പസ്മാന്ദ മുസ്ലിംകളും സംഘ്പരിവാറിന്റെ അവസരവാദ രാഷ്ട്രീയവും

1177

പുറന്തള്ളപ്പെട്ടവര്‍ എന്ന് പേര്‍ഷ്യന്‍ ഭാഷയില്‍ അര്‍ഥംവരുന്ന വാക്കാണ് പസ്മാന്ദ. മുസ്‌ലിം സമുദായത്തിനുള്ളിലെ അധികാര,അവകാശ ഇടനായികളില്‍ നിന്നും പുറന്തള്ളപ്പെട്ട മധ്യകാലത്ത് ഇസ്‌ലാം മതം സ്വീകരിക്കുകയും, എന്നാല്‍, ഇന്ത്യന്‍ സാമൂഹിക ഘടനയുടെ അനുപൂരകമായ ജാതീയതയുടെ തടവിലകപ്പെട്ട് ഇസ്‌ലാമിക പാരമ്പര്യമുള്ള മധേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും അറബ് രാജ്യങ്ങളില്‍ നിന്നും മുഗള്‍ ഭരണകാലത്തിനിടെയിലും ഡല്‍ഹി സല്‍ത്തനത്തിന്റെ കാലഘട്ടത്തുമായി കുടിയേറിവന്നവരുടെ പിന്മുറക്കാരെ അപേക്ഷിച്ച് സമൂഹത്തിലെ താഴ്ന്ന ശ്രേണിയില്‍ പരിഗണിക്കപ്പെട്ടു പോന്നിരുന്നവരായ മുസ്‌ലിംകളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെയും താഴ്ന്ന ജാതിക്കാരെയും ദലിതരെയും ആദിവാസി വിഭാഗളെയും ഉള്‍കൊള്ളിക്കുന്നതാണ് ഇന്ത്യന്‍ സാമൂഹിക രാഷ്ട്രീയ പരിപ്രേക്ഷ്യത്തിലെ പസ്മാന്ദ മുസ്‌ലിം സമുദായം എന്ന ആശയനിര്‍മിതി. സമത്വാധിഷ്ഠിത ദൈവിക ആശയങ്ങളാല്‍ സര്‍വശക്തന്‍ വിഭാവനം ചെയ്ത ഇസ്‌ലാം യാതൊരു വിധത്തിലുള്ള ജാതീയതയെയും വര്‍ഗവിവേചനങ്ങളേയും ഉദ്‌ഘോഷിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നിലെങ്കിലും ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥിതിയുടെയും സാമൂഹിക നിര്‍മിതിയുടെയും അടിത്തൂണായിരുന്ന ജാതീയത ഇസ്‌ലാമിലേക്കുക്കുള്ള മതപരിവര്‍ത്തനത്തിനു ശേഷവും അത്തരം വിഭാഗങ്ങളേയും അവരുടെ പിന്മുറക്കാരെയും സാമൂഹിക വിവേചനത്തിലും അസമത്വത്തിലുമൂന്നിയ വരേണ്യ അധീശത്വ ബോധമണ്ഡലങ്ങളില്‍ തളച്ചിടുകയായിരുന്നു. ജാതീയതയും ജാതി വിവേചനങ്ങളും അതിശക്തമായിരുന്ന യു.പിയും ബിഹാറും ബംഗാളുമടങ്ങുന്ന ഉത്തരേന്ത്യന്‍ പ്രദേശങ്ങളില്‍ മുസ്‌ലിംകള്‍ക്കിടയില്‍ തന്നെ വരേണ്യ നിര്‍മിതിയുടെ നേര്‍പ്പകര്‍പ്പായി വിത്യസ്ത വിഭാഗങ്ങള്‍ ഉയര്‍ന്നു വരികയുണ്ടായി.
ഇന്ത്യന്‍ മുസ്‌ലിംകളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥകളെ കുറിച്ചു പഠിക്കുന്നതിനു വേണ്ടി 2005ല്‍ രൂപീകരിക്കപ്പെട്ട സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉത്തരേന്ത്യന്‍ മുസ്‌ലിം സാമൂഹിക ഘടനയില്‍ നില നില്‍ക്കുന്ന അഷ്‌റഫ്, അജ്‌ലാഫ്, അര്‍സല്‍ വേര്‍ത്തിരിവിനെ അടിവരയിട്ടു പറയുന്നുണ്ട്. അറേബ്യ,അഫ്ഗാന്‍,പേര്‍ഷ്യ,തുര്‍ക്കി തുടങ്ങി പാരമ്പര്യ ഇസ്‌ലാമിക രാജ്യങ്ങളില്‍ നിന്നും വ്യത്യസ്ത കാലങ്ങളിലായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ എത്തിച്ചേര്‍ന്നവരുടെ പിന്മുറക്കാരായ സയ്യിദുമാരും ശൈഖുമാരും മുഗളന്മാരും പത്താന്മാരും കൂടാതെ ഹിന്ദു മതത്തിലെ ഉന്നത ജാതികളായ രജ്പുത്, ഗൗര്‍, ത്യാഗി തുടങ്ങിയ ജാതികളില്‍ നിന്നും മതപരിവര്‍ത്തനം ചെയ്തവരും അഷ്‌റഫികള്‍ എന്ന വിഭാഗമായി അറിയപ്പെട്ടു. ഹിന്ദു ആചാരപരമായി ശുദ്ധ വിഭാഗങ്ങളായി പരിഗണിക്കപ്പെട്ടു പോന്നിരുന്ന ജുലഹ (നെയ്ത്തുകാര്‍) ദാര്‍സി (തയ്യല്‍കാര്‍) കുഞ്ചിരാ (പച്ചക്കറി വില്‍പ്പനക്കാര്‍) തുടങ്ങിയ മധ്യവര്‍ഗ ജാതിയില്‍പ്പെട്ട മുസ്‌ലിംകളായവര്‍ അജ്‌ലാഫ് എന്ന വിഭാഗമായും അറിയപ്പെട്ടു. ഹിന്ദു ജാതീയ സാമൂഹിക ക്രമത്തില്‍ ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട താഴ്ന്ന ജാതിക്കാരായി പരിഗണിക്കപ്പെട്ടിരുന്ന ബംഗീസ് (ശുദ്ധീകരണ ജോലി ചെയ്യുന്നവര്‍) ദോബി (അലക്കുകാര്‍) ഹജ്ജാം (ബാര്‍ബര്‍മാര്‍) തുടങ്ങിയ ജാതികളിലുള്ളവരേയും മറ്റു അവര്‍ണ വിഭാഗങളും അര്‍സലുകള്‍ എന്ന ഗണത്തിലായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. പരമ്പരാഗതമായി രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ ചിത്രങ്ങളില്‍ നിന്നും പാടെ തുടച്ചുനീക്കപ്പെട്ടവരായിരുന്നു അര്‍സലുകള്‍.
1998 ല്‍ പസ്മാന്ദ മുസ്‌ലിം മഹല്‍ സ്ഥാപിച്ച അലി അന്‍വര്‍ അന്‍സാരിയാണ് പസ്മാന്ദ എന്ന പദത്തിന് ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തിലും മുസ്‌ലിം സാമുദായിക പരിസരങ്ങളിലും സാംഗത്യം നല്‍കുന്നത്. അധികാര സാമ്പത്തിക മേഖലകളില്‍ നിന്നും അന്യവത്കരിക്കപ്പെട്ടവരായ പ്രധാനമായും ദലിത് മുസ്‌ലിംകളടങ്ങുന്ന അര്‍സല്‍ വിഭാഗത്തിനു വേണ്ടി ഭരണപരമായും സാമൂഹികമായും സമത്വവും നീതിയും ഉറപ്പാക്കുന്നതിനു വേണ്ടിയാണ് അലി അന്‍വര്‍ അന്‍സാരി തന്റെ സംഘടനയുടെ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നത്. ഇതര മതസ്ഥരായ ദലിതര്‍ക്കു ലഭിച്ചിരുന്ന സംവരണാനുകൂല്യങ്ങള്‍ ദലിത് മുസ്‌ലിംകള്‍ക്ക് ഇന്നും അപ്രാപ്യമാണ്. ഇതുമായി ബന്ധപ്പെട്ട് നിയമിക്കപ്പെട്ട കമ്മീഷനുകളൊക്കെയും കാര്യമായിട്ടുള്ള പുരോഗതികളുണ്ടാക്കാന്‍ സാധിക്കാതെ വിസ്മൃതിയിലാവുകയാണ് ചെയ്തത്.
സര്‍വവിധ രാഷ്ട്രീയ കക്ഷികളാലും തങ്ങളുടെ നയപരിപാടികളില്‍ നിന്നും ആനുകൂല്യങ്ങളില്‍ നിന്നും പുറന്തള്ളപ്പെട്ട് സാമൂഹിക പുരോഗതിയുടെ വാതിലുകള്‍ കൊട്ടിയടക്കപ്പെട്ട സമൂഹമായി തീര്‍ത്തും പരിതാപകരമായ രാഷ്ട്രീയ പരിസരത്തില്‍ ഒറ്റപ്പെട്ട പസ്മാന്ദ മുസ്‌ലിം വിഭാഗത്തെ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയും മുഖ്യധാരാ അഷ്‌റഫി രാഷ്ട്രീയത്തെയും സംഘടനകളെയും ബുദ്ധിജീവി വിഭാഗളെയും ഒതുക്കാനുള്ള തടയല്‍ തന്ത്രത്തിന്റെ ഭാഗമായും ബി.ജെ.പിയും ആര്‍.എസ്.എസും സ്‌നേഹ യാത്രകളും സമ്മാന യാത്രകളും സംഘടിപ്പിച്ചും അധികാര സ്ഥാനമാനങ്ങള്‍ നല്‍കിയും പ്രലോഭിപ്പിച്ച് വശത്താക്കാനുള്ള തകൃതിയായ ശ്രമങ്ങളിലാണ്.
ഹൈദരാബാദില്‍ നടന്ന ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ച പ്രധാന നിര്‍ദേശങ്ങളില്‍ ഒന്നായിരുന്നു പസ്മാന്ദ മുസ്‌ലിംകളടക്കമുള്ള ഹിന്ദു ഇതര മത സമുദായങ്ങളിലെ അടിച്ചമര്‍ത്തപ്പെട്ടവരെ ചേര്‍ത്തുപിടിച്ച് കൂടെ നിര്‍ത്തുകയും അതിനു വേണ്ടി വിവിധങ്ങളായ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നുള്ളതും. രണ്ടാം യോഗി സര്‍ക്കാറില്‍ പസ്മാന്ദ സമുദായത്തില്‍ പെട്ട ദാനിഷ് ആസിഫ് അന്‍സാരിക്ക് മന്ത്രി സ്ഥാനം നല്‍കിയതും ഇതിന്റെ ഭാഗമായിട്ടുകൂടി വേണം നോക്കി കാണാന്‍. തങ്ങളുടെ സമ്മതിദായക അടിത്തറ വികസിപ്പിക്കുന്നതിനപ്പുറം ആര്‍.എസ്.എസ് നടപ്പാക്കാനുദ്ദേശിക്കുന്ന ബഹുമുഖ ഹിന്ദുത്വ ദേശീയവത്കരണ യജ്ഞങ്ങളുടെ ഭാഗമായ മുസ്‌ലിം, ഹിന്ദുത്വവത്കരണത്തിന്റെ അല്ലെങ്കില്‍ പൊതു ഇടങ്ങളില്‍ സര്‍വ സാധാരണമായി ഉപയോഗിക്കാറുള്ള ദേശീയ മുസ്‌ലിം വത്കരണത്തിലേക്കുള്ള സമഗ്രമായ ചുവടുവെപ്പായിട്ടു കൂടി വേണം ബി.ജെ.പിയുടെ മുസ്‌ലിം പ്രലോഭന ശ്രമങ്ങളെ വിലയിരുത്താന്‍.


സംഘ്പരിവാറും സാംസ്‌കാരിക വീക്ഷണങ്ങളിലെ മാറ്റങ്ങളും
വരേണ്യവര്‍ഗങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവന്നിരുന്ന അരക്ഷിതബോധമാണ് ചില ബ്രഹ്‌മണരെ ആര്‍.എസ്.എസ് എന്ന സംഘടന രൂപീകരിക്കാന്‍ പ്രേരിപ്പിച്ച സതരമായ കാരണം. പല വിധ ഘടകങ്ങള്‍ പിന്നീട് ആര്‍.എസ്.എസിന്റെ സാംസ്‌കാരിക വീക്ഷണം രൂപപ്പെടുത്തിയെടുക്കുന്നതില്‍ പങ്കുവഹിച്ചു. ശാശ്വതമായ ഹിന്ദു-മുസ്‌ലിം സംഘര്‍ഷത്തെ അടിസ്ഥാനമാക്കിയ പൗരസ്ത്യ അധിനിവേശ ഭാവനകളിലെ ഇന്ത്യയും മതകീയ പരിപ്രേക്ഷത്തില്‍ നിന്നുകൊണ്ടുള്ള ചരിത്രവായനയുമാണ് അവകളില്‍ പ്രധാനം. 1920 കള്‍ മുതല്‍ ബ്രിട്ടീഷ് ഗവണ്മെന്റ് അവതരിപ്പിച്ച പ്രാതിനിധ്യം അടിസ്ഥാനമാക്കിയുള്ള സെമി പാര്‍ലമെന്ററി സമ്പ്രദായം കൂടി നടപ്പില്‍വന്നതോടെ തങ്ങളുടെ സംഖ്യാപരമായ കുറവ് നികത്തുന്നതിനു വേണ്ടിയും സമൂഹത്തിലെ ഉന്നതകുലജാതരായ വരേണ്യ വര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയും ആര്‍.എസ്എസ് മതത്തെ വര്‍ഗീയമായി യഥേഷ്ടം ഉപയോഗിച്ചു തുടങ്ങി. ക്രിസ്ത്യന്‍ മിഷണറിമാരും മുസ്‌ലിംങ്ങളിലെ ചില വിഭാഗങ്ങളും വെച്ചുപുലര്‍ത്തിയിരുന്ന തീവ്ര ഹിന്ദുമത വിരുദ്ധ മനോഭാവവും 1920 കളുടെയും 1940 കളുടെയും ഇടയില്‍ അരങ്ങേറിയ വര്‍ഗീയ കലാപങ്ങളും മുസ്‌ലിം-ക്രിസ്ത്യന്‍ ന്യൂനപക്ഷ വിരുദ്ധ സാംസ്‌കാരിക അധിനിവേശ നയം രൂപപ്പെടുത്തിയെടുക്കുന്നതില്‍ ആര്‍.എസ്.എസിനു ബലംനല്‍കി.
വൈരുദ്ധ്യങ്ങളായ സാധ്യതകളില്‍ നിന്നും ഒരൊറ്റ രേഖയില്‍ മാത്രം നിക്ഷിപ്തമാക്കി എകാത്മകമായ സാമൂഹിക ഘടനയെ പരുവപ്പെടുത്തിയെടുക്കലാണ് ഹിന്ദുത്വ പദ്ധതിയുടെ കര്‍മലക്ഷ്യം. ഏതൊരു രാഷ്ട്രീയ പദ്ധതിയെയും പോലെ തന്നെ നിശ്ചിത പുറന്തള്ളലുകളിലൂടെയും ഉള്‍കൊള്ളലുകളിലൂടെയും രൂപപ്പെടുത്തിയെടുത്ത ‘ഞമ്മള്‍’ ‘അവര്‍’ ദ്വന്ദ്വങ്ങളിലൂടെയാണ് ഹിന്ദുത്വ പദ്ധതിയും വികസിക്കുന്നത്. നിശ്ചിത അര്‍ഥങ്ങളിലൂടെയും വസ്തുതകളിലൂടെയും ജനങ്ങളില്‍ വൈകാരികമായി പ്രതിഫലിപ്പിച്ചു കൊണ്ട് ഇത്തരം ദ്വന്ദ്വ നിര്‍മിതികള്‍ സമൂഹത്തില്‍ സാംഗത്യം നേടിയെടുത്തു.
കാലാന്തരമായി വരുന്ന മാറ്റങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും അനുസ്യൂതമായി ഹിന്ദുത്വ വ്യവഹാരവും വ്യത്യസ്ത ഭാവങ്ങളെ സ്വീകരിച്ചിട്ടുണ്ട്. ഹിന്ദുത്വയ്ക്കുള്ള കൃത്യവും വ്യക്തവുമായ നിര്‍വചനം ആര്‍.എസ്.എസ് ഇതുവരെയും നല്‍കിയിട്ടില്ല. മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും അനുഗുണമായി മിഥ്യകളെ കൂട്ടുപിടിച്ച് തങ്ങളുടെ ആശയധാരയില്‍ പരിഷ്‌കാരങ്ങള്‍ വരുത്തി കൊണ്ടാണ് ഹിന്ദുത്വ പ്രവര്‍ത്തിക്കുന്നതെന്നത് തന്നെയാണ് കാരണം. കാലക്രമേണ നാസികളുടെ തീവ്രദേശീയതയും ഫാസിസത്തിന്റെ മിത്തോക്രസിയും കോര്‍പറേറ്റിസവും സൈനികവത്കരണവും തങ്ങളുടെ ആശയധാരയുടെ ഭാഗമാക്കി സംഘപരിവാര്‍ മാറ്റി. സംഘ്പരിവാറിന്റെ ഉന്നത നേതൃത്വം വെച്ചുപുലര്‍ത്തുന്ന സവര്‍ണ മേധാവിത്വ ബോധം വളര്‍ന്നുപന്തലിക്കുന്ന കാപിറ്റലിസവും ജനാധിപത്യ വളര്‍ച്ചയും സൃഷ്ടിച്ച വിഷമവൃത്തത്തിലകപ്പെടുകയും സാംസ്‌കാരികവും രാഷ്ട്രീയപരവും സാമ്പത്തികവുമായ കാഴ്ച്ചപ്പാടുകളില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതരാവുകയുമായിരുന്നു.


ന്യൂനപക്ഷ സമീപനത്തിലെ അവസരവാദം
സാംസ്‌കാരിക ദേശീയതയും പ്രാദേശിക ദേശീയതയും സംയോജിപ്പിച്ചുള്ള സവര്‍ക്കര്‍,ഗോള്‍വാള്‍ക്കര്‍ ചിന്താധാരയില്‍ നിക്ഷിപ്തമാണ് ആര്‍.എസ്.എസിന്റെ ആശയധാര. ഭാരതം എന്ന ദേശത്ത് വസിക്കുന്ന പൊതുവായ ഹിന്ദു സാംസ്‌കാരിക പാരമ്പര്യം അവകാശപ്പെടാനാകുന്ന ഏകതാനമായ ഹിന്ദു വംശമാണ് സംഘ് പരിവാറിന്റെ പരികല്‍പനയിലുള്ളത്. സവര്‍ക്കര്‍ ഹിന്ദുവിനെ നിര്‍വചിക്കുന്നത് നോക്കുക. ഹിന്ദുത്വ സാംസ്‌കാരിക രൂപീകരണത്തിന്റെ ഈറ്റില്ലമായിരുന്ന സിന്ധു മുതല്‍ അറബിക്കടല്‍ വരെ പരന്നുകിടക്കുന്ന ഭാരതഹര്‍ഷ ദേശത്തെ തങ്ങളുടെ പിതൃ ഭൂമിയായും ഹിന്ദു സംസ്‌കാര കേന്ദ്രമെന്ന നിലക്ക് പുണ്യഭൂമിയായും പരിഗണിക്കുന്നവരാണ് ഹിന്ദു അല്ലെങ്കില്‍ ഭാരതീയന്‍. ഇവര്‍ മാത്രം ഉള്‍കൊള്ളുന്ന ഇന്ത്യയാണ് ആര്‍.എസ്.എസിന്റെ ഭാവനയിലെ ഹിന്ദു രാഷ്ട്രം. ഈ അടിസ്ഥാന സങ്കല്‍പത്തിലൂടെ വൈദേശിക അടിത്തറയുള്ള മതങ്ങളൊക്കെയും തന്നെ പുറന്തള്ളപ്പെട്ടു.
മുസ്‌ലിംകളും ക്രിസ്ത്യാനികളും വൈദേശിക പാരമ്പര്യം ഉള്ളവരായത് കൊണ്ടുതന്നെ ഹിന്ദുത്വ സാമൂഹിക ക്രമത്തില്‍ സാമൂഹികമായി പൈശാചികവത്കരിക്കപ്പെടുകയും അരികുവത്കരിക്കപ്പെടുകയും ചെയ്തു. ഹിന്ദു മതത്തിനുള്ളില്‍ നിന്നു കൊണ്ടു തന്നെ ആദിവാസികളും ദളിതരും കലഹമുയര്‍ത്തുകയും സമത്വത്തിനു വേണ്ടി മുറവിളി കൂട്ടുകയും അവകാശവാദങ്ങള്‍ ഉന്നയിക്കാനും തുടങ്ങിയതോടു കൂടി ഹിന്ദു ഐഡന്റിറ്റിയെ കരുവാക്കി അതില്‍ നിന്നെല്ലാം ശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയാണ് മുസ്‌ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളെ മുഖ്യശത്രുക്കളായി സംഘ്പരിവാര്‍ യുദ്ധം പ്രഖ്യാപിക്കുന്നത്. മുസ്‌ലിംകളിലെ പരിവര്‍ത്തനം ചെയ്ത് ഇസ്‌ലാമിലേക്ക് എത്തിച്ചേര്‍ന്നവരുടെയെല്ലാം മാതൃഭൂമി ഭാരതമായതു കൊണ്ടു തന്നെ ഹിന്ദുത്വത്തിന്റെ പിത്രഭൂമി ആശയത്തിനുള്ളില്‍ അവര്‍ അകത്താണെങ്കിലും പുണ്യഭൂമി എന്ന പരികല്‍പനക്ക് പുറത്താണവര്‍. ഇന്ത്യന്‍ സമപൗരത്വത്തിന് അവകാശിയാകാനുള്ള ഏക മാര്‍ഗം ഇനി ഇക്കൂട്ടര്‍ക്ക് ആര്‍.എസ്.എസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഘര്‍വാപസി മാത്രമാണ്.
ഇന്ത്യാ മഹാരാജ്യത്തിന്റെ സ്ഥാപന മൂര്‍ത്തികളില്‍ സാര്‍വലൗകികനായ അംബേദ്ക്കറടക്കം മതങ്ങളോടുള്ള സമീപനത്തില്‍ ഉത്തരം വൈദേശിക പ്രാദേശിക വ്യത്യാസത്തെ ബോധപൂര്‍വം ഊന്നിപറഞ്ഞിട്ടുണ്ട്. ഇസ്‌ലാമിലേക്കും ക്രിസ്ത്യന്‍ മതത്തിലേക്കുമുള്ള പരിവര്‍ത്തനം അവരെ നിര്‍ദേശീയവത്കരിക്കാന്‍ ഇടയാക്കുമെന്ന് വരെ അദ്ദേഹം ഒരിക്കല്‍ സൂചിപ്പിക്കുകയുണ്ടായി. മോഹന്‍ ഭഗവതിന്റെ കീഴിലെ ആര്‍.എസ്.എസ് ഘടനാപരമായി തന്നെ സവര്‍ക്കര്‍,ഗോള്‍വാള്‍ക്കര്‍ റാഡിക്കല്‍ ഹിന്ദുത്വ വ്യാഖ്യാനങ്ങളില്‍ നിന്നും മാറി ഒരു പരിധിവരെയുള്ള യോജിപ്പിന്റെ സമീപനമാണ് ക്രിസ്ത്യന്‍-മുസ്‌ലിം ന്യൂനപക്ഷങ്ങളോടുള്ള ബന്ധത്തിന്റെ കാര്യത്തില്‍ ഉന്നമിടുന്നത്. മോഹന്‍ ഭഗവതിന്റെ കഴിഞ്ഞ ചില പ്രസ്താവനകള്‍ പരിശോധിക്കുകയാണെകില്‍ മതകീയ പരിപ്രേക്ഷ്യത്തില്‍ നിന്നും ദേശീയ പരിപ്രേക്ഷ്യത്തിലേക്കുള്ള ഹിന്ദുത്വ സങ്കല്‍പത്തിന്റെ ചുവടുമാറ്റത്തിന്റെ സൂചനകള്‍ ദര്‍ശിക്കാന്‍ സാധിക്കും.
ധര്‍മ,പാന്ഥ് എന്നീ രണ്ടു ആശയഘടകങ്ങളിലൂടെ മാറിവരുന്ന ഹിന്ദുത്വ ഘടനയെ നിരീക്ഷിക്കാന്‍ സാധിക്കും. ധര്‍മ എന്നതുകൊണ്ട് സദാചാര കര്‍മവും ധര്‍മ സംഹിതയുമാണ് അര്‍ഥമാക്കുന്നത്. പാന്ഥ് എന്നതു കൊണ്ട് വ്യത്യസ്ത വിഭാഗങ്ങളേയും അവരുടെതായിട്ടുള്ള വ്യത്യസ്ത ആരാധന രീതികളെയും സൂചിപ്പിക്കുന്നു. പാന്ഥ് എന്ന ആശയത്തിനുളളിലാണ് നവഹിന്ദുത്വം ഹിന്ദു ഇതര ന്യൂനപക്ഷ മതവിഭാഗങ്ങളെ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്. പാന്ഥിനുള്ളില്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ധര്‍മത്തെ പിന്തുടരുകയാണെങ്കില്‍ അവര്‍ക്ക് ഹിന്ദുക്കളെ പോലെ തന്നെ യഥാര്‍ഥ ഭാരതീയനാവാം. ജനസംഘം അദ്ധ്യക്ഷനായിരുന്ന ബല്‍രാജ് മഥോക്ക് പറയുന്നതിങ്ങനെ, ധര്‍മങ്ങളെ പിന്തുടരുമ്പോള്‍ തന്നെ ജനങ്ങള്‍ക്ക് ആരാധാന കര്‍മങ്ങള്‍ നിര്‍വഹിക്കാനും ദൈവത്തെ തിരിച്ചറിയാനും മോക്ഷം ലഭിക്കാനും വിത്യസ്ത രീതികള്‍ പിന്തുടരാനുള്ള സ്വാതന്ത്രമുണ്ട്. ഇതില്‍ ഇസ്‌ലാമും ക്രിസ്ത്യാനിറ്റിയുമെല്ലാം ഉള്‍പ്പെടുന്നു.
ചരിത്രത്തില്‍ പല തവണകളിലായി ചില നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കു വേണ്ടി മുസ്‌ലിംകളിലേക്ക് ഇറങ്ങി ചെല്ലാന്‍ പലപ്പോഴും ഹിന്ദുത്വ വാദികള്‍ നിര്‍ബന്ധിതരായിട്ടുണ്ട്. പ്രത്യേകിച്ചും സ്വാതന്ത്രത്തിനു ശേഷം. മുസ്‌ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കു അംഗത്വം നല്‍കാത്ത പ്രശ്‌നം മനസ്സിലാക്കി ഹിന്ദുമഹാസഭയില്‍ നിന്നും പിടിയിറങ്ങി 1951 ല്‍ ഭാരതീയ ജനസംഘം രൂപീകരിച്ച വ്യക്തിയാണ് ശ്യാമപ്രസാദ് മുഖര്‍ജി. 1979ല്‍ ബാലസാഹബ് ദേവറൊസിന്റെ കീഴിലാണ് ആര്‍.എസ്.എസ് മുസ്‌ലിംങ്ങള്‍ക്കിടയില്‍ അംഗത്വ വിതരണം തുടങ്ങുന്നത്. 2002 ല്‍ മുസ്‌ലിംകളെ ‘മുഖ്യധാര’ യിലേക്കെത്തിക്കുന്നതിനു വേണ്ടി ആര്‍.എസ്.എസ് തങ്ങളുടെ കീഴ്ഘടകമായി സ്ഥാപിച്ച സംഘടനയാണ് രാഷ്ട്രീയ മുസ്‌ലിം മഞ്ച്.
നൈതിക വീക്ഷണകോണില്‍ നിന്നും മാറി അധികാര രാഷ്ട്രീയ വീക്ഷണ കോണിലൂടെ ഹിന്ദുത്വയെ സമീപിക്കുമ്പോഴാണ് സാംസ്‌കാരിക അധീശത്വ വ്യവഹാരത്തിനു പിന്നില്‍ മറഞ്ഞു നില്‍ക്കുന്ന അവസരവാദ രാഷ്ട്രീയത്തെ ദര്‍ശിക്കാന്‍ സാധിക്കുക. ബി.ജെ.പിയും ആര്‍.എസ്.എസും രാജ്യത്ത് അഴിച്ചുവിടുന്ന അക്രമണപരമ്പരകളുടെയും കലാപങ്ങളുടെയും എറ്റവും വലിയ ഇരകളായ പസ്മാന്ദ മുസ്‌ലിംങ്ങളിലേക്ക് സ്‌നേഹവും സമത്വവും ഉദ്‌ഘോഷിച്ചുള്ള ബി.ജെ.പിയുടെ പുറപ്പാടിനു പിന്നിലെ കുത്സിത ലക്ഷ്യങ്ങളെയും ഇത്തരത്തിലൊന്നായിട്ടാണ് വീക്ഷിക്കേണ്ടത്.

അര്‍ശഖ് സഹല്‍ തിരൂരങ്ങാടി