തുര്‍ക്കിപ്പേടിയും വിവാദങ്ങളുടെ രാഷ്ട്രീയവും

2711

മുഹമ്മദ് ശാക്കിര്‍ മണിയറ

അയാ സോഫിയ വീണ്ടും പള്ളിയാക്കിക്കൊണ്ടുള്ള തുര്‍ക്കി കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തുര്‍ക്കിയും ഉര്‍ദുഗാനും വീണ്ടും നമ്മുടെ സംവാദതലങ്ങളില്‍ സജീവമായി കടന്നുവന്നിരിക്കുകയാണല്ലോ. തുര്‍ക്കി കേന്ദ്രീകരിച്ചുണ്ടായിരുന്ന ഇസ്‌ലാമിക ഖിലാഫത്തിന്റെ തകര്‍ച്ചക്കു ശേഷം ഉര്‍ദുഗാനിലൂടെ തുര്‍ക്കി പഴയ പ്രതാപത്തിലേക്ക് തിരിച്ചുനടക്കാന്‍ ശ്രമിക്കുകയും അതേസമയം അന്ന് ഖിലാഫത്തിനെ തകര്‍ക്കാന്‍ കരുക്കള്‍ നീക്കിയ ശക്തികള്‍ തന്നെ ഇന്നും ആധുനിക തുര്‍ക്കിക്കെതിരെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന സവിശേഷ സാഹചര്യത്തില്‍ ഇരുകൂട്ടരുടെയും ചരിത്രവും വര്‍ത്തമാനവും അന്വേഷിക്കല്‍ സന്ദര്‍ഭോജിതമായിരിക്കും.

ഖിലാഫത്തിന്റെ പതനവും അറബ് രാഷ്ടങ്ങളും

ഇബ്‌നു ഖല്‍ദൂന്‍ നിരീക്ഷിച്ചതു പോലെ എല്ലാ ഭരണകൂടങ്ങളുടെയും സ്വഭാവമെന്നപോലെ സമ്പന്നതയുടെയും പ്രതാപത്തിന്റെയും സുവര്‍ണകാലത്തിന്റെ ഒരു ദശ കഴിഞ്ഞതിനുശേഷം തകര്‍ച്ചയുടെയും നാശത്തിന്റെയും അടുത്തദശ കടന്നുവരിക എന്നത് ഒരു പ്രകൃതിനിയമം തന്നെയാണ്. പക്ഷേ, മുന്‍കാല ഇസ്‌ലാമിക സാമ്രാജ്യങ്ങളില്‍ നിന്ന് വിഭിന്നമായി ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ പതനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് അവയ്ക്കു പുറമെ മറ്റു പല ഘടകങ്ങളും കൂടിയാണ് എന്നതൊരു വസ്തുതയാണ്. ഓട്ടോമന്‍ ഖലീഫമാര്‍ തങ്ങളുടെ പ്രതാപം മറന്നും പുതിയ പടയോട്ടങ്ങളെകുറിച്ച് ആലോചിക്കാതെയും സുഖജീവിതം നയിച്ചുതുടങ്ങിയ ഒരു പ്രത്യേക ഘട്ടത്തില്‍, അവസരോചിതമായി ഇടപെട്ട യൂറോപ്യന്‍ ശക്തികള്‍ ഈ ദൗര്‍ബല്യം മുതലെടുത്ത് അധികാര കേന്ദ്രങ്ങളില്‍ പിടിമുറുക്കുകയായിരുന്നല്ലോ. ഒന്നാം ലോക മഹായുദ്ധത്തിലേറ്റ പരാജയത്തോടൊപ്പം തങ്ങളുടെ പ്രധാന ഭൂമികളൊക്കെ ശത്രുസഖ്യകക്ഷികള്‍ പങ്കിട്ടെടുക്കുന്നത് നിസ്സഹായരായി നോക്കി നില്‍ക്കാന്‍ മാത്രമേ അവര്‍ക്ക് സാധിച്ചുള്ളൂ.
ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ആദ്യകാലം മുതല്‍ തന്നെ മുസ്‌ലിം ഐക്യം തകര്‍ക്കാനും പാശ്ചാത്യവത്കരണം നടത്താനുമുള്ള കിണഞ്ഞ പരിശ്രമങ്ങള്‍ യൂറോപ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നുവെങ്കിലും സംഘശക്തിയുടെ ഫലമായി അതൊക്കെ അനായാസം ചെറുത്തുതോല്‍പ്പിക്കുകയായിരുന്നു മുസ്‌ലിം ഭരണാധികാരികള്‍. തുടര്‍ന്ന് കാലങ്ങള്‍ക്കു ശേഷം കടന്നുവന്ന, യൂറോപ്യന്‍ ചിന്തകളെ പടിപടിയായി ഉസ്മാനികളില്‍ ഇന്‍ജക്ട് ചെയ്യുന്നതില്‍ ശ്രദ്ധചെലുത്തിയ മാസോണിസ്റ്റ് ചിന്താപ്രസ്ഥാനവും ജൂതന്മാരെ മുസ്‌ലിം വേഷംകെട്ടി ഓട്ടോമന്‍ അധികാരസ്ഥാനങ്ങളില്‍ പോലും പ്രതിഷ്ഠിച്ചുകൊണ്ടുള്ള നീക്കങ്ങളും വലിയൊരളവില്‍ ഖിലാഫത്തിന് ക്ഷീണമുണ്ടാക്കുകയായിരുന്നു.
1876ല്‍ കടന്നുവന്ന സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്‍ തന്റെ ധീരമായ സയണിസ്റ്റ് വിരുദ്ധ നിലപാടുകള്‍ കൊണ്ടും ഏകീകരണ ശ്രമങ്ങള്‍ കൊണ്ടും ശ്രദ്ധേയനായിരുന്നുവെങ്കിലും അക്കാലത്തും മാസോണിസ്റ്റ് ശക്തികള്‍ ശക്തിപ്പെട്ടുതന്നെ നിന്നിരുന്നു. പല യുദ്ധങ്ങള്‍ക്കും ശേഷമുള്ള ഉടമ്പടികളുടെ പശ്ചാത്തലത്തില്‍ തുര്‍ക്കിയുടെ വ്യത്യസ്ത ഭാഗങ്ങളിലായി തുറക്കപ്പെട്ട പാശ്ചാത്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മറവില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ കുത്തിവെക്കപ്പെട്ട തുര്‍ക്കി വിരോധവും പാശ്ചാത്യസംസ്‌കാരങ്ങളുടെ വെള്ളപൂശലും വലിയൊരളവില്‍ ഖിലാഫത്തിന്റെ തകര്‍ച്ചക്ക് കാരണമായിട്ടുണ്ട്. യുവതുര്‍ക്കികളും മറ്റും കൂടുതല്‍ ശക്തിയോടെ ഖിലാഫത്തിനെതിരെ തിരിയുകയും ‘ഇന്‍താംബൂളിനെതിരെ മക്കയുടെ ശക്തിയും ഇസ്‌ലാമിനെതിരെ ദേശീയതയും നാം ഉപയോഗിക്കുന്നു’ എന്നു പറഞ്ഞ തോമസ് എഡ്വാര്‍ഡ് ലോറന്‍സ്, ശരീഫ് ഹുസൈന്റെ സഹായത്തോടെ അറബ് രാഷ്ട്രങ്ങളുടെ പിന്തുണ ഉറപ്പുവരുത്തുകയും ഒന്നാം ലോക മഹായുദ്ധശേഷം സ്വാതന്ത്ര്യം നല്‍കുമെന്ന പേരില്‍ നല്‍കപ്പെട്ട വാഗ്ദാനങ്ങളൊക്കെ നിര്‍ദയം തള്ളപ്പെടുകയും അറബ് രാഷ്ട്രങ്ങളെ ഫ്രാന്‍സ്, ബ്രിട്ടന്‍, ഇറ്റലി തുടങ്ങിയ രാഷ്ട്രങ്ങള്‍ വീതിച്ചെടുക്കുകയും ചെയ്ത ചരിത്രമൊക്കെ സുവിദിതമാണല്ലോ. ശരീഫ് ഹുസൈന്റെ നേതൃത്വത്തില്‍ ബ്രിട്ടീഷ് വാഗ്ദാനങ്ങളില്‍ മതിമറന്ന് അറബ് രാഷ്ട്രങ്ങള്‍ തുര്‍ക്കിയിലെ ഖിലാഫത്തിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയപ്പോള്‍ അവിടെ നഷ്ടമായത് നൂറ്റാണ്ടുകളുടെ സമ്പന്നമായ മുസ്‌ലിം പൈതൃകമായിരുന്നു.
തുടര്‍ന്ന് അത്താതുര്‍ക്ക് അധികാരത്തിലേറി കപട മതേതരത്വം കൂടി നടപ്പിലാക്കിയതോടെ ഖിലാഫത്തിന്റെയും മുസ്‌ലിം അടയാളങ്ങളുടെയും ചിത്രങ്ങള്‍ സമ്പൂര്‍ണമായി ഇല്ലാതാവുകയായിരുന്നു. 500 മീറ്ററിനുള്ളില്‍ ഒന്നിലധികം പള്ളികള്‍ പാടില്ലെന്ന് പ്രഖ്യാപിച്ച് പല പള്ളികളും തൊഴുത്തുകളും പാണ്ടികശാലകളുമാക്കി മാറ്റല്‍, ജനങ്ങളുടെ ഇസ്‌ലാമുമായുള്ള പൊക്കിള്‍കൊടി ബന്ധം അറുത്തുകളയാന്‍ അറബി ഭാഷയുമായി ഏറെ സാമ്യമുള്ള പഴയ ഓട്ടോമന്‍ ഭാഷയെ ഒരു സുപ്രഭാതത്തില്‍ നിരോധിച്ച് ലാറ്റിന്‍ ലിപി സ്വീകരിക്കല്‍, അറബ് ഭാഷയിലെ ബാങ്കുവിളി നിരോധനം, ഖുര്‍ആന്‍ പാരായണം ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കല്‍, തങ്ങളുടെ ഇംഗിതത്തിന് വഴങ്ങാത്ത പല പണ്ഡിതന്മാരെയും വധിച്ചുകളയല്‍ തുടങ്ങിയവ സെക്യുലറിസമെന്ന് പേരില്‍ അത്താതുര്‍ക്ക് കാട്ടിക്കൂട്ടിയ തീവ്ര ഇസ്‌ലാമിക വിരുദ്ധതയുടെ ചിത്രങ്ങളില്‍ ചിലതുമാത്രമാണിത്. എങ്കിലും നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള തുര്‍ക്കികളുടെ ഇസ്‌ലാമിക ചൈതന്യത്തെ തകര്‍ത്തുകളയാന്‍ ഈ ശക്തിക്കൊന്നും സാധിച്ചില്ല എന്നതാണ് സത്യം. പിന്നീട് പലപ്പോഴായി ഭീകരമാം വിധം കളങ്കപ്പെട്ട തുര്‍ക്കിയുടെ പഴയ മുഖം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തിയ പിന്നീടുവന്ന തുര്‍ഗുത് ഒസാല്‍, അദ്‌നാന്‍ എന്ദരെസ്, നജ്മുദ്ദീന്‍ എര്‍ബകാന്‍ തുടങ്ങിയ ഇസ്‌ലാമിസ്റ്റ് ഭരണാധികളുടെയും ഇപ്പോള്‍ ഉര്‍ദുഗാന്റെയും ശ്രമങ്ങള്‍ കാണാതിരുന്നുകൂട.

നിയോ ഓട്ടോമനും ഉര്‍ദുഗാനും

സെക്യുലറിസമെന്ന പേരില്‍ രംഗപ്രവേശം ചെയ്ത് ഇനിയൊരു തിരിച്ചുപോക്ക് സാധ്യമല്ലാത്ത വിധം കമാല്‍ അത്താതുര്‍ക്ക് കളങ്കപ്പെടുത്തിയ തുര്‍ക്കിയുടെ സംസ്‌കാരവും യഥാര്‍ഥ ചിത്രവും തിരിച്ചുകൊണ്ടുവരാനുള്ള ഉര്‍ദുഗാന്റെ നീക്കത്തെ ഒരു നിയോ ഓട്ടോമനിസത്തിന്റെ കടന്നുവരവെന്നാണ് പലരും വിശേഷിപ്പിക്കുന്നത്. സത്യത്തില്‍ കമാല്‍ അത്താതുര്‍ക്ക് സാധ്യമാക്കിയ അള്‍ട്രാ സെക്കുലിറസത്തെ, യൂറോകേന്ദ്രീകൃത സെക്കുലിസത്തെ കിഴക്കന്‍ സെക്കുലറിത്തിലേക്കു തിരിച്ചുകൊണ്ടുവരിക കൂടിയായിരുന്നു ഉര്‍ദുഗാന്‍. 
അദ്ദേഹത്തെ നിയോ ഓട്ടോമനിസത്തിന്റെ വക്താവ് എന്നു വിളിക്കുന്നതിനു പിന്നില്‍ ഒത്തിരി ഘടകങ്ങള്‍ കാണാം. ഖിലാഫത്തിന്റെ ഓര്‍മകള്‍ പലതും തിരിച്ചുകൊണ്ടുവരാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളുടെ വ്യക്തമായ ചിത്രങ്ങളാണ് ലോകവ്യാപകമായി ഏറെ ചര്‍ച്ചയായ ദിരിലിസ് എര്‍തുറുല്‍ വെബ് സീരീസും ഖിലാഫത്തിന്റെ പ്രധാനനേട്ടമായിരുന്ന കോണ്‍സ്റ്റാന്റനോപ്പില്‍ ദിനം അദ്ദേഹം വിപുലമായി ആഘോഷിച്ചുതുടങ്ങിയതും. യൂറോപ്പിന്റെ രോഗി എന്നു നിന്ദാപൂര്‍വം പേരിട്ടു വിളിക്കപ്പെട്ട തുര്‍ക്കിയെ എല്ലാ നിലക്കും പരിവര്‍ത്തിപ്പിച്ചെടുത്ത് ലോകത്തെ തന്നെ മികച്ച സാമ്പത്തിക-സൈനിക-രാഷ്ട്രീയ ശക്തികളിലൊന്നാക്കി മാറ്റുകയായിരുന്നു ഉര്‍ദുഗാന്‍. രാജ്യത്തിന്റെ പൊതുവായുള്ള വികസനത്തിലും സൈനിക മേഖലയിലും സ്വയംപര്യാപ്തത നേടിയ തുര്‍ക്കിയുടെ ഓരോ നീക്കങ്ങളും പാശ്ചാത്യരുടെ മിഡ്ഡില്‍ ഈസ്റ്റ് പ്ലാനിനെയും സയണിസ്റ്റുകളുടെ ആത്യന്തിക ലക്ഷ്യമായ നൈല്‍ യൂഫ്രട്ടീസ് നദികള്‍ക്കിടയിലുള്ള ഇമ്മിണി വല്യ ഇസ്‌റായേല്‍ എന്ന ദിവാസ്വപ്നത്തിന്റെയും മുന്നില്‍ വിലങ്ങുതടിയായിരിക്കുകയാണ് എന്നതും ഒരു പരമ സത്യമാണ്. പക്ഷേ, പലപ്പോഴും പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ ആഘോഷിച്ച ഉര്‍ദുഗാന്‍ സ്വാര്‍ഥതാത്പര്യങ്ങള്‍ക്കുവേണ്ടി കലഹിക്കുന്ന ഏകാധിപതിയായിരുന്നു. 
അതേസമയം, ആഗോളതലത്തില്‍ ഇസ്‌ലാമിക് ബ്രാന്‍ഡിന്റെ പ്രചാരകരായി ഉര്‍ദുഗാനും തുര്‍ക്കിയും ഒരു പരിധിവരെ മാറിയിരിക്കുന്നു എന്നതും ഒരു വസ്തുതയാണ്. തുര്‍ക്കി ദേശീയതയിലേക്ക് മുസ്‌ലിം ലോകം മുഴുവന്‍ ഒതുങ്ങിക്കൂടുക എന്നതിനപ്പുറം ആഗോളതലത്തില്‍ ഒരു നേതാവിനു കീഴില്‍ സംഘടിക്കാനാവുക എന്നൊരു സവിശേഷ സാഹചര്യം എത്ര വിമര്‍ശനവിധേയമായാലും പ്രതീക്ഷ തന്നെയാണ്. അഭയാര്‍ഥി പ്രശ്‌നം, ഫലസ്തീന്‍ പ്രതിസന്ധികള്‍, കശ്മീര്‍ വിഷയം, റോഹിങ്ക്യന്‍ ഉയ്ഗൂര്‍ പ്രശ്‌നങ്ങള്‍ തുടങ്ങി മുസ്‌ലിം ലോകത്തെ ബാധിക്കുന്ന സങ്കീര്‍ണമായ പല രാഷ്ട്രീയ വിഷയങ്ങളിലും മുസ്‌ലിം രാഷ്ട്രങ്ങളെന്നു പേരുള്ള പലതും ഭീതിതമായ മൗനം പാലിച്ചപ്പോഴും യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പോലും വിഷയം ഉയര്‍ത്തിക്കാട്ടി അന്താരാഷ്ട്ര ശ്രദ്ധ ക്ഷണിക്കാന്‍ അദ്ദേഹം കാണിച്ച തന്റേടം ആരും മറന്നുകാണില്ല. ലോകവ്യാപകമായി തുര്‍ക്കി ഫണ്ടില്‍ നിര്‍മിക്കപ്പെട്ട പള്ളികളും തുര്‍ക്കി ഇമാമുമാരെ നിശ്ചയിച്ച് അവിടെ നടക്കുന്ന ഏകൃകൃത ജുമുഅ പ്രഭാഷണങ്ങളും മതവിജ്ഞാനീയങ്ങളുടെ പ്രാഥമിക പാഠശാലകളായ ഇമാം ഖത്തീബ് സ്‌കൂളുകളുടെ ആശാവഹമായ വളര്‍ച്ചയും അന്താരാഷ്ട്രതലത്തില്‍ ഇസ്‌ലാമിക അക്കാദമിക പഠനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന നൂറില്‍പരം ഇസ്‌ലാമിക ഫാക്കല്‍റ്റികളും ഉര്‍ദുഗാന്റെ പുതിയ തുര്‍ക്കിയുടെ പ്രതീക്ഷ നല്‍കുന്ന മുന്നേറ്റങ്ങളാണ്. സാമൂഹിക സേവനരംഗത്തെ ചുവടുകളുടെ ഭാഗമായി ദിയാനത്ത് ഫൗണ്ടേഷന്റെയും തുര്‍ക്കിഷ് റെഡ് ക്രസന്റ്, ഐ.എച്ച്.എച്ച് തുടങ്ങിയ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ സൊമാലിയയിലെ ജനങ്ങള്‍ക്കായി ഒരു ബില്ല്യണ്‍ ഡോളര്‍ നല്‍കിയതടക്കമുള്ള നീക്കങ്ങള്‍ തുര്‍ക്കിയുടെ ഉന്നതമായ മാനുഷിക സേവനസന്നദ്ധതയുടെ വ്യക്തമായ ചിത്രങ്ങള്‍ കൂടിയാണ്. 

അറബ് ധാര്‍ഷ്ട്യത്തിന്റെ ചിത്രങ്ങള്‍

ഓട്ടോമന്‍ ഖിലാഫത്തിനെ അവസാനിപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ക്കു ശേഷം ഇന്ന് ഉര്‍ദുഗാനിലൂടെ തുര്‍ക്കി പഴയ പ്രതാപത്തിലേക്ക് തിരിച്ചുനടക്കുമ്പോഴും അന്ന് ഖിലാഫത്തിനെതിരെ പ്രവര്‍ത്തിച്ച ദുഷിച്ച ചിന്തകള്‍ ഇന്നത്തെ തുര്‍ക്കിക്കെതിരെയും സജീവമായി നടപ്പിലാക്കുകയാണ് സൗദിയുടെ നേതൃത്വത്തിലുള്ള അറബ് രാഷ്ട്രങ്ങള്‍ എന്നു പറഞ്ഞല്ലോ. മതപരമായി വിശ്വാസികള്‍ തങ്ങളുടെ ഹൃദയസ്ഥാനമായി കണക്കാക്കുന്ന മക്ക, മദീന നഗരികളുടെ സാന്നിധ്യം മുതലെടുത്ത് രാഷ്ട്രീയ ഇസ്‌ലാമിന്റെ കേന്ദ്രം കൂടിയായി വര്‍ത്തിക്കാനുള്ള സൗദിയുടെ ആഗ്രഹം പക്ഷേ, എത്രമാത്രം കാപട്യങ്ങള്‍ നിറഞ്ഞതായിരുന്നുവെന്ന് അതിന്റെ തുടക്കകാലം മുതലുള്ള രാഷ്ട്രീയ നീക്കങ്ങള്‍ പറഞ്ഞുതരും. ബ്രിട്ടീഷ് ശക്തികളുടെ ഉല്‍പന്നമായ, വഹാബി ചിന്താപ്രസ്ഥാനം അടിസ്ഥാനമായി കാണുന്ന ഒരു രാഷ്ട്രമെന്നതിലപ്പുറം ജൂത സയണിസ്റ്റ് ലോബികളുടെ ഇടനിലക്കാര്‍ കൂടിയായി പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രം കൂടിയാണ് ഇന്നത്തെ സൗദി എന്നത് ഒരു ഖേദകരമായ വസ്തുതയാണ്. 
തുര്‍ക്കിയുടെ നേതൃത്വത്തിലുള്ള സുന്നി ഇസ്‌ലാാമിന്റെ വളര്‍ച്ചയെയും പാന്‍ ഇസ്‌ലാമിസത്തെയും പ്രതിരോധിച്ചു നിര്‍ത്താനുള്ള സൗദിയുടെ നേതൃത്വത്തിലുള്ള കിണഞ്ഞ ശ്രമങ്ങള്‍ പുറംലോകം അറിഞ്ഞതും അറിയാത്തതുമായി ഒത്തിരിയുണ്ട്. സൗദി അറേബ്യയിലെ പാഠ്യപദ്ധതികളില്‍ ഓട്ടോമന്‍ ഖിലാഫത്തിനെ അതിവികൃതമായി ചിത്രീകരിച്ചത് ഇതിന്റെ വ്യക്തമായ ഉദാഹരണമാണ്. ഓട്ടോമന്‍ സാമ്രാജ്യത്തെ അധിനിവേശ ക്രിമിനല്‍ സ്റ്റേറ്റ് എന്നും അറബ് രാഷ്ട്രങ്ങള്‍ക്കുമേല്‍ ഖിലാഫത്ത് നേടിയ അധികാരത്തെ ഓട്ടോമന്‍ അധിനിവേശമെന്നും പരിചയപ്പെടുത്താനാണ് സൗദി എഡുക്കേഷന്‍ ഒഫീഷ്യല്‍സിന്റെ പുതിയ നീക്കം. അറബ് രാഷ്ട്രങ്ങളില്‍ പോലും പലതും തുര്‍ക്കിയെ നിയോ ഓട്ടോമനിസമായി കാണുന്നുവെങ്കിലും അറബ് ദേശീയതയും തുര്‍ക്കോഫോബിയയും തന്നെയാണ് സൗദിയുടെ ഇന്ധനം. സൗദിയുടെ നയങ്ങളെ കൃത്യമായി വിമര്‍ശനവിധേയമാക്കിയ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖശോകിയുടെ ദുരൂഹതകള്‍ നിറഞ്ഞ മരണവും സൗദി സൃഷ്ടി തന്നെയാണെന്നാണ് സാഹചര്യത്തെളിവുകള്‍ സംസാരിക്കുന്നത്. സൗദിയുടെ ഖത്തര്‍ ഉപരോധകാലത്ത് ഖത്തര്‍ അതിജീവനത്തിന് തുര്‍ക്കി ചെയ്ത സഹായവും സൗദിയെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. 
2019ല്‍ മലേഷ്യയിലെ ക്വാലാലംപൂരില്‍ വച്ചുനടന്ന ഒ.ഐ.സി സമ്മിറ്റില്‍ പങ്കെടുക്കാതിരിക്കുകയും പാക്കിസ്ഥാനെ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്ത സൗദി നടപടിയും ഏറെ ചിന്തകള്‍ക്ക് വകനല്‍കുന്നതാണ്. സൗദി അറേബ്യയുടെ അജണ്ടകളെ പാടേ വിഴുങ്ങാത്ത രാഷ്ട്രങ്ങളുടെ ഒരു കൂടിച്ചേരല്‍ കൂടിയായിരുന്ന ക്വാലാലംപൂര്‍ സമ്മിറ്റില്‍ തുര്‍ക്കി, ഖത്തര്‍, ഇറാന്‍ എന്നീ രാഷ്ട്രങ്ങളുടെ പ്രാതിനിധ്യമായിരുന്നു ശ്രദ്ധേയം. അറബ് രാഷ്ട്രങ്ങള്‍ക്കു പുറത്തുള്ള ഒരു സ്ഥലത്തെ ഒ.ഐ.സി സമ്മിറ്റ് അംഗീകരിക്കാനാവില്ല എന്നു ധാര്‍ഷ്ട്ര്യത്തോടെ തുറന്നുപറയേണ്ടി വന്നതോടെ വ്യക്തമായത് സൗദിയുടെ അറബ് സങ്കുചിതത്വത്തിന്റെ വ്യക്തമായ ചിത്രം കൂടിയായിരുന്നു.  
ഇത്തരം അറബ് രാഷ്ട്രങ്ങള്‍ക്കെന്ന പോലെ വെസ്റ്റിനും തുര്‍ക്കി ഏറെ തലവേദന സൃഷ്ടിക്കുന്നത് അവിടുത്തെ മുസ്‌ലിം സമൂഹം കാലങ്ങളായി മുറുകെ പിടിക്കുന്ന യാഥാസ്ഥിക മതമൂല്യങ്ങളെ ചേര്‍ത്തുപിടിക്കുന്ന, മദ്ഹബുകളും തസ്വവ്വുഫും ജീവിതമാര്‍ഗമാക്കുന്ന അവരുടെ പാരമ്പര്യ ഇസ്‌ലാമിന്റെ സൗന്ദര്യത്തിലൂന്നിയ ജീവിതശൈലി തന്നെയാണ്. കാരണം ഇസ്‌ലാമോഫോബിയ തലക്കുപിടിച്ച പാശ്ചാത്യ നവലോകക്രമത്തിനാവശ്യം സൗമ്യവും സുന്ദരവുമായ ഇസ്‌ലാമിനു പകരം തങ്ങളുടേതുതന്നെ സൃഷ്ടിയായ വഹാബിസം മുന്നോട്ടുവക്കുന്ന തീവ്ര ഇസ്‌ലാമാണ്. 

അയാ സോഫിയാ മസ്ജിദും സെക്യുലറിസ്റ്റ് വ്യാകുലതകളും

ഇസ്താംബൂളിലെ അയാ സോഫിയ പള്ളിയായി പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ കോടതിവിധിയാണല്ലോ തുര്‍ക്കിയും ഉര്‍ദുഗാനും നമ്മുടെ സംവാദതലങ്ങളില്‍ ഇപ്പോള്‍ ഇടം നേടാനുണ്ടായ പ്രത്യേക സാഹചര്യം. ഒരുപക്ഷേ, ഭൂരിപക്ഷ ക്രിസ്തീയ സമൂഹവും വിശേഷിച്ച് തുര്‍ക്കിയിലെ ന്യൂനപക്ഷമായ ക്രിസ്തീയ സമൂഹവും പോലും അനുഭവിക്കാത്ത വ്യാകുലതകളാണ് ഈ വിധിയുടെ പേരില്‍ സോ കോള്‍ഡ് സെക്യുലറിസ്റ്റുകള്‍ അനുഭവിക്കുന്നത് എന്നതാണ് സത്യം. തുര്‍ക്കിയെന്നും ഉര്‍ദുഗാനെന്നും കേള്‍ക്കുമ്പോള്‍ ഇത്തരക്കാര്‍ പൊതുവെ കാണിക്കുന്ന അസ്വസ്ഥത, എത്രമാത്രം കമാലിസം അവരില്‍ ഉള്‍ചേര്‍ന്നിരിക്കുന്നു എന്നതിന്റെ വ്യക്തമായ സാക്ഷ്യമാണ്. കോണ്‍സ്റ്റാന്റനോപ്പിള്‍ വിജയത്തിലൂടെ സുല്‍ത്താന്‍ മുഹമ്മദുല്‍ ഫാത്തിഹിന്റെ സ്വകാര്യ സ്വത്തായി മാറിയ  അയാ സോഫിയക്ക് മേല്‍ അത്താ തുര്‍ക്ക് ചെലുത്തിയ അധികാരം ശരിയല്ലെന്നുകണ്ടാണ് കോടതി വീണ്ടും പള്ളിയായി തന്നെ പ്രഖ്യാപിച്ചത്. ജൂലൈ 24 വെള്ളിയാഴ്ച്ച 85 വര്‍ഷങ്ങള്‍ക്കു ശേഷം ജുമുഅ നടത്തിക്കൊണ്ട് ഔദ്യോഗികമായി വിശ്വാസികള്‍ക്കായി പള്ളി തുറന്നുകൊടുക്കുകയും ചെയ്തു. ഒരു വിശ്വാസിയെന്ന നിലയില്‍ ഏറെ സന്തോഷിക്കേണ്ട ഈ സമയത്തും സെക്യുലറിസത്തിന്റെ തകര്‍ച്ചയെന്നും മറ്റുമുള്ള വെറുംവര്‍ത്തമാനങ്ങള്‍ പറഞ്ഞ് സങ്കടപ്പെടുന്നവരുടെ കാര്യം ഏറെ കഷ്ടമാണ്. 
അതിനിടെ അയാ സോഫിയ വിഷയത്തെ ബാബരി പ്രശ്‌നവുമായി സമീകരിച്ചും ഉമര്‍(റ) വിന്റെ ബൈത്തുല്‍ മുഖദ്ദസ് സംഭവം ഉദ്ധരിച്ചും ചോദ്യം ചെയ്യുന്നത് വിഷയദാരിദ്ര്യം കൊണ്ടുതന്നെയാണെന്ന് പറയേണ്ടതില്ലല്ലോ. പള്ളി നിര്‍മിക്കപ്പെട്ട സ്ഥലത്ത് രാമക്ഷേത്രമായിരുന്നുവെന്ന ഐതിഹ്യങ്ങള്‍ക്കുപുറത്ത് ഒരു കൂട്ടര്‍ നടത്തിയ പള്ളി തകര്‍ക്കലും തുടര്‍ന്ന് തെളിവുകളുടെ അഭാവത്തില്‍ തന്നെ കോടതി രാമക്ഷേത്രം നിര്‍മിക്കാന്‍ അനുവാദം നല്‍കിയതും പതിനഞ്ചാം നൂറ്റാണ്ടിലെ എല്ലാവിധ ലോകക്രമങ്ങളും യുദ്ധമര്യാദകളും പാലിച്ചു തന്നെ സന്ധിസംഭാഷങ്ങള്‍ക്കു വഴങ്ങാതെ വന്നപ്പോള്‍ മുസ്‌ലിംകള്‍ കീഴടക്കിയ ഒരു ഭൂമിയിലെ ഒരു ആരാധനാലയം പള്ളിയാക്കി മാറ്റിയതും തമ്മിലുള്ള അന്തരം ഊഹിക്കാവുന്നതല്ലേയുള്ളൂ. 
തുര്‍ക്കിയിലെ സെക്യുലറിസത്തിന്റെ തകര്‍ച്ച പറഞ്ഞ് നിലവിളിക്കുന്നവര്‍ സെക്യുലറിസത്തിന്റെ വക്താക്കളെന്ന് പെരുമ്പറമുഴക്കുന്ന യൂറോപ്പിലെ മുസ്‌ലിം ആരാധനാലയങ്ങളുടെയും തുര്‍ക്കിയിലെ ക്രിസ്ത്യന്‍ ചര്‍ച്ചുകളുടെയും അനുപാതം മാത്രം പരിശോധിച്ചാല്‍ മതിയാവും. യൂറോപ്യന്‍ രാജ്യങ്ങളിലുള്ളത് 2000 പേര്‍ക്ക് ഒരു പള്ളിയെന്ന തോതിലാണെങ്കില്‍ തുര്‍ക്കിയില്‍ 400 പേര്‍ക്ക് ഒരു ചര്‍ച്ച് എന്ന രീതിയില്‍ ആരാധനാസൗകര്യം ലഭ്യമാണ് എന്ന് കണക്കുകള്‍ തെളിയിക്കുന്നു. പള്ളിയാകുന്നതിനു മുമ്പുള്ള അയാ സോഫിയ സന്ദര്‍ശക പ്രവേശനാനുമതി നല്‍കിയത് ടിക്കറ്റോടു കൂടിയാണെങ്കില്‍ ഇന്നത് എല്ലാവര്‍ക്കും സൗജന്യമായിമാറി എന്നതും മറ്റൊരു വസ്തുതയാണ്. വഖ്ഫ് സ്വത്തിനെ അതിനെ മതപരമായ ഗൗരവത്തോടെ കണ്ട്, രാജ്യത്തിന് വര്‍ഷത്തില്‍ വിനോദസഞ്ചാരികളിലൂടെ ലഭിക്കുന്ന മില്ല്യണ്‍ കണക്കിന് തുക വേണ്ടെന്നുവെച്ച് ഒരു ഭരണാധികാരി ചെയ്യുന്ന ഈ കര്‍മത്തെ വിമര്‍ശിക്കാനും ചോദ്യം ചെയ്യാനും വരുന്നവരുടെ മതബോധത്തില്‍ തീര്‍ച്ചയായും സംശയിക്കേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ അജണ്ടകളായി ഇതിനെ വ്യാഖ്യാനിക്കുന്നവര്‍ 2023 വരെ ഭദ്രമായ പ്രസിഡന്‍ഷ്യല്‍ സീറ്റ് ഉറപ്പിക്കാന്‍ വേണ്ടി 2020 ല്‍ തന്നെ ഇങ്ങനെയൊരു നീക്കം നടത്തേണ്ടതുണ്ടോ എന്നുമാത്രം ആലോചിച്ചാല്‍ മതിയാവും. അവസാനമായി അന്ന് ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയ ഇമാമിന്റെ മദ്ഹബ് പറഞ്ഞ് നിസ്‌കാരം അസാധുവാണെന്നും എല്ലാവരും മാറ്റി നിസ്‌കരിക്കണമെന്നുവരെ പറയാന്‍ പ്രചോദനം നല്‍കിയ സലഫിസവും ഇത്തരക്കാരും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്.

വിവാദങ്ങളുടെ രാഷ്ട്രീയം

അയാ സോഫിയ വിവാദത്തിന് മുമ്പും ഉര്‍ദുഗാന്‍ എന്നൊരു ഫിഗറിനെ അപഹസിക്കാനും നരേന്ദ്രമോദിയുടെ ഫാസിസ്റ്റ് ഭരണകൂടവുമായി താരതമ്യം ചെയ്യാനും എ.കെ പാര്‍ട്ടിയെയും ബി.ജെ.പിയെയും സമീകരിക്കാനും മുതിര്‍ന്നവര്‍ തന്നെയാണ് ഇപ്പോഴും വിവാദങ്ങളുടെ അണിയറയില്‍ കരുക്കള്‍ നീക്കുന്നതെന്ന് മനസ്സിലാക്കാം. കുര്‍ദ് പ്രശ്‌നം, ഗുലനിസ്റ്റുകള്‍ക്കെതിരായ ഉര്‍ദുഗാന്റെ നീക്കങ്ങള്‍, ദിരിലിസ് എര്‍തുറുല്‍ സീരീസ് വഴി കടത്തുന്ന അജണ്ടകള്‍ ഇങ്ങനെ പലതും ഉയര്‍ത്തിക്കാട്ടി ഇത്തരക്കാര്‍ ഉന്നയിക്കുന്ന വിവാദങ്ങള്‍ പലതും ഇല്ലാക്കഥകള്‍ മാത്രമാണ്. തങ്ങള്‍ക്കാവശ്യമുള്ളത് മാത്രം തെരഞ്ഞുപിടിച്ച് വാര്‍ത്തയാക്കുന്ന വെസ്റ്റേണ്‍ മീഡിയയിലൂടെ നമ്മിലേക്കെത്തുന്ന വാര്‍ത്തകള്‍ക്ക് അത്തരമൊരു ഉര്‍ദുഗാനെയും തുര്‍ക്കിയെയും മാത്രമേ പരിചയമുള്ളൂ എന്നതാണ് സത്യം. അദ്ദേഹത്തെ സമ്പൂര്‍ണമായി വെള്ളപൂശാന്‍ ശ്രമിക്കുകയല്ല ഇവിടെ. ഉര്‍ദുഗാന്‍ തുര്‍ക്കിയെ ഏകാധിപത്യത്തിലേക്കാണ് നയിക്കുതെന്ന് അവസാനമായി നടപ്പിലാക്കിയ സോഷ്യല്‍ മീഡിയാ നിയന്ത്രണ ബില്‍ അടിസ്ഥാനപ്പെടുത്തിയും മറ്റും പറയുന്നവരെ പൂര്‍ണമായി തള്ളിക്കളയുകയുമല്ല. 
അതിനിടെ ഒരുവശത്ത് കുതിച്ചുയരുന്ന അദ്ദേഹത്തിന്റെ സ്വീകാര്യതയും ജനകീയതയും കണ്ട് സഹിക്കവയ്യാതെ അദ്ദേഹത്തെ ഡിഫെയിം ചെയ്യാനുള്ള നീക്കങ്ങളും മറ്റൊരു വശത്ത് തകൃതിയായി നടക്കുന്നുണ്ട് എന്നതുമൊരു വസ്തുതയാണ്. അദ്ദേഹം ഗേ അനുകൂല നിലപാട് സ്വീകരിക്കുന്ന കാലത്തോളം അദ്ദേഹത്തെ നിയോ ഇസ്ലാമിസത്തിന്റെ വക്താവായി കാണാനാവില്ല എന്ന് ഈ അയാ സോഫിയ വിവാദങ്ങള്‍ക്കിടയിലും തിരുകിക്കയറ്റുന്നവരുടെ ചേതോവികാരം എന്താണാവോ! ആദ്യമായി മനസ്സിലാക്കേണ്ടത്, തുര്‍ക്കി ഇപ്പോഴും ഒരു സെക്യുലര്‍ രാജ്യം തന്നെയാണ് എന്ന അടിസ്ഥാനബോധ്യമാണ്. സെക്യുലറിസമെന്ന പേരില്‍ അത്താ തുര്‍ക്ക് കളങ്കപ്പെടുത്തിയ അള്‍ട്രാ സെക്യുലറിസത്തില്‍ നിന്ന് ഭിന്നമായ യഥാര്‍ഥ സെക്യുലറിസം. എല്ലാ സെക്യുലര്‍ രാജ്യങ്ങളിലുമെന്നപോലെ കള്ളും പെണ്ണും എല്ലാമിവിടെ നിയമപരമായി ലഭ്യമാവും. പക്ഷേ, ഉത്തരവാദപ്പെട്ട രാഷ്ട്രനേതാക്കളോ പ്രതിനിധികളോ അതിനെ സപ്പോര്‍ട്ട് ചെയ്യുകയോ അത്തരം കാര്യങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യില്ല എന്നുമാത്രം. അതുതന്നെയാണ് ഗേ വിഷയത്തിലുമുണ്ടായത്. അതില്‍ ഗേ വിഷയം മാത്രം തെരഞ്ഞുപിടിച്ച് അക്രമിക്കുന്നതിന്റെ യുക്തിയും മനസ്സിലാകുന്നില്ല. 
പരസ്യമായി ഇതുവരെ എല്‍.ജി.ബി.ടി.ക്യു വിഷയത്തെ പ്രസിഡന്റ് ഉര്‍ദുഗാന്‍ അനുകൂലിച്ചില്ല. 2002 ലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ എല്‍.ജി.ബി.ടി.ക്യു അവകാശങ്ങളും ഗവണ്‍മെന്റ് മാനിക്കും എന്നുപറഞ്ഞ തീര്‍ത്തും രാഷ്ട്രീയപരമായ ഒരു പ്രസ്താവന മാത്രമാണ് വിമര്‍ശകരുടെ കച്ചിത്തുരുമ്പ്. അപ്പോഴും അതിനെ അംഗീകരിക്കാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. ഇദ്ദേഹത്തിന്റെ ഈ പ്രസ്താവന ഉയര്‍ത്തിപ്പിടിച്ച് എല്‍.ജി.ബി.ടി.ക്യു സമൂഹം ശക്തമായി രംഗപ്രവേശം ചെയ്തപ്പോള്‍ നമ്മുടെ മതം അത് അംഗീകരിക്കുന്നില്ല എന്നും ജനങ്ങള്‍ അതില്‍ നിന്നു വിട്ടുനില്‍ക്കണമെന്നും ശക്തമായ ഭാഷയില്‍ അദ്ദേഹം പറഞ്ഞിരുന്നു. മാത്രമല്ല, ഇയ്യിടെ ഇത്തരം അവിഹിത ബന്ധങ്ങളിലൂടെ രോഗങ്ങള്‍ പകരാനുള്ള സാധ്യതകള്‍ ചൂണ്ടിക്കാട്ടി അതിനെ നിരുത്സാഹപ്പെടുത്തിയും വ്യഭിചാരം അടക്കമുള്ള എല്ലാ അവിഹിത ബന്ധങ്ങളും ഹറാം ആണെന്നു പറഞ്ഞും തുര്‍ക്കി മതകാര്യ വകുപ്പിനു കീഴിലുള്ള രാജ്യത്തെ എല്ലാ പള്ളികളിലും ജുമുഅ ഖുത്വുബ നടത്തിയിരുന്നു. അതിനെതിരെ സെക്യുലറിസ്റ്റുകള്‍ ശബ്ദമുയര്‍ത്തിയപ്പോള്‍ പ്രഭാഷണത്തെ അനുകൂലിച്ചു മുന്നോട്ടു വരികയായിരുന്നു അദ്ദേഹവും മതകാര്യവകുപ്പും. ഇത്രയുമാണ് എല്‍.ജി.ബി.ടി.ക്യു വിഷയത്തിലെ അദ്ദേഹത്തിനെതിരായ വിമര്‍ശനങ്ങളുടെ വസ്തുത. ഇനി ഇത്തരക്കാര്‍ ആരെങ്കിലും അദ്ദേഹത്തെ ഇസ്‌ലാമിക ലോകത്തിന്റെ ഖലീഫയായി കരുതിയോ എന്നറിയില്ല. ഒരുപോലെ ഇല്ലാക്കഥകള്‍ മെനഞ്ഞ് അദ്ദേഹത്തെ ആഘോഷിക്കുന്നതും തരംതാഴ്ത്തുന്നതും വിശ്വാസിക്ക് ചേര്‍ന്നതല്ല എന്നുമാത്രം.