അസ്‌ട്രോലാബ്; അറബ് ശാസ്ത്രമികവിന്റെ അത്ഭുത പ്രതീകം

1390

ഇസ് ലാമിക നാഗരികതയ്ക്ക് പാരമ്പര്യമായി ലഭിച്ചതിനെ പൂര്‍ണതയിലാക്കാനും അത് ഭംഗിയായി അവതരിപ്പിക്കാനുമുള്ള കഴിവ് ഏറ്റവും കൂടുതല്‍ പ്രകടമായത് അസ്‌ട്രോലാബിലായിരുന്നെന്ന് ഇംഗ്ലീഷ് ആര്‍ട്ട്ഡീലറും ഇസ് ലാമിക കലാ ലോകത്തെ ഏറ്റവും സ്വാധീനമുള്ള ഡീലര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒലിവര്‍ ഹോരെ വിവരിക്കുന്നുണ്ട്. എട്ടാം നൂറ്റാണ്ടില്‍ പ്രചാരത്തില്‍ വന്ന് ആധുനിക കംപ്യൂട്ടറുകളും ക്ലോക്കുകളും കണ്ടെത്തുന്നതു വരെ (ഏകദേശം പതിനേഴാം നൂറ്റാണ്ട്) പാശ്ചാത്യ ലോകത്തു ആസ്‌ട്രോലാബ് ഉപയോഗിക്കപ്പെട്ടിരുന്നു. കിഴക്കില്‍ പത്തൊമ്പതാം നൂറ്റാണ്ടു വരെ അതിജീവിക്കാനും കഴിഞ്ഞു. ജാതകം നോക്കാനും മറ്റു ജ്യോതിഷപരമായ ഉപയോഗങ്ങള്‍ക്കും യൂറോപ്യര്‍ക്കിടയില്‍ പ്രാധാന്യം നേടിയ അസ്‌ട്രോലാബിന്, യൂറോപ്പില്‍ ജ്ഞാനോദയകാലത്തു യുക്തി ചിന്തകള്‍ക്ക് സ്വാധീനം കൂടിയപ്പോഴാണ് മതിപ്പുകുറഞ്ഞത്.
പുരാതന ഗ്രീസില്‍ ഹിപ്പാര്‍ക്കസാണ് (ഏകദേശം 150 ബി.സിയില്‍ ജീവിച്ച)അസ്‌ട്രോലാബിലേക്കുള്ള പ്രഥമ ചുവടുവെപ്പുകള്‍ നടത്തുന്നത് അതായത്, ഒരു ത്രിമാന ആകാശ രൂപത്തെ ദ്വിമാനത്തിലായി ചിത്രീകരിക്കുന്ന രീതിയാണ് ഹിപ്പാര്‍ക്കസ് പരിചയപ്പെടുത്തിയത്. ഇതേരീതിയില്‍ തന്നെയാണ് അസ്‌ട്രോലാബിന്റെ പ്രവര്‍ത്തനവും നടക്കുന്നത്. ഉത്ഭവം അവ്യക്തമാണെങ്കിലും അലക്സാണ്ട്രിയയില്‍ ജീവിച്ചിരുന്ന ഗണിത-ഗോള ശാസ്ത്രജ്ഞര്‍ അസ്‌ട്രോലാബിലേക്കു ചൂണ്ടുന്ന രീതിയിലുള്ള പ്രബന്ധങ്ങള്‍ എഴുതിയിട്ടുണ്ട്.
ഗണിത നിയമങ്ങളും മാപ്പ് രൂപീകരണത്തിനാവശ്യമായ വിശദീകരണങ്ങളും നല്‍കിയിട്ടുള്ള, നിലവില്‍ ലഭ്യമല്ലാത്ത ടോളമിയുടെ ഒരു രചന കാണാം. ഇന്ന് നിരുപാധികം അസ്‌ട്രോലാബ് എന്നു വിളിക്കുന്ന പ്ലാനിസ്‌ഫെറിക് അസ്‌ട്രോലാബിനെ കുറിച്ചുള്ള വിവരങ്ങള്‍ അതിലോ അദ്ദേഹത്തിന്റെ കാലത്തോ കാണാന്‍ കഴിയില്ല. എന്നിരുന്നാലും, അറബികള്‍ അസ്‌ട്രോലാബിന്റെ യാദൃശ്ചിക കണ്ടുപിടുത്തതിന്റെ അവകാശം ടോളമിക്ക് നല്‍കുന്നുണ്ട്. പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അറബ് ചരിത്രകാരന്മാരില്‍ പ്രധാനിയായ ഇബ്നു ഖല്ലിക്കാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു: ഒരിക്കല്‍ കുതിര സവാരിക്കിറങ്ങിയ ടോളമിയുടെ കയ്യിലുണ്ടായിരുന്ന ഗ്ലോബ് യാദൃശ്ചികമായി നിലത്തു വീണു. കുതിരയുടെ കുളമ്പ് കയറി ഗ്ലോബ് പരന്ന രൂപത്തിലായി. അങ്ങനെയാണ് പ്ലാനിസ്‌ഫെറിക് അസ്‌ട്രോലാബ് രൂപപ്പെടുന്നത്.
അസ്‌ട്രോലാബിനെ കുറിച്ചുള്ള പഴയ ലാറ്റിന്‍ പഠനങ്ങളില്‍ ഒരുപാട് പിശകുകളും പാതി ഗ്രഹിച്ച അറബിക് ടെര്‍മിനോളജിയുടെ ഉപയോഗവുമുണ്ടായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ പാതി വരെ കൃത്യവും കുറ്റമറ്റതുമായ ഒരു അസ്‌ട്രോലാബ് നിര്‍മിക്കാന്‍ പാശ്ചാത്യര്‍ക്കായില്ല. സഭാസമയ ക്രമീകരണത്തിനും പ്രാര്‍ഥനാ സമയം നിശ്ചയിക്കുന്നതിനും നേരിട്ട പ്രശ്നങ്ങള്‍ പരിഹരിക്കാനെന്നോണമാണ് മധ്യകാല ക്രിസ്ത്യന്‍ പടിഞ്ഞാറ് അസ്‌ട്രോലാബിനെ സമീപിക്കുന്നത്.
സാമ്പത്തികമായി വളരെ അഭിവൃദ്ധിപ്പെട്ടിരുന്ന ഫ്രാന്‍സ്,ജര്‍മനി,ഇംഗ്ലണ്ടിലെ മഠങ്ങളില്‍ പോലും അക്കാലത്ത് പുരാതന ശാസ്ത്രത്തിലുള്ള പഠന പുസ്തകങ്ങള്‍ കുറവായിരുന്നു. ഇസ് ലാമിന്റെ ആഗമന ശേഷം പുരോഗതി പ്രാപിച്ച സ്പെയിനിലെ ശാസ്ത്ര മേഖലയുമായി ബന്ധപ്പെട്ടിരുന്ന കാറ്റലോണിന്‍ പതിരിമാര്‍ക്ക് മാത്രമേ വിവര്‍ത്തനം ചെയ്യപ്പെട്ട അറബി ഗ്രന്ഥങ്ങളുടെയും മറ്റു ശാസ്ത്ര രചനകളുടെയും വലിയ തോതിലുള്ള ഉപയോഗം നടത്താന്‍ സാധിച്ചിരുന്നുള്ളൂ. അസ്‌ട്രോലാബിനെ കുറിച്ചുള്ള വിവരങ്ങളും അന്ദലുസില്‍ നിന്ന് തന്നെയാണ് പശ്ചാത്യര്‍ക്ക് ലഭ്യമാകുന്നതും.
ചാര്‍ട്ടസിലെ ബിഷപ്പും കത്രീഡല്‍ സ്‌കൂള്‍ അധ്യാപകനുമായിരുന്ന ഫുള്‍ബെര്‍ട്(970-1028) തയ്യാറാക്കിയ അസ്‌ട്രോലാബിന്റെ ഭാഗമായി വരുന്ന അറബി ലാറ്റിന്‍ പദാവലിയിലൂടെ അറബി ടെര്‍മിനോളജിയുടെയും ആശയങ്ങളുടെയും പാശ്ചാത്യ കലാ-ശാസ്ത്ര ഗോദയിലേക്കുള്ള ഒഴുക്ക് സംഭവിക്കുകയായിരുന്നു. ഇന്നുപയോഗിക്കുന്ന നക്ഷത്ര സമൂഹങ്ങളുടെയും ഗ്രഹങ്ങളുടെയും പേരുകള്‍ ലാറ്റിന്‍ ഭാഷയിലേതാണ്. അതിന്റെ മിക്കതിന്റെയും ഉത്ഭവം അറബി ഭാഷയില്‍ നിന്നാണ്.
കടല്‍ യാത്രകളും സഞ്ചാരങ്ങളും അധികരിച്ച പതിനാല്,പതിനഞ്ച് നൂറ്റാണ്ടു കാലത്താണ് പടിഞ്ഞാറില്‍ ഇതിന്റെ ഉപയോഗം വ്യാപിക്കുന്നത്. പ്രചാരത്തിലുണ്ടായിരുന്ന മറ്റു ഉപകാരങ്ങള്‍ ദിശനിശ്ചയിക്കുന്നതില്‍ പരാജയപ്പെടുന്നതിനാല്‍ തന്നെ യൂറോപ്യന്‍ സഞ്ചാരങ്ങളില്‍ അസ്‌ട്രോലാബ് കൂടാതെ വയ്യെന്നായി. കൊളംബസും പോര്‍ട്ടുഗീസ് സഞ്ചാരി ബര്‍ത്തലോമിയോസ് ഡയാസും അസ്‌ട്രോലാബ് ഉപയോഗിച്ചതായി രേഖകളിലുണ്ട്. ഡയസ് 1488 ല്‍ കേപ്പ് ഓഫ് ഗുഡ് ഹോപ്പിന്റെ ഉയരം അളക്കുന്നതിനായി അസ്‌ട്രോലാബ് ഉപയോഗിച്ചിട്ടുണ്ട്.
അസ്‌ട്രോലാബിനു സമാനമായ ഒരു ഉപകരണം ഉപയോഗിച്ചതായി ടോളമി രേഖപ്പെടുത്തുന്നുണ്ടെങ്കിലും വാസ്ത്തവത്തില്‍ അറബികള്‍ക്ക് ശാസ്ത്ര പഠനത്തിന് സഹായമാകും വിധം ഒരു ഗ്രീക്ക് അസ്‌ട്രോലാബും അവശേഷിച്ചിരുന്നില്ല. മധ്യകാല മുസ് ലിം തത്വചിന്തകനും ഗോളശാസ്ത്രജ്ഞനുമായ മുഹമ്മദ് ഇബ്‌നു ഇബ്റാഹിം അല്‍ ഫസാരിയെയാണ് ഇസ് ലാമിക ലോകത്തെ ആദ്യ അസ്‌ട്രോലാബ് നിര്‍മാതാവായ ഗണിക്കപ്പെടാറുള്ളത്.
അസ്‌ട്രോലാബിനെ കുറിച്ച് ആദ്യമായി ഒരു വ്യക്തമായ വിവരണം നല്‍കിയത് ഒമ്പതാം നൂറ്റാണ്ടില്‍ ബാഗ്ദാദിലെ അസ്ട്രോണമേര്‍ ആയിരുന്ന അല്‍ ഫര്‍ഗാനിയായിരുന്നെന്നു മാത്രം. അസ്‌ട്രോലാബ് നിര്‍മാണം ഒരു കലയായി മാറിയതോടെ സ്ത്രീകളടക്കം ഈ കലയുടെ ഭാഗമാവാന്‍ ശ്രമിച്ചു, അലെപ്പോയില്‍ നിന്നുള്ള മറിയം (അല്‍ ഇജ് ലിയ ബിന്‍ത് അല്‍ ഇജ് ലി അല്‍ അസ്തുര്‍ലാബി) തന്റെ പിതാവിന്റെ ജോലി പിന്തുടര്‍ന്ന് അസ്‌ട്രോലാബ് നിര്‍മാണതില്‍ ശ്രദ്ധ ചെലുത്തിയിരുന്നു. ഹമദാനി ഭരണാധികാരി സൈഫുദ്ദൗലയുടെ കൊട്ടാരത്തില്‍ നിര്‍മാതാവായ ജോലി ചെയ്യാനും മഹതിക്കായി.
പല രൂപങ്ങളിലായി അസ്‌ട്രോലാബ് നിര്‍മിക്കപ്പെട്ടിരുന്നു, പതിനൊന്നാം നൂറ്റാണ്ടില്‍ ടോളിഡോയില്‍ രൂപപ്പെട്ട യൂണിവേഴ്സല്‍ അസ്‌ട്രോലാബ്‌സ് നക്ഷത്ര നിരീക്ഷണത്തിലും അതിനെ മാപ്പ് ചെയ്യുന്നതിലും വിപ്ലവകരമായ മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കി. ഔഷധ വിദഗ്ദനായ അലി ഇബ്ന്‍ ഖലീഫ അല്‍ഷജ്ജാറും സര്‍ഖാലിയുമാണ് ഈ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. പ്രത്യേക സ്ഥലത്തിനായി നിര്‍മിക്കപ്പെട്ടതിനാല്‍ തന്നെ വ്യത്യസ്ത ലാറ്റിട്യൂട് പ്ലേറ്റുകളുടെ ആവശ്യം സാധാരണ അസ്‌ട്രോലാബുകള്‍ക്കു വന്നതുകൊണ്ട് ഏതു സ്ഥലത്തുനിന്നും കൃത്യമായി ഉപയോഗിക്കാന്‍ കഴിയുന്ന യൂണിവേഴ്സല്‍ അസ്‌ട്രോലാബ് മറ്റു അസ്‌ട്രോലാബുകളില്‍ നിന്നും വേറിട്ടുനിന്നു. പ്ലാനിസ്‌ഫെറിക് ആസ്‌ട്രോലാബ്സിനു പുറമെ ക്വാഡറന്റ്, റോജസ് നൗട്ടിക്കല്‍ എന്നിങ്ങനെ പല തരത്തിലുള്ള അസ്‌ട്രോലാബ്‌സ് നിര്‍മിക്കപ്പെട്ടിരുന്നു. കൂട്ടത്തില്‍ എദന്‍കാരനായ മുഹമ്മദ് ഇബ്ന്‍ അബീബക് ര്‍ അല്‍ഫാരിസി നിര്‍മിച്ച ഗിയര്‍ സംവിധാനിച്ച അസ്‌ട്രോലാബ് വളരെ അത്ഭുതകരമാണ്. അല്‍ഫാരിസി തന്റെ അല്‍തുഹ്ഫ എന്ന ഗ്രന്ഥത്തില്‍ ഇസ്ലാമിക ഗോളശാസ്ത്ര ചരിത്രത്തെയും അതിനോടു മതം സ്വീകരിച്ച സമീപനങ്ങളെ കുറിച്ചും വാചാലമാകുന്നുണ്ട്.
രൂപത്തില്‍ ആകര്‍ഷനീയവും കൈകാര്യം ചെയ്യാന്‍ വളരെ എളുപ്പവുമായ ഈ ഉപകരണം കെട്ടിടങ്ങളുടെ ഉയരം അളക്കാനും, കിണറിന്റെ ആഴം നോക്കാനും, ലാറ്റിട്യൂട് നിശ്ചയിക്കാനും, സൂര്യന്റെയും പ്രധാന നക്ഷത്രങ്ങളുടെ സ്ഥാനം കണ്ടെത്താനും ഉപയോഗിക്കപ്പെട്ടു.ഇസ്ഫഹാനില്‍ ജീവിച്ചിരുന്ന മുസ് ലിം ഗോളശാസ്ത്രജ്ഞനായ അല്‍സുഫി അസ്‌ട്രോലാബിന്റെ ആയിരം ഉപയോഗങ്ങള്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
ഇസ് ലാമിക ലോകത്ത് മതപരമായ ആവശ്യങ്ങള്‍ക്കു വേണ്ടി ഇവ വളരെ പ്രാധാന്യം നേടി. സൂര്യോദയാസ്തമയ സമയം നിശ്ചയിക്കാന്‍ കഴിയുന്നതിനാല്‍ തന്നെ അഞ്ചു വഖ്ത് നിസ്‌കാരങ്ങളുടെ സമയം കൃത്യമായി അളക്കാന്‍ അസ്‌ട്രോലാബ് കൊണ്ടു സാധിച്ചു. ഖിബ് ല മനസ്സിലാക്കുന്നതിനു വേണ്ടി കഅ്ബയുടെ ദിശ തിരിക്കാന്‍ ഇതുപകാരപ്പെട്ടു. അറബ് ശാസ്ത്ര മികവിനെ വിളിച്ചോതുന്നുണ്ട് ഈ അസ്‌ട്രോലാബുകളുടെ കൃത്യത. ക്ലാസിക്കല്‍ ഉറവിടങ്ങളില്‍ നിന്നും കണ്ടെത്തി വിപുലീകരിച്ച ഈ ഉപകരണം പല ശാസ്ത്രീയ പ്രശ്നങ്ങള്‍ക്കും പരിഹാരമായതോടെ അറബികള്‍ ഇതിന്റെ നിര്‍മാണത്തില്‍ അഭിമാനാര്‍ഹരായി. സമയം പാലിക്കുന്നതിലെയും ഗോളശാസ്ത്രം,ജ്യോതിശാസ്ത്രം കാര്‍ട്ടോഗ്രാഫികളില്‍ ഉയര്‍ന്നുവന്ന ഒരുപാട് സംശയങ്ങള്‍ക്കുത്തരം നല്‍കിയ അസ്‌ട്രോലാബ് അറബ് ശാസ്ത്രത്തിന്റെ മുഖമുദ്രയാണ്.
ജാതകം നോക്കാനും ഉപയോഗിക്കപ്പെട്ട ആ
സ്‌ട്രോലാബ് ജ്യോതിശാസ്ത്രജ്ഞര്‍ക്ക് കണക്കുകള്‍ കുറിച്ചുവെക്കുന്നതിനു സഹായകരമായി. എന്നിരുന്നാലും, അസ്‌ട്രോലാബ് ഒരിക്കലും ഒരു വെറും ശാസ്ത്രീയ ഉപകരണം മാത്രമായിരുന്നില്ല. മറിച്ച്, അതിന്റെ പ്രവര്‍ത്തനത്തിലും ഭാവത്തിലും മനോഹാരിത നിറഞ്ഞതിനാല്‍ തന്നെ ഭംഗിയുടെ അടയാളം കൂടിയായിരുന്നു. രൂപത്തില്‍നിന്ന് ആര്,എപ്പോള്‍, എവിടെ വെച്ച് ഇതിനെ ഉപയോഗിച്ച് എന്നു മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു. ഒരു നാടിന്റെയും സംസ്‌കാരത്തിന്റെയും അടയാളപ്പെടുത്തലായിരുന്നു ഇത്. ലഭ്യമായ ഒരു അസ്‌ട്രോലാബില്‍ ഖുര്‍ആനിക ആയത്(ആയത്തുല്‍ കുര്‍സി) എഴുതിവെക്കപ്പെട്ടതായി കാണാം. ഇസ് ലാമിക ലോകത്തിപ്പോഴും ശാസ്ത്ര സാംസ്‌കാരിക മികവിന്റെ പ്രതീകമായി തന്നെ അസ്‌ട്രോലാബ് അവശേഷിക്കുന്നു. കമ്പനി ലോഗോകളിലും ഔദ്യോഗിക ഉദ്യാനങ്ങളിലും ഷോപ്പിംഗ് കേന്ദ്രങ്ങളിലും ഇതിന്റെ രൂപങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടാറുണ്ട്. അറബികള്‍ പടിഞ്ഞാറിനു സമ്മാനിച്ച ശാസ്ത്ര കണ്ടെത്തലുകളിലെ ഒരു തിളക്കമാര്‍ന്ന നക്ഷത്രം തന്നെയാണ് അസ്‌ട്രോലാബ്, അതിന്റെ വശ്യമായ നിര്‍മാണ ശൈലിയും ഉപയോഗത്തിലെ ആയാസവും അത്ഭുതം കൂറുന്നതുതന്നെ.

മുര്‍ഷിദ് അമരയില്‍