നൂല്‍ മദ്ഹും കുഞ്ഞായിന്‍ മുസ്‌ലിയാരും

4795

പ്രവാചക പ്രേമത്തെ വരികളിലൂടെ തീര്‍ത്ത ഒട്ടനേകം രചനകള്‍ കേരളക്കരക്കു പറയാനുണ്ട്. മലയാള ഭാഷ വിപുലമായ പ്രചരണങ്ങള്‍ക്ക് മുമ്പ്, കേരള മുസ്‌ലിംകളുടെ എഴുത്തു രീതി പൊതുവേ അറബി മലയാളത്തിലായിരുന്നു. അക്കാലത്ത് പ്രവാചക സ്‌നേഹവും നബി പ്രകീര്‍ത്തനവും എഴുതിപ്പിടിപ്പിച്ചിരുന്നതില്‍ ഏറിയ പങ്കും അറബി മലയാളത്തിലായിരുന്നു. ഗദ്യ-പദ്യ മൗലിദുകളുടെ സ്ഥാനത്ത്, മാപ്പിള സാഹിത്യകാരന്‍മാര്‍ അറബി മലയാളത്തില്‍ മാലകളും പാട്ടുകളും ആവിഷ്‌കരിച്ചു. നബി സ്‌നേഹം പാടി രസിച്ച,് പ്രവാചക സ്‌നേഹം നിലനിര്‍ത്തിയിരുന്നത് ഇത്തരം ഗ്രന്ഥങ്ങളിലൂടെയായിരുന്നു. അതില്‍ പ്രധാന കൃതിയാണ് കുഞ്ഞായിന്‍ മുസ്‌ലിയാരുടെ നൂല്‍ മദ്ഹ്.
മാപ്പിള കവി, ഹാസ്യസാമ്രാട്ട് എന്ന പേരിലറിയപ്പെട്ട കുഞ്ഞായിന്‍ മുസ്‌ലിയാര്‍, പതിനെട്ടാം നൂറ്റാണ്ടില്‍ തലശ്ശേരിയില്‍ ജനിച്ചു. അറിയപ്പെട്ട മതപണ്ഡിതനും,ഖാദിരിയ്യ സൂഫീ തലവനും സാമൂഹ്യ പരിഷ്‌കര്‍ത്താവും കൂടിയായിരുന്നു കുഞ്ഞായിന്‍ മുസ്‌ലിയാര്‍. ജീവിതത്തില്‍ നര്‍മവും രചനയില്‍ തത്ത്വചിന്തകളും ഉള്‍ചേര്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. സാമൂതിരി രാജാവിന്റെ കൊട്ടാര വിദൂഷകനായ മങ്ങാട്ടച്ചന്റെ സന്തത സഹചാരിയായിരുന്നു കുഞ്ഞായിന്‍ മുസ്‌ലിയാര്‍. തുര്‍ക്കിയിലെ ഹാസ്യ,സൂഫീ പണ്ഡിതന്‍ നസ്രുദ്ദീന്‍ ഹോജയുമായാണ് കുഞ്ഞായിന്‍ മുസ്‌ലിയാരെ ചരിത്രകാരന്മാര്‍ താരതമ്യപ്പെടുത്തുന്നത്.
തലശ്ശേരിയിലെ സൈദാര്‍ പള്ളിക്കടുത്ത് ചന്ദനംകണ്ടി തറവാട്ടു വീട്ടില്‍ ജനിച്ചു. എ.ഡി.1700നോടടുത്താണ് ജനനമെന്ന് അദ്ദേഹത്തിന്റെ രചനകളില്‍ നിന്നും അനുമാനിക്കുന്നു. തലശ്ശേരി വലിയ ജുമാഅത്ത് പള്ളി ദര്‍സില്‍ നിന്ന് പ്രഥമിക വിദ്യാഭ്യാസം നേടി. അക്കാലത്തെ മുസ്‌ലിം വിദ്യാഭ്യാസ ആസ്ഥാനമായിരുന്ന പൊന്നാനിയിലായിരുന്നു ഉപരിപഠനം. പൊന്നാനിയിലെ അന്നത്തെ മഖ്ദൂമായിരുന്ന നൂറുദ്ദീന്‍ മഖ്ദൂം, അബ്ദുസ്സലാം മഖ്ദൂം എന്നവരുടെ അടുത്തു നിന്ന് ഫിഖ്ഹീ വിജ്ഞാനം നേടി. ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തിന്റെ കുസൃതികളും വിനോദങ്ങളും നര്‍മരസം തുളുമ്പുന്ന വര്‍ത്തമാനങ്ങളും സഹപാഠികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരുന്നു. കഥാപാത്രമായി മാത്രം പ്രേക്ഷകര്‍ക്ക് തോന്നുമാറ് കുഞ്ഞായിന്‍ മുസ്‌ലിയാരുടെയും മങ്ങാട്ടച്ചന്റെയും പേരില്‍ കഥകളായും പിന്നീട് ധാരാളം ഹാസ്യവര്‍ത്തമാനങ്ങള്‍ പ്രചരിച്ചിട്ടുണ്ട്.
ആദ്യകൃതി നൂല്‍ മദ്ഹ് എന്ന ഭക്തി ഗാനമാണ്. ഹിജ്‌റ 1151 (1737)ല്‍ എഴുതിയതാണിത്. പ്രവാചകന്‍ മുഹമ്മദ് നബി (സ്വ)യോടുള്ള അതിരറ്റ സ്‌നേഹത്തിന്റ പ്രകാശനവും പുകഴ്ത്തലുമാണിതിലെ ഇതിവൃത്തം. കുഞ്ഞായിന്‍ മുസ്‌ലിയാര്‍ മനുഷ്യനെ പായക്കപ്പലിനോടുപമിച്ച് തത്ത്വജ്ഞാന പരമായ ‘കപ്പപ്പാട്ട്’ എന്ന ഖണ്ഡകാവ്യമാണ് രണ്ടാമത്തെ രചന. കുഞ്ഞായിന്‍ മുസ്‌ലിയാര്‍ പൊന്നാനിയിലുള്ള പഠന സമയത്താണ് പ്രസിദ്ധമായ കപ്പപ്പാട്ടിന്റെ പശ്ചാത്തലമൊരുങ്ങുന്നത്. മൂന്നാമത്തെ രചനയായ നൂല്‍ മാല. സൂഫീഗുരു ശൈഖ് മുഹ്‌യിദ്ദീന്‍ ജീലാനിയുടെ അപദാനങ്ങള്‍ വാഴ്ത്തുന്ന കൃതിയാണ്. ഹിജ്‌റ 1200ല്‍ (ക്രി. 1785)രചിച്ച ഈ ഗ്രന്ഥം മുഹ്‌യിദ്ദീന്‍മാലക്കു ശേഷമുള്ള മുഹ്‌യിദ്ദീന്‍ ശൈഖിന്റെ ഭക്തി കാവ്യമാണ്. തലശ്ശേരിയില്‍ വെച്ച് അന്തരിച്ച കുഞ്ഞായിന്‍ മുസ്‌ലിയാരെ തലശ്ശേരി പഴയ ജുമുഅത്ത് പള്ളിയില്‍ ഖബറടക്കി.
നൂല്‍ മദ്ഹ്; ഹസ്യ പഠനം
മുഹ്‌യിദ്ദീന്‍ മാലക്ക് ശേഷം 130 വര്‍ഷം കഴിഞ്ഞാണ് നൂല്‍ മദ്ഹ് രചിക്കപ്പെട്ടത്. ഹിജ്‌റ 1151 (ക്രി. 1737)ല്‍ രചിച്ച ഈ കൃതി, കുഞ്ഞായിന്‍ മുസ്‌ലിയാരുടെ ആദ്യ കൃതിയായാണ് കണക്കാക്കപ്പെടുന്നത്. 15 ഇശലുകളിലായി 666 വരികളാണ് നൂല്‍ മദ്ഹില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. നൂല്‍ മദ്ഹ് എന്ന പദം ‘നൂല്‍’ എന്ന തമിഴ് പദവും ‘മദ്ഹ്’ എന്ന അറബി പദവും ചേര്‍ന്നതാണ്. നൂല്‍ എന്നാല്‍ തമിഴില്‍ കൃതിയാണെന്ന് കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മാപ്പിളപ്പാട്ടുകളെ കുറിച്ച് ഈയടുത്ത കാലത്ത് വസ്തുനിഷ്ഠമായ പഠനം നടത്തിയ വി.പി മുഹമ്മദാലി, ‘മാപ്പിളപ്പാട്ടുകള്‍ നൂറ്റാണ്ടുകളിലൂടെ’ എന്ന കൃതിയില്‍ ‘നൂല്‍’ എന്ന വാക്കിന് പ്രവാചകന്‍ എന്ന അര്‍ഥമുണ്ടെന്ന് രേഖപ്പെടുത്തുന്നു. അങ്ങനെ വരുമ്പോള്‍ നൂല്‍മദ്ഹിന് ‘പ്രവാചക പ്രകീര്‍ത്തനം’ എന്ന് അര്‍ത്ഥം പറയാം. അബ്ദുല്‍ കരീമിന്റെ അഭിപ്രായത്തില്‍ ‘പ്രകീര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൃതി’ എന്ന് മാത്രമേ അര്‍ഥം ലഭിക്കുകയുള്ളൂ.നൂല്‍ മദ്ഹ് മാപ്പിളപ്പാട്ടിലെ ഒരു ലക്ഷണമൊത്ത ഒരു പ്രൗഢകൃതിയാണന്ന് കൂടി പറയാം. അറബി, മലയാളം, തമിഴ് എന്നീ മൂന്നു ഭാഷകളില്‍ കവിക്ക് അഗാധ പാണ്ഡിത്യമുണ്ടായിരുന്നെന്ന് ഈ കൃതി തന്നെ കൃത്യമായി മനസ്സിലാക്കിത്തരുന്നു. കൃതിയിലുടനീളം ഈ മൂന്നു ഭാഷകള്‍ ഉപയോഗിച്ചതായി കാണാവുന്നതാണ്.
ധന്യമായ കാവ്യരൂപത്തെ ആശയവിഷ്‌കാരത്തിലൂടെയും ഗദ്യവര്‍ണനയിലൂടെയും ആരംഭം കുറിച്ച നൂല്‍ മദ്ഹ്, തിരുനബി (സ്വ)യുടെ ജീവിതത്തിലെ വിവിധങ്ങളായ സംഭവങ്ങളെ സന്ദര്‍ഭങ്ങളെ ഇമ്പമാര്‍ന്ന രീതിയില്‍ അവതരിപ്പിച്ച് പ്രവാചക അനുരാഗത്തിന് പുത്തന്‍ കാവ്യഭംഗി നല്‍കി, ഭക്തിയിലൂടെ അങ്ങേയറ്റത്തെ ഉത്തുംഗ സ്വാപാനത്തിച്ചേര്‍ന്ന,് ആത്മീയ അനുഭൂതിയും ആത്മഹര്‍ഷവും പ്രവാചക പ്രേമികള്‍ക്ക് അവസരം നല്‍കുകയാണ് ഈ കാവ്യത്തിന്റെ ആദ്യം മുതല്‍ അവസാനം വരെ.
ലളിതമായ ആരംഭത്തോടെ തിരുനബി(സ്വ)യില്‍ പടച്ചവന്റെ റഹ്മത്തിനായി പ്രാര്‍ത്ഥിച്ചു കൊണ്ടാണ് കവി നൂല്‍ മദ്ഹ് തുടക്കം കുറിക്കുന്നത്. വളരെ അര്‍ത്ഥ ഗര്‍ഭമായ ഗദ്യ വര്‍ണനയോടുകൂടി നൂല്‍ മദ്ഹ് ആരംഭിക്കുന്നു.
‘ആദിതന്‍ അരുളിനാല്‍ പെരുമാന്‍ വന്ത് അണ്ഡംയേളം കടന്ത് അര്‍ശിന്നു മുടി നീണ്ടെ മുഹമ്മദ് നബിയെ കാമ്പതുക്ക് യെന്നില്‍ ആശക്കടല്‍ പൊങ്കും അതിനാല്‍ ‘ഇമ്മദ്ഹ് നൂല്‍ മാലൈ’ പണിവതുക്ക് അള്ളാവെതാരും ഉന്‍തുണൈ കാഫ’……… എന്ന് തുടങ്ങുന്ന ആശയ സമ്പുഷ്ടമായ ഗദ്യവര്‍ണനകളാണ് ആരംഭത്തിലുള്ളത്.
ഒന്നാം ഇശലില്‍ പ്രവാചക വര്‍ണന മാത്രമല്ല, അവിടത്തെ അനുഗ്രഹീതരായ നാലു ഖലീഫമാരെ സംബന്ധിച്ച് ഏതാനും മദ്ഹുകള്‍ അവതരിച്ചിട്ടുണ്ട്. ഇത് മഹനീയമായവരോടുള്ള കവിയുടെ അങ്ങേയറ്റത്തെ ആദരവും ബഹുമാനവും സ്‌നേഹവും എടുത്തു കാണിക്കുന്നു. ‘ഒന്നാം ഇശല്‍’ തിരുനബി കീര്‍ത്തനത്തിന്റെ പൂന്തോപ്പിലേക്ക് പ്രവേശിക്കാനുള്ള കവാടമായിരുന്നെങ്കില്‍, ‘രണ്ടാം ഇശല്‍’ തിരുനബി (സ്വ)യുടെ മഹത്വത്തെ ആവിഷ്‌കരിച്ച് ഭക്തിയോടെ സമര്‍പ്പിക്കുന്നു.
മന്‍ഖൂസ് മൗലിദിന്റെ തുടക്കത്തില്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം കബീര്‍ അവതരിപ്പിക്കുന്നത് പോലെ ‘സുബ്ഹാനല്ലദീ….അത്‌ലഅ ഫീ ശഹ് രി റബീഇല്‍ അവ്വലി…..’ ‘ലോകത്തെ സൃഷ്ടിക്കുക്കുന്നതിനു മുമ്പ് അള്ളാഹു തിരുനബി (സ്വ)യുടെ പ്രകാശത്തെ സൃഷ്ടിക്കുകയും മുഹമ്മദ് എന്ന പേരു വെക്കുകയും ചെയ്തിരിക്കുന്നു ‘. എന്നതിന്റെ അര്‍ത്ഥതലങ്ങള്‍ ഉള്‍കൊണ്ട് രണ്ടാം ഇശലില്‍ ചിട്ടയോടു കൂടി, അതിന്റെ ആശയാവിഷ്‌കാരത്തെ കവി പ്രതിപാദിക്കുന്നുണ്ട്.’മൂന്നാം ഇശലില്‍’ പ്രവാചക ചരിത്രത്തിലെ അമാനുഷിക സംഭവങ്ങളായ ചില സന്ദര്‍ഭങ്ങളും അവിടത്തെ സൗന്ദര്യ വര്‍ണനകളുമാണ് പ്രതിപാദിക്കുന്നത.് ഹലീമ ബീവി മുലയൂട്ടാന്‍ കൊണ്ടുപോയപ്പോയുണ്ടായ അമാനുഷിക സംഭവങ്ങളെ പ്രൗഢമായി വിവരിക്കുന്നുണ്ട്.’നാലാം ഇശലില്‍’ അവിടത്തെ ശരീര ലാവണ്യത്തെ വര്‍ണിക്കുന്നു. കടല്‍, തിരമാലകള്‍, മഴ, മേഘം, തുടങ്ങിയ പദങ്ങള്‍ ഈ ഇശലിന് വര്‍ണനയേകുന്നു.’അഞ്ചാം ഇശല്‍’ ആദം നബി (അ), ഇബ്രാഹിം (അ) നൂഹ് (അ) എന്നീ പ്രവാചകന്‍മാരുടെ ജീവിത യാത്രയില്‍ സ്പര്‍ശിച്ച ചരിത്ര സംഭവങ്ങളെ കോര്‍ത്തിണക്കി കൊണ്ട് അവതരിപ്പിക്കുന്നു. ഈ ഇശല്‍ ആശയ സമ്പുഷ്ടിയിലേക്കും പ്രൗഢമായ അര്‍ത്ഥ തലങ്ങളിലേക്കും ധന്യമായ പ്രാസം കൊണ്ടും കൂടുതല്‍ ആകര്‍ഷണം നല്‍കുന്നു .’ആറാം ഇശല്‍’ തിരുനബി അപദാനങ്ങളെയും അവിടെത്തെ വര്‍ണനകളും ജന്മദിനത്തിനോടനുബന്ധിച്ചുണ്ടായ അതിശയങ്ങളെയും അനുസ്മരിച്ച് കൊണ്ടുള്ള കാവ്യഭാഗമാണ.് നബി കുടുംബ മഹാത്മത്തെയും കവി പ്രതിപാദിക്കുന്നുണ്ട്. ഹിജ്‌റ, മിഅ്‌റാജ്, തിരുനബിയുടെ ജീവിതത്തിലെ രണ്ട് സുപ്രധാന ചരിത്ര സംഭവങ്ങളെ അനുസ്മരിക്കുന്ന കാവ്യഭാഗമാണ് ‘ഇശല്‍ ഏഴ്’. 
‘എട്ടാമത്തെ ഇശല്‍ ‘നൂല്‍ മദ്ഹിലെ ഏറ്റവും ദീര്‍ഘമേറിയതും നബി (സ്വ)യുടെ ജീവിതത്തിലെ അസാധാരണ സംഭവങ്ങള്‍, ഇസ്‌ലാം കാര്യങ്ങള്‍, അവിടത്തെ ശത്രുക്കള്‍, അഹ്‌സാബ് യുദ്ധം, അഹ്‌ലുബൈത്തിനോടുള്ള സ്‌നേഹം, ഹിജ്‌റ തുടങ്ങിയ കാര്യങ്ങള്‍ പ്രതിപാദിക്കുന്നു. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളെയും ഈമാന്‍ കാര്യങ്ങളെയും ഇവയിലുണ്ടാവേണ്ട അചഞ്ചലമായ വിശ്വാസത്തേയും കവി വരികള്‍ക്കിടയിലൂടെ പറയുന്നുണ്ട്. വളരെ ചുരുങ്ങിയ ഇതിവൃത്തത്തില്‍ രചിക്കപ്പെട്ട ‘ഒമ്പതാം ഇശല്‍’ തിരുനബിയുടെ ജീവിത ദൗത്യവും അവിടത്തെ മഹത്വവും അനാവരണം ചെയ്യുന്നതായി കാണാം. ഹ്രസ്വവും ലളിതസുന്ദരവുമായ നാല്‍പത് വരികളാല്‍ വിരചിതമായ ‘പത്താമത്തെ ഇശല്‍’ പ്രൗഢമായ സൂഫീ അര്‍ത്ഥങ്ങളെ ഉള്‍ക്കൊള്ളുന്ന പ്രകാശത്തിനുള്ള വേണ്ടത്ര പ്രേരണകളും സൂചന നല്‍കുന്നു. നൂല്‍ മദ്ഹില്‍ ഈ ഇശലിനോളം ഘടനയിലും പദവിന്യാസത്തിലും ലളിതമായ മറ്റൊരു ഇശലുമില്ലാ എന്നു തന്നെ പറയാം. ‘പതിനൊന്നാം ഇശല്‍’ തിരുനബിയുടെ സൗന്ദര്യം, അവിടെത്തെവര്‍ണനകള്‍ തുടങ്ങിയവ വിവരിക്കുന്നു. ‘പന്ത്രണ്ടാം ഇശല്‍’ തിരുനബിയുടെ അപദാനങ്ങള്‍ പാടിപ്പറയുന്ന കാവ്യഭാഗമാണ്. ആഖിറത്തിലുള്ള തിരുനബിയുടെ ശഫാഅത്തിനെക്കുറിച്ചും കവി വിവരിക്കുന്നുണ്ട്.
‘പതിമൂന്നാം ഇശല്‍’ കവിയുടെ ഗാഢമായ നബി സ്‌നേഹത്തെ വരച്ചുകാട്ടുന്ന കാവ്യഭാഗമാണ്. ഈ ഭാഗം പ്രവാചക വര്‍ണനയുടെ മറ്റൊരു സുന്ദരമായ ആവിഷ്‌കാരമാണ്. ഈ വരികള്‍ക്ക് പ്രാസപ്പൊരുത്തമുണ്ടെങ്കിലും, അമിതമായ തമിഴ് പദങ്ങളുടെ നുഴഞ്ഞുകയറ്റം ഈ ഈരടികളെ മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ‘പതിനാലാം ഇശല്‍’ പ്രവാചകനെ അറിഞ്ഞു സ്‌നേഹിക്കാനുള്ള ആഹ്വാനമാണ് കവി ഈ വരികളിലൂടെ വിളിച്ചോതുന്നത്. പ്രവാചക വര്‍ണന ‘എന്നെക്കൊണ്ടാവില്ലെന്ന’ പച്ചയായ കുറ്റസമ്മതം, കീഴടങ്ങല്‍ കവി ഈ ഇശലിലൂടെ നടത്തുന്നുണ്ട്. ‘പതിനഞ്ചാം ഇശല്‍’ നൂല്‍ മദ്ഹിലെ അവസാന കാവ്യഭാഗമാണ്. നബി(സ്വ)യെ പാടിയും പുകഴ്ത്തിയും വര്‍ണനകള്‍ നല്‍കിയും, ഭക്തിനിര്‍ഭരമായ ഇരവുകളോടു കൂടിയാണ് ഈ സ്‌നേഹ കാവ്യം പരിസമാപ്തി കുറിക്കുന്നത്. തന്റെ ഗുരുക്കന്‍മാര്‍ക്കും കുടുംബക്കാര്‍ക്കും പ്രത്യേക പ്രാര്‍ത്ഥനയും കവി നിര്‍വഹിക്കുന്നുണ്ട്.
‘തടയാതുടന്‍ സ്വര്‍ക്കം തൃക്കാഴ്ച്ചയും
ത്വാഹാ നബി കൂടെ വശങ്ങ് പോറ്റി
ഉടയപെരിയോനെ യെളിയ എന്റെ 
ഉണ്മ ഇരവ് നീ ഖബൂലാമീന്‍’
(നൂല്‍ മദ്ഹ് അവസാനം)
നൂല്‍ മദ്ഹ് എന്ന കാവ്യം, അത് രചിച്ചക്കപ്പെട്ട് 277 വര്‍ഷങ്ങള്‍ക്കിപ്പുറമുണ്ടായ കാലികപ്രസക്തമായ പുനര്‍ വായനയാണ് ഡോ. പി സക്കീര്‍ ഹുസൈന്‍ രചിച്ച ‘നൂല്‍മദ്ഹ്: കവിതയും കാലവും’. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി, കൊണ്ടോട്ടി 2014 സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ച ഈ കൃതിക്ക് അവതാരിക എഴുതിയിരിക്കുന്നത് ബാലകൃഷ്ണന്‍ വള്ളിക്കുന്നാണ്. അദ്ദേഹം എഴുതുന്നു: ‘ഇസ്‌ലാമിക ദാര്‍ശനികതയിലെ നൂറുല്‍ മുഹമ്മദീയത്തിന്റെ പരിസരത്തില്‍ മാപ്പിള സാഹിത്യ വിതാനത്തില്‍ ഉരുവംകൊണ്ട അപൂര്‍വ രചനകളിലൊന്നാണ് കുഞ്ഞായിന്‍ മുസ്‌ലിയാരുടെ നൂല്‍മദ്ഹ്. പ്രസ്തുത ദാര്‍ശനികതയുടെ ചുറ്റുവട്ടത്തില്‍ അതിനൊരു പഠനവും ആസ്വാദനവും നിര്‍മിക്കുകയെന്നത് ഏറെ ക്ലേശകരവും ശ്ലാഘനീയവുമാണ്. അതുകൊണ്ട് ഡോ. പി സക്കീര്‍ ഹുസൈന്റെ ‘നൂല്‍മദ്ഹ്: കവിതയും കാലവും’ അക്കാദമിക തലത്തില്‍ മാപ്പിള സാഹിത്യവിഷയകമായുള്ള ഗൗരവതരമായൊരു മുതല്‍ക്കൂട്ടാണെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകാനിടയില്ല.’നൂല്‍ മദ്ഹ് മൂലഭാഷയിലും മലയാള ലിപിയിലും ഇതില്‍ കാണാം. ഏതൊരാള്‍ക്കും മനസിലാക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ഈ കൃതി തയ്യാറാക്കപ്പെട്ടിട്ടുള്ളത്‌