ ബാബിലോണിയയും നൈല്‍ നദിയുടെ തീരത്തെ ഈജിപ്ഷ്യന്‍ സാമ്രാജ്യവും കെട്ടിപ്പടുക്കപ്പെട്ടത് സമാനമായ ശാസ്ത്രീയമായ അറിവുകളുടെയും കണ്ടുപിടുത്തങ്ങളുടെയും നിര്‍മിതികളുടെയും പിന്‍ബലത്തിലായിരുന്നുവെങ്കിലും, സമ്പത്തും അധികാരവും അവരെ ദൈവചിന്തയില്‍ നിന്നും അകറ്റിയപ്പോള്‍ അവരെ അല്ലാഹു നശിപ്പിച്ചു. ദാവൂദ് നബിക്കും സുലൈമാന്‍ നബിക്കും ശേഷം പൗരസ്ത്യ ദേശത്തിന്റെ അധികാരം കയ്യാളിയ അസ്സീറിയന്‍,ചാല്‍ഡിയന്‍,പേര്‍ഷ്യന്‍,ഗ്രീക്ക്,റോമന്‍ സാമ്രാജ്യങ്ങളും അവസാനം സമാനമായ വിധിയെ നേരിട്ടു. ഏഴു നൂറ്റാണ്ടുകള്‍ക്ക് ശേഷം, ഏഷ്യാമൈനര്‍ മുതല്‍ അറ്റ്ലാന്റിക് വരെ പ്രവിശാലമായ സാമ്രാജ്യത്തിന്റെ ഉടമകളായി മുസ്ലിംകള്‍ മാറിയത് കേവലം ദൈവിക സമര്‍പ്പണത്തിന്റെ കരുത്തിലായിരുന്നു. ഒരിടവേളക്കു ശേഷം ബാഗ്ദാദും ഡമസ്‌കസും കൊര്‍ദോവയും നാഗരിക സംസ്‌കാരത്തിന്റെ പ്രൗഢിയില്‍ ജ്വലിച്ചു നിന്നെങ്കിലും ഒടുക്കം അധികാരമോഹവും ആഡംബരവും ധൂര്‍ത്തും ഇസ്ലാമിക സാമ്രാജ്യത്തെയും ചരിത്രത്തിന്റെ ഭാഗമാക്കി. ഇസ്ലാമിന്റെ സുവര്‍ണ കാലഘട്ടത്തിന്റെ സംഭവനകളായ ശാസ്ത്രവിജ്ഞാനങ്ങള്‍ പിന്നീട് യൂറോപ്യര്‍ കൈക്കലാക്കുകയും നവോഥാനമെന്ന പേരില്‍ പാശ്ചാത്യ ലോകത്ത് പുതിയൊരു സംസ്‌കാരം ഉയര്‍ന്നുവരികയും ചെയ്തു. എന്നാല്‍, ഇസ്ലാം സംഭാവന നല്‍കിയ മഹത്തായ ശാസ്ത്രത്തെ യൂറോപ്പിന്റെ ദൈവനിഷേധ പ്രത്യയശാസ്ത്രം മലിനമാക്കുകയും പൈശാചിക മാര്‍ഗത്തില്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു. ആധുനിക ആല്‍ക്കെമിയായ അറ്റോമിക് ഫിസിക്സ് ആധുനിക മനുഷ്യന്റെ ഊര്‍ജാവശ്യങ്ങളെ നിറവേറ്റാന്‍ സഹായിച്ചെങ്കിലും അതേ ശാസ്ത്രം ഉപയോഗിച്ച് നിര്‍മിക്കപ്പെട്ട ആറ്റംബോംബ് മനുഷ്യ വംശത്തിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുകയാണ്. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും കരുത്തില്‍ അധികാരം കൈക്കലാക്കിയ ആധുനിക ‘ബാബിലോണുകളായ’ ബ്രിട്ടനും അമേരിക്കയും തങ്ങളുടെ മുന്‍ഗാമികളായ ലോകശക്തികള്‍ സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് നേരിട്ട അതെ തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതിലൂടെ ചരിത്രം ആവര്‍ത്തിക്കപ്പെടുകയാണ്. മാനവ സംസ്‌കാരം അതിന്റെ അന്ത്യത്തിലേക്ക് അതിവേഗം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ലോകത്തിന്റെ ഓരോ ചലനങ്ങളെയും ഖുര്‍ആനികാധ്യാപനങ്ങളില്‍ നിന്നും വായിച്ചെടുക്കുകയാണ് നാം ഇനി ചെയ്യേണ്ടത്.
റഫറന്‍സ്
(1)(2)(3) മനുഷ്യ ചരിത്രത്തിന് ഒരു ആമുഖം ഡി.സി ബുക്സ്
(4) വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനം എം.പി മുസ്തഫല്‍ ഫൈസി ഭാഗം 3പേജ് 147
(5)(6)(8)Science and civilization-Syed Hussain, nsar
(7)https://www.encyclopedia.com/science/encyclopedias-almanacst-ranscripts-and-maps/jabir-ibn-hayyan-geber
(9)(11) MODERN ALCHEMY, OCCULTISM AND THE EMERGENCE OF ATOMIC THEORY-Mark Morrison
(10)https://www.scientificamerican.com/article/fact-or-fiction-lead-can-be-turned-into-gold/
(12)https://en.wikipedia.org/wiki/List_of_states_with_nuclear_weapons
(13)https://www.britannica.com/science/nuclear-winter
(14)വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനംഭാഗം 3 പേജ് 144
(15)അതേ ഗ്രന്ഥം ഭാഗം 3 പേജ് 145
(16)അതേ ഗ്രന്ഥം ഭാഗം 11 പേജ് 181
(17)അതേ ഗ്രന്ഥം ഭാഗം 11 പേജ് 602
(18)അതേ ഗ്രന്ഥം ഭാഗം 11 പേജ് 297
സ്വാലിഹ് താനൂര്‍