ഇമാം അബൂഹനീഫ(റ); പണ്ഡിത കുലത്തിലെ അതുല്യ പ്രതിഭ

2866

അമീന്‍ ഖാസിയാറകം

പ്രസിദ്ധ പണ്ഡിതന്‍ ഇമാം മാലികിന്റെ അടുക്കല്‍ പോയി തിരിച്ചു വരികയാണ് അബൂ ഹനീഫ. പിരിഞ്ഞു പോകുന്ന അബൂ ഹനീഫയെ ചൂണ്ടിക്കാണിച്ച് തന്റെ ചുറ്റുമുണ്ടായിരുന്നവരോട് ഇമാം ചോദിച്ചു ‘ ആ പോകുന്നത് ആരാണെന്നറിയുമോ ?
അവര്‍ പറഞ്ഞു; ഇല്ല, അതാണ് അബൂ ഹനീഫത്തുന്നുഅ്മാന്‍ ബിന്‍ സാബിത് , ഈ കാണുന്ന തൂണ് സ്വര്‍ണമാണെന്ന് വാദിച്ച് ജയിക്കാന്‍ മാത്രം കഴിവുള്ള ആളാണദ്ദേഹം, ഇമാം മാലിക് പറഞ്ഞു നിര്‍ത്തി. അബൂഹനീഫയുടെ ബുദ്ധി വൈഭവത്തിലും, ചിന്താ കൂര്‍മതയിലും ഇമാം മാലിക് അധിശയോക്തി കൂട്ടി പറഞ്ഞതല്ല, തന്റെ എതിരാളികളോടും പ്രതിയോഗികളോടും വിശ്വാസ സംവാദത്തില്‍ അദ്ദേം കാണിച്ചു തന്ന അദ്ദേഹത്തിന്റെ ബുദ്ധി പരമായ ഇടപെടലുകള്‍ ഗ്രന്ഥ താളുകളില്‍ രേഖീയമാണ്.
ഇതെല്ലാം ഇമാം മാലികിന്റെ വാക്കുകളെ സാധൂകരിക്കുന്നതാണ്.


കൂഫയില്‍ ജനങ്ങള്‍ക്കിടയില്‍ അല്‍പ സ്വല്‍പ സ്വീകാര്യതയുളള പ്രത്യേക വാദഗതിക്കാരനായ ഒരു മനുഷ്യനുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു നടക്കുന്നത് ‘ ഉസ്മാനുബ്‌നുഅഫ്ഫാന്‍ (റ) ഇസ്‌ലാമിന് മുമ്പും പിമ്പും ജൂതനായിരുന്നുവെന്നാണ്. ഇതറിഞ്ഞ അബൂ ഹനീഫ ആ മനുഷ്യന്റെ അടുത്തേക്ക് പോയി പറഞ്ഞു ‘ എന്റൊരു സുഹൃത്തിനു വേണ്ടി താങ്കളുടെ മകളെ വിവാഹമന്വേഷിക്കാനാണ് ഞാന്‍ വന്നത്.

‘സ്വാഗതം, നിങ്ങളെ പോലൊരാളെ ഒരിക്കലും വെറും കൈയ്യോടെ തിരിച്ചയക്കരുതല്ലോ ….
ശരി …. ആരാണ് ആ വരന്‍ ‘ അയാള്‍ തിരക്കി

അബു ഹനീഫ വിവരിച്ച് പറഞ്ഞു ‘ ആള്‍ പ്രതാപിയും, സമ്പന്നനും, ധര്‍മിഷ്ഠനും മാന്യനും, ഖുര്‍ആന്‍ മന:പാഠമുള്ളവനും, പാതിരാ നേരത്ത് നമസ്‌കരിക്കുന്നവനും, അല്ലാഹുവിനെ പേടിച്ച് ഒരു പാട് കണ്ണീര്‍ പൊഴിക്കുന്നവനുമാണ്….

മതി, മതി, ഇത്രയും നല്ലൊരാള്‍ക്ക് ഏറ്റവും അനുയോജ്യമായത് അമീറുല്‍ മുഅ്മിനീന്റെ മകളെയാണ്, ആ പ്രമാണി സന്തോഷത്താല്‍ വെറുംവാക്ക് പറഞ്ഞു.

പക്ഷേ, വരന്‍ ജൂതനാണ്.
ഞെട്ടിത്തിരിച്ച പ്രമാണി അബൂ ഹനീഫയോട് കയര്‍ത്തു പറഞ്ഞു ‘എന്റെ മകളെ ഒരു ജൂതനെ കൊണ്ട് കെട്ടിക്കുകയോ!….
ആകാശ ഭൂമിയിലുള്ള സകല സുകൃതങ്ങള്‍ ചെയ്താലും ഞാന്‍ ജൂതന് കെട്ടിക്കില്ല.

ആണോ ?…. താങ്കള്‍ വല്ലാതങ്ങ് നിഷേധിക്കുകയാണല്ലോ !….
എന്നാല്‍, നബി (സ്വ) തങ്ങള്‍ ജൂതന് തന്റെ രണ്ട് പെണ്‍ മക്കളെ കെട്ടിച്ചു കൊടുത്തുവെന്ന് പറയാന്‍ യാതൊരു മടിയുമില്ലേ ……
ഇത് കേട്ട ആ മനുഷ്യന്റെ ശരീരം ഒന്നടങ്കം വിറച്ചു പോയി ….
അയാള്‍ പാശ്ചാതാപ വിവശനായി പറഞ്ഞു ‘ എന്റെ മോശവാദഗതിയില്‍ നിന്ന് ഞാന്‍ അല്ലാഹുവിനോട് പെറുക്കലിനെ തേടുന്നു ഞാന്‍ അതില്‍ നിന്ന് പൂര്‍ണമായും മടങ്ങിയിരിക്കുന്നു ……..


ഒരിക്കല്‍ ഖവാരിജിയായ ളഹ്ഹാക് അശ്ശാരി ഇമാം അബൂഹനീഫയുടെ അടുത്ത് വന്ന് പറഞ്ഞു … സഹോദരാ എത്രയും പെട്ടന്ന് അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങൂ….

എന്തിന് വേണ്ടിയാണ് ഞാന്‍ തൗബ ചെയ്യേണ്ടത് ? ഇമാം മറു ചോദ്യമുന്നയിച്ചു.
അലിയും മുആവിയും തമ്മില്‍ നടത്തിയ തഹ്കീമിനെ താങ്കള്‍ അനുവദിനീയമാണെന്ന് പറയുന്നുണ്ടല്ലോ ….. അതില്‍ നിന്ന് തന്നെ, ഖവാരിജി വ്യക്തമാക്കി ….

ശരി , ഈ വിഷയത്തില്‍ താങ്കളെന്നോട് സംവാദത്തിന് തയ്യാറുണ്ടോ …. അബൂ ഹനീഫ അയാളെ വെല്ലുവിളിച്ചു …..
‘ഞാന്‍ എന്നോ തയ്യാറാണ് ‘ ഖവാരിജി വെല്ലുവിളി ഏറ്റെടുത്തു ….

നമ്മള്‍ പരസ്പരം വ്യത്യസത അഭിപ്രായത്തിലെത്തിയാല്‍ ആരാണ് നമ്മുടെ ഇടയില്‍ മദ്ധ്യസ്ഥത വഹിക്കുക …. അബൂ ഹനീഫ ഇമാം ആശങ്ക പ്രകടിപ്പിച്ചു …..

ഖവാരിജി പറഞ്ഞു: നിങ്ങള്‍ ആരെ വേണമെങ്കിലും വെച്ചോ….

ഖവാരിജിയുടെ കൂടെ വന്നിരുന്ന അയാളുടെ സുഹൃത്തിലേക്ക് തിരിഞ്ഞ് അബൂ ഹനീഫ പറഞ്ഞു ‘ താങ്കള്‍ നമ്മുടെ ഇടയില്‍ മദ്ധ്യസ്ഥത വഹിക്കണം , ‘പിന്നെ ഖവാരിജിയോട് പറഞ്ഞു ‘ ഞാന്‍ താങ്കളുടെ സുഹൃത്തിനെ വിധികര്‍ത്താവായ് തൃപ്ത്തിപ്പെട്ടിരിക്കുന്നു…താങ്കളോ ?
ഇത് കേട്ട ഖവാരിജി ഉള്ളാലെ ചിരിച്ച് പറഞ്ഞു, ഞാനും ‘ .

അപ്പോള്‍ അബൂ ഹനീഫ കേറിപ്പറഞ്ഞു ‘ ഛെ, … എനിക്കും നിനക്കുമിടയില്‍ തഹ്കീം പറ്റുമന്നോ! പക്ഷേ, നബി (സ്വ) തങ്ങളുടെ രണ്ട് സഹാബാക്കള്‍ അത് ചെയ്യുമ്പോള്‍ താങ്കള്‍ക്ക് അംഗീകരിക്കാന്‍ പറ്റുന്നില്ലല്ലേ …..
ഉത്തരംമുട്ടിപ്പോയ ളഹ്ഹാക്ക് ശ്ശാരി പിന്നെ വായ തുറന്നില്ല.


തര്‍ക്കശാസ്ത്രത്തിലും യുക്തി ഖണ്ഡനത്തിലും ബഹുമാനപ്പെട്ട ഇമാം അബൂഹനീഫയുടെ അപാരത ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഒരു ദിവസം പിഴച്ച ജഹമിയ്യ പ്രസ്ഥാനത്തിന്റെ തലതൊട്ടപ്പന്‍ സ്വഫ്വാന്‍ ബ്‌നു ജഹം അബൂഹനീഫയുടെ അടുത്തുവന്ന് പറഞ്ഞു’ എനിക്ക് നിങ്ങളോട് ചില വിഷയങ്ങള്‍ സംസാരിക്കാനുണ്ട്..

‘താങ്കളോട് സംസാരിക്കുന്നത് തന്നെ ന്യൂനതയാണ്, താങ്കള്‍ ഇപ്പോള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് കത്തിക്കാളുന്ന നരകാഗ്‌നിയിലേക്കുളള വഴിയാണ് ‘ ഇമാം അബൂ ഹനീഫ കടുപ്പത്തില്‍ പറഞ്ഞു.

അതെങ്ങനെയാണ് എന്റെ മേല്‍ ഇങ്ങനെയൊക്കെ ഉറപ്പിച്ചു പറയുന്നത്, നാം ഇതുവരെ കണ്ടുമുട്ടുകയോ, പരസ്പരം സംസാരിക്കുകയോ ചെയ്തിട്ടില്ലല്ലോ?..

‘അത് ശരിയാണ്, പക്ഷേ, ഒരു മുസ്‌ലിമില്‍ നിന്ന് വരാന്‍ പാടില്ലാത്ത ഒരു പാട് വിതണ്ഡവാദങ്ങളാണ് താങ്കള്‍ക്കുള്ളതെന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞിട്ടുണ്ട് ‘… ജഹമ്ബ്‌നു സ്വഫ്വാന് മറുപടിയായ് ഇമാം വ്യക്തമാക്കി….

മറഞ്ഞൊരു കാര്യം കൊണ്ട് എന്നെപ്പറ്റി അതുമിതും പറയാമോ …. ഇമാമേ ?’…..
ജഹം ഉത്തരംമുട്ടിക്കാന്‍ ശ്രമിച്ചു …..

താങ്കളുടെ ഈ പിഴച്ച വാദമുഖങ്ങള്‍ പണ്ഡിതന്മാര്‍ക്കും സാധരണക്കാര്‍ക്കുമിടയില്‍ സുപരിചിതമാണ്. ഇതിന്റെടിസ്ഥാനത്തിലാണ് ഞാനത് ഉറപ്പിച്ചു പറഞ്ഞത്. …..

‘ഞാന്‍ ഇപ്പോള്‍ വന്നത് വിശ്വാസ(ഈമാന്‍)ത്തെ പറ്റി ചോദിക്കാനാണ് ; ജഹം ആഗമന ഉദ്ദ്യേശ്യം അറിയിച്ചു….

‘അപ്പോ, ഇത്ര കാലമായിട്ടും ഈമാനെന്തെന്നറിയില്ലേ ‘….. അബൂ ഹനീഫ ആക്കിപ്പറഞ്ഞു ….

അതെ, അതില്‍ പെട്ട ചില കാര്യത്തിലാണ് എന്റെ സംശയം….. ജഹം വ്യക്തത വരുത്തി …

‘വിശ്വാസ ( ഈമാന്‍) ത്തില്‍ സംശയിക്കല്‍ ഈശ്വരനിന്ദയാണ് ‘. അബൂ ഹനീഫ ഗൗരവത്തില്‍ പറഞ്ഞു

‘എന്നില്‍ നിന്നും അങ്ങനെയൊന്നും ഉണ്ടാകാത്ത കാലത്തോളം എന്നെ ദൈവ നിഷേധിയാക്കരുത് ‘,… ജഹം പരിഭവം പറഞ്ഞു …..

ശരി, വേണ്ടത് ചോദിച്ചു കൊള്ളൂ …. അബു ഹനീഫ സമാധാനിപ്പിച്ചു …..

ജഹം ചോദിച്ചു,
‘ഹൃദയം കൊണ്ട് അല്ലാഹു ഏകനാണെന്നും, അവന്ന് അവന്റേതായ വിശേഷണങ്ങളുണ്ടെന്നും, അവന്ന് പങ്കുകാരനില്ലെന്നും, അവനെ പോലെ ഒന്നുമില്ലെന്നും അംഗീകരിക്കുന്ന ഒരാള്‍ മരണപ്പെട്ടാല്‍ അവന്‍ വിശ്വാസിയോ (മുഅ്മിന്‍) അതോ ദൈവ (കാഫിര്‍ ) നിഷേധിയോ …. ?

അബൂ ഹനീഫ പറഞ്ഞു … ‘ നാവുകൊണ്ട് വെളിവാക്കി പറയാന്‍ ബുദ്ധിമുട്ടില്ലാത്ത കാലത്തോളം, ഹൃദയം കൊണ്ട് അംഗീകരിച്ചത് നാവുകൊണ്ട് വ്യക്തമാക്കി പറഞ്ഞില്ലെങ്കില്‍ അവന്‍ ദൈവ നിഷേധിയും നരകത്തിന്റെ അവകാശിയുമാണ് ‘….

‘എന്തുകൊണ്ട് അവന്‍ വിശ്വാസിയല്ല! അവന്‍ അല്ലാഹുവിനെ നന്നായി മനസ്സിലാക്കിയിട്ടുണ്ടല്ലോ?’ ജഹം മറു ചോദ്യമുന്നയിച്ചു….

‘ഖുര്‍ആനിനെ താങ്കള്‍ അംഗീകരിക്കുന്നോ ‘ ? ‘ഉണ്ട് ‘…. ജഹം സംശയലേശ്യമന്യേ പറഞ്ഞു …
അതിനെ തെളിവായ് എടുക്കുമോ …..എങ്കില്‍ ഞാന്‍ ഖുര്‍ആന്‍ കൊണ്ട് ഉത്തരം തരാം …
ഇനി ഖുര്‍ആന്‍ കൊണ്ട് പോരങ്കില്‍ വിഷമിക്കണ്ട, ഖുര്‍ആനിനെ അംഗീകരിക്കാത്തവര്‍ക്കും എന്റെടുത്ത് ഉത്തരമുണ്ട്… അബൂ ഹനീഫ നറു പുഞ്ചിരിയോടെ പറഞ്ഞു…..

ജഹം പറഞ്ഞു ‘ അതിന്റെയൊന്നും ആവശ്യമില്ല …. ഖുര്‍ആന്‍ കൊണ്ട് തന്നെ ധാരാളം ….

അബൂ ഹനീഫ വിശദമാക്കിത്തുടങ്ങി ‘അല്ലാഹു വിശ്വാസത്തെ രണ്ട് അവയവങ്ങളെ കൊണ്ട് ഉറപ്പിക്കാനാണ് നിശ്കര്‍ഷിച്ചത്, അത് ഹൃദയവും നാവുമാണ്, ഒന്നുകൊണ്ട് മതിയാവുകയില്ലെന്നര്‍ത്ഥം. ഖുര്‍ആനിലും തിരു ഹദീസിലും ഇതിനുള്ള തെളിവുകള്‍ അനവധിയാണ്.

അല്ലാഹു ഖുര്‍ആനില്‍ പറയുന്നു: ‘സത്യം മനസ്സിലായതിനാല്‍, ദൈവദൂതന് അവതീര്‍ണമായ വചനങ്ങള്‍ കേള്‍ക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍ നിന്ന് കണ്ണീരൊഴുകുന്നത് നിനക്കു കാണാം. അവരിങ്ങനെ പറയുന്നു: ‘ഞങ്ങളുടെ നാഥാ! ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങളെയും നീ സത്യസാക്ഷികളുടെ കൂട്ടത്തില്‍ പെടുത്തേണമേ.

‘ഞങ്ങളുടെ നാഥന്‍ ഞങ്ങളെ സച്ചരിതരിലുള്‍പ്പെടുത്തണമെന്ന് ഞങ്ങളാഗ്രഹിച്ചുകൊണ്ടിരിക്കെ ഞങ്ങളുടെ നാഥനിലും ഞങ്ങള്‍ക്കു വന്നെത്തിയ സത്യത്തിലും ഞങ്ങളെന്തിനു വിശ്വസിക്കാതിരിക്കണം?”

അവരിങ്ങനെ പറഞ്ഞതിനാല്‍ അല്ലാഹു അവര്‍ക്ക് താഴ്ഭാഗത്തൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങള്‍ പ്രതിഫലമായി നല്‍കും. അവരതില്‍ സ്ഥിരവാസികളായിരിക്കും. സല്‍ക്കര്‍മികള്‍ക്കുള്ള പ്രതിഫലമാണിത്.
(സൂറ: അല്‍ മാഇദ : 83-85)

അവര്‍ ഹൃദയം കൊണ്ട് അല്ലാഹുവിനെ അംഗീകരിക്കുകയും നാവgകൊണ്ട് അത് ഉച്ചരിക്കുകയും ചെയ്തു, അതിനാല്‍തന്നെ താഴ് വാരത്തുകൂടെ പുഴകളൊഴുകുന്ന സ്വര്‍ഗ പൂന്തോപ്പുകളില്‍ അല്ലാഹു അവരെ പ്രവേശിപ്പിച്ചു.

അല്ലാഹു ഖുര്‍ആനിലൂടെ വീണ്ടും പറയുന്നു ‘നിങ്ങള്‍ നാവുകൊണ്ട് പ്രഖ്യാപിക്കുക: ഞങ്ങള്‍ അല്ലാഹുവിലും അവനില്‍നിന്ന് ഞങ്ങള്‍ക്ക് ഇറക്കിക്കിട്ടിയതിലും ഇബ്‌റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, അവരുടെ സന്താനപരമ്പരകള്‍ എന്നിവര്‍ക്ക് ഇറക്കിക്കൊടുത്തതിലും മൂസാക്കും ഈസാക്കും നല്‍കിയതിലും മറ്റു പ്രവാചകന്മാര്‍ക്ക് തങ്ങളുടെ നാഥനില്‍നിന്ന് അവതരിച്ചവയിലും വിശ്വസിച്ചിരിക്കുന്നു. (സൂറ: അല്‍ ബഖറ:136)

ഇവിടെയും അല്ലാഹു നാവ് കൊണ്ട് ഉച്ചരിക്കാനാണ് കല്‍പിക്കുന്നത്, ജ്ഞാനവും തിരിച്ചറിവും മാത്രമുണ്ടായാല്‍ പോര ….

അബൂ ഹനീഫ തുടര്‍ന്നു കൊണ്ടിരിക്കുകയാണ് ‘ നബി (സ്വ) തങ്ങള്‍ പറഞ്ഞു ‘ നിങ്ങള്‍ അല്ലാഹുവല്ലാതെ വേറൊരു ആരാധ്യനില്ലെന്ന് മനസ്സിലുറപ്പിച്ച് നാവുകൊണ്ട് പറയൂ … നിങ്ങള്‍ വിജയിക്കും. ..
ഇവിടെയും നാവുകൊണ്ട് പറയാനാണ് പ്രവാചകന്‍ അരുളുന്നത്.
നബി(സ്വ) തങ്ങള്‍ വീണ്ടും പറയുന്നു ‘അല്ലാഹുവല്ലാതെ വേറൊരു ആരാധ്യനില്ലെന്ന് മനസ്സിലുറപ്പിച്ച് നാവുകൊണ്ട് പറഞ്ഞവന്‍ നരകത്തില്‍ നിന്ന് രക്ഷപ്പെടും’
ഇവിടെ ‘അല്ലാഹു ഏകനാണെന്ന് തിരിച്ചറിഞ്ഞവന്‍ നരകത്തില്‍ നിന്ന് രക്ഷപ്പെടും ‘എന്ന് പറഞ്ഞിട്ടില്ല …..
അങ്ങനെയെങ്കില്‍ ഇബ്‌ലീസ് വിശ്വാസി ആകുമായിരുന്നു. കാരണം അല്ലാഹു ഏകനാണെന്നും, അവനാണ് തന്നെ സൃഷ്ടിച്ചതും, വഴിപിഴപ്പിച്ചതും, ഇനി മരിപ്പിക്കുന്നതും, എന്നിട്ട് പുനര്‍ജനിപ്പിക്കുന്നതും എന്നൊക്കെ നന്നായി അറിയുന്നവനാണ് ഇബ്‌ലീസ്.

ഖുര്‍ആന്‍ തന്നെ ഇബ്‌ലീസിനെ ഉദ്ധരിച്ച് പറയുന്നു ‘ നീ എന്നെ പടച്ചത് തീയില്‍ നിന്നും അവനെ സൃഷ്ടിച്ചത് കളിമണ്ണില്‍ നിന്നുമാണ് , ( സൂറ: അഅ്‌റാഫ് ; 12) ‘എന്റെ നാഥാ, എങ്കില്‍ അവര്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന നാള്‍ വരെ എനിക്ക് അവസരണം തരണമേ …(സൂറ: അല്‍ ഹിജ്ര്‍ ; 36)
‘നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്റെ നേര്‍വഴിയില്‍ ഞാന്‍ അവര്‍ക്കായി തക്കം പാര്‍ത്തിരിക്കും.( സൂറ: അഅ്‌റാഫ്; 16)

ഇനി താങ്കള്‍ പറയുന്നത് പോലെയാണ് കാര്യമെങ്കില്‍,സത്യനിഷേധികളില്‍ പലരും സത്യവിശ്വാസികളാകേണ്ടിവരും, കാരണം അവരില്‍ പലരും അല്ലാഹുവിനെ കൃത്യമായ് മനസ്സിലാക്കിയുട്ടുണ്ടെങ്കിലും , നാവ് കൊണ്ട് നിഷേധിക്കുകയായിരുന്നു.
ഖുര്‍ആന്‍ ഒന്നുകൂടി വ്യക്തമാക്കുന്നു ‘ അവര്‍ക്ക് മനസ്സാലെ നന്നായി ബോധ്യമുണ്ടെങ്കിലും അവര്‍ നിഷേധിച്ചു കളഞ്ഞു (സൂറ: അന്നംല് ; 14 )

ഇവരൊക്കെ ഹൃദയം കൊണ്ട് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, നാവുകൊണ്ട് അംഗീകരിക്കാത്തതിനാല്‍ സത്യവിശ്വാസികളായി അംഗീകരിക്കപ്പെട്ടില്ല….

ഇമാം അബൂ ഹനീഫ സരസമായ് ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും തെളിവുകളുടെ ഭാണ്ഡക്കെട്ടഴിച്ചപ്പോള്‍ കഥാപുരുഷന്‍ ജഹമിന്റെ മുഖത്ത് ബലഹീനതയും ചമ്മലും അരക്ഷിതത്വവും പ്രകടമാവാന്‍ തുടങ്ങി.
അയാള്‍ എണീറ്റ് അബൂ ഹനിഫയോട് പറഞ്ഞു ‘ നിങ്ങള്‍ എന്റെ ഓര്‍മകളെ വീണ്ടെടുത്ത് തന്നിരിക്കുന്നു, ഇപ്പോ ഞാന്‍ പോവുകയാ …..
പിന്നെ വരാം … ഇനിയും നമുക്ക് സംസാരിക്കാനുണ്ട്…
തിരിച്ച് പോയ ജഹമിനെ പിന്നെ ആ വഴിക്ക് കണ്ടില്ല …..


മറ്റൊരിക്കല്‍ അബൂഹനീഫ ഒരു കൂട്ടം നിരീശ്വരവാദികളെ കണ്ടുമുട്ടി. അവരോട് ഇമാമവര്‍കള്‍ ചോദിച്ചു ‘ സമുദ്ര മധ്യത്തില്‍ ഗര്‍ജനം മുഴക്കുന്ന തിരമാലകള്‍ക്കിടയില്‍, ശക്തമായ കാറ്റടിച്ചു വീശുന്ന നേരത്ത് ചരക്കുകള്‍ നിറച്ച ഒരു കപ്പല്‍ അതിന്റെ കപ്പിത്താനില്ലാതെ യാതൊരു ചെരിവോ ഭംഗമോ കൂടാതെ
ലക്ഷ്യസ്ഥാനത്തേക്ക് എത്തുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ അംഗീകരിക്കുമോ …..

അവര്‍ ഒന്നടങ്കം പറഞ്ഞു ‘ അതെങ്ങനെയാണ് സംഭവിക്കുക ഒന്ന് ചിന്തിച്ചാല്‍ തന്നെ വ്യക്തമാകുന്ന കാര്യമല്ലേ ?…..

അതുശരി, കപ്പിത്താനില്ലാതെ കപ്പലിന് അതിന്റെ കൃത്യമായ യാത്ര നടത്താന്‍ പറ്റില്ല എന്ന് നിങ്ങള്‍ സമ്മതിക്കുന്നു , എന്നിട്ട് നിങ്ങള്‍ പറഞ്ഞു നടക്കുന്നു ‘ഈ മഹാ പ്രപഞ്ചവും അതില്‍ നിറഞ്ഞു തുളുമ്പുന്ന സമുദ്രങ്ങളും, നീന്തിത്തുടിക്കുന്ന ഗോളങ്ങളും, അലഞ്ഞ് നടക്കുന്ന മൃഗങ്ങളും ഒരു സ്രഷ്ടാവിന്റെയോ ഒരു നിയന്താവിന്റെയോ യാതൊരു ആ വശ്യവുമില്ലാതെ തനിയെ അങ്ങനെ നിലനിന്നു പോകുന്നതാണെന്ന് .
നിങ്ങളുടെ നാശമേ നാശം…..!


ഇമാം അബൂഹനീഫ തന്റെ സംസാര വൈധഗ്ദ്യം കൊണ്ട് എന്നും ഇസ്‌ലാമിന് വേണ്ടി ശബ്ദിച്ചു കൊണ്ടിരിന്നു. തനിക്കുള്ള സംവേദനക്ഷമത കൊണ്ട് മതത്തില്‍ ആരെയും തോന്നിയത് പോലെ ഇറങ്ങി മേയാന്‍ അനുവദിച്ചില്ല.
മരണം അദ്ദേഹത്തിന്റെ തൊട്ടരികില്‍ വന്നെത്തിയപ്പോള്‍ തന്റെ മരണപത്രത്തില്‍ എഴുതി വെച്ചു ‘എന്നെ നല്ല മണ്ണില്‍ മറമാടണം, അന്യായത്തിന്റെ കലര്‍പ്പുള്ള ഭൂമിയില്‍ എന്നെ അടുപ്പിക്കരുത് ‘
വസിയ്യത്തില്‍ പറഞ്ഞതിനെ പറ്റി അന്നത്തേ ഖലീഫയായിരുന്ന അബൂ ജഅ്ഫര്‍ അല്‍ മന്‍സൂര്‍ അറിഞ്ഞപ്പോള്‍ അദ്ദേഹം പരിതപിച്ചു പറഞ്ഞു ‘ ആരാണ് നമുക്ക് വേണ്ടി അബൂ ഹനീഫയോട് ക്ഷമാപണം നടത്തുക ‘ (ഖലീഫ മന്‍സൂര്‍, മുഖ്യന്യായാധിപ സ്ഥാനം ഏറ്റെടുക്കാത്തതിനാല്‍ അദ്ദേഹത്തേ ജയിലടച്ചിരുന്നു, അവിടെ തന്നെയാണ് അദ്ദേഹം മരണപ്പെടുന്നതും)
തന്റെ വസ്വിയ്യത്തില്‍ പറഞ്ഞത് പ്രകാരം മഹാനവര്‍കളെ കുളിപ്പിച്ചത് ഹസനുബ്‌നു അമ്മാറയാണ്.
കുളിപ്പിച്ച് കഴിഞ്ഞപ്പോള്‍ ഹസനുബ്‌നു അമ്മാറ വികാരാധീതനായ് പറഞ്ഞു ‘ ഓ ..അബൂ ഹനീഫ, അല്ലാഹു നിങ്ങളുടെ മേല്‍ കാരുണ്യം ചൊരിയുമാറാകട്ടെ ….
കഴിഞ്ഞ മുപ്പത് വര്‍ഷമായി താങ്കള്‍ നോമ്പുകാരനാണ്, കഴിഞ്ഞ നാല്‍പത് വര്‍ഷമായ് താങ്കള്‍ രാത്രി ഉറങ്ങിയിട്ടില്ല, ഇനി പണ്ഡിത ലോകത്തിന് ആരാണുള്ളത് ?! ‘.