എഴുപതു വർഷമായി പല സർക്കാറുകളും ശ്രമിച്ചിട്ടും തകർക്കാൻ കഴിയാതിരുന്ന നമ്മുടെ ഭരണഘടനയുടെ പല അടിസ്ഥാനമൂല്യങ്ങളും പുതിയ നീക്കങ്ങളുടെ ഫലമായി തകർന്നടിഞ്ഞിരിക്കുകയാണ്. ശക്തിയുള്ള സർക്കാർ, വിഘടനവാദത്തിനെതിരെ നിലപാടെടുത്ത സർക്കാർ, ഇന്ത്യയെ ഒന്നാക്കിയ സർക്കാർ എന്നൊക്കെ സൈബർ സംഘികൾ വീരവാദം മുഴക്കുമ്പോഴും സത്യം ശബ്ദമില്ലാതെ ഞെരിഞ്ഞമരുകയാണ്.
ഇക്കൊല്ലത്തെ പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിനസന്ദേശത്തിൽ പ്രധാനഘടകം കാശ്മീർ ആയിരിക്കുമെന്ന് എല്ലാവർക്കും അറിയാമായിരുന്നു. മറ്റൊന്ന് മുത്തലാക്ക് ആയിരിക്കുമെന്ന ഉൗഹവും ശരിയായി. കാശ്മീർ ജനതയ്ക്ക് സ്വാതന്ത്ര്യവും വികസനവും സമാധാനവും നൽകാൻ വേണ്ടിയാണ് ആഗസ്റ്റ് അഞ്ചിന് വളരെയേറെ വിവാദപരമായ രീതിയിൽ ജമ്മു കാശ്മീറെന്ന സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അങ്ങനെ സംഭവിക്കുന്നെങ്കിൽ നല്ലതുതന്നെ. ഏഴു പതിറ്റാണ്ടോളമായി വിവിധങ്ങളായ ജനാധിപത്യധ്വംസനങ്ങൾക്കു വിധേയരായ അവിടുത്തെ സാധാരണ ജനങ്ങൾ ഇൗ പ്രഖ്യാപനത്തിൽ വിശ്വസിക്കുന്നുവോ? ആശ്വസിക്കുന്നുവോ? ഇതാണ് പ്രധാന ചോദ്യങ്ങൾ. ഇത്രക്കും ഗുണകരമായ ഒന്നായിരുന്നെങ്കിൽ എന്തിനു അവരെ പൂർണമായും ഇരുട്ടിൽ നിർത്തിക്കൊണ്ട്, അന്നാട്ടിലെ ജനപ്രതിനിധികളെയും മുന്മുഖ്യമന്ത്രിമാരെയും നേതാക്കളെയും തടവിലിട്ടുകൊണ്ട്, നാടാകെ സൈന്യത്തെ അണിനിരത്തിക്കൊണ്ട്, ജനങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള എല്ലാ വഴികളും അടച്ചുകൊണ്ട് ഇത് പ്രഖ്യാപിച്ചു എന്ന ചോദ്യമുണ്ട്. അതും കാശ്മീരിലേക്കുള്ള ഒരുപ്രധാന ഹൈന്ദവ തീർത്ഥാടനമായ അമർനാഥ് യാത്ര പാതിവഴിക്കു നിർത്തിവച്ചുകൊണ്ട്, അന്നാട്ടിലെ എല്ലാ ജനങ്ങളുടെയും ഏറ്റവും പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങളിൽ ഒന്നായ ബലിപെരുന്നാൾ ആഘോഷിക്കാൻ പോലും അനുവദിക്കാതെ ഇൗ നടപടി സ്വീകരിച്ചുവെന്നും ചോദിക്കുന്നതിൽ തെറ്റില്ല. ഒരു ജനാധിപത്യ ഭരണഘടന അനുസരിച്ചാണല്ലോ സർക്കാർ രാജ്യം ഭരിക്കുന്നത്? ആ ഭരണഘടനയിലെ മൂല്യങ്ങൾ സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയില്ലേ? അതിവിടെ പാലിക്കപ്പെട്ടുവോ? ഇതിന്റെ ഗുണ (ദോഷ) ഭോക്താക്കളായ ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ സർക്കാർ ശ്രമിക്കാത്തതെന്തുകൊണ്ട്? ഇക്കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്താൻ കഴിയില്ലെന്ന് സർക്കാരിനു ഉറപ്പാണോ? യഥാർത്ഥത്തിൽ കാശ്മീരിലെ ഇപ്പോഴത്തെ നടപടി ആ ജനതയുടെ ആവശ്യമാണോ എന്നതുതന്നെ ഒരു തർക്കവിഷയമായിരിക്കുന്നു. അഥവാ ഇൗ നടപടി ഏതെങ്കിലും ചോദ്യത്തിനുള്ള ഉത്തരമല്ല. മറിച്ച്, കൂടുതൽ അസ്വസ്ഥജനകമായ ചോദ്യങ്ങൾ അവരുടെ മനസ്സിൽ ഉയർത്തുകയല്ലേ ചെയ്തിരിക്കുന്നത്?
ഭരണഘടനയുടെ 370 അനുച്ഛേദം ഭേദഗതി ചെയ്യുകയും 35 എ അനുച്ഛേദം റദ്ദാക്കുകയുമാണ് രാഷ്ട്രപതിയുടെ വിജ്ഞാപനം വഴി ചെയ്തിരിക്കുന്നത്. കാശ്മീരിൽ നിയമസഭാ നിലവിൽ ഇല്ല എന്ന പഴുതുപയോഗിച്ചുകൊണ്ട് ലോകസഭയിൽ മൃഗീയഭൂരിപക്ഷംവഴി അതിനു അംഗീകാരം നേടുകയുമാണ് ചെയ്തത്.
ഇത്ര തിടുക്കത്തിൽ ഇത് ചെയ്തത് സ്വാതന്ത്രദിനത്തിൽ പ്രഖ്യാപനം നടത്താൻ വേണ്ടിയാണ് എന്ന ആരോപണം തള്ളിക്കളയാൻ പറ്റില്ല. എന്നാൽ, വിവരാവകാശം, തൊഴിൽ, മുത്തലാക്ക് തുടങ്ങിയ നിരവധി മേഖലകളിൽ പല നിയമങ്ങളും കാര്യമായ ചർച്ചകൾ പോലും ഇല്ലാതെ പാസാക്കിയതിന്റെ പിന്നിലെ താൽപര്യം പരിഗണിക്കപ്പെടണം. എഴുപതു വർഷം കൊണ്ട് സാധിക്കാത്തതു പുതിയ സർക്കാർ എഴുപതു ദിവസം കൊണ്ട് ചെയ്തു എന്ന അവകാശവാദത്തെ നമുക്ക് മറ്റൊരു രീതിയിലും കണ്ടുകൂടെ? എഴുപതു വർഷമായി പല സർക്കാറുകളും ശ്രമിച്ചിട്ടും തകർക്കാൻ കഴിയാതിരുന്ന നമ്മുടെ ഭരണഘടനയുടെ പല അടിസ്ഥാനമൂല്യങ്ങളും ( അതിൽ ജനാധിപത്യ പൗരാവകാശങ്ങൾ, തൊഴിൽ, മതേതരത്വം, ഫെഡറൽഘടന തുടങ്ങിയവയാണ്) ഇൗ നീക്കങ്ങളുടെ ഫലമായി തകർന്നടിഞ്ഞിരിക്കുന്നത്. ശക്തിയുള്ള സർക്കാർ, വിഘടനവാദത്തിനെതിരെ നിലപാടെടുത്ത സർക്കാർ, ഇന്ത്യയെ ഒന്നാക്കിയ സർക്കാർ എന്നൊക്കെ സൈബർ സംഘികൾ വീരവാദം മുഴക്കുമ്പോഴും സത്യം ശബ്ദമില്ലാതെ ഞെരിഞ്ഞമരുകയാണ്. ഇത്തരമൊരു ജനാധിപത്യ വിരുദ്ധനീക്കത്തെ എതിർക്കുമെന്ന് പ്രതീക്ഷിച്ചവരിൽ നല്ലൊരു വിഭാഗവും അതിനെ പരസ്യമായി തന്നെ പിന്താങ്ങാൻ തയാറായി എന്നതാണ് രാജ്യത്തിന്റെ ഭാവി സംബന്ധിച്ചുള്ള ഉൽക്കണ്ഠ ശക്തിപ്പെടുത്തുന്നു. ഭരണത്തിലെ ചില സഖ്യകക്ഷികൾ വിട്ടു നിൽക്കാനുള്ള മര്യാദയെങ്കിലും കാണിച്ചപ്പോൾ പ്രതിപക്ഷത്തെ ബി.എസ്.പി, ആം ആദ്മി അടക്കം പലരും ഇൗ നീക്കത്തെ സഭയിൽ പിന്തുണച്ചു. എതിർത്ത കോൺഗ്രസിൽ പോലും ശക്തമായ വിയോജിപ്പുകൾ ഉണ്ടായി. നെഹ്റു കുടുംബമേ രക്ഷക്കുള്ളൂ എന്ന് ഇപ്പോഴും ആർത്തുവിളിക്കുന്ന കോൺഗ്രസിൽ പണ്ഡിറ്റ് നെഹ്റുവിനെ അതിനിശിതമായി വിമർശിക്കുന്ന അമിത്ഷായെ പിന്തുണക്കാൻ ആളുണ്ടായി എന്നർത്ഥം.
സ്വാതന്ത്രത്തിനു മുമ്പുതന്നെ കാശ്മീർ സംബന്ധിച്ച് ആർ.എസ്.എസ് നടത്തിവരുന്ന നുണപ്രചാരണത്തിന്റെ സാക്ഷാൽക്കാരമായിരുന്നു ഇതെന്ന് ഇവരാരും തിരിച്ചറിയാതിരുന്നതെന്തു കൊണ്ട്? ഇത്തരത്തിലുള്ള ചില നുണക്കഥകൾ മാത്രം പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. ഇന്ത്യ സ്വതന്ത്രമായ 1947ലെ ഒക്ടോബറിൽ തന്നെ കാശ്മീർ ഇന്ത്യയുടെ ഭാഗമായതാണല്ലോ. ഭരണഘടനയിലെ ഇൗ വകുപ്പുകൾ 370 അനുച്ഛേദം , 1952ലും 35 എ അനുച്ഛേദം 1954 ലും ആയിരുന്നു നിലവിൽ വന്നത്. അതുകൊണ്ട് കാശ്മീരും ഇന്ത്യയും തമ്മിലുള്ള ലയനക്കരാറിന്റെ ഭാഗമല്ല ഇത്. പിന്നീടുവന്ന കോൺഗ്രസ് സർക്കാർ നൽകിയ തെറ്റായ ഇളവുകളാണ്. അതിൽ നെഹ്റുവാണ് പ്രതി. സർദാർ വല്ലഭായ് പട്ടേൽ അതിനെതിരായിരുന്നു. പട്ടേലിന്റെ സ്വപ്നസാക്ഷാത്കാരമാണ് ഇതെന്ന് പ്രധാനമന്ത്രി പറയുന്നതും ഇതുകൊണ്ടാണ്. കോൺഗ്രസിന്റെ, നെഹ്റുവിന്റെ വിഡ്ഢിത്തം തിരുത്തുകയാണ് ഞങ്ങൾ ചെയ്യുന്നത്.
ഇൗ വാദം തീർത്തും തെറ്റാണ്, വസ്തുതകൾക്ക് നിരക്കാത്തതാണ്. ഇന്ത്യയുമായി ചേരാനുള്ള പ്രഖ്യാപനം (എെ.ഒ.എ) കാശ്മീർ രാജാവായിരുന്ന ഹരിസിംഗ് ഒപ്പിടുന്നത് 1947 ഒക്ടോബർ 26 നാണ്. എന്നാൽ, അതിൽതന്നെ കൃത്യമായി പറയുന്നു കാശ്മീരിനു മുകളിൽ ഇന്ത്യയുടെ പാർലമെന്റിനുള്ള അധികാരം പ്രതിരോധം, വാർത്താവിനിമയം,വിദേശകാര്യം മുതലായവയിൽ മാത്രമാണ് എന്ന്. അത്യതിന്റെ അഞ്ചാം ഖണ്ഡിക പറയുന്നു ” ഇൗ കരാറിലെ വ്യവസ്ഥകൾ മാറ്റാൻ ഇന്ത്യൻ പാർലമെന്റിനു അധികാരമില്ല. അങ്ങനെ മാറ്റണമെങ്കിൽ ഇൗ കരാറിലെ കക്ഷികളുടെ സമ്മതം വേണം” ( കൃത്യമായ വിവർത്തനമല്ല, പക്ഷേ, അർഥം വ്യക്തമാണ്). ഏഴാം ഖണ്ഡിക കൂടുതൽ വ്യക്തമായി തന്നെ പറയുന്നു ” ഇൗ കരാറിൽ ഒപ്പിട്ടു എന്നതുകൊണ്ട് ഭാവിയിൽ ഉണ്ടാകാവുന്ന ഇന്ത്യൻ ഭരണഘടനാ കാശ്മീരിന് ബാധകമാകുമെന്നു വ്യാഖ്യാനിക്കാൻ കഴിയില്ല. അത്തരം ഭരണഘടനയുമായിട്ടുള്ള ഏതെങ്കിലും തരത്തിലുള്ള ബന്ധത്തിന് ഇൗ കരാർ ന്യായീകരണവുമാകുന്നില്ല. ” അതായത,് ഇൗ കരാർ കൊണ്ടുമാത്രം ജമ്മു കാശ്മീർ ഇന്ത്യൻ ഭരണഘടനക്ക് കീഴിൽ ആകുന്നില്ല. ഇതിലെ വിവിധ വ്യവസ്ഥകൾ വരുംകാലത്ത് ചർച്ചചെയ്തു രൂപപ്പെടുത്തണം. യഥാർത്ഥത്തിൽ, വളരെ തിടുക്കത്തിൽ ഉണ്ടാക്കിയ ഒരു കരാറാണിത്. അതിനു വ്യക്തമായ കാരണവുമുണ്ട്. ഇന്ത്യയുമായി ചേരുന്ന വിഷയത്തിൽ സംശയിച്ചു നിന്ന രാജാവിനെ അതിനു പ്രേരിപ്പിച്ചത് ഒരു വിഭാഗം മുസ്ലിംകളും ഗോത്രവർഗക്കാരും ചേർന്നുള്ള സൈന്യം കാശ്മീരിനെ ആക്രമിച്ചു കീഴടക്കാൻ വന്നതാണ്. ആ സമയത്ത് ഇന്ത്യൻ സൈന്യം രാജാവിനെ സഹായിക്കാൻ ഇൗ കരാർ അനിവാര്യമായിരുന്നു. ഇന്ത്യ സൈന്യത്തെ അയച്ചു കലാപം അടിച്ചൊതുക്കി. പിന്നീടാണ് ഇന്ത്യൻ ഭരണഘടനയുമായുള്ള ബന്ധമൊക്കെ ചർച്ചക്ക് വരുന്നത്. ഇൗ കരാറിന്റെ സത്ത ഉൾക്കൊണ്ടുകൊണ്ടാണ് 1949 മെയ് മാസത്തിൽ ഭരണഘടനാ നിർമാണസഭയിൽ അനുച്ഛേദം 370 അവതരിപ്പിക്കുന്നതും അതേ വർഷം ഒക്ടോബറിൽ അത് പാസാക്കുന്നതും ഭരണഘടനയുടെ ഭാഗമാകുന്നതും. അതിനെ തുടർന്ന് 1950,52,54 വർഷങ്ങളിൽ നടന്ന വിശദമായ ചർച്ചകളുടെ ഭാഗമായി പുറപ്പെടുവിച്ച രാഷ്ട്രപതിയുടെ വിജ്ഞാപനത്തിന്റെ ഫലമാണ് ഇന്നത്തെ രൂപം. ഇൗ ചർച്ചകളിലെല്ലാം പ്രധാനമന്ത്രി നെഹ്റുവിനോപ്പം ആഭ്യന്തരമന്ത്രി വല്ലഭായ് പട്ടേലും സജീവമായി പങ്കെടുത്തിരുന്നു. എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ ആർ.എസ്.എസ് പ്രചരിപ്പിക്കുന്നു, പട്ടേൽ അനുച്ഛേദം 370നു എതിരായിരുന്നു എന്ന്.
ആർ.എസ്.എസിന്റ യാഥാർത്ഥ പ്രശനം അന്ന് ഇതൊന്നുമായിരുന്നില്ല. രാജാവിനാൽ നിയമിതനായ കാശ്മീർ സർക്കാരിന്റെ തലവൻ ഷെയ്ക്ക് അബ്ദുല്ല ആയിരുന്നു. കാശ്മീരിന്റെ ഭൂ ഉടമസ്ഥതയിൽ വൈരുദ്ധ്യങ്ങൾ പരിഹരിക്കുന്നതിനായി അവിടെ ഭൂപരിഷ്കരണം നടത്തണം എന്ന ആ സർക്കാരിന്റെ ആവശ്യം ഇന്ത്യയുമായി ചേരുന്നതിനുള്ള മുന്നുപാധിയായി ഷെയ്ക്ക് അബ്ദുല്ല മുന്നോട്ടുവച്ചു. അന്നത്തെ ഭൂമിയുടെ നല്ലൊരു പങ്കും അവിടുത്തെ പണ്ഡിറ്റ്, ഗോഗ്ര എന്നിവരുടെ ഉടമസ്ഥതയിലായിരുന്നു. ഇവരെ സംരക്ഷിക്കുന്നതിനുവേണ്ടി ഷെയ്ക്ക് അബ്ദുല്ല സർക്കാരിനെതിരായ സമരത്തിന് മുന്നിൽനിന്നു. കൃത്യമായി ഭൂമി രേഖകൾ ഉണ്ടാക്കിയ ടൈപ്പ് സുൽത്താൻ ഇന്നും ഇവർക്ക് വർഗീയവാദിയാകുന്നത് ഇൗ വർഗബന്ധം കൊണ്ട് തന്നെയാണ്. ഇൗ ചരിത്രം അത്ര സുഖകരമല്ലാത്തതിനാൽ മറക്കാൻ അവർ ഇഷ്ടപ്പെടുന്നു. ഇനി അനുച്ഛേദം 35 എയിലേക്ക് വരാം. ആ വ്യവസ്ഥ ആദ്യമായി ഉണ്ടാകുന്നത് 1927ൽ രാജ ഹരിശങ്ക തന്നെ ഇറക്കിയ ഒരു വിജ്ഞാപനത്തിലൂടെയാണ്. പിന്നീടുവന്ന സംസ്ഥാനത്തിന്റെ ഭരണഘടനാ നിർമാണസഭ ഇൗ വ്യവസ്ഥ ഉൾച്ചേർക്കുകയായിരുന്നു. ഇന്ത്യൻ ഭരണഘടനയിലെ ഏതെല്ലാം വ്യവസ്ഥകൾ കാശ്മീരിന് ബാധകമാക്കണം എന്ന ചർച്ചകളുടെ ഫലമായാണ് ഇൗ അനുച്ഛേദം ഇന്ത്യൻ ഭരണഘടനയിൽ ഒരു രാഷ്ട്രപതിവിജ്ഞാപനത്തിലൂടെ ചേർത്തത്.
അനുച്ഛേദം 370 നിലനിൽക്കുന്നത് മൂലമാണ് കാശ്മീർ താഴ്വരയിൽ ഭീകരവാദം വളരുന്നതെന്നും നിലനിൽക്കുന്നതും എന്നുള്ളതാണ് മറ്റൊരു നുണ പ്രചാരണം. ഇൗ വ്യവസ്ഥ സ്വതന്ത്രകാശ്മീർ മോഹത്തെ കെടാതെ നിർത്തുന്നുവെന്നും ആർ.എസ്.എസ് വാദിക്കുന്നു. എന്നാൽ, സത്യം നേർവിപരീതമാണ്. ഭരണഘടനയിലെ ഇൗ അനുച്ഛേദത്തിന്റെ മൂല്യത്തകർച്ചയാണ് ഇന്നത്തെ കാശ്മീർ പ്രതിസന്ധിയുടെ അടിത്തറ എന്നതാണ് സത്യം. ഇൗ അനുച്ഛേദം ഫലവത്താകും എന്ന ഉറച്ച വിശ്വാസത്തിലാണ് കാശ്മീർ ജനത ഇന്ത്യക്കൊപ്പം നിൽക്കാൻ തയ്യാറായത്. പാകിസ്ഥാന്റെ ഉറച്ച പിന്തുണയോടെ ഇന്ത്യ വിടാൻ കടുത്ത സമ്മർദ്ദമുണ്ടായിട്ടും അവർ പിടിച്ചു നിന്നത് അങ്ങനെയാണ്. അവരുടെ അഭിപ്രായങ്ങളും പ്രത്യാശകളും പരിഗണിക്കുമെന്ന് ഉറപ്പുള്ള സർക്കാരാകും ഇന്ത്യയുടേത് എന്ന പ്രതീക്ഷക്കു മങ്ങലേൽപിക്കുന്ന പ്രവർത്തനങ്ങളാണ് പിന്നീട് വന്ന
സർക്കാരുകളുടെ ഭാഗത്തുനിന്നും ഉണ്ടായത്. നിയമത്തിന്റെ വാക്കിലും പൊരുളിലും മാറ്റങ്ങൾ വരുത്തി. കാശ്മീർ നിയമസഭയുടെ അംഗീകാരത്തോടെ മാത്രമേ രാഷ്ട്രപതിയുടെ ഉത്തരവുകൾ വരൂ എന്നായിരുന്നു ഏറെക്കാലമായി തുടർന്നുപോന്ന രീതി. എന്നാൽ, 1954 ലെ ഉത്തരവിൽ ഇന്ത്യൻ ഭരണഘടനയുടെ മിക്ക ഭാഗങ്ങളും കാശ്മീരിന് ബാധകമാക്കി. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ചുമതലകൾ വിഭജിക്കുന്ന ഭരണഘടനയുടെ പട്ടികകകളിൽ പലതും ബാധകമാക്കിയതാണ് ആദ്യനടപടി. യൂണിയൻ പട്ടികയിൽ ഉള്ള 97 വിഷയങ്ങളിലും മറ്റു സംസ്ഥാനങ്ങളുടെ രീതിയാക്കി. ഇരുസർക്കാരുകൾക്കുമായുള്ള പട്ടികയിലെ (കൺകറൻറ്) 47ൽ 26ഉം കാശ്മീരിനും ബാധകമാക്കി. ചുരുക്കത്തിൽ ഇക്കഴിഞ്ഞ വർഷങ്ങൾക്കിടയിൽ അനുച്ഛേദം 370 ന്റെ പഴുതുപയോഗിച്ചുകൊണ്ട് 45 പ്രാവശ്യം ഭരണഘടനയുടെ വിവിധ ഭാഗങ്ങൾ കാശ്മീരിന് ബാധകമാക്കി. ഇതിൽനിന്നും ആ ജനതയുടെയോ അവരുടെ പ്രതിനിധിസഭകളുടെയോ സമ്മതം ആവശ്യമാണെന്നു കേന്ദ്ര സർക്കാരുകൾ കരുതിയില്ല. ഇതെല്ലാം അവരുടെ വിശ്വാസത്തെ ദുർബലപ്പെടുത്തുന്നവയായിരുന്നു. 370 ഉപയോഗിച്ചുകൊണ്ട് ജമ്മുകാശ്മീർ ഭരണഘടനതന്നെ കേന്ദ്രസർക്കാർ പലവട്ടം ഭേദഗതി ചെയ്തു. സംസ്ഥാന സർക്കാരിന്റെ പിരിച്ചുവിടാനുള്ള അനുച്ഛേദം 356 തന്നെ അടിച്ചേൽപ്പിച്ചു. രാഷ്ട്രപതി മാത്രം തീരുമാനിച്ചാൽ നിയമസഭയെയും മന്ത്രിസഭയെയും പിരിച്ചുവിടാമെന്നാക്കി. ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം 249 അനുസരിച്ചു സംസ്ഥാനങ്ങൾക്ക് വേണ്ടി പാർലമെന്റിനു നിയമം ഉണ്ടാക്കാം, ഭേദഗതി ചെയ്യാം എന്നതു കാശ്മീരിനും ബാധകമാക്കി. ഗവർണറുടെ മാത്രം അനുമതി മതി. കാശ്മീരിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാനായി മുമ്പ് കോൺഗ്രസ് സർക്കാർ അടക്കം ചെയ്തതാണ് ഇവയിൽ പലതും. ഇപ്പോൾ ബി.ജെ.പി കൂടുതൽ സമർത്ഥമായി ചെയ്യുന്നു എന്നുമാത്രം.
വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന മറ്റൊരു അസത്യം എന്തുകൊണ്ടാണ് ജമ്മു കാശ്മീരിന് മാത്രം ഇങ്ങനെ ഒരു പ്രത്യേകപദവി, മറ്റൊരു സംസ്ഥാനങ്ങൾക്കുമില്ലല്ലോ എന്നതാണ്. ശുദ്ധഗതിക്കാർ ഇതിൽ വീഴാതിരിക്കില്ല. ഒരൊറ്റ രാജ്യം, ഒരൊറ്റ നിയമം തുടങ്ങിയ മുദ്രാവാക്യങ്ങൾ കേൾക്കാൻ സുന്ദരമാണല്ലോ. പക്ഷേ, സത്യം എന്താണ്? അനുച്ഛേദം 370നു തൊട്ടു പിന്നിലെ വരുന്ന 371 ന്റെ ഉപവകുപ്പുകൾ മാത്രം നോക്കിയാൽ ഇൗ അസത്യം വെളിവാകും. പല സംസ്ഥാനങ്ങളുടെയും ചരിത്രം, സംസ്കാരം, രാഷ്ട്രീയം തുടങ്ങിയ മേഖലകളിലെ പ്രത്യേകതകൾ പരിഗണിച്ചുകൊണ്ട് അവക്കെല്ലാം പ്രത്യേക പരിഗണനകൾ നൽകുന്നയാണ് ഇൗ ഒാരോ ഉപവകുപ്പും. 371 എ നാഗാലാൻഡ്,371 ബി ആസാം, 371സി മണിപ്പുർ,371 ഡി , ഇ ആന്ധ്രപ്രദേശ്, 371എഫ് സിക്കിം ,371ജി മിസോറാം,371 എച്ച് അരുണാചൽ പ്രദേശ്, 371എെ ഗോവ എന്നിങ്ങനെയാണ് ഇൗ വകുപ്പുകൾ. അതായത് കാശ്മീരിന് മാത്രമല്ല ഭരണഘടനാ വ്യത്യസ്ത പദവികൾ നൽകുന്നത്. ഇതിൽ ഗോവയും ആന്ധ്രയും ഒഴിച്ചുള്ള സംസ്ഥാനങ്ങളിൽ ഭൂമി വാങ്ങുന്നത് സംബന്ധിച്ച് കാശ്മീരിലെ അതേ നിബന്ധനകളാണുള്ളത്. അതാതു സംസ്ഥാനങ്ങളുടെ സ്വയാർജിത സംസ്കാരം സംരക്ഷിക്കുക എന്ന ലക്ഷ്യമാണ് അതിനുള്ളത്. വ്യത്യസ്ത ജനവിഭാഗങ്ങൾ ഇഷ്ടംപോലെ ഭൂമി വാങ്ങിക്കൂട്ടിയാൽ ആ സംസ്കാരം നശിക്കും. ഇതുതന്നെയാണ് കാശ്മീരിന്റെ കാര്യത്തിലുമുള്ളത്. ഇവർക്കൊന്നും വികസനം വേണ്ടെന്നാണോ മോഡി സർക്കാർ പറയുന്നത് ?
ഗോത്രവർഗക്കാരുടെ ഭൂമി മറ്റാരും വാങ്ങാൻ പാടില്ലെന്ന ഭരണഘടനാ ഷെഡ്യുളുകളും ഇതിന്റെ ഭാഗമാണ്. ഇതൊക്കെ മുന്നിൽ വച്ചുകൊണ്ട് കാശ്മീരിനെ മാത്രം ഒറ്റപ്പെടുത്തി ആക്രമിക്കുന്നതിന്റെ ലക്ഷ്യം വ്യക്തം. ഇസ്ലാമികവിശ്വാസികൾക്കു ഭൂരിപക്ഷമുള്ള ഒരു സംസ്ഥാനം ഇന്ത്യക്കു വേണ്ട എന്നത് തന്നെയാണ് ഇതുവഴി അവർ പ്രഖ്യാപിക്കുന്നത്. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കുമിടയിൽ ഇതുവഴി വിഭജനം സൃഷ്ടിക്കാം എന്നതിനുപുറമേ, കാശ്മീരിലെ സ്വർഗഭൂമി ഇനിമേൽ ഏതു സ്വദേശി,വിദേശ കുത്തകകൾക്കും കൈവശപ്പെടുത്താൻ കഴിയും. അവർക്കൊക്കെ ഭീകരവാദത്തിന്റെ മറവിൽ പട്ടാളത്തിന്റെ പിന്തുണ നൽകാം. ഇൗ നിയമമാറ്റം ആ ജനതയെ എങ്ങനെ ബാധിക്കുന്നു എന്നറിയാൻ ഇനിയും കാലമെടുക്കും. പട്ടാള ബൂട്ടുകൾകൊണ്ട് അധികകാലം ജനാധിപത്യത്തെ അടിച്ചമർത്താൻ കഴിയില്ല.
സി.ആർ നീലകണ്ഠൻ