ആഫ്രിക്കന്‍ വംശവെറികള്‍ക്ക് ഫരീദ് ഇസാക്കില്‍ നിന്നുളള തീര്‍പ്പ്

2695

ഇസ്ലാമില്‍ ഒരു കാലത്ത് പ്രോത്സാഹിക്കപ്പെട്ടതും പിന്നീട് ചൂഷണം ചെയ്യപ്പെട്ടപ്പോള്‍ നിരുത്സാഹപ്പെടുത്തിയതുമായ അടിമ വര്‍ഗം, അധികാരം എന്നിവയെയും, നാനാ വിധത്തിലുള്ള മര്‍ദ്ദനങ്ങളുടെയും ചൂഷണങ്ങളുടെയും പശ്ചാതലത്തില്‍ പരസ്പരം സഹായിച്ചും ആശ്രയിച്ചും കഴിഞ്ഞുപോകേണ്ട വൈവിദ്യങ്ങളെ കുറിച്ചും ഇസ്ലാമിക ദൈവശാസ്ത്ര സമീപനത്തില്‍ വിവരിക്കുന്ന ഒരു ലഘു കൃതിയാണ് ദക്ഷിണാഫ്രിക്കന്‍ വര്‍ണവിവേചന സമരത്തിന്റെ പശ്ചാതലത്തില്‍ പ്രമുഖ വിമോചന ദൈവശാസ്ത്ര ഗവേഷകനായ ഫരീദ് ഇസാദിന്റെ ‘ But Musa went to Fir’aun? A compilation of questions and answers about the role of Muslims in the south African struggle for liberation’ (എന്നിട്ടും മൂസ ഫറോവയെ തേടിചെന്നു: മലയാളം പരിഭാഷ).

ജുറൈസ് പൂതനാരി

ദക്ഷിണാഫ്രിക്കയില്‍ നിലനിന്ന അപ്പാര്‍ത്തിഡ് എന്ന വംശീയ വിവേചന ഭീകര വ്യവസ്ഥക്കെതിരായ ഒരു മുസ്ലിം രാഷ്ട്രീയ വിമര്‍ശനത്തിന്റെ പ്രായോഗിക/സൈദ്ധാന്തിക പ്രതിസന്ധികളെയാണ് 1980 കളുടെ തുടക്കത്തില്‍ ഈ പുസ്തകവും അതിന്റെ രചയിതാവും അഭിമുഖീകരിച്ചത്. അതുകൊണ്ടു തന്നെ ദക്ഷിണാഫ്രിക്കയുമായി ബന്ധപ്പെട്ടുള്ള വര്‍ണ വംശ ദുരൂഹ സാഹചര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുതായി കാണാം. ഈ പുസ്തകം മുസ്ലിം എന്ന പുതിയ രാഷ്ട്രീയ കര്‍ത്യത്തിന്റെ ഫലപ്രാപ്തിയെ കുറിച്ചുള്ള ചില സാധ്യതകളാണ് മുന്നോട്ടുവക്കുന്നത്. എങ്കിലും അത് എല്ലാ മുസ്ലിംകളും ഒരുപോലെ അംഗീകരിച്ചിരുന്ന കാര്യമായിരുന്നില്ല. വംശീയ സാമൂഹിക ക്രമത്തിന്റെയകത്ത് ഒത്തുതീര്‍പ്പുകളെ കുറിച്ചുള്ള വഴികളെ കുറിച്ചായിരുന്നു മുസ്ലിംകള്‍ അന്ന് ഉന്നയിച്ച ന്യായങ്ങള്‍.

ആധുനിക ഇസ്ലാമിലെ രാഷ്ട്രീയ ചിന്തയിലെ തന്നെ പല പ്രശ്നങ്ങളുമായും ഈ പുസ്തകം സംവദിക്കുന്നുണ്ട്. അതോടൊപ്പം തന്നെ 1960 കള്‍ മുതല്‍ മാല്‍ക്കം എക്സിലും അലീ ശരീഅത്തിയിലും പിന്നീട് എഴുപതുകളിലും എമ്പതുകളിലും അസ്ഗര്‍ അലി എഞ്ചിനീയറിലും സുറൂഷ് ഇര്‍ഫാനിയിലും തൊണ്ണുറുകളില്‍ ശബീര്‍ അക്തറിലും ഫരീദ് ഇസാക്കിലും ഹസന്‍ ഹനഫിയിലും പിന്നീട് കഴിഞ്ഞ ദശകത്തില്‍ ഹാമിദ് ദബാശിയിലും കണ്ട ഇസ്ലാമിക രാഷ്ട്രീയത്തെ കുറിച്ചുള്ള കീഴാള വായനയുടെയും ഇസ്ലാമിക വിമോചന ദൈവശാസ്ത്രത്തിന്റെയും ഒരു തലം ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നുണ്ട്.

ദക്ഷിണാഫ്രിക്കന്‍ മുസ്ലിംകളും കറുത്ത വര്‍ഗക്കാരും ഒരുപാട് കാലമായി അനുഭവിക്കുന്ന അസ്തിത്വ പ്രതിസന്ധികള്‍ക്ക് വിരാമം കാണണമെന്ന് ഈ പുസ്തകം പലയിടത്ത് പലതവണയായി വിളംബരം ചെയ്യുന്നുണ്ട്. യൂറോ കേന്ദ്രീകൃത സ്വത്വ പ്രതിസന്ധികള്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും ഏഷ്യന്‍ രാജ്യങ്ങളിലും ദര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ല. ഓരോ നാട്ടിലും വ്യത്യസ്ഥ കോണിലൂടെയാണ് സ്വത്വ പ്രശ്നങ്ങളെ നാം കാണേണ്ടത്. താത്ത്വികമായി പറഞ്ഞാല്‍, അമര്‍ത്യാസന്‍ സൂചിപ്പിച്ചത് പോലെ സ്വത്വം എന്ന സങ്കല്‍പം രണ്ട് സുപ്രധാന സങ്കല്‍പങ്ങളെ അടിസ്ഥാനമാക്കിയാണ് നിലനില്‍ക്കുന്നത്. ഒന്നാമത്തേത് നമുക്ക് ഒരേയൊരു ഏക സ്വത്വമേ ഉള്ളൂ എന്ന വാദഗതി. രണ്ടാമതായി, നാം ക്രമേണ നമ്മുടെ സ്വത്വം കണ്ടെത്തുകയാണെന്ന വാദഗതി. ഇതില്‍ ഒന്നാമത്തെ വാദം ശുദ്ധ അസംബന്ധമാണ്. വിവിധ അസ്തിത്വങ്ങളുടെ അടിസ്ഥാനത്തില്‍ നാം നിലകൊള്ളുക മാത്രമല്ല.
വ്യത്യസ്ത സാഹചര്യങ്ങളില്‍ വ്യത്യസ്ത അസ്തിത്വങ്ങളെ നാം ഉയര്‍ത്തിക്കാണിക്കാറുമുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യയില്‍ ജനിച്ച ഒരു വ്യക്തി മുസ്ലിമും ഫ്രഞ്ച് പൗരനും യു. എസില്‍ താമസിക്കുവനും സ്ത്രീയും കവിയും സസ്യാഹാരിയും നരവംശ ശാസ്ത്രജ്ഞനും യൂണിവേഴ്സിറ്റി പ്രൊഫസറും ക്രിസ്ത്യനും മത്സ്യത്തൊഴിലാളിയും പാരത്രിക ജീവിതത്തില്‍ കടുത്ത വിശ്വാസമുള്ളവനും അന്യ ഗൃഹജീവികള്‍ ഗാലക്സിയില്‍ കുടിയേറിപ്പാര്‍ക്കുമെന്ന സങ്കല്‍പത്തില്‍ വിശ്വാസമര്‍പിക്കുന്നവനുമെല്ലാമായി മാറുന്നു. ഒരു വ്യക്തിക്ക് ഉടമപ്പെട്ട ഈ സമഷ്ടികളെല്ലാം അവന് പ്രത്യേകമായ ഒരു അസ്തിത്വം നല്‍കുകയും ആ അസ്തിത്വം ചില പ്രത്യേക സാഹചര്യങ്ങളില്‍ സുപ്രധാനമായി വര്‍ത്തിക്കുകയും ചെയ്യുന്നു.
രണ്ടാമത്തെ നാം നമ്മുടെ അസ്തിത്വത്തെ കണ്ടെത്തുകയാണെുള്ള വാദം അബദ്ധജഢിലമാണ്. ഈ വാദഗതി പ്രകാരം, ഒരു സമൂഹത്തിലെ ബന്ധങ്ങള്‍ വഴിയാണ് നാം നമ്മുടെ അസ്തിത്വം കണ്ടെത്തുന്നത്. ഈ വാദഗതി പ്രകാരം നമ്മുടെ അസ്തിത്വം തെരഞ്ഞെടുക്കുന്നതില്‍ നമുക്ക് യാതൊരു പങ്കുമില്ല. സമൂഹത്തിന്റേതായ തടസ്സങ്ങളും പാരമ്പര്യങ്ങളും നിലനില്‍ക്കുമ്പോള്‍ തന്നെ യുക്തിക്കും തിരഞ്ഞെടുപ്പിനും അതിന്റേതായ പങ്കാളിത്വമുണ്ട്. യാതൃശ്ചികമായി നമുക്കേത് അസ്തിത്വവും തെരഞ്ഞെടുക്കാമെന്നല്ല ഇതുമൂലമുണ്ടാകുന്ന പ്രശ്നം, മറിച്ച് മറ്റൊരു അസ്തിത്വം തിരഞ്ഞെടുക്കുതില്‍ അല്ലെങ്കില്‍ അസ്തിത്വങ്ങളുടെ ഒരു കൂട്ടായ്മ ഒരേ സമയം സൃഷ്ടിക്കുന്നതില്‍ അതുമല്ലെങ്കില്‍ ഒരു അസ്തിത്വത്തിന് മറ്റൊരു അസ്തിത്വത്തേക്കാള്‍ മുന്‍ഗണന നല്‍കുതില്‍ നമുക്ക് തെരഞ്ഞെടുപ്പിന്റെ സ്വാതന്ത്ര്യം ഉണ്ടോ എന്നതിലാണ്. (അമര്‍ത്യാസന്‍ -ദ പ്രഡിക്കാമെന്റ് ഓഫ് ഐഡന്റിറ്റി). ഇത്തരം അസ്തിത്വ വ്യാഖ്യാന പ്രതിസന്ധികളെ മറികടന്നുകൊണ്ട് ദക്ഷിണാഫ്രിക്കയുടെയും മറ്റും രാജ്യങ്ങളുടെ അസ്തിത്വ പ്രശ്നങ്ങള്‍ യഥാവിധി മനസ്സിലാക്കിക്കൊണ്ടാണ് ഫരീദ് ഇസ്സാക്ക് ഈ പുസ്തകം എഴുതാന്‍ മുതിരുന്നത് എന്ന് മനസ്സിലാക്കാം.
അഞ്ച് ഭാഗങ്ങളായാണ് ഈ കൃതി വേര്‍തിരിച്ചിരിക്കുന്നത്. അവസാന ഭാഗത്ത് ഫരീദ് ഇസാക്കിനെ കൂടുതല്‍ അടുത്തറിയാന്‍ അദര്‍ ബുക്സ് എഡിറ്റര്‍ എം നൗഷാദ് നടത്തിയ അഭിമുഖം പുസ്തകത്തിന്റെ പിന്‍ കുറിയായി ഉള്‍പെടുത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസാക്ക് കോഴിക്കോട് സന്ദര്‍ഷിച്ച വേളയില്‍ ഇസ്ലാം ഇന്റെറാക്ടീവ് ഓണ്‍ലൈനിനു വേണ്ടി നടത്തിയ അഭിമുഖത്തിന്റെ വിവര്‍ത്തനമാണ് അത്. ലിംഗ നീതി, വിമോചന ദൈവശാസ്ത്രം, സാമൂഹ്യ നീതി, മത വിന്യാസം, സാമ്രാജ്യത്വ പ്രതിശേധം, അപകോളനീകരണം തുടങ്ങിയ വിഷയങ്ങള്‍ ആ ദീര്‍ഘ സംഭാഷണത്തില്‍ കടന്നുവരുന്നുണ്ട്.
ചോദ്യം-ഉത്തരം എന്ന രീതിശാസ്ത്രം ഉപയോഗിച്ചാണ് ഈ പുസ്തകം തയ്യാറാക്കിയത്. പക്ഷേ, ഇതിലെ ചോദ്യങ്ങള്‍ ഇസാക്കിനോട് ചോദിക്കപ്പെട്ടതല്ല, മറിച്ച് ഫരീദ് ഇസാക്ക് തന്റെ സ്വന്തത്തോട് തന്നെ ഉയര്‍ത്തുന്ന ചോദ്യങ്ങളും ഉത്തരങ്ങളുമാണെുള്ളതാണ് പുസ്തകത്തെ വ്യതിരിക്തമാക്കുത്.
സ്വത്വം, താത്പര്യങ്ങള്‍, ആഭിമുഖ്യം എന്നീ ശീര്‍ഷകങ്ങളിലുള്ള ഒന്നാം ഭാഗത്ത് പ്രധാനമായും വെളുത്ത വംശജരില്‍ നിന്നും കറുത്ത വംശജരില്‍ നിന്നും വ്യത്യസ്തമായി മുസ്ലിമിന് ഒരു ധാര്‍മിക ജീവിതം സാധ്യമാകുന്നതിനെ കുറിച്ചും വര്‍ണവെറിയന്‍ വംശീയ വ്യവസ്ഥയെ എതിര്‍ക്കുന്നതിന്റെ നൈതികത/ഔന്നത്യം എന്നിവയെ കുറിച്ചും ചര്‍ച്ച ചെയ്യുന്നു. ഇസ്ലാം പീഡിതരുടെ കൂടി മതമാണെ ഇസ്ലാമിന്റെ പ്രസ്ഥാവന ഉയര്‍ത്തികാട്ടിയാണ് ഫരീദ് ഇസാക്ക് തന്റെ വാദത്തെ ന്യായീകരിക്കുന്നത്. ജനങ്ങള്‍ക്കിടയിലെ, പ്രത്യേകിച്ച് മുസ്ലിം, ദാരിദ്രത്തിന്റെ രണ്ട് പരിഹാരമാര്‍ഗങ്ങള്‍ ഇസാക്ക് മുന്നോട്ടുവക്കുന്നുണ്ട്. 1-പാവങ്ങളെ സഹായിക്കുക , സംരക്ഷിക്കുക, അവരെ ആശ്വസിപ്പിക്കുക. 2- പാവങ്ങളെ ഉണ്ടാക്കുന്ന പാവപ്പെട്ടവന്റെ ജീവിതത്തെ അങ്ങനെതന്നെ നിലനിര്‍ത്തുന്ന സാമൂഹിക രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥ എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ വേണ്ടത് ചെയ്യുക എന്നിവയാണവ.
പങ്കാളിത്തം, ചര്‍ച്ച, സംഘട്ടനം എന്നീ വിഷയങ്ങളാണ് ഭാഗം രണ്ടില്‍ ചര്‍ച്ച ചെയ്യുന്നത് . ഇത് ഇസ്ലാമിന്റെ യുദ്ധവും അധികാരവുമായി ബന്ധപ്പെട്ട ചരിത്രങ്ങളില്‍ ചിലത് വിശദീകരിക്കുന്നതിനപ്പുറം അതിന്റെ ആത്മീയവശവും സൈദ്ധാന്തിക വശവും കൂടി വിശകലനം ചെയ്യുന്നുണ്ട്. പ്രധാനമായും യൂസുഫ് നബിയുടെ ചരിത്രത്തിനു പിന്നില്‍ നാം ചിന്തിക്കാത്ത പല പാഠങ്ങളും പോയന്റുകളാക്കി നമുക്ക് വെളിച്ചം വീശി തരുന്നുണ്ട് ഇസാക്ക് ഈ അധ്യായത്തില്‍.

തുടര്‍ന്നുള്ള മൂന്ന്, നാല്, അഞ്ച് അദ്ധ്യായങ്ങളിലായി ഇസ്ലാം, ഈമാന്‍, രാഷ്ട്രീയം, അമുസ്ലിമുകളുമായുളള പങ്കാളിത്തം, ഭാവി എന്നിവയെ കുറിച്ചും ഗൗരവമായ രീതിയില്‍ ക്രമേണ വിശദമായി ഖുര്‍ആന്‍ ആയത്തുകളോട് കൂടി വിശ്വാസ യോഗ്യത നിലനിര്‍ത്തുതോടൊപ്പം അവതരിപ്പിക്കുന്നുണ്ട് ഇസാക്ക്. ഒരു മുസ്ലിം എങ്ങനെ ആയിതീരണമെന്നാണ് പുസ്തകത്തിലുടനീളം വിമോചന ദൈവശാസ്ത്രത്തില്‍ പ്രാവീണ്യമുള്ള ഗവേഷകന്‍ വിശദീകരിക്കാന്‍ ശ്രമിക്കുത്. ഫരീദ് ഇസാക്കിന്റെ മൂല്യ കൃതിക്കുളള മലയാളം പരിഭാഷ അതര്‍ ബുക്സ് പബ്ലിക്കേഷനു വേണ്ടി പരിഭാഷപ്പെടുത്തിയത് യുവ എഴുത്തുകാരനും ജോഹന്നസ്ബര്‍ഗ് യൂണിവേഴ്സിറ്റിയില്‍ ഇസാക്കിന്റെ ശിഷ്യനുമായിരുന്ന കെ അഷ്റഫാണ്.