കാശ്മീര്‍ നയത്തിലെ പാളിച്ചകള്‍ ഇനിയെന്ന് തിരുത്തും?

2652

2019 ഓഗസ്റ്റ് നാലിന്റെ അര്‍ധ രാത്രിയിലാണ് കാശ്മീരിലെ ഫോണ്‍ സംവിധാനങ്ങള്‍ നിലച്ചതും ഇന്റര്‍നെറ്റ് കണക്ഷനുകള്‍ വിച്ഛേദിക്കപ്പെട്ടതും. തുടര്‍ന്ന്, ഓഗസ്റ്റ് അഞ്ചിന് കര്‍ഫ്യു നിലവില്‍വന്നതിനാല്‍ 7 മില്യണ്‍ ജനങ്ങളാണ് പുറത്തിറങ്ങാനാവാത്ത വിധം വീടുകളില്‍ തളക്കപ്പെട്ടത്. യുവാക്കള്‍, കൗമാരക്കാര്‍, മുന്‍ മുഖ്യമന്ത്രിമാര്‍ മുതല്‍ ഇന്ത്യാനുകൂല പ്രവര്‍ത്തനങ്ങളില്‍ വ്യാപ്യതരായ രാഷ്ട്രീയ നേതാക്കളടക്കമുള്ള പതിനായിരത്തോളം പേരെയാണ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചത്. ഭരണഘടനാധിഷ്ഠിതമായ കാശ്മീര്‍ സംസ്ഥാനത്തിന്റെ പ്രത്യേക പദവിയും സ്വയാധികാരങ്ങളും എടുത്തുകളയുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കിയത് ഓഗസ്റ്റ് ആറിനായിരുന്നു. സംസ്ഥാന പദവി എടുത്തുമാറ്റി ലഡാക്ക്, ജമ്മു ആന്‍ഡ് കാശ്മീര്‍ തുടങ്ങിയ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി കാശ്മീരിനെ തരം താഴ്ത്തുന്നതായിരുന്നു നിര്‍ദിഷ്ട ബില്ല്. ഇതോടെ ‘കാശ്മീര്‍’ എന്ന പ്രശ്നത്തിന് ശാശ്വത പരിഹാരമായിരിക്കുന്നുവെന്നാണ് നമ്മെ പറഞ്ഞു ബോധ്യപ്പെടുത്തിയിരുന്നത്. പതിനായിരത്തോളം വരുന്ന സൈനികര്‍, സാധാരണക്കാര്‍ തുടങ്ങിയവര്‍ക്ക് ജീവഹാനി സംഭവിച്ച, നിരവധി പേര്‍ നിര്‍ബന്ധിത അപ്രത്യക്ഷമാവല്ലിന് വിധേയമായ, ദശാബ്ദങ്ങളോളം നീണ്ടുനിന്ന കാശ്മീരിലെ അസ്തിത്വ പോരാട്ടങ്ങള്‍ക്ക് അറുതിയായിരിക്കുന്നുവെന്നായിരുന്നു ഇതിന്റെ മറ്റൊരു ഭാഷ്യം.
ഗില്‍ജിത്- ബാള്‍ട്ടിസ്ഥാന്‍ പ്രദേശങ്ങളോട് കൂടെ, പാക് അധീന കാശ്മീരും കാശ്മീരി ജനത ‘ആസാദി കാശ്മീര്‍’ എന്ന് വിശേഷിപ്പിക്കുന്ന പ്രദേശങ്ങളും തിരിച്ചുപിടിക്കാന്‍ ജീവത്യാഗം ചെയ്യാന്‍ തയ്യാറാണെന്നായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നത്. നിലവില്‍ ചൈനയുടെ നിയന്ത്രണത്തിലുള്ള അക്സായ് ചിന്നിനെ സംബന്ധിച്ചും ആഭ്യന്തര മന്ത്രി പ്രസ്താവനയില്‍ സൂചിപ്പിച്ചിരുന്നു.
ആണവ ശക്തികളായ മൂന്ന് രാഷ്ട്രങ്ങള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന ദുര്‍ഘടമായ അതിര്‍ത്തി പ്രദേശങ്ങളായിരുന്നു ഇവയെല്ലാം. അയല്‍ രാജ്യങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തില്‍ ഇന്ത്യന്‍ മീറ്റിയോറളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ പ്രദേശത്തെ കാലാവസ്ഥ സംബന്ധമായ റിപ്പോര്‍ട്ടുകളില്‍ ഉള്‍പ്പെടുത്താന്‍ ആരംഭിച്ചതും ഈ ഘട്ടത്തിലാണ്. അതിര്‍ത്തി സംബന്ധമായ വിഷയങ്ങളിലെ ഇടപെടലുകളില്‍ ജാഗ്രത പുലര്‍ത്തണമെന്ന ചൈനീസ് സര്‍ക്കാരിന്റെ മുന്നറിയിപ്പിനെ വേണ്ട വിധത്തില്‍ ഗൗനിച്ചവര്‍ തുലോം വിരളമായിരുന്നു.
എന്നാല്‍, ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലും കാശ്മീരിലെ സംഘര്‍ഷങ്ങള്‍ക്ക് യാതൊരു വിധ അയവും ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത. 134 സൈനികര്‍, 154 തീവ്രവാദികള്‍, 17 സാധാരണക്കാര്‍ തുടങ്ങി നിരവധി മനുഷ്യര്‍ ഏതാനും മാസങ്ങള്‍ക്കിടെ കൊല്ലപ്പെട്ടതായാണ് വാര്‍ത്താ മാധ്യമങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യാ ഗവര്‍ണമെന്റ് കാശ്മീരില്‍ നടത്തിയ ഇടപെടലുകളെ യഥാവിധം മനസ്സിലാക്കാന്‍ കൊറോണ വൈറസ് മൂലമുണ്ടായ ദുരിതങ്ങള്‍ പേറുന്ന ആഗോള ജനതയ്ക്ക് സാധിച്ചിട്ടില്ല. വാര്‍ത്താവിനിമയ സൗകര്യങ്ങളുടെ നിശ്ചലതയും കര്‍ഫ്യൂവും മാസങ്ങളോളമാണ് കാശ്മീരില്‍ നീണ്ടുനിന്നത്. ഇറാഖ് അധിനിവേശ കാലത്ത് അമേരിക്കയടക്കം ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിരുന്നില്ല.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഏറെ ദുസ്സഹമായാണ് നമ്മുക്ക് അനുഭവപ്പെട്ടത്. അങ്ങനെയെങ്കില്‍ ഏറ്റവും ശക്തമായ സൈനിക സാന്നിധ്യത്തില്‍ കഴിയുന്ന കാശ്മീരി ജനതയെ കുറിച്ച് ചിന്തിച്ചു നോക്കൂ. കൊറോണ ഏല്‍പ്പിച്ച ആഘാതങ്ങള്‍ക്കൊപ്പം, പൊതു സംവിധാനത്തിന് കീഴില്‍ ദുരിതമനുഭവിക്കുന്ന ഒരു കൂട്ടം മനുഷ്യരെ കുറിച്ച് ആലോചിച്ച് നോക്കൂ.
ബന്ധുമിത്രാദികളെ കുറിച്ചുള്ള അന്യേഷണങ്ങള്‍ക്കായി ഒരു ജനത സമര്‍പ്പിച്ച 600 ഹോബിയസ് കോര്‍പ്പസ് ഹരജികളെ അവഗണിക്കുകയും, വര്‍ഷം മുഴുവന്‍ ഇന്റര്‍നെറ്റ് ഉപരോധം തുടരാന്‍ അനുവാദം നല്‍കുകയും ചെയ്ത സുപ്രീം കോടതി അടക്കമുള്ള നിയമ വ്യവസ്ഥിതിയേയും, കാശ്മീരില്‍ പുറത്തുനിന്നുള്ളവര്‍ക്ക് താമസാനുമതി നല്‍കുന്ന നിയമത്തെയും ആലോചനയുടെ ഭാഗമാക്കുക. സ്വന്തം ഭൂമിയില്‍ താമസാനുമതി ലഭിക്കാനുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിക്കാനുള്ള രേഖ എന്നതിലുപരിയായി മറ്റൊന്നിന്നും കാശ്മീരികളായിരിന്നുവെന്ന സംസ്ഥാനത്തിന്റെ സാക്ഷ്യപത്രം നിയമപരമായ സാധുത നല്‍കുന്നില്ല. അപേക്ഷകള്‍ നിരസിക്കപ്പെട്ടാല്‍ താമസാനുമതി നിഷേധിക്കപ്പെട്ടതിന്റെ പരിണിതഫലമായി കാശ്മീരില്‍ നിന്ന് പുറംതള്ളപ്പെടുന്ന സാഹചര്യമാണ് തദ്ദേശ വാസികള്‍ അഭിമൂഖീകരിക്കുന്നത്. അഥവാ സാസ്‌കാരിക ഉന്മൂലനമാണ് (culteral erasing) കാശ്മീരില്‍ അരങ്ങേറുന്നത് എന്ന് അര്‍ഥം.
ആഭ്യന്തര മന്ത്രി ചിതലുകളോട് ഉപമിച്ച ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തുന്നതിനായി ആവിഷ്‌കരിച്ച ദേശീയ പൗരത്വ പട്ടികയുമായും(എന്‍. ആര്‍.സി) 2019ഡിസംബര്‍ മാസം ഇന്ത്യന്‍ പാര്‍ലിമെന്റ് പാസാക്കിയ മുസ്ലിം വിരുദ്ധ പൗരത്വ ഭേദഗതി നിയമവുമായും (സി.എ.എ) ഏറെ സാമ്യത പുലര്‍ത്തുന്നതാണ് കാശ്മീരിലെ പുതിയ സ്ഥിരതാമസ സംബന്ധമായ നിയമങ്ങള്‍ (domicie law). പൗരത്വ പട്ടിക ആസാമിലെ മില്യണ്‍ കണക്കിന് ജനങ്ങളിലാണ് കടുത്ത ആഘാതം ഏല്‍പ്പിച്ചിരിക്കുന്നത്. നിരവധി ലോക രാജ്യങ്ങള്‍ അഭയാര്‍ഥി പ്രതിസന്ധിയെ കൈകാര്യം ചെയ്യുന്ന സന്ദര്‍ഭത്തില്‍ രാഷ്ട്രരാഹിത്യമെന്ന പ്രതിസന്ധിക്ക് ആക്കം കൂട്ടുന്ന തരത്തില്‍ രാജ്യത്തെ പൗരന്മാരെ അഭയാര്‍ഥികളാക്കുകയാണ് ഇന്ത്യാ ഗവര്‍ണമെന്റ്. യഥാര്‍ഥ പൗരന്മാരോട് പോലും പൗരത്വം ലഭിക്കുന്നതിനായി സ്റ്റേറ്റ് നിഷ്‌കര്‍ഷിക്കുന്ന രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുന്നവയാണ് കാശ്മീരിലെ പുതിയ നിയമ നിര്‍മാണങ്ങളും പൗരത്വ പട്ടിക, ദേശീയ പൗരത്വ ഭേദഗതി തുടങ്ങിയ നിയമങ്ങളും. ഇത്തരം നീക്കങ്ങളെയെല്ലാം പൊതു സമൂഹം ഏതുവിധേനയാണ് സമീപിക്കേണ്ടത് ? കേവലം യുദ്ധ കുറ്റമായിട്ടാണോ? അതോ, മാനവികതയ്ക്ക് നേരെയുള്ള കുറ്റകൃത്യങ്ങളായിട്ടാണോ? വിവിധ ഇന്‍സ്റ്റിറ്റൂഷനുകള്‍ തമ്മില്ലുള്ള രഹസ്യധാരണകളെയും, തെരുവുകളിലെ ആഘോഷങ്ങളെയും നാം എന്തുപേര് നല്‍കിയാണ് വിശേഷിപ്പിക്കേണ്ടത് ? ജനാധിപത്യമാണോ?
ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഗല്‍വാന്‍ താഴ്വരയില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ആക്രമണത്തില്‍ കേണല്‍ അടക്കമുള്ള 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യൂ വരിച്ചിരിക്കുന്നുവെന്ന ഭീതിദമായ വാര്‍ത്ത കേട്ടാണ് 2020 ജൂലൈ 17 ലെ പ്രഭാതത്തെ നാം വരവേറ്റത്. ഇന്ത്യയുടെ അധീനതയിലുളള 100 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയോളം വരുന്ന പ്രദേശം ചൈനീസ് സൈന്യം കൈവശപ്പെടുത്തിയതായി പ്രതിരോധ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ സൃഷ്ടിച്ചെടുത്തത് പോലെയുള്ള നഗ്‌നമായ അതിര്‍ത്തി ലംഘനം മാത്രമായിരുന്നോ ഇത് ? പാക്കധീന കാശ്മീരിലൂടെയുള്ള കച്ചവട ശൃഖല, അക്സായി ചിന്നിലൂടെയുള്ള യാത്ര സൗകര്യമുറപ്പാക്കല്‍ തുടങ്ങിയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയുള്ള ചൈനയുടെ ഭാഗത്ത് നിന്നുളള നീക്കമായിരുന്നോ ? മേഖലയിലെ തങ്ങളുടെ താല്‍പര്യങ്ങള്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ അവയുടെ സംരക്ഷണാര്‍ഥമാവില്ലേ ചൈനയുടെ ഈ നീക്കം?
തീവ്ര ദേശീയ താല്‍പര്യങ്ങള്‍ വച്ചുപുലര്‍ത്തുന്ന ഗവര്‍ണമെന്റുകളെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെ അധീനതയിലുള്ള പ്രദേശങ്ങള്‍ നഷ്ടപ്പെടുത്തികളയുക എന്നത് ഏറെ അസഹനീയമാണ്. ഈയൊരു പ്രതിസന്ധിയെ മറികടക്കാനാണ് പുതിയ പരിഹാരവുമായി ഇന്ത്യന്‍ സര്‍ക്കാര്‍ രംഗത്തെത്തിയത്. അതോടെയാണ് നമ്മുടെ ഒരു തൂണ്ട് ഭൂമി പോലും മറ്റ് രാഷ്ട്രങ്ങള്‍ അധീനപ്പെടുത്തിയിട്ടില്ലെന്നും, അതിര്‍ത്തി സുരക്ഷിതവുമാണെന്ന് ഗല്‍വാന്‍ താഴ്വരയിലെ ദുരന്തത്തിന് ശേഷം മോദി രാജ്യത്തെ അഭിസംബോധനം ചെയ്തത്. മോദി വിമര്‍ശകര്‍ക്ക് ചിരിക്കാന്‍ വകനല്‍കുന്നവയായിരുന്നു ഇത്തരം പ്രസ്താവനകള്‍. ഏറെ വൈകാതെ തന്നെ ചൈനീസ് സര്‍ക്കാറും പ്രധാനമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്തു. ഇന്ത്യയുടെ നിയന്ത്രണത്തിലുളള പ്രദേശങ്ങളിലേക്ക് അതിക്രമിച്ചുകടന്നിട്ടില്ലെന്ന ചൈനീസ് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിനെ സാധൂകരിക്കുന്നതായിരുന്നു മോദിയുടെ നീക്കങ്ങളും. അതിര്‍ത്തി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി സൈനിക പിന്മാറ്റത്തെ സംബന്ധിച്ച് ഇരു രാഷ്ട്രങ്ങള്‍ തമ്മില്ലുള്ള ഉന്നത തല ചര്‍ച്ചകള്‍ പുരോഗമിക്കുന്ന വേളയില്‍ ‘അകത്ത് പ്രവേശിക്കാത്തവരെ പുറത്താക്കുന്നതിനെ’ ചുറ്റിപറ്റിയുള്ള തമാശകളാല്‍ ശബ്ദ മുഖരിതമായിരുന്നു സാമൂഹ്യ മാധ്യമങ്ങള്‍. അത്രികമിച്ച് കയറി അധീനതയിലാക്കിയ പ്രദേശങ്ങള്‍ ചൈനയുടെ നിയന്ത്രണത്തില്‍ തുടരുമ്പോഴും, ഇന്ത്യയിലെ ഭൂരിപക്ഷ ജനതയ്ക്കിടയില്‍ മോദിയായിരുന്നു വിജയശ്രീലാളിതന്‍. മാധ്യമങ്ങളില്‍ സജീവമായിരുന്നു ഈ വിജയ പ്രകടനങ്ങള്‍.
പാകിസ്ഥാന്‍ ,ചൈന എന്നീ രാഷ്ട്രങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പടിഞ്ഞാറന്‍, കിഴക്കന്‍ മേഖലകളില്‍ യുദ്ധസജ്ജരായ സൈന്യത്തെ തയ്യാറാക്കിനിര്‍ത്തേണ്ട അനിവാര്യ ഘട്ടത്തിലാണ് ഇന്ത്യ. സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലം ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം വഷളായിരിക്കുകയാണ്. യുദ്ധസമാന സാഹചര്യങ്ങളില്‍ ഇന്ത്യയുടെ രക്ഷയ്ക്കായി അമേരിക്ക പറന്നിറങ്ങുമെന്ന് വിശ്വസിക്കുന്ന വാചകമടിക്കാരായി നാം പരിവര്‍ത്തന വിധേയരായിക്കഴിഞ്ഞിട്ടുണ്ട്. ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ നിന്ന് കുര്‍ദ് വംശജരെയും, സോവിയറ്റ് അധിനിവേശത്തില്‍ നിന്ന് അഫ്ഗാന്‍ ജനതയെയും രക്ഷപ്പെടുത്തിയത് പോലെ ഇന്ത്യയുടെ സുരക്ഷാകവചങ്ങളായി അമേരിക്ക നിലയുറപ്പിക്കും എന്നതാണോ യാഥാര്‍ഥ്യം? കാശ്മീരികളുടെ താല്‍പര്യങ്ങളെ മുഖവിലക്കെടുക്കാതെ കാശ്മീരിന്റെ അന്തരീക്ഷത്തില്‍ ചൈന-പാകിസ്ഥാന്‍- ഇന്ത്യ സംഘട്ടനം രൂപം കൊള്ളുമെന്ന് കാശ്മീരി സുഹ്യത്ത് എനിക്ക് കഴിഞ്ഞ രാത്രി അയച്ച സന്ദേശം വിദൂര സാധ്യതയൊന്നുമല്ല. ധാര്‍മിക അധീശത്വം സ്ഥാപിക്കുന്നതില്‍ മുന്ന് രാഷ്ട്രങ്ങളും തുല്യശക്തികളാണ്. അവയിലൊരു രാഷ്ട്രവും മാനവികതയുടെ പക്ഷത്തല്ല നിലയുറപ്പിച്ചിട്ടുള്ളത്.
ഔദ്യോഗികമായ യുദ്ധ പ്രഖ്യാപനത്തിന്റെ അഭാവത്തില്‍ പോലും ചൈനീസ് ആയുധ ശേഖരങ്ങളുമായി കിടപിടിക്കാന്‍ ഇന്ത്യയുടെ പ്രതിരോധ ബജറ്റ് മൂന്ന് മടങ്ങ് വരെ വര്‍ധിപ്പിക്കേണ്ടതുണ്ട്. ഒരുപക്ഷേ, മൂന്നിരട്ടി വര്‍ധനവ് തന്നെ അപര്യാപ്തമായിരിക്കാം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ ലോക്ഡൗണിന് മുമ്പ് തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം പ്രതിരോധ ബജറ്റിലെ വര്‍ധനവ് വന്‍ തിരിച്ചടിയാണ് സൃഷ്ടിക്കുക. 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് നിലവില്‍. കാശ്മീര്‍ സമസ്യക്ക് പരിഹാരമായിരുന്നുവെങ്കില്‍ സാമൂഹിക അകലം പാലിക്കുന്ന ജനക്കൂട്ടം ഒരുക്കുന്ന സ്വീകരണത്തിനായി പ്രധാനമന്ത്രി തീര്‍ച്ചയായും സന്നിഹിതനാവുമായിരുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കാനാവാതെ കാശ്മീര്‍ വീണ്ടും അടച്ചുപൂട്ടിയിരിക്കുകയാണ്. കേന്ദ്രഭരണ പ്രദേശമായ ലഡാക്കും യുദ്ധ മുഖത്താണ്. ആയതിനാല്‍ തന്നെയാണ് സംഘര്‍ഷ ഭരിതമായ അതിര്‍ത്തിയില്‍ നിന്നും സുരക്ഷിത സ്ഥലത്തേക്ക് പ്രധാനമന്ത്രി നീങ്ങിയത്.
ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി ഔദ്യോഗികമായി നരേന്ദ്ര മോദി പ്രഖ്യാപിച്ച ദിനങ്ങളായി കഴിഞ്ഞ ഒരു വര്‍ഷത്തെ മനസ്സിലാക്കാം. രാം മന്ദിര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെട്ടതും പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ പട്ടിക തുടങ്ങിയവ പാസാക്കിയതും ഈയൊരു കാലയളവിലാണ്. ഈയൊരു വിഷയത്തെ ജാഗ്രതയോടെയാണ് നാം സമീപിക്കേണ്ടത്. എന്തുകൊണ്ടവാം രാം മന്ദിരിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിക്കാന്‍ ഈയൊരു സമയം തെരഞ്ഞെടുത്തത് ? ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ലോക്ഡൗണ്‍ നിലനില്‍ക്കെ, ഹിന്ദു കലാണ്ടര്‍ പ്രകാരവും രാമായണ ചരിത്ര പശ്ചാത്തലത്തിലും അപ്രസക്തമായ ഒരു ദിനം രാംമന്ദിര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിശ്ചയിച്ചതിന് പിന്നിലെ യുക്തി എന്തായിരിക്കും? കാശ്്മീരിന്റെ മുറിവില്‍ ഉപ്പ് തേക്കാനാവില്ലേ ? കാശ്്മീരിന്റെ അന്തരീക്ഷത്തില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടാല്‍ ചുരുങ്ങിയപക്ഷം നമ്മുക്കു ചെയ്യാവുന്നത് കാശ്മീരികള്‍ക്കൊപ്പം നിലയുറപ്പിക്കുക എന്നതാണ്.

അരുന്ധതി റോയ്

വിവ: അഫ്നാന്‍ പൂകയൂര്‍