ആർത്തവം അശുദ്ധമോ ?

3006

ചോദ്യം: ആര്‍ത്തവം അശുദ്ധമാണെന്നും ആര്‍ത്തവകാരി തീണ്ടികൂടാത്തവളാണെന്നുമുള്ള പൊതുബോധത്തെ ചോദ്യം ചെയ്ത് ‘ആര്‍പ്പോ ആര്‍ത്തവം’ കാമ്പയിനുകളും മറ്റും നടക്കുകയാണല്ലോ. ആര്‍ത്തവം അശുദ്ധമാണെന്നും ആര്‍ത്തവകാരി ക്ഷേത്രങ്ങളില്‍ പോവുകയോ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയോ ചെയ്യരുതെന്നുമുള്ള ഹൈന്ദവ സങ്കല്‍പ്പം തന്നെയല്ലേ മുസ്‌ലിംകളും വെച്ചുപുലര്‍ത്തുന്നത്? സ്ത്രീകളോടു കാണിക്കുന്ന വിവേചനത്തിന്റെയും മാറ്റിനിര്‍ത്തലിന്റെയും മറ്റൊരു പതിപ്പല്ലേ ആര്‍ത്തവം അശുദ്ധമാണെന്നും ആര്‍ത്തവകാരിക്ക് നിസ്‌കാരവും നോമ്പും ഖുര്‍ആനോത്തുമൊന്നും പാടില്ലെന്നുമുള്ള ഇസ്‌ലാമിക നിലപാട്?

ഉത്തരം: ഗര്‍ഭപാത്രത്തിന്റെ ഉള്‍പാളി അടര്‍ന്നു രക്തത്തോടൊപ്പം യോനിയിലൂടെ പുറത്തേക്ക് പോവുന്ന പ്രക്രിയാണല്ലോ ആര്‍ത്തവം(ാലിേെൃൗമശേീി). സ്ത്രീകളുടെ മനസ്സിനും ശരീരത്തിനും വല്ലാതെ പ്രയാസം വരുന്ന ഘട്ടമാണിത്. അടിവയര്‍ ചുട്ടുപഴുത്തും വേദനിച്ചും അസ്വസ്ഥതയില്‍ ഉഴയറിയുമാണ് ഈ സമയത്ത് മിക്ക സ്ത്രീകളും കടന്നുപോവുക. പെട്ടന്നുള്ള ദേഷ്യവും ആഹാര വിരക്തിയും മടുപ്പും വിരസതയുമെല്ലാം പലരെയും പിടികൂടുന്നു. വിശ്രമം ആവശ്യമുള്ള ഇത്തരമൊരു ഘട്ടത്തില്‍ സ്ത്രീകളെ ആരാധന ചടങ്ങുകളിലേക്ക് വലിച്ചിഴക്കരുതെന്ന നീതിയുടെയും ന്യായത്തിന്റെയും പക്ഷത്താണ് ഇസ്‌ലാം. പ്രയാസപ്പെടുന്നവളെ പിന്നെയും പ്രയാസപ്പെടുത്താതെ വിശ്രമം അനുവദിക്കുക എന്നത് മതം പെണ്ണിനു നല്‍കുന്ന പരിഗണനയാണ്. അവഗണനയല്ല. അതുകൊണ്ടാണ് ഓരോ വിശ്വാസിയും നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ട നോമ്പ്, നമസ്‌കാരം തുടങ്ങിയകാര്യങ്ങളില്‍ പോലും ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്കു ഇസ്‌ലാം ഇളവു നല്‍കിയത്. മാസമുറയുടെ ഈ ഘട്ടത്തിലുള്ള പെണ്ണിന്റെ മാനസിക അവസ്ഥ പരിഗണിച്ചുകൊണ്ടു കൂടിയാണ്, ആ സമയങ്ങളില്‍ വിവാഹമോചനം പോലുള്ള കാര്യങ്ങള്‍ ചെയ്യരുതെന്നും അതു നിഷിദ്ധമാണെന്നും പുരുഷന്മാരെ ഇസ്‌ലാം ഉണര്‍ത്തിയത്. 
മനുഷ്യ ശരീരം പുറംതള്ളുന്ന മലം, മൂത്രം, രക്തം, ഛര്‍ദിച്ചത് തുടങ്ങിയവയെല്ലാം ഇസ്‌ലാമിക വീക്ഷണത്തില്‍ നജസുകള്‍ അഥവാ അശുദ്ധങ്ങളാണ്. അവ ശരീരത്തിലോ വസ്ത്രത്തിലോ ഉള്ളവര്‍ ആണായാലും പെണ്ണായാലും കഴുകി ശുദ്ധിയാവുന്നതുവരെ ആരാധന ചടങ്ങുകളില്‍ നിന്നു വിട്ടുനില്‍ക്കണം. അവിടെ ആര്‍ത്തവത്തെ മാത്രമായി മാററി നിരര്‍ത്തിയിട്ടില്ല. ശുക്ല സ്ഖലനമുണ്ടായ പുരുഷന്‍ കുളിച്ചു വൃത്തിയാവുന്നതുവരെ എന്തെല്ലാം കാര്യങ്ങള്‍ മതപരമായി നിഷിദ്ധമാണോ, അതെല്ലാം മാസമുറയുടെ ഘട്ടത്തില്‍ സ്ത്രീക്കും നിഷിദ്ധമാണ്. നമസ്‌കാരവും പള്ളിപ്രവേശവുമെല്ലാം ഇങ്ങനെ തന്നെ. ആര്‍ത്തവ ഘട്ടത്തിലെ സ്ത്രീയുടെ ശാരീരിക-മാനസിക അവസ്ഥകളെ പരിഗണിച്ചുകൊണ്ടു തന്നെയാണ് ആ സമയത്തുള്ള ലെംഗിക ബന്ധത്തെയും ഇസ്‌ലാം നിഷിദ്ധമാക്കിയത്. ആര്‍ത്തവ സമയത്ത് ലൈംഗിക ബന്ധത്തിലേര്‍പെട്ടാല്‍ അണുബാധയും തുടര്‍ന്നു ലൈംഗിക രോഗങ്ങളും പടരാനുള്ള സാധ്യത കൂടുതാണെന്ന് ആധുനിക ശാസ്ത്രീയ പഠനങ്ങളെല്ലാം ആവര്‍ത്തിച്ചു പറയുന്നു. സാധാരണ അമ്ലഗുണമുള്ള യോനിയിലെ പിഎച്ച് ആര്‍ത്തവ സമയത്ത് ഉയര്‍ന്നിരിക്കും. ഗര്‍ഭാശയ മുഖം (സര്‍വിക്‌സ്) പതിവിലും താഴ്ന്ന സ്ഥാനത്തായിരിക്കും കാണപ്പെടുന്നത്. ഗര്‍ഭാശയത്തിലേക്കു തുറക്കുന്ന ഭാഗം കൂടുതല്‍ വികസിച്ചിരിക്കും. ഗര്‍ഭാശയത്തിനുള്ളിലെ എന്‍ഡോമെട്രിയം എന്ന ആവരണം നഷ്ടപ്പെട്ട സ്ഥിതിയിലായിരിക്കും. അതുകൊണ്ടുതന്നെ ഈ സമയത്തെ ലൈംഗിക ബന്ധം രോഗാണുക്കള്‍ക്ക് രക്തത്തിലെത്തിപ്പെടാനും ലൈംഗിക രോഗങ്ങള്‍ പരത്താനുമുള്ള സാധ്യത കൂടുതലാണ്. ആര്‍ത്തവ ഘട്ടത്തിലെ ലൈംഗികബന്ധത്തെ ഇസ്‌ലാം നിരോധിച്ചതിന്റെ കാരണം ഇവിടെ വ്യക്തമാണ്. അല്ലാഹു പറയുന്നു: ”ആര്‍ത്തവത്തെ കുറിച്ച് അവര്‍ നിങ്ങളോടു ചോദിക്കുന്നു. അത് പ്രയാസകരമാണെന്ന് അവരോടു പറയുക. അതിനാല്‍ സ്ത്രീകളെ ആര്‍ത്തവവേളകളില്‍ അവരുടെ പാട്ടിനു വിടുക. ഇനി ആര്‍ത്തവം നിലച്ചു കുളിച്ചാല്‍ അല്ലാഹുവിന്റെ കല്‍പന പോലെ അവരെ സമീപിച്ചേക്കുക. മാനസികവും ശാരീരികവുമായ വൃത്തിപാലിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു” (ഖുര്‍ആന്‍ 2:222)
എന്നാല്‍, ആര്‍ത്തവകാരി തൊട്ടുകൂടാത്തവളും തീണ്ടികൂടാത്തവളുമാണെന്ന നിലപാടിനെതിരാണ് ഇസ്‌ലാം. അവളെ വിരിപ്പില്‍ നിന്നും കിടപ്പറയില്‍ നിന്നും മാറ്റി തീണ്ടാരിപ്പുരയിലാക്കണമെന്ന മറ്റു മതങ്ങളുടെ നിലപാട് മുസ്‌ലിംള്‍ക്ക് ഇല്ല. പ്രവാചക കാലഘട്ടത്തില്‍ മദീനയിലെ ജൂതന്മാര്‍ക്കിടയിലുണ്ടായിരുന്ന അത്തരം ദുരാചാരങ്ങളെ പിഴുതെറിയുകയായിരുന്നു മുഹമ്മദ് നബി(സ). അവര്‍ ആര്‍ത്തവകാരികളൊടൊപ്പമിരുന്ന് ഭക്ഷണം കഴിക്കുകയോ റൂമില്‍ ഒരുമിക്കുകയോ ചെയ്തിരുന്നില്ല. ഇതേ കുറിച്ച് സ്വഹാബികള്‍ മതവിധി തേടിയപ്പോള്‍ പ്രവാചന്‍ പറഞ്ഞതിങ്ങനെ: ‘ലൈംഗിക ബന്ധമൊഴിച്ച് ബാക്കിയെല്ലാം നിങ്ങള്‍ ചെയ്‌തോളൂ’ (മുസ്‌ലിം: 302) പ്രവാചക പത്‌നി ആയിശ(റ) പറയുന്നു: ഞാനും നബിയും വലിയ അശുദ്ധിക്കാരായിരിക്കെ ഒരു പാത്രത്തില്‍ നിന്ന് കുളിക്കാറുണ്ടായിരുന്നു. ആര്‍ത്തവകാരിയാരിക്കെ വസ്ത്രധാരിയായ എന്നെ നബിതിരുമേനി ആലിംഗനം ചെയ്യാറുണ്ടായിരുന്നു. ഞാന്‍ ആര്‍ത്തവകാരിയായിരിക്കെ, പള്ളിയില്‍ ഭജനമിരിക്കുന്ന പ്രവാചകന്‍ എനിക് തല നീട്ടിതരികയും ഞാനത് കഴുകിക്കൊടുക്കുകയും ചെയ്യാറുണ്ടായിരുന്നു (ബുഖാരി: 295. മുസ്‌ലിം: 297). പ്രവാചക പത്‌നിമാരായ മൈമൂന(റ)യും ഉമ്മുസലമ(റ)യും പറയുന്നു: ആര്‍ത്തവകാരികളായിരിക്കെ ഒരേ വിരിപ്പില്‍ ഞങ്ങള്‍ പ്രവാചനോടൊപ്പം കിടന്നുറങ്ങാറുണ്ടായിരുന്നു (മുസ്‌ലിം: 295.296). ആര്‍ത്തവവുമായി ബന്ധപ്പെട്ട ഇസ്‌ലാമിന്റെ നിലപാടുകള്‍ സ്ത്രീപക്ഷത്തു നിന്നുകൊണ്ടുള്ളതാണെന്നും മറ്റു മതങ്ങളിലെ തീണ്ടികൂടായ്മയോട് അതിനു ബന്ധമില്ലെന്നും ഇവിടെ വ്യക്തമാണല്ലോ.