സ്ത്രീ പാണ്ഡിത്യത്തിന്റെ ആഫ്രിക്കന്‍ വേരുകള്‍

869

ഇസ്ലാമിക ലോകത്ത് സാമൂഹികവും സാംസ്‌കാരികവുമായി ഉന്നതി കൈവരിച്ച സമൂഹങ്ങളുടെ അതിവിശാലമായ ചരിത്രമുണ്ട്. മതപഠനത്തിന്റെ വൈവിധ്യങ്ങളായ ശാഖകളില്‍ നിന്നു തുടങ്ങി വിവിധ ശാസ്ത്ര മേഖലകളില്‍ വരെ അത് വ്യാപിച്ചുകിടക്കുന്നു. ആദികാലങ്ങളിലെ ഇസ്ലാമിക വിദ്യാഭ്യാസ ഘടനയില്‍ നിന്നും കാതലായ വ്യത്യാസങ്ങള്‍ ഇന്നുണ്ടായിട്ടുണ്ട്. കാലവും ദേശവും മാറുന്നതിനനുസരിച്ച് മനുഷ്യ വികാസത്തിന്റെ ഘടനയും വലിയ മാറ്റങ്ങള്‍ക്ക് വിധേയമാവുന്നു. മത സാംസ്‌കാരിക മേഖലകളില്‍ ഓരോ നാടും കൈവരിച്ച നേട്ടവും കോട്ടവും പലവിധേന പഠനങ്ങള്‍ക്ക് വിധേയമാവാറുണ്ട്. ആഫ്രിക്കയിലെ മുസ്ലിം നാഗരികതയുടെ ചരിത്രമെടുത്താല്‍, സ്ത്രീ പണ്ഡിതകളുടെ സാന്നിധ്യം തികച്ചും അവഗണിക്കപ്പെട്ടതായി കാണാം. വളരെ കുറഞ്ഞ വിവരങ്ങള്‍ മാത്രമാണ് അവയെ കുറിച്ചുള്ളത്. എന്നിരുന്നാലും, പതിനെട്ട്-പത്തൊന്‍പത് നൂറ്റാണ്ടുകളിലെ സൂഫീ നവീകരണ പ്രസ്ഥാനങ്ങളുടെ വിശകലനങ്ങള്‍ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വ്യാപനത്തിലും പുരുഷ മതാധികാരത്തിന്റെ ഏകീകരണത്തിലും സ്ത്രീകള്‍ സുപ്രധാന പങ്ക് വഹിച്ചു എന്ന് അടയാളപ്പെടുത്തുന്നുണ്ട്. തുച്ഛമായ സ്രോതസ്സുകളില്‍ നിന്നും ലഭ്യമായ വിവരങ്ങളാണ് വൈജ്ഞാനിക മേഖലയിലെ പെണ്ണിടങ്ങളെ കുറിച്ചുള്ള ഗവേഷണങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നത്. അവ ജീവചരിത്രങ്ങളും സൂഫി പണ്ഡിതരുടെ ആത്മീയ യാത്രാവിവരണങ്ങളുമൊക്കെയായി പരന്നു കിടക്കുന്നു. അവയില്‍ മിക്കതും മകന്റെയോ പിതാവിന്റെയോ സഹോദരന്റെയോ അല്ലെങ്കില്‍ ഭര്‍ത്താവിന്റെയോ കൂടെ ഏച്ചുകെട്ടിയ ഒരിടം മാത്രമാണ് അവള്‍ക്കുള്ളത്. കേവലം അവരുടെ മക്കളോ ഭാര്യയോ ഉമ്മയോ ആയി മാത്രം അവര്‍ അവതരിപ്പിക്കപ്പെട്ടു.
പലപ്പോഴും മതരംഗങ്ങളിലെ പെണ്ണിടപെടലുകള്‍ മറച്ചുവെച്ചും രേഖകളില്‍ അടയാളപ്പെടുത്താതെയും കടന്നുപോയി. ആഫ്രിക്കന്‍ മേഖലകളിലെ പള്ളികളിലും സൂഫീ കേന്ദ്രങ്ങളിലും ശക്തമായ സ്വാധീനമുള്ള പെണ്‍പണ്ഡിതകള്‍ ഉണ്ടായിരുന്നു. വൈജ്ഞാനിക മേഖലകളില്‍ അവര്‍ നേടിയെടുത്ത തികഞ്ഞ അവഗാഹത്തിന്റെ അടിസ്ഥാനത്തില്‍, മതാധികാരത്തിന്റെ ഉന്നതമായ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഒട്ടനവധി സ്ത്രീകള്‍ ഉണ്ടായിരുന്നെങ്കിലും മുസ്ലിം പണ്ഡിതര്‍ക്കു പിന്നില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കണമെന്ന പരിമിതിക്കുള്ളിലായിരുന്നു അവര്‍. ഈയടുത്തകാലത്ത് നടന്ന പുതിയ ഗവേഷണങ്ങളാണ് ഇത്തരം പിന്നണി പ്രവര്‍ത്തനങ്ങളെ പഠനത്തിനു വിധേയമാക്കിയത്. നിലവില്‍ സാഹിത്യകൃതികളിലൂടെ ഹഗിയോഗ്രഫികളായും യാത്ര കുറിപ്പുകളായും കാവ്യങ്ങളായും പെണ്‍പണ്ഡിതകളെ അടയാളപ്പെടുത്തിയതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ആഫ്രിക്കന്‍ മുസ്ലിം നാടുകളിലെ പുരാതന പട്ടണങ്ങളില്‍ സൂഫീ സാവിയകളും പള്ളികളും ഇന്നും ശേഷിക്കുന്നുണ്ട്. അക്കാലത്തെ പെണ്‍ പണ്ഡിതകളുടെ പേരില്‍ മാത്രം നിര്‍മിക്കപ്പെട്ട, അവര്‍ മുന്‍കൈയ്യെടുത്ത വൈജ്ഞാനിക സ്ഥാപനങ്ങളുടെ തെളിവുകള്‍ അവയില്‍ നിന്ന് കണ്ടെടുക്കനാവും. അള്‍ജീരിയയിലെ പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ‘ലാല സിതി’ മന്ദിരം അതിന് ഉദാഹരണമാണ്. ഉത്തര ആഫ്രിക്കയിലെ പുരാതന മുസ്ലിം സാംസ്‌കാരിക നഗരമായ എത്യോപ്യയിലെ ‘ഹറാര്‍’പട്ടണവും തലയെടുപ്പുള്ള പെണ്‍പണ്ഡിതകളെ കുറിച്ച് പറയുന്നുണ്ട്. കൂടാതെ, സ്ത്രീകള്‍ തന്നെ രചിച്ച് സ്വകാര്യമായി സൂക്ഷിച്ചുവെച്ച അപൂര്‍വമായ പല രേഖകളും ഗവേഷണങ്ങളില്‍ തെളിവുകളായുണ്ട്. പക്ഷേ, അതിന്റെ സിംഹഭാഗവും കൃത്യമായ വിവരങ്ങളോ സൂചനകളോ നല്‍കുന്നതില്‍ വിജയിച്ചിട്ടില്ല. പലതിലും എഴുത്തുകാരുടെ പേരുവിവരങ്ങള്‍ ഇല്ലാത്തതുമാണ്. ഒരുപക്ഷേ, സ്വകാര്യമായ ആവശ്യങ്ങള്‍ക്കു വേണ്ടി എഴുതപ്പെട്ട കാലാതിവര്‍ത്തിയായി നിലനില്‍ക്കേണ്ടതില്ലാത്ത രേഖകള്‍ ആയിരിക്കാം അത്. തല്‍ഫലമായി, പെണ്‍ പണ്ഡിതകളുടെ രചനാ വൈഭവത്തെ പരിശോധിക്കുമ്പോള്‍ പലയിടത്തും ആധികാരികമായ സ്രോതസ്സുകളുടെ അഭാവം മൂലം അന്വേഷണങ്ങള്‍ അപൂര്‍ണമായി തന്നെ അവശേഷിക്കുന്നു.


മൗറിത്താനിയയിലെ പെണ്‍മുഖങ്ങള്‍
പ്രാദേശിക മേഖലകളിലെ വൈജ്ഞാനിക മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പണ്ഡിതകളെ പരിശോധിക്കുമ്പോഴാണ് മൗറിത്താനിയയിലേക്ക് ശ്രദ്ധ തിരിയുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ നിന്ന് തുടങ്ങി പതിനഞ്ചോളം വരുന്ന മുസ്ലിം പണ്ഡിതകളെ മൗറിത്താനിയയില്‍ നിന്നും മാത്രമായി കണ്ടെത്താനായിട്ടുണ്ട്. ഫാത്തിമ ബിന്‍ത് മുഹമ്മദ് മഹ്മൂദ്(1882 വഫാത്ത്)എന്ന പണ്ഡിത അവരിലൊരാളാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ശൈഖ് സിദിയ്യയുടെ സൂഫീ സരണിയിലെ പ്രമുഖ പണ്ഡിതയായിരുന്നു മഹതി. പ്രാദേശിക പ്രസിദ്ധീകരണങ്ങളില്‍ അവര്‍ പിന്തുടര്‍ന്ന മനോഹരമായ എഴുത്ത് രീതി എന്നതിലപ്പുറം 16 ഓളം രചനകള്‍ തന്നെ അവരുടേതായുണ്ട്. അവയില്‍ ചിലത് നിലവില്‍ ആഫ്രിക്കയിലെ അറബിക് സാഹിത്യത്തില്‍ രേഖപ്പെടുത്തുയിട്ടുമുണ്ട്.
പ്രത്യക്ഷത്തില്‍ സ്ത്രീ പണ്ഡിതകളുടെ രചനകള്‍ക്ക് വലിയ പ്രചാരണം ലഭിച്ചിരുന്നില്ല. പലപ്പോഴും പ്രാദേശിക തലത്തില്‍ മാത്രമായി ഒതുങ്ങുകയായിരുന്നു അവയെല്ലാം. എങ്കിലും അവര്‍ പലപ്പോഴും പ്രാദേശിക പണ്ഡിത സംവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഹമദാന്‍ ഇബ്നു അല്‍അമീന്‍ അല്‍ബുഹംദി അല്‍മജ് ലിസിയുടെ പ്രവാചക ചരിത്രത്തെ സംബന്ധിച്ചുള്ള ഗ്രന്ഥത്തെക്കുറിച്ച് അഭിപ്രായപ്പെട്ട ‘ഇഷ ബിന്‍ത് അഹ്മദ് മയ്ലൂദ് അല്‍ഹാജിയ്യയുടെ സംഭവം അത്തരത്തിലൊന്നാണ്. സ്ത്രീകള്‍ പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളുടെ അഭിപ്രായം പറയുക മാത്രമല്ല; പ്രാദേശിക പണ്ഡിത പാരമ്പര്യത്തിലേക്ക് പുതിയ വ്യാഖ്യാനങ്ങളും പരിഷ്‌കാരങ്ങളുമായും സ്ത്രീകള്‍ മുന്നോട്ടുവന്നു. ഉന്നത ഇസ്ലാമിക വിദ്യാഭ്യാസത്തിനായുള്ള പ്രാദേശിക പാഠ്യപദ്ധതിയില്‍ മന്‍ഥ്വിഖ് (യുക്തി) എന്ന വൈജ്ഞാനിക ശാഖയെ അവതരിപ്പിച്ചത് ഖദീജ ബിന്‍ത് മുഹമ്മദ് അല്‍അഖില്‍ അല്‍ദൈമാനിയ (1835/6.വഫാത്ത്) എന്ന പണ്ഡിതയായിരുന്നു. പടിഞ്ഞാറന്‍ സഹാറയിലെ അല്‍അഖ്ദാരിയുടെ (1575 വഫാത്ത്) ‘അല്‍സുല്ലം അല്‍മുറൗനിഖ് ഫി ഇല്‍മില്‍മന്‍ഥ്വിഖ്’ എന്ന കൃതിയുടെ ആദ്യ വ്യാഖ്യാനങ്ങളിലൊന്ന് ഈ പണ്ഡിതയുടേതായിരുന്നു. കൂടാതെ, മന്‍ഥ്വിഖില്‍ (യുക്തി) സംവാദാത്മകമായ ചര്‍ച്ചകള്‍ കൊണ്ട് ശ്രദ്ധേയരായ അക്കാലത്തെ പ്രശസ്തരായ പല പണ്ഡിതന്മാരുടെയും അധ്യാപികയായിരുന്നു അവര്‍. മന്‍ഥ്വിഖുമായി ബന്ധപ്പെട്ട് ‘തുഹ്ഫത് അല്‍മുഹഖിഖ് ഫി ഹാല്ലി മുഷ്‌കിലാത് അല്‍മന്‍ഥ്വിഖ്’ എന്ന സുപ്രധാനമായ രചന നിര്‍വഹിച്ച മുക്താര്‍ ബിന്‍ ബുന എന്ന പണ്ഡിതന്‍ മഹതിയുടെ ശിഷ്യനായിരുന്നു.
ഗ്രന്ഥരചയിതാക്കളായ മിക്ക സ്ത്രീ പണ്ഡിതകളും മികച്ച പണ്ഡിതപാരമ്പര്യമുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഒന്നുകില്‍ അവരുടെ പിതാക്കന്മാരോ സഹോദരന്മാരോ അല്ലെങ്കില്‍ ഭര്‍ത്താവ് വഴിയോ പ്രശസ്തരായവര്‍. അവരില്‍ ഭൂരിഭാഗവും തങ്ങളുടെ കുടുംബത്തിന്റെ തന്നെ ഇസ്ലാമിക പള്ളിക്കൂടങ്ങളില്‍ നിന്ന് വിദ്യ അഭ്യസിച്ചവരായിരുന്നു.
മൗറിത്താനിയയില്‍ മാത്രമല്ല, ഒട്ടനേകം ആഫ്രിക്കന്‍ മുസ്ലിം സമുദായങ്ങളില്‍ സജീവമായി ഇടപെടലുകള്‍ നടത്തിയ പണ്ഡിത വനിതകളുടെ സാന്നിധ്യമുണ്ട്. അധ്യാപികമാരായും ആത്മീയ ഗുരുക്കളായും വിദ്യഭ്യാസ സമുച്ചയങ്ങളുടെ സ്ഥാപക നേതാക്കളായും അവര്‍ ദീനിന്റെ മാര്‍ഗത്തില്‍ സ്വയം സമര്‍പ്പിച്ചു.


മൊറോക്കോയിലെ വികാസവും സൂഫി പ്രസ്ഥാനങ്ങളും
എടുത്തു പറയത്തക്കവിധം പ്രസിദ്ധയായ പണ്ഡിതയായിരുന്നു സയ്യിദ നഫീസ ബിന്‍ത് അല്‍ ഹസന്‍ (762-824), മക്കയില്‍ നിന്നും വന്ന് തന്റെ നാല്‍പതുകളില്‍ ഫുസ്ത്വാതില്‍ താമസമാക്കുകയായിരുന്നു മഹതി. അവരുടെ കാലശേഷവും മൊറോക്കോയില്‍ ശക്തമായ സ്വാധീനമായി അവര്‍ നിലനില്‍ക്കുന്നു. അവരുടെ വീട് എപ്പോഴും പണ്ഡിതരെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു എന്ന് ചരിത്രം അടയാളപ്പെടുത്തുന്നു. ഒട്ടനവധി ഹദീസ് പണ്ഡിതരെ മഹതി പഠിപ്പിച്ചിട്ടുണ്ട്. ഇമാം ശാഫി(റ)വും ഇമാം ഹമ്പലി(റ)വും അവരുടെ ശിഷ്യഗണങ്ങളായിരുന്നു. ചരിത്രത്തില്‍ ഇടംപിടിച്ച മറ്റൊരു വനിതയാണ് ഫാത്തിമ ഫിഹിരി (വഫാത്ത് 890). മൊറോക്കോയിലെ ഫെസ് നഗരത്തില്‍ ജീവിച്ചിരുന്ന മഹതി അതിസമ്പന്നനായ കച്ചവടക്കാരന്റെ മകളായിരുന്നു. പിതാവിന്റെ കാലശേഷം അനന്തരമായി കിട്ടിയ സ്വത്തുകൊണ്ട് ലോകത്തെ അതിപുരാതനമായ സര്‍വകലാശാല സ്ഥാപിക്കുകയായിരുന്നു ആ പണ്ഡിത. 859-ല്‍ സ്ഥാപിതമായ പ്രസ്തുത ഖറാവിയ്യീന്‍ സര്‍വകലാശാല അതിപുരാതനമായ ഗ്രന്ഥാലയം കൊണ്ടും അവിടുത്തെ അപൂര്‍വ പുസ്തകശേഖരങ്ങള്‍ കൊണ്ടും ഇന്നും വേറിട്ട് നില്‍ക്കുന്നു. പടിഞ്ഞാറിന്റെ ഹാഫിസിദ് കാലഘട്ടത്തില്‍, സൂഫീ പരിസരങ്ങള്‍ ഒരു പുരുഷ ഡൊമെയ്നായി നിലനിന്നിരുന്നില്ല. ഉന്നത ആത്മീയ പദവികള്‍ക്കും ആധികാരിക മാര്‍ഗനിര്‍ദേശത്തിനും ഇരു വിഭാഗവും പരിഗണിക്കപ്പെട്ടിരുന്നു. വിശുദ്ധരായ സ്ത്രീ സൂഫീ പണ്ഡിതകള്‍ (അല്‍ ഖുത്ബിയ്യ) ആത്മീയ മാര്‍ഗനിര്‍ദേശത്തിന്റെയും പ്രാതിനിധ്യത്തിന്റെയും ഏറ്റവും ഉയര്‍ന്ന സ്ഥാനം നേടിയ പണ്ഡിതന്മാര്‍ (അല്‍ ഖിലാഫ) സ്ഥാനവും നല്‍കപ്പെട്ടു.
പതിനാലാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ജീവിച്ചിരുന്ന മൊറോക്കന്‍ സ്ത്രീ പണ്ഡിതയായ അസീസ അല്‍സാക്സാവിയ്യ. ഫത്വകള്‍ നല്‍കാറുണ്ടായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച സാറാ ബിന്‍ത് അഹ്മദ് ഇബ്നു ഉസ്മാന്‍ അല്‍ഹലബത്തിയ ഫെസിലെ ആണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും കര്‍മശാസ്ത്രവും ഹദീസും അധ്യാപനം നടത്താറുണ്ടായിരുന്നു. കൂടാതെ, പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ച, മികച്ച പ്രഭാഷകയെന്ന് അറിയപ്പെട്ടിരുന്ന മൊറോക്കോ നിന്നുള്ള ഖദീജ ബിന്‍ത് അല്‍ഹവ്വാത്തും വൈജ്ഞാനിക വികാസത്തിന്റെ പെണ്ണടയാളമാണ്.
മൊറോക്കോയുടെ ഇസ്ലാമിക,ബൗദ്ധിക പാരമ്പര്യം പിന്നീട് സഹാറന്‍, പശ്ചിമാഫ്രിക്കന്‍ ഇസ്ലാമിക ബൗദ്ധിക പാരമ്പര്യത്തിന്റെ പിറവിയെ തീവ്രമായി സ്വാധീനിച്ചിട്ടുണ്ട്. പത്തൊന്‍പതാം നൂറ്റാണ്ടിലെ വടക്കന്‍ നൈജീരിയയില്‍ സോകോട്ടോ ഖിലാഫത്തിന്റെ സ്ഥാപകന്റെ മകള്‍ നാനാ അസ്മാവു(1793-1865) ആഫ്രിക്കയിലെ മുസ്ലിം പണ്ഡിതകളില്‍ പ്രശസ്ത വ്യക്തിത്വമാണ്. മഹതിയുടെ ജീവിതം ആസ്പദമാക്കിയുള്ള മുറേ ലാസ്റ്റ്, ബെവര്‍ലി മാക്ക്, ജീന്‍ ബോയ്ഡ് എന്നീ ഗവേഷകരുടെ പഠനങ്ങളുണ്ട്. പ്രസ്തുത പണ്ഡിതയുടെ പഠനം, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, കൃതികള്‍ എന്നിവയെ കുറിച്ചെല്ലാം പഠനം ചര്‍ച്ചചെയ്യുന്നുണ്ട്. സോകോട്ടോ ഖിലാഫത്തിന്റെ ഭരണകുടുംബത്തിലെ അംഗമെന്ന നിലയില്‍, തന്റെ പ്രവര്‍ത്തനങ്ങളിലൂടെ പുരുഷ കുടുംബാംഗങ്ങളുടെ മതപരവും രാഷ്ട്രീയവുമായ അധികാരത്തിന്റെ ഏകീകരണത്തിന് കാതലായ പങ്ക് വഹിക്കാന്‍ അവര്‍ക്ക് സാധിച്ചു.
എഴുത്തുകാരിയായും അദ്ധ്യാപികയായും അവര്‍ സേവനമനുഷ്ഠിച്ചു. ‘യാന്‍ തരു’ പ്രസ്ഥാനം സ്ഥാപിച്ച്, പരിശീലനങ്ങള്‍ നല്‍കി സ്ത്രീകളെ മുന്നോട്ടുകൊണ്ടുവരികയും സോകോട്ടോ ഖിലാഫത്ത് കെട്ടിപ്പടുത്ത സാമൂഹിക മാനദണ്ഡങ്ങളും മൂല്യങ്ങളും പ്രചരിപ്പിക്കുന്ന ഒരു വിദ്യാഭ്യാസ ശൃംഖല സ്ഥാപിക്കുകയും ചെയ്തു. ഇത്തരം സൂഫീ പ്രസ്ഥാനങ്ങള്‍ക്ക് പുറമെ പതിനെട്ടാം നൂറ്റാണ്ടില്‍ ‘തീജാനിയ്യ’ എന്ന സൂഫീ പ്രസ്ഥാനം രൂപം കൊണ്ടു. പണ്ഡിത വനിതകളുടെ കൂട്ടായ്മയായിരുന്നു അത്. സംഘടനയിലൂടെ പലരും ആത്മീയ നേതൃത്വം കൈവരിക്കുകയും മറ്റു ചിലര്‍ പാഠശാലകള്‍ക്ക് നേതൃത്വം നല്‍കുകയും ഉണ്ടായി. പത്തൊന്‍പത്-ഇരുപത് നൂറ്റാണ്ടുകളില്‍ മൗറിത്താനിയയിലും വടക്കന്‍ നൈജീരിയയിലും തീജാനിയയില്‍ അംഗത്വമുള്ള സ്ത്രീകള്‍ ഉണ്ടായിരുന്നു. കൂടാതെ പശ്ചിമ ആഫ്രിക്കയ്ക്ക് പുറത്തും സ്ത്രീ സൂഫീ നേതൃത്വങ്ങള്‍ സജീവമായി ഇടപെടലുകള്‍ നടത്തി. കൊളോണിയല്‍ അല്‍ജീരിയയിലുള്ള സൈനബിനെ പോലെ, കിഴക്കന്‍ ആഫ്രിക്കയില്‍ നിന്നുള്ള സിതി അലവിയ്യയെ പോലുള്ള വനിതാ പണ്ഡിതര്‍ മുന്നേറ്റത്തിന്റെ വലിയ മാതൃകയാണ്.
പൊതുവില്‍, ഈ പണ്ഡിതകളെല്ലാം വിവാഹത്തിലൂടെയോ ജനനത്തിലൂടെയോ സ്വാധീനമുള്ള കുടുംബത്തിലെ അംഗങ്ങള്‍ ആയിരുന്നു. ഇസ്ലാമിലെ ഭക്തിപ്രസ്ഥാനങ്ങളില്‍ സ്ത്രീകളുടെ സജീവ പങ്കാളിത്തം ആവശ്യപ്പെട്ട ഇവര്‍ പുരുഷമതാധികാരത്തെ പ്രതിരോധിക്കാന്‍ ഇറങ്ങിപ്പുറപ്പെടുകയായിരുന്നില്ല മറിച്ച്, ഇസ്ലാമിന്റെ വിധിവിലക്കുകള്‍ക്ക് അനുസൃതമായി ഭക്തിപ്രസ്ഥാനങ്ങളെ കൂടുതല്‍ ജനകീയമാക്കുകയായിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആഫ്രിക്കന്‍ വൈജ്ഞാനിക മേഖലകളില്‍ അറബ്വത്കരണത്തിന് പ്രധാന ഹേതുവായി. ഒപ്പം വിദ്യാഭ്യാസത്തില്‍ വര്‍ദ്ധിച്ചുവരുന്ന കൊളോണിയല്‍ സ്വാധീനം പ്രതിരോധിക്കാനും അത് സഹായിച്ചു. പൊതുവേ, കൊളോണിയലിസത്തിന് മുമ്പുള്ള മുസ്ലിം സാമൂഹികരീതികളില്‍ നിന്ന് മാറി സ്ത്രീകളെ വിദ്യാഭ്യാസത്തില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള തന്ത്രങ്ങള്‍ കൊളോണിയലിസം പയറ്റിയിട്ടുണ്ട്. കൊളോണിയലിസത്തിന് മുമ്പുള്ള സാമൂഹിക രീതികളിലും സ്ത്രീ പരിസരങ്ങള്‍ അത്ര ഭേദപ്പെട്ട നിലയിലായിരുന്നില്ല എന്നുവേണം മനസ്സിലാക്കാന്‍.
മൗറിത്താനിയയില്‍ എഴുത്തുകാരികളായ പണ്ഡിതകളുടെ ഉദാഹരണങ്ങള്‍ തെളിയിക്കുന്നത് പോലെ, ഈ സ്ത്രീകള്‍ പണ്ഡിത കുടുംബങ്ങളിലെ അംഗങ്ങളായിരുന്നു. മൗറിത്താനിയയിലെ സൂഫീ സര്‍ക്കിളുകള്‍ക്കുള്ളിലെ മതപരമായ അധികാരത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍, സൂഫീ സമൂഹത്തിലെ ശൈഖിന്റെ സ്ഥാനം പലപ്പോഴും പുരുഷന്റെ കൈകളിലാണെങ്കിലും, ഭര്‍ത്താവിന്റെ പദവിക്ക് പിന്നില്‍ ഭാര്യമാര്‍ ഒരു പ്രധാന പങ്ക് വഹിച്ചതായി നമുക്ക് കാണാന്‍ കഴിയും. അഥവാ, ലിംഗഭേദത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങള്‍ക്കും അപ്പുറത്ത്, ഇസ്ലാമിക പണ്ഡിതലോകത്ത് സ്ത്രീകളെ ഒഴിവാക്കുകയാണോ ഉള്‍പ്പെടുത്തുകയാണോ ചെയ്യുന്നതെന്ന ചോദ്യത്തിന് ഉത്തരം നല്‍കുമ്പോള്‍ ഓരോരുത്തരും പ്രതിനിധാനം ചെയ്യുന്ന സാമൂഹിക പദവിക്കും അതില്‍ കാതലായ പങ്കുണ്ട് എന്ന് അടിസ്ഥാനപരമായി മനസ്സിലാക്കണം. അവഗണിക്കപ്പെട്ട സ്ത്രീപാണ്ഡിത്യത്തിന്റെ ചരിത്രപരമായ മാനമായിരുന്നു ഈ ലേഖനത്തിന്റെ ശ്രദ്ധ. ആധുനികതയുടെ ധര്‍മത്തിലൂന്നിയ മാര്‍ഗങ്ങളിലൂടെ ഈ ചരിത്രപരമായ അവഗണനയെ മുസ്ലിം സ്ത്രീകള്‍ നേടിയെടുത്ത ‘പുതിയ’ സ്വാതന്ത്ര്യങ്ങള്‍ ഉടച്ചുകളയേണ്ടതുണ്ട്.

ഫഹ്മിദ സഹ്റവിയ്യ