ഫലസ്തീന്‍: നീതിയാണ് പരിഹാരം.!

2264

ഇസ്രായേല്‍ സൈന്യം ബലം പ്രയോഗിച്ച് ഒഴിപ്പിച്ച തങ്ങളുടെ വീടിനു മുന്നില്‍ നിസ്സഹായരായി നോക്കി നില്‍ക്കുന്ന ഒരു വയോധികന്റെയും മകളുടെയും ചിത്രമുണ്ടായിരുന്നു ഏതാനും ദിവസം മുമ്പ് മാധ്യമങ്ങളില്‍. അതിന്റെ വീഡിയോയില്‍, വീല്‍ചെയറിലിരിക്കുന്ന അദ്ദേഹത്തോട് ‘ഈ വീട് ഞങ്ങളല്ലെങ്കില്‍ മറ്റാരെങ്കിലും നിങ്ങളില്‍ നിന്ന് തട്ടിയെടുക്കും’ എന്ന് പരിഹാസപൂര്‍വം പറയുന്ന അമേരിക്കന്‍ ജൂത ദമ്പതികളെയും കാണാമായിരുന്നു.
എന്താണ് ഫലസ്തീനില്‍ സംഭവിക്കുന്നത് എന്ന് അടയാളപ്പെടുത്താന്‍ ഇനിയൊരു മുഖവുര ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.! പിറന്ന നാട്ടില്‍ അന്യരാക്കപ്പെട്ട ഫലസ്തീനികളുടെ സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ ചരിത്ര സന്ധികളിലേക്ക് ചോരയിറ്റിച്ചു കൊണ്ടാണ് ഇത്തവണയും മെയ് 15 (നഖ്ബാ ദിനം) ആവര്‍ത്തിക്കുന്നത്.
കിഴക്കന്‍ ജറുസലേം പൂര്‍ണമായി ജൂത കുടിയേറ്റ ഭൂമിയാക്കി മാറ്റുന്നതിന്റെ ഭാഗമായി മസ്ജിദുല്‍ അഖ്സയുടെ ഒരു കി.മീ പരിധിയിലുള്ള ശൈഖ് ജര്‍റാഹ് പ്രദേശം കുടിയൊഴിപ്പിക്കാനുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ ശ്രമമാണ് ഇത്തവണ വീണ്ടും പ്രദേശം സംഘര്‍ഷഭൂമിയാക്കി മാറ്റിയിരിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങളും പശ്ചിമേഷ്യന്‍ സമാധാന സന്ധികളുമെല്ലാം കാറ്റില്‍ പറത്തി ഇസ്രായേല്‍ സൈന്യം.


ചരിത്രവും പാരമ്പര്യവും
മസ്ജിദുല്‍ അഖ്സ നിലകൊള്ളുന്ന പുരാതന നഗരി (ഓര്‍ഡ് സിറ്റി) കേന്ദ്രീകരിച്ചാണ് ജറുസലേം, സെമിറ്റിക് മത വിഭാഗങ്ങള്‍ക്ക്-മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ജൂതന്‍മാര്‍ക്കും-വിശ്വാസ പ്രാധാന്യമുള്ള ഇടമായി മാറുന്നത്. ‘ടെമ്പിള്‍ മൗണ്ട്’ എന്നു വിളിക്കുന്ന സ്ഥലം ജൂതര്‍ക്ക് പുണ്യസ്ഥലിയാകുന്നത് സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ദാവൂദ് നബി (അ) പണികഴിപ്പിച്ചുവെന്നു പറയപ്പെടുന്ന യഹൂദ ദേവാലയത്തിന്റെ അവശിഷ്ടങ്ങള്‍ അവിടെ സ്ഥിതി ചെയ്യുന്നുവെന്ന ഐതിഹ്യത്തിനു പുറത്താണ്. യഅ്ബൂബ് നബിയുടെ (ഇസ്രഈല്‍) സന്തതികളില്‍ ഒരു തലമുറക്കു പോലും ഫലസ്തീനില്‍ താമസമുറപ്പിക്കാന്‍ വിധിയുണ്ടായിട്ടില്ല എന്നിരിക്കെ, ഫലസ്തീന്‍ തങ്ങളുടെ പിതൃഭൂമിയാണെന്ന് വാദിക്കുന്നതിലെ വൈരുധ്യത്തില്‍ തുടങ്ങുന്നു സയണിസ്റ്റുകളുടെ ‘വാഗ്ദത്ത ഭൂമി’യെക്കുറിച്ചുള്ള പൊള്ളവാദങ്ങള്‍.
രണ്ടാം ഖലീഫ ഉമറുബ്നുല്‍ ഖത്താബ് (റ)വിന്റെ കാലത്താണ് ഖുദ്സ് ഇസ്‌ലാമിക റിപ്പബ്ലിക്കിനു കീഴില്‍ വരുന്നതെങ്കിലും മുസ്‌ലിംകളുടെ പ്രഥമ ഖിബ്‌ലയായിരുന്നു ബൈത്തുല്‍ മുഖദ്ദസ്. അല്ലാഹുവിനെ ആരാധിക്കാന്‍ ഭൂമിയില്‍ ആദ്യമായി നിര്‍മ്മിക്കപ്പെട്ട വിശുദ്ധഗേഹമായ കഅബാലയത്തിനും ബൈത്തുല്‍ മുഖദ്ദസിനുമിടയിലുള്ള കാല വ്യത്യാസം 40 വര്‍ഷമാണെന്നാണ് പ്രബലമതം. മൂസാ നബി(അ)നു ശേഷം ബി.സി 1189 നോടടുത്ത കാലത്താണ് യൂശഅ് (അ)ന്റെ നേതൃത്വത്തില്‍ ഇസ്രാഈല്യര്‍ ഫലസ്തീന്‍ കീഴടക്കുന്നത്. അതിനും എത്രയോ കാലം മുമ്പ്-ബി.സി 2500 മുതല്‍ തന്നെ- ഫലസ്തീനില്‍ ജനവാസമുണ്ടായിരുന്നതായി ചരിത്രത്തില്‍ കാണാം. കന്‍ആനികളും അവരുടെ പിന്‍ഗാമികളായി യബൂസികളുമൊക്കെ കുടിയേറിപ്പാര്‍ത്ത പ്രസ്തുത പ്രദേശത്ത് ബാബിലോണിയന്‍ ചക്രവര്‍ത്തി നബൂക്കഡ് നസ്വര്‍ (ബുഖ്ത് നസ്വ്ര്‍ ബി.സി 586) പേര്‍ഷ്യന്‍ ചക്രവര്‍ത്തി സൈറസ് രണ്ടാമന്‍ (ബി.സി 538) ഗ്രേറ്റ് അലക്സാണ്ടര്‍ (ബി.സി 332) തുടങ്ങിയ വന്‍ശക്തികളെല്ലാം പടയോട്ടം നടത്തുകയും ജറുസലേം ഉള്‍പ്പെടെയുള്ള പട്ടണങ്ങള്‍ തങ്ങളുടെ ആധിപത്യത്തിനു കീഴില്‍ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്.
ഏറെക്കാലം റോമാ സാമ്രാജ്യത്തിനു കീഴിലായിരുന്ന ഫലസ്തീന്‍ എ.ഡി 636ല്‍ ഉമര്‍ (റ) ഭരണകാലത്താണ് ഇസ്‌ലാമിക ഭരണകൂടത്തിന്റെ അധീനതയില്‍ വരുന്നത്. എ ഡി 1099 ല്‍ കുരിശുസേന ഖുദ്സ് കീഴ്പ്പെടുത്തുന്നതു വരെ ഈ നില തുടര്‍ന്നു. പതിനൊന്നാം നൂറ്റാണ്ടില്‍, ഗ്രിഗറി ഏഴാമന്റെ കാലത്ത് ആരംഭിച്ച ക്രൈസ്തവ യൂറോപ്പിനെ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങള്‍ പോപ്പ് അര്‍ബന്‍ രണ്ടാമന്റെ നേതൃത്വത്തില്‍ ഇസ്‌ലാമിക വ്യാപനത്തിന് തടയിടാനുള്ള കുരിശുയുദ്ധപരമ്പരകളിലേക്ക് പടരുകയും ചെയ്തതോടെ അനേകായിരം മുസ്‌ലിംകളെ അറുകൊല ചെയ്തു കൊണ്ടാണ് കുരിശുപട ഖുദ്സ് കീഴടക്കിയത്. സല്‍ജൂക്കി ഭരണാധികാരികളായ സുല്‍ത്താന്‍ നൂറുദ്ദീന്‍ സങ്കിയുടെയും സ്വലാഹുദ്ദീന്‍ അയ്യൂബിയുടെയും ശ്രമഫലമായി 1187 ലാണ് പിന്നീട് മുസ്‌ലിംകള്‍ ഖുദ്സ് തിരിച്ചു പിടിക്കുന്നത്.


ഫലസ്തീന്‍ പ്രശ്നം
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഫലസ്തീനിലെ നിലവിലെ പ്രശ്നങ്ങളുടെ ആരംഭം. ഒന്നാം ലോക മഹായുദ്ധത്തിനു മുമ്പ് ഉസ്മാനിയ്യ ഖിലാഫത്തിനു കീഴില്‍
അഞ്ചു നൂറ്റാണ്ടുകാലം കാര്യമായ കേടുപാടുകളൊന്നും തന്നെയില്ലാതെ നിലനിന്ന അന്നത്തെ വിശാല ഫലസ്തീനില്‍ അറബ് മുസ്‌ലിംകളുടെ ആര്‍ത്തനാദങ്ങള്‍ക്ക് വഴിയൊരുക്കിയ ജൂത കുടിയേറ്റമുണ്ടാക്കുന്നത് സയണിസത്തിന്റെ രൂപീകരണത്തോടെയാണ്. യഹൂദികള്‍ക്ക് സ്വന്തമായൊരു ദേശരാഷ്ട്രം എന്ന തിയോഡര്‍ ഹെക്സലി (1860-1904) ന്റെ ആശയം സാക്ഷാത്കരിക്കാന്‍ അരങ്ങിലും അണിയറയിലുമായി നടന്ന ഗൂഢാലോചനകളുടെ പ്രാസ്ഥാനിക രൂപമാണ് സിയോണിസം. യൂറോപ്പിലും അമേരിക്കയിലുമായി ചിതറിക്കിടക്കുന്ന ജൂത സമൂഹത്തെ ഓട്ടോമന്‍ അധീനതയിലുള്ള ഫലസ്തീനിലേക്ക് കൊണ്ടുവരുന്നതിനുള്ള സന്നാഹമൊരുക്കലായിരുന്നു അവരുടെ പ്രഥമ കര്‍മപദ്ധതി. അതിനു വേണ്ടി, ഫലസ്തീനില്‍ ഭൂമി വാങ്ങുന്നതിനും മറ്റു കുടിയേറ്റ നടപടികള്‍ക്ക് സഹായമൊരുക്കുന്നതിനുമായി ജുയിഷ് നാഷണല്‍ ഫണ്ട്, ലാന്‍ഡ് ബാങ്ക് തുടങ്ങിയ സാമ്പത്തിക പദ്ധതികളും വേള്‍ഡ് സയണിസ്റ്റ് ഓര്‍ഗനൈസേഷനു കീഴില്‍ അവര്‍ സ്ഥാപിക്കുകയുണ്ടായി.
അധിനിവേശത്തിന് മതകീയമാനം കൂടി നല്‍കപ്പെട്ടതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജൂത വിഭാഗങ്ങള്‍ ഫലസ്തീനിലേക്ക് കുടിയേറി താമസമാരംഭിച്ചു. കുടിയേറ്റം ക്രമാതീതമായി വര്‍ദ്ധിക്കുകയും തദ്ദേശീയരായ അറബികള്‍ കൈയ്യേറ്റം ചെയ്യപ്പെടാനാരംഭിക്കുകയും ചെയ്തതോടെയാണ് കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുന്നത്. 1882 ഡിസംബറില്‍ ഒരു അറബ് വംശജന്‍ ജൂതരുടെ വെടിയേറ്റ് മരിച്ചതാണ് ആ ഗണത്തിലെ രേഖപ്പെടുത്തപ്പെട്ട പ്രഥമസംഭവം.
അധിനിവേശ സ്വഭാവമുള്ള ജൂത കുടിയേറ്റം തുടര്‍ന്നു കൊണ്ടിരുന്നു. 1914ല്‍ ഒന്നാം ലോക മഹായുദ്ധമാരംഭിക്കുമ്പോള്‍ ഫലസ്തീനിലെ ജൂത ജനസംഖ്യ 27000 ല്‍ നിന്ന് 60,000 മായി ഉയര്‍ന്നു കഴിഞ്ഞിരുന്നു. പോളണ്ടില്‍ നിന്നടക്കം പതിനായിരക്കണക്കിനു ജൂതര്‍ ഫലസ്തീനിലേയ്ക്ക് കുടിയേറ്റം നടത്തിയിരുന്നു. 1922 ലെ ബ്രിട്ടീഷ് കാനേഷുമാരി പ്രകാരം ജനസംഖ്യയുടെ 11 % ആയിരുന്ന ജൂതര്‍ 1928 ആയപ്പോള്‍ 16 % ആയി ഉയരുകയും മൊത്തം ഫലസ്തീന്‍ ഭൂമിയുടെ 4 % കയ്യടക്കുകയും ചെയ്തിരുന്നു.
ഉസ്മാനിയ്യാ ഖിലാഫത്തിനെ പാടെ വിപാടനം ചെയ്യുക എന്ന ആത്യന്തിക ലക്ഷ്യം നിറവേറ്റപ്പെട്ട ഒന്നാം ലോകമഹായുദ്ധാനന്തരം ഫലസ്തീനുള്‍പ്പെടുന്ന പശ്ചിമേഷ്യ ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും നിയന്ത്രണത്തിലായി. 1916 ല്‍ മെയ് 16ന് ഒപ്പുവച്ച കുപ്രസിദ്ധ സൈക്സ് പീകോ കരാറിലൂടെ പ്രദേശത്തിന്റെ നിയന്ത്രണം ഇരുരാജ്യങ്ങളും പങ്കിട്ടെടുത്തു. ഫലസ്തീന്റെ ഭാവി പിന്നീട് തീരുമാനിക്കാമെന്നും അതുവരെ പൊതു അധീനതയില്‍ നിലനിര്‍ത്താമെന്നും വ്യവസ്ഥ ചെയ്തു. ഫലസ്തീന്റെ നിയന്ത്രണം പിന്നീട് ബ്രിട്ടന്റെ മേല്‍ക്കോയ്മയിലേക്കു മാറ്റുകയും തുടര്‍ന്ന് 1917ലെ ബാല്‍ഫര്‍ പ്രഖ്യാപനത്തിലൂടെ ജൂതര്‍ക്ക് അവിടെ ‘സ്വന്തം രാജ്യം’ തത്വത്തില്‍ പതിച്ചു നല്‍കുകയും ചെയ്തു.
മുസ്‌ലിം ലോകത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റി വരക്കാന്‍ ക്രൈസ്തവ യൂറോപ്പും സാമ്രാജ്യത്വ ശക്തികളും ആവിഷ്‌കരിച്ചു നടപ്പാക്കായ ഒരു വലിയ ഗൂഢാലോചനയുടെ ആദ്യ താളുകള്‍ അനാവൃതമാവുകയായിരുന്നു അവിടെ. അനന്തരം ഹിംസാത്മകമായ അധിനിവേശത്തിന്റെയും അനിവാര്യമായ ചെറുത്തു നില്‍പ്പിന്റെയും കാലമായിരുന്നു ഫലസ്തീനില്‍. സംഘര്‍ഷം രൂക്ഷമായതോടെ ഫലസ്തീന്‍ ‘വിഭജിക്കുക’ എന്ന പയറ്റിത്തെളിഞ്ഞ നിര്‍ദേശമായിരുന്നു ബ്രിട്ടന് മുന്നോട്ടുവക്കാനുണ്ടായിരുന്നത്. ഈ വിഭജന നയത്തിനെതിരെ അറബ് ജനതക്കിടയില്‍ ശക്തമായ എതിര്‍പ്പുയര്‍ന്നു.
രണ്ടാം ലോക മഹായുദ്ധത്തില്‍ (1945) ബ്രിട്ടീഷ് സഖ്യകക്ഷികള്‍ നേടിയ വിജയം ഫലസ്തീന്റെ കാര്യത്തില്‍ ദോഷമായി ഭവിച്ചു. യുദ്ധാനന്തരം നിലവില്‍ വന്ന ഐക്യരാഷ്ട്ര സഭ, 1947 നവംബര്‍ 29 ന്, സമാധാന ശ്രമമെന്ന പേരില്‍ ഫലസ്തീനില്‍ ജൂതരാഷ്ട്രത്തിന് അനുമതി നല്‍കി. അതേ തുടര്‍ന്ന് 1948 മെയ് 14 നാണ് അമേരിക്കന്‍ പിന്തുണയോടെ ഇസ്രയേല്‍ രാഷ്ട്രം നിലവില്‍ വന്നതായി പ്രഖ്യാപിക്കപ്പെട്ടു. സയണിസ്റ്റ് സായുധസംഘങ്ങളും സൈന്യവും ഇതിനകം ഫലസ്തീന്റെ മണ്ണില്‍ കൈയ്യേറ്റമാരംഭിച്ചു കഴിഞ്ഞിരുന്നു. പ്രഖ്യാപിത രാജ്യാതിര്‍ത്തി വികസിപ്പിക്കുന്നതിനു വേണ്ടി 1948 ലെ പ്രസ്തുത കാലയളവില്‍ ഫലസ്തീന്റെ അധീനതയിലുള്ള 75% ഭൂപ്രദേശങ്ങളും ഇസ്രയേല്‍ പിടിച്ചടക്കുകയും ഏഴര ലക്ഷത്തിലധികം വരുന്ന പ്രദേശവാസികളെ അഭയാര്‍ഥികളാക്കി രാജ്യത്തു നിന്ന് ആട്ടിയോടിക്കുകയും ചെയ്തതായാണ് കണക്ക്.! ഭൂരിപക്ഷ ജനവിഭാഗത്തിന്റെ താത്പര്യത്തെ പൂര്‍ണമായും ഹനിച്ചു കൊണ്ട് ഫലസ്തീന്‍ വെട്ടിമുറിക്കാനുള്ള യു.എന്‍ തീരുമാനം തദ്ദേശീയരായ ഫലസ്തീനികള്‍ അന്താരാഷ്ട്ര കോടതിയിലുള്‍പ്പെടെ ചോദ്യം ചെയ്തങ്കിലും ഫലമുണ്ടായില്ല.


ഫലസ്തീന്‍-ഇസ്രഈല്‍ രാഷ്ട്ര വിഭജനം
സ്വതന്ത്ര്യ അറബ് രാജ്യം, സ്വതന്ത്ര്യ ജൂതരാജ്യം, ജറുസലം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായായിരുന്നു ഐക്യരാഷ്ട്രസഭയുടെ ഫലസ്തിന്‍ വിഭജനം.! അറബ് രാജ്യത്തിന് 11,000 ചതുരശ്ര കിലോമീറ്ററും ജൂതരാജ്യത്തിന് 15,000 ചതുരശ്രകിലോമീറ്ററും വിസ്തൃതി. ഇരുരാജ്യങ്ങളിലും മുസ്‌ലിം-ജൂത ന്യൂനപക്ഷങ്ങള്‍ക്ക് ഇടം, ജറുസലേമും ബത്ലഹേമും ഐക്യരാഷ്ട്രസഭയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍. ഈ നിര്‍ദേശത്തെ ഇരുപക്ഷവും എതിര്‍ത്തു. ഫലസ്തീനിലെ അന്നത്തെ ജനസഖ്യയുടെ 33 ശതമാനം മാത്രമായിരുന്നു ജൂതര്‍. 67 ശതമാനവും മുസ്‌ലിംകളും മറ്റുള്ളവരും. എന്നിട്ടും ജനസംഖ്യയില്‍ മൂന്നിലൊന്നുപോലുമില്ലാത്ത, 10 % പോലും ഭൂമി കൈവശമില്ലാതിരുന്ന ജൂതരെ പുനരധിവസിപ്പിക്കാന്‍ ഫലസ്തീന്റെ 56 % ഭൂമി നല്‍കാനാണ് തീരുമാനമായത്. ക്രൈസ്തവ രാഷ്ട്രങ്ങളുടെ സമ്മര്‍ദ്ദപ്രകാരം ജറുസലേമിനെ അന്താരാഷ്ട്ര തീര്‍ഥാടന നഗരമായി നിലനിര്‍ത്താനും ധാരണയായി. അറബ് ജനതയുടെ വലിയൊരു വിഭാഗം നിര്‍ദിഷ്ട ജൂത രാജ്യത്തില്‍ കുടുങ്ങിക്കിടക്കുമെന്ന് അറബ് ജനത ഭയന്നു. എതിര്‍പ്പ് അവഗണിച്ച് ചെറുഭേദഗതികളോടെ 1947 നവംബര്‍ 29 ന് വിഭജനരേഖക്ക് ഐക്യരാഷ്ട്ര സഭ അംഗീകാരം നല്‍കി. വോട്ടെടുപ്പിലൂടെയായിരുന്നു അംഗീകാരം. 33 രാജ്യങ്ങള്‍ വിഭജനത്തെ അനുകൂലിച്ചു വോട്ടുചെയ്തു. 13 രാജ്യങ്ങള്‍ എതിര്‍ത്തു. 10 രാജ്യങ്ങള്‍ വിട്ടുനിന്നു. ഭയപ്പെട്ടതു തന്നെ സംഭവിച്ചു; ഇസ്രയേല്‍ രാജ്യം സ്ഥാപിക്കപ്പെട്ടതോടെ ഫലസ്തീനികള്‍ കുടിയിറക്കപ്പെട്ടവരായി. ഇസ്രയേലിന്റെ രൂപീകരണത്തിന് ചരടുവലി നടത്തിയവരൊന്നും പ്രഖ്യാപിക്കപ്പെട്ടതു പോലൊരു അറബ് രാജ്യം സ്ഥാപിക്കാനായി പിന്നീടൊന്നും ചെയ്തതുമില്ല. അറബ് അധീനതയിലുള്ള ഫലസ്തീന്‍ പ്രദേശങ്ങളോരോന്നും കൈയ്യേറ്റം ചെയ്യപ്പെട്ടു കൊണ്ടിരുന്നു. എതിര്‍പ്പ് പ്രകടിപ്പിക്കാനുള്ള അറബ് രാജ്യങ്ങളുടെ ശ്രമങ്ങളോരോന്നും പരാജയപ്പെടുകയോ തന്ത്രപരമായി ഇസ്രയേലിനെ ഇല്ലാതാക്കുകയോ ചെയ്തു കൊണ്ടിരുന്നു.
ജൂതരാഷ്ട്രത്തിന്റെ പ്രഥമ പ്രധാനമന്ത്രി ഡേവിഡ് ബെന്‍ഗൂറിയന്റെ വാക്കുകളില്‍ നിന്നു തന്നെ പിന്നീടു നടന്ന കാര്യങ്ങള്‍ വായിച്ചെടുക്കാം. 1948 ല്‍ സയണിസ്റ്റുകളെ അഭിസംബോധന ചെയ്തു കൊണ്ട് ബെന്‍ഗൂറിയന്‍ പറയുകയുണ്ടായി: ”സയണിസമെന്ന ലക്ഷ്യപൂര്‍ത്തീകരണത്തിലെ ഒരു ഘട്ടം മാത്രമാണ് ഈ രാഷ്ട്ര സംസ്ഥാപനം. രാഷ്ട്രം സ്ഥാപിച്ചതിന്റെ ഫലമായി കരുത്താര്‍ജജിച്ച ശേഷം നാം ഫലസ്തീനിലേക്ക് മുഴുവനുമായി വ്യാപിക്കും. നമ്മുടെ വ്യാപനത്തിന് കളമൊരുക്കു കയാണ് രാഷ്ട്രത്തിന്റെ ദൗത്യം. ഇസ്രയേല്‍ അതിന്റെ നയം കാത്തുസൂക്ഷിക്കേണ്ടത് ആശയത്തിലൂടെയല്ല. മറിച്ച്, ആയുധങ്ങള്‍ കൊണ്ടാണ്. ഒരു അറബ് നേതാവായിരുന്നുവെങ്കില്‍ ഞാന്‍ ഇസ്രയേലുമായി ഒരു കരാറൊപ്പിടുകയില്ല. കാരണം, നാം അവരുടെ രാജ്യം പിടിച്ചെടുത്തതാണ്. നാം ഗലീലിയിലെ അറബ്ദനതയ്ക്കു വെള്ളം, വെളിച്ചം തുടങ്ങി എല്ലാം നിഷേധിക്കുകയും അവരെ ആട്ടിയോടിക്കാന്‍ ഭീകരതയും കൊലയും ഭീഷണിയും ഭൂമികൈയ്യേറ്റവും ഉപയോഗിക്കുകയും
വേണം…” (ഡേവിഡ് ബെന്‍ഗൂറിയന്‍, 1948)
ഇത്തരം യാഥാര്‍ഥ്യങ്ങളൊന്നും ഇസ്രയേലിനെ അംഗീകരിക്കുന്നതില്‍ നിന്നോ അവരുടെ നടപടികള്‍ക്കു നേരെ കണ്ണടക്കുന്നതില്‍ നിന്നോ അറബ് രാജ്യങ്ങളെ പിന്തിരിപ്പിച്ചില്ല. മുസ്‌ലിം രാജ്യങ്ങളുടെ പരാജയ ഭീതിയോ അധികാരികളുടെ സാമ്രാജ്യത്വ പ്രീണനനയങളോ ലാക്കാക്കി അറബ് നിയന്ത്രിത ഫലസ്തീന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ ഇസ്രയേല്‍ ശ്രമം തുടര്‍ന്നു കൊണ്ടിരുന്നു. 1967 മെയ് മാസത്തില്‍ നടന്ന ആറുദിന യുദ്ധത്തിലൂടെ സിറിയയില്‍ നിന്ന് ജുലാന്‍ കുന്നുകളും ജോര്‍ദാന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന വെസ്റ്റ് ബാങ്കുംകിഴക്കന്‍ ജറുസലമും ഈജിപ്തിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ഗസ്സ സ്ട്രിപ്പും സിനായും ഇസ്രയേല്‍ പിടിച്ചടക്കി.


പ്രതിരോധം, ചെറുത്തുനില്‍പ്പ്
1964 മെയ് 28 നു ഫലസ്തീന്‍ ലിബറലൈസേഷന്‍ ഓര്‍ഗനൈസേഷന്‍ ( പി.എല്‍.ഒ ) രൂപീകൃതമാകുന്നത്. അതേതുടര്‍ന്ന് ഫലസ്തീന്‍ ജനതക്ക് സ്വന്തം രാഷ്ട്രം എന്ന പരമലക്ഷ്യത്തിനു വേണ്ടി യാസര്‍ അറഫാത്ത് (1929-2004)1959 ഒക്ടോബറില്‍ സ്ഥാപിച്ച രാഷ്ട്രീയ വേദിയാണ് ഫതഹ് പാര്‍ട്ടി. പിന്നീട് 1967 ഡിസംബറില്‍ രൂപീകൃതമായ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് പലസ്തീന്‍ (പി.എഫ്.എല്‍.പി ) യും 1987 ല്‍ രൂപം നല്‍കപ്പെട്ട ഹമാസും പി.എല്‍.ഒക്കു കീഴില്‍ അഫിലിയേറ്റ് ചെയ്യപ്പെട്ടു.
ഈജിപ്തിലെ ഇഖ്‌വാന്റെ മാതൃകയില്‍ ഇസ്രയേല്‍ അധിനിവേശത്തിനെതിരെ ജനകീയ പോരാട്ടം നയിച്ചുകൊണ്ട് സമരരംഗത്തേക്കു കടന്നു വന്ന ബദല്‍ ശക്തിയാണ് ഹമാസ്(1987). 1987 ലെ ഒന്നാം ഇന്‍തിഫാദക്കു ശേഷം അംഗീകരിക്കപ്പെട്ട ഓസ്ലോ ഉടമ്പടി (1993) യിലൂടെ ഫലസ്തീനില്‍ സമാധാനം പുലരുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും അതുണ്ടായില്ല. അമേരിക്കയുടെ മധ്യസ്ഥതയില്‍ അന്നത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി യിസാക്ക് റബീനും യാസര്‍ അറഫാത്തും ഒപ്പുവച്ച ഈ കരാര്‍ ഗള്‍ഫ് യുദ്ധത്തില്‍ അമേരിക്കക്ക് അറബ് പിന്തുണ നേടിയെടുക്കാന്‍ വേണ്ടി പടച്ചുണ്ടാക്കിയതായിരുന്നു. 1998 ല്‍ ഏരിയല്‍ ഷാരോണ്‍ അധികാരത്തിലെത്തിയതോടെ കരാറില്‍ നിന്ന് പിന്നോട്ടുപോകുന്ന ജൂത രാഷ്ട്രത്തെയാണ് പിന്നീട് കണ്ടത്. ‘ദി ടെംപിള്‍ മൗണ്ട് ഫെയ്ത്ഫുള്‍ ഓര്‍ഗനൈസേഷന്‍’ എന്ന തീവ്ര സയണിസ്റ്റ് വിഭാഗവും വംശീയശുദ്ധീകരണം എന്ന ലക്ഷ്യവുമായി രംഗത്തു വന്ന ഇയാല്‍ എന്ന ഭീകരസംഘടനയും ചേര്‍ന്ന് രംഗം വഷളാക്കി. അല്‍ അഖ്‌സയും ഡോം ഓഫ് റോക്കും തകര്‍ത്ത് ടെംപിള്‍ മൗണ്ടില്‍ മൂന്നാമതൊരു ദേവാലയം നിര്‍മിക്കുക എന്ന അവരുടെ പ്രഖ്യാപിത ലക്ഷ്യം ഫലസ്തീനികള്‍ എതിര്‍ത്തു.
നയപരമായി ഇരുധ്രുവങ്ങളിലായിരുന്ന ഫത്ഹിനും ഹമാസിനുമിടയില്‍ അകല്‍ച്ച വര്‍ധിക്കാന്‍ ഇതെല്ലാം കാരണമായി. അറഫാത്തിന്റ പിന്‍ഗാമിയായി അധികാരത്തില്‍ വന്ന മഹ്മൂദ് അബ്ബാസിന്റ നയങ്ങളോട് ഹമാസ് പരസ്യമായി വിയോജിച്ചു. 2007ല്‍ നടന്ന തെരെഞ്ഞെടുപ്പില്‍ ഹമാസ് നേടിയ വിജയം അംഗീകരിക്കാന്‍ ഫത്‌ഹോ ഹമാസിനെ ഭീകരവാദ പ്രസ്ഥാനമായി മുദ്രകുത്തിയ അന്താരാഷ്ട്ര ഏജന്‍സികളോ തയ്യാറായില്ല. അതോടെ ഹമാസിന്റെ ഭരണം ഇസ്രായേല്‍ അടച്ചിട്ട ഗസ്സ മുനമ്പില്‍ മാത്രമായി ചുരുങ്ങി.


പരിഹാരമെന്ന പ്രഹേളിക
അന്താരാഷ്ട്ര നിയമങ്ങളെയും പശ്ചിമേഷ്യന്‍ സമാധാന കരാറുകളെയും പരസ്യമായി വെല്ലുവിളിച്ചു കൊണ്ട് സയണിസ്റ്റ് ഭരണകൂടം നടത്തുന്ന തേര്‍വാഴ്ചക്കെതിരെ ലോകത്തുടനീളമുള്ള മനുഷ്യ സ്നേഹികളും സമാധാനകാംക്ഷികളും (പതിവുപോലെ)രംഗത്തു വന്നിട്ടുണ്ട്. പല സന്നദ്ധ സംഘടനകളും അതാത് രാജ്യങ്ങളിലെ ഇസ്രയേല്‍ എംബസിക്കു മുമ്പില്‍ പടുകൂറ്റന്‍ റാലികള്‍ നടത്തി പ്രതികരിക്കുകയും പ്രതിഷേധമറിയിക്കുകയും ചെയ്തു. പക്ഷേ, എന്നിട്ടെന്ത് എന്ന ചോദ്യം ബാക്കിയാണ്.!
‘ഇസ്രയേലിന് പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന’ പ്രതികരണത്തില്‍, ജെറുസലേം ഇസ്രയേലിന് തീരെഴുതിക്കൊടുത്ത ട്രംപില്‍ നിന്ന് എന്ത് വ്യത്യാസമാണ് ബൈഡനില്‍ നാം പ്രതീക്ഷിക്കേണ്ടത് എന്നതിനുള്ള ഉത്തരമുണ്ട്. അപലപിക്കുന്നതില്‍ കവിഞ്ഞ് മറുത്തൊന്നും ചെയ്യാനാവാത്ത യു.എന്‍ ഇവിടെ ഒട്ടും പ്രസക്തവുമല്ല.
2018 നും 2020 നുമിടയില്‍ യു.എന്‍ പാസാക്കിയ 60 അപലപന മെമ്മോകളില്‍ 50 ലധികവും ഏറ്റുവാങ്ങിയത് ഇസ്രയേലാണ്. നാളിതുവരെ യു.എന്‍ ജനറല്‍ അസംബ്ലി പാസാക്കിയ 65 പ്രമേയങ്ങള്‍ ഇസ്രഈല്‍ ലംഘിച്ചിട്ടുണ്ട്. 2006 നും 2013 നു മിടയില്‍ യു.എന്‍ ഉയര്‍ത്തിയ 45 മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഇസ്രയേല്‍ എന്ന താന്തോന്നി രാഷ്ട്രം തള്ളിക്കളഞ്ഞിട്ടുണ്ട്. എന്നാലും,അമേരിക്കയുടെയും ഇസ്രയേലിന്റെയും ഇംഗിതങ്ങള്‍ ‘ഏറ്റെടുത്ത് നടപ്പിലാക്കുന്ന’ ഐക്യരാഷ്ട്രസഭയുടെ അപലപന പ്രഹസനങ്ങള്‍ ആവര്‍ത്തിക്കുമായിരിക്കാം!
പ്രതികരണങ്ങള്‍ പ്രമേയങ്ങളിലേക്ക് ചുരുക്കുന്ന പ്രലപനങ്ങളും, ശീലിച്ചു പോന്ന നിസ്സംഗതയുമല്ലാതെ കൂടുതലൊന്നും അറബ് രാജ്യങ്ങളുടെ ഭാഗത്തു നിന്നു പ്രതീക്ഷിക്കാന്‍ ഇപ്പോഴത്തെ സാഹചര്യം അനുവദിക്കുന്നുമില്ല. പക്ഷേ, ഒന്നുറപ്പാണ്.! ഖുദ്സിന്റെ പ്രതാപവും ഇസ്‌ലാമിന്റെ പൈതൃകവും തങ്ങളുടെ അസ്തിത്വവും വീണ്ടെടുക്കുന്ന ഒരു കാലം സ്വപ്‌നം കണ്ടുകൊണ്ട് ഫലസ്തീനികള്‍ പൊരുതിക്കൊണ്ടേയിരിക്കും. ആയുധം കൊണ്ട് മനുഷ്യരാശിയെ വെല്ലുവിളിക്കുന്ന ഇസ്രയേലിനോട് എഴുപതിറ്റാണ്ടുകാലം പോരാടി നിന്ന് ആര്‍ജിച്ചെടുത്ത ‘ഫലസ്തീനികള്‍’ എന്ന സ്വത്വബോധവും ആര്‍ക്കു മുമ്പിലും അടിയറവുവക്കാത്ത ആത്മവീര്യവുമാണ് ആ ജനതയുടെ കൈമുതല്‍.
അനേകം യുദ്ധങ്ങളും ഉപരോധങ്ങളും അവര്‍ കണ്ടു കഴിഞ്ഞതാണ്. വഞ്ചനയുടെയും വംശീയതയുടെയും വികൃതമുഖം അവരനുഭവിച്ചതാണ്. എല്ലാം തരണം ചെയ്ത പോലെ ഈ കഠിന കാലവും അതിജീവിക്കാനാകുമെന്ന് അവര്‍ക്കുറപ്പുണ്ട്. ഒന്നല്ല ഒരായിരം വിമോചകരെ ഗര്‍ഭം ധരിക്കാന്‍ ഫലസ്തീനിലെ ഉമ്മമാര്‍ ഇതിനകം പാകപ്പെട്ടിട്ടുണ്ടാകണം. അതിനു പശ്ചാത്തലമൊരുക്കാന്‍ പ്രാപ്തമായ ആത്മധൈര്യം ഓരോ പിതാവും തങ്ങളുടെ മക്കള്‍ക്ക് കൈമാറുന്നുണ്ടാവണം. അനതി വിദൂരമല്ലാത്ത ഭാവിയില്‍ അത് സംഭവിക്കുക തന്നെ ചെയ്യുമെന്ന് അവര്‍ പ്രതീക്ഷിക്കുകയോ അതല്ലെങ്കില്‍ അത് സംഭവിക്കുന്നതു വരെ നിരാശപ്പെടാതിരിക്കാന്‍ മാത്രമുള്ളവിശ്വാസദാര്‍ഢ്യവും നീതിബോധവും ഉള്ളില്‍ പേറുകയോ ചെയ്യുന്നുണ്ട് ഓരോ ഫലസ്തീനിയും.! അതിശയോക്തിയുടെയോ അതിഭാവനയുടെയോ കലര്‍പ്പില്ലാതെ ലോകത്തിന്റെ ശക്തി സന്തുലന ബലതന്ത്രത്തെക്കുറിച്ചുള്ള ഈ സങ്കല്‍പത്തെ വായിക്കാന്‍ കഴിയാത്തവര്‍ക്ക് പ്രായോഗിക പരിഹാരങ്ങളെപ്പറ്റിയുള്ള പ്രബന്ധരചനകള്‍ കൊണ്ട് മന:സാക്ഷിയെ തൃപ്തിപ്പെടുത്താം. പക്ഷേ, പരസ്പരം സഹവര്‍ത്തിക്കുന്ന രണ്ട് സ്വതന്ത്ര്യപരമാധികാര രാഷ്ട്രങ്ങളെന്ന പരിണാമത്തിലേക്കോ പലമയെ പരസ്പരം ഉള്‍ക്കൊള്ളുന്ന തുല്യതയിലൂന്നിയ ഏകരാഷ്ട്രമെന്ന പരിഹാരത്തിലേക്കോ നീളുന്ന അത്തരം സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ ആത്മാര്‍ത്ഥമായ അന്താരാഷ്ട്ര സമ്മര്‍ദ്ദവും ബോധപൂര്‍വമായ അഭ്യന്തര സന്നദ്ധതയും ഒത്തുചേരണം. ഇപ്പോള്‍ നിലവിലുള്ളതില്‍ നിന്ന് വ്യത്യസ്തമായ ഒരു ലോക ക്രമത്തിലല്ലാതെ അത് സാധ്യമാകുമോ എന്നതാണ് ചോദ്യം ..!

മുആവിയ മുഹമ്മദ് ഫൈസി