ആധുനിക തത്ത്വശാസ്ത്രത്തെ സാര്‍ഥകമാക്കിയത് ചില വംശ ജ്ഞാനശാസ്ത്ര സാഹിത്യങ്ങളാണ്. അഥവാ ദെക്കാര്‍ത്തിന്റെ ‘ഞാന്‍ ചിന്തിക്കുന്നു, അതിനാല്‍ ഞാന്‍ നിലനില്‍ക്കുന്നു’ എന്ന വാചകമാണ് ആധുനിക തത്ത്വചിന്തയെ സാധ്യമാക്കിയതെങ്കില്‍, പ്രസ്തുത പരാമര്‍ശം ആവിര്‍ഭവിച്ചത് വംശീയതയുടെ പുതിയ ജ്ഞാനശാസ്ത്രത്തെ സൃഷ്ടിച്ച ചില വംശഹത്യകളില്‍ നിന്നാണ്. ആധുനിക പാശ്ചാത്യ ജ്ഞാനഘടനകളെ വളരെയധികം സ്വാധീനിച്ചത് ദെക്കാര്‍ത്തിന്റെ ചിന്തകളാണ്. ക്രൈസ്തവതയില്‍ നിലനിന്നിരുന്ന ദൈവികമായ ജ്ഞാനശാസ്ത്ര അധീശത്വത്തെ വെല്ലുവിളിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ദൈവ കേന്ദ്രീകൃതമായ ജ്ഞാന സങ്കല്‍പം റോമാ സാമ്രാജ്യത്തിന്റെ തുടക്കം മുതല്‍ തന്നെ ക്രൈസ്തവയില്‍ ഉള്ളതായിരുന്നു. അതില്‍ നിന്നുള്ള വ്യക്തമായ വ്യതിചലനമാണ് ദെക്കാര്‍ത്തിന്റെ ‘ഞാന്‍’ എന്ന വിജ്ഞാനകേന്ദ്രം. ക്രൈസ്തവ ദൈവത്തിന്റെ മതേതരവത്കരണത്തെ സാധ്യമാക്കുന്ന ‘ഞാന്‍’ നിലനില്‍ക്കുന്നത് വംശീയതയില്‍ അധിഷ്ഠിതമാണെന്നിരിക്കെ തന്നെ, ദൈവ സമാനമായ ജ്ഞാനോല്‍പാദന സാധ്യത ദെക്കാര്‍ത്ത് അതില്‍ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. സത്താപരവും ജ്ഞാന ശാസ്ത്രപരവുമായ രണ്ട് വ്യത്യസ്ത മാനങ്ങളെ നല്‍കി കൊണ്ടാണ് ‘ഞാന്‍‘ എന്നതിന്റെ ദൈവ സമാനതയെ സാധൂകരിക്കാന്‍ ദെക്കാര്‍ത്ത് ശ്രമിക്കുന്നത്. മനസ്സ് ശരീരത്തില്‍ നിന്ന് വ്യത്യസ്തവും നിയന്ത്രണാതീതവുമാണെന്ന സത്താപരമായ ദ്വൈതവാദത്തിലൂടെ(Ontological Dualism) അതിനൊരു സ്ഥലകാലാതീത സ്വഭാവം നല്‍കി അതില്‍ ദൈവിക സമാനത സാധ്യമാക്കാനാണ് അദ്ദേഹം ആദ്യം ശ്രമിക്കുന്നത്. ‘ഞാന്‍’ എന്നതിന് അഹംമാത്രം വാദത്തിലൂടെ അല്ലാതെയുള്ള ജ്ഞാനോല്‍പാദനം സാധ്യമല്ല എന്നതാണ് ജ്ഞാനശാസ്ത്രപരമായ അദ്ദേഹത്തിന്റെ രണ്ടാമത്തെ വാദം. എന്നാല്‍, പരസ്പര സംഭാഷണത്തിലൂടെയും സാമൂഹിക ബന്ധങ്ങളിലൂടെയുമുള്ള ജ്ഞാനോല്‍പ്പാദനത്തിന്റെ സാധ്യതയെ മുന്നില്‍കണ്ട് ദെക്കാര്‍ത്തിന്റെ ആത്മഭാഷണത്തിലൂടെ മാത്രം കരഗതമാവുന്ന ജ്ഞാനമെന്ന വാദത്തെ റമോണ്‍ ഗ്രോസ്ഫുകല്‍ ചോദ്യം ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ദൈവ സമാനമായ സാര്‍വലൗകിക ജ്ഞാനമെന്ന സങ്കല്‍പത്തെ പടുത്തുയര്‍ത്താന്‍ ശ്രമിക്കുകയാണ് ദെക്കാര്‍ത്ത്. എന്നാല്‍, യഥാര്‍ഥത്തില്‍, ഇങ്ങനെയൊരു ദൈവ സമാനമായ ജ്ഞാന കേന്ദ്രം അനാവൃതമായ രാഷ്ട്രീയ സാംസ്‌കാരിക പശ്ചാത്തലം ദെക്കാര്‍ത്തിന്റെ ചിന്തയുടെ വംശീയ പിന്നാമ്പുറത്തെ വരച്ചുകാട്ടുന്നുണ്ട്. വര്‍ഷങ്ങളോളം നീണ്ടുനിന്ന അധിനിവേശങ്ങളുടെയും വംശ ഹത്യകളുടെയും ആശയ പശ്ചാത്തലത്തിലൂടെയാണ് ദെക്കാര്‍ത്തിന്റെ ‘ഞാന്‍’ രൂപപ്പെടുന്നത്. അതുകൊണ്ടു തന്നെയാണ് അതിന്റെ പ്രതിനിധാനം തീര്‍ത്തും സഹിഷ്ണുതാ വിരുദ്ധമാവുന്നത്. 150 വര്‍ഷത്തോളം നീണ്ടുനിന്ന കൊളോണിയല്‍ അധിനിവേശങ്ങളുടെ തുടര്‍ച്ചയാണ് ദെക്കാര്‍ത്തിയന്‍ തത്ത്വചിന്ത എന്ന് എന്റിക് ദുസ്സല്‍ പറയുന്നുണ്ട്.
ദെക്കാര്‍ത്തിയന്‍ ചിന്തകളെ രൂപപ്പെടുത്തിയ വംശഹത്യകള്‍
1492 ല്‍ തുടങ്ങിയ കൊളോണിയല്‍ അധിനിവേശം ദെക്കാര്‍ത്തിയന്‍ തത്ത്വചിന്തയുടെ അടിത്തറയാവുന്നതിലൂടെയാണ് യൂറോപ്യന്‍ പുരുഷന് ദൈവ സമാനമായ ഗുണങ്ങളും ജ്ഞാന ശാസ്ത്രപരമായ അപ്രമാദിത്വവും കൈവരുന്നത്. അങ്ങനെയൊരു ജ്ഞാനശാസ്ത്രപരമായ വംശീയത നേടുന്നതോടെയാണ് ആധുനിക വിജ്ഞാനത്തിന്റെ അടിത്തറയായ ‘ഞാന്‍ ചിന്തിക്കുന്നു’ എന്ന ദെക്കാര്‍ത്തിയന്‍ ആശയവും ‘ഞാന്‍ കീഴടക്കുന്നു’ (I-Conquer) എന്ന ഹെര്‍മന്‍ കോര്‍ട്ടസിന്റെ ആശയവും പരസ്പര പരിച്ഛേദങ്ങള്‍ ആവുന്നത്. അവകളെല്ലാം വ്യക്തമായ ജ്ഞാനശാസ്ത്ര ഹത്യകളായതിനാല്‍ തന്നെ ‘ഞാന്‍ ഉന്മൂലനം ചെയ്യുന്നു, അതിനാല്‍ ഞാന്‍ നിലനില്‍ക്കുന്നു’ (I exterminate, therefore I am) എന്നും നമുക്കതിനെ വായിക്കാം എന്ന് റമോണ്‍ ഗ്രോസ്ഫുകള്‍ സൂചിപ്പിക്കുന്നുണ്ട്. ദെക്കാര്‍ത്തിയന്‍ തത്ത്വചിന്തക്ക് ചരിത്രപരവും സാമൂഹികവുമായ പശ്ചാത്തലം ഒരുക്കിയ അധിനിവേശങ്ങളില്‍ ഒന്നാണ് ‘അൽ അന്ദലൂസ്’ അധിനിവേശം. അവിടുത്തെ മുസ്‌ലിം-ജൂത വിഭാഗങ്ങള്‍ക്കെതിരെ നടന്ന വംശജ്ഞാന ശാസ്ത്രഹത്യകളായിരുന്നു അത്. കൊളോണിയല്‍ കുടിയേറ്റത്തിലൂടെയും ‘വിശുദ്ധ രക്ത’ത്തിലൂടെയും മുസ്‌ലിം-ജൂത സമൂഹങ്ങളുടെ അസ്തിത്വത്തെ കൊളോണിയല്‍ ശക്തികള്‍ നിഷ്‌കാസനം ചെയ്തു. കാരണം, മനുഷ്യത്വത്തിനുപരി അവരുടെ മത സ്വത്വത്തിനായിരുന്നു കൂടുതല്‍ പ്രശ്‌നം. ‘തെറ്റായ മതവും’ ദൈവവും’ പോലെയുള്ള ദൈവശാസ്ത്രപരമായ വ്യാവഹാരിക നിര്‍മിതികളെ രൂപപ്പെടുത്തി കൊണ്ടാണ് അവരുടെ മത സ്വത്വങ്ങള്‍ കൊളോണിയല്‍ ശക്തികള്‍ വെല്ലുവിളിച്ചത്. അങ്ങനെ അവര്‍ മോറിസ്‌കോകളും (മതം മാറിയ മുസ്‌ലിംകള്‍) മറാനോസുകളും(മതം മാറിയ ജൂതര്‍) ആയി മാറി. ഇതിനെല്ലാം പുറമെ മുസ്‌ലിം സ്‌പെയിനില്‍ ഉണ്ടായിരുന്ന ലൈബ്രറികളെല്ലാം കത്തിച്ചു കളഞ്ഞു. ക്രൈസ്തവ യൂറോപ്പിലെ അന്നത്തെ വലിയ ലൈബ്രറികളില്‍ ആയിരത്തോളം പുസ്തകങ്ങള്‍ പോലുമില്ലാത്ത കാലത്ത് കൊര്‍ദോവയിലെ ലൈബ്രറിയില്‍ അഞ്ച് ലക്ഷം പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. അതടക്കം മുസ്‌ലിം സ്‌പെയിനിലെ എല്ലാ ലൈബ്രറികളും തകര്‍ക്കപ്പെട്ടു. അങ്ങനെ അവരുടെ ജ്ഞാനശാസ്ത്ര പാരമ്പര്യത്തെ തന്നെ നശിപ്പിക്കുകയുണ്ടായി.
അല്‍ അന്ദലൂസ് അധിനിവേശത്തിനു ശേഷം നടന്ന മറ്റൊന്നാണ് അമേരിക്കന്‍ ഐക്യനാടുകളിലെ അധിനിവേശം. അവ രണ്ടും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതാണ്. മുസ്‌ലിം സ്‌പെയിന്‍ കീഴടക്കുന്നതിന് മുമ്പ് അവിടുത്തെ രാജവംശത്തെ സമീപിച്ച ക്രിസ്റ്റഫര്‍ കൊളംബസിനോട് അവര്‍ പറഞ്ഞത് അൽ അന്ദലൂസ് കീഴടക്കുന്നത് വരെ കാത്തിരിക്കാനാണ്. ഐബീരിയന്‍ ഉപദ്വീപിന് പുറത്തേക്കുള്ള അധിനിവേശത്തിന് മുമ്പ് സ്‌പെയിന്‍ പരിപൂര്‍ണമായും ക്രൈസ്തവവത്കരിക്കലായിരുന്നു അവരുടെ ലക്ഷ്യം. സ്‌പെയിന്‍ കീഴടക്കിയതോടെയായിരുന്നു കൊളംബസിന് പുതിയ പ്രദേശങ്ങള്‍ കീഴടക്കാനുള്ള അനുമതി ലഭിച്ചത്. അങ്ങനെയാണ് Indias Occidentales എന്ന് കൊളംബസ് വിശേഷിപ്പിക്കുന്ന സ്ഥലത്ത് (west indies) അദ്ദേഹം എത്തുന്നതും അവിടെ കീഴടക്കുന്നതും. അൽ അന്ദലൂസിനെതിരെ ഉപയോഗിച്ച കൊളോണിയല്‍ മാതൃക തന്നെയാണ് അവിടെയും ഉപയോഗിക്കപ്പെട്ടത്. അൽ അന്ദലൂസിലേത് പോലെ തന്നെ വംശഹത്യയടക്കം അവിടുത്തെ തദ്ദേശ ജ്ഞാനശാസ്ത്ര പാരമ്പര്യങ്ങളെയും ആത്മീയ പാരമ്പര്യങ്ങളെയുമെല്ലാം തകര്‍ക്കുകയുമുണ്ടായി. എന്നാല്‍, അമേരിക്കന്‍ ഐക്യനാടുകള്‍ക്കെതിരെ നടന്ന അധിനിവേശം ആദ്യത്തേതില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്, അത് പുതിയ വംശീയ വിചാരങ്ങളെയും അധികാര ക്രമത്തെയും നിര്‍മിച്ചു എന്ന കാര്യത്തിലാണ്. അവിടുത്തെ ജനതയെക്കുറിച്ച് കൊളമ്പസിന്റെ ‘മതമില്ലാത്ത ജനത’ എന്ന പരാമര്‍ശത്തില്‍ തന്നെ പ്രസ്തുത വംശീയത വ്യക്തമാണ്. കാരണം, അന്ന് ക്രൈസ്തവ യൂറോപ്പില്‍ മതമില്ലാത്തവനെന്നാല്‍ ആത്മാവില്ലാത്തവനും മനുഷ്യവര്‍ഗത്തില്‍ പെടാത്തവനുമാണ്. അങ്ങനെ, പതിനാറാം നൂറ്റാണ്ടില്‍ നടന്ന അമേരിക്കന്‍ ഐക്യനാടുകളിലുള്ളവര്‍ക്ക് ആത്മാവുണ്ടോ എന്ന ചര്‍ച്ചക്കൊടുവിലാണ് ‘ഇല്ല’ എന്ന തീര്‍പ്പിലെത്തിയ ക്രിസ്റ്റ്യന്‍ ചര്‍ച്ചും സ്പാനിഷ് സ്റ്റേറ്റും അവരെ അടിമകളാക്കിയത്. അതോടെ ദേശവംശീയത എന്ന പ്രതിഭാസം രൂപംകൊണ്ടു. ആത്മാവില്ലാത്തവര്‍ എന്ന പ്രസ്താവനയോട് വിയോചിപ്പുള്ളവര്‍ ചര്‍ച്ചിനകത്ത് തന്നെ ഉണ്ടായിരുന്നെങ്കിലും അവര്‍ പ്രസ്തുത അധിനിവിഷ്ട ജനതയെ അപരിഷ്‌കൃതരായാണ് കണ്ടിരുന്നത്. ഇത്തരത്തില്‍ ‘തെറ്റായ മതം, തെറ്റായ ദൈവം’ തുടങ്ങിയവയായിരുന്നു പതിനഞ്ചാം നൂറ്റാണ്ടിലെ വംശീയതയുടെയും ഇസ്‌ലാമോഫോബിയയുടെയും സെമിറ്റിക് വിരുദ്ധതയുടെയും വ്യാവഹാരിക നിര്‍മിതികള്‍.
‘ആത്മാവില്ലാത്ത’ ആഫ്രിക്കന്‍ ജനതയെ അമേരിക്കന്‍ ഐക്യനാടുകളിലേക്ക് ഇറക്കുമതി ചെയ്തതാണ് വംശീയതയുടെ മറ്റൊരു അധ്യായം. പതിനാറാം നൂറ്റാണ്ടിലെ സ്‌പെയിനില്‍ നടമാടിയ മുസ്‌ലിം വംശീയവത്കരണം ആഫ്രിക്കന്‍ ജനതയിലേക്ക് വ്യാപിച്ചു. അവരില്‍ അത് വര്‍ണ വംശീയതയായി മാറുകയും പിന്നീട് കൊളോണിയല്‍ ലോകക്രമത്തിന്റെ അടിത്തറയായി അത് രൂപംപ്രാപിക്കുകയും ചെയ്തു. അമേരിക്കന്‍ ഐക്യനാടുകളില്‍ നടന്ന ആഫ്രിക്കന്‍ ജനതയുടെ അടിമവത്കരണം യഥാര്‍ഥത്തില്‍ വംശഹത്യ തന്നെയായിരുന്നു. സ്വതന്ത്രമായ ജ്ഞാനോല്‍പാദനങ്ങളില്‍ നിന്നും അന്വേഷണങ്ങളില്‍ നിന്നും അവര്‍ വിലക്കപ്പെട്ടു. നീഗ്രോകള്‍ക്ക് ബുദ്ധിയില്ല എന്നതായിരുന്നു അന്നത്തെ യൂറോപ്യന്‍ വംശീയ നിര്‍മിതി.
അധിനിവേശ ശക്തികളാല്‍ തകര്‍ക്കപ്പെട്ട മറ്റൊരു വിഭാഗമാണ് ഇന്‍ഡോ-യൂറോപ്പ്യന്‍ സ്ത്രീകള്‍. തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് ഇന്‍ഡോ-യൂറോപ്യന്‍ ജ്ഞാനം കൈമാറ്റം ചെയ്തവര്‍ എന്നാണ് റമോണ്‍
ഗ്രോസ്ഫുഗല്‍ അവരെ കുറിച്ച് പറയുന്നത്. സാമൂഹികമായും സാംസ്‌കാരികമായും വൈജ്ഞാനികമായും ഉന്നത സ്ഥാനീയ്യരും, ജൈവശാസ്ത്രം, ഗോളശാസ്ത്രം തുടങ്ങി പല വിജ്ഞാന മേഖലകളിലും നിപുണരുമായിരുന്നു അവര്‍. എന്നാല്‍, യക്ഷികളെന്ന് ആരോപിക്കപ്പെട്ട അവര്‍ ജീവനോടെ ആഗ്‌നിയാക്കപ്പെട്ടു. ക്രൈസ്തവ കേന്ദ്രീകൃതമായ പുരുഷാധിപത്യ ലോകക്രമം സാധ്യമാക്കാനുള്ള രാഷ്ട്രീയ നീക്കമായിരുന്നു അത്. മുസ്‌ലിം സ്‌പെയിനിലെ പോലെ ലൈബ്രറികളോ പുസ്തകങ്ങളോ ആയിരുന്നില്ല അവരുടെ വിജ്ഞാന പ്രചാരണം മാര്‍ഗം. മറിച്ച്, വാമൊഴികളിലൂടെയുള്ള പ്രസരണം ആയിരുന്നു അവരുടേത്. അതിനാല്‍ തന്നെ അവരുടെ ശരീരം അഗ്‌നിക്കിരയാക്കപ്പെട്ടതോടെ അവരിലുള്ള പാരമ്പര്യ വിജ്ഞാനങ്ങളും കത്തിനശിച്ചു. കൊളോണിയല്‍ മുതലാളിത്ത ലോകക്രമത്തെ നിയന്ത്രിക്കുന്ന ക്രൈസ്തവ അധികാരത്തിന് ഭീഷണിയായിരുന്നു അവര്‍ എന്നതാണ് അവര്‍ക്കെതിരെ നടന്ന വയലന്‍സിന് കാരണം. ഇങ്ങനെയുള്ള വംശീയതയുടെയും അധിനിവേശത്തിന്റെയും രാഷ്ട്രീയ പശ്ചത്തലത്തിലാണ് ദെക്കാര്‍ത്തിയന്‍ ഫിലോസഫി രൂപപ്പെടുന്നത്. അതുകൊണ്ടുതന്നെ ദെക്കാര്‍ത്തിന്റെ ‘ഞാന്‍’ നല്‍കുന്ന അര്‍ഥവും വംശീയതയില്‍ അധിഷ്ഠിതമാണ്. അഥവാ, ‘ഞാന്‍’ ഒരിക്കലും ഒരു മുസ്‌ലിമോ ജൂതനോ ആഫ്രിക്കനോ ആവുക സാധ്യമല്ല എന്നാണ് റമോണ്‍ ഗ്രോസ്ഫുഗല്‍ പറയുന്നത്. പാശ്ചാത്യ പുരുഷന് മാത്രമാണ് ജ്ഞാനശാസ്ത്രപരമായ മേല്‍ക്കൈ ഉള്ളതെന്നാണ് ദെക്കാര്‍ത്തിന്റെ ഭാഷ്യം. അതിനപ്പുറത്തെ ഏതൊരു പാശ്ചാത്യേതര സംസ്‌കാരവും തരംതാണതും അപര്യാപ്തവുമാണ്. മേല്‍പ്പറഞ്ഞ വംശജ്ഞാനശാസ്ത്ര ഹത്യകളാണ് ‘ഞാന്‍’ അര്‍ഥമാക്കുന്ന വെളുത്ത
പാശ്ചാത്യ പുരുഷന്റെ സാംസ്‌കാരികവും ജ്ഞാനശാസ്ത്രപരവുമായ അപ്രമാദിത്യത്തെ സാധ്യമാക്കിയത്. തീര്‍ത്തും വംശീയമായ അടിത്തറയില്‍ സാധ്യമായ ദെക്കാര്‍ത്തിയന്‍ ഫിലോസഫി സൃഷ്ടിച്ച ജ്ഞാനഘടനകളും അതുണ്ടാക്കുന്ന അപര്യാപ്തമായ അപരന്റെ ഇമേജും പാശ്ചാത്യ ജ്ഞാന ഘടനകളുടെ നിര്‍മിതികളായ വംശീയ വിഷയികളെ സ്ഥിരപ്പെടുത്തുന്ന രാഷ്ട്രീയ വ്യവഹാരമായ ഇസ്‌ലാമോഫോബിയയുമാണ് എന്നും പടിഞ്ഞാറിന്റെ സ്വത്വം സ്ഥാപിക്കുന്നത്.
അലി ജൗഹര്‍ ചെങ്ങരത്ത്