നവോത്ഥാനത്തെപ്പറ്റി ഏറെ വായനകള്‍, സംവാദങ്ങള്‍ ഒക്കെ ഇപ്പോള്‍ നടക്കുന്നുണ്ടെങ്കിലും ഇവിടെ അദൃശ്യമായിപ്പോയ ഒരു അവര്‍ണ നവോത്ഥാനത്തെപ്പറ്റി കൂടുതലായി എങ്ങും പറഞ്ഞുകേള്‍ക്കുന്നില്ല എന്നത് വാസ്തവമാണ്. വൈകുണ്ഠസ്വാമി ശ്രീനാരായണഗുരു, സഹോദരന്‍ അയ്യപ്പന്‍, മഹാത്മാ അയ്യങ്കാളി, പൊയ്കയില്‍ അപ്പച്ചന്‍, കാവാരികുളം കണ്ടന്‍കുമാരന്‍ എന്നിവര്‍ അടിസ്ഥാന ജനപക്ഷത്ത് നിന്ന് നടത്തിയ അവര്‍ണ നവോത്ഥാനങ്ങള്‍ വേണ്ടവണ്ണം കേരളത്തില്‍ വായിക്കപ്പെട്ടിട്ടില്ല എന്നതുതന്നെ, നവോത്ഥാനം നടന്നത് ജാതിയെ നിലനിര്‍ത്തിക്കൊണ്ടു അതിന്‍റെ മേല്‍നടത്തിയ പരിഷ്കരണങ്ങള്‍ ആയിരുന്നു എന്നു വെളിപ്പെടുത്തുന്നു. ജാതി എന്ന അതിസങ്കീര്‍ണമായ അധികാര ഘടന ഉപജാതിക്കതീതമായി ഒറ്റ ജാതി പ്രബലതയായി വളര്‍ന്ന്, നേട്ടങ്ങള്‍ കയ്യടക്കുവാന്‍ വളമേകിയത് നവോത്ഥാനകാലത്ത് അതാത് സമുദായത്തിനകത്ത് നടന്ന പരിഷ്കരണമായിരുന്നു. 1085 ഇടവം 2-ന് കൂടിയ നായര്‍ സമാജത്തിന്‍റെ നാലാം വാര്‍ഷികത്തില്‍ പിള്ള, മേനോന്‍, നായര്‍ തുടങ്ങിയ ഉപജാതികള്‍ ചേര്‍ന്ന് നായര്‍ എന്ന പൊതുനാമം സ്വീകരിച്ചു. പിന്നീടങ്ങോട്ട് കേരളത്തിന്‍റെ സമൂഹിക സാംസ്കാരിക, സാമ്പത്തിക വ്യവഹാരങ്ങളില്‍ ഈ സമൂഹം നേടിയെടുത്ത ദൃശ്യപരതയും കൈയ്യടക്കവും നമുക്ക് മുമ്പില്‍ മിഴിവുള്ള ചിത്രങ്ങളായി നില്‍ക്കുന്നു. 23-ല്‍ പരം ഉപജാതികള്‍ ഏകീകരിച്ച് ഈഴവ സമൂഹമായി മാറി.
ക്രൈസ്തവ സമൂഹവും, ഇസ്ലാം സമൂഹവും നേരത്തെതന്നെ സ്ഥാപനവല്‍ക്കരിക്കപ്പെട്ടവയായതിനാല്‍, പ്രബല മധ്യവര്‍ത്തി സമൂഹമാകാന്‍ അവയ്ക്കും സാധിച്ചു. ഹിന്ദു സമൂഹം പഴയ അധീശത്തമനോഭാവം അയവുള്ളതാക്കി എന്നതൊഴിച്ചാല്‍ കാര്യമായ മാറ്റങ്ങള്‍ നവോത്ഥാന ഫലമായി ഇവിടെ ഉണ്ടായില്ല എന്നത് തന്നെയാണ് വാസ്തവം. ഇന്ത്യയിലെ നവോത്ഥാന കാലഘട്ടത്തിലെ തുടക്ക പ്രസ്ഥാനങ്ങള്‍ ജാതിക്കുള്ളില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കെതിരെ ശബ്ദിച്ചാണ് ഉയര്‍ന്നുവന്നത്.
സത്യശോധകപ്രസ്ഥാനം, ആദി ആന്ധ്രാ പ്രസ്ഥാനം, കായസ്ഥ പ്രസ്ഥാനം, നാമശുഭ പ്രസ്ഥാനം, ആദിധര്‍മ പ്രസ്ഥാനം എന്നിവ ഇത്തരത്തിലുള്ളവയായിരുന്നു. ഉത്പതിഷ്ണുക്കളായ സവര്‍ണ ഹിന്ദു സമൂഹത്തില്‍നിന്നും ഉയര്‍ന്നുവന്ന ഇത്തരം ബദല്‍ചിന്തകളുടെ തുടര്‍ച്ചയായാണ് വിഗ്രഹാരാധന, ബാലവിവാഹം, ബഹുഭാര്യാത്വം ഇവയ്ക്കെതിരെ ശബ്ദമുയര്‍ത്താന്‍ മറ്റൊരു സമൂഹത്തെ പ്രേരിപ്പിച്ചതും അവ പ്രസ്ഥാനങ്ങളായി മാറുകയും ചെയ്തത്. ആര്യ സമാജം, ശ്രീരാമകൃഷ്ണ മിഷന്‍ എന്നീ പ്രസ്ഥാനങ്ങള്‍ ഇത്തരം ജാതിപരിഷ്ക്കരണ പ്രസ്ഥാനങ്ങള്‍ ആയിരുന്നു. സ്വാമിവിവേകാനന്ദനെപ്പോലെയുള്ളവര്‍ കടല്‍കടന്ന് ചിക്കാഗോയില്‍ എത്തിയപ്പോഴും ഹൈന്ദവ മാനവിക ദര്‍ശനങ്ങള്‍ വാനോളം ഉയര്‍ത്തിപ്പിടിച്ചിരുന്നു. ഇന്ത്യ ഏറ്റവും മഹാനായി ആരാധിക്കുന്ന അദ്ദേഹത്തേപ്പോലുള്ള വ്യക്തിത്വങ്ങള്‍ വൈദേശിക ജനതയ്ക്കുമുന്നില്‍ ഹിന്ദുമതത്തിന്‍ കീഴില്‍ അയിത്തമനുഭവിക്കുന്ന ഒരു ജനത ഉണ്ടെന്ന് തുറന്നുകാട്ടിയതേയില്ല.
ബ്രഹ്മസമാജം, സര്‍വജനസഭ, പ്രാര്‍ത്ഥനാ സമാജം എന്നിവയും കുറച്ചുകൂടി മൂല്യബോധത്തോടെ ജാതിക്കകത്ത് ഉടച്ചുവാര്‍ക്കലുകള്‍ നടത്തിയെന്നുള്ളതാണ് വാസ്തവം. ബ്രിട്ടീഷ് ഭരണധികാരികള്‍ക്ക് മുന്‍പില്‍ ജാതി ഒരു സാമൂഹിക മൂല്യമാണെന്ന് തെളിയിച്ചെടുക്കുവാന്‍ ഇവിടുത്തെ ബ്രാഹ്മണ പരിഷ്കരണ വാദികള്‍ക്ക് സാധിച്ചെടുക്കാന്‍ കഴിയാത്തതുമൂലമാണ് നാമിന്ന് കൊട്ടിഘോഷിക്കുന്ന ഏറെ വിപ്ലവങ്ങള്‍ അക്കാലത്തു നടന്നതുതന്നെ. യഥാര്‍ഥത്തില്‍ സാമൂഹിക ജനാധിപത്യം പുലരണമെങ്കില്‍ ജാതി ഉച്ഛനീചത്വവും, ഫ്യൂഡല്‍ വ്യവസ്ഥയും മാറണമെന്ന് പറഞ്ഞ് മറ്റൊരു നവോത്ഥാനചിന്താധാര കൊണ്ടുവന്നത് മഹാത്മ ജ്യോതിറാവു ഫുലെ ആയിരുന്നു. കേരളത്തന്‍റെ സവര്‍ണ സമൂഹം ആകൃഷ്ടരായത് ജാതിനിലനിര്‍ത്തിക്കൊണ്ടുള്ള പരിഷ്കാരങ്ങള്‍ ആയിരുന്നെങ്കില്‍ ഇവിടുത്തെ അവര്‍ണ നവോത്ഥാനം പിന്‍തുടര്‍ന്നത് ജ്യോതി റാവു ഫുലെ ഉന്നയിച്ച സാമൂഹ്യ ജനാധിപത്യത്തിലധിഷ്ഠിതമായ ജാതി ഉന്‍മൂലനം ചെയ്തുകൊണ്ടുള്ള നവോത്ഥാനമൂല്യങ്ങള്‍ പ്രാവര്‍ത്തികമാകണമെന്ന ആശയത്തെ ആയിരുന്നു. തമിഴ്നാട്ടില്‍ ഇ.വി പെരിയോര്‍ കൈക്കൊണ്ട ബ്രാഹ്മണ വിരുദ്ധ നയങ്ങളടക്കം അംബേദ്കര്‍ ഇടപെട്ട ചിന്താധാരകള്‍ എല്ലാംതന്നെ ആധുനിക രാഷ്ട്ര നിര്‍മിതിക്ക് ആവശ്യമായ സാമൂഹിക ജനാധിപത്യത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ളതായിരുന്നു. എന്നാല്‍, കരിക്കുലം, വിഭവാധികാരം, സമ്പദ് വിനിയോഗം എന്നിവയിലടക്കം സമസ്ത മേഖലയിലും പിടി മുറുക്കിയ സവര്‍ണ പ്രബലതയ്ക്ക് അടിസ്ഥാന ജനവിഭാഗങ്ങള്‍ നടത്തിയ നവോത്ഥാനപ്രക്രിയകളെ ആദൃശ്യമായും, അഭാവമായും നിലനിര്‍ത്തുവാന്‍ സാധിച്ചു.
ക്രൈസ്തവ മിഷനറിമാരുടെ കടന്നുവരവ്, ബ്രിട്ടീഷ് ഭരണം, ഇഗ്ലീഷ് വിദ്യാഭ്യാസം എന്നിവയ്ക്കൊപ്പം അടിത്തട്ടില്‍ നിന്നുയര്‍ന്നുവന്ന കരുത്തുറ്റ ചിന്താധാരകള്‍ എന്നിവ സമൂഹം സ്വാതന്ത്ര്യം ഒരു വിഭവം എന്ന നിലയില്‍ ആര്‍ഹിക്കുന്നു എന്ന കാഴ്ചപ്പാട് ഉണ്ടാക്കിയെടുത്തു. ഉത്തരേന്ത്യയില്‍ നിന്ന് വ്യത്യസ്തമായി ക്രൈസ്തവ, ഇസ്ലാം സമൂഹങ്ങള്‍ക്ക് ആഴത്തില്‍ വേരോട്ടമുള്ള ഭൂപ്രദേശമാണ് കേരളം എന്നത് ഇവിടുത്തെ നവോത്ഥാനത്തെ തന്നെ മറ്റൊരു ദിശയില്‍ ചിന്തിക്കാന്‍ പ്രാപ്തമാക്കി. കാര്‍ഷിക സമൂഹം എന്നതില്‍ നിന്നും ജനം വ്യാപാരസമൂഹം ആയപ്പോള്‍, കമ്പോളവ്യവസ്ഥകള്‍ അതിര്‍ത്തികള്‍ കടന്ന് സമ്പദ് ഘടനയെ നിര്‍ണയിച്ചപ്പോള്‍, പരസ്പരാശ്രിതമായി മുന്നോട്ടു നീങ്ങിയാല്‍ മാത്രമേ നിലനില്‍പ്പുണ്ടാകൂ എന്ന് ജാതി അധികാരിവര്‍ഗം തിരിച്ചറിഞ്ഞു. പഴയ കാലത്തെപ്പോലെ ജാതി അയിത്തത്തോടെ നിലനിര്‍ത്തിയാല്‍ പലതരത്തിലുള്ള സേവനങ്ങള്‍ക്കും ആളുകളെ ലഭ്യമാകതെവരും എന്നുള്ളതും അയിത്തം പോലെയുള്ള അനാചാരങ്ങള്‍ വഴിയിലുപേക്ഷിക്കാന്‍ കാരണമായി. പില്‍ക്കാലത്ത് അയിത്തം ദൂരികരണം ചെയ്തു എന്ന രീതിയില്‍ പ്രചരണം ഉണ്ടായെങ്കിലും, അവര്‍ണ സമൂഹങ്ങള്‍ ഇവിടെ നടത്തിയ കല്ലമാല ബഹിഷ്കരണം, കാര്‍ഷിക സമരം, ചാന്നാര്‍ലഹള, തോല്‍വിറക് സമരം എന്നിവയില്‍ നിന്നും അവര്‍ നേടിയ കരുത്ത് പഴയപോലെ ഒരു ജനതയെ ആളടിയാര്‍ ആയി കണക്കാക്കാന്‍ പറ്റില്ല എന്ന തിരിച്ചറിവുകൂടി മധ്യവര്‍ഗ സമൂഹത്തിന് നല്‍കാനായി എന്നതും ചിന്തിതമാണ്.
പ്രബലസമുദായങ്ങള്‍ ആചരിച്ചുവന്ന അനാചാരങ്ങള്‍ അതുപടി തുടര്‍ന്നുവന്നാല്‍, കായിക അധ്വാനം വേണ്ടിവരുന്ന തൊഴിലുകള്‍ക്ക് ആളില്ലാതാവും എന്ന തിരിച്ചറിവാണ് ഉത്പതിഷ്ണുത്വപരമായി ചിന്തിക്കുവാന്‍ ജാതി അധികാരപ്രബലതയുള്ള സമൂഹത്തെ പ്രേരിപ്പിച്ചതുതന്നെ. അപ്പോഴും രക്ഷകര്‍തൃത്വ സ്വഭാവം നിലനിര്‍ത്തുവാന്‍ അവര്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. അതിനായി ചരിത്രത്താളുകളില്‍ ബഹുഭാര്യത്വം, ശൈശവിവാഹം, സതി എന്നീ അനാചാരങ്ങളെ മുകളിലേക്കുയര്‍ത്തി ഇന്ത്യയില്‍ എന്നും നിലവിലുള്ള ജാതി അയിത്ത സമ്പ്രദായത്തെ ഇകഴ്ത്തിക്കളഞ്ഞു. സ്ലേവറി അല്ലെങ്കില്‍ അടിമത്തം നിരോധിച്ചത് എബ്രഹാം ലിങ്കണ്‍ എന്ന് ചരിത്രപ്പുസ്തകങ്ങളില്‍ നിരത്തുകവഴി ഇവിടെ അനുഭവിച്ചിരുന്ന ജാതി അടിമ ജീവിതത്തെ റദ്ദ് ചെയ്തു കളഞ്ഞു. അതിനായി ദൃശ്യശ്രാവ്യമാധ്യമങ്ങളെ ഉപയോഗിച്ചു.
സവര്‍ണര്‍ രക്ഷകര്‍തൃത്വം നല്‍കി അവര്‍ണര്‍ പരിഷ്കരിക്കപ്പെട്ട നവോത്ഥാന കഥകള്‍ക്കിടയില്‍ അവര്‍ണ സമൂഹം അതിജീവിച്ച അനവധി പോരാട്ടങ്ങള്‍ മറയ്ക്കപ്പെട്ടു. നവോത്ഥാനം ഏറെയും ആണ്‍മേല്‍ക്കോയ്മകളുടെ പാടിപ്പുകഴ്ത്തല്‍ കൂടിയായിരുന്നു. വിധവാ വിവാഹത്തിന് തയ്യാറായ വിധവയേക്കാള്‍ അതിന് മുന്‍കൈയെടുത്ത വി.ടി. ഭട്ടതിരിപ്പാട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. വി.ടി. ഭട്ടതിരിപ്പാട് വിധവാവിവാഹം ചെയ്യിപ്പിച്ചു എന്നു പറയുമ്പോള്‍ അന്നത്തെ സാമൂഹിക സാഹചര്യത്തില്‍ അതിന് തയ്യാറായ സ്ത്രീയുടെ അന്തഃസംഘര്‍ഷങ്ങള്‍ നവോത്ഥാന വായനയില്‍ മുങ്ങപ്പെട്ടു. അക്കമ്മ ചെറിയാനെപോലെയുള്ള അപൂര്‍വം ക്രിസ്ത്യന്‍ സ്ത്രീകളുടെ പേര് മാത്രമേ നവോത്ഥാന തുടര്‍ച്ചയില്‍ നമുക്ക് കണ്ടെടുക്കാന്‍ കഴിയുന്നുള്ളൂ. ആറ്റിക്കുറുക്കിയാല്‍ ഏഴാംക്ലാസ് വരെ മാത്രം വിദ്യാഭ്യാസം നേടിയ, തിരുവിതാംകൂറിലെ ആദ്യ വനിതാ കൗണ്‍സിലറായിരുന്ന, ഭാരതചന്ദ്രികയുടെ എഡിറ്ററായ ഹലീമാ ബീവി എന്ന മുസ്ലിം വനിതയെ കണ്ടെത്താനാവും. അതിലേറെ ദയനീയമായിരുന്നു അവര്‍ണ സ്ത്രീ നവോത്ഥാന മുന്നേറ്റങ്ങള്‍. 37 വര്‍ഷം മാറുമറയ്ക്കല്‍ സമരം നടത്തിയ സ്ത്രീകളില്‍ സാറ എന്ന പേരല്ലാതെ മാറ്റൊന്നും കണ്ടെത്താനാവില്ല. കല്ലമാല ബഹിഷ്കരിച്ച സ്ത്രീകളുമങ്ങനെ തന്നെ, കാര്‍ഷിക സമരം നയിച്ചവരിലും അറിയപ്പെടുന്ന സ്ത്രീ നാമങ്ങള്‍ കണ്ടെത്താനാവുന്നില്ല. ഊരൂട്ടമ്പലം സ്കൂളില്‍ ജാതിവിലക്കു മറികടന്ന് പഠിക്കാന്‍ എത്തിയ പഞ്ചമി എന്ന ബാലികയും, അതിനായി പഞ്ചമിയെ പറഞ്ഞയച്ച രക്ഷകര്‍ത്താക്കളും ഒക്കെ യഥാര്‍ഥത്തില്‍ ചരിത്രത്തില്‍ ധീര ഇടപെടലുകള്‍ നടത്തിയവരെങ്കിലും നവോത്ഥാനവായനയില്‍ അവ എഴുതപ്പെടാതെപോയി. 46 വര്‍ഷം ആധ്യാത്മികസഭ നയിച്ച പ്രത്യക്ഷരക്ഷാ ദൈവസഭയിലെ വി. ജാനമ്മ ലോകത്തില്‍ത്തന്നെ അത്തരം ഇടപെടല്‍ നടത്തിയ വനിതകളില്‍ ഒന്നാമതായി എത്തേണ്ടതാണ്. എന്നാല്‍, അടിസ്ഥാന ജനതതന്നെ അദൃശ്യവത്കരിക്കപ്പെട്ടപ്പോള്‍ അവരോടൊപ്പം ഈ സ്ത്രീ ജീവിതങ്ങളും മറഞ്ഞുപോയി. ഒപ്പം തന്നെ, പ്രത്യക്ഷ രക്ഷാ ദൈവസഭയില്‍ പൊയ്കയില്‍ അപ്പച്ചന്‍റെ അംഗരക്ഷകരും ഉപദേശിനിമാരുമായി ഉണ്ടായിരുന്ന ആഞ്ഞിലി മൂട്ടില്‍ അമ്മ, കുഴിയടി അമ്മ, കൊമരകം ചിന്ന, തേക്കാട്ടില്‍ അമ്മ എന്നിവരുടെ സജീവ പങ്കാളിത്തവും ചരിത്രത്തില്‍ എഴുതപ്പെടാതെ പോയവയാണ്.
ടി.എച്ച്. പി. ചെന്താരശ്ശേരിയുടെ ചരിത്രരചനയിലൂടെ മഹാത്മ അയ്യങ്കാളിയേയും പൊയ്കയില്‍ അപ്പച്ചനേയും കുറച്ചെങ്കിലും തിരികെപ്പിടിക്കുവാന്‍ സാധിച്ചെങ്കിലും ഇനിയുമേറെ തിരികെക്കിട്ടാനുണ്ട്. ചരിത്രത്തെ തുരന്ന് തുരന്ന് മാത്രമേ അത് സാധിക്കുകയുള്ളൂ. നവോത്ഥാനം വ്യത്യസ്ത അടരുകളായി ഉണ്ടായതാണ്. അതില്‍ എല്ലാം തന്നെയും വിശകലനത്മാകമായി പരിശോധിക്കുവാന്‍ ചരിത്രത്തിന് സാധിച്ചിട്ടില്ല.
കേവലം ഒരു പരിസരത്ത് നിന്നുള്ള നവോത്ഥാനവായന എന്നും എപ്പോഴും ഒരു സമൂഹത്തെ ഔദാര്യം സ്വീകരിക്കുന്നവരായി മാത്രം ചിത്രീകരിക്കാനാണ് ഉതകുക. ഏറെ സത്യസന്ധമായ നവോത്ഥാന വായനകള്‍ ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു. അപ്പോള്‍ മാത്രമാണ് കഴിഞ്ഞ നവോത്ഥാന മതിലിനപ്പുറം മറഞ്ഞ സത്യങ്ങള്‍ തിരിച്ചുപിടിക്കാനാവൂ. അല്ലാത്തിടത്തോളം അവ മിഥ്യയായി അവശേഷിക്കുകതന്നെ ചെയ്യും.
സഹായകഗ്രന്ഥം: കേരള നവോത്ഥാനവും പ്രത്യക്ഷ രക്ഷാ ദൈവസഭയും-
വി.വി. സ്വാമി