ഉസ്താദിന്റെ വ്യക്തി ജീവിതത്തില്‍ നിന്ന് തുടങ്ങാം. ജനനം, നാട്, കുടുംബ പശ്ചാത്തലം…?
1945 ല്‍ കുമരനെല്ലൂരിനടുത്തുള്ള മാവറയിലെ ഉമ്മയുടെ വീട്ടിലായിരുന്നു എന്റെ ജനനം. ഉമ്മയ്യയാണ് എന്റെ മാതാവ്. ഒരു കര്‍ഷക കുടുംബമായിരുന്നു ഞങ്ങളുടേത്. പിതാവ് കുഞ്ഞാലി അറിയപ്പെട്ട കര്‍ഷകനും പിതാമഹന്‍ കുഞ്ഞിമുഹമ്മദ് കച്ചവടക്കാരനുമായിരുന്നു. കുമരനെല്ലൂരിലെ വീട് തറവാടായത് കൊണ്ടും ഉമ്മയുടെ ആദ്യ പ്രസവമായത് കൊണ്ടും നാല് വയസ്സ് വരെ മാവറയില്‍ തന്നെയായിരുന്നു ഞാന്‍ വളര്‍ന്നത്. മാവറയിലെ വീട് മണ്‍കട്ടയും ഓലയും കൊണ്ട് നിര്‍മിച്ചതായിരുന്നു. 4 വര്‍ഷത്തിനു ശേഷമാണ് കുമരനെല്ലൂരില്‍ വീടുണ്ടാക്കിയത്. അന്നത് കല്ലും ഓലയും കൊണ്ട് നിര്‍മിച്ചതായിരുന്നു.
ഉസ്താദിന്റെ പ്രാഥമിക വിദ്യാഭ്യാസം എവിടെയായിരുന്നു?
കുമരനെല്ലൂരിലെ ഓത്തുപള്ളിയിലായിരുന്നു ആദ്യ പഠനം. അന്നെനിക്ക് അഞ്ചോ ആറോ വയസ്സായിരുന്നു പ്രായം. തുറക്കല്‍ മുഹമ്മദ് മാസ്റ്ററായിരുന്നു സ്‌കൂള്‍ മാനേജര്‍. എനിക്ക് ആദ്യാക്ഷരം കുറിച്ച് തന്നതും അദ്ദേഹമായിരുന്നു. മാസത്തില്‍ സ്‌കൂള്‍ നല്‍കുന്ന 20 രൂപയും വിദ്യാര്‍ഥികളില്‍ നിന്നും ലഭിക്കുന്ന കൈമടക്കുകളുമായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. കാല്‍ ജുസുഉം, അര ജുസുഉം തീരുന്ന മുറക്ക് വിദ്യാര്‍ഥികളില്‍ നിന്നു ലഭിക്കുന്ന അല്‍പം കാശും ശര്‍ക്കരയും തേങ്ങാപൂളും മൊല്ലയ്ക്ക് ലഭിക്കും. പത്തു മണിക്ക് മുമ്പു തന്നെ ഓത്തു പള്ളി അവസാനിക്കും. ശേഷം അര മണിക്കൂര്‍ കഴിഞ്ഞാണ് സ്‌കൂള്‍ ആരംഭിക്കുക. അവിടെ മൂന്ന് അധ്യാപകന്മാരും രണ്ട് അധ്യാപികമാരുമായിരുന്നു ഉണ്ടായിരുന്നത്. ഒരു ക്ലാസില്‍ മുപ്പതോളം വിദ്യാര്‍ഥികളുണ്ടായിരുന്നു. കുമരനെല്ലൂരിലെ പഠന ശേഷം മാപ്പിള സ്‌കൂളിലായിരുന്നു എന്റെ പഠനം. ഹൈസ്‌കൂളില്‍ പോകാന്‍ എനിക്ക് സാധിച്ചിട്ടില്ല.
ദീര്‍ഘ കാലത്തെ ദര്‍സീ ജീവിതത്തെക്കുറിച്ച് ?
മാരായംകുന്നിലെ ദര്‍സില്‍ പ്രമുഖ പണ്ഡിതനായിരുന്ന പടിഞ്ഞാറങ്ങാടി കോയക്കുട്ടി മുസ്‌ലിയാര്‍ക്കു കീഴിലായിരുന്നു ദര്‍സീ ജീവിതത്തിന്റെ തുടക്കം.ശംസുല്‍ ഈമാന്‍, കിഫായതുല്‍ അവാം, മീസാന്‍ തുടങ്ങി തുഹ്ഫ വരെ അവിടെ നിന്നുമാണ് ഓതിയത്. പിന്നീട് കുമരനെല്ലൂരില്‍ ദര്‍സ് തുടങ്ങിയപ്പോള്‍ അങ്ങോട്ടു പോയി. മോളൂര്‍ മുഹമ്മദ് മുസ്‌ലിയാരായിരുന്നു അവിടെ മുദരിസ്. എന്നാല്‍, ഞാന്‍ അദ്ദേഹത്തില്‍ നിന്നും ഓതിയിട്ടില്ല. ദര്‍സിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികളെ താഴെയുള്ളവര്‍ക്ക് ഏല്‍പിച്ച് കൊടുക്കുന്ന രീതി അവിടെയുമുണ്ടായിരുന്നു. ഞാനും മുഹമ്മദുണ്ണി പടിഞ്ഞാറങ്ങാടിയും ഫഖ്‌റുദ്ദീന്‍ കോയമ്പത്തൂരും അന്നവിടെ സീനിയര്‍ ഉസ്താദായിരുന്ന സഅ്ദുള്ള മുസ്‌ലിയാരില്‍ നിന്നുമാണ് ഖതറുന്നദയും അല്‍ഫിയയിലെ മുന്നൂറില്‍ പരം ബൈതുകളും ഓതിയത്. മുഹമ്മദ് മുസ്‌ലിയാരുടെ വഫാതിനു ശേഷം ശുജാഇ മുഹമ്മദ് മുസ്‌ലിയാരായിരുന്നു എത്തിയത്. പ്രസിദ്ധ പണ്ഡിതന്‍ ശുജാഇ മൊയ്തു മുസ്‌ലിയാരുടെ പൗത്രനുമായിരുന്നു അദ്ദേഹം. സഅ്ദുള്ള മുസ്‌ലിയാല്‍ നിന്നും ഓത്ത് തുടര്‍ന്നതിനാല്‍ എനിക്ക് അദ്ദേഹത്തിന്റെയും ശിഷ്യത്വം ലഭിച്ചിരുന്നില്ല. ശേഷം കുളത്തോള്‍ ദര്‍സില്‍ തേനുട്ടി മുസ്‌ലിയാര്‍ക്കു കീഴില്‍ ഓതിത്താമസിച്ചു. അല്‍ഫിയ, ഫത്ഹുല്‍ മുഈന്‍ എന്നീ കിതാബുകള്‍ അവിടെ നിന്നുമാണ് ഓതിയത്. ശേഷം വളവന്നൂരില്‍ നാദാപുരം മുഹമ്മദ് ബാഖവി ഉസ്താദിനു കീഴില്‍ ഓതി. ശേഷം കാനാഞ്ചേരിയില്‍ പൊന്മള മൊയ്തീന്‍ ബാഖവി ഉസ്താദിനു കീഴില്‍ പഠിച്ചു. ഒരാഴ്ചക്കാലം കാനാഞ്ചേരി ദര്‍സില്‍ എന്റെ സഹപാഠിയായിരുന്നു വന്ദ്യരായ പാണക്കാട് ഉമറലി ശിഹാബ് തങ്ങള്‍. നാദാപുരം മുഹമ്മദ് മുസ്‌ലിയാര്‍ വളവന്നൂരിലേക്കു മടങ്ങി വന്നപ്പോള്‍ അവിടേക്കു തന്നെ മടങ്ങി. ശേഷം വളവന്നൂരില്‍ തന്നെ ഹബീബ് ബീരാന്‍ ഉസ്താദിനു കീഴില്‍ പഠച്ചു. ചേറൂര്‍ ഉസ്മാന്‍ മുസ്‌ലിയാര്‍, വേങ്ങര അഹ്മദ് മുസ്‌ലിയാര്‍, ചേറൂര്‍ കുഞ്ഞുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ അവിടെ ശരീകുമാരായിരുന്നു. ശേഷം പടിഞ്ഞാറങ്ങാടിയിലും കണ്ണൂര്‍ ചെറുകുന്നിലും ഉസ്താദ് മമ്മിക്കുട്ടി മുസ്‌ലിയാര്‍ക്കു കീഴില്‍ ഓതി. ശറഹുത്തഹ്ദീബ്, മുഖ്തസര്‍, മഹല്ലി, മൈബദി, ഫലഖ്, ഖുലാസ തുടങ്ങിയ കിതാബുകള്‍ അദ്ദേഹത്തില്‍ നിന്നാണു പഠിച്ചത്.
ഉപരി പഠനം എവിടെയായിരുന്നു ?
1968-70 കാലമാണ് എന്റെ വെല്ലൂര്‍ പഠനം കാലം. ശൈഖ് ഹസന്‍ ഹസ്രത്തായിരുന്നു അന്ന് പ്രിന്‍സിപ്പാള്‍. കൂടെ ഫള്ഫരി കുട്ടി മുസ്‌ലിയാര്‍, സയ്യിദ് ബഖ്തിയാര്‍ ഹസ്രത്ത്, സൈനുല്‍ ആബിദീന്‍ ഹസ്രത്ത്, കമാലുദ്ദീന്‍ ഹസ്രത്ത് എന്നിവരും അധ്യാപകരായിട്ടുണ്ടായിരുന്നു. തൗളീഹ്, തന്‍ഖീഹ്, ഖാളി, സുല്ലമുസ്സുബൂത്, മുഅല്ലഖ എന്നീ പ്രമുഖ ഗ്രന്ഥങ്ങളാണ് അവിടെ നിന്നും പഠിച്ചത്. ക്ലാസ് ഉറുദു ഭാഷയിലായതിനാല്‍ ഉറുദു പഠിക്കല്‍ നിര്‍ബന്ധമായിരുന്നു. രണ്ടു വര്‍ഷത്തെ പഠനത്തിനിടയില്‍ രണ്ടു തവണ മാത്രമാണ് നാട്ടില്‍ വന്നത്. രിസാല ഞാന്‍ ഓതുന്നത് ബാഖിയാതില്‍ നിന്നാണ്. സഹപാഠിയായ അത്തിപ്പറ്റ അബ്ദു മുസ്‌ലിയാരാണ് ഓതിത്തന്നത്.
ദീര്‍ഘ കാലം ചെറവല്ലൂരിലാണ് ഉസ്താദ് സേവനം ചെയ്തത്. ആ ഓര്‍മകള്‍ എങ്ങനെ പങ്കുവക്കുന്നു ?
1970 ലാണ് ഞാന്‍ ബാഖവി ബിരുദം കരസ്ഥമാക്കിയത്. ആ വര്‍ഷം എന്റെ 25ാം വയസ്സില്‍ ഞാന്‍ ചെറുവല്ലൂര്‍ മഹല്ലില്‍ വന്ദ്യഗുരു മമ്മിക്കുട്ടി ഉസ്താദിന്റെ നിര്‍ദേശ പ്രകാരം സേവനം തുടങ്ങി. ആദ്യ മൂന്നു വര്‍ഷം വിദേശികളായി അഞ്ചോ ആറോ വിദ്യാര്‍ഥികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മഗ്‌രിബിനു ശേഷമുള്ള നാട്ടുദര്‍സ് അവിടെ സജീവമായിരുന്നു. തഴവ ഉസ്താദ് ഒരിക്കല്‍ അവിടെ പ്രസംഗിക്കാന്‍ വന്നു. ദര്‍സും ശിക്ഷണ ശൈലിയും ഇഷ്ടപ്പെട്ട് സഈദെന്ന അദ്ദേഹത്തിന്റെ മകനെ എന്നെ ഏല്‍പിച്ചു. കക്കിടിപ്പുറത്തിന്റെ ജേഷ്ഠന്റെ പൗത്രന്‍ സ്വാലിഹ് അവിടെ ഓതിയിരുന്നു. എരമംഗലം മുഹമ്മദ് മുസ്‌ലിയാരായിരുന്നു അവിടെ ഖതീബ്. മുദരിസായ ഞാന്‍ ഖതീബിന്റെ അഭാവത്തില്‍ ഖുതുബ നിര്‍വഹിക്കാറുണ്ടായിരുന്നു.
മകരം നേര്‍ച്ചയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ അക്കാലത്ത് ഉണ്ടായിരുന്നല്ലോ? എന്തായിരുന്നു ഉസ്താദിന്റെ നിലപാട്?
മകരം ഒന്നിന് കേരളത്തില്‍ വിവിധ ഭാഗങ്ങളിലായി ഒരു നേര്‍ച്ച നടന്നു വന്നിരുന്നു. എറണാംകുളത്തെ കാഞ്ഞിരമുറ്റത്ത് അന്ത്യ വിശ്രമം കൊള്ളുന്ന ഫരീദ് ഔലിയയുടെ പേരിലായിരുന്നു അത്. ആനയും അമ്പാരിയുമൊക്കയായി ഏറെ സജീവമായിരുന്നു നേര്‍ച്ച. ഇത് നിര്‍ത്തലാക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവരുന്നതിനിടയിലാണ് നാട്ടിലെ പ്രമുഖ സൂഫിവര്യനായിരുന്ന മൊയ്തീന്‍ കോയ എന്നവര്‍ വഫാത്താകുന്നത്. പിന്നീട് മകരം ഒന്നിലെ നേര്‍ച്ച അദ്ദേഹത്തിന്റെ പേരിലായി. പക്ഷേ, അതിലും അനിസ്‌ലാമികത കടന്നു കൂടി. ഞാന്‍ അതിനെതിരായിരുന്നു. എന്റെ പ്രഭാഷണങ്ങളില്‍ ഞാന്‍ ആ നേര്‍ച്ചയെ ശക്തമായി വിമര്‍ശിച്ചു. നാട്ടുകാര്‍ രണ്ടു പക്ഷക്കാരായി. സജീവ ചര്‍ച്ചകള്‍ നടന്നു. പഞ്ചായത്ത് കൂടി. നേര്‍ച്ച തുടരാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നെ അനുകൂലിച്ചവരും മറുകണ്ടം ചാടിയതോടെ എനിക്ക് മാനസികമായി ഏറെ പ്രയാസം അനുഭവപ്പെട്ടു. ഞാന്‍ ജോലി ഒഴിവാകാന്‍ തീരുമാനിച്ചു. കക്കിടിപ്പുറം ശൈഖിനോട് വിവരം പറഞ്ഞപ്പോള്‍ അദ്ദേഹം ചോദിച്ചു ‘അവര്‍ ജോലി ഒഴിവാക്കാന്‍ പറഞ്ഞിട്ടുണ്ടോ?’ ‘ഇല്ല എനിക്ക് ചില മാനസിക പ്രയാസങ്ങള്‍ ഉണ്ട്’. ”അത് ജോലി ചെയ്യുമ്പോള്‍ സാധാരണ ഉണ്ടാകുന്നതല്ലേ?” എന്നദ്ദേഹം പറഞ്ഞു. അങ്ങനെ ഞാനവിടെ തന്നെ തുടരാന്‍ തീരുമാനിച്ചു. അതിനു ശേഷം ദര്‍സ് ഒന്നുകൂടി മെച്ചപ്പെട്ടു, വിദ്യാര്‍ഥികള്‍ അധികരിച്ചു. മറ്റൊരിക്കല്‍ കൊടുങ്ങല്ലൂരില്‍ നിന്നും ഒരു സംഘം എന്നെ തേടിവന്നു. 250 രൂപയാണ് ശമ്പളം. എനിക്ക് ചെറവല്ലൂരില്‍ 70 രൂപയായിരുന്നു അന്ന് ശമ്പളം. ഞാന്‍ പിതാവിനോട് അഭിപ്രായം തേടി. പണത്തിന്റെ സിയാദത്തിനു ജോലി മാറേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ ആജ്ഞ. 2000 നു മുമ്പാണ് ഞാന്‍ ചെറവല്ലൂരില്‍ നിന്നും പോരുന്നത്. റമളാനിന്റെ ആറുമാസം മുമ്പായിരുന്നു അത്. പക്ഷേ, റമള്വാനില്‍ ചെറവല്ലൂരിലെ നാട്ടുകാര്‍ എന്നെ സമീപിച്ചു. ഞാന്‍ അവിടേക്ക് തിരികെ ചൊല്ലണമെന്നും ഈ കഴിഞ്ഞ കാലയളവില്‍ എന്റെ അഭാവം നിമിത്തം നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും അവര്‍ പറഞ്ഞു. അങ്ങനെ ഒരു വര്‍ഷം കൂടി ഞാന്‍ അവിടെ നിന്നു. പിന്നീട് അവിടെയും ഇവിടെയും (ദാറുല്‍ ഹിദായ ദഅ്‌വ കോളേജ് എടപ്പാള്‍) ആയി നിന്നു പോന്നു. 2005 വരെ ഇതു തുടര്‍ന്നു. പിന്നീട് ഇവിടെ സ്ഥിരമായി.
ഉസ്താദിന്റെ വിവാഹം, സന്താനങ്ങള്‍…?
കോക്കൂരിലെ കീട്ടില്‍വളപ്പില്‍ മുഹമ്മദ് ഹാജിയുടെ മകള്‍ ഖദീജയാണ് സഹധര്‍മിണി. എനിക്ക് മൂന്നു മക്കളാണുള്ളത്. രണ്ട് പെണ്ണും ഒരാണും.
കെ.വി ഉസ്താദുമായും ദാറുല്‍ ഹിദായയുമായുമുള്ള ഉസ്താദിന്റെ ബന്ധം തുടങ്ങിയത് എങ്ങനെയായിരുന്നു ?
1982 കാലഘട്ടം, ഞാന്‍ പൊന്നാനി താലൂക്ക് എസ്.വൈ.എസ് പ്രസിഡന്റായിരുന്ന കാലം, പി.വി മുഹമ്മദ് മൗലവിയായിരുന്നു അന്ന് സെക്രട്ടറി. ആ കാലത്താണ് ഒരു യതീംഖാന സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചന നടക്കുന്നത്. കടവല്ലൂര്‍ ഹമീദ് ഹാജി യതീംഖാന നിര്‍മാണത്തിന് അര ഏക്കര്‍ സ്ഥലം നല്‍കി. നിര്‍മാണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തൊഴിയൂര്‍ കുഞ്ഞി മുഹമ്മദ് മുസ്‌ലിയാരെ കാണാന്‍ ഞാനും ആനക്കര കുഞ്ഞി മുഹമ്മദ് മുസ്‌ലിയാരും പി.വിയും പോയി. സ്ഥലം നോക്കാന്‍ അദ്ദേഹം വന്നു. അപ്പോള്‍ ഇങ്ങനെ പറഞ്ഞു: ഇത് കൊണ്ടൊന്നും ആകില്ല, ചുരുങ്ങിയത് 2 ഏക്കര്‍ സ്ഥലമെങ്കിലും ആവശ്യമായി വരും. ഇതുകേട്ട ഹമീദ് ഹാജി അതിനും തയ്യാറായി. തുടര്‍ന്ന് ഒരു പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. അതിന്റെ മുഖ്യ രക്ഷാധികാരിയായിരുന്നു കെ.വി ഉസ്താദ്. ഉസ്താദുമായി പലപ്പോഴും സംവദിക്കാന്‍ അവസരമുണ്ടായിട്ടുണ്ടെങ്കിലും ഏറെ അടുത്തിടപെടാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ഒന്നാമതായി ഞാന്‍ ദാറുല്‍ ഹിദായയില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനു മുമ്പാണ് അദ്ദേഹത്തിന്റെ വഫാത്ത് സംഭവിക്കുന്നത്. അതിന് മുമ്പ് എന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതലായും ചെറവല്ലൂരില്‍ തന്നെയായിരുന്നു. എങ്കിലും ഓര്‍മയില്‍ സൂക്ഷിക്കുന്ന ചില അനുഭവങ്ങളുണ്ട്. സുന്നത്ത് ജമാഅത്ത് സംബന്ധമായി അരെങ്കിലും സംശയം ആരായുമ്പോള്‍ അതിന് മറുപടി നല്‍കാന്‍ എനിക്ക് ചില പ്രയാസങ്ങള്‍ നേരിട്ടിരുന്നു. അക്കാലത്താണ് ദാറുല്‍ ഹിദായയില്‍ സുന്നത്ത് ജമാഅത്ത് ക്ലാസ് നടത്താറുണ്ടായിരുന്ന കെ.വി ഉസ്താദിനോട് ഞാന്‍ എന്റെ വിഷമങ്ങള്‍ പങ്കുവച്ചത്. അദ്ദേഹം തന്ന ഉപദേശങ്ങളാണ് ആ രംഗത്ത് എനിക്ക് കൂടുതല്‍ ഊര്‍ജം ലഭിക്കാന്‍ കാരണമായത്.
ഉസ്താദിന്റെ ആത്മീയ ബന്ധങ്ങളെക്കുറിച്ച്..?
പഠന കാലം മുതലേ കക്കിടിപ്പുറം ഉസ്താദിനെ സന്ദര്‍ശിക്കാന്‍ പോകുമായിരുന്നു. ശൈഖ് ഹസന്‍ ഹസ്രത്തില്‍ നിന്ന് ചില ഇജാസത്തുകള്‍ വാങ്ങിയിട്ടുണ്ട്.
പുതിയാപ്പിള ഉസ്താദിന്റെ മകന്‍ ബാപ്പു മുസ്‌ലിയാര്‍, ചാവക്കാട് ബുഖാറയിലെ ഹിബത്തുള്ള തങ്ങള്‍ എന്നിവര്‍ എന്റെ എന്റെ ആത്മീയ ഗുരുക്കളാണ്. തേനു മുസ്‌ലിയാര്‍, തൃപ്പനച്ചി ഉസ്താദ് തുടങ്ങിയ മഹാന്മാരുമായി അടുത്തിടപഴകാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു.
കണ്ണിയ്യത്ത് ഉസ്താദ്, ശുസുല്‍ ഉലമ തുടങ്ങിയ മഹാന്‍മാരുമായുള്ള അനുഭവം ?
വളവന്നൂര്‍ ദര്‍സില്‍ പഠിക്കുന്ന കാലത്താണ് ആദ്യമായി ശംസുല്‍ ഉലമയെ കാണുന്നത്. കോക്കൂരില്‍ ചേകന്നൂര്‍ മൗലവിയുമായി സംവാദത്തിന് വന്നതായിരുന്നു അദ്ദേഹം. കൂടെ ഇ.കെ ഹസന്‍ മുസ്‌ലിയാരുമുണ്ടായിരുന്നു. ഓരോ വിഭാഗത്തില്‍ നിന്നും 2 പേര്‍ക്കായിരുന്നു സംസാരിക്കാന്‍ അവസരം. ആദ്യം മൗലവിയുടെ വിഭാഗം പ്രസംഗിച്ചു, ശേഷം ശംസുല്‍ ഉലമയാണ് സംസാരിച്ചത്. അങ്ങനെ അദ്ദേഹത്തിന്റെ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ”ഇനി മറ്റൊരാള്‍ പ്രസംഗിക്കും” എന്ന് ശംസുല്‍ ഉലമ പറഞ്ഞതും സദസ്സ് ഒന്നടങ്കം ശംസുല്‍ ഉലമയോടു പ്രസംഗം തുടരാനാവശ്യപ്പെട്ടു. അങ്ങനെ 2 മണിക്കൂറും ഉസ്താദ് തന്നെ പ്രസംഗിച്ചു. പിരിഞ്ഞു പോകാന്‍ നേരം ഹസന്‍ മുസ്‌ലിയാര്‍ ഇനി വല്ല സംശയുമുണ്ടെങ്കില്‍ നാളെയാകാം എന്ന് പറഞ്ഞു. ഉടന്‍ ശംസുല്‍ ഉലമ എഴുന്നേറ്റ് നിന്ന് പറഞ്ഞു, ”ഇനി സംശയം ഒന്നുമില്ല”. പോലീസിന് നിയന്ത്രിക്കാനാകാത്ത വിധം ജനാവലിയുണ്ടായിരുന്നു. പക്ഷേ, ശംസുല്‍ ഉലമ ജനത്തെ നിയന്ത്രിച്ചു നിര്‍ത്തി.
ഹബീബ് ബീരാന്‍ ഉസ്താദിന്റെ കീഴില്‍ പഠനം നടത്തുമ്പോള്‍ കെ.വി ഉസ്താദും ശംസുല്‍ ഉലമയും വഅഌന് വന്നിരുന്നു. മിഅ്‌റാജ് റൂഹിയ്യോ ജസദിയ്യോ എന്നതായിരുന്നു വിഷയം. കെ.വി ഉസ്താദ് പ്രസംഗത്തിനിടയില്‍ ‘എനിക്ക് സൈക്കിള്‍ ഓടിക്കാന്‍ അറിയില്ല. അങ്ങനെയുള്ള ഞാന്‍ സൈക്കിളോടിക്കുന്നതായി സ്വപ്‌നം കണ്ടു. അതു കൊണ്ട്…’ എന്ന് പറഞ്ഞുകൊണ്ടിരിക്കെ ശംസുല്‍ ഉലമ പറഞ്ഞു’ കെ.വീ… ഇതുപോലെയാണോ മിഅ്‌റാജ് എന്നു ചോദിക്കൂ.
മറ്റൊരിക്കല്‍ ചെറുകുന്നിലേക്ക് വന്നപ്പോള്‍ മമ്മിക്കുട്ടി ഉസ്താദ് എന്നെ ഉസ്താദിനു പരിചയപ്പെടുത്തി കൊടുത്തിരുന്നു. പിന്നീട് ഞാന്‍ ശംസുല്‍ ഉലമയുമായി ബന്ധപ്പെടുന്നത് പാനായിക്കുളത്തു നിന്നും മടങ്ങിവരുന്ന വഴിയാണ്. പുറങ്ങ് അബ്ദുള്ള മുസ്‌ലിയാരുമൊത്ത് ആലുവ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ ശംസുല്‍ ഉലമ അവിടെയുണ്ട്. എന്തോ ഒരു പരിപാടിക്കു വന്നതാണ്. ഒറ്റക്കായതിനാല്‍ കുറ്റിപ്പുറം വരെ ഞങ്ങളും കൂടി. ഒരു മസ്അല ചോദിക്കാനുണ്ടായിരുന്നു. ഞാനത് പുറങ്ങിനോട് പറഞ്ഞു. അപ്പോള്‍ ശംസുല്‍ ഉലമയോട് പുറങ്ങ് പറഞ്ഞു മൂപ്പര്‍ക്ക് എന്തോ ചോദിക്കാനുണ്ട്. പുരുഷന്റെ മയ്യിത്ത് നിസ്‌കാരത്തില്‍ തല ഭാഗത്ത് നില്‍ക്കുമ്പോള്‍ ശരീരത്തിന്റെ മുഅഌമും(അധികവും) ഇടതു ഭാഗത്തേക്ക് വരുന്നു. ചില കിതാബുകളില്‍ മുഅഌ വലതു ഭാഗത്താണ് വരേണ്ടത് എന്നു കാണുന്നു. ഇതായിരുന്നു സംശയം. ആ വിഷയം ചര്‍ച്ച ചെയ്യപ്പെടുന്ന എല്ലാ കിതാബുകളും നോക്കാന്‍ ശംസുല്‍ ഉലമ പറഞ്ഞു. തര്‍ശീഹില്‍ ഇത് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പ്രബലാഭിപ്രായം ആദ്യം പറഞ്ഞതാണ്. രണ്ടാമത്തേത് ഒരു ബഹ്‌സ് മാത്രമാണ്. തൃശൂര്‍ ജില്ലയിലെ മാളയില്‍ ഒരു ഖതീബ് ബഹ്‌സ് പ്രകാരം ചെയ്തു. നാട്ടിലാകെ പ്രശ്‌നമായി. പരിഹാരത്തിനായി നിശ്ചയിക്കപ്പെട്ടത് കെവി ഉസ്താദിനെയാണ്. കിതാബിലെ വിഷയങ്ങള്‍ പറയുമ്പോള്‍ നാട്ടിലെ നാട്ടുനടപ്പ് പരിഗണിക്കണമെന്ന് ഖത്തീബിനെ ഉസ്താദ് ഉണര്‍ത്തി. പിന്നീട് രണ്ടു പ്രാവശ്യം ദുറുല്‍ ഹിദായയുടെ സമ്മേളനത്തിലേക്ക് ക്ഷണിക്കാന്‍ നന്തിയിലേക്ക് പി.വി യുടേയും പുറങ്ങ് ഉസ്താദിന്റേയും ഒപ്പം പോയിരുന്നു. തുഹ്ഫ ദര്‍സ് നടത്തുകയായിരുന്നു ശംസുല്‍ ഉലമ.
കണ്ണിയത്ത് ഉസ്താദുമായും ഇടപെടാന്‍ എനിക്കു സാധിച്ചിട്ടുണ്ട്. ഹിദായ സമ്മേളനത്തിലേക്ക് ക്ഷണിക്കാന്‍ ഞാനും പുറങ്ങ് ഉസ്താദും കുഞ്ഞിപ്പ മുസ്‌ലിയാരും പോയിരുന്നു. സമ്മേളനത്തിലേക്കു വരുന്ന വഴി ജീപ്പ് കേടായി. എന്റെ തലപ്പാവിലൂടെ മുടി കാണുന്നുണ്ടായിരുന്നു. ഇത് കണ്ട ഉസ്താദ് പറഞ്ഞു:’മോയ്‌േേല്യരേ തല മറഞ്ഞിട്ടില്ലല്ലോ? അപ്പോള്‍ കൂടെയുള്ള ഒരാള്‍ എന്നോട് വലത്തൊപ്പി കൊണ്ട് തലമറക്കുന്നതിനെപ്പറ്റി ചോദിക്കാന്‍ പറഞ്ഞു. ഉസ്താദപ്പോള്‍ ചോദിച്ചു’ അങ്ങനയുള്ള വസ്ത്രം ധരിച്ച് നിസ്‌കരിക്കാന്‍ പറ്റുമോ?’, എന്ന മറുചോദ്യമായിരുന്നു ഉസിതാദിന്റെ മറുപടി. സമ്മേളനം കഴിഞ്ഞ് മടങ്ങുമ്പോള്‍ എന്നോട് സലാം പറഞ്ഞ് പൂര്‍ത്തിയാക്കുന്നതിന്റെ മുമ്പ് ഞാന്‍ സലാം മടക്കി, ‘ ശ്… പൂര്‍ത്തിയാക്കിയട്ടല്ലേ മടക്കല്‍’ പിന്നീട് പൂര്‍ണമായി ചൊല്ലുകയും എന്നോട് സലാം മടക്കാന്‍ കല്‍പിക്കുകയും ചെയ്തു.
എം.വി ഇസ്മാഈല്‍ മുസ്‌ലിയാര്‍/ശുഐബ് ഹുദവി പുത്തൂര്‍