കഥകളുടേയും അനുഭവങ്ങളുടേയും അക്ഷയഖനിയാണു പ്രവാസജീവിതം. പ്രവാസത്തിന്റെ തീക്ഷ്ണ യാഥാര്‍ഥ്യങ്ങളെ സര്‍ഗാത്മകമായി അടയാളപ്പെടുത്തുന്ന ധാരാളം രചനകള്‍ ഇതിനകം മലയാളത്തിലുണ്ടായിട്ടുണ്ട്. വിരഹ നൊമ്പരങ്ങള്‍ കോറിയിട്ട കത്ത് പാട്ടുകളിലൂടെയാണു ഒരുകാലത്ത് മലയാളി പ്രവാസജീവിതത്തിന്റെ നോവറിഞ്ഞത്. കഥകളിലും നോവലുകളിലും ലേഖനങ്ങളിലുമെല്ലാം പ്രവാസികളുടെ വിധിയും ത്യാഗവും വിരഹവും പ്രണയവും ഗൃഹാതുരത്വവും ധാരാളമായി ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. പ്രവാസമെന്ന മായികലോകത്തിനപ്പുറം അതിജീവനത്തിനായി പൊരുതുന്ന പച്ച മനുഷ്യരുടെ ജീവിതാനുഭവങ്ങള്‍ ഇവയില്‍ ധാരാളമായി കാണാം.
ഏറനാടന്‍ ഭാഷാശൈലികൊണ്ട് മലയാള സാഹിത്യലോകത്ത് തന്റെ സ്ഥാനം അടയാളപ്പെടുത്തിയ എഴുത്തുകാരനാണ് അബു ഇരിങ്ങാട്ടിരി. ലളിതമായ ആഖ്യാനശൈലിയും കഥാപാത്രങ്ങളുടേയും വിഷയങ്ങളുടേയും വൈവിധ്യവും അബുവിന്റെ കഥകളുടെ സവിശേഷതയാണ്. കാല്‍നൂറ്റാണ്ടു കാലത്തെ തന്റെ ഗള്‍ഫ് പ്രവാസത്തിനിടക്ക് എഴുതിയ ഏതാനും പ്രവാസകഥകളുടെ മനോഹരമായ സമാഹരമാണ് ബുക് പ്ലസ് പുറത്തിറക്കിയ അബു ഇരിങ്ങാട്ടിരിയുടെ ‘എന്റെ പ്രവാസ കഥകള്‍’. പന്ത്രണ്ട് പ്രവാസ കഥകള്‍ അടങ്ങിയ ഈ കൃതിക്ക് ഇന്നേറെ പ്രസക്തിയുണ്ടെന്ന് ഈ പുസ്തകത്തിലെ ഓരോ കഥയും വായനക്കാരെ ബോധ്യപ്പെടുത്തുന്നു. പ്രവാസികളുടെ അനുഭവ പരിസരത്ത് നിന്നെടുത്ത ചുട്ടുപൊള്ളിക്കുന്ന കഥകളാണു ഈ പുസ്തകത്തിലുള്‍ക്കൊള്ളിച്ചിരിക്കുന്നത്. പ്രവാസിയുടെ സ്വത്വ പ്രതിസന്ധിയും ജീവിതാകുലതകളും നിസ്സഹായതയും നിഷ്‌കളങ്കതയും ഇതില്‍ മനോഹരമായി വരച്ചു വയക്കപ്പെട്ടിരിക്കുന്നു. സാധാരണ പ്രവാസിയുടെ അസാധാരണ കഥകളാണ് അബുവിന്റെ ‘എന്റെ പ്രവാസ കഥകള്‍’ എന്ന കഥാസമാഹാരത്തിലുള്ളത്.
മുപ്പത് വര്‍ഷത്തെ വിദേശവാസത്തിനു ശേഷം തിരിച്ചെത്തി വാര്‍ധക്യത്തിലും അടങ്ങിയിരിക്കാത്ത ‘അയാളുടെ’ ജീവിത മുഹൂര്‍ത്തങ്ങളുടെ മനോഹരവും കൊതിയൂറുന്നതുമായ ആവിഷ്‌കാരമാണു ‘കാറ്റോളം’ എന്ന ആദ്യ കഥ. മരണം ഒളിച്ചു കളിക്കുന്ന ഈ കഥയുടെ അവസാനത്തില്‍ അനിവാര്യമായ മരണത്തിനു മുമ്പില്‍ നിവര്‍ന്നു കിടക്കുന്ന ഈ പ്രവാസി പലരുടേയും പ്രതീകമാണ്. ഈ സമാഹാരത്തിലെ പല കഥകളിലും ഇതുപോലെ പതിഞ്ഞെത്തുന്ന മൃതിയുടെ നിശ്ശബ്ദസാന്നിദ്ധ്യം കാണാം.
പ്രവാസമെന്നത് ആത്മഹത്യയാണെന്ന് ‘അയലില്‍ ഒരു കോഴി’ എന്ന കഥയില്‍ കഥാകൃത്ത് സരസമായി പറയുന്നുമുണ്ട്. മാത്രവുമല്ല, സാമ്പത്തിക പ്രതിസന്ധികളെ സമര്‍ഥമായി മറികടക്കാന്‍ കഴിയുന്ന പ്രവാസി, മാനസിക പ്രതിസന്ധികള്‍ മറികടക്കാനാവതെ നിസ്സഹായനാവുന്നതും ഇടറിവീഴുന്നതും ഇക്കഥയില്‍ കൃത്യമായി അവതരിപ്പിച്ചിരിക്കുന്നതും കാണാം.
സാധാരണക്കാരനായ ഒരു പ്രവാസിയുടെ പൊള്ളുന്ന ജിവിതത്തിന്റെ നേര്‍ചിത്രമാണ് ‘പൊള്ളലുകള്‍’ എന്ന കഥ വായനക്കാരന് നല്‍കുന്നത്. നീണ്ട പ്രവാസത്തിനിടക്ക് പിറന്ന നാടിന്റെ മാറ്റമറിയാതെ നാടിനെക്കുറിച്ചുള്ള ഗൃഹാതുരമായ ഓര്‍മകളില്‍ ജീവിക്കുന്ന സുഭദ്രന്‍ ഒരു ശരാശരി പ്രവാസിയുടെ പ്രതിനിധിയാണ്. അവധിക്ക് നാട്ടിലെത്തുന്ന സുഭദ്രന്‍ പുതിയ ലോകത്തിന്റെ ജീവിതവീക്ഷണമറിയാതെ നിസ്സഹായനാകുന്നതും സ്വന്തം മകള്‍ക്ക് പോലും അന്യനാകുന്നതും വായിച്ചു തീരുമ്പോള്‍ പ്രവാസി അല്ലാത്തവരുടെ മനസ്സു പോലും പൊള്ളും. അവധി കഴിഞ്ഞ് വീണ്ടും പ്രവാസത്തിന്റെ മരവിപ്പിലേക്ക് എടുത്തെറിയപ്പെടുന്ന സുഭദ്രന്‍ നേരിടുന്ന ദുരന്തവും അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയും ആസ്വാദകരെ പൊള്ളിച്ചെടുക്കും.
പേരുപോലെ കൗതുകമുണര്‍ത്തുന്ന മറ്റൊരു മികച്ച കഥയാണ് ‘അതിശയ നക്ഷത്രമായി ലോപ്പസ’. പാപങ്ങള്‍ നിറഞ്ഞ ജീവിതമാഗ്രഹിക്കുന്ന ലോപ്പസിന്റെ സ്വപ്‌നങ്ങളിലൂടെ ഇതള്‍ വിരിയുന്ന ഈ കഥയില്‍ കണ്ണീര്‍ കരുത്താക്കുന്ന ചിന്നമ്മയേയും പ്രായോഗികതയുടെ പ്രതീകമായ സുനിലയെയും കാണാം. ഏറനാടന്‍ ക്രിസ്തീയ കുടിയേറ്റ ജീവിത പരിസരത്തില്‍ നിന്നടര്‍ത്തിയെടുത്ത ഈ കഥയില്‍ ബൈബിള്‍ വചനങ്ങളുടെ തിളക്കവും മുഴക്കവും ദര്‍ശിക്കാനാവും. അര്‍ദ്ധരാത്രിയില്‍ ബൈബിള്‍ വചനങ്ങളുടെ ഈണവുമായി സുനിലയുടെ മൊബൈല്‍ ശബ്ദിക്കുമ്പോള്‍ മരണത്തിന്റെ ചിറകടിയൊച്ച കേട്ട് വായനക്കാരനും അസ്വസ്ഥരാകും..
സന്നദ്ധ സംഘടനകളുടെ കാരുണ്യം കൊണ്ട് നാട്ടിലെത്തിയ ഒരു ‘മുന്‍പ്രവാസി’ യുടെ മനോവിചാരങ്ങളുടെ കഥയാണ്’ ഒരു ഇര രക്ഷപ്പെടുകയാണ’ എന്ന രചന. സാഹിത്യത്തിലെ നൈതികത ചോദ്യം ചെയ്യുന്ന ഈ കഥയില്‍ കഥാകൃത്തിന്റെ ധര്‍മരോഷവും എഴുത്തുകാരോടുള്ള പ്രസാധകരുടെ വഞ്ചനയും വായിച്ചെടുക്കാം. സാഹിത്യത്തിന്റെ ഓരം ചേര്‍ന്ന് നടക്കുന്ന കള്ളനാണയങ്ങളേ നര്‍മത്തില്‍ പൊതിഞ്ഞ് വിചാരണചെയ്യുകയാണിവിടെ. ജീവിതവും മരണവും പീലിവിടര്‍ത്തിയാടുന്ന മനോഹരമായ ഒരു കഥയാണ് ‘പങ്കുവക്കാന്‍ പറ്റാത്ത ചില ദൃശ്യങ്ങള്‍’. മനുഷ്യ സൗഹൃദത്തിന്റെ ആഴവും പരപ്പും തലമുറകളുടെ വിടവുമെല്ലാം ഇതില്‍ തെളിഞ്ഞു കാണാം. പഴയ ഓര്‍മകളുടെ ചിതറിയ ചിന്തുകള്‍ തുന്നിപ്പിടിപ്പിച്ചെഴുതിയ ഈ കഥ ഏറെ മികച്ച രചനയാണ്.
അധിനിവേശത്തിനെതിരെ ധീരമായി പോരാടിയ പൂര്‍വികര്‍ അടുത്ത തലമുറക്ക് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായുവാണ് നല്‍കിയത്. എന്നാല്‍, അവരെ പട്ടിണിയില്‍ നിന്ന് സമൃദ്ധിയിലേക്കും വിദ്യാഭ്യാസത്തിന്റ പുതിയ ചക്രവാളങ്ങളിലേക്കും നയിച്ചത് പ്രവാസിയുടെ വിയര്‍പ്പ് കൂടിയാണെന്ന സത്യം ചേതോഹരമായി പറയുന്ന ഹൃദ്യമായ കഥയാണ് തിരി. വരാനിരിക്കുന്ന നല്ല നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളാണു ഓരോ പ്രവാസിയേയും വര്‍ഷങ്ങള്‍ നീളുന്ന ദുരിതപര്‍വം താണ്ടാന്‍ കരുത്ത് നല്‍കുന്നത്. സ്വയം എരിയുമ്പോഴും നാട്ടിലുള്ള തന്റെ കുടുംബം സന്തോഷത്തിലാണല്ലോ എന്ന സമാധാനത്തിന്റെ തലോടലിലാണ് അയാളുറങ്ങുന്നത്.
ഇരുപത്തിയേഴ് വര്‍ഷത്തെ വിദേശവാസത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയ ഹംസക്കുട്ടി നാടണയുന്ന ദിവസം തന്നെ വീട്ടില്‍ നിന്ന് ലഭിക്കുന്ന അവഗണന തിരിച്ചറിയുന്നു. നാട്ടിലും അപരിചിതനാകുന്ന അയാള്‍ എല്ലാം നിസ്സംഗമായി നേരിടാന്‍ ശ്രമിക്കുന്നതും അവസാനം മരണത്തിനു കീഴടങ്ങുന്നതും ‘തിരി’യില്‍ സുന്ദരമായി അബു പറഞ്ഞുവക്കുന്നു.
കഴിഞ്ഞ കാല പിഴവുകളാല്‍ സദാ വേട്ടയാടപ്പെടുന്ന പ്രവാസി അതിനെതിരെ ചലിക്കാനാവാതെ ജീവിക്കുന്നതും വരും കാലത്തേക്ക് ഒന്നും കരുതി വക്കാതെ ജീവിതം സ്വയം നഷ്ടപ്പെടുത്തുന്നതും ഈ സമാഹാരത്തിലെ കഥകളിലൂടെ കഥാകൃത്ത് കാണിച്ചു തരുന്നു. ജീവിതത്തിന്റെ ദുരിതക്കയങ്ങള്‍ താണ്ടി നാട്ടിലെത്തുന്നവരെ കാത്തിരിക്കുന്നത് സ്വപ്‌നം കണ്ട ലോകമല്ലെന്നും അവഗണനയും ഏകാന്തതയും മരണഭീതിയും രോഗങ്ങളും മാത്രമാണെന്നും ഈ പന്ത്രണ്ടു കഥകളും നമ്മെ വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തുന്നു. അതു കൊണ്ടു തന്നെ ഈ സമാഹാരം പൊള്ളുന്ന പ്രവാസത്തിന്റെ പുസ്തകമാണെന്ന് നിസ്സംശയം പറയാം. ചെമ്മാട് ബുക് പ്ലസാണ് പ്രസാധകര്‍.
കബീര്‍ മുഹ്‌സിന്‍