വൈകാരിക പ്രതികരണങ്ങള്‍ സമുദായ കൂട്ടായ്മയില്‍ വിള്ളല്‍ വീഴ്ത്തുന്നു

2858

സമസ്ത കേരള സുന്നി വിദ്യാര്‍ഥി ഫെഡറേഷന്റെ ദീര്‍ഘകാലത്തെ സാരഥിയായിരുന്നു തങ്ങള്‍. സംഘടനാ രംഗത്തേക്കു വരാനുണ്ടായ സാഹചര്യം എന്തായിരുന്നു?
1989 കാലത്താണല്ലോ എസ്.കെ.എസ്.എസ്.എഫ് രൂപപ്പെടുന്നത്. തുടക്കത്തില്‍ അഷ്റഫ് ഫൈസി കണ്ണാടിപറമ്പായിരുന്നു പ്രസിഡന്റ്. അടുത്ത വര്‍ഷം മുക്കത്ത് നടന്ന സംസ്ഥാന കൗണ്‍സിലിലാണ് ഞാന്‍ പ്രസിഡന്റായത്. ചേളാരി ക്രസന്റില്‍ പഠിക്കുന്ന കാലത്ത് ചേളാരി ഗവണ്‍മെന്റ് സ്‌കൂളിലും മലപ്പുറം ഗവണ്‍മെന്റ് കോളേജിലും മലപ്പുറം മുന്‍സിപ്പാലിറ്റിയിലും എസ്.എസ്.എഫിന്റെ സാരഥിയായി പ്രവര്‍ത്തിച്ചിരുന്നു. സംഘടനക്കുള്ളില്‍ അഭ്യന്തര ഭിന്നിപ്പുകള്‍ സജീവമായി നടക്കുന്ന കാലമാണത്. പിന്നീടാണ് ശംസുല്‍ ഉലമാ ഇ.കെ ഉസ്താദടക്കമുള്ള നേതാക്കള്‍ എസ്.കെ.എസ്.എസ്.എഫിനെക്കുറിച്ച് തീരുമാനമെടുക്കുന്നതും സംഘടന പിറവിയെടുക്കുന്നതും. കോഴിക്കോട് സാമൂതിരി ഹൈസ്‌കൂളിലാണ് അതിനു തുടക്കം കുറിച്ചത്. അന്ന് ഔദ്യോഗികമായി സംഘടനയിലെത്തിയില്ലെങ്കിലും അടുത്ത വര്‍ഷം സംഘടനയിലെത്തി. ശേഷം സംഘടനാ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു. തുടക്കമായതു കൊണ്ട് ധാരാളം പരിപാടികളില്‍ സംബന്ധിക്കേണ്ടത് ആവശ്യമായിരുന്നു.
സംഘടനയിലുണ്ടായ ഭിന്നത ഏറ്റവും പ്രകടമായിരുന്നത് വിദ്യാര്‍ഥി വിഭാഗത്തിലായിരുന്നു. അന്ന് എസ്.വൈ.എസ് ഇത്ര സജീവമല്ലായിരുന്നു. അടുത്ത കാലത്താണ് ചെറുപ്പക്കാര്‍ എസ്.വൈ.എസില്‍ സജീവമായി തുടങ്ങിയത്. അക്കാലത്ത് സമസ്തയുടെ മിക്ക പരിപാടികളും സംഘടിപ്പിക്കപ്പെട്ടിരുന്നത് എസ്.കെ.എസ്.എസ്.എഫിന്റെ ലേബലിലായിരുന്നു. അതുകൊണ്ടു തന്നെ പ്രസിഡന്റെന്ന നിലയില്‍ നല്ല തിരക്കനുഭവിച്ച കാലമായിരുന്നു അത്. സംഘടനയുടെ പ്രസിഡന്റെന്ന നിലയില്‍ കേരളം മുഴുവന്‍ യാത്ര ചെയ്തിട്ടുണ്ട്. ശാഖാ തലം മുതല്‍ സംസ്ഥാന തലം വരെ നിരന്തരം യാത്ര ചെയ്ത് പരിപാടികളില്‍ സംബന്ധിക്കേണ്ട സാഹചര്യമായിരുന്നു അന്ന്. അബ്ദുല്‍ ഹമീദ് ഫൈസി, സമദ് പൂക്കോട്ടൂര്‍, അഷ്റഫ് ഫൈസി, ത്വയ്യിബ് ഫൈസി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഞങ്ങള്‍ ഒരു ടീമായി യാത്ര ചെയ്ത് നിരവധി സ്ഥലങ്ങളില്‍ സംഘടന കെട്ടിപ്പടുത്ത ആവേശമുള്ള ഒരു കാലമായിരുന്നു അത്. എസ്.കെ.എസ്.എസ്.എഫാണ് അവിടങ്ങളില്‍ ഓദ്യോഗികമായി ഉണ്ടാക്കുന്നതെങ്കിലും സമസ്തയെ പ്രചരിപ്പിക്കുകയായിരുന്നു അവിടങ്ങളിലെല്ലാം. എസ്.കെ.എസ്.എസ്.എഫ് പരിപാടിയാണെങ്കിലും പ്രായം ചെന്നവരും പണ്ഡിതരും സജീവമായി പരിപാടികളില്‍ സംഘടിച്ചിരുന്നു. ഒരു ഉലമ-ഉമറ കൂട്ടായ്മയായിരുന്നു അന്നുണ്ടായിരുന്നത്. പ്രത്യേകിച്ച് എ.പി വിഭാഗത്തോട് വിയോജിക്കുന്ന ഉമറാക്കള്‍ അന്നത്തെ പരിപാടികളെ സജീവമാക്കി.
എസ്.കെ.എസ്.എസ്.എഫിന്റെ പരിപാടികളില്‍ സജീവമായതിനാല്‍ സംസ്ഥാനത്തെവിടെ ചെന്നാലും വലിയ സൗഹൃദ്ബന്ധങ്ങളുണ്ടായി. അതില്‍ മുസ്ലിം ലീഗുകാരുമുണ്ടാകും. എസ്.കെ.എസ്.എസ്.എഫില്‍ തുടങ്ങിയ ആ ബന്ധങ്ങള്‍ ഞാനിപ്പോഴും നിലനിര്‍ത്തുന്നു. സംഘടന കൊണ്ട് എനിക്കു കിട്ടിയ ഒരു നേട്ടമായി ഞാനതിനെ കാണുന്നു. അന്ന് ഇന്നത്തെ പോലെ സാമ്പത്തിക ശേഷിയൊന്നുമുണ്ടായിരുന്നില്ല. സംഘടനയുടെ ആവശ്യങ്ങള്‍ക്ക് അന്ന് ഒരു വണ്ടിയാണുണ്ടായിരുന്നത്. പഴയ ഒരു ജീപ്പ് വില കൊടുത്തു വാങ്ങിയതായിരുന്നു അത്. വഴിയില്‍ വച്ച് ഇടക്കിടെ അത് ഓഫാകും. ഞങ്ങള്‍ തന്നെ ഇറങ്ങി തള്ളിയ നിരവധി അവസരങ്ങളുണ്ടായിട്ടുണ്ട്. പലപ്പോഴും വീട്ടില്‍ നിന്നു തന്നെ ദിവസങ്ങളോളം വിട്ടു നില്‍ക്കേണ്ടി വന്നിട്ടുണ്ട്. സംഘടനാ രംഗത്ത് ഏറെ പരിമിതികളുണ്ടായിരുന്നെങ്കിലും വലിയ ഹരമുള്ള കാലമായിരുന്നു അത്. വിവാഹം കഴിയാത്തതിനാല്‍ വീട്ടിലെ ഉത്തരവാദിത്തങ്ങളുമുണ്ടായിരുന്നില്ല.


89 ലെ പ്രശ്നങ്ങളുടെ കാലത്ത് പാണക്കാട് കുടുംബത്തിലെ അംഗമെന്ന നിലയില്‍ മറ്റു അനുഭവങ്ങള്‍ വല്ലതും?
എസ്.എസ്.എഫില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് മറു വിഭാഗത്തിലെ ചില പ്രവര്‍ത്തകര്‍ ശംസുല്‍ ഉലമ, കെ.കെ ഹസ്‌റത്ത് തുടങ്ങിയവര്‍ക്കെതിരെ ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍ ധാരാളം കേട്ടിട്ടുണ്ട്. സംഘടനയെ മുസ്ലിം ലീഗിനു മുമ്പില്‍ അടിയറവക്കുന്നു, സമസ്തയെ മുജാഹിദാക്കുന്നു എന്ന ആമുഖത്തോടെയാണ് അവര്‍ സംസാരം തുടങ്ങുക തന്നെ.


തങ്ങളുടെ നേതൃത്വത്തില്‍ എസ്.കെ.എസ്.എസ്.എഫ് നേടിയ നേട്ടങ്ങളെക്കുറിച്ചും ആദ്യകാല പദ്ധിതികളെക്കുറിച്ചും?
അന്ന് ഞങ്ങളുടെ പ്രഥമ ലക്ഷ്യം നല്ലൊരു ഓഫീസുണ്ടാക്കുക എന്നതായിരുന്നു.മറ്റു പരിപാടികള്‍ അതിന്റെ മുറക്ക് നടന്നിരുന്നെങ്കിലും സ്വന്തമായൊരു ഓഫീസിനുള്ള പ്രയത്നത്തിലായിരുന്നു ഞങ്ങള്‍. കോഴിക്കോട് ലിങ്ക് റോഡില്‍ ചെറിയൊരു വാടക കെട്ടിടത്തിലായിരുന്നു തുടക്കം. അതിനു പകരം 2001 ല്‍ ഒരു വലിയ സമുച്ചയം തന്നെ സംഘടന ആസ്ഥാനമായി നമുക്ക് തുറക്കാനായി. ആ കാലത്ത് അങ്ങനെയൊന്ന് കേരളത്തില്‍ മറ്റൊരു വിദ്യാര്‍ഥി സംഘടനക്കും ഇല്ലായിരുന്നു. ഓരോ വര്‍ഷവും പ്രവര്‍ത്തനങ്ങള്‍ക്കുള്ള രൂപരേഖ അവതരിപ്പിച്ചിരുന്നു. റമള്വാന്‍ കാമ്പയിന്‍, നബിദിന കാമ്പയിന്‍ തുടങ്ങിയ പരിപാടികള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും സംഘടന ചലനാത്മകമാവുകയും ചെയ്തു. ജീര്‍ണതക്കെതിരെ ജിഹാദ് എന്ന കാമ്പയിന്‍ പൊതു സമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. സമൂഹത്തില്‍ അരങ്ങേറുന്ന ജീര്‍ണതകള്‍ക്കെതിരെയും ആത്മീയ ചൂഷണങ്ങള്‍ക്കെതിരെയും അന്ന് നടത്തിയ കാമ്പയിന്‍ വിജയിപ്പിക്കുകയെന്നത് ഏറെ ആരോഗ്യകരമായിരുന്നു. പല കോണുകളില്‍ നിന്നും വലിയ എതിര്‍പ്പുകളാണ് അന്ന് സംഘടന നേരിട്ടത്. പക്ഷേ, ഞങ്ങള്‍ കാര്യപരിപാടികളുമായി മുന്നോട്ടു പോയി. അന്ന് അതിനെതിരെ പ്രസംഗിച്ചിരുന്ന പല സഹപ്രവര്‍ത്തകര്‍ക്കും വലിയ പ്രയാസങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ചികിത്സയുടെ മറവില്‍ നടന്നിരുന്ന ധാരാളം ചൂഷണങ്ങള്‍ നമ്മുടെ കാമ്പയിന്‍ മൂലം അവസാനിപ്പിച്ച അനുഭവങ്ങളുമുണ്ട്.
തീവ്രവാദത്തിനെതിരെ നടത്തിയ കാമ്പയിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അന്ന് എന്‍.ഡി.എഫ് രൂപപ്പെടുന്ന കാലമായിരുന്നു. ആദ്യം അവരുടെ പ്രവര്‍ത്തനങ്ങള്‍ രഹസ്യമായിരുന്നു. തുടക്ക കാലത്ത് അവര്‍ പാണക്കാട്ടും വന്നിരുന്നു. അവരില്‍ വക്കീലന്‍മാരും ഉദ്യോഗസ്ഥരുമെല്ലാമുണ്ടായിരുന്നു. സമുദായത്തിന്റെ പൊതുവായ അവസ്ഥകളെക്കുറിച്ചാണ് ആദ്യം പറഞ്ഞു തുടങ്ങുക. പിന്നീട്, ഇങ്ങനെ ആയാല്‍ മതിയോ എന്നാകും.മറ്റു സമുദായങ്ങളില്‍ പെട്ടവര്‍ ചെയ്തിരുന്ന കുലത്തൊഴിലിന് നമ്മുടെ സമുദായത്തിലും ആളുകള്‍ വേണം, ഉദാഹരണം, തേങ്ങ കയറ്റക്കാര്‍, പോലെയുള്ള ആശയങ്ങളാണ് അവര്‍ മുന്നോട്ടുവച്ചത്. ആദ്യം കേള്‍ക്കുമ്പോള്‍ ശരിയെന്ന് തോന്നിപ്പിക്കാനും അവര്‍ക്ക് കഴിവുണ്ടായിരുന്നു. തുടക്കത്തില്‍ ഇത്തരം കാര്യങ്ങളിലായിരുന്നു അവരുടെ ശ്രദ്ധ. പിന്നീടാണ് അവരുടെ തനിനിറം പുറത്താകുന്നത്. തീവ്രവാദത്തിന്റെ ഒളിയജണ്ടകള്‍ അതിനു പിന്നിലുണ്ടായിരുന്നു. പല സ്ഥലങ്ങളിലും ഇരുട്ടില്‍ യോഗം ചേര്‍ന്നിരുന്ന വിവരം നമ്മുടെ കുട്ടികള്‍ക്കു കിട്ടി. നമ്മുടെ കുട്ടികള്‍ അത് തിരിച്ചറിഞ്ഞ് നേതാക്കളുടെ ശ്രദ്ധയില്‍പെടുത്തി. അന്ന് ഞങ്ങള്‍ യോഗം ചേര്‍ന്ന് കാമ്പയിന്‍ പ്രഖ്യാപിച്ച് സമുദായ നേതൃത്വത്തെ കാര്യം ബോധ്യപ്പെടുത്തി. ശംസുല്‍ ഉലമാ ഇ.കെ ഉസ്താദടക്കമുള്ള സമസ്ത നേതാക്കളോടും അന്ന് അധികാരത്തിലുണ്ടായിരുന്ന മുസ്ലിം ലീഗ് നേതൃത്തോടും ഞങ്ങള്‍ കാര്യം ബോധ്യപ്പെടുത്തി. കൊരമ്പയില്‍ അഹമ്മദാജിയായിരുന്നു ലീഗ് ജനറല്‍ സെക്രട്ടറി. കോണ്‍ഗ്രസ് നേതാക്കളായ ആന്റണി, ഉമ്മന്‍ചാണ്ടി തുടങ്ങിയവരോടും ഇക്കാര്യം ഞങ്ങള്‍ ഉണര്‍ത്തി. അവരെല്ലാം അതിന്റെ ഭവിഷത്ത് തിരിച്ചറിഞ്ഞു. കൊരമ്പയില്‍ അഹമ്മദാജി ഇക്കാര്യത്തിലെടുത്ത നിലപാട് ഏറെ നിര്‍ണായകമായിരുന്നു. യു.ഡി.എഫ് നേതാക്കളെല്ലാം എസ്.കെ.എസ്.എസ്.എഫ് നടത്തിയ പരിപാടികളില്‍ സജീവമായി പങ്കെടുത്തു. ഇതിലൂടെ സമുദായത്തിനും സമൂഹത്തിനും മുന്നറിയിപ്പു നല്‍കാന്‍ നമുക്ക് സാധിച്ചു. അതിനു ശേഷമാണ് കൊരമ്പയില്‍ അഹമ്മദാജി കാര്യം യൂത്ത് ലീഗിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതും യൂത്ത് ലീഗ് തീവ്രവാദത്തിനെതിരെ കാമ്പയിന്‍ തുടങ്ങുന്നതും. പില്‍കാലത്ത് ഞാനും ഷാജിയും യൂത്ത് ലീഗില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന കാലത്ത് അതിനു തുടര്‍ച്ചയായി പല കാര്യങ്ങളും നടത്തി.


താങ്കളുടെ സംഘടനാ ജീവിതത്തിലെ നാഴകകല്ലായിരുന്നല്ലോ വാദീനൂര്‍ സമ്മേളനം. ആ സമ്മേളനത്തിന്റെ കാര്‍മികത്വം വഹിച്ച ആളെന്ന നിലയില്‍ ആ വലിയ ചരിത്രാധ്യായത്തെ എങ്ങനെ കാണുന്നു?
1999 ല്‍ എസ്.കെ.എസ്.എസ്.എഫിന്റെ ദശവാര്‍ഷികം കുറ്റിപ്പുറം നിളാനദിയിലാണ് നടന്നത്. വാദീനൂര്‍ എന്നാണ് നഗരിക്ക് പേരിട്ടത്. കേരളത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും എത്തിപ്പെടാന്‍ സൗകര്യമുള്ള ഒരു സ്ഥലമെന്ന നിലയിലാണ് കുറ്റിപ്പുറത്തെ തെരഞ്ഞെടുത്തത്. സംഘടനാ ചരിത്രത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവച്ച സമ്മേളനമായിരുന്നു അത്. വാദീനൂര്‍ സമ്മേളനത്തിനു ശേഷമാണ് നമ്മുടെ സമ്മേളനങ്ങള്‍ക്കെല്ലാം അടുക്കും ചിട്ടയും വന്നതെന്നു തോന്നാറുണ്ട്. അത്രയും ആസൂത്രിതമായിരുന്നു വാദീനൂര്‍ സമ്മേളനം.


സംഘടനാ പ്രവര്‍ത്തന കാലത്തെ രസകരമായ വല്ല അനുഭവങ്ങളും പറയാമോ?
നേരത്തെ വണ്ടി ഉന്തിയിരുന്ന കാര്യം ഞാന്‍ ഓര്‍ത്തല്ലോ. ജീവിതത്തില്‍ എന്നും ഓര്‍ത്തു ചിരിക്കാറുള്ള അനുഭവമാണത്. പിന്നെ കോഴിക്കോട് ഇസ്ലാമിക് സെന്ററിലുള്ള കൂടിയിരുത്തങ്ങള്‍ നല്ല അനുഭവമായിരുന്നു. അക്കാലത്ത് ഒരു വിദ്യാര്‍ഥി സംഘടനക്ക് അത്ര സൗകര്യമുള്ള ഒരു ഓഫീസ് എന്നത് വലിയ സംഭവം തന്നെയായിരുന്നു. അവിടെ രാത്രി ഏറെ വൈകിയും ഞങ്ങള്‍ പല കാര്യങ്ങള്‍ ചര്‍ച്ച ചെയ്തും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചും തമാശ പങ്കിട്ടും കഴിച്ചു കൂട്ടിയ നാളുകള്‍ വലിയ അനുഭവം തന്നെയാണ്. അഷ്റഫ് ഫൈസിയടക്കമുള്ള നേതാക്കളുടെ നര്‍മം കലര്‍ന്ന വാചാലതയും ഏറെ രസകരമായിരുന്നു. അതോടൊപ്പം തന്നെ പണ്ഡിതരായ സഹപ്രവര്‍ത്തകരുടെ നസ്വീഹത്തുകളും ഉണ്ടാവും. അവിസ്മരണീയമാണ് അവയെല്ലാം. ചില സ്ഥലങ്ങളിലേക്ക് പ്രവര്‍ത്തകര്‍ പരിപാടിക്ക് ക്ഷണിച്ചാല്‍ നമ്മള്‍ സമയത്തിന് അവിടെയെത്തും. പരിപാടിക്ക് ആളുകളെത്താത്ത അവസ്ഥ വരും. അപ്പോള്‍ സംഘാടകര്‍ നേതാക്കളെക്കൊണ്ട് പ്രയാസപ്പെടുന്ന സാഹചര്യം വരും. അങ്ങനെ പല രസകരമായ സാഹചര്യങ്ങളുമുണ്ടായിട്ടുണ്ട്.


തങ്ങളുടെ സംഘടനയിലേക്കുള്ള വരവിന്റെ കാലത്താണ് ശംസുല്‍ ഉലമ ഇ.കെ ഉസ്താദ്, കെ.കെ ഹസ്‌റത്ത്, കെ.ടി മാനു മുസ്ലിയാര്‍ തുടങ്ങിയവര്‍ സമസ്തയില്‍ നിറഞ്ഞു നില്‍ക്കുന്നത്. അവരുമായൊക്കെയുണ്ടായിരുന്ന വ്യക്തി ബന്ധങ്ങള്‍?

അന്ന് ഈ നേതാക്കള്‍ക്കെതിരെയായിരുന്നു എതിരാളികളുടെ പ്രധാന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നത്. എന്നാല്‍, ഈ ആരോപണങ്ങളെ പ്രതിരോധിക്കുന്ന നിര എസ്.കെ.എസ്.എസ്.എഫ് ആണെന്ന ബോധ്യം ഇ.കെ ഉസ്താദ്, മാനു മുസ്ലിയാര്‍ അടക്കമുള്ളവര്‍ക്കുണ്ടായിരുന്നു. അതിനാല്‍ നമ്മോട് അവര്‍ക്ക് വലിയ സ്നേഹവും മഹബ്ബത്തുമായിരുന്നു. ശംസുല്‍ ഉലമയെ എപ്പോഴും പോയി കാണാനുള്ള സാവകാശം എസ്.കെ.എസ്.എസ്.എഫിനുണ്ടായിരുന്നു. സാധാരണഗതിയില്‍ അദ്ദേഹത്തെ എപ്പോഴും പോയി കാണാന്‍ പൊതുവേ എല്ലാവര്‍ക്കും പേടിയായിരുന്നു. എസ്.കെ.എസ്.എസ്.എഫിന്റെ കാര്യം പറയുന്നത് അദ്ദേഹത്തിന് വലിയ ഇഷ്ടവുമായിരുന്നു. ഇസ്‌ലാമിക് സെന്റര്‍ രൂപീകരണത്തിന് ഞങ്ങള്‍ മുന്നിട്ടിറങ്ങുമ്പോള്‍ ഞങ്ങളുടെ കൈയ്യില്‍ മൂലധനമായി ഒന്നുമുണ്ടായിരുന്നില്ല. എന്നാല്‍, ഉസ്താദിനെ ഈ ഉദ്യമവുമായി ചെന്നു കണ്ടപ്പോള്‍ പ്രോല്‍സാഹിപ്പിക്കുകയും ധൈര്യമായി മുന്നോട്ടു പോകാന്‍ ഉപദേശിക്കുകയുമായിരുന്നു അദ്ദേഹം. വിളികേള്‍ക്കാന്‍ ഒരിടം എന്നായിരുന്നു അന്ന് ഞങ്ങള്‍ ഇസ്‌ലാമിക് സെന്ററിനു കൊടുത്ത മുദ്രാവാക്യം. അതെല്ലാം അദ്ദേഹം വളരെ താല്‍പര്യത്തോടെയാണ് കേട്ടത്. അന്ന് ഞങ്ങള്‍ ചെറുപ്പത്തിന്റെ ആവേശപ്പുറത്ത് ചില കാര്യങ്ങള്‍ തീരുമാനിച്ച് ഉസ്താദിനെ സമീപിക്കും. ഹമീദ് ഫൈസിയടക്കമുള്ളവര്‍ കൂടെയുണ്ടാകും. എന്നെക്കൊണ്ടാണ് കാര്യം പറയിപ്പിക്കുക. സ്വീകാര്യമല്ലെങ്കില്‍ അദ്ദേഹം എല്ലാം മൂളിക്കേട്ട് ഒഴിവാക്കും. പറ്റാത്ത കാര്യങ്ങള്‍ തുറന്നുപറയും. എന്നാലും, നിരുത്സാഹപ്പെടുത്തുന്ന സമീപനം ഉസ്താദ് സ്വീകരിക്കാറില്ലായിരുന്നു.
ഞാനൊരിക്കല്‍ കോഴിക്കോട് എം.എസ്.എസോ മറ്റോ സംഘടിപ്പിച്ച ഒരു പരിപാടിക്കു പോയി. പ്രസ്തുത പരിപാടിയില്‍ എല്ലാ വിഭാഗം സംഘടനകളുടെയും പ്രതിനിധികളുമുണ്ടായിരുന്നു. എസ്.കെ.എസ്.എസ്.എഫിന്റെ പ്രതിനിധിയെന്ന നിലയില്‍ കത്തു കിട്ടിയപ്പോള്‍, ഞങ്ങള്‍ ആലോചിച്ചു തന്നെയാണ് പരിപാടിക്ക് ഞാന്‍ പോയത്. ഇത് ഇ.കെ ഉസ്താദ് അറിഞ്ഞു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ എന്നെ കണ്ടപ്പോള്‍, തങ്ങള്‍ എന്തിനാണതിനു പോയത് എന്ന് അദ്ദേഹം സ്വതസിദ്ധമായ ശൈലിയില്‍ ചോദിച്ചു. അത്തരം പരിപാടികള്‍ക്കൊന്നും പോകരുത്. അവിടെ നമ്മുടെ ആശയക്കാരല്ല. അത് നമ്മുടെ സംഘടനാ നിലപാടിനോട് യോജിക്കുന്നതല്ല… എന്ന് ഗുണകാംക്ഷയോടെ ഉണര്‍ത്തി. അപ്പോള്‍ എനിക്കും അതിന്റെ ഗൗരവം ബോധ്യപ്പെട്ടു. നമ്മള്‍ അവിടെ പോകാതിരുന്നത് കൊണ്ട് നമുക്കൊരു നഷ്ടവും വരാന്‍ പോകുന്നില്ല. പോയത് കൊണ്ട് നമുക്ക് നേട്ടവും ഇല്ല. അവരെ തിരുത്താന്‍ നമുക്ക് ആവുകയുമില്ല. ഇതാണ് ശംസുല്‍ ഉലമ ബോധ്യപ്പെടുത്തിയത്. സ്വാഭാവികമായും ഇത് ഉസ്താദ് എങ്ങനെ അറിഞ്ഞു എന്ന് ഞാന്‍ ആലോചിച്ചു. എന്നാല്‍, അതു പോലും ഏറെ സൂക്ഷമമായി ശ്രദ്ധിച്ചിരുന്നു നമ്മുടെ ഉസ്താദുമാര്‍. നമ്മള്‍ എവിടെ പോകുന്നു, എന്തെല്ലാം ചെയ്യുന്നു എന്നെല്ലാം അന്നത്തെ മുതില്‍ നേതാക്കള്‍ സൂക്ഷമ ദൃഷ്ടിയോടെ നോക്കികണ്ടിരുന്നു. ഇന്ന് നമുക്ക് അത്തരം കാര്യങ്ങള്‍ ആലോചിക്കാന്‍ പോലും സാധിക്കുന്നില്ല. ഇന്നിപ്പോള്‍ അത്തരം കാര്യങ്ങള്‍ ആരാണ് ശ്രദ്ധിക്കുക. ഇ.കെ ഉസ്താദിനെ പോലുള്ളവരുടെ ഉത്തരവാദിത്ത ബോധമാണ് അത് സൂചിപ്പിക്കുന്നത്. അതിനു ശേഷം വളരെ ശ്രദ്ധിച്ച ശേഷമേ പരിപാടികളില്‍ പങ്കെടുത്തിരുന്നുള്ളൂ.


പാണക്കാട് കുടുംബത്തിലെ ഏറ്റവും മികച്ച പ്രഭാഷണ സിദ്ധിയും തൂലികാ സിദ്ധിയും താങ്കള്‍ക്കാണെന്നു തോന്നിയിട്ടുണ്ട്. അതിനു പിന്നിലെ പ്രചോദനം എന്തായിരുന്നു?
ആ സിദ്ധി എവിടെ നിന്നാണ് എന്റെ കൂടെക്കൂടിയതെന്ന് ഞാന്‍ തന്നെ ആലോചിക്കാറുണ്ട്. സമസ്തയുടെ ക്രസന്റ് ബോര്‍ഡിംഗ് മദ്രസിയില്‍ പഠിക്കുന്ന കാലത്ത് ഒഴിവ് ദിവസങ്ങളില്‍ മാനേജറായിരുന്ന പി.കെ മുഹമ്മദ് ഹാജി ചേളാരിയില്‍ വരുന്ന നേതാക്കളേയും പ്രഭാഷകരേയും കൊണ്ടുവന്ന് ഞങ്ങള്‍ കുട്ടികള്‍ക്ക് ക്ലാസെടുപ്പിക്കും. സൈദ് മുഹമ്മദ് നിസാമി, ബഹാഉദ്ദീന്‍ നദ്വി തുടങ്ങിയവര്‍ സ്ഥിരം ക്ലാസെടുക്കാന്‍ വന്നിരുന്നു. ഇവരുടെ ക്ലാസുകള്‍ നല്ലൊരു സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു. പിന്നെ വായിക്കുമ്പോള്‍ അതൊരു ആശയമായി രൂപപ്പെടുത്താമല്ലോ. എന്റെ അമ്മാവന്‍ നല്ലൊരു എഴുത്തുകാരനായിരുന്നു. കോഴിക്കോടായിരുന്ന അദ്ദേഹം കെ.ടി മുഹമ്മദടക്കമുള്ളവരുമായി നല്ല വ്യക്തിബന്ധം പുലര്‍ത്തിയ ആളായിരുന്നു. ആ ജനിതക ഗുണങ്ങളും ഉണ്ടാവാം.


എസ്.കെ.എസ്.എസ്.എഫിലൂടെ താങ്കള്‍ രൂപപ്പെടുത്തിയ സംഘാടനപാടവം പിന്നീട് യൂത്ത് ലീഗിലും മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയിലും എങ്ങനെ ഉപകാരപ്പെട്ടു. പില്‍കാലത്ത് അതെത്രമാത്രം താങ്കളുടെ ജീവിതത്തെ സ്വാധീനിച്ചു?
അത് ഗുണകരമായ സ്വാധീനം തന്നെയാണ് പൊതു ജീവിതത്തില്‍ നല്‍കിയത്. എസ്.കെ.എസ്.എസ്.എഫിലൂടെയാണ് എനിക്ക് വ്യക്തിബന്ധങ്ങള്‍ രൂപപ്പെടുന്നതും വികസിക്കുന്നതും. ഇത് യൂത്ത് ലീഗിന്റെ അമരത്തെത്തിയപ്പോള്‍ വളരെ പ്രയോജനപ്പെട്ടു. ലീഗിന്റെ കാര്യത്തിലും അങ്ങനെ തന്നെ. ലീഗിന്റെ ചര്‍ച്ചാവേദികളിലൊക്കെയും പരിചിതമായ മുഖങ്ങളെയാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. അപരിചിതത്വം എവിടേയും തോന്നാറില്ല. ലീഗിന്റെ യോഗങ്ങളിലാണെങ്കില്‍ കുറേ പ്രായം ചെന്നവരുണ്ടാകും. എന്നാല്‍, എന്റെ ചെറുപ്പത്തില്‍ അവരുമായൊക്കെ ഞാന്‍ ബന്ധപ്പെട്ടിട്ടുണ്ടാകും. അത് മുസ്ലിം ലീഗിലായപ്പോള്‍ വളരെ ഉപകാരപ്പെട്ടിട്ടുണ്ട്. മസ്ലഹത്തിന് എപ്പോഴും എളുപ്പം പരിചിത മുഖങ്ങളാകുമ്പോഴാണല്ലോ. യൂത്ത് ലീഗിലും വരുന്നത് നമ്മുടെ സഹപ്രവര്‍ത്തകര്‍ തന്നെയാണല്ലോ. എസ്.കെ.എസ്.എസ്.എഫിന്റെ പല ആശയങ്ങളും യൂത്ത് ലീഗിന്റെ ആശയങ്ങള്‍ തന്നെയാണല്ലോ. പ്രത്യേകിച്ച് തീവ്രവാദ വിരുദ്ധ നയങ്ങളടക്കം. തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം എസ്.കെ.എസ്.എസ്.എഫില്‍ തുടങ്ങി യൂത്ത് ലീഗിലൂടെ മുന്നോട്ടു കൊണ്ടു പോവുകയായിരുന്നു ഞാന്‍.


സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരുടെ വേര്‍
പാടുകള്‍ തങ്ങളുടെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍, ഉത്തരവാദിത്ത ബോധം തുടങ്ങിയ കാര്യങ്ങള്‍?

പിതാവ് പൂക്കോയ തങ്ങള്‍ വഫാത്താകുമ്പോള്‍ ഞാന്‍ ചെറിയ കുട്ടിയായിരുന്നു. ഉമറലി ശിഹാബ് തങ്ങള്‍ വളരെ സജീവമായി നിന്നിരുന്ന സമയത്താണ് വിടപറയുന്നത്. സമസ്തയേയും മുസ്ലിം ലീഗിനേയും കൂട്ടി യോചിപ്പിക്കുന്നതില്‍ വലിയൊരു കണ്ണിയായിരുന്നു അദ്ദേഹം. സമസ്തയും മുസ്ലി ലീഗും രണ്ടും രണ്ടും സംവിധാനമാണല്ലോ. രണ്ടിലും പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. അത്തരം വിഷയങ്ങളില്‍ ഉമറലി ശിഹാബ് തങ്ങള്‍ കൃത്യമായി ഇടപെട്ടിരുന്നു. മുഹമ്മദലി ശിഹാബ് തങ്ങളുടെ അടുക്കല്‍ ഇത്തരം വിഷയങ്ങളെത്തിയാല്‍ അദ്ദേഹം അത് ഉമറലി തങ്ങളിലേക്ക് മാറ്റും. അദ്ദേഹം ലീഗ് നേതാക്കളേയും സമസ്ത നേതാക്കളേയും വിളിച്ച് കൂട്ടിയിരുത്തും. രണ്ടു കൂട്ടരേയും ചോദ്യം ചെയ്യും. അവസാനം അദ്ദേഹം ഒരു തീര്‍പ്പിലെത്തും. രണ്ടു കൂട്ടരും അത് സമ്മതിക്കും. ആ സമയത്താണ് അദ്ദേഹം മരണപ്പെടുന്നത്. അദ്ദേഹത്തെ പോലൊരാള്‍ ഏറ്റവും ആവശ്യമായ സമയത്താണ് മരണപ്പെടുന്നത്. ഞങ്ങളുടെ കുടുംബ ജീവിതത്തിലും സംഘടനാ രംഗത്തും വലിയ നഷ്ടമാണ് അതുണ്ടാക്കിയത്. ആ ബലഹീനത ഇപ്പോഴും നിലനില്‍ക്കുന്നു. മുഹമ്മദലി ശിഹാബ് തങ്ങളുടെ വേര്‍പ്പാട് സമൂഹം മൊത്തത്തില്‍ അനുഭവിച്ച നഷ്ടമായിരുന്നു.അദ്ദേഹത്തിന്റെ വഫാത്തിനു ശേഷമാണ് എനിക്ക് ഉത്തരവാദിത്തം കൂടിവന്നത്. ഹൈദരലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായപ്പോള്‍ ഞാന്‍ ജില്ലാ പ്രസിഡന്റായി. എന്നിരുന്നാലും, ജനങ്ങള്‍ നമ്മില്‍ അര്‍പ്പിക്കുന്ന വിശ്വാസമാണ് നമ്മുടെ കരുത്ത്. അതാണ് നമ്മെ മുന്നോട്ടു കൊണ്ടുപോകുന്നത്. അല്ലാഹുവിന്റെ സഹായത്താല്‍ അതിനനുസരിച്ചുള്ള തീരുമാനങ്ങളെടുക്കാന്‍ സാധിക്കുന്നു എന്നു തന്നെയാണ് വിശ്വാസം. സമൂഹം നമ്മെ മതേതരത്വത്തിന്റെ വക്താക്കളായി കാണുന്നതു കൊണ്ട് എവിടെ പോയാലും നാം അംഗീകരിക്കപ്പെടുന്നു എന്നതാണ് വലിയ ആശ്വാസം.


തങ്ങള്‍ എസ്.കെ.എസ്.എസ്.എഫ് വിട്ടതിനു ശേഷം യൂത്ത് ലീഗില്‍ വന്നു. ഇപ്പോള്‍ എസ്.വൈ.എസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റാണ്. പക്ഷേ, അതിനിടയിലെ ചെറിയൊരു ഗ്യാപ്പ്, നേരത്തെ സൂചിപ്പിച്ചതു പോലെ ഇത്തരമൊരു ഗ്യാപ്പുണ്ടാകുന്നത് പലപ്പോഴും സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള ഗ്യാപ്പുണ്ടാകുന്നതിനു കാരണമാകുന്നുണ്ടോ?
എനിക്കുമത് തോന്നിയിട്ടുണ്ട്. അത്തരമൊരു ഗ്യാപ്പ് എങ്ങനെ ഉണ്ടായി എന്ന് ഞാന്‍ തന്നെ ചിന്തിക്കാറുണ്ട്. കാരണം, എപ്പോഴും ഓടിനടക്കുന്ന പ്രകൃതമാണെനിക്കുള്ളത്. ആ നിലക്ക് ലീഗില്‍ വന്ന ശേഷവും സമസ്തയുടെ പരിപാടികള്‍ക്കെല്ലാം പോവാറുണ്ട്. പക്ഷേ, സംഘടനാ തലത്തില്‍, എസ്.കെ.എസ്.എസ്.എഫ് വിട്ട ശേഷം വലിയ ഭാരവാഹിത്വത്തിലൊന്നും ഞാന്‍ വന്നില്ല. അത് മന:പ്പൂര്‍വമല്ല. ഞാന്‍ അതിനു ശ്രമിച്ചിട്ടുമില്ല. അത് ഇരു സംവിധാനങ്ങള്‍ക്കുമിടയിലെ ആശയവിനിമയത്തെ ബാധിച്ചിട്ടുണ്ടെന്ന് എനിക്കിപ്പോള്‍ തോന്നുന്നു. സംഘടനാ തലത്തില്‍ പദവി ഒരു ഘടകമാണ്. പദവിയില്‍ വന്നാലേ മീറ്റിംഗുകളില്‍ ഇടപെടാന്‍ സാധിക്കുകയുള്ളൂ. പരസ്പരം അടുത്തറിയാനും കാര്യങ്ങള്‍ പങ്കുവക്കാനും മീറ്റിംഗുകള്‍ ഒരു ഘടകമാണ്. അതിന്റെ അഭാവത്തില്‍ പ്രശ്നങ്ങളെന്താണെന്ന് പഠിക്കാന്‍ നമുക്ക് സാധിക്കുകയില്ല. യാഥാര്‍ഥ്യം അതാണ്. ഇടക്കാലത്ത് അത് സംഭവിച്ചു.


പുതിയ കാലത്ത് സാമൂഹ്യമാധ്യമങ്ങളുടെ സ്വാധീനത്താല്‍ എന്തിന്റെയും സ്വകാര്യത നഷ്ടപ്പെടുന്ന ഒരു പ്രവണതയുണ്ട്. ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ പലപ്പോഴും വലുതാകുന്നത് സാമൂഹ്യമാധ്യമങ്ങളിലൂടെയാണ്. അത് എല്ലാവരേയും ബാധിക്കുന്നു. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ലീഗിനും സമസ്തക്കും ഇടയില്‍ നില്‍ക്കുന്ന പാണക്കാട് കുടുംബത്തെ തന്നെയാണ്. ഇതിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന വലിയൊരു ചോദ്യം സമൂഹത്തിലുണ്ട് ?
സോഷ്യല്‍ മീഡിയ സത്യത്തില്‍ നല്ലൊരു നെറ്റ്വര്‍ക്കാണ്. നല്ലതിനു വേണ്ടിയാണെങ്കില്‍ മാത്രം. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അത് വിപരീതമായ ഒരു നെഗറ്റീവ് സെന്‍സിലൂടെയാണ് കടന്നു പോകുന്നത്. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ അത്രയങ്ങ് വ്യാപൃതനല്ല. അതുകൊണ്ടു തന്നെ, പലരും പറയുമ്പോഴാണ് വിഷയങ്ങള്‍ അറിയാറുള്ളത്. ഇത്തരം അകല്‍ച്ച വരുമ്പോള്‍, നമ്മുടെ സമുദായത്തിന്റെ ഒരു വീക്ക്നസ്സെന്നു പറയുന്നത്, എന്തെങ്കിലുമൊരു കാര്യം വരുമ്പോള്‍ അതിനെ വൈകാരികമായി സമീപിക്കുന്ന ഒരു രീതിയുണ്ട്. അത് ലീഗായാലും സുന്നിയായാലും ശരി. നമ്മുടെ സമുദായം പലപ്പോഴും വൈകാരികതയുടെ പിന്നാലെ പായുകയാണ്. ചില സമുദായങ്ങള്‍ അവരുടെ അവകാശങ്ങള്‍ വളരെ നിശബ്ധമായി നേടിയെടുക്കുന്നു. നമ്മളാണെങ്കില്‍ എന്തെങ്കിലും ഉണ്ടായാല്‍ അത് പുരപ്പുറത്ത് കയറിപ്പറഞ്ഞ് ഉള്ളതുകൂടി നഷ്ടപ്പെടുത്തുന്ന ഒരു അവസ്ഥയുണ്ട്. അത് സംവരണത്തിന്റെ കാര്യത്തിലടക്കം കണ്ടു. മറ്റു സമുദായങ്ങള്‍ പലതും നേടിയെടുക്കുന്നു. നമ്മളത് അറിഞ്ഞിട്ടു പോലുമുണ്ടാകില്ല. അതിന് വേദിയാകുന്നത് സോഷ്യല്‍ മീഡിയയാണ്. അതിന് നിയന്ത്രണം സംഘടനാ തലത്തില്‍ തന്നെ നിര്‍ദേശിക്കാറുണ്ട്. പക്ഷേ, അത് നടപ്പാകാറില്ല. സമസ്ത തന്നെ അത്തരം കാര്യങ്ങള്‍ക്ക് യോഗം വിളിച്ചിരുന്നല്ലോ. നമ്മുടെ സമന്വയ സ്ഥാപനങ്ങളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ ഒരു ഭാഗത്ത്, സംഘടനയുടെ താഴെ കിടയിലുള്ള കുട്ടികള്‍ മറ്റൊരു ഭാഗത്ത്. രാഷ്ട്രീയത്തിലും ഉണ്ട് ഇങ്ങനെ. സോഷ്യല്‍ മീഡിയയില്‍ വന്നു നിസ്സാരമായ കാര്യങ്ങള്‍ക്കു വേണ്ടി ചേരിതിരിയുന്നത് നമ്മുടെ ഊര്‍ജം പാഴാക്കികളയലാണ്. ഒരു കാര്യം പറഞ്ഞു തീര്‍ത്താല്‍ കുറച്ചു ദിവസം അല്‍പം സമാധാനമുണ്ടാകും. പിന്നീട് അത് വീണ്ടും പൊട്ടും. ആ സ്ഥിതിയാണിപ്പോള്‍. സോഷ്യല്‍ മീഡിയാ അവബോധത്തിന് പാര്‍ട്ടിയും സംഘടനയും കൃത്യമായ മാര്‍ഗരേഖയുണ്ടാക്കണം. സോഷ്യല്‍മീഡിയയിലെ സാക്ഷരതക്കുറവാണ് ഈ ഏറ്റുമുട്ടലുകളുടെയെല്ലാം കാരണം. അതിന് നമ്മുടെ സ്ഥാപനങ്ങളും സംവിധാനങ്ങളും അടിയന്തിര പരിഹാരം കണ്ടേ പറ്റൂ.


ഹാഗിയ സോഫിയയുമായി ബന്ധപ്പെട്ട് ചന്ദ്രിക ദിനപത്രത്തില്‍ തങ്ങളുടേതായ പേരില്‍ വന്ന ഒരു ലേഖനം കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായി. അതിനെ ഇപ്പോള്‍ എങ്ങനെ കാണുന്നു ?
സത്യത്തില്‍ ആ ലേഖനം ക്രിസ്തീയ സമുദായത്തെ കുറ്റപ്പെടുത്തി കൊണ്ട് എഴുതിയതല്ല. അവിടത്തെ ഒരു ചരിത്രം പറഞ്ഞെന്നേയുള്ളൂ. ഹാഗിയ സോഫിയ തന്നെ പലപ്പോഴും ചര്‍ച്ചും പള്ളിയുമൊക്കെയായിട്ടുണ്ട്. അത്താതുര്‍ക്ക് അതിനെ മ്യൂസിയമാക്കി മാറ്റി. ആ നടപടി റദ്ദുചെയ്ത് മ്യൂസിയത്തെ പളളിയാക്കാന്‍ അവിടെത്തെ കോടതിയാണ് പറഞ്ഞത്. അക്കാര്യം ലേഖനത്തില്‍ എടുത്തു പറയുക മാത്രമാണ് ചെയ്തത്. പക്ഷേ, ഇതിനു പിന്നിലെ പ്രാദേശിക രാഷ്ട്രീയത്തെ മനസ്സിലാക്കാന്‍ സാധിച്ചില്ല എന്നതാണ് വാസ്തവം. ഇടതുപക്ഷക്കാരായ ചില സൈബര്‍ വക്താക്കളാണ് ഇതിനെ വഷളാക്കിയത്. അങ്ങനെയാണ് ക്രിസ്ത്യാനികള്‍ പലരും തെറ്റിദ്ധരിച്ചത്. ക്രിസ്ത്യന്‍ വിഭാഗത്തോട് നമ്മള്‍ എതിരല്ല. അവരുടെ വേദനയില്‍ ഞാന്‍ ക്ഷമചോദിച്ചിരുന്നു.


സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷം നടത്തിയ ഇടപെടലുകളുടെ ഗുണഫലമാണ് തുടര്‍ഭരണമടക്കം നേടിക്കൊടുത്തത്. എന്നാല്‍, തങ്ങള്‍ നേതൃത്വം നല്‍കുന്ന മുസ്ലിം ലീഗിനും യു.ഡി.എഫിനും ആ സ്വാധീനത്തെ മുന്‍കൂട്ടിക്കാണാന്‍ സാധിച്ചില്ല എന്നത് ഒരു പരാജയം തന്നെയല്ലേ ?
അത് ആത്മവിമര്‍ശനാത്മകമായ കാര്യം തന്നെയാണ്. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് തോല്‍വിക്കു ശേഷം നടന്ന വിലയിരുത്തലുകളിലെല്ലാം ഉയര്‍ന്നുവന്ന കാര്യം ഇതാണ്. സര്‍ക്കാര്‍ സംവിധാനം വച്ചു തന്നെയാണ് ഇടതുപക്ഷം പി.ആര്‍ വര്‍ക്കുകള്‍ ചെയ്തത്. മുസ്‌ലിം ലീഗ് പാര്‍ട്ടിക്കത് സാധിച്ചില്ല എന്നു തന്നെയാണ് വിലയിരുത്തല്‍. എന്നാല്‍, വ്യക്തികള്‍ ഈ രംഗത്ത് ചില ഇടപെടലുകള്‍ നടത്തിയത് നിഷേധിക്കാനും സാധിക്കില്ല. അടുത്ത ലീഗിന്റെ യോഗത്തില്‍ ഒരു അജണ്ട അതു തന്നെയാണ്. ലീഗ് അത് തിരിച്ചറിയാന്‍ വൈകി എന്നതാണ് വാസ്തവം.


തെരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടിയില്‍പെട്ട പ്രമുഖര്‍ തന്നെ പൊതുമാധ്യമങ്ങളില്‍ വന്ന് അഭിപ്രായം പറയുന്ന അവസ്ഥയുണ്ടായി. പലപ്പോഴും പാര്‍ട്ടിക്കുള്ളില്‍ പറയാന്‍ സാധിക്കാതെ വരുമ്പോഴല്ലേ ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ വരുന്നത് ?
അതൊരു തെറ്റിദ്ധാരണയാണ്. പാര്‍ട്ടിക്കുള്ളില്‍ പറയാന്‍ കഴിയില്ല എന്ന ഒന്നില്ല. ലീഗില്‍ ആര്‍ക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ലീഗ് അതിനെ സ്വാഗതം ചെയ്യുന്ന പാര്‍ട്ടിയാണ്. നിലവിലെ കോവിഡിന്റെ സാഹചര്യത്തില്‍ ഫിസിക്കലായുള്ള യോഗങ്ങള്‍ കൂടാന്‍ സാധിച്ചിട്ടില്ല. ഞാന്‍ നേരത്തെ സൂചിപ്പിച്ചതു പോലെ, നാം എല്ലാ കാര്യത്തെയും വൈകാരികമായി കാണുന്ന ഒരു പ്രശ്നമുണ്ട്. ഏതെങ്കിലും ഒരാളുടെ കാരണം കൊണ്ടാണ് തോറ്റത് എന്നൊക്കെ പറയുന്നത് തീര്‍ത്തും അപക്വമായ വാദമാണ്. ഇതിനെ ഏറ്റെടുക്കുന്നവരാണ് ഇത്തരം പ്രശ്നങ്ങള്‍ കുത്തിപ്പൊക്കുന്നത്.


പാര്‍ട്ടിയുടെ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എം.എല്‍.എ സ്ഥാനം രാജിവച്ച് എം.പി ആകുന്നു. എം.പി സ്ഥാനം രാജിവച്ച് എം.എല്‍.എ ആകുന്നു. ഇത്തരം സാഹചര്യമുണ്ടാകുമ്പോള്‍, അത് പാര്‍ട്ടി അണികള്‍ക്കപ്പുറത്ത് കേരളത്തിലെ പൊതുമണ്ഡലത്തില്‍ തെറ്റായ സന്ദേശം കൊടുക്കുകയും പാര്‍ട്ടിക്കു കിട്ടേണ്ട പാര്‍ട്ടിക്കാരല്ലാത്തവരുടെ വോട്ടുകളെ അത് ബാധിക്കുകയും ചെയ്തു. ഈ വിലയിരുത്താന്‍ ശരിയല്ലേ?
മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ ഒരു വര്‍ഗീയ അജണ്ട ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തില്‍ ചെന്നിത്തല മാത്രം പോര, ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും വേണമെന്നത് യു.ഡു.എഫിന്റെ ഒരു പൊതു നയമായിരുന്നു. അതാണ് ലീഗ് നടപ്പാക്കിയത്. പക്ഷേ, ഇതിനെ ഹസന്‍-അമീര്‍-കുഞ്ഞാലിക്കുട്ടി എന്ന വര്‍ഗീയ സമവാക്യത്തില്‍ കണ്ടത് ഇടതുപക്ഷമായിരുന്നു. ഇതിനെ പലരും ഏറ്റെടുത്തു.


തിരുവമ്പാടി പോലെയുള്ള ക്രിസ്ത്യന്‍ മേഖലകളില്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചത് തങ്ങളുടെ ആ ലേഖനമായിരുന്നുവെന്ന വലിയിരുത്തലിനെ എങ്ങനെ കാണുന്നു ?
ഇടതുപക്ഷത്തിന്റെ സംവരണ നിലപാടായിരുന്നു ക്രിസ്തീയ സമുദായത്തെ സ്വാധീച്ചതെന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍. അവര്‍ക്കിടയിലെ ഇടതുപക്ഷ അനുഭാവികള്‍ ലേഖനത്തെ ഉപയോഗിച്ചിട്ടുണ്ടാകാം.


മുസ്ലിം ലീഗില്‍ ഒരു ബൗദ്ധിക നിരയുടെയും തിങ്ങ് ടാങ്കിന്റെയും അഭാവം നിഴലിക്കുന്നു?
ഞങ്ങള്‍ പാര്‍ട്ടിയില്‍ അക്കാര്യം ഗൗരവത്തോടെ ചര്‍ച്ചവക്കാനിരിക്കുകയാണ്. പോളിസി നിര്‍മാണത്തിന് ഒരു തിങ്ങ് ടാങ്ക് അനിവാര്യമാണ്. രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ കുറവ് ഇപ്പോള്‍ മുസ്‌ലിം ലീഗില്‍ ഉണ്ട്. മുമ്പ് അതുണ്ടായിരുന്നില്ല. ബൈത്തുറഹ്മ ഉണ്ടാക്കുന്നത് പോലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍, രാഷ്ട്രീയ വിദ്യാഭ്യാസത്തില്‍ പിന്നിലായി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വേണ്ടെന്നല്ല. മുഖ്യ ശ്രദ്ധ രാഷ്ട്രീയം തന്നെയാവണം. പാര്‍ട്ടി ഇനിയത് ഗൗരവത്തോടെ കാണും.

പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍/ അന്‍വര്‍ സ്വാദിഖ്‌