അരുന്ധതി റോയ്
വിവ: ഫര്‍സീന്‍ അഹ്മദ്
ലോക്ക്ഡൗണ്‍ നടപ്പിലാക്കാന്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് വളരെ വേഗത്തിലാണ് തീരുമാനമെടുത്തത്. സത്യത്തില്‍ ഇത് വിജയകരമായിരുന്നോ?
യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ നടപ്പാക്കിയ ലോക്ഡൗണ്‍ വളരെ വിനാശകരമായ നടപടിയായിരുന്നു. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും രോഗബാധിതരുടെ ഗ്രാഫ് കുത്തനെ ഉയര്‍ന്ന ഏക രാജ്യം ഇന്ത്യയാണ്. ഇപ്പോള്‍ ക്രമേണ ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കുകയാണ്. ഇതിലൂടെ സാമ്പത്തിക തകര്‍ച്ചയും രോഗവ്യാപനത്തിന്റെ ഉയര്‍ച്ചയും അടക്കം ഇരട്ട പ്രഹരമാണ് ഏറ്റിട്ടുള്ളത്. കോവിഡ് കണക്കുകള്‍ ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് ഒരിടത്തും വിശ്വസനീയമല്ല എന്നാണ് എന്റെ അഭിപ്രായം. ഉദാഹരണത്തിന്, ഇന്ത്യയില്‍, ആശുപത്രികളിലെ മരണങ്ങളാണ് സാധാരണയായി കൗണ്ട് ചെയ്യുന്നത്, അത് കൂടാതെ എത്രപേര്‍ വീട്ടില്‍ മരിച്ചുവെന്നും, ഈ അടിയന്തിരാവസ്ഥ കാരണം മരിച്ച മറ്റു രോഗ ബാധിതരായ ആളുകള്‍, വിശപ്പ് കാരണവും സ്വന്തം വീടണയാനുള്ള സാഹസിക യാത്രയില്‍ മരണം വരിച്ചവര്‍ ഇവരുടെയൊന്നും മരണങ്ങള്‍ കൗണ്ട് ചെയ്യപ്പെടുന്നില്ല. ഇതോടൊപ്പം ഇന്ത്യയിലെ പേടിപ്പെടുത്തുന്ന മരണ നിരക്കിന് സഹജമായ കാരണങ്ങള്‍ കൂടിയുണ്ട്. ലോക്ക്ഡൗണും സോഷ്യല്‍ ഡിസ്റ്റന്‍സിംഗും ഇന്ത്യയില്‍ നടപ്പിലാക്കാന്‍ സാധ്യമല്ല എന്ന് ഉറപ്പാണ്. ചേരികളില്‍ വസിക്കുന്ന പതിനായിരക്കണക്കിന് ആളുകളെക്കുറിച്ച് ചിന്തിച്ചു നോക്കൂ. മുംബൈയുടെ ഹൃദയഭാഗത്തുള്ള ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരവി ഉദാഹരണമായി എടുക്കുക, രണ്ട് ചതുരശ്ര കിലോമീറ്ററില്‍ ഏകദേശം ഒരു ദശലക്ഷം ആളുകള്‍, നൂറുകണക്കിന് ആളുകള്‍ക്ക് ഒരു ടോയ്ലറ്റ്, അത്തരം സാഹചര്യങ്ങളില്‍ ക്വാറന്റൈന്‍ അല്ലെങ്കില്‍ സാമൂഹിക അകലം കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? നൂറിലധികം കേസുകള്‍ മാത്രമുണ്ടായിരുന്ന സമയത്ത്, ടെസ്റ്റുകള്‍ നടത്തി, ആളുകളെ നിരീക്ഷണ വിധേയരാക്കുകയും പബ്ലിക് ഗാതറിംഗുകള്‍ നിര്‍ത്തലാക്കുകയും റസ്റ്റോറന്റുകളും മാളുകളും അടക്കുകയും ചെയ്യേണ്ടതിനു പകരം, രാജ്യം മുഴുവന്‍ അടച്ചു പൂട്ടുകയാണ് ചെയ്തത്. ഇതിനകം തന്നെ കടുത്ത പ്രതിസന്ധിയിലായിരുന്ന ഒരു സമ്പദ്വ്യവസ്ഥയെ അവര്‍ തകര്‍ത്തു കളഞ്ഞു, അതിപ്പോള്‍ ഒരു വലിയ മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു.
ഇപ്പോള്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. രോഗബാധിതരുടെ ഗ്രാഫ് കുത്തനെ ഉയരുമ്പോഴും ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കുകയാണ്. എല്ലാം തകര്‍ത്തു കളഞ്ഞ ഗവണ്‍മെന്റ്, ഇപ്പോള്‍ മുഴുവന്‍ ഉത്തരവാദിത്വങ്ങളില്‍ ഒളിച്ചോടുന്നു. എന്നിട്ട് വൈറസിനൊപ്പം ജീവിക്കാന്‍ പഠിക്കേണ്ടതുണ്ടെന്ന് നമ്മോട് പറയുന്നു. രണ്ട് മാസം മുമ്പ് നാട്ടിലേക്ക് പോകാന്‍ അനുവദിക്കേണ്ട ആളുകള്‍, ഇപ്പോള്‍ വൈറസ് വഹിച്ചു കൊണ്ട് അവരുടെ ഗ്രാമങ്ങളില്‍ എത്തിയിരിക്കുന്നു. മോദിയുടെ അഹങ്കാരവും ചോദ്യം ചെയ്യപ്പെടാത്ത അധികാരവും രാജ്യത്തെ കുറിച്ച് അശ്ശേശം മനസ്സിലാക്കാതെയുള്ള ഭരണവും കൗടുതല്‍ വിനാശം വിതക്കുകയാണ്. മോദി വലിയ തന്ത്രശാലിയാണ്, പക്ഷേ ബുദ്ധി ശൂന്യനും, ഇത് അപകടകരമായ ഒരു കോമ്പിനേഷനാണ്.
ഇതിനൊക്കെ പുറമേ, മോഡി ഗവണ്‍മെന്റിന്റെ മറയില്ലാത്ത ഇസ്ലാമോഫോബിയ, നിര്‍ലജ്ജം മുസ്ലിംകള്‍ രോഗം പടര്‍ത്തുന്നവരാണെന്ന് പ്രചരിപ്പിച്ചു. മുഖ്യധാരാ മാധ്യമങ്ങള്‍ അത് ഏറ്റെടുത്തു. നിങ്ങളുടെ ടി.വി ഷോകള്‍ മുഴുവനും ‘കോവിഡ് ജിഹാദ്’ ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി മാറ്റിവച്ചു. ഇതൊക്കെ കൊണ്ടു വന്നത് തന്നെ, ഭരണഘടന വിരുദ്ധമായി കശ്മീരിന്റെ പ്രത്യേക പദവി തച്ചുതകര്‍ത്ത്,( ആറു ദശലക്ഷം കശ്മീരികളെ പത്തുമാസത്തെ ഓണ്‍-ഓഫ് ലോക്ഡൗണിനും, ഇന്റര്‍നെറ്റ് തടസ്സപ്പെടുത്തിയും കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വിധേയമാക്കി ) പുതിയ മുസ്ലിം വിരുദ്ധ പൗരത്വ നിയമവും ദില്ലി പോലീസ് അടക്കം സജീവമായി പങ്കെടുത്തു നടപ്പിലാക്കിയ നോര്‍ത്ത് ഈസ്റ്റ് ദില്ലിയിലെ മുസ്ലിംകള്‍ക്കെതിരായ വംശഹത്യ എന്നിവയ്‌ക്കൊക്കെ ശേഷമാണ്. ഡല്‍ഹി കലാപത്തില്‍ ഗൂഢാലോചന നടത്തി എന്ന പേരില്‍ യുവ മുസ്ലിം ആക്ടിവിസ്റ്റുകളെയും വിദ്യാര്‍ത്ഥികളെയും എല്ലാ ദിവസവും അറസ്റ്റ് ചെയ്യുന്നു. ”രാജ്യദ്രോഹികളെ” വെടിവച്ചുകൊല്ലണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ ഭരണകക്ഷിയായ ബി.ജെ.പി നേതാക്കള്‍ ഉയര്‍ന്ന അധികാര സ്ഥാനങ്ങളില്‍ തുടരുകയും ചെയ്യുന്നു.
ഡച്ച് വെല്ലിന് നിങ്ങള്‍ നല്‍കിയ ഇന്റര്‍വ്യൂ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നല്ലോ. അതില്‍ ഈ വ്യാപകമായ ഇസ്‌ലാമോഫോബിയയെ വംശഹത്യയുടെ മുന്നോടിയായി കണക്കാക്കാം എന്ന് നിങ്ങള്‍ പറയുകയുണ്ടായി. ഇത് വിശദമാക്കാമോ?
അതെ. മുസ്ലിംകള്‍ക്കെതിരെ മുഖ്യധാരാ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ഭാഷ അവരെ മനുഷ്യത്വരഹിതമായി രൂപകല്‍പ്പന ചെയ്തതാണെന്ന് ഞാന്‍ പറഞ്ഞു.
മുസ്ലിംകള്‍ക്കെതിരായ വിദ്വേഷത്തിന്റെ അന്തരീക്ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ഈ മഹാമാരിയുടെ സമയത്ത് ഒരു സമൂഹത്തെ മുഴുവന്‍ ”കൊറോണ ജിഹാദികള്‍” എന്ന് ചിത്രീകരിക്കുക വഴി, അത് അവരെ വംശഹത്യ നടത്താനുള്ള സാഹചര്യം സൃഷ്ടിക്കലാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മോബ് ലിഞ്ചിംഗും ജോര്‍ജ്ജ് ഫ്‌ലോയ്ഡ് മോഡല്‍ കൊലപാതകങ്ങളും രാജ്യത്ത് ധാരാളമായി നടന്നിട്ടുണ്ട്. പക്ഷേ, അതിലെ വ്യത്യാസം, ഇന്ത്യയിലെ ഹിന്ദുത്വ ജനക്കൂട്ടം കൊലപാതകം നടത്തുന്നുവെന്നതും പോലീസും നിയമവ്യവസ്ഥയും രാഷ്ട്രീയ കാലാവസ്ഥയും അവരെ രക്ഷപ്പെടാന്‍ സഹായിക്കുന്നു എന്നതാണ്.
ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിനെതിരായ അക്രമങ്ങളുടെയും കൂട്ടക്കൊലകളുടെയും എപ്പിസോഡുകള്‍ പുതിയതല്ല. 2002ല്‍ ഗുജറാത്തില്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടന്ന വംശഹത്യയെക്കുറിച്ച് ചിന്തിച്ചു നോക്കൂ, പകല്‍ വെളിച്ചത്തില്‍ മുസ്‌ലിംകളെ കൊന്നു കൊലവിളിച്ചു. ഒരിക്കല്‍ പോലും മോദി അതില്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ല. എന്നു മാത്രമല്ല, ആ പാരമ്പര്യത്തിന്റെ ബലത്തില്‍ മോദി കൂടുതല്‍ ശക്തനായി അധികാരത്തിന്റെ ഉത്തുംഗതിയിലേക്ക് കടന്നു വന്നു. മോദിയും അയാളുടെ മന്ത്രിമാരും ഇന്ത്യയിലെ ഏറ്റവും ശക്തമായ സംഘടനയായ, ഹിന്ദു മേധാവിത്വമുള്ള ആര്‍.എസ്.എസിലെ അംഗങ്ങളാണ്, മുസ്സോളിനിയില്‍ നിന്നും ഇറ്റാലിയന്‍ ഫാസിസത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടവരാണ് അതിന്റെ സ്ഥാപക നേതാക്കള്‍. ഹിന്ദു ഫാസിസത്തിന് പ്രാദേശികമായ വേരുകളുമുണ്ട്. ജാതിവ്യവസ്ഥ ദിവ്യമായി കണക്കാക്കുന്ന സാമൂഹ്യ ശ്രേണി വ്യവസ്ഥയാണത്. അതില്‍ ബ്രാഹ്മണര്‍ തങ്ങളെ ഉന്നത വര്‍ഗമായി കണക്കാക്കുന്നു. ഇതിലൂടെയാണ് ഫാസിസ്റ്റ് മനോഭാവങ്ങളുടെ അടിത്തറ പണിതുയര്‍ത്തുന്നത്.
മാര്‍ച്ച് അവസാനം ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍, മാധ്യമങ്ങള്‍ നിസാമുദ്ദീനില്‍ നിന്നും നിരവധി പകര്‍ച്ചവ്യാധികളുടെ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. ഞാന്‍ താമസിക്കുന്ന സ്ഥലത്ത് നിന്ന് വളരെ അകലെയല്ല ആ പ്രദേശം. ഏതാനും ആഴ്ചകള്‍ക്കുമുമ്പ് ഒരു ഇസ്‌ലാമിക സംഘടന, തബ്‌ലീഗ് ജമാഅത്ത് ഒരു വലിയ സമ്മേളനം വിദേശത്ത് നിന്നുള്ള നിരവധി പ്രതിനിധികളുമായി സംഘടിപ്പിച്ചിരുന്നു. ഉടന്‍ തന്നെ ‘കൊറോണ ജിഹാദ് ‘ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ പ്രചരിക്കാന്‍ തുടങ്ങി. തബ്‌ലീഗുകാരെ ”മനുഷ്യ ബോംബുകള്‍”(ഔാമി യീായ)െ എന്ന് മുദ്രകുത്തി. മുസ്ലിംകള്‍ക്ക് ആശുപത്രികളില്‍ പ്രവേശനം നിഷേധിക്കുകയും പ്രാദേശിക ബി.ജെ.പി നേതാക്കളും രാഷ്ട്രീയക്കാരും പഴങ്ങളും പച്ചക്കറി വില്‍ക്കുന്ന മുസ്ലിംകളെ ബഹിഷ്‌കരിക്കണമെന്ന് പരസ്യമായി ആഹ്വാനം ചെയ്യുകയും ചെയ്തു.
ജൂതന്മാര്‍ക്കെതിരെ നാസികള്‍ നടപ്പാക്കിയയതിന് സമാനമായിരുന്നു ഹിന്ദുത്വം മുസ്ലിംകള്‍ക്കെതിരെയും നടപ്പാക്കിയത്. ജൂതന്മാര്‍ രോഗവാഹകരാണെന്നും അവരാണ് പകര്‍ച്ചവ്യാധികള്‍ ആളുകള്‍ക്കിടയില്‍ പരത്തിയതെന്നുമായിരുന്നു നാസികള്‍ പ്രചരിപ്പിച്ചിരുന്നത്. ഇവിടുത്തെ മീഡിയകളുടെ സ്വരം, പ്രത്യേകിച്ച് സീ ടി.വി, റിപ്പബ്ലിക് ടി.വി തുടങ്ങിയ ചാനലുകള്‍ റേഡിയോ റുവാണ്ട പോലെ മുഴങ്ങാന്‍ തുടങ്ങി. ഈ ചാനലുകള്‍ക്ക് മോഡി പ്രത്യേക പ്രതിഫലം നല്‍കുന്നു, അദ്ദേഹവും ആഭ്യന്തരമന്ത്രിയും പ്രത്യേക അഭിമുഖങ്ങള്‍ തന്നെ നല്‍കി. ഈ ഹൊറര്‍ ഷോ ഇപ്പോഴും തുടരുന്നു. മുസ്ലിംകളെ മനുഷ്യത്വരഹിതമാക്കുകയും സാമ്പത്തികമായും സാമൂഹികമായും അവരെ ബഹിഷ്‌കരിക്കുകയും ചെയ്യുന്നു . ഇതൊക്കെ തന്നെയാണ് വംശഹത്യയുടെ ആദ്യപടി. റോബര്‍ട്ട് ജയ് ലിഫ്റ്റനെപ്പോലുള്ള വംശഹത്യയെ കുറിച്ച് പഠനം നടത്തുന്ന സ്‌കോളേഴ്‌സിനെ വായിച്ചാല്‍ നിങ്ങള്‍ക്ക് അത് ബോധ്യപ്പെടും.
ലോക്ഡൗണിനു തൊട്ടുമുമ്പുള്ള മാസങ്ങളില്‍, ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള ശക്തമായ പ്രതിഷേധ പരിപാടികള്‍ വളര്‍ന്നു വരികയായിരുന്നു. സ്ഥിതിഗതികള്‍ ഇത്രവേഗം വഷളാകുന്നത് എങ്ങനെ നോക്കിക്കാണുന്നു?
അതെ. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് നടന്ന ആ പ്രതിഷേധം യു.എസില്‍ ഇപ്പോള്‍ നടക്കുന്നതുപോലെയായിരുന്നു. എല്ലാവരും ഒന്നിച്ചു ചേര്‍ന്ന് വിഭാഗീയതയില്ലാതെ നടത്തിയ വളരെ മനോഹരവും കാവ്യാത്മകവുമായിരുന്നു ആ സമരങ്ങള്‍. ഡിസംബറില്‍ പൗരത്വ ഭേദഗതി ബില്‍ വന്നതോടെ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു രംഗത്ത് വന്നു. ഇവരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. പോലീസ് കാമ്പസുകളില്‍ ഇരച്ചു കയറി, ലൈബ്രറി തകര്‍ത്തു, വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആയുധങ്ങള്‍ ഉപയോഗിച്ചു. സാധാരണയായി അത് തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുന്നതായിരുന്നു. ഇത് യുവതലമുറയെ പ്രകോപിപ്പിച്ചു. തത്ഫലമായി ഇന്ത്യയിലുടനീളം വന്‍ പ്രതിഷേധം ഉയര്‍ന്നുവന്നു. ദില്ലിയില്‍, ഷഹീന്‍ ബാഗ് പരിസരത്ത്, ആയിരക്കണക്കിന് സ്ത്രീകള്‍ ഒരുമിച്ച് കൂടി റോഡ് ഉപരോധിച്ചു സമരം ചെയ്തു. കവിതകള്‍ ആലപിച്ചും പാട്ട് പാടിയും സര്‍ഗാത്മക സമരത്തിന്റെ സിരാകേന്ദ്രമായി ഷഹീന്‍ ബാഗ് മാറി. മുംബൈ, ബെംഗളൂരു, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലും ഇത് അനുരണനങ്ങള്‍ സൃഷ്ടിച്ചു. ദില്ലി സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയപ്പോള്‍ മോദിയും പാര്‍ട്ടിയും ഈ സ്ത്രീകളെ പാക്കിസ്ഥാനി തീവ്രവാദികളായി ചിത്രീകരിച്ചു. ഇത് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതില്‍ വച്ച് ഏറ്റവും മോശമായ പ്രചാരണമായിരുന്നു. പക്ഷേ, അവര്‍ തോറ്റു. ആം ആദ്മി പാര്‍ട്ടി 70 ല്‍ 62 സീറ്റുകള്‍ നേടി. ആ തോല്‍വിക്ക് തൊട്ടുപിന്നാലെ നോര്‍ത്ത് ഈസ്റ്റ് ദില്ലിയില്‍ മുസ്‌ലിം വിരുദ്ധ വംശഹത്യക്ക് തുടക്കം കുറിച്ചു.
വംശീയ കലാപത്തിന്റെ തീക്കാറ്റില്‍ ഡല്‍ഹി കത്തിയെരിയുമ്പോഴും കൂട്ടക്കൊലകള്‍ അരങ്ങേറുമ്പോഴും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യാ സന്ദര്‍ശനത്തിലായിരുന്നു. കലാപം കണ്ടില്ലെന്ന് നടിക്കുകയും മോദിയെ വാഴ്ത്തിപ്പാടുകയുമായിരുന്നു ട്രംപ് ചെയ്തത്. കലാപത്തില്‍ അമ്പതിലേറെ ജീവന്‍ പൊലിഞ്ഞു. യുഎസില്‍ ഇത് വലിയ വാര്‍ത്തയായത് ബി.ജെ.പിയെ പ്രകോപിപ്പിച്ചു. ഇപ്പോള്‍ നമ്മളെല്ലാവരും ലോക്ഡൗണിലായിരിക്കെ, ബി.ജെ.പി നേതാക്കള്‍ പരസ്യമായി ആഹ്വാനം ചെയ്തു നടപ്പിലാക്കിയ ഡല്‍ഹി കലാപത്തില്‍ ഗൂഢാലോചന കുറ്റം ചുമത്തി വിദ്യാര്‍ത്ഥികളെ വ്യാപകമായി അറസ്റ്റ് ചെയ്യുകയാണ്.
ലോക്ക്ഡൗണിന്റെ അവസാന ആഴ്ചകള്‍ തികച്ചും നാടകീയമായിരുന്നു. ദക്ഷിണേന്ത്യയിലെ ഒരു കെമിക്കല്‍ പ്ലാന്റില്‍ വാതക ചോര്‍ച്ച മൂലം 11 പേര്‍ മരിക്കുകയും നൂറുകണക്കിന് ആളുകള്‍ രോഗികളാവുകയും ചെയ്തു. ഒരു ചരക്ക് ട്രെയിനിനകത്ത് പതിനാറ് കുടിയേറ്റക്കാര്‍ ഉറക്കത്തില്‍ മരിച്ചു; ചുഴലിക്കാറ്റില്‍ 80 ലധികം പേര്‍ മരിച്ചു. ലോക്ക്ഡൗണില്‍ നിന്ന് ഏത് തരത്തില്‍ ഇന്ത്യ ഉയര്‍ന്നുവരും?
മനുഷ്യശരീരത്തിലെന്ന പോലെ, ഈ വൈറസ് സാമൂഹിക തലത്തിലും കൂടുതല്‍ ശക്തമായി ത്വരിതഗതിയില്‍ വലിയ നാശം വിതച്ചു. . ഇത് ഇന്ത്യയെ ആഴത്തില്‍ മുറിവേല്‍പ്പിക്കും അസമത്വത്താല്‍ സാമൂഹികമായി കൂടുതല്‍ വിഭജിക്കുകയും ചെയ്തു. ലോക്ഡൗണ്‍ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുക മാത്രമല്ല, ക്രൂരമായി ചൂഷണം ചെയ്യപ്പെടുകയും കഷ്ടിച്ച് ഉപജീവന വേതനം നല്‍കുകയും ചെയ്ത ഒരു വലിയ തൊഴില്‍ സേനയുടെ തിരോധാനത്തിനും കാരണമായി. കുടിയേറ്റ തൊഴിലാളികളുടെ ഭയാനകമായ പലായനം, തെഴിലാളി വര്‍ഗത്തിന്റെ ജീവിതം എത്രമേല്‍ ദുസ്സഹവും ദുര്‍ബലവുമാണെന്നും കാണിച്ചു തന്നു. ഇതിനിടയിലും ചൈനയുമായി മത്സരിക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കുന്നതിനായി
തൊഴില്‍ സംരക്ഷണ നിയമങ്ങള്‍ പൊളിച്ചുനീക്കാന്‍ കോര്‍പ്പറേറ്റുകള്‍ ആവശ്യപ്പെടുന്നു (ഏത് സാഹചര്യത്തിലും പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നത് പാവപ്പെട്ട തെഴിലാളികളാണ്). ഇതിന്റെയെല്ലാം അനന്തരഫലങ്ങള്‍ മുന്‍കൂട്ടി കാണുക എളുപ്പമല്ല. ലോക്ഡൗണിന് മുമ്പു തന്നെ നാല്‍പത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കിലാണ് നമ്മള്‍ ഉള്ളത്. രാജ്യം മുഴുവന്‍ പ്രതിസന്ധിയിലാണ്, ഇനിയെന്ത് സംഭവിക്കുമെന്ന് എനിക്ക് ഊഹിക്കാന്‍ പോലും കഴിയുന്നില്ല. ദശലക്ഷക്കണക്കിന് ഭക്ഷ്യ ധാന്യങ്ങള്‍ വെയര്‍ഹൗസുകളില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ടെങ്കിലും, വിശന്നു വലഞ്ഞുള്ള മരണങ്ങളുടെ അപകട സാധ്യത കൂടുതലാണ്. അഭിശിപ്തമായ ഈ സാഹചര്യത്തിന്റെ ഭയാനകത, വീടുകളില്‍ സുരക്ഷിതരായി കഴിയുന്നവര്‍ക്കും തിരിച്ചറിയാന്‍ സാധിക്കുന്നു എന്നതാണ് ഏക ആശ്വാസം. ഒരുപക്ഷേ, അവരെ കൊണ്ട് യാതൊരു സഹായവും ഇതില്‍ ചെയ്യാനും സാധിക്കില്ല, മറിച്ച,് ഈ അപകടത്തിന്റെ വ്യാപ്തി മനസിലാക്കാനും അനീതിയുടെ ആഴം തിരിച്ചറിയാനും ഇതുപോലുള്ള ഒരു സമൂഹത്തിന്റെ ഭാഗമായതില്‍ ലജ്ജയെങ്കിലും തോന്നാന്‍ അത് അവരെ പ്രേരിപ്പിക്കും. ഇവിടുത്തെ മീഡിയകളും ബോളിവുഡും സാംസ്‌കാരിക നായകന്മാരാലും ഇത് മറച്ചുവെക്കപ്പെടുകയാണ്. വരാനിരിക്കുന്ന ആഴ്ചകളിലും മാസങ്ങളിലും എന്തുസംഭവിക്കാം, ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് എല്ലായിടത്തും. നമ്മള്‍ ഓരോരുത്തരെയും ആശ്രയിച്ചിരിക്കും അത്. നമ്മള്‍ അതേ പാതയില്‍ തിരിച്ചെത്തുമോ അതോ മാറ്റത്തിനായി പോരാടുമോ?
സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മനുഷ്യാവകാശ കോടതികള്‍ പരിശോധിക്കണമെന്ന് നിങ്ങള്‍ നിര്‍ദ്ദേശിക്കുകയുണ്ടായി, അതിനെ കുറിച്ച് ?
അതെ, കാരണം ജനങ്ങളോട് ചെയ്തിട്ടുള്ളത് എന്റെ കാഴ്ചപ്പാടില്‍ മനുഷ്യരാശിക്കെതിരായ കുറ്റമാണ്. അതിന്റെ പൂര്‍ണരൂപങ്ങള്‍ അറിയുന്നതിന്, വിശ്വസിക്കാന്‍ കഴിയുന്ന വസ്തുതകള്‍ ആവശ്യമാണ്. ആരോഗ്യരംഗത്ത്, സാമ്പത്തിക രംഗത്ത്, മാധ്യമങ്ങളുടെ പങ്ക് എല്ലാം. ഡോക്യുമെന്റേഷനും തെളിവുകളും സാക്ഷ്യപത്രങ്ങളും ശേഖരിക്കുന്നത് ഒരു വിപ്ലവകരമായ പ്രവര്‍ത്തനമായിരിക്കും.