ആർത്തവം വില്പനക്ക്

2303

സര്‍ഗാത്മക സമരങ്ങളുടെ വിളഭൂമിയായാണ് കേരളം വിലയിരുത്തപ്പെടുന്നത്. പലപ്പോഴും ലോകത്തെതന്നെ അത്ഭുതപ്പെടുത്തിയ സമരങ്ങള്‍ക്ക് കേരളം വേദിയായിട്ടുണ്ട്. അതില്‍ പലതും സ്ത്രീകള്‍ നയിച്ച സമരവുമാണ്. ജീവിക്കാനുള്ള അവകാശത്തിനായി ആദിവാസി സ്ത്രീകള്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ ഒരുമാസത്തോളം ഒരേ നില്‍പ്പുനിന്നതും, കുടിവെള്ളത്തിനായി വൈപ്പിനിലെ വീട്ടമ്മമാര്‍ ഹൈക്കോടതിക്ക് മുമ്പില്‍ അടുപ്പുകൂട്ടി ഭക്ഷണം പാകംചെയ്തതും, പാര്‍പ്പിടത്തിനുള്ള അവകാശം തേടി പാര്‍ശ്വവത്കൃത വിഭാഗങ്ങള്‍ കാടിനുള്ളില്‍ കുടില്‍കെട്ടി താമസമുറപ്പിച്ചതും, പാലത്തിനായി എറണാകുളം കായലിലുടെ മനുഷ്യപ്പാലം തീര്‍ത്തതുമെല്ലാം രാജ്യവും ലോകവും കൗതുകത്തോടെ കണ്ട സമര മാര്‍ഗങ്ങളായിരുന്നു. പാര്‍പ്പിടം, കുടിവെള്ളം, സഞ്ചാരമാര്‍ഗം തുടങ്ങി സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള നിര്‍മാണാത്മക സമരങ്ങളായിരുന്നു അവയെല്ലാം. സര്‍ഗാത്മക സമരങ്ങള്‍ക്ക് മാത്രമല്ല, സംഹാരാത്മക സമരങ്ങള്‍ക്കും കേരളം വേദിയായിട്ടുണ്ട്. തുടരെയുള്ള ഹര്‍ത്താലുകളും അതിന്റെ മറവില്‍ ബസുകളും കടകളുമൊക്കെ എറിഞ്ഞു തകര്‍ത്ത്, വ്യാപക നാശനഷ്ടം വരുത്തുന്നതിനും നിശ്ചിത ഇടവേളകളില്‍ കേരളം സാക്ഷിയാകുന്നുമുണ്ട്. ബന്ദിന്റെയും ഹര്‍ത്താലിന്റെയും മറവില്‍ പൊതുമുതലും സ്വകാര്യ സ്വത്തുമെല്ലാം നിരന്തരം ആക്രമണങ്ങള്‍ക്കിരയായപ്പോള്‍, കോടതിക്ക് ഇടപെടേണ്ടിവന്നു. നിയമസഭയില്‍ ചര്‍ച്ചയായി. ഒടുവില്‍, നിയമ നിര്‍മാണത്തിനും കളമൊരുങ്ങി. ഏറ്റവുമൊടുവില്‍ നടന്ന ഹര്‍ത്താല്‍ പരമ്പരകളില്‍ പൊതുസ്വത്ത് നശിപ്പിച്ചതിന്റെ പേരില്‍ നിരവധിപേര്‍ ഇപ്പോഴും ജയിലിലാണ് എന്നതും സമകാലിക വിശേഷം. 
ഇതൊന്നുമല്ലാതെ, ഒളിയജണ്ടകള്‍ നിശ്ചയിച്ചുകൊണ്ട് ചില കേന്ദ്രങ്ങള്‍ ആരംഭിച്ച ‘സമരങ്ങളാണ് കഴിഞ്ഞ നാലഞ്ചുകൊല്ലങ്ങളായി സമൂഹത്തില്‍ അസ്വസ്ഥതകള്‍തീര്‍ക്കുന്നത്. ഇതിനെ ഒരു സാംസ്‌കാരിക അപചയം എന്നതിനപ്പുറം, കൃത്യമായ ലക്ഷ്യങ്ങളുള്ള കരുനീക്കങ്ങളായിത്തന്നെ നാം കാണണം. ഇത്തരം സമരങ്ങളുടെ തുടര്‍ച്ചയും ഏകോപനവുമൊക്കെ നല്‍കുന്ന സൂചനകളും അതാണ്. ഇത്തരം സമരങ്ങളുടെ സമീപകാല ചരിത്രം പരിശോധിച്ചാല്‍ നമുക്കത് മനസിലാകും.
വാലന്റയിന്‍സ് ഡേ എന്ന കമിതാക്കളുടെ ദിനം ജനകീയമാക്കലില്‍ നിന്നാണ് തുടക്കം. പിന്നീട്, 2014ല്‍ ചുംബന സമരത്തിലേക്ക് എത്തി. തുടര്‍ന്നുള്ള എല്ലാ വര്‍ഷങ്ങളിലും എന്തെങ്കിലുമൊക്കെ കാരണം കണ്ടെത്തി ഇത്തരം സമരങ്ങള്‍ക്ക് അവസരമൊരുക്കിയിരുന്നു. 
2014ല്‍ കോഴിക്കോട്ടെ ഒരു ഹോട്ടല്‍ തല്ലിത്തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ടാണ് ചുംബന സമരം രൂപപ്പെടുന്നത്. കമിതാക്കള്‍ ഒത്തുകൂടുന്നു എന്നാരോപിച്ച് ചിലര്‍ ആ ഹോട്ടല്‍ തല്ലിപ്പൊളിച്ചിരുന്നു. തല്ലിപ്പൊളിക്കലിന് പിന്നില്‍ ബിസിനസ് പകയും വര്‍ഗീയതയുമൊക്കെ പ്രവര്‍ത്തിച്ചു എന്നു പിന്നീട് പുറത്തുവന്നതുമാണ്. പക്ഷേ, ഈ സംഭവം മറയാക്കി കേരളത്തില്‍ അരങ്ങേറ്റം കുറിച്ചതാണ് ആദ്യ ചുംബന സമരം. കമിതാക്കള്‍ക്ക് ‘പരസ്യമായി ചുംബിക്കാനുള്ള അവകാശം’ സംരക്ഷിക്കാന്‍ എന്ന പേരില്‍ എറണാകുളം മറൈന്‍ ഡ്രൈവില്‍ നൂറുകണക്കിനുപേര്‍ ഒത്തുചേര്‍ന്ന് ചുംബന സമരം നടത്തുകയായിരുന്നു. ചുംബന സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നവരില്‍ ചിലര്‍ പിന്നീട് പെണ്‍വാണിഭക്കേസില്‍ ജയിലിലാകുന്നതിനും മാസങ്ങള്‍ക്കുശേഷം കേരളം സാക്ഷിയായി. 

‘രണ്ടാം ചുംബന സമരത്തിന് കളമൊരുങ്ങിയതും കമിതാക്കള്‍ക്ക് എതിരായ നടപടിയിലുള്ള പ്രകോപനം തന്നെ. എറണാകുളം നഗരത്തിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളെ വശീകരിച്ച് മറൈന്‍ഡ്രൈവിലെ കായല്‍തീരത്ത് എത്തിച്ച് നിവര്‍ത്തിപ്പിടിച്ച കുടയുടെ മറവില്‍ ദുരുപയോഗം ചെയ്യുന്ന സംഘം സജീവമാണെന്ന് വര്‍ഷങ്ങള്‍ക്കുമുമ്പേ പൊലിസ് കണ്ടെത്തിയിരുന്നു. ഷാഡോ പൊലീസ് നിരവധി വിദ്യാര്‍ഥിനികളെയും ‘കാമുകന്മാരെ’യും കൈയോടെ പിടികൂടാറുമുണ്ട്. രക്ഷിതാക്കളെ വിളിച്ചുവരുത്തി താക്കീത് നല്‍കി വിദ്യാര്‍ഥിനികളെ അവര്‍ക്കൊപ്പം വിടുന്നതും പതിവാണ്. എന്നാല്‍, മാധ്യമങ്ങളില്‍ പേരെടുക്കുന്നതിനായി ഇത്തരം കമിതാക്കളെ ഒരു ഹൈന്ദവ തീവ്ര സംഘടനാ നേതാവ് മറൈന്‍ ഡ്രൈവില്‍ നിന്ന് ചൂരലിനടിച്ച് ഓടിച്ചപ്പോള്‍, അതിനെതിരെ അരങ്ങേറിയതാണ് രണ്ടാം ചുംബന സമരം.
തൊട്ടടുത്ത വര്‍ഷം അരങ്ങേറിയത് ‘മാറ് തുറക്കല്‍ സമരം’. കോഴിക്കോട് ഫറൂഖ് കോളജിലെ ഒരു അധ്യാപകന്‍ അപക്വമായി നടത്തിയ ഉപമയില്‍ പ്രതിഷേധിക്കാനെന്ന പേരിലാണ് ‘വത്തക്ക സമരം’ എന്ന് കൂടി വിശേഷിപ്പിക്കപ്പെട്ട ‘മാറുതുറക്കല്‍ സമരം’ അരങ്ങേറിയത്. ഇതിന് വേദിയായതാകെട്ട സോഷ്യല്‍ മീഡിയയും. ഇതിന്റെയെല്ലാം തുടര്‍ച്ചയെന്നോണം, ശബരിമല യുവതി പ്രവേശന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍കൂടി രൂപപ്പെട്ടതാണ് ‘ആര്‍പ്പോ ആര്‍ത്തവം’ പരിപാടി. ചുംബന സമരത്തിലും മാറുതുറക്കല്‍ സമരത്തിലും ശബരിമലയിലെ ആചാര ലംഘനത്തിലും ആര്‍പ്പോ ആര്‍ത്തവത്തിലുമെല്ലാം പ്രത്യക്ഷപ്പെടുന്നതില്‍ പലതും ഒരേ മുഖങ്ങള്‍തന്നെയാണ് എന്നറിയുമ്പോഴാണ് ഇത്തരം സമരങ്ങള്‍ക്കായി മറ്റേതോ കേന്ദ്രങ്ങളില്‍ അജണ്ടകള്‍ നിശ്ചയിക്കപ്പെടുന്നു എന്നു നമ്മള്‍ തിരിച്ചറിയേണ്ടത്. 
പരസ്യമായി ചുംബിക്കാനും മാറ് പ്രദര്‍ശിപ്പിക്കാനൂം കൗമാര പ്രണയ ചാപല്യങ്ങള്‍ക്കും ആര്‍ത്തവം തുറന്നുപറയാനുമൊക്കെ സ്വാതന്ത്ര്യം ലഭിക്കുന്നതോടെ തീരുന്നതാണ് കേരളത്തിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെന്ന് ഏതൊക്കെയോ കേന്ദ്രങ്ങളിലിരുന്നു ആരൊക്കെയോ നമ്മെ പഠിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇതോടൊപ്പം, നാം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യവുമുണ്ട്. സ്ത്രീകളുടെ യഥാര്‍ഥ പ്രശ്‌നങ്ങളുടെ മുന്‍നിരയില്‍ ചുംബന സമര, ആര്‍ത്തവ സമര നായികമാരെയൊന്നും നമ്മള്‍ കാണാറുമില്ല. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിത അമ്മമാരുടെ പ്രശ്‌നങ്ങളേറ്റെടുക്കാനോ, എട്ടുമണിക്കൂറിലേറെ നീളുന്ന ജോലി സമയത്തിനിടയില്‍ ഒരല്‍പസമയം ഇരിക്കാനുള്ള അവകാശങ്ങള്‍ക്കായി പൊരുതിയവരുടെ സമര മുഖത്തോ, അട്ടപ്പാടിയില്‍ പട്ടിണി കിടന്നു മരിക്കുന്ന ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടി ശബ്ദിക്കാനോ, പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിനോ, പ്രളയത്തില്‍ ഉപജീവനം നഷ്ടപ്പെട്ട സ്ത്രീകള്‍ക്ക് കൈത്താങ്ങാകാനോ ഒന്നും ഇവരിലാരെയും നാം കണ്ടില്ല. 
ആര്‍ത്തവം ഒളിച്ചുവെക്കപ്പെടേണ്ട ഒന്നാണെന്ന് മലയാളി വനിതകള്‍ക്ക് മുമ്പും തോന്നിയിട്ടില്ല എന്നതാണ് വാസ്തവം. മാത്രമല്ല, പുതുയുഗ വനിതകള്‍ അതിന് മടിച്ചിട്ടുമില്ല. ഹൈസ്‌കൂള്‍ ക്ലാസുകളിലെയും കോളജുകളിലെയും വിദ്യാര്‍ഥിനികള്‍ മുതല്‍ ഉദ്യോഗസ്ഥകള്‍വരെ ആവശ്യ സന്ദര്‍ഭങ്ങളില്‍ ആര്‍ത്തവ സമയത്ത് ഇളവുകള്‍ തേടുന്നത് പുതിയ സംഭവവുമല്ല. കോളജുകളിലും മറ്റും പ്രത്യേക കോഡുവാക്കുകള്‍ വരെ ഇതിനായി രൂപപ്പെടുകയും ചെയ്തിരുന്നു. ‘അമ്മാവന്‍ വന്നു’ എന്നും മറ്റും പരസ്പരം പറഞ്ഞാണ് താന്‍ ആര്‍ത്തവക്കാരിയാണെന്ന് വിദ്യാര്‍ഥിനികള്‍ സൂചിപ്പിച്ചിരുന്നത്. ‘അവള്‍ക്ക് നല്ല സുഖമില്ല’ എന്ന് സഹപാഠികള്‍ പറയുമ്പോള്‍ തലയില്‍ ആള്‍ത്താമസമുള്ള പുരുഷ അധ്യാപകര്‍ക്കും കാര്യം പിടികിട്ടുകയും ചെയ്തിരുന്നു. എന്തിനേറെ, അശുദ്ധിയുടെ പേരിലാണെങ്കില്‍പോലും, പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് അടുക്കള ജോലിയില്‍നിന്നുപോലും ഇളവ് ലഭിച്ചിരുന്ന ആചാരവും കേരളത്തില്‍ നിലനിന്നിരുന്നു. 
യഥാര്‍ഥത്തില്‍ ആര്‍ത്തവത്തിന്റെ വിപണന സാധ്യത ആദ്യം കണ്ടെത്തിയത് വനിതാ ആക്ടിവിസ്റ്റുകള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ പോലുമല്ല; മറിച്ച് സാനിറ്ററി നാപ്കിന്‍ നിര്‍മാതാക്കളാണ്. ആര്‍ത്തവസമയത്ത് തങ്ങളുടെ മാത്രം നാപ്കിന്‍ ധരിച്ചാലേ നിങ്ങള്‍ക്ക് ഓടാനും ചാടാനും നൃത്തം ചെയ്യാനുമൊക്കെ കഴിയൂ എന്ന് പരസ്യം നല്‍കി, ആര്‍ത്തവം വിറ്റ് കാശാക്കിയത് അവരാണ്. ഇന്ന് കോടികള്‍ കൊയ്യുന്ന ബിസിനസ് സാധ്യതയാണ് അവര്‍ക്ക് ആര്‍ത്തവമെങ്കില്‍, ചാനലുകള്‍ക്കത് പരസ്യങ്ങളുടെ ചാകരയും! 
സ്ത്രീകളുടെ അവകാശ സംരക്ഷണമോ ഉദ്ഗ്രഥനമോ ഒന്നുമല്ല ഇത്തരം സമരങ്ങളുടെയും സംഗമങ്ങളുടെയും പിന്നിലെ അജണ്ട. ജനജീവിതത്തിന്റെ സുരക്ഷയും ധര്‍മികതയുടെ നിലനില്‍പ്പും പരിഗണിച്ച് സമൂഹം കാത്തുസൂക്ഷിക്കുന്ന ചില അതിര്‍വരമ്പുകളുണ്ട്. നൂറ്റാണ്ടുകളായി സമൂഹം പിന്തുടരുന്ന ജീവിത ശൈലി കൂടിയാണ് ഈ അതിര്‍ വരമ്പുകള്‍. ഇത്തരം അതിര്‍വരമ്പുകള്‍ മായ്ച്ച് ഇല്ലാതാക്കുക എന്നതാണ് പുതുതായി കടന്നുവരുന്ന ഇത്തരം സമര രീതികളുടെ ലക്ഷ്യം. ധാര്‍മികതയുടെ അതിര്‍വരമ്പുകള്‍ ഇല്ലാതായാല്‍ പിന്നെ കടന്നുവരിക അരാജകത്വമാണ്. പാശ്ചാത്യ രാജ്യങ്ങളിലെയും ചില ഏഷ്യന്‍ രാജ്യങ്ങളിലെയും അനുഭവം അതിനു സാക്ഷിയുമാണ്. ചുംബന സമരത്തിനും മാറുതുറക്കലിനും ശേഷം ആര്‍ത്തവം അജണ്ടയായി വരുമ്പോള്‍; കരുതിയിരിക്കുക നാം.