ആഇശാ ബീവിയുടെ വിവാഹവും ലിബറലുകളുടെ അസ്വസ്ഥതയും

814

പ്രവാചകരുടെ വിവാഹങ്ങള്‍ സംബന്ധമായ ചര്‍ച്ചകളില്‍ പ്രധാനമാണ് ആഇശാ ബീവിയുമായുള്ള വിവാഹം. ശൈശവ വിവാഹം എന്ന ആരോപണമാണ് അതിനെതിരെ ലിബറല്‍, നിരീശ്വരവാദി, സ്വതന്ത്രചിന്താ ലോകത്തു നിന്നും ഉയര്‍ന്നു കേട്ടിട്ടുള്ളത്. ലോകത്തിന് മാതൃകയായ ഒരു വ്യക്തിത്വം ശിശുക്കളെ വിവാഹം കഴിക്കാമോ എന്ന ചോദ്യം പ്രസക്തമാണ്. എന്നാല്‍, എന്താണ് ശൈശവ വിവാഹം എന്ന ചോദ്യം അതിലേറെ പ്രധാനമാണ്. ആരാണ് ശിശു? എന്താണ് ശിശുവാകുന്നതിന്റെ പ്രായപരിധി? നിലവില്‍ ഇന്ത്യയില്‍ പതിനെട്ട് വയസ്സാണ് പ്രായപൂര്‍ത്തിയുടെ പരിധിയായി നിര്‍ണയിച്ചിട്ടുള്ളത്. പതിനെട്ടിനു മുമ്പ് തന്നെ ശാരീരികമായി ലൈംഗികതൃഷ്ണയും ശേഷിയും വളരുന്നുണ്ടെങ്കിലും മാനസിക പക്വത കൂടി പരിഗണിച്ചതിനു ശേഷമാണ് പതിനെട്ടായി നിശ്ചയിച്ചതെന്ന് എന്നാണ് വാദിക്കപ്പെടുന്നത്. എന്നാല്‍, ഈ പതിനെട്ട് എന്ന പരിധി നിലവിലെ ഉത്തരാധുനിക ഇന്ത്യന്‍ സാമൂഹികസ്ഥിതിയില്‍ നിന്നുകൊണ്ടോ ആഗോള സാഹചര്യത്തെ വിലയിരുത്തി കൊണ്ടോ എടുത്ത തീരുമാനമാണ്. മറ്റു ചില ഭൗമ,സാംസ്‌കാരിക പരിഗണനകള്‍ വെച്ചു നോക്കിയാല്‍, ഈ പതിനെട്ട് ഇരുപതാക്കി ഉയര്‍ത്തുകയോ, അല്ലെങ്കില്‍ പതിനേഴാക്കി താഴ്ത്തുകയോ ചെയ്യേണ്ടി വന്നേക്കാം. ആയിരത്തി നാനൂറു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള വിവാഹത്തെ കുറിച്ചാണ് നാം ചര്‍ച്ച ചെയ്യുന്നത് എന്ന ഓര്‍മയും ഇക്കാര്യത്തില്‍ ഉണ്ടായിരിക്കണം. വിശുദ്ധ ഖുര്‍ആനു ശേഷം മുസ്‌ലിം സമൂഹങ്ങള്‍ ഏറ്റവുമധികം ആധികാരികമായി കാണുന്ന ഹദീസ് സമാഹാരമായ സഹീഹുല്‍ ബുഖാരി ആഇശാ ബീവിയുടെ വിവാഹനിശ്ചയം നടന്നത് ആറാം വയസ്സിലും വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചത് ഒമ്പതാം വയസ്സിലും ആണെന്ന് കാണാവുന്നതാണ്. ഈ പാരമ്പര്യത്തിന്റെ വിശ്വാസ്യതയെ സംരക്ഷിക്കണമെന്ന താത്പര്യമുള്ളവര്‍ക്ക് തീര്‍ച്ചയായും അത് വിശദീകരിക്കേണ്ട കടമയുണ്ട്. അതിനു വേണ്ടിയുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്.


ഒന്ന്
ഒമ്പതാം വയസ്സില്‍ ആഇശ ഉമ്മയെ വിവാഹം ചെയ്തതിനാല്‍ നബി (സ്വ) കൂടുതല്‍ മാതൃകയാവുകയാണ് ചെയ്തത്. കാരണം, ആ പ്രായത്തില്‍ വിവാഹം നടന്നാല്‍ സംഭവിക്കുമായിരുന്നു എന്ന് ആധുനികത കരുതിയ ഒന്നും അവരുടെ ഇടയില്‍ സംഭവിച്ചില്ല. മറിച്ച്, അവര്‍ പൂര്‍ണസംതൃപ്തയും, അഭിമാനിയുമായി തുടര്‍ന്നു. അതായത്, നബി ഏത് സന്ദേശമാണോ കൊണ്ടുവന്നത് അതിനെ പരിപോഷിപ്പിക്കാന്‍ ആഇശാ ബീവി മുന്നില്‍ നിന്നു. അതിനു വേണ്ടി ജ്ഞാനോദ്പാദനം നടത്തി. 2000 ത്തിലധികം ഹദീസുകള്‍ നിവേദനം ചെയ്തു. ഹാക്കിം അഭിപ്രായപ്പെട്ടതു പ്രകാരം ആറ് ആധികാരിക ഹദീസ് ശേഖരങ്ങളുടെ 25 ശതമാനത്തോളം ആഇശാ ബീവിയുടെ നിവേദനങ്ങള്‍ വരും. താന്‍ റിപ്പോര്‍ട്ട് ചെയ്തതും അല്ലാത്തതുമായ ഉള്ളടക്കങ്ങളില്‍ സഹാബിമാരോട് ആഇശാ ബീവി തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇസ്‌ലാമിക പാരമ്പര്യത്തിലെ നിയമവ്യവസ്ഥയുടെ രൂപീകരണത്തെ ആഇശാ ബീവി എന്ന സ്ത്രീ കാര്യമായി സ്വാധീനിച്ചു എന്നര്‍ഥം. മറ്റൊരു പാരമ്പര്യത്തിലും ഒരു പെണ്ണിന് സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത നേട്ടം.! പത്തൊമ്പതാം നൂറ്റാണ്ടു വരെ യൂറോപ്പില്‍ പോലും നടപ്പില്‍ വരാതിരുന്ന നേട്ടം. ദാമ്പത്യത്തില്‍ സംതൃപ്തയല്ലായിരുന്നെങ്കില്‍ ആഇശാ ബീവി ഇതൊന്നും ചെയ്യുമായിരുന്നില്ല. മാത്രമല്ല, സുമംഗലിയായ ഒരു ഒമ്പതുവയസ്സുകാരിക്ക് സംഭവിച്ചേക്കുമെന്ന് ഇക്കാലത്ത് വാദിക്കപ്പെടുന്നതൊക്കെ അവരുടെ ജീവിതത്തില്‍ നടന്നിരുന്നുവെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ല. ചെറു പ്രായത്തില്‍ വിവാഹം കഴിച്ചാല്‍ ചിലതൊക്കെ സംഭവിക്കുമെന്ന ഉത്കണ്ഠയെ നബി അട്ടിമറിച്ചു എന്നര്‍ഥം. അതാണ് നബിയുടെ മാതൃക. അതുകൊണ്ടാണ് ആഇശാ ബീവിയുടെ വിവാഹത്തിന്റെ കാര്യത്തിലൂടെ നബി കൂടുതല്‍ മാതൃകയാവുകയാണ് ചെയ്തത് എന്നു നിരീക്ഷിക്കുന്നതിന്റെ പൊരുള്‍. ഇങ്ങനെയാണ് കാര്യങ്ങളെങ്കില്‍ പിന്നെ ഇവിടെ വയസ്സിനെന്ത് പ്രസക്തിയാണുള്ളത്? വയസ്സ് കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഈ പശ്ചാത്തലത്തില്‍ നിലനില്‍പ്പില്ലാതെ പോവുകയാണ് ചെയ്യുന്നത്. കാരണം, ആഇശ എന്ന മാതൃകാവനിത ഇപ്പോഴും ഒരു ഒമ്പതുവയസ്സുകാരിയായി ഒരു മധ്യവയസ്‌കനുമുമ്പില്‍ വിഷണ്ണയായി നില്‍ക്കുന്നില്ല. മറിച്ച്, അവര്‍ ആ പ്രായം കഴിഞ്ഞു പോവുകയും ശക്തമായ സാന്നിധ്യമായി ഇവിടെ ജീവിക്കുകയും ചെയ്തിട്ടുണ്ട്. അവര്‍ നിവേദനം ചെയ്ത നബിയുടെ ജീവിതസന്ദര്‍ഭങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് മുസ്‌ലിംകള്‍ക്ക് ജീവിക്കാനാവശ്യമായ നിയമങ്ങള്‍ രൂപീകരിക്കപ്പെട്ടത്. ഇത്തരം നിയമങ്ങള്‍ക്കും വിധികള്‍ക്കും അനുസരിച്ചാണ് ലോകത്തെ മില്യണ്‍ കണക്കിന് മുസ്‌ലിംകള്‍ അവരുടെ ജീവിതം ചിട്ടപ്പെടുത്തിയത്. നിലവില്‍ ആഇശാ ബീവി എന്നാല്‍ ഇതൊക്കെയാണ്, അല്ലാതെ, ആ പഴയ ഒമ്പത് വയസ്സുകാരിയല്ല. വയസ്സ് വിട്ട് അവരുടെ ജീവിതത്തിലേക്കും, മരണത്തിനപ്പുറത്തേക്കുമുള്ള അവരുടെ സ്വാധീനത്തിലേക്കുമാണ് ചര്‍ച്ച പോകേണ്ടത്.


രണ്ട്
വിമര്‍ശിക്കാന്‍ എല്ലാ അടവും പയറ്റിയ നബിയുടെ കാലത്തെ ശത്രുക്കളോ, ഓറിയന്റലിസ്റ്റുകള്‍ പോലുമോ പ്രായത്തിന്റെ വിഷയത്തില്‍ നബിയെ അധിക്ഷേപിച്ചിട്ടില്ല. കാരണം, അക്കാലത്ത് പ്രസ്തുത പ്രായം അത്രയും നോര്‍മല്‍ ആയിരുന്നു. അക്കാലത്ത് മാത്രമല്ല, പില്‍കാലത്തും നിലവിലും അതുതന്നെയാണ് വിവാഹപ്രായത്തിന്റെ അവസ്ഥ. ഈ യുഗത്തില്‍ തന്നെ ലോകരാജ്യങ്ങളിലെ വിവാഹപ്രായം മുഴുവന്‍ പതിനെട്ടോ അതിനു മുകളിലോ അല്ല. 2019 ലെ കണക്കു പ്രകാരം ഇംഗ്ലണ്ടിലെ അംഗീകൃതമായ വിവാഹപ്രായം പുരുഷനും സ്ത്രീക്കും 16 ആണ്. ലോകത്ത് ഭൂരിപക്ഷം നാടുകളിലും വിവാഹത്തിനുള്ള അടിസ്ഥാന പ്രായം 14-16 ഒക്കെയാണെന്നു കാണാം. പത്തൊമ്പതാം നൂറ്റാണ്ട് വരെ ആരും വിവാഹത്തിന്റെ പ്രായം ഒരു പ്രശ്‌നമായി കണ്ടിട്ടില്ല. ലോകത്ത് മാതൃകാജീവിതം നയിച്ച സര്‍വ മഹദ് വ്യക്തികളുടെ ജീവിതങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും. ശൈശവ വിവാഹം എന്ന ബിന്ദുവില്‍ ചര്‍ച്ച കേന്ദ്രീകരിക്കുമ്പോള്‍ ആരാണ് ശിശു, എന്താണ് ശൈശവം എന്നതിനെക്കുറിച്ച് വ്യക്തത വേണ്ടതുണ്ട്. ശൈശവം എന്ന അവസ്ഥയെക്കുറിച്ച് നീല്‍ പോസ്റ്റ്മാന്‍ തന്റെ ThT he Disappearance of Childhood എന്ന പുസ്തകത്തില്‍ നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്. Childhood is largely a biproduct of the way in which information is disseminated throughout a socitey, അഥവാ, സമൂഹങ്ങള്‍ കൈമാറുന്ന അറിവും വിവരങ്ങളും ഒരാളുടെ ശൈശവത്തെ നിര്‍ണയിക്കുന്നതില്‍ കാര്യമായി സംഭാവന ചെയ്യുന്നുണ്ട്. മുതിര്‍ന്നവര്‍ കൈമാറുന്ന രഹസ്യ വിവരങ്ങളെ പോലെ. മുതിര്‍ന്നവര്‍ കൈമാറുന്ന അറിവ് കൂടുതല്‍ കിട്ടുമ്പോള്‍ കുട്ടികളിലെ ശൈശവം അപ്രത്യക്ഷമാവുകയും അവര്‍ക്ക് കൂടുതല്‍ കൈവരികയും ചെയ്യുന്നു എന്നാണ് സ്റ്റീല്‍മാന്‍ നിര്‍ദേശിക്കുന്നത് (T he Disappearance of Childhood, Neil Postman, 1994). ഇങ്ങനെ കുട്ടികള്‍ക്ക് പ്രസരണം ചെയ്യുന്ന അറിവിന്റെ ഉള്ളടക്കവും വ്യാപ്തിയും സംസ്‌കാരങ്ങള്‍ക്കനുസരിച്ചും സമയത്തിനനുസരിച്ചും പരസ്പരം വ്യത്യാസപ്പെടുകയും ചെയ്യുന്നു. അതിനാല്‍, ശാരീരികമായ പ്രായപൂര്‍ത്തി എത്തിയാല്‍ പിന്നെ, മാനസിക പക്വത കൈവരിക്കുന്ന വിഷയത്തില്‍ ഓരോ സംസ്‌കാരവും വ്യത്യസ്തമാകുന്നു. അതു കൊണ്ടാണ് എന്താണ് ശൈശവം, ആരാണ് ശിശു എന്ന് നിര്‍ണയിക്കുന്നത് സങ്കീര്‍ണമാവുകയും ചെയ്യുന്നു എന്നാണ് അദ്ദേഹത്തിന്റെ വാദം.


മൂന്ന്
നബി ആഇശാ ബീവിയെ വിവാഹം ചെയ്ത പ്രായം ഒരു സാര്‍വലൗകിക നിയമമോ, മതത്തിലെ അനിവാര്യതയോ അല്ല. വിവാഹം ചെയ്യണം എന്നത് മാത്രമാണ് മാതൃക. പ്രായം അതത് സംസ്‌കാരങ്ങള്‍ക്ക് വിട്ട് തന്നിരിക്കുകയാണ്. ഇസ്‌ലാം വിവാഹം കഴിക്കാന്‍ ഒരു നിശ്ചിത പ്രായം നിശ്ചയിച്ചിരുന്നു എങ്കില്‍ അത് വലിയൊരു അബദ്ധം ആയിരുന്നേനെ, അതു കൊണ്ടാണ് അങ്ങനെയൊരു പ്രായനിശ്ചയം ഇസ്‌ലാമിക നിയമത്തിലോ പാരമ്പര്യത്തിലോ ഇല്ലാത്തത്. നബി വിവാഹം ചെയ്ത ഒരേയൊരു കന്യകയാണ് ആഇശാ ബീവി. ബാക്കിയുള്ള മുഴുവന്‍ ഉമ്മമാരും വിധവകളും യൗവനം കഴിഞ്ഞവരുമായിരുന്നു എന്നോര്‍ക്കുക.


നാല്
ഞങ്ങള്‍ നിശ്ചയിച്ച വയസ്സാണ് (18+) ശരി, അന്നത്തെ വയസ്സ് (9…) തെറ്റാണ് എന്നു യുക്തിസഹമായി വാദിക്കാന്‍ പുരോഗമനവാദികള്‍ക്ക് ഒരിക്കലും കഴിയില്ല. മറിച്ച്, ഞങ്ങളുടെ സംസ്‌കാരത്തില്‍ ഇങ്ങനെയാണ് ഉള്ളത് എന്ന് പറയാനേ വകുപ്പ് ഉള്ളൂ. കാരണം, ഒരു പ്രത്യേക പ്രായമാണ് ശരി മറ്റേത് തെറ്റാണ് എന്ന് പറയാന്‍ ഒരു പൊതു മാനദണ്ഡം കൂടിയേ തീരൂ. ഉദാഹരണത്തിന് ഇന്ത്യന്‍ രൂപ പാകിസ്താന്‍ കറന്‍സിയേക്കാള്‍ മുകളിലാണ് എന്ന് വെറുതെയങ്ങ് പ്രഖ്യാപിച്ചാല്‍ അങ്ങനെ അംഗീകരിക്കാനാവില്ല. മറിച്ച്, ഡോളറുമായി ഉള്ള വിനിമയ മൂല്യം നോക്കണം. ഡോളര്‍ എന്ന മാനദണ്ഡത്തെ അപേക്ഷിച്ച് ഇന്ത്യന്‍ രൂപ പാകിസ്താന്‍ രൂപയേക്കാള്‍ മൂല്യമുള്ളതാണെന്ന് പറയാനേ കഴിയൂ. അല്ലെങ്കില്‍ പിന്നെ, വേറൊരു സാധ്യയുള്ളത്, ലോകത്തെ മുഴുവന്‍ ജനവിഭാഗങ്ങളും, സംസ്‌കാരങ്ങളും നാടുകളും ഇതാണ് വിവാഹത്തിന്റെ യഥാര്‍ഥ പ്രായം എന്ന് സാര്‍വലൗകികമായ ഒരു പരിധി പ്രഖ്യാപിക്കണം. ലോകത്തൊരു ജനതക്കും, ചരിത്രത്തിലെവിടെയും അങ്ങനെ സാധ്യമായിട്ടില്ല, ആവുകയുമില്ല. ഓരോ ഭൂഖണ്ഡങ്ങളിലും, അവിടെയുള്ള വ്യത്യസ്ത രാജ്യങ്ങളിലും അതത് രാജ്യങ്ങളിലെ തന്നെ വ്യത്യസ്ത പ്രദേശങ്ങളിലും അങ്ങനെയൊരു അഭിപ്രായസമന്വയം സാധ്യമായിട്ടില്ല. അപ്പോള്‍, പിന്നെയുള്ള ഒരേയൊരു മാര്‍ഗം, ഓരോ സംസ്‌കാരങ്ങളിലും വിവാഹപ്രായം വ്യത്യസ്തമാണ് എന്ന് അംഗീകരിക്കലാണ്. അതില്‍ ഏതാണ് കൂടുതല്‍ ഉചിതം എന്ന് നിര്‍ണയിക്കാന്‍ ഒരു പൊതു മാനദണ്ഡം ഇല്ലാത്തതിനാല്‍ അതിന്റെ ശരിതെറ്റുകള്‍ അതത് സംസ്‌കാരങ്ങള്‍ക്ക് വിടുകയും ചെയ്യേണ്ടിവരും. അതിനാല്‍, ഇപ്പൊള്‍ നടക്കുന്ന വിവാദം ആധുനികതയുടെ മണ്ടന്‍ യുക്തികളില്‍ ഒന്ന് മാത്രമാണ്. ഞങ്ങളുടെ അഭിപ്രായത്തില്‍ ഇതാണ് വിവാഹത്തിന് ഏറ്റവും അനുയോജ്യമായ പ്രായമെന്ന് പുരോഗനമവാദികള്‍ക്ക് വാദിക്കാക്കുവുന്നതാണ്. എന്നാല്‍, അതുമാത്രമാണ് ബാക്കി മുഴുവന്‍ തെറ്റാണെന്ന് നിലപാടെടുക്കാന്‍ (moral position) അവര്‍ക്ക് സ്വീകരിക്കാന്‍ കഴിയില്ല, കാരണം അങ്ങനെ വാദിക്കണമെങ്കില്‍ അതിന് ഒരു പൊതുമാനദണ്ഡം വേണമെന്നര്‍ഥം. മാത്രമല്ല, ഞങ്ങളുടെ അഭിപ്രായത്തില്‍ ഇതാണ് വിവാഹത്തിന് ഏറ്റവും അനുയോജ്യമായ പ്രായമെന്ന് ലിബറലുകള്‍ക്കും പുരോഗമനവാദികള്‍ക്കും വാദിക്കാമെങ്കില്‍ അതേ പോലെ അവരുടെ പാരമ്പര്യവാദികള്‍ക്കും വാദിക്കാമെന്നതും ശ്രദ്ധേയമാണ്.


അഞ്ച്
ആധുനിക ലോകത്ത് വിവാഹപ്രായം സംബന്ധമായി കൂടുതല്‍ ഉത്കണ്ഠ നിലനില്‍ക്കാന്‍ കാരണം വിദ്യാഭ്യാസം, ലൈംഗിക പക്വത തുടങ്ങിയ കാര്യങ്ങളെ മുന്‍നിര്‍ത്തിയാണ്. ഇവിടെ ശ്രദ്ധേയമായൊരു കാര്യമുണ്ട്. അതായത് സ്‌കൂളിംഗ്, നിശ്ചിത പ്രായത്ത് നിശ്ചിത ക്ലാസ്സ്, ഒടുവില്‍ ഒരു ജോലി, അതിനിടയില്‍ വിവാഹം എന്നീ കരിയര്‍ ഘടനയിലേക്ക് വിദ്യാഭ്യാസ പ്രക്രിയ മാറിയത് ആധുനിക ലോകക്രമത്തിലാണ്. എന്നാല്‍, പൂര്‍വാധുനിക മുസ്‌ലിം ലോകത്ത് അറിവിന്റെ ശേഖരണവും ഉദ്പാദനവും നടന്നത് ധാര്‍മിക ജീവിതത്തിന്റെ ചുമതലാ നിര്‍വഹണം എന്ന അര്‍ഥത്തിലായിരുന്നു. അല്ലാതെ, വിദ്യാഭ്യാസത്തിന് പ്രായത്തെ ആശ്രയിക്കുന്ന ഘടനയൊന്നും അന്നുണ്ടായിരുന്നില്ല. കരിയര്‍, ജോലി തുടങ്ങിയവ അതിന്റെ പ്രധാന ലക്ഷ്യവുമായിരുന്നില്ല. അതിനാല്‍, ആഇശാ ബീവി ഒരു ജ്ഞാനിയായി മാറുന്നത് തന്റെ ‘ശൈശവ’ വിവാഹത്തോടെ നബിയുടെ ഭാര്യയായി മാറിയതിനു ശേഷമാണ്. കല്യാണം കഴിഞ്ഞാല്‍ പിന്നെ എല്ലാം നഷ്ടപ്പെട്ടു എന്ന് ആശങ്കപ്പെടുന്ന ആധുനിക ജീവിതഘടനക്ക് മനസ്സിലാവാത്ത ട്വിസ്റ്റ് ആണിത്. എന്നുകരുതി, ആധുനികലോകക്രമത്തില്‍ പ്രായോഗികമായ രീതികള്‍ മുസ്‌ലിംകള്‍ സ്വീകരിക്കേണ്ടതില്ല എന്നൊന്നും വാദിക്കുന്നില്ല. കാരണം, ഒമ്പതാം വയസ്സിലേ വിവാഹം കഴിക്കാവൂ എന്ന നിയമം ഇസ്‌ലാമിലില്ല. വിവാഹം കഴിക്കണമെന്നേയുള്ളൂ, പ്രായം അതത് സംസ്‌കാരങ്ങള്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. അതേസമയം, ലൈംഗിക തൃഷ്ണകള്‍ വന്നു തുടങ്ങിയാല്‍ പിന്നെ അനാരോഗ്യകരമായ ബന്ധങ്ങളിലേക്ക് കടക്കുന്നതു തടയുന്നതിന്റെ ഭാഗമായി എത്രയും പെട്ടെന്ന് വിവാഹജീവിതം ആരംഭിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.


ആറ്
ആയിശാ ബീവി വിവാഹസമയത്ത് പത്തൊമ്പതുകാരിയായിരുന്നു എന്ന് വാദിക്കുന്ന ചിലരുണ്ട്. സഹീഹുല്‍ ബുഖാരിയിലെ ഒമ്പത് എന്ന പ്രായം സ്വന്തം യുക്തിക്ക് യോജിക്കാത്തതുകൊണ്ട് സഹീഹുല്‍ ബുഖാരിയെ പോലും നിരാകരിക്കുന്നവരാണവര്‍. അവരുടെ വാദമിതാണ്: ‘ആയിശയുടെ വിവാഹം നടന്ന പ്രായം അവിടുത്തെ സഹോദരി അസ്മായുടെ പ്രായം കിട്ടിയാല്‍ കണക്കുകൂട്ടാവുന്നതാണ്. ആയിശയും അസ്മായും തമ്മില്‍ 10 വയസ്സ് വ്യത്യാസമുണ്ട്. മിശ്കാത്തിന്റെ രചയിതാവായ ഖത്തീബ് ത്വിബ്‌രീസി തന്റെ അസ്മാഉ രിജാല്‍ ചര്‍ച്ച ചെയ്യുന്ന ഗ്രന്ഥത്തില്‍ അസ്മാ ബീവി അവരുടെ 100 ആം വയസ്സില്‍ ഹിജ്‌റ 73 നാണ് മരണപ്പെട്ടതെന്ന് കാണാം. അപ്പോള്‍ ഹിജ്‌റ ഒന്നാം വര്‍ഷം അവര്‍ക്ക് 27 വയസ്സ് പ്രായം കാണണം. അപ്രകാരം, ആ സമയത്ത് ആയിശാ ബീവിക്ക് 17 വയസ്സാണ് പ്രായം. പിന്നീട്, ഹിജ്‌റക്കു ശേഷം രണ്ടാം വര്‍ഷമാണ് ആയിശയുടെ വിവാഹം. അപ്പോള്‍ അവരുടെ പ്രായം 19 ആകാനേ വഴിയുള്ളൂ’.
ഈ വാദം ഒറ്റനോട്ടത്തില്‍ ഭദ്രമായിട്ടാണ് തോന്നുക. പക്ഷേ, ഈ വാദത്തില്‍ രീതിശാസ്ത്രപരമായ തുടര്‍ച്ചയില്ലായ്മ (Methodological Inconsistency) പ്രകടമാണ്. സഹീഹുല്‍ ബുഖാരിയെ പോലുള്ള കണിശമായ വ്യക്തിനിരൂപണങ്ങളിലൂടെ അരിച്ചെടുത്ത ഹദീസ് സമാഹാരത്തിലുള്ള ഒമ്പത് വയസ്സ് എന്ന പ്രയോഗത്തെ ഇവര്‍ തള്ളുന്നു. എന്നാല്‍, അതേ സമയം തന്നെ, അതിന്റെയത്ര ഭദ്രതയില്ലാതെ കേവലം വിവരണസ്രോതസ്സുകളുപയോഗിച്ച് കൊണ്ട് അവര്‍ അസ്മാ ബീവിയുടെ മരണവര്‍ഷവും, ആഇശാ ഉമ്മയും അസ്മാ ബീവിയും തമ്മിലുള്ള പ്രായാന്തരവും സ്ഥാപിക്കുകയും ചെയ്യുന്നു. അതായത്, ഒരേ സമയം കൂടുതല്‍ ആധികാരികമായ സഹീഹുല്‍ ബുഖാരിയെ തള്ളുകയും അതേ സമയം അത്ര തന്നെ ആധികാരികമല്ലാത്ത കേവലം വിവരണങ്ങളെ തങ്ങളുടെ വാദം സ്ഥാപിക്കാന്‍ സ്വീകരിക്കുകയും ചെയ്യുന്നു.


ഏഴ്
ആധുനികത ഒരു ചരിത്രഘട്ടം മാത്രമല്ല, അതൊരു ലോക വീക്ഷണം കൂടിയാണ്. അതിന് അതിന്റേതായ നിപാടുകളും നിര്‍ബന്ധങ്ങളുമുണ്ട്. അതിന്റെ യുക്തിക്ക് വല്ലതും ഉള്‍ക്കൊള്ളാന്‍ പറ്റിയില്ലെങ്കില്‍ അത് ആധുനികതയുടെ പരിമിതിമാത്രമാണ്. എന്നിട്ടും, അത് നിങ്ങളെ അതിന്റെ യുക്തിക്കനുസരിച്ച് മാറാന്‍ നിര്‍ബന്ധിക്കുന്നു എങ്കില്‍ അതൊരു ജ്ഞാനശാസ്ത്രീയമായ അധികാര പ്രയോഗമാണ്. ആ പ്രയോഗത്തില്‍ നിന്ന് കുതറി മാറി, ജ്ഞാനശാസ്ത്രപരമായ വിസമ്മതം (Epistemological Disobedience) പ്രകടിപ്പിക്കുമ്പോഴാണ് വിശ്വാസി ഒരു പൂര്‍ണവിശ്വാസിയാവുന്നത്. ഇസ്‌ലാമിക പാരമ്പര്യങ്ങളെ പൊതുവെ മനസ്സിലാക്കേണ്ടതും വിലയിരുത്തേണ്ടതും യുക്തിചിന്തയിലൂടെ തന്നെയാണ്. എന്നാല്‍, കാലാന്തരേണ മാറിമറിയുന്ന, കാലത്തിന്റെ ബോധനിര്‍മിതിയായ യുക്തികള്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പുള്ള പാരമ്പര്യങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുക അസാധ്യമാണ്. മനുഷ്യന്റെ അടിസ്ഥാന യുക്തി ഉപയോഗിച്ചു കൊണ്ട് പാരമ്പര്യങ്ങളെ മനസ്സിലാക്കാം എന്നതു ശരി തന്നെ. പക്ഷേ, അവ എപ്പോഴും വെളിപാടിന്റെ ആധികാരികതക്ക് വിധേയമാണ്.

റശീദ് ഹുദവി ഏലംകുളം