ഇസ്ലാമോഫോബിയ; വിരുദ്ധ പോരാട്ടങ്ങള്‍ എവിടെ നിന്ന് തുടങ്ങണം ?

1676

ഇസ്ലാമോഫോബിയ, ഇസ്ലാം ഭീതി എന്നിങ്ങനെയെല്ലം അവതരിപ്പിക്കപ്പെടുന്ന ആശയത്തിന്റെ അര്‍ഥം ആദ്യന്തികമായി തിരിച്ചറിയേണ്ട സമയമാണിപ്പോള്‍. ഇസ്ലാമിനോടും മുസ്ലിംകളോടും വിദ്വേഷവും മുന്‍ധാരണയും ഭീതിയും വെച്ചുപുലര്‍ത്തുന്നതിന്റെ സാങ്കേതിക പദപ്രയോഗമാണത്. 1997 ല്‍ ബ്രിട്ടീഷ് ഇടതുപക്ഷ ചിന്താസംഘമായ ‘റീമൈന്‍ഡ് ട്രസ്റ്റ്’ ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരായ ഭീതിയെയും വെറുപ്പിനെയും അപലപിച്ച് മുന്നോട്ടുവന്നതോടെയാണ് ഈ പ്രയോഗം ആദ്യമായി ആംഗലേയ ഭാഷയില്‍ ഉപയോഗത്തില്‍ വരുന്നത്. ഇസ്ലാം,ഫോബിയ എന്നീ രണ്ടു പദങ്ങളില്‍ നിന്നാണ് ഈ പ്രയോഗം ചേര്‍ന്നുണ്ടായിരിക്കുന്നത്. യുക്തിരഹിതമായ ഭയത്തെയും യഥാര്‍ഥ അപകട സാധ്യതക്കപ്പുറത്തുള്ള ഭീതിയെയുമാണ് ഫോബിയ അര്‍ഥമാക്കുന്നത്. അതുള്‍കൊള്ളുന്ന ഭയം എന്ന ഘടകമാണ് പലരെയും ഈ പ്രയോഗത്തെ തെറ്റായി ഉപയോഗിക്കുന്നതിലേക്ക് നയിക്കുന്നത്. ഭീതിയുടെ ഉത്തരവാദിത്തം വ്യക്തികളിലേക്ക് ചേര്‍ക്കുന്നത് അന്യായമാണ്. പലപ്പോഴും വ്യക്തിപരമായ അനുഭവങ്ങളോ അതില്‍ നിന്നുണ്ടാവുന്ന മാനസികാവസ്ഥകളോ ആവാം അതിലേക്ക് അവരെ നയിക്കുന്നത്. ഇവിടെ ഉയര്‍ന്നുവരുന്ന ചോദ്യം ഇന്ന് ഇസ്ലാമിനെയും മുസ്ലിംകളെയും കുറിച്ചുള്ള പൊതുധാരണ അനുഭവങ്ങളില്‍ നിന്നുള്ളതാണോ അതോ മാധ്യമ സൃഷ്ടിയാണോ എന്നതാണ്.
ജീവിതത്തില്‍ ഒരിക്കല്‍ പോലും ഒരു ഇസ്ലാം മത വിശ്വാസിയെ കണ്ടുമുട്ടിയില്ലാത്ത ദശലക്ഷക്കണക്കിന് ആളുകളുണ്ട് ലോകത്ത്. അവരുടെ ഉള്ളിലും രക്തദാഹികളായ,വംശീയവാദികളായ, അപരിഷ്‌കൃതരായ ഇസ്ലാമിന്റെ ചിത്രമാണുള്ളത്. വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കിയെടുക്കുന്ന ഇത്തരം ഭീകര ചിത്രങ്ങള്‍ ജനങ്ങളില്‍ ഇസ്ലാമിനെക്കുറിച്ച് ഉപരിപ്ലവമായ ചിന്തകള്‍ ജനിപ്പിക്കുന്നു. സത്യത്തില്‍ നിന്ന് ഏറെ അകലെയാണെങ്കിലും നിര്‍ഭാഗ്യവശാല്‍ ഭയം ഉല്‍പാദിപ്പിക്കാന്‍ അവ തന്നെ ധാരാളം.
ഇതില്‍ ചോദ്യം ചെയ്യപ്പെടേണ്ടത് ഇത്തരം ധാരണകളെ ഭയക്കുന്നവരല്ല, അവരുടെയുള്ളില്‍ ഭീതി ജനിപ്പിച്ചവരാണ്. ഭയത്തിന്റെ ഫലമായി വെറുപ്പ് തോന്നുന്നവാരാണ് ഇസ്ലാമോഫോബിയയുടെ ഉറവിടം. ഇത്തരം ആക്രമണങ്ങളാണ് ജനങ്ങളെ പരിഭ്രാന്തരാക്കുന്നത്. ഭയപ്പെടുന്നു എന്നതുകൊണ്ട് മാത്രം ജനങ്ങളെ വിമര്‍ശിക്കുന്നതില്‍ അര്‍ഥമില്ല. ഭയം ഉല്‍പാദിപ്പിക്കുന്നവരുടെ ഇരകളായവരെ ഇസ്ലാമോഫോബിയയുടെ പ്രഭവ കേന്ദ്രങ്ങളായി കാണാന്‍ സാധിക്കില്ല എന്നാണ് എന്റെ വിശ്വാസം. ഇസ്ലാമിന്റെ യഥാര്‍ഥ ചിത്രത്തെക്കുറിച്ചുള്ള ‘ബോധവത്കരണ’മാണ് ഇത്തരക്കാര്‍ക്കാവശ്യം. ഇസ്ലാമിന്റെ ആദ്യന്തിക ലക്ഷ്യങ്ങളും ആശയങ്ങളും കാലാന്തരങ്ങളില്‍ മറ്റു ആശയ സംഹിതകളുമായുള്ള സഹവര്‍ത്തിത്വവുമെല്ലാം അവരിലേക്കെത്തിക്കുകയാണ് വേണ്ടത്.


ഇസ്ലാംഭീതിയുടെ ഉല്‍പാദനം
ഈ ഭീതിയുല്‍പാദനത്തില്‍ രാഷ്ട്രീയ ഗവേഷണ കേന്ദ്രങ്ങള്‍ക്കും നിരന്തരം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന മാധ്യമ സ്ഥാപനങ്ങള്‍ക്കും പങ്കുണ്ട്. ഈ പ്രക്രിയയില്‍ ഉപഭോക്താക്കളും അന്തിമ ഉപഭോക്താക്കളും ഒരുപോലെ ഇരകളാണ്. പലരും ധരിച്ചിരിക്കുന്നതു പോലെ ഇസ്ലാമോഫോബിയയുടെ ആദ്യത്തെ ഇരകള്‍ മുസ്ലിംകളല്ല, മറിച്ച് ഇസ്ലാമിന്റെ സത്യസന്ദേശമെത്താത്ത ഇസ്ലാമിനെക്കുറിച്ച് ഒന്നുമറിയാത്ത സമൂഹമാണ്. അതിനാല്‍തന്നെ അവര്‍ അസഹിഷ്ണുതക്കും വെറുപ്പിനും എളുപ്പത്തില്‍ ഇരകളാക്കപ്പെടുന്നു. ഇത്തരക്കാര്‍ തീര്‍ച്ചയായും ഈ അറിവില്ലായ്മയെപ്പറ്റി ബോധവാന്‍മാരല്ല. എല്ലായിടത്തും എപ്പോഴും വെറുപ്പിന്റെ പേരില്‍ ആക്രമിക്കപ്പെടുന്നത് മുസ്ലിംങ്ങളാണ്. അജ്ഞാനികളായ ആ സമൂഹത്തിന്റെ കൈകള്‍ കൊണ്ട് തന്നെയാണ് പലപ്പോഴും ആക്രമണങ്ങളുണ്ടാകുന്നതെന്നത് ഏറെ ഖേദകരമാണ്. കാര്യങ്ങളെ കുറിച്ച് ബോധവാന്‍മാരല്ലാത്ത അവര്‍ ഭീതി മൂലം ഇസ്ലാമിനെതിരെ തിരിയുകയാണ്. തന്റെ ഇസ്ലാം വിശ്വാസം പരസ്യമാക്കുകയും ഹിജാബ് ധരിക്കുകയും ചെയ്തതിനാല്‍ ഫ്രാന്‍സിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് കടുത്ത ഇസ്ലാമോഫോബിക് വിദ്വേഷങ്ങള്‍ നേരിട്ടതായി നൈജീരിയന്‍ വംശജയായ മുന്‍ ഫ്രഞ്ച് പ്രൊഫസര്‍ എന്‍ഷാന്‍ത പറയുന്നുണ്ട്. ഭരണകൂടത്തിന്റെ നിരന്തര സമ്മര്‍ദ്ദവും സഹപ്രവര്‍ത്തകരുടെ അപകീര്‍ത്തിയും കാരണം തനിക്കേറെ പ്രിയപ്പെട്ട അധ്യാപനം ഉപേക്ഷിക്കേണ്ടിവന്നു അവര്‍ക്ക്. ഇത് അവരെ കടുത്ത വിഷാദരോഗിയാക്കുകയും ചെയ്തു.
ഇഫോപ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2019 ലെ പഠനപ്രകാരം മറ്റു മതവിഭാഗങ്ങളെ അപേക്ഷിച്ച് ഫ്രാന്‍സില്‍ മുസ്ലിംകള്‍ക്കെതിരായ വിദ്വേഷം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണ്. മറ്റു ചില ഭീതിപ്പെടുത്തുന്ന കണക്കുകളും പഠനം പുറത്തുവിടുകയുണ്ടായി. അതുപ്രകാരം നാല്‍പത് ശതമാനം മുസ്ലിംകള്‍ക്കും വംശീയ അധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ട്. നാല്‍പ്പത്തെട്ട് ശതമാനം പഠന സമയത്തും പതിമൂന്നു ശതമാനം പേര്‍ നിയമപാലകരില്‍ നിന്നും പതിനേഴ് ശതമാനം ജോലി അന്വേഷണത്തിനിടയിലും പതിനാലു ശതമാനം താമസസ്ഥലമന്വേഷിക്കുന്നതിനിടയിലും വംശീയ വിവേചനം നേരിട്ടതായി പറയുന്നു. പുരുഷന്‍മാരെക്കാളും(38%)സ്ത്രീകളാണ്(46%)വിവേചനത്തിന്റെ ഇരകളെന്നാണ് പഠനം തെളിയിക്കുന്നത്. അതില്‍ തന്നെ ഹിജാബ് ധാരികളാണ്(60%)അല്ലാത്തവരെക്കാള്‍(44%)വംശീയതക്ക് ഇരയാക്കപ്പെടുന്നത്.


ആധുനിക ഇസ്ലാമോഫോബിയയുടെ ചരിത്രം
മൂന്നാം സഹസ്രാബ്ദത്തിലെ ആദ്യ ദശകത്തിന്റെ തുടക്കകാലത്താണ് ഈ ആശയം പൂര്‍ണ വളര്‍ച്ചയെത്തുന്നത്. പ്രത്യേകിച്ചും, 2001 ലെ സെപ്റ്റംബര്‍ ആക്രമണത്തിനു ശേഷം. ഇത് അന്താരാഷ്ട്ര ബന്ധങ്ങള്‍ വഷളാക്കുകയും ഇറാഖ്,അഫ്ഗാന്‍ എന്നീ രണ്ട് ഇസ്ലാമിക രാഷ്ട്രങ്ങളിലെ അമേരിക്കന്‍ അധിനിവേശത്തിനു വഴിതെളിയിക്കുകയും ചെയ്തു. ശീതയുദ്ധം മുതല്‍ തന്നെ പാശ്ചാത്യ ബുദ്ധിജീവികള്‍ രൂപം നല്‍കിയ വെസ്റ്റും ഇസ്ലാമും തമിലുള്ള ആശയ സംഘട്ടനങ്ങള്‍ക്ക് പുതിയൊരു തലം നല്‍കുന്നതായിരുന്നു അത്. സോവിയറ്റ് കമ്മ്യൂണിസത്തിനു പകരം ഇസ്ലാമിനെ വെസ്റ്റിന്റെ മുഖ്യശത്രുവായി അവര്‍ പ്രഖ്യാപിച്ചു.’ചുവപ്പന്‍ അപായം’ മാറി ഇനി ‘ഹരിതപായ’ കാലമാണെന്ന് അവര്‍ പറഞ്ഞു പഠിപ്പിച്ചു.
ഇസ്ലാമോഫോബിയയുടെ ആവിര്‍ഭാവത്തോടെ പാശ്ചാത്യ ലോകത്ത് തീവ്ര വലതുപക്ഷ രാഷ്ട്രീയവും ഉടലെടുത്തു. സെപ്റ്റംബര്‍ ആക്രമാനന്തര ലോകക്രമം സമര്‍ഥമായിത്തന്നെ അവര്‍ മുതലെടുത്തു. ഇസ്ലാമും അറബ് രാജ്യങ്ങളും നേരിട്ട അസ്തിത്വ പ്രശ്നങ്ങള്‍ അവര്‍ നന്നായി ഉപയോഗപ്പെടുത്തുകയായിരുന്നു. ഇത്തരം സംവേദനങ്ങളുടെ പ്രതിഫലനം മുസ്ലിം ആരാധനാലയങ്ങള്‍ക്കും ശ്മശാനങ്ങള്‍ക്കും നേരെ പല തവണയുണ്ടായ ആക്രമണങ്ങളിലായിരുന്നു. യൂറോപ്പിന്റെ തെരുവുകളില്‍ തീവ്ര വലതുപക്ഷം അവസരം കിട്ടുമ്പോഴെല്ലാം ഇസ്ലാമിനെ വലിച്ചുകീറിക്കൊണ്ടിരുന്നു. ഇത്തരം ഘടകങ്ങളുടെ പിന്‍ബലത്തില്‍ മുസ്ലിം,അറബ് വിരുദ്ധ മനോഭാവം ഗണ്യമായി വര്‍ധിച്ചു. ഇസ്ലാം വിരുദ്ധരായ ചില മാധ്യമ ഭീമന്‍മാരായിരുന്നു അതിനു വളംവെച്ചത്.


ഇസ്ലാമോഫോബിയ വിരുദ്ധ ദിനം
വളര്‍ന്നുവരുന്ന ഇസ്ലാം ഭീതി തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ 2022 ലാണ് ഐക്യരാഷ്ട്ര സഭ മാര്‍ച്ച് പതിനഞ്ച് ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായി പ്രഖ്യാപിക്കുന്നത്.’യഥാര്‍ഥ വര്‍ധിത ഭീഷണി’ എന്നായിരുന്നു യു.എന്നിലെ തുര്‍ക്കി പ്രതിനിധി സാദത്ത് ഉനാല്‍ അഭിപ്രായപ്പെട്ടത്. അഭിപ്രായ സ്വാതന്ത്രമെന്ന ലേബലില്‍ വരുന്ന ഇസ്ലാം വിരുദ്ധത വെച്ച്പൊറുപ്പിക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മുസ്ലിംകളുടെ അവകാശ ലംഘനമാണെന്നായിരുന്നു അദ്ദേഹം ഉയര്‍ത്തിയ വാദം. ആദ്യ അന്താരാഷ്ട്ര ഇസ്ലാമോഫോബിയ വിരുദ്ധ ദിനമെന്ന നിലയില്‍ ഏറെ ശ്രദ്ധനേടിയിരുന്നു ഈ വര്‍ഷത്തെ ദിനാചരണം. ലോകത്തങ്ങോളമിങ്ങോളം വിദ്വേഷ വിരുദ്ധ ശബ്ദങ്ങള്‍ ഉയര്‍ന്നു കേട്ടു.
പാകിസ്ഥാന്‍ പ്രതിനിധിയുടെ പ്രമേയം അംഗീകരിച്ചാണ് ഈ ദിനാചരണം തുടങ്ങിയത് യു.എന്‍.എ.ഒ.സി (യുനൈറ്റഡ് നേഷന്‍സ് അലയന്‍സ് ഓഫ് സിവിലൈസേഷന്‍) ആഭിമുഖ്യത്തില്‍ ഉന്നതതല യോഗം വിളിച്ചുചേര്‍ക്കുകയണ്ടായി ദിനാചരണത്തോടനുബദ്ധിച്ച്. ഒര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കന്‍ട്രീസ്
(ഒ.ഐ.സി) അടക്കം പങ്കുകൊണ്ട യോഗം, വിഷയത്തിന്റെ അവഗണിക്കപ്പെടുന്ന ഗൗരവ തലങ്ങള്‍ എടുത്തുകാട്ടുന്നതായിരുന്നു.
മുസ്ലിംകളോടുള്ള വിവേചനവും പ്രത്യക്ഷമായ വിദ്വേഷവും ‘പകര്‍ച്ചവ്യാധി പോലെ’ ഉയരുന്നതായിട്ടാണ് മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യു.എന്നിന്റെ പ്രത്യേക റിപ്പോര്‍ട്ട് കണ്ടെത്തിയത്. ‘വംശീയദേശീയത, നിയോനാസിസം, വിദ്വേഷ പ്രസംഗം എന്നിങ്ങനെ മുസ്ലിംകള്‍, ജൂതര്‍, ന്യൂനപക്ഷ ക്രിസ്ത്യന്‍ സമൂഹങ്ങള്‍ തുടങ്ങി സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള വിവേചന പ്രവണതകള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിന്റെ ഭാഗമാണ് മുസ്ലിം വിരുദ്ധത. വിശുദ്ധ ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നതു പോലെ; പരസ്പരം വേര്‍തിരിച്ചറിയുവാന്‍ വേണ്ടിയാണ് രാഷ്ട്രങ്ങളും ഗോത്രങ്ങളും സൃഷ്ടിക്കപ്പെട്ടത്. വൈവിധ്യം ഒരു സമ്പത്താണ്, ഭീഷണിയല്ല’ ആദ്യ ദിനാചരണത്തിലെ യു.എന്‍ സെക്രട്ടറി ജനറലിന്റെ വാക്കുകള്‍ പ്രതീക്ഷകള്‍ ഏറെ നല്‍കുന്നുണ്ട്. അധിക്ഷേപിക്കപ്പെടുന്ന വിഭാഗങ്ങളിലേക്ക് ശ്രദ്ധക്ഷണിച്ചു കൊണ്ടായിരുന്നു ദിനാചരണം പ്രമാണിച്ച് അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക പത്രക്കുറിപ്പ്. വിശുദ്ധ റമള്വാനെ വരവേല്‍ക്കാനൊരുങ്ങുന്ന മുസ്ലിം സമൂഹത്തോടൊപ്പം നമുക്കും വെറുപ്പിനെതിരായ പോരാട്ടത്തില്‍ പങ്കുചേരാമെന്ന പ്രത്യാശ നല്‍കിയാണ് അന്നത്തെ പത്രക്കുറിപ്പ് അവസാനിക്കുന്നത്.
വെറുപ്പിനെ തുടച്ചു നീക്കാന്‍ ഇനിയും യത്നങ്ങളുണ്ടാവണമെന്ന ബോധനമാണ് സ്‌കോട്ട്ലാന്‍ഡിലെ മുസ്ലിം സംഘടനകള്‍ രാജ്യഭരണകൂടത്തിന്ന് ഈ ദിനത്തില്‍ നല്‍കിയത്. ന്യൂകാസില്‍ സര്‍വകലാശാലയുടെ പഠനങ്ങളും അവര്‍ ശ്രദ്ധയിലേക്കെത്തിച്ചു. ഇസ്താംബൂള്‍ സ്വബാഹുദ്ദീന്‍ സഈം സര്‍വകലാശാലയും അന്നേ ദിവസത്തെ അക്കാദമിക്ക് സെമിനാറില്‍ പന്ത്രണ്ട് രാഷ്ട്രങ്ങളില്‍ നിന്ന് അമ്പതിലധികം ഗവേഷകരായിരുന്നു വിഷയമവതരിപ്പിച്ചത്. 2023 ജനുവരി 23ന്, മാധ്യമപ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അല്‍മിറ എല്‍ഖവാബിനെ തങ്ങളുടെ ഇസ്ലാമോഫോബിയ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രത്യേക പ്രതിനിധിയായി കാനഡ നിയമിച്ചിരുന്നു. പ്രശ്ന പരിഹാര തലത്തിലെ വഴിത്തിരിവായ പ്രഖ്യാപനമായി അതിനെ കാണം. ആഗോള തലത്തില്‍ ഇസ്ലാമോഫോബിയ ഒരു കുറ്റകൃത്യമായി അംഗീകരിക്കപ്പെട്ടു എന്നത് തന്നെയാണ് ആദ്യ ദിനാചരണത്തിന്റെ നേട്ടം. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ ഇസ്ലാമോഫോബിയ വിരുദ്ധ മുന്നേറ്റങ്ങളാണ് ദിനാചരണം മൂലം സാധ്യമായത്.


മുസ്ലിം ഭൂരിപക്ഷ ദേശങ്ങളിലെ ഇസ്ലാം ഭീതി
മുസ്ലിം ഭൂരിപക്ഷ രാഷ്ടങ്ങളില്‍ ഇസ്ലാം വിരുദ്ധതയോ എന്ന് ചോദ്യമുയര്‍ന്നേക്കാം. തീര്‍ച്ചയായും നിലവിലുണ്ടെന്നാണ് മറുപടി. വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന വസ്തുതയില്‍ നാമെന്തിന് ആശ്ചര്യപ്പെടണം..? 99% മുസ്ലിംകളുള്ള തുര്‍ക്കിയുടെ കാര്യം തന്നെയെടുക്കാം. ഇസ്ലാമുമായി ബന്ധപ്പെട്ട എല്ലാ ഭീതിയെയും അതിന്റെ എല്ലാ തലങ്ങളിലും ഉല്‍പ്പാദിപ്പിക്കുന്നതിലും ഏകീകരിക്കുന്നതിലും ഈ രാജ്യത്തെ മതേതരത്വം വിജയിച്ചിട്ടില്ലേ?, ഒന്നുകൂടി ആഴത്തില്‍ ചിന്തിച്ചാല്‍ ഇസ്ലാമോഫോബിയയുടെ ഉറവിടങ്ങള്‍ മുസ്ലിം അംഗസംഖ്യയുള്ള സമൂഹങ്ങളാണെന്നതില്‍ അതിശയം തെല്ലുമില്ല. ഇസ്ലാമിനെ രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളില്‍ നിന്ന് മാറ്റി നിര്‍ത്താതെ കൊളോണില്‍ അജണ്ടകള്‍ക്ക് നിലനില്‍ക്കാനാകുമായിരുന്നില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇസ്ലാമും അനുയായികളുമായിരുന്നു എന്നും കൊളോണിയലസത്തിന്റെ പ്രഥമ ശത്രുക്കള്‍. ഇതിനാല്‍ തന്നെയാണ് പറയുന്നത് മുസ്ലിം ഭൂരിപക്ഷ ഇടങ്ങളില്‍ ഇസ്ലാമോഫോബിയക്ക് സ്വാധീനമുണ്ടെന്ന്. വസൂരി പോലെ പടര്‍ന്നുപിടിക്കുന്ന വിപത്താണിതെന്നാണ് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ അഭിപ്രായപ്പെട്ടത്. ഇത് മുസ്ലിം സമുദായത്തിന്റെ പ്രശ്നമല്ല, മാനുഷിക പ്രശ്നമാണ്. നടപടികളൊന്നുമില്ലെങ്കില്‍ ക്രൈസ്റ്റ് ചര്‍ച്ചുകള്‍ ഇനിയും ആവര്‍ത്തിക്കപ്പെടും.
നമ്മുടെ മതത്തെ ഒരു മതമായി തന്നെ അംഗീകരിക്കാത്ത ദിനം വരുംവരെ നമ്മള്‍ എഴുത്തും പോരാട്ടവും തുടരുക തന്നെ ചെയ്യണം. അപരിഷ്‌കൃതമെന്നും യുക്തിരാഹിത്യമെന്നും അവര്‍ മുദ്രകുത്തിക്കൊണ്ടേയിരിക്കും. അതു പറഞ്ഞ് വിവേചനങ്ങളെയും പുറന്തള്ളലുകളെയും ന്യായികരിച്ചുകൊണ്ടേയിരിക്കും. ഇത് സാംസ്‌കാരികമായിത്തനെ മാറ്റത്തിന് വിധേയമാകണം. മുസ്ലിം സമൂഹത്തിന് ശാന്തിസമാധാനത്തോടെ ഇനിയും ജീവിക്കണം.

യാസീന്‍ അഖ്ത്വായ്
വിവ: ആദില്‍ സംനാസ്