അങ്ങനെ ഞാന്‍ കോഴിക്കോട്ടുകാരനായി…

2062

തങ്ങളുടെ കാര്‍ പുതിയങ്ങാടി ‘കോയാറോഡി’ല്‍ അദ്ദേഹത്തിന്റെ വീട്ടിന്റെ ഗെയ്റ്റിലാണ് വന്നു നിന്നത്. കാറിന്റെ ഹോണ്‍ കേട്ടതോടെ ഒരു യുവാവ് ഓടിവന്ന് ഗെയ്റ്റ് തുറന്നു. ഒറ്റ നോട്ടത്തില്‍ പ്രതാപം വിളിച്ചോതുന്ന, സാമാന്യം വലുതാണ് വീട്. വിശാലമായ കോലായയില്‍ കുറേ നല്ലയിനം കസേരകളും രണ്ടുമൂന്ന് സോഫകളും. തങ്ങള്‍ അകത്തേക്കു പോയപ്പോള്‍ കസേരകളിലൊന്നില്‍ ഒച്ചയില്ലാതെ സാവധാനം ഇരുന്നു. അല്‍പനിമിഷങ്ങള്‍ക്കകം ഒരു കുട്ടി വന്ന് അകത്തേക്ക് വിളിച്ചു. തുടര്‍ന്ന് വിശാലമായ ഒരു മുറിയില്‍ വേറെയും രണ്ട് കുട്ടികളോടൊപ്പം ബാഫഖി തങ്ങളുടെ ഇമാമത്തില്‍ ഇശാ നിസ്‌കാരം. പിന്നീട് ഒരുമിച്ച് ഭക്ഷണം. ജീവിതത്തില്‍ അപ്രതീക്ഷിതമായി വീണുകിട്ടിയ, മറക്കാനാവാത്ത അനുഭവങ്ങള്‍.

പി.കെ. മുഹമ്മദ്

ഉമ്മയോട് വിവരം പറഞ്ഞു. ആപ്പാക്ക് വിഷയം നേരത്തേ അറിയാം. പയ്യോളിയില്‍ ഒരു മുസ്‌ലിം ലീഗ് സമ്മേളനത്തില്‍, സി.എച്ചിന്റെയും ബഹു. ബാഫഖി തങ്ങളുടെയും നിര്‍ദ്ദേശപ്രകാരം പ്രസംഗിക്കാന്‍ പോകയാണ്.
ഉച്ചക്കഞ്ഞി അല്‍പം നേരത്തെ കുടിച്ച് പുറത്തിറങ്ങി. കരിങ്കല്ലത്താണിയിലെത്തുമ്പോള്‍ ബാങ്ക് കേള്‍ക്കുന്നു. നിസ്‌കരിച്ച് റോഡിലിറങ്ങിയപ്പോള്‍ നേരത്തെ പറഞ്ഞുറപ്പിച്ച പോലെ, മണ്ണാര്‍ക്കാട്ടുനിന്ന് കോഴിക്കേട്ടേക്കുള്ള എം.യു.എം.എസ്. ബസ് വരുന്നു. അല്‍ഹംദുലില്ലാഹ്- ശുഭലക്ഷണം!
ബസ്സില്‍ കയറി. സേമയം നാല് മണിയായിക്കാണും, കോഴിക്കോട് റോബിന്‍സണ്‍ റോഡിലെ ‘മാതൃഭൂമി’ പ്രസിനടുത്തുള്ള സ്റ്റാന്റിലെത്തി.
എവിടെയാണ് പയ്യോളി..? മുമ്പ് കണ്ടിട്ടില്ലാത്ത സ്ഥലമാണ്. മുമ്പൊരിക്കല്‍ ഒരു സാമുദായിക സംഘര്‍ഷവും കൊലപാതകവുമൊക്കെ നടന്ന സ്ഥലമെന്ന നിലയില്‍ പത്രവാര്‍ത്തകളില്‍ വായിച്ച അറിവേ തല്‍ക്കാലം പയ്യോളിയെക്കുറിച്ച് ഉള്ളൂ. ഏതായാലും ആദ്യം കണ്ടെത്തേണ്ടത് ബാഫഖി തങ്ങളുടെ അരിപ്പീടികയാണ്.
പുഴവക്കത്തെ നിസ്‌കാരപ്പള്ളിയില്‍ കയറി അസ്വര്‍ നിസ്‌കാരം കഴിച്ചു. നേരെ പടിഞ്ഞാറോട്ടു നടന്നാണ് ബാഫഖി തങ്ങളുടെ, വലിയങ്ങാടിയിലെ അരിപ്പീടികയിലെത്തിയത്. തങ്ങള്‍ പീടികയിലുണ്ട്.
കടുംനീല നിറത്തിലുള്ള കോട്ട് ധരിക്കാത്ത ബാഫഖി തങ്ങളെ കാണുന്നത് അതാദ്യമാണ്. തൂവെള്ള ഉടങ്കുപ്പായമണിഞ്ഞ മഹാനേതാവിന്റെ ആകാര സൗഷഠവം, ഇത് മുത്തുനബിയുടെ മുപ്പത്തിയേഴാമത്തെ പേരമകനാണെന്ന് മുമ്പ് വായിച്ചത് എത്ര ശരി! എന്ന് മനസ്സ് സാക്ഷ്യപ്പെടുത്തി. തങ്ങള്‍ കിഴക്കോട്ട് തിരിഞ്ഞാണ് ഇരിക്കുന്നത്. ഞാന്‍ ഭവ്യതയോടെ സലാം പറഞ്ഞു.
തങ്ങളുടെ മുമ്പിലുള്ള വലിയ മേശപ്പുറത്ത് ഏതാനും കൊച്ചു കൊച്ചു പാത്രങ്ങളിലായി വിവിധ നിറത്തിലും വലുപ്പത്തിലും പലതരം അരിയിനങ്ങള്‍. തങ്ങളുടെ വലതുവശത്തായി രണ്ട് നാലാളുകള്‍ ഇരിക്കുന്നുണ്ട്. സ്റ്റാഫാണ്.
മേശക്കു സമീപമുള്ള ബഞ്ചില്‍ തങ്ങള്‍ക്കഭിമുഖമായി ഇരിക്കാന്‍ പറഞ്ഞു. ഞാന്‍ ഇരുന്നപ്പോഴേക്കും ആരോ ഒരു കപ്പ് ചായ കൊണ്ടുതന്നു.
‘വലിയങ്ങാടി’യില്‍ വലിയ തിരക്കൊന്നുമില്ല. റോഡിന് എതിര്‍വശം നാലഞ്ച് ട്രോളിവണ്ടികള്‍ കിടക്കുന്നു. അതിനപ്പുറം ഏതാനും പഴയ കെട്ടിടങ്ങള്‍. ഒരു കെട്ടിടത്തിന്റെ നെറ്റിയില്‍ തൂക്കിയിട്ടുള്ള പച്ച ബോര്‍ഡില്‍ വെള്ള അക്ഷരത്തില്‍: ‘ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ഓഫീസ്’.
ബോര്‍ഡിനു ചാരെ പച്ച പതാകയും.
ഇത് ശ്രദ്ധിക്കുന്നതിനിടയില്‍ ഒരു അപരിചിതന്‍ ധൃതിയില്‍ പീടികയിലേക്ക് കയറിവന്ന്, തങ്ങളെ ഗൗനിക്കാതെ, തന്റെ ചുമലില്‍ ചുരുട്ടിവെച്ചിരുന്ന തോര്‍ത്തുമുണ്ട് കൈയിലെടുത്ത് സ്വന്തം കൈപ്പത്തിയിന്മേല്‍ ഇട്ടുകൊണ്ട് തങ്ങളുടെ സ്റ്റാഫില്‍പെട്ട ഒരാളുടെ നേരെ നീട്ടി. അയാളും കൈനീട്ടി, മടക്കിയിട്ട മുണ്ടിനുള്ളില്‍ രണ്ടുപേരുടെയും കൈവിരലുകള്‍ എന്തോ ‘കുശലം’ ചെയ്യുന്നു. ‘ഖബൂല്‍’ എന്നും പറഞ്ഞ് അയാള്‍ തിരിച്ചുപോയി.
ഒട്ടും വൈകാതെ ഒരു കഷണ്ടിത്തലയന്‍ വന്നുകയറി. അയാളും ഇതേ അഭ്യാസം കാണിച്ചു. അയാള്‍ തോര്‍ത്ത് എടുത്തു കുടഞ്ഞ് ശരവേഗത്തില്‍ ഇറങ്ങിപ്പോയി.
‘വലിയങ്ങാടിയിലെ കച്ചവടഭാഷ’ അക്ഷരങ്ങളുടേതല്ലെന്നും മുണ്ടിനുള്ളില്‍ കൈവിരലുകള്‍ തമ്മിലാണെന്നും അന്ന് അറിയുമായിരുന്നില്ല. അരി മൊത്തക്കച്ചവടക്കാരുടെ ‘ദല്ലാലി’മാരായിരുന്നു അവര്‍.
അഞ്ചുമണി കഴിഞ്ഞിട്ടുണ്ടാകും, തങ്ങളുടെ കറുപ്പുനിറമുള്ള ഫോര്‍ഡ് കാര്‍ പീടികക്കുമുമ്പിലെത്തി. തങ്ങള്‍ ഷോപ്പില്‍നിന്നിറങ്ങി കാറിന്റെ മുന്‍ഭാഗത്തെ ഡോര്‍ തുറന്ന് കയറുമ്പോള്‍ പിന്‍സീറ്റില്‍ കയറിക്കൊള്ളാന്‍ എന്റെ നേരെ ആംഗ്യം. ഡ്രൈവര്‍ വണ്ടിയെടുത്തു.
സന്ധ്യയോടെ കാര്‍ ഏതോ പള്ളിക്കു സമീപം നിര്‍ത്തി; തങ്ങള്‍ ഇറങ്ങി നേരെ പള്ളിയിലേക്ക് കയറി. മഗ്‌രിബ് വാങ്ക് കൊടുക്കുന്നുണ്ടായിരുന്നു. വുളൂ എടുത്ത് ഞാനും പള്ളിയില്‍ കയറി.
പിന്നീട് കാര്‍ പോയത് നേരെ പയ്യോളിയില്‍ സമ്മേളന സ്ഥലത്തേക്കാണ്. നല്ല ആള്‍ക്കൂട്ടം. തങ്ങളുടെ കാര്‍ എത്തിയതും ഉഗ്രന്‍ സിന്ദാബാദ് വിളികള്‍ മുഴങ്ങി. സ്‌റ്റേജില്‍ ആരോ പ്രസംഗം കസറുന്നുണ്ട്.
തങ്ങള്‍ സ്റ്റേജില്‍ കയറിയതോടെ അരനിമിഷം എല്ലാം സ്തംഭിച്ചു.
ഞങ്ങള്‍ ഉപവിഷ്ടരായി. പ്രസംഗകന്‍ അവസാനിപ്പിച്ചതോടെ അദ്ധ്യക്ഷന്‍ എന്നെ പ്രസംഗിക്കാന്‍ ക്ഷണിച്ചു. കമ്മ്യൂണിസത്തിനെതിരെ കുറേ ഇംഗ്ലീഷ് ക്വൊട്ടേഷനുകളാണ് എന്റെ പക്കലുള്ളത്. അതൊക്കെ കാച്ചിവിടുന്നതായിരുന്നു എന്റെ രീതി. ഉഗ്രന്‍ കയ്യടികള്‍ കിട്ടിക്കൊണ്ടിരുന്നു. പിന്നീടാണ് ബാഫഖി തങ്ങള്‍ പ്രസംഗിച്ചത്. തങ്ങളുടെ പ്രസംഗം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ സ്‌റ്റേജില്‍ നിന്നിറങ്ങി. മറ്റു പലരും പ്രസംഗിക്കാനുണ്ട്. ജനങ്ങള്‍ പ്രസംഗകരെ പ്രോത്സാഹിപ്പിക്കുന്ന തരക്കാരായിരുന്നു.
തങ്ങളുടെ കാര്‍ പുതിയങ്ങാടി ‘കോയാറോഡി’ല്‍ അദ്ദേഹത്തിന്റെ വീട്ടിന്റെ ഗെയ്റ്റിലാണ് വന്നു നിന്നത്. കാറിന്റെ ഹോണ്‍ കേട്ടതോടെ ഒരു യുവാവ് ഓടിവന്ന് ഗെയ്റ്റ് തുറന്നു.
ഒറ്റ നോട്ടത്തില്‍ പ്രതാപം വിളിച്ചോതുന്ന, സാമാന്യം വലുതാണ് വീട്. വിശാലമായ കോലായയില്‍ കുറേ നല്ലയിനം കസേരകളും രണ്ടുമൂന്ന് സോഫകളും.
തങ്ങള്‍ അകത്തേക്കു പോയപ്പോള്‍ കസേരകളിലൊന്നില്‍ ഒച്ചയില്ലാതെ സാവധാനം ഇരുന്നു. അല്‍പനിമിഷങ്ങള്‍ക്കകം ഒരു കുട്ടി വന്ന് അകത്തേക്ക് വിളിച്ചു. തുടര്‍ന്ന് വിശാലമായ ഒരു മുറിയില്‍ വേറെയും രണ്ട് കുട്ടികളോടൊപ്പം ബാഫഖി തങ്ങളുടെ ഇമാമത്തില്‍ ഇശാ നിസ്‌കാരം. പിന്നീട് ഒരുമിച്ച് ഭക്ഷണം. ജീവിതത്തില്‍ അപ്രതീക്ഷിതമായി വീണുകിട്ടിയ, മറക്കാനാവാത്ത അനുഭവങ്ങള്‍.
അതേ കട്ടിലില്‍ അന്തിയുറങ്ങി. സുബ്ഹിനു കണക്കാക്കി ആരോ വന്നു വിളിച്ചപ്പോഴാണ് ഉണര്‍ന്നത്. സ്വുബ്ഹ് ജമാഅത്തും ബഹു. തങ്ങളുടെ ഇമാമത്തില്‍.
അപ്പുറത്ത് ആരോ ഖുര്‍ആന്‍ ഓതുന്ന പതിഞ്ഞ ശബ്ദം.
ഒമ്പത് മണിയോടെ തങ്ങളുടെ കൂടെ കോഴി സൂപ്പും കട്ടിപ്പത്തിരിയും കഴിച്ച് പുറത്തിങ്ങി. പകല്‍ വെളിച്ചത്തില്‍ കണ്‍ തുറന്ന് നോക്കിയപ്പോള്‍ സുബ്ഹാനല്ലാ! മുമ്പൊരിക്കല്‍ പദയാത്ര നടത്തി ‘നൂല് പൊട്ടിയ പട്ടം’പോലെ വന്നുപെട്ട ഇടമാണല്ലോ ഇതെന്ന്- ഉള്ളിലൊരു കാളല്‍! അന്ന് രാത്രിപ്പട്ടിണിയില്‍നിന്ന് രക്ഷിച്ച ഉസ്താദ് ഇപ്പോഴും പള്ളിയിലുണ്ടോ ആവോ.
ബാഫഖി തങ്ങളുടെ കാര്‍ ‘കോയാറോഡി’ലൂടെ കിഴക്കോട്ട് വന്ന് റെയില്‍പാളങ്ങള്‍ മുറിച്ചുകടന്ന് മെയിന്‍ റോഡിലേക്ക് കയറി തെക്കോട്ട് പാഞ്ഞു. രണ്ടുനാല് നാഴിക ഓടിക്കാണും. കാര്‍ ഒരു ഗെയ്റ്റ് കടന്ന് മതില്‍ക്കെട്ടിനുള്ളിലേക്ക് പ്രവേശിച്ചു. ഗെയ്റ്റിലുള്ള ബോര്‍ഡിലെ കട്ടിയുള്ള അക്ഷരങ്ങള്‍ കണ്ണിലുടക്കി: ചന്ദ്രിക അച്ചുകൂടം. ഇംഗ്ലീഷില്‍ CHANDRIKA PRESS.
ഇത് ചന്ദ്രിക പ്രസ് ആണെന്നോ? ഇവിടെ നിന്നായിരിക്കുമോ മാപ്പിളമക്കള്‍ നെഞ്ചോടുചേര്‍ത്തുവെക്കുന്ന സാക്ഷാല്‍ ‘ചന്ദ്രിക’ പത്രം അച്ചടിച്ചിറക്കുന്നത്… ഉള്ളില്‍ ആഹ്ലാദവും വിസ്മയവും നുരഞ്ഞു പൊങ്ങിയ നിമിഷം.
പാലക്കാട്- മലപ്പുറം ജില്ലകള്‍ പരസ്പരം പുണരുന്ന കരിങ്കല്ലത്താണിയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വര്‍ത്തമാന പത്രത്തിന് ഏജന്‍സി വന്നത് ‘ചന്ദ്രിക’ക്കാണ്. സൂര്യനുദിക്കും മുമ്പ് അഞ്ചുമണിക്ക് കോഴിക്കോട്ടുനിന്ന് മണ്ണാര്‍ക്കാട്ടേക്ക് പുറപ്പെടുന്ന എം.യു.എം.എസ്. ബസ്സില്‍ ഒമ്പത് മണിയോടെ പത്രക്കെട്ട് എത്തും. അതും കാത്ത് പത്ര വരിക്കാരില്‍ പലരും നേരത്തെ എത്തി അക്ഷമരായി നില്‍ക്കുന്നുണ്ടാകും. അവര്‍ക്കൊക്കെ കയ്യോടെ പത്രം കൊടുത്തു കഴിഞ്ഞാല്‍ സൈക്കിളില്‍ ‘അമ്പത്തഞ്ചാം മൈല്‍’ വരെ കിഴക്കോട്ടും, അമ്മിനിക്കാട് വരെ പടിഞ്ഞാറോട്ടും, ആലിപ്പറമ്പ് വരെ തെക്കോട്ടും അരക്കുപറമ്പുവരെ വടക്കോട്ടും, തടിമറന്ന് താണ്ടിയിരുന്ന ഏജന്റ് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു നിമിഷത്തില്‍ മാനേജിങ് ഡയരക്ടറുടെ കൂടെ പത്രത്തിന്റെ ഉത്ഭവ കേന്ദ്രത്തില്‍ വന്നുപെട്ടിരിക്കുന്നു- അത്ഭുതം!
രാജ്യം സ്വാതന്ത്ര്യം നേടിയതിനു ശേഷം നടക്കാനിരിക്കുന്ന രണ്ടാമത്തെ പൊതുതെരഞ്ഞെടുപ്പിന് സമുദായ സംഘടനയെ സജ്ജമാക്കുന്നതിന്റെ ഭാഗമായി നേതൃത്വം ആവിഷ്‌കരിച്ച സുപ്രധാന പരിപാടിയായിരുന്നു ‘ചന്ദ്രിക’യ്ക്ക് പരമാവധി വരിക്കാരെയും വായനക്കാരെയും സൃഷ്ടിക്കുക എന്നത്. പലേടത്തും പുതിയ ഏജന്‍സികള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. സമുദായം നേരിട്ടുകൊണ്ടിരിക്കുന്ന ദേശീയ- രാഷ്ട്രീയ പ്രശ്‌നങ്ങളും അവയോടുള്ള പാര്‍ട്ടിയുടെ നിലപാടുകളും സമുദായത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും, പ്രതിരോധ മാര്‍ഗങ്ങള്‍ക്ക് സമുദായത്തെ സജ്ജമാക്കാനുമുള്ള എളുപ്പമാര്‍ഗം.
മഞ്ചേരിയില്‍ നടന്ന മുസ്‌ലിംലീഗ് മഹാ സമ്മേളനത്തില്‍വെച്ച്, മാപ്പിള നാടിന്റെ പല മുക്കുമൂലകളിലും ഇരുപത്തഞ്ചില്‍ കുറയാതെ പത്രങ്ങളെത്തിക്കാനുള്ള ഏജന്‍സികള്‍ സ്ഥാപിച്ചു. കരിങ്കല്ലത്താണിയില്‍ എന്റെ പേരില്‍ ഏജന്‍സിയെടുത്തതും ഡപ്പോസിറ്റ് തുക കെട്ടിവെച്ചതുമൊക്കെ പിറ്റേ ദിവസം ആപ്പ പറഞ്ഞപ്പോഴാണ് ഞാനറിയുന്നത്. ആപ്പയും പി.ടി. സെയ്ദ് സാഹിബും പി.ടി. അബ്ദു തുടങ്ങിയവരടങ്ങുന്ന ഒരു സംഘം മഞ്ചേരി സമ്മേളനത്തിലെത്തിയിരുന്നു. അടുത്ത ഒന്നാം തിയ്യതി മുതല്‍ പത്രം മണ്ണാര്‍ക്കാട്ടേക്കുള്ള ബസ്സില്‍ എത്തുമെന്നും ഞാനാണത് വിതരണം ചെയ്യേണ്ടതെന്നും അവരുടെ തീരുമാനമാണ്.
ഒരു കണക്കിന് അത് നന്നായി. കാര്യമായ ചുമതലകളൊന്നുമില്ലാതെ, അന്തമാനിലേക്ക് കപ്പല്‍ കയറാന്‍, രണ്ട് ജോഡി ഉടുപ്പുകള്‍ തയ്യാറാക്കി കാത്തുനില്‍ക്കുന്ന സന്ദര്‍ഭമാണ്. നാട്ടില്‍ പലേടത്തും പ്രാദേശികമായി മുസ്്‌ലിംലീഗ് പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചും പ്രസംഗകനെന്ന നിലയിലും സംഘാടകനായും പ്രവര്‍ത്തിച്ചും കറങ്ങുന്ന തിരക്കിലാണ്. പോര്‍ട്ട് ബ്ലെയറിലേക്കുള്ള കപ്പല്‍ ടിക്കറ്റ് എത്തുന്നതുവരെയുള്ള ഒഴിവ് ആവേശപൂര്‍വം സമുദായരംഗത്ത് പ്രയോജനപ്പെടുത്തുകതന്നെ എന്ന കരുത്തോടെ നീങ്ങുമ്പോഴാണ് ബാഫഖി തങ്ങളുടെ മുമ്പില്‍ ചെന്നുപെട്ടത്. ഇപ്പോള്‍ ‘ചന്ദ്രിക’ പ്രസ്സിലും.
ബാഫഖി തങ്ങള്‍ കാറില്‍നിന്നിറങ്ങി ഓഫീസിലേക്ക് വലിഞ്ഞു നടന്നു.
പഴയ മോഡലില്‍ ഓടുമേഞ്ഞ ഇരുനിലക്കെട്ടിടമാണ് ‘ചന്ദ്രിക’ ഓഫീസ്. മുറ്റത്ത് ദീര്‍ഘവൃത്താകൃതിയില്‍ വേലികെട്ടിനിര്‍ത്തിയിരിക്കുന്നു- ഒരു കൊച്ചു പൂന്തോട്ടത്തിന്റെ ശേഷിപ്പ്. ഇടതുവശത്ത് ഒരു വലിയ ഷെഡുണ്ട്. അച്ചടിയന്ത്രങ്ങള്‍ അതിനകത്താണ്.
അപരിചിതത്വത്തിന്റെ തടങ്കലില്‍ എന്തുചെയ്യണമെന്നറിയാതെ നിന്നു പരുങ്ങുമ്പോഴേക്കും ഒരു പയ്യന്‍ ഓടിവന്ന് ‘തങ്ങള്‍ വിളിക്കുന്നു’ എന്ന് പറഞ്ഞു.
വാതില്‍ക്കല്‍ ‘മാനേജര്‍’ എന്ന ബോര്‍ഡ് വെച്ച മുറിയിലാണ് തങ്ങള്‍ ഇരിക്കുന്നത്. ഞാന്‍ ചെന്നപ്പോള്‍ അല്‍പം പ്രായം തോന്നിക്കുന്ന എം. ആലിക്കുഞ്ഞി സാഹിബ് എന്നെ ഓഫീസിന്റെ മേല്‍ത്തട്ടിലേക്ക് നയിച്ചു. അവിടെയാണ് പത്രാധിപന്മാര്‍ പ്രവര്‍ത്തിക്കുന്നത്. വാതില്‍ കടന്ന ഉടനെ വലതുവശം മൂലയില്‍ ടെലിപ്രിന്റര്‍ ‘ചറപറാ’ന്ന് അടിച്ചുതള്ളുന്നുണ്ട്. അടുത്ത മുറിയിലേക്ക് ഒന്ന് പാളിനോക്കിയതേയുള്ളൂ- ഉള്ളിലൊരു കൊള്ളിമീന്‍, സാക്ഷാല്‍ സി.എച്ച്. ഇരിക്കുന്നു- ‘ചന്ദ്രിക’യുടെ സാക്ഷാല്‍ ചന്ദ്രകാന്തം! മുസ്്‌ലിംലീഗിന്റെ മഹാസമ്മേളനങ്ങളില്‍ മഞ്ഞും മഴയും വകവെയ്ക്കാതെ കാത്തുനില്‍ക്കുന്ന മാപ്പിള മക്കളുടെ മുമ്പില്‍ വാക്കുകളുടെ വര്‍ണപ്പൂക്കള്‍ വിതറി പതിനായിരങ്ങളെ ഹര്‍ഷപുളകിതരാക്കാറുള്ള മുസ്്‌ലിംലീഗിന്റെ യുവരാജകുമാരന്‍ സി.എച്ച്!
ആലിക്കുഞ്ഞി സാഹിബിനെ കണ്ടപ്പോള്‍ സി.എച്ച് എഴുന്നേറ്റുവന്ന് ടെലിപ്രിന്ററില്‍നിന്ന് ഒരു കഷ്ണം കടലാസ് മുറിച്ചെടുത്ത് എന്റെ കൈയില്‍ തന്നു. അത് പരിഭാഷപ്പെടുത്തണമെന്ന് ആലിക്കുഞ്ഞി സാഹിബ് നിര്‍ദേശിച്ചു. (ഒരു ഇന്റര്‍വ്യൂ പ്രക്രിയ സംഭവിക്കുകയായിരുന്നു; പക്ഷേ, ഞാനുണ്ടോ അതറിയുന്നു?) കാശ്മീര്‍ സിംഹം ശൈഖ് അബ്ദുല്ല ഐക്യരാഷ്ട്ര സഭയില്‍ മൊഴിഞ്ഞ ഒരു വാചകമായിരുന്നു ടെലിപ്രിന്ററില്‍ വന്നത്. വളരെ ലളിതമായ ഒരു വാചകം.
തൊട്ടെതിര്‍ഭാഗത്തെ മുറിയില്‍ സഹപത്രാധിപന്മാരാണ്. ഒറ്റ നോട്ടത്തില്‍ കിരീടം പോലുള്ള ഉഗ്രന്‍ വെള്ളത്തലപ്പാവ് ധരിച്ച വെളുത്ത ഒരു വലിയ മനുഷ്യന്‍ ശ്രദ്ധയില്‍പ്പെട്ടു. അത് ബഹുഭാഷാ പണ്ഡിതനും പ്രമുഖ സാഹിത്യകാരനുമായ വി. അബ്ദുല്‍ഖയ്യൂം സാഹിബാണെന്ന് പിന്നീട് അറിഞ്ഞു. വേറെയും മൂന്ന് നാല് കസേരകളില്‍ ആളുകളുണ്ട്. തലയും താഴ്ത്തിയിരുന്ന് കടലാസില്‍ പേന കൊണ്ടദ്ധ്വാനിക്കുന്നവര്‍. ഒഴിഞ്ഞുകിടന്ന ഒരു കസേരയിലിരുന്ന് എന്റെ തുണ്ട് കടലാസ് ഞാനും മലയാളത്തിലാക്കി, ആലിക്കുഞ്ഞി സാഹിബിനെ ഏല്‍പിച്ച് സ്ഥലം വിടാനായി എഴുന്നേറ്റു.
അപ്പോഴാണറിയുന്നത് ഞാനിതില്‍ ‘പെട്ടു’ കഴിഞ്ഞിരിക്കുന്നുവെന്ന്.
”എങ്ങോട്ടാ?” -ആലിക്കുഞ്ഞി സാഹിബ്.
”തങ്ങളുടെ അടുത്തേക്ക്” -മറുപടി.
”തങ്ങള്‍ പോയല്ലോ- എന്തിനാ തങ്ങളെ?”
”എനിക്ക് പോകണം, നാട്ടിലേക്ക്.”
”നാട്ടിലേക്ക് പോകാനോ? … നിന്നെ ഇവിടെ സ്റ്റാഫിലെടുത്തിരിക്കുന്നു.”
മനസ്സില്‍ വിശേഷിച്ചൊന്നും തോന്നിയില്ല. ചന്ദ്രിക സ്റ്റാഫില്‍ ചേരുക എന്ന ഒരാശയം സ്വപ്‌നത്തില്‍പോലും ഉദിച്ചതല്ല.
”പക്ഷേ, ഞാന്‍ വീട്ടില്‍ പറഞ്ഞിട്ടില്ലല്ലോ. പയ്യോളിയില്‍ പ്രസംഗിക്കാന്‍ പോന്നതാണ്. വീട്ടിലെത്താതെ പറ്റില്ല.”
”എങ്കില്‍ തങ്ങളോട് പറയണം. നിന്നെ ഇവിടെ നിര്‍ത്തണമെന്നും പറഞ്ഞാ തങ്ങള്‍ പോയത്..”
ആലിക്കുഞ്ഞി സാഹിബ് ബാഫഖി തങ്ങളെ ടെലഫോണില്‍ വിളിച്ചു.