നിസാം ചാവക്കാട്
മുസ്ലിം ലോകം വലിയ പ്രതിസന്ധിഘട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നത്. പടിഞ്ഞാറിന്റെ താല്‍പര്യങ്ങളെ സംരക്ഷിക്കാനും സാമ്രാജ്യത്വ ശക്തികളുടെ വളര്‍ച്ചയെ ക്ഷിപ്രവേഗത്തിലാക്കാനും അതിലൂടെ തങ്ങളുടെ വളര്‍ച്ചക്ക് ആക്കംകൂട്ടാനും അറബ് ലോകത്തിന്റെ നേതൃരംഗം പണിപ്പെടുമ്പോള്‍ മറുവശത്ത് ചില രാഷ്ട്രങ്ങള്‍ അസ്തിത്വം മായാതിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അതിജീവന രാഷ്ട്രീയം പ്രയോഗിക്കുകയാണ്. സാമ്രാജ്യത്വ ശക്തികളോട് ആഗ്രഹങ്ങളില്‍ പോലും സാമ്യതയും രാജിയുമുണ്ടാവരുതെന്ന് പ്രത്യാശിക്കുന്ന മൂന്നാം കക്ഷിയുടെ ചിത്രമാണ് അറബ് ലോകത്തിന്റെ പ്രതീക്ഷയുടെ തിരിനാളം. മധ്യപൗരസ്ത്യ ദേശത്തിന്റെ നേതൃത്വം അവകാശപ്പെടുന്ന രാഷ്ട്രങ്ങളെയും പടിഞ്ഞാറന്‍ രാജ്യങ്ങളെയും പലരീതിയില്‍ പ്രതിസന്ധിയിലാക്കി അത്തരം ശക്തികള്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്.
സൗദി അറേബ്യ നേതൃത്വം നല്‍കുന്ന അറബ് രാഷട്ര കൂട്ടായ്മയും ഇറാന്‍-തുര്‍ക്കി കൂട്ടുകെട്ടും വലിയ സംഘട്ടനത്തിലാണ്. ഇറാഖ്, ലിബിയ, യമന്‍ തുടങ്ങിയ രാഷട്രങ്ങളിലെ യുദ്ധങ്ങളും സമരങ്ങളും പ്രസ്തുത മേഖലകളിലെ തീവ്രവാദി സാന്നിധ്യവും മുതലെടുത്ത് പടിഞ്ഞാറന്‍ ശക്തികള്‍ പശ്ചിമേഷ്യയില്‍ പിടിമുറുക്കിയിരിക്കുന്നു. അനന്തരം, മുസ്ലിം ലോകത്തെ സമാധാനവും ഐക്യവും മരീചിക പോലെ അപ്രാപ്യമായിരിക്കുകയാണ്. ചരിത്രത്തിലേതു പോലെ, സമ്പൂര്‍ണ നഷ്ടത്തിലേക്കും വിനാശത്തിലേക്കും അറബികളും മുസ്ലിം ലോകവും നിപതിക്കാനിരിക്കുകയുമാണ്.
ഇസ്ലാമിന്റെ ശത്രുവത്കരണം
ശത്രുസ്ഥാനത്ത് പ്രതിഷ്ടിക്കപ്പെടുന്ന ഇസ്ലാം എങ്ങനെ രൂപപ്പെട്ടുവന്നു എന്ന ചരിത്ര വഴികളില്‍ നിന്നും നമുക്ക് ആരംഭിക്കാം. അമേരിക്കന്‍ കണക്കുകൂട്ടലുകളേക്കാള്‍ വേഗത്തില്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്ന് ചിതറിയപ്പോള്‍ പ്രതിസന്ധിയിലായത് ലോകത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ മാത്രമായിരുന്നില്ല. അമേരിക്കന്‍ സാമ്രാജ്യത്വം കൂടിയായിരുന്നു. ഇന്നലെവരെ നിഴല്‍പോലെ കൊണ്ടുനടന്നിരുന്ന ശത്രുവിനെയാണ് ഒരു സുപ്രഭാതത്തില്‍ നഷ്ടപ്പെട്ടിരിക്കുന്നത്. ശത്രുവില്ലാതെ നിലനില്‍പ്പ് അസാധ്യമാണ്. അതുകൊണ്ടുതന്നെ ശത്രുവിന്റെ തകര്‍ച്ച തങ്ങളുടെയും തകര്‍ച്ചക്ക് കാരണമായേക്കാവുന്ന ഭീഷണിയാണ്. ഈ ഘട്ടത്തില്‍ സാമ്രാജ്യത്വ സൈദ്ധാന്തികന്‍ സാമുവല്‍ പി ഹണ്ടിംഗ്ടണ്‍ അമേരിക്കന്‍ ഗവണ്‍മെന്റിനോട് പറയുന്നുണ്ട്. നാം എത്രയും പെട്ടെന്ന് ഒരു ശത്രുവിനെ കണ്ടെത്തണം. ഇല്ലെങ്കില്‍ അമേരിക്കന്‍ ഐക്യനാടുകളെ ഏകീകരിച്ചുനിര്‍ത്തല്‍ നമുക്ക് കഴിയാതെപോകും. ആഭ്യന്തര പ്രതിന്ധികള്‍ മൂര്‍ച്ചിക്കും. അഥവാ, ഹണ്ടിംഗ്ടണ്‍ പറഞ്ഞത് ഐക്യനാടുകള്‍ അനൈക്യനാടുകളായിത്തീരുന്ന ഭീഷണമായ സാധ്യതയെക്കുറിച്ചാണ്. അങ്ങനെ അവര്‍ വളരെ പെട്ടെന്നു തന്നെ പുതിയ ശത്രുവിനെ കണ്ടെത്തി. ഇസ്ലാം ഭീഷണിയെക്കുറിച്ച മുന്നറിയിപ്പുകള്‍ സാര്‍വത്രികമാവുന്നത് അവിടം മുതലാണ്. ജീവികളുടെ ശ്വാസം പോലെയാണ് സാമ്രാജ്യത്വത്തിന് ശത്രുക്കള്‍.
സാമ്രാജ്യത്വം അവരുടെ ശത്രുവായി ഇസ്ലാമിനെ പ്രതിഷ്ടിക്കുന്നതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. ഒന്ന്, കമ്യൂണിസത്തിന് ശേഷം ആഗോള സ്വഭാവമുള്ള സാമ്രാജ്യത്വ വിരുദ്ധമായ രാഷട്രീയ പ്രത്യേയശാസ്ത്രം ഇസ്ലാം മാത്രമാണ്. രണ്ട്, സാമ്പത്തികവും ഭൗമരാഷ്ട്രീയപരവും വിഭവപരവുമായ കാരണങ്ങളാല്‍ അവര്‍ക്ക് അധിനിവേശം നടത്തേണ്ടിയിരുന്നത് മുസ്ലിം നാടുകളിലേക്കായിരുന്നു. മൂന്ന്, പാശ്ചാത്യ-മതേതര സംസ്‌കാരത്തിനകത്ത് നിലനില്‍ക്കുന്ന വംശീയ വരേണ്യ ബോധം ഇത്തരമൊരു തെരെഞ്ഞെടുപ്പിനെ എളുപ്പമാക്കി. കാരണം, മുസ്ലിംകള്‍ വംശീയമായി താഴ്ന്ന പടിയിലുള്ളവരാണെന്ന് അവര്‍ സ്ഥാനനിര്‍ണയം ചെയ്യുന്നു. നാല്, വെള്ളക്കാരന്റെ വംശീയ ദുരഭിമാനത്തെയും അധിനിവേശ പദ്ധതികളെയും ആശയപരമായും പ്രായോഗികമായും വെല്ലുവിളിച്ച പരാമ്പര്യമുള്ള സമൂഹമാണ് മുസ്ലിംകള്‍
പലസ്ഥീനും പശ്ചാത്തല ചരിത്രവും
മുസ്ലിം ലോകത്തിന്റെ അനൈക്യത്തിന്റെ മുറിവാണ് പലസ്ഥീനും നഷ്ടപ്പെട്ട ഖുദ്സും. നാസി ജര്‍മനിയില്‍ തങ്ങള്‍ അനുഭവിച്ച കിരാത പീഡനങ്ങളെ മാലോകരുടെ അനുകമ്പയായി പരിവര്‍ത്തിപ്പിക്കാന്‍ ജൂതസമൂഹങ്ങള്‍ക്ക് സാധിച്ചു. അതിന്റെ മറചാരി തങ്ങള്‍ക്ക് ഒരു ജൂതദേശ രാഷ്ട്രം നിര്‍മിച്ചെടുക്കണമെന്ന് അവര്‍ പ്രഖ്യാപിച്ചു. അത് പലസ്ഥീനായിരിക്കണമെന്ന നിര്‍ബന്ധ ബുദ്ധിയുമുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലോക ജൂതന്മാരിലെ ഭൂരിപക്ഷ സമൂഹങ്ങളും പലസ്ഥീനില്‍ അനൗദ്യോഗികമായി കടന്നുകൂടി. ഒന്നാം ലോകയുദ്ധത്തിന് ശേഷം, ഓട്ടോമന്‍ ഭരണകൂടപതനം മുസ്ലിം ലോകത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരുന്നു. 1917-ല്‍ ബാല്‍ഫര്‍ പ്രഖ്യാപനത്തോടെ പലസ്ഥീനില്‍ ജൂതരാഷട്രം സ്ഥാപിക്കണമെന്ന ആഗ്രഹത്തിന് ഔദ്യോഗിക രൂപംനല്‍കപ്പെട്ടു. ബ്രിട്ടീഷ് ഭരണകൂടം അതിനാവശ്യമായ പിന്തുണ നല്‍കിയതോടെ, 1948 മെയ് 14ന് ജൂത ഏജന്‍സി ചെയര്‍മാന്‍ ഡാവിഡ് ബെന്‍ഗൂറിയന്‍ ഇസ്റാഈല്‍ രാഷ്ട്രം പ്രഖ്യാപിച്ചു.
പലസ്ഥീനിലെ ആത്മീയ സ്ഥലികളെല്ലാം നഷ്ടപ്പെട്ടുവെന്ന് രോഷംപൂണ്ട മുസ്ലിം രാഷ്ട്രങ്ങള്‍ അവ തിരിച്ചുപിടിക്കാന്‍ പലസ്ഥീനികളുടെ സായുധ സമരങ്ങള്‍ക്ക് പിന്തുണനല്‍കി. പരസ്പരം വിഘടിച്ച് നിന്നിരുന്ന മുസ്ലിം ലോകത്തിന് ഒരു ഐക്യപ്രതിരോധം ആവിഷ്‌കരിക്കാന്‍ സാധിച്ചില്ല. തങ്ങളുടെ ചേര്‍ച്ചയില്ലായ്മയും അനൈക്യവും സമരങ്ങളുടെ വീര്യംകുറച്ചു. പോരാട്ടങ്ങളെല്ലാം തകര്‍ക്കപ്പെട്ടു. ഐക്യത്തെ കുറിച്ച് മുസ്ലിം സമൂഹം ബോധവന്മാരായി. അപ്പോഴേക്കും ഇസ്റാഈല്‍ വലിയ രാഷ്ട്രീയ ശക്തിയായി പരിണമിച്ചിരുന്നു. അബ്ദുന്നാസിറിന്റെ നേതൃത്വത്തില്‍ മുസ്ലിം രാഷട്രങ്ങളുടെ സായുധസൈന്യം സംഘട്ടനത്തിന് തുനിഞ്ഞു. പക്ഷേ, ഇസ്റാഈല്‍ അത്യാധുനിക ആയുധങ്ങളുപയോഗിച്ച് മുസ്ലിം സഖ്യത്തെ തകര്‍ത്തെറിഞ്ഞു. അതായത്, മുസ്ലിം ലോകത്തിന്റെ രാഷ്ട്രീയ അനൈക്യബോധം ഖുദ്സ് പോലെയുള്ള ആത്മീയസ്ഥലികളെ നഷ്ടപ്പെടുത്തി. വൈകിയെത്തിയ അവബോധം നീതിനിഷേധത്തില്‍ കലാശിച്ചുവെന്ന് സാരം. ഈ രാഷ്ട്രീയ അനൈക്യം ഇപ്പോഴും തുടരുകയാണ്. പശ്ചാത്തലത്തില്‍ ഒരു ചോദ്യം രൂഢമൂലമാണ്: മുസ്ലിം സമൂഹത്തിന് നഷ്ടപ്പെടുത്താന്‍ ഇനിയെത്ര ഖുദ്സുകളുണ്ട്.
ഇറാനും സൗദിയും പിന്നെ അമേരിക്കയും
അമേരിക്കയുടെയും സൗദിയുടെയും നേതൃത്വത്തില്‍ 2017ല്‍ അറബ് ഇസ്ലാമിക്-അമേരിക്കന്‍ സമ്മിറ്റ് സംഘടിപ്പിക്കപ്പെട്ടു. യു.എ.ഇ, ഈജിപ്ത്, ബഹ്റൈന്‍ തുടങ്ങി മുഖ്യ അറബ് രാഷ്ട്രങ്ങളും പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തിരുന്നു. സമധാന മധ്യേഷ്യ നിര്‍മിച്ചെടുക്കാന്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കലാണ് ഈ സമ്മിറ്റിന്റെ സുപ്രധാന ലക്ഷ്യങ്ങളെന്ന് ആഗോളമാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. ഇറാന്റെ വളര്‍ച്ച തടയുക, ഇറാഖ് പോലെയുള്ള രാഷട്രങ്ങളില്‍ മതരാഷ്ട്ര നീക്കങ്ങള്‍ അവസാനിപ്പിക്കുക, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക, അറബ്-ഇസ്റാഈല്‍ സമാധാന ചര്‍ച്ചക്ക് ആക്കംകൂട്ടുക എന്നിവയായിരുന്നു ചര്‍ച്ചയുടെ പരോക്ഷവും എന്നാല്‍, പ്രശ്നവത്കരിക്കേണ്ടതുമായ ലക്ഷ്യങ്ങള്‍. അറബ് രാഷ്ട്രങ്ങളെ തങ്ങളുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് അടിമപ്പെടുത്താന്‍ അമേരിക്ക നടത്തിയ ഒടുവിലത്തെ ശ്രമമായിരുന്നു ഈ പരിപാടി. അറബ് രാഷ്ട്രങ്ങള്‍ക്കിടയില്‍ തങ്ങളുടെ മേല്‍ക്കോയ്മ സുസ്ഥിരമാക്കാനുള്ളതാണ് സൗദിയുടെ താല്‍പര്യം. ഖത്തര്‍ ഉപരോധം, മൂന്നാം ലിബിയന്‍ യുദ്ധം തുടങ്ങി നീക്കങ്ങളില്‍ അറബ് രാഷ്ട്രങ്ങളുടെ പിന്തുണ ഉറപ്പുവരുത്തലും സൗദിയുടെ ഉദ്ദേശമായിരുന്നു. ആദ്യ ഘട്ടത്തില്‍ അറബ് രാഷ്ട്രങ്ങളെല്ലാം സൗദിയെ പിന്തുണച്ചെങ്കിലും സൗദിയുടെ പെരുമാറ്റ പരുശതയും, മറ്റു രാഷ്ട്രങ്ങളുടെ സാമ്പത്തിക അതോഗതിയും സഖ്യകക്ഷികളെ സമ്മിറ്റില്‍ നിന്നും പിന്മാറാന്‍ നിര്‍ബന്ധിപ്പിക്കുകയായിരുന്നു.
മധ്യേഷ്യയില്‍ തങ്ങളുടെ രൂപരേഖ അനുസരിച്ച് രാഷ്ട്രീയ മുന്നേറ്റങ്ങളുണ്ടാകണമെന്ന് പ്രത്യാശിച്ച സൗദി അമേരിക്കയുമായി കൂടിയാലോചന നടത്തി നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. മറ്റു രാഷ്ട്രങ്ങളുടെ സാമൂഹിക സാമ്പത്തിക പരിസരങ്ങള്‍ക്ക് അനുകൂലമായ തീരുമാനങ്ങളെല്ലാം അംഗീകരിക്കപ്പെട്ടു. അതേസമയം, പ്രതികൂലമായവയെല്ലാം തള്ളപ്പെട്ടു. അതായത്, അറബ് ലോകത്തെ രണ്ട് വിഭാഗമാക്കി വര്‍ഗീകരിക്കാന്‍ പ്രസ്തുത സമ്മിറ്റിന് സാധിച്ചു. ഒന്ന്, സഹോദര രാഷ്ട്രങ്ങളെ പരിഗണിക്കാതെ ദേശരാഷ്ട്രങ്ങളുടെ നേട്ടത്തെ മാത്രം ആശ്രയിച്ച് നിലപാടെടുക്കുന്നവര്‍. സാമ്രാജ്യത്വ ശക്തികള്‍ക്ക് അറേബ്യയെ തീറെഴുതിക്കൊടുക്കുന്നവര്‍. അറബ് ലോകത്തെ അനൈക്യം പലയാവര്‍ത്തി വര്‍ധിച്ചുകൊണ്ടേയിരിക്കുന്നുവെന്ന് സാരം.
ഇറാഖ്, സിറിയ, ഇറാന്‍, തുര്‍ക്കി എന്നിങ്ങനെ വ്യത്യസ്ത മുസ്ലിം രാഷട്രങ്ങളിലെ സമാധാന സംസ്ഥാപന ശ്രമവുമായി അമേരിക്ക പശ്ചിമേഷ്യയില്‍ രംഗപ്രവേശനം നടത്തുന്നതിന് പിന്നില്‍ പലകാരണങ്ങളുണ്ട്. അറേബ്യയുടെ വളര്‍ച്ചയെ കുറിച്ചുള്ള വ്യാധിയും അറബ് സമ്പത്തിലുള്ള ദുര്‍ഗ്രാഹ്യമായ അത്യാഗ്രഹവുമാണ് അവ. രണ്ടാം ലോകമഹായുദ്ധത്തനു ശേഷം ഏകധ്രുവ ലോകക്രമം വികസിച്ചു. അതിന്റെ നേതൃത്വം കയ്യേറിയ അമേരിക്ക സമാനതകളില്ലാത്ത തങ്ങളുടെ വളര്‍ച്ചയില്‍ അഭിമാനിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്നു. വ്യാവസായികവും രാഷ്ട്രീയവുമായ മുന്നേറ്റങ്ങളിലൂടെ മറ്റൊരു രാഷട്രമോ രാഷട്രീയ സഖ്യമോ പുരോഗമിച്ച് വരില്ലെന്ന പൂര്‍വിണശ്വാസം അമേരിക്ക പുലര്‍ത്തുന്നുവെന്നത് വസ്തുതാപരമാണ്. എന്നാല്‍, അറേബ്യന്‍ നാടുകളുടെ വളര്‍ച്ച അമേരിക്കയെ സംബന്ധിച്ച് ഭീഷണിയായിരുന്നു. അറേബ്യന്‍ നാടുകളുടെയും (മുസ്ലിം രാഷ്ട്രങ്ങളുടെ) ഐക്യപ്പെടല്‍ മധ്യേഷ്യന്‍ കേന്ദ്രീകൃത ലോകക്രമത്തിന് കാരണമാകുമെന്ന തിരിച്ചറിവ് അമേരിക്കയെ ബോധവാന്മാരാക്കി. ആയതിനാല്‍, അറേബ്യയെ ഭിന്നിപ്പിച്ച്, അവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ച് അറബ് ഐക്യം അസാധ്യമാക്കലായിരുന്നു തങ്ങളുടെ ലോകമേധാവിത്വം നിലനിര്‍ത്താനുള്ള അമേരിക്കന്‍ നീക്കം.
പശ്ചിമേഷ്യയുടെ സാമ്പത്തിക നട്ടെല്ലായ എണ്ണയാണ് മറ്റൊരു ഘടകം. എണ്ണശേഖരത്തില്‍ കയ്യിട്ടുവാരി പടിഞ്ഞാറിനെ കൊഴുപ്പിക്കാനാകുമെന്ന ദുഷ്ടലാക്കാണ് അമേരിക്കക്കുള്ളത്. ജോണ്‍ലോക്കിന്റെയും റൂസ്സോയുടെയും സ്വാതന്ത്ര-സമത്വ ദര്‍ശനങ്ങളില്‍ വേരൂന്നിയ രാഷ്ട്രീയ ധാര്‍മിക പരിസരത്തില്‍ ഒരു ബ്രിട്ടണ്‍ മോഡല്‍ അധിനിവേശത്തിന്റെ സാധ്യതയില്ലായിരുന്നു. പ്രശ്നങ്ങള്‍ സൃഷ്ടിച്ച് പരിഹാരകന്റെ വേഷമണിഞ്ഞ് പശ്ചിമേഷ്യയില്‍ കടക്കാനും എണ്ണ സമ്പത്ത് തട്ടിയെടുക്കലുമായിരുന്നു അമേരിക്കയുടെ ഗൂഢലക്ഷ്യം. പ്രസ്തുത നീക്കം വിജയത്തിലെത്തിയിട്ടുമുണ്ട്. പലപ്പോഴും, ഇറാഖെന്നും ഇറാനെന്നും ഭീകരവാദമെന്നും കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് പശ്ചിമേഷ്യയില്‍ പ്രവേശിക്കുന്ന അമേരിക്കുയുടെ ഉള്ളിലിരിപ്പ് മേല്‍പറഞ്ഞവ തന്നെയാണ്. ഈ ശ്രമങ്ങള്‍ക്ക് മേഖലയില്‍ നിന്ന് തന്നെ പിന്തുണ നേടാന്‍ അറബ് ലോകത്തിന്റെ നേതൃപദവി സൗദിഅറേബ്യക്ക് വാങ്ങിക്കൊടുത്തിരിക്കുകയാണ്. ഇസ്ലാമിക സമൂഹത്തിന്റെ വളര്‍ച്ച മരവിപ്പിക്കുന്നതില്‍ അവര്‍ വഹിച്ച പങ്കും അവരുടെ സാമ്പത്തിക കൊള്ളേച്ഛകയുമാണ് പ്രസ്തുത സ്ഥാനത്തിന് അവരെ യോഗ്യരാക്കിയത്. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ഓട്ടോമന്‍ ഭരണകൂടത്തിന് സമാന്തരമായി പ്രവര്‍ത്തിച്ച് ഇസ്ലാമിക ലോകത്തെ ശിഥിലാമാക്കിയ പാരമ്പര്യമാണ് അവര്‍ക്കുള്ളത്. തുര്‍ക്കികള്‍, ബര്‍മക്കികള്‍ തുടങ്ങി വിവിധ സമൂഹങ്ങള്‍ക്ക് ഭരണത്തില്‍ പരഗണനീയമായ സ്ഥാനങ്ങള്‍ നല്‍കി, വിശാലമായ ഇസ്ലാമിക ലേബല്‍ സൃഷ്ടിച്ചത് അബ്ബാസികളായിരുന്നു. തുടര്‍ന്ന് രംഗപ്രവേശനം ചെയ്ത ഓട്ടോമന്‍ ഭരണകൂടമായിരുന്നു അതിന്റെ യഥാര്‍ത്ഥ പ്രയോക്താക്കള്‍. വഹാബിസ ഉപജ്ഞാതാവ് അബ്ദുല്ലാഹിബിന്‍ വഹബിന്റെ പിന്തുണയോടെ ഖിലാഫത്തിനെതിരെ സഊദികള്‍ (ആലു-സഊദ്) തിരിഞ്ഞു. വഹാബ് ദേശീയതാവാദം ഉയര്‍ത്തിക്കൊണ്ടുവന്നു. ഇസ്ലാമിക വ്യാപനത്തെ പ്രതികൂലമായി ബാധിക്കുകയും രാഷ്ട്രീയ രംഗം ശിഥിലമാക്കുകയും ചെയ്യുന്നതില്‍ ഈ നീക്കം സാരമായ പങ്കു വഹിച്ചു. തത്ഫലം, ഇസ്ലാമിക ലോകത്ത് തുര്‍ക്കി കേന്ദ്രീകൃത മുസ്ലിം രാഷ്ട്രീയം, ആലുസഊദ് കേന്ദ്രീകൃത രാഷ്ട്രീയം എന്നീ സുപ്രധാന ധാരകളുണ്ടായി. തുടര്‍ന്നിങ്ങോട്ട്, രാഷ്ട്ര താല്‍പര്യത്തില്‍ കവിഞ്ഞ് മറ്റൊരു ധാര്‍മിക മൂല്യങ്ങള്‍ക്കും അവര്‍ മുന്‍ഗണനകൊടുത്തില്ല.
ഇറാനും പ്രശ്നങ്ങളുടെ ശൃംഖലയും
അറബ് ഇസ്ലാമിക്-അമേരിക്കന്‍ സമ്മിറ്റിന്റെ പരമമായ രാഷട്രീയ ലക്ഷ്യം ഇറാന്റെ പുരഗതിക്ക് തടയിടയാണ്. ഇറാന്‍ നയതന്ത്രജ്ഞന്‍ കാസിം സുലൈമാനിയുടെ വധത്തില്‍ എത്തിനില്‍ക്കുന്ന ഈ ശത്രുതക്ക് മൂന്ന് പതിറ്റാണ്ടുകളുടെ ഫ്ളാഷ്ബാക്കുണ്ട്. വളരെ ലഘുവായി വിശദീകരിക്കാം.
ഉറ്റസുഹൃത്തുക്കളായാണ് ഇറാന്‍-അമേരിക്ക ബന്ധത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. സമാധാനപരമായ ആണവ പദ്ധതികള്‍ക്ക് ഇറാന് ആണവ റിയാക്ടറുകള്‍ നല്‍കിയത് അമേരിക്കയായിരുന്നു. അമേരിക്കന്‍ നയങ്ങളെ പശ്ചിമേഷ്യയില്‍ വിതക്കാനുള്ള മാര്‍ഗമായിരുന്നു ഇറാനിലെ പടിഞ്ഞാറന്‍ പിന്തുണയുള്ള ഷാ ഭരണകൂടം. എന്നാല്‍, ഈ ബന്ധത്തിന്റെ കടക്കല്‍ കത്തിവെച്ചായിരുന്നു 1979-ലെ ഇറാന്‍ വിപ്ലവത്തിന്റെ കടന്നുവരവ്. പ്രസ്തുത സമരവും തുടര്‍ന്നുവന്ന ഭരണകൂടവും അമേരിക്കയെ ചൊടിപ്പിച്ചു. 1984-ല്‍ ഇറാനെതിരെ ഭീകരതയുടെ പ്രചരണങ്ങള്‍ അഴിച്ചുവിട്ടു. 1988-ല്‍ ഇറാന്‍ വിമാനം വെടിവച്ചിട്ടതും, 2002-ലെ ഇറാഖ്, ഇറാന്‍, ഉത്തര കൊറിയ രാഷ്ട്രങ്ങളെ തിന്മയുടെ അച്ചുതണ്ടായി പ്രഖ്യാപിച്ചതും രംഗം കൂടുതല്‍ വഷളാക്കി. സമാധാനപരമായ ആവശ്യങ്ങള്‍ക്കെന്ന വ്യാജേന ഇറാന്‍ നടത്തുന്ന ആണവ പദ്ധതികള്‍ വിശേഷിച്ചും, യുറേനിയം സമ്പുഷ്ടീകരണം ബോംബ് നിര്‍മാണം ലക്ഷ്യംവച്ചാണെന്ന് പശ്ചാത്യര്‍ ആരോപിച്ചു. ആണവ റിയാക്ടറുകള്‍ നിറുത്തിവക്കാന്‍ യു.എന്‍ ആവശ്യപ്പെടുന്നിടത്തേക്ക് സാഹചര്യങ്ങളെത്തി. വഴങ്ങാതിരുന്ന ഇറാനെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. അമേരിക്കയും 28 അംഗയൂറോപ്പ്യന്‍ യൂണിയനും സ്വന്തംനിലയില്‍ ഉപരോധം ഏര്‍പ്പെടുത്തി. വിദേശ രാഷ്ട്ര ബാങ്കുകളിലുണ്ടായിരുന്ന ഇറാന്‍ സമ്പത്ത് മരവിപ്പിക്കപ്പെട്ടു. തുടര്‍ന്ന്, മറ്റു വന്‍കരകളിലെ രാഷട്രങ്ങള്‍ക്ക് ഇറാനുമായി ഇടപാടുകള്‍ നടത്തല്‍ അസാധ്യമായി. സാങ്കേതികവിദ്യകള്‍, എണ്ണകയറ്റുമതി എന്നിവ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇറാന്‍ പൂര്‍ണ ദുരിതത്തിലായി.
2012-ല്‍ ഒബാമയുടെ അധികാരാരോഹണം ഇറാന്‍-അമേരിക്ക ബന്ധം തിരിച്ചുകൊണ്ടുവന്നതിനെ തുടര്‍ന്ന്, ഇറാന്‍ ആണവ റിയാക്ടറുകള്‍ നിയന്ത്രിക്കാമെന്ന് സമ്മതിച്ചു. വിയെന്നയില്‍ ഏഴ് രാഷ്ട്രങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ മാരത്തണ്‍ ചര്‍ച്ചക്കൊടുവില്‍, 2015ല്‍ പുതിയ ആണവ കരാര്‍ പിറന്നു. ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ രാജ്യാന്തര ആണവ ഏജന്‍സിയുടെ നിര്‍ദേശങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വിധേയമായിരിക്കും പ്രവര്‍ത്തിക്കുക. യു.എന്നിന് ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ നിരീക്ഷിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു.
ഇതില്‍ അസംതൃപ്തരായ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നേരിട്ട് തന്റെ അതൃപ്തി അറിയിക്കുകയും ഇറാന്‍ വിശ്വാസ യോഗ്യമല്ലാത്ത രാഷ്ട്രമാണെന്ന മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. സിറിയ, യമന്‍, ബഹ്റൈന്‍ വിഷയങ്ങളിലെ നിലപാടുകള്‍ അറബ് രാഷ്ട്രങ്ങളെ ചൊടിപ്പിച്ചു. ഇറാന്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന ആരോപണവുമായി പതിനൊന്ന് അറബ് രാജ്യങ്ങള്‍ രംഗത്തെത്തി. തങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെട്ട് രാഷ്ട്രീയ അസ്തിരത വളര്‍ത്തുകയാണെന്ന് യു.എ.ഇ, ഈജിപ്ത്, മൊറോക്കോ, സുഡാന്‍, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, യമന്‍ എന്നീ രാജ്യങ്ങള്‍ യു.എന്‍ പൊതുസഭക്ക് നല്‍കിയ കത്തില്‍ ആരോപിച്ചു. ഹിസ്ബുല്ലയെയും, ഹൂത്വികളെയും ഇറാന്‍ സഹായിക്കുന്നുണ്ടെന്നായിരുന്നു വിമര്‍ശനം.
2016ല്‍ ഡൊനാള്‍ഡ് ട്രംപ് ഭരണതലവനായതോടെ ഇറാന്‍ ആണവകരാറില്‍ നിന്നും പിന്മാറി. സഖ്യകക്ഷികളായ സുന്നീ രാഷ്ട്രങ്ങളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇറാനെന്ന് ട്രംപ് ആരോപിച്ചു. പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടതിന് ശേഷം ട്രംപ് തന്റെ പ്രഥമ വിദേശ പര്യടനത്തിനായി സൗദി അറേബ്യയാണ് തിരഞ്ഞെടുത്തത്. പശ്ചിമേഷ്യയിലെ അമേരിക്കന്‍ താത്പര്യങ്ങളെ വിളിച്ചോതിയ സംഭവമായിരുന്നു ഈ പര്യടനം. ഇറാഖില്‍ സൈന്യത്തെ ഭാഗികമായി നിലനിര്‍ത്തി ഇറാനെ നിരീക്ഷിക്കുക, ഇറാന്‍ വിരുദ്ധ ഉച്ചകോടി നടത്തുക തുടങ്ങിയ നീക്കങ്ങള്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്നത് ഇറാന്‍ വിരുദ്ധ അറബ് രാഷ്ട്രങ്ങളെ കൂടുതല്‍ സന്തോഷിപ്പിച്ചു. ഇറാന്‍ ഉപരോധം രാജ്യന്തര ധന ഇടപാടുകളില്‍ നിന്നും മറ്റു രാഷ്ട്രങ്ങളെ തടഞ്ഞു.
ഇതിനിടയില്‍ അമേരിക്കന്‍ ഉപരോധത്തിന് പശ്ചിമേഷ്യയില്‍ നിന്നും പരിപൂര്‍ണ പിന്തുണ നല്‍കുന്ന സൗദിയെ ഇറാന്‍ തിരിച്ചാക്രമിച്ചുതുടങ്ങി. ഷൈബ പ്രകൃതി വാദക പ്ലാന്റിന് നേരെയുണ്ടായ ആക്രണവും അബഹ വിമാനത്താവളത്തിന് നേരെ ഉണ്ടായ മിസൈല്‍ ആക്രമണവും ലോകത്തിലെ വലിയ എണ്ണക്കമ്പനിയായ അരാംകോയ്ക്ക് നേരെയുണ്ടായ അക്രമണവും ഇറാന്റെ നേതൃത്വത്തിലോ, അനുമതിയോടെയോ നടന്ന സംഭവങ്ങളായിരുന്നു. ഖുറൈസ് എണ്ണപ്പാടവും, അബ്ക എണ്ണ സംസ്‌കരണ പ്ലാന്റും അക്രമിക്കപ്പെട്ടത് ലോകത്തെ എണ്ണ ലഭ്യതയില്‍ വലിയ തോതിലുള്ള കുറവ് രേഖപ്പെടുത്തി.
തങ്ങളുടെ പശ്ചിമേഷ്യന്‍ താല്‍പര്യങ്ങള്‍ ഇറാഖ്, ഇറാന്‍ കേന്ദ്രീകരിച്ച് തകര്‍ക്കപ്പെടുമെന്ന ഭീതി അമേരിക്കക്കുണ്ടായിരുന്നു. ഇറാന്‍ നിരീക്ഷിക്കാനും അവസരം ലഭിക്കുമ്പോള്‍ അക്രമിക്കാനും അമേരിക്ക കണ്ടെത്തിയ താവളം ഇറാഖായിരുന്നു. ഭൗമശാസ്ത്ര കിടപ്പുകൂടി പരിഗണിച്ചായിരുന്നു ഈ നീക്കം. മധ്യപൂര്‍വ ദേശത്തെ, പ്രത്യേകിച്ചും ഇറാഖിലെ ഇറാന്റെ സകല നീക്കങ്ങളുടെയും നിയന്ത്രണം കാസിം സുലൈമാനിക്കായിരുന്നു. ആ സ്വാധീനത്തിന്റെ വലിപ്പം മനസ്സിലാക്കിയ അമേരിക്ക കാസിം സുലൈമാനിയെ വധിച്ച്, തങ്ങളുടെ ശത്രുവിനെ വേരോടെ പിഴുതെറിയുകയായിരുന്നു.
തുര്‍ക്കിയുടെ രംഗപ്രവേശനം
ഖഷോക്കി വധം പുറത്ത് കൊണ്ടവന്നതോടെ തുര്‍ക്കി-സൗദി ബന്ധം വഷളായി. ഇത് ഇറാന്‍-തുര്‍ക്കി ബന്ധത്തിന് ആരംഭമായി. 2018-ല്‍ ഇറാന്‍ ഉപരോധം പുനസ്ഥാപിക്കപ്പെട്ടപ്പോള്‍ തങ്ങളുടെ സംരംഭകരെ സഹായിക്കണമെന്ന ഇറാന്റെ ആവശ്യം തുര്‍ക്കി അംഗീകരിച്ചു. ഇറാന്‍ എണ്ണശേഖരമാണ് തുര്‍ക്കിയുടെ കണ്ണിലും മനസ്സിലുമെന്ന് വിദേശികള്‍ പറഞ്ഞുപരത്തിയതും ഇറാനെ പോലെ തുര്‍ക്കിയെയും ഒറ്റപ്പെടുത്തണമെന്ന ചിലരുടെ നിലപാട് ഇരു രാഷ്ട്രങ്ങള്‍ക്കിടയിലെ ബന്ധം കൂടുതല്‍ സുദൃഢമാക്കി. ഫയാസ് അല്‍ സിറാജിന്റെ നേതൃത്വത്തിലുള്ള ലിബിയന്‍ സര്‍ക്കാറിന് വന്‍ ഭീഷണി ഉയര്‍ത്തുന്ന, സൈന്യത്തിന്റെ പിന്തുണയുള്ള ഖലീഫ ഹഫ്ത്താറിന്റെ മിലീഷ്യ ഒരു തുര്‍ക്കി ചരക്കുകപ്പല്‍ തട്ടിയെടുക്കുകയും അതിലെ കാര്‍ഗോ സ്വന്തമാക്കുകയും ചെയ്തതിനെ തുടര്‍ന്ന് തുര്‍ക്കി ലിബിയന്‍ സര്‍ക്കാറിനെ സഹായിക്കാന്‍ മുന്നോട്ടുവന്നു. സൈനിക-സാമ്പത്തിക പിന്തുണ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത തുര്‍ക്കി ഭരണകൂടം, പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ നേതൃപദവി വളരെ രസകരമായി അലങ്കരിച്ചു. ഇറാനും ലിബിയക്കും സഹായം നല്‍കി ഗള്‍ഫ് അറബ് രാജ്യങ്ങളുടെ ശത്രുത വര്‍ധിപ്പിക്കുകയാണെന്ന ആക്ഷേപത്തെ മുഖവിലക്കെടുക്കാന്‍ തുര്‍ക്കികള്‍ തയ്യാറായില്ല. മാതമല്ല, ലിബിയയെ സൈനികമായി സഹായിക്കാന്‍ തുര്‍ക്കി പാര്‍ലമെന്റ് പ്രത്യേക കരാര്‍ പാസാക്കുകയും ചെയ്തിട്ടുണ്ട്.സൗദിയുടെ ഖത്തര്‍ ഉപരോധം ഇറാനുമായി പുതിയ ഉഷ്മള ബന്ധം സ്ഥാപിക്കുന്നതിലേക്ക് നയിച്ചു. സഊദിയുടെ നീക്കം തുര്‍ക്കിയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കി. കാരണം, തുര്‍ക്കിയുടെ ഭരണത്തിലിരിക്കുന്ന ജസ്റ്റിസ് ആന്റ് ഡവലപ്മെന്റ് പാര്‍ട്ടിക്ക് മുസ്‌ലിം ബ്രദര്‍ഹുഡുമായി അടുത്ത ബന്ധമാണുള്ളത്. (ബ്രദര്‍ഹുഡ് ബന്ധമാണ് ഖത്തര്‍ ഉപരോധത്തിലേക്ക് നയിച്ചതെന്ന് ഓര്‍ക്കുക). തുര്‍ക്കിക്ക് സുന്നി ലോകത്തെ നിയന്ത്രിക്കണമെന്ന താല്‍പര്യം കൂടിയുണ്ടായിരുന്നു. എന്നാല്‍, അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കനുസരിച്ച് നിലപാടെടുക്കുന്ന് സൗദി മോഡല്‍ നേതൃത്വ പരികല്‍പനയായിരുന്നില്ല തുര്‍ക്കിയുടേത്. ഇതെല്ലാം തന്നെ ഇറാന്‍, റഷ്യ എന്നിവരുമായി തുര്‍ക്കിയെ അതിതവേഗം അടുപ്പിക്കുന്നതിലേക്ക് നയിച്ചു.
സിറിയയും റഷ്യന്‍ ലാക്കുകളും
മിഡിലീസ്റ്റില്‍ റഷ്യ രംഗപ്രവേശനം ചെയ്ത സാഹചര്യത്തിലാണ് ഇറാനും അമേരിക്കയും തമ്മിലുള്ള അസ്വാരസ്യം വര്‍ദ്ധിക്കുന്നത്. 2015ല്‍ അത് കൂടുതല്‍ ഗുരുതരമാവാന്‍ തുടങ്ങി. ഈ സന്ദര്‍ഭത്തില്‍, അസദ് ഭരണകൂടത്തിന്റെ പേരില്‍ സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ റഷ്യ ഇടപെട്ടു. സോച്ചില്‍വച്ച് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി, തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ എന്നിവര്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിന്‍ പുടിന്‍ സിറിയയുടെ ഭാവിയെ കുറിച്ച് ഊര്‍ജിത ചര്‍ച്ചകള്‍നടത്തി. സിറിയയിലെ റഷ്യന്‍ താല്‍പര്യത്തെ വിലകുറച്ചുകണ്ട അമേരിക്ക നിഷ്‌ക്രിയരായി നിലയുറപ്പിച്ചു. റഷ്യ പശ്ചിമേഷ്യയിലെ തങ്ങളുടെ സ്വാധീന വലയം വര്‍ധിപ്പിച്ചു. ഇന്ന്, എല്ലാവരും ആശ്രയിക്കുന്ന, മിഡിലീസ്റ്റിലെ ഏക പവര്‍ ബ്രേക്കായി റഷ്യ മാറിക്കഴിഞ്ഞു.
സിറിയയിലെ കുര്‍ദ് ഭൂരിപക്ഷ പ്രദേശമായ ഇദ്ലിബില്‍ റഷ്യന്‍ സൈന്യത്തിന്റെ സഹായത്തോടെ സിറിയ നടത്തുന്ന ആക്രമങ്ങള്‍ മാരകമായിത്തീര്‍ന്നിരിക്കുന്നു. ജെറ്റ് വിമാനങ്ങള്‍ വ്യോമാക്രമണം നടത്തുന്ന അവിടെ മാറാത്ത് അല്‍ ജുമാന്‍ പോലെയുള്ള പട്ടണവും ചേര്‍ന്നു കിടക്കുന്ന ഗ്രാമങ്ങളും പൂര്‍ണമായും വിജനമായിരിക്കുന്നു. മേഖലയില്‍ നേരത്തെ നിലയുറപ്പിച്ചിരുന്ന അമേരിക്കയുടെ പിന്‍വാങ്ങല്‍ തുര്‍ക്കിയുടെ പിന്‍വാങ്ങലിനും കാരണമായി. തുടര്‍ന്നാണ്, സിറിയ റഷ്യയുടെ സഹായം നേടിയെടുത്തത്. റഷ്യയുടെ സഹായമില്ലാതെ ബഷാര്‍ ഭരണകൂടത്തിന്റെ നിലനില്‍പ്പ് അസാധ്യമാണെന്ന സവിശേഷ സാഹചര്യമാണ് പശ്ചിമേഷ്യയിലുള്ളത്.
ഫലസ്തീനും ഇസ്റായേലും
ഫലസ്തീന്‍-ഇസ്രായേല്‍ പ്രശ്നത്തിലെ ഇടനിലക്കാരന്‍ കുപ്പായം അഴിച്ചുവച്ചിരിക്കുകയാണ് അമേരിക്ക. സമവായ ച്ചര്‍ച്ചയില്‍ നിന്നും പിന്‍വാങ്ങി ഇസ്രയേലിനെ പ്രത്യക്ഷ്യത്തില്‍ പിന്തുണക്കുക എന്നതായിരുന്നു അമേരിക്കയുടെ തീരുമാനം. താന്‍ പൂര്‍ണമായും ഇസ്രായേലിനൊപ്പമാണെന്ന് പറഞ്ഞിരിക്കുകയാണ് ട്രംപ്. അതിനെ തുടര്‍ന്നാണ്, ടെല്‍അവീലില്‍ നിന്നും ഇസ്രയേല്‍ തലസ്ഥാനം ജെറുസലേമിലേക്ക് മാറ്റിയ പ്രഖ്യാപനം ട്രംപ് നടത്തിയത്. രണ്ടാം ഇന്‍തിഫാദയുടെ ചരിത്രകാരന്‍ റംസി അല്‍ബറൂദിയുടെ പ്രസ്ഥാവന ശ്രദ്ധേയമാണ്: പൂര്‍വകാല സാഹചര്യങ്ങളില്‍ നിന്നും തീര്‍ത്തും മാറിയിട്ടുണ്ട് ഇന്നത്തെ ഫലസ്തീന്‍. അമേരിക്ക സമാധാന ചര്‍ച്ചയില്‍ നിന്നും പിന്‍വാങ്ങിയെന്ന് അവര്‍ തന്നെ വിശേഷിപ്പിച്ച സാഹചര്യമാണിത്. പരിഹാസത്തിന്റെയും വിമര്‍ശനത്തിന്റെയും ഉള്ളെരിച്ചിലിന്റെയും വാക്കുകളാണിത്.
ഫലസ്തീന്‍-ഇസ്രായേല്‍ ബന്ധത്തിന് പല മാനങ്ങളാണുള്ളത്. അമേരിക്കയും, ഇസ്രായേലും, ബ്രിട്ടനും അണിചേരുന്ന സാമ്രാജ്യത്വത്തിന്റെ വശമാണ് ഒന്നാമത്തേത്. മറ്റൊന്ന്, അപൂര്‍ണതയില്‍ അഹങ്കരിച്ച മുസ്ലിം രാജ്യങ്ങളുടെ തീരാനഷ്ടമാണ്. കൃത്യമായ രാഷ്ട്രീയ സഖ്യം രൂപപ്പെടുത്താതെ വൈകാരിക പ്രകടനത്തിലൂടെ തകര്‍ക്കപ്പെട്ട ചെറിയ രാഷ്ട്രീയ സമരങ്ങള്‍ മാത്രമാണ് പറഞ്ഞാശ്വസിക്കാന്‍ മുസ്ലിം നേതാക്കള്‍ ബാക്കിവെച്ചത്. ഖുദ്സ് ഒരു ആത്മീയസ്ഥലിയാകുമ്പോള്‍ പ്രാപ്യമായ ഒരു രാഷ്ട്രീയ ചുറ്റുപാടിലുള്ള മുസ്ലിം രാജ്യങ്ങള്‍ അത് തിരിച്ചുപിടിക്കാന്‍ ബാധ്യസ്ഥരായിരുന്നു. ലോകമുസ്ലിംകളിലെ ഓരോ വ്യക്തിക്കും ആ ഉത്തരവാദിത്വത്തെ കുറിച്ച് ചോദ്യം ചെയ്യാനുള്ള അവകാശവുമുണ്ട്. ഏകപക്ഷീയമായ വികാരം പേറുമ്പോഴും സഖ്യം ചേരാനാവുന്നില്ലെന്നും, ശിഥിലമാവുകയാണെന്നുമുള്ള തിരിച്ചറിവ് മുസ്ലിം ലോകത്തിന് ലഭിക്കാതെപോയി.
സമാപ്തി
ഓരോ പതിറ്റാണ്ടിലും മുസ്ലിം രാഷ്ട്രങ്ങളുടെ സഖ്യശക്തികള്‍ വ്യത്യസ്ത ധാരകളായിക്കൊണ്ടിരിക്കുകയാണ്. സാമ്രാജ്യത്വത്തിന്റെ അറേബ്യന്‍ താല്‍പര്യങ്ങള്‍ എണ്ണയാണെന്ന് മനസ്സിലാക്കിയിട്ടും പ്രതിലോമകരമായ സാഹചര്യങ്ങളില്‍ പോലും വിയോജിപ്പ് രേഖപ്പെടുത്താത്ത സൗദിയുടെ നേതൃത്വത്തിലുള്ള അറബ് രാഷ്ട്രകൂട്ടായ്മയില്‍ ഇനിയൊരു പ്രതീക്ഷയുടെ തിരിനാളവും ശേഷിക്കുന്നില്ല എന്നു തന്നെ പറയാം. എന്നാല്‍, തുര്‍ക്കിയും ഇറാനും സംയുക്തമായി വളര്‍ത്തുന്ന സാമ്രാ്യത്വ വിരുദ്ധ നിലപാടുകള്‍ പ്രതീക്ഷയാണ്. പ്രസ്തുത നിലാപാടുകളോട് പൂര്‍ണാര്‍ഥത്തില്‍ യോജിക്കാനാവില്ലെന്നത് വസ്തുതയുമാണ്.
പശ്ചിമേഷ്യയിലെ രാഷട്രീയം പ്രശ്നവത്കൃതവും സങ്കീര്‍ണവുമാണ്. മുസ്ലിം രാഷ്ട്രങ്ങള്‍ സാമ്രാജ്യത്വ ശക്തികള്‍ക്ക് അടിമപ്പെട്ട് ശൈഥില്യത്തിന്റെ കാടുകയറുകയാണ്. കാല്‍ച്ചുവട്ടിലെ മണ്ണ് ചോര്‍ന്നൊലിക്കുന്നത് വരെ വെള്ളക്കാരനെ സേവിക്കാന്‍ തയ്യാറായിരിക്കുന്ന രാഷ്ട്രങ്ങള്‍ക്കെതിരെ പ്രയോഗിക്കാന്‍ പ്രാര്‍ഥനായുധം മാത്രമാണ് ബാക്കിയുള്ളത്. സമയമായില്ലേ എന്ന ഖുര്‍ആനിന്റെ ചോദ്യം പ്രസക്തമാണ്. ഇനിയെത്ര ഖുദ്സുകള്‍ നഷ്ടപ്പെടുന്നത് വരെ നാം ദുഷ്ടലാക്കിന്റെ രാഷ്ട്രീയം കളിക്കും.