എന്തുകൊണ്ട് മലപ്പുറം ജില്ല?

2731

മതം വിട്ടുവീഴ്ചയില്ലാതെ ഉള്‍ക്കൊള്ളുകയും കണിശതയോടെ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുമ്പോഴും സഹജീവിക്കും സഹോദര സമുദായങ്ങള്‍ക്കുമിടയില്‍ അതിരുകെട്ടി വേര്‍ത്തിരിക്കാത്തതാണ് മലപ്പുറത്തിന്റെ സ്വഭാവം. ആരും ഇറക്കുമതി ചെയ്ത ‘സെക്കുലര്‍’ നിയാമക നിയന്ത്രണമല്ല;മതത്തിന്റെ അപ്പുറവും ഇപ്പുറവുമിരുന്ന് പാരസ്പര്യം കൊണ്ട് പരിരക്ഷ തീര്‍ത്തപ്പോള്‍ സ്വയം രൂപപ്പെട്ടു വന്ന സംസ്‌കാരമാണത്. അന്യോനം ആശ്രയിച്ചും പരസ്പരം പൂരിപ്പിച്ചും മാത്രമേ ജീവിക്കാന്‍ കഴിയൂ എന്നുവന്നപ്പോള്‍ സ്വയം സൃഷ്ടിച്ചെടുത്ത സമഭാവന.

മുആവിയ മുഹമ്മദ് കെ.കെ

ഈ പ്രതികൂല കാലത്തും ഇടക്കിടെ ദേശീയശ്രദ്ധയില്‍ വരുന്നത് മലപ്പുറം ജില്ലയുടെ മാത്രം പ്രത്യേകതയാണെന്നു തോന്നുന്നു. ഇത്തവണ-പിറവിയുടെ 51-ാം വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ അതു സംഭവിച്ചത് പേരിനെങ്കിലും ഒ’രാനക്കാര്യ’ത്തിനായതില്‍ ജില്ലയുടെ ജാതകം നോക്കിശീലിച്ചവര്‍ക്ക് അഭിമാനിക്കാം. ജില്ലയിലെ കൊണ്ടോട്ടി ഖുബ്ബ മുമ്പ് സുബ്രമണ്യക്ഷേത്രമായിരുന്നുവെന്ന് ‘കേന്ദ്രകാര്യവാഹക്’ന്റെ പേരിലൊന്ന് തള്ളിനോക്കി ക്ലച്ച് പിടിക്കാതെ കെട്ടടങ്ങിയതിന്റെ മൂന്നാംപക്കമാണ് ഒരു ഗജ ജഡം പരിവാരപ്രഭൃതികള്‍ക്ക് ജില്ലാതിര്‍ത്തിയില്‍ നിന്ന് വീണ് കിട്ടിയത്. മലപ്പുറം ജില്ലയിലെ പാലക്കാടായിമാറാനും ജില്ലയിലെ ഭീകരവാദികള്‍ നാളിതുവരെ കൊന്ന് തള്ളിയ ആനക്കണക്ക് ‘മറനീക്കി’ പുറത്തുവരാനുമൊന്നും ഒട്ടും താമസമുണ്ടായില്ല. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഒട്ടും സമയതാമസമില്ലാതെ സോഷ്യല്‍മീഡിയ മൂന്നാം കണ്ണ് തുറക്കുകയും മൈക്രോഅപ്‌ഡേഷന്‍ നടത്തുകയും ചെയ്യുന്നതിനാല്‍ ശേഷവിശേഷങ്ങളിവിടെ കുറിക്കുന്നില്ല. അരനൂറ്റാണ്ടിന്റെ അനുഭവത്തിന്റെ പിന്‍ബലത്തില്‍ മലപ്പുറത്തിനിതൊന്നും പുത്തരിയല്ല സംഘികളേ എന്ന് പറഞ്ഞവസാനിപ്പിക്കുക മാത്രമാണ് മാന്യമായ പ്രതികരണരീതി.
1969 ജൂണ്‍16 ന് മലയാണ്മയുടെ പരിഛേദവും പരിഛേതനയുമായി ‘മലപ്പുറം ജില്ല’ പിറന്നുവീണതു മുതല്‍ ഇത്തരം’മലപ്പുറം ഖിസ്സ’കള്‍ ഐക്യകേരളത്തിന്റെ ഇതിഹാസ ചരിത്രത്തിന്റെ ഭാഗമാവുകയും ഭാഗധേയം നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്. 1956 ലെ സംസ്ഥാന പുനസ്സംഘടനാചട്ട (state reorganisation act)ത്തോടനുബന്ധിച്ച് 1956 നവംബര്‍1 ന് കേരളം പിറക്കുമ്പോള്‍ തിരുവനന്തപുരം,കൊല്ലം, കോട്ടയം,തൃശൂര്‍,മലബാര്‍ എന്നിങ്ങനെ അഞ്ചുജില്ലകള്‍ മാത്രമാണ് സംസ്ഥാനത്തുണ്ടായിരുന്നത്. പിന്നീട് ആവശൃാനുസരണം അവസരോചിതമായി 1957 ല്‍ മലബാര്‍ ജില്ലയില്‍ നിന്ന് കോഴിക്കോട് പാലക്കാട്, കണ്ണൂര്‍ ജില്ലകളും കൊല്ലം കോട്ടയം ജില്ലകളില്‍ നിന്ന് ചില ഭൂഭാഗങ്ങളെടുത്ത് ആലപ്പുഴയും 1958 ല്‍ എറണാംകുളം ജില്ലയും രൂപീകരിച്ചു. അതിനു ശേഷമാണ് 10ാം മത്തെ ജില്ലയായി മലപ്പുറം പിറക്കുന്നത്.
കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളുടെ ഭാഗമായിരുന്ന ഏറനാട്, തിരൂര്‍, പെരിന്തല്‍മണ്ണ, പൊന്നാനി എന്നീ താലൂക്കുകള്‍ കൂട്ടിച്ചേര്‍ത്താണ് മലപ്പുറം ജില്ലാ രൂപീകരണമുണ്ടാകുന്നത്. ജനക്ഷേമപരവും വികസനപരവുമായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി താരതമ്യേന പിന്നാക്കം നില്‍ക്കുന്ന പ്രസ്തുത താലൂക്കുകള്‍ കൂട്ടിച്ചേര്‍ത്ത് പുതിയ ജില്ല രൂപീകരിക്കുന്നത് എന്തുകൊണ്ടും ഉചിതവും അനിവാര്യവുമാണെന്ന തിരിച്ചറിവില്‍ നിന്നാണ് മലപ്പുറം ജില്ലയെന്ന ആശയം രൂപപ്പെടുന്നത്. പ്രദേശത്തെ പ്രധാന രാഷ്ട്രീയപ്പാര്‍ട്ടിയായ മുസ്‌ലിംലീഗ് ഇതൊരു പാര്‍ട്ടീ ദൗത്യമായി ഏറെറടുക്കുകയും പൊതുവേദികളില്‍ നിരന്തരം ആവശ്യപ്പെടാന്‍ ആരംഭിക്കുകയും ചെയ്തതോടെ ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചു. 1967 ലെ തെരഞ്ഞെടുപ്പില്‍ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷിമുന്നണി അധികാരത്തില്‍ വന്നപ്പോള്‍ മുസ്‌ലിംലീഗ് അതില്‍ ഒരു പ്രബലകക്ഷിയായിരുന്നു. ഭരണസ്വാധീനം ഉപയോഗപ്പെടുത്തി തികച്ചും ന്യായമായ ഈ ആവശ്യം നേടിയെടുക്കാന്‍ മന്ത്രിസഭയില്‍ ലീഗ് സമ്മര്‍ദ്ദം ചെലുത്തുക കൂടി ചെയ്തതോടെ മലപ്പുറം ജില്ല യാഥാര്‍ത്ഥ്യമായി.
എതിര്‍പ്പുകള്‍ ”മലപ്പുറ”ത്തിന്റെ കൂടെപ്പിറപ്പായിരുന്നു. ‘മലപ്പുറം ജില്ലാ രൂപീകരണം’ അവിസ്മരണീയമാകുന്നതും അവിടെത്തന്നെയാണ്.
രൂപീകരിക്കപ്പെടാന്‍ പോകുന്ന ജില്ലയില്‍ മുസ്‌ലിംകള്‍ ഭൂരിപക്ഷമാണ് എന്നത് മാത്രമായിരുന്നു എതിര്‍ക്കുവരുടെ ന്യായം. അതിന്റെ ചുവടുപിടിച്ച് ജില്ലാവിരുദ്ധര്‍ നെയ്തുവിട്ട അപസര്‍പ്പകകഥകള്‍ എല്ലാ അതിരുകളും ഭേദിച്ച് സ്വതന്ത്ര്യ ഇന്ത്യയിലെ ‘മിനിപാകിസ്ഥാന്‍’എന്ന ആഖ്യാനത്തിലേക്ക് വരെ നീണ്ടു.! പാകിസ്ഥാന്റെ ചാരക്കപ്പലുകള്‍ ജില്ലാതീരത്തു നങ്കൂമിടുന്നുണ്ട് എന്ന് പോലും പ്രചരിപ്പിക്കപ്പെട്ടു.
ബി.ജെ.പി.യുടെ ആദ്യകാലരൂപമായ ഭാരതീയജനസംഘമായിരുന്നു അന്നും ഇത്തരം പ്രചാരണവേലകളുടെ മുന്നില്‍. ചില വ്യക്തികളില്‍ നിന്നും പാര്‍ട്ടികളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും അവര്‍ക്കു ലഭിച്ച അപ്രതീക്ഷിതമായ പിന്തുണ പ്രചാരണങ്ങള്‍ക്കു കൊഴുപ്പുകൂട്ടി .
മലപ്പുറം ജില്ല യാഥാര്‍ഥ്യമായാല്‍ സംഭവിച്ചേക്കാവുന്ന ഭവിഷ്യത്തുക്കള്‍ ലേഖനങ്ങളായും ലഘുലേഖകളായും പത്രക്കുറിപ്പുകളായും വാര്‍ത്തകളില്‍ നിറയാന്‍ പിന്നെ താമസമുണ്ടായില്ല. അനന്തപുരിയും കടന്ന് ഇന്ദ്രപ്രസഥം വരെ നീണ്ട ആ ‘പ്രചാരണവേല’യുടെ മലയാളേതര ഭാഷാവിഭവങ്ങള്‍ ഏറെക്കുറേ മാതൃഭൂമിയടക്കമുള്ള മലയാള ഭാഷാവിഭവങ്ങളുടെ തനിപ്പകര്‍പ്പായി മാറിയത് യാദൃശ്ചികമാകാനിടയില്ല. പക്ഷേ, വിഭജനത്തിന്റെ മുറിവുപേറുന്ന ഉത്തരേന്ത്യയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് അത് സൃഷ്ടിച്ചുവച്ചത്. മലപ്പുറമെന്നു കേള്‍ക്കുമ്പോള്‍ ഇതര സംസ്ഥാനങ്ങളിലുള്ളവര്‍ക്കും ജില്ലക്കു പുറത്തുള്ളവര്‍ക്കുതന്നെയും ഇന്നും അനുഭവപ്പെടുന്ന ഭീതിയുടെ ഉത്ഭവം അന്നത്തെ ജില്ലാവിരുദ്ധമുന്നണി പടച്ചുവിട്ട ‘മലപ്പുറം കഥ’കളുടെ ശേഷിപ്പുകളാണ്്്.
മലപ്പുറത്തെ ചൂണ്ടി ഉത്തരേന്ത്യന്‍ ഹിന്ദുവിനെ ഭയപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നതാണ് നേര്്്. കേന്ദ്രത്തിലെ ബി.ജെ.പി ഗവണ്‍മെന്റിന്റെ രാഷ്ട്രീയ രഥ്യ രണ്ടാമൂഴത്തിലെത്തിയിട്ടും കേരളം തൊടാന്‍പറ്റാത്തതിന്റെ ശാത്രവം കുറച്ചൊന്നുമല്ല സംഘികളെ അസ്വസ്ഥരാക്കുന്നത്. വാഴുന്നവന് കുഴലൂതുന്ന ചില ദേശീയമാധ്യമങ്ങള്‍ പടച്ചുവിടുന്ന കെട്ടുകഥകള്‍ തൊണ്ടതൊടാതെ വിഴുങ്ങുകയും ഉളുപ്പില്ലാതെ ഏറ്റുപിടിക്കുകയും ചെയ്യുന്നതില്‍ ഒട്ടും പിന്നിലല്ല തങ്ങളുമെന്ന് ഓരോതവണയും മാത്സര്യബുദ്ധിയോടെ തെളിയിച്ചുകൊണ്ടിരിക്കുകയാണ് കേരള യോഗിമാര്‍. അതിന്റെ ലേറ്റസ്റ്റ് കാഴ്ചകളാണ് സമീപ ദിവസങ്ങളില്‍ കേരളം കണ്ടത്. മുസ്‌ലിം സ്പര്‍ഷമുള്ളതൊക്കെയും വിവാദമാക്കി മാററാനുള്ള ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ അശാന്ത പരിശ്രമം മുതല്‍ ജനസംഖ്യ പെരുപ്പിച്ച്്് കാട്ടിയും മറ്റും ഇരുപത് വര്‍ഷമായി മലപ്പുറം ജില്ലയില്‍ ഒരുപൊതുയോഗം നടത്താന്‍പോലും കഴിയുന്നില്ലെന്ന് വിഷം ചീറ്റുന്ന സുബ്രഹ്മണ്യം സ്വാമിമാരും നോട്ട്‌നിരോധിച്ചതിന്റെ പിറ്റേന്ന് ഫെഡറല്‍ബാങ്കിന്റെ ക്യൂവില്‍ പാക്ചാരന്‍മാരെ കണ്ടെത്തിയ ദേശസ്‌നേഹികളുമൊക്കെ സംശയം കൊണ്ട് ശിലയിട്ട ആ മുന്‍വിധിയുടെ പിന്‍ബലത്തില്‍ പയറ്റിത്തെളിക്കാന്‍ ശ്രമിച്ചമുന്‍കാലമാതൃകകളും കുറവല്ല. ഒറ്റപ്പെട്ട സംഭവങ്ങള്‍ പെരുപ്പിച്ചു കാട്ടി എഴുതാപ്പുറം അച്ചുനിരത്തുന്ന മാധ്യമവേല ഇതിന് വളമായി മാറുകയും ചെയ്യുന്നു.
എന്നാല്‍, മലപ്പുറത്തു ജീവിക്കുന്ന ഹിന്ദുവിനും മുസ്്‌ലിമിനും എന്നു വേണ്ട ഏതുമതസ്ഥനും മതമില്ലാത്തവനുമറിയാം ഇവിടുത്തെ സമ്യക്കായ പാരമ്പര്യത്തെക്കുറിച്ച് എന്ന പരമാര്‍ത്ഥമാണ് ആരോപണങ്ങളേശാതെ പോകുന്നതിനുപിന്നിലുള്ളത്. സൈനുദ്ധീന്‍ മഖ്ദൂമിന്റെയും സാമൂതിരി രാജാവിന്റെയും കുഞ്ഞാലി മരക്കാന്‍മാരുടെയും കലര്‍പ്പറ്റ കഥകള്‍ ആവര്‍ത്തിച്ചുരുവിടുക മാത്രമല്ല മമ്പുറം തങ്ങളുടെയും കോന്തുനായരുടെയും സഹജീവിതങ്ങള്‍ പുനരാവിഷ്‌കരിക്കുക കൂടി ചെയ്തുകൊണ്ടാണ് ഈ നാട് ഇക്കാലമത്രയും വര്‍ഗീയസൃഗാല ബുദ്ധികളുടെ ശാത്രവാസ്ത്രങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ളത്. മലപ്പുറത്തെ ഹിന്ദുക്കള്‍ നേരിടുന്ന പീഢനപര്‍വങ്ങളെയും സാമ്പത്തിക അസമത്വങ്ങളെയും സാമൂഹിക അസമത്വങ്ങളെയും കുറിച്ച് കള്ളക്കഥകള്‍ പ്രചരിപ്പിച്ച് ഉത്തരേന്ത്യന്‍ സാമൂഹ്യധ്രുവീകരണത്തിന് ആക്കം കൂട്ടുകയും തരം കിട്ടിയാല്‍ കണക്കുതീര്‍ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന പരിവാര ഫാഷിസത്തിന്് മുഖമടച്ച് മറുപടികൊടുത്തുകൊണ്ടിരിക്കുകയാണ് ഇന്നും ആ മഹിത പാരസ്പര്യത്തിന്റെ രജതരേഖകള്‍.
മതം വിട്ടുവീഴ്ചയില്ലാതെ ഉള്‍ക്കൊള്ളുകയും കണിശതയോടെ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുമ്പോഴും സഹജീവിക്കും സഹോദര സമുദായങ്ങള്‍ക്കുമിടയില്‍ അതിരുകെട്ടി വേര്‍ത്തിരിക്കാത്തതാണ് മലപ്പുറത്തിന്റെ സ്വഭാവം. ആരും ഇറക്കുമതി ചെയ്ത ‘സെക്കുലര്‍’ നിയാമക നിയന്ത്രണമല്ല;മതത്തിന്റെ അപ്പുറവും ഇപ്പുറവുമിരുന്ന് പാരസ്പര്യം കൊണ്ട് പരിരക്ഷ തീര്‍ത്തപ്പോള്‍ സ്വയം രൂപപ്പെട്ടു വന്ന സംസ്‌കാരമാണത്. അന്യോനം ആശ്രയിച്ചും പരസ്പരം പൂരിപ്പിച്ചും മാത്രമേ ജീവിക്കാന്‍ കഴിയൂ എന്നുവന്നപ്പോള്‍ സ്വയം സൃഷ്ടിച്ചെടുത്ത സമഭാവന!
അടിത്തട്ടില്‍ ജീവിച്ചുണ്ടാക്കിയ ഈ അനുഭവത്തിന്റെ പേരാണ് ഇവിടെ മതേതരത്വം. ചോറും കറിയും ഉപ്പും മുളകും കൈമാറി രക്തത്തില്‍ കലര്‍ത്തിവെച്ച മനുഷ്യപ്പറ്റ്, മദ്രസവിട്ടെത്തുമ്പോള്‍ വീട്ടിലുമ്മയില്ലെങ്കിലും അയല്‍പ്പക്കത്തെ ‘ഉടപ്പിറപ്പി’ന്റെ കഞ്ഞിക്കിണ്ണത്തില്‍ നിന്ന് പശിയടക്കി ഒരുമിച്ച് സ്‌കൂളിലേക്കോടുന്ന വകഭേദങ്ങളില്ലാത്ത സഹജീവിതം, ഓണവും വിഷുവും പെരുന്നാളും എന്നുവേണ്ട വീട്ടിലെ ചടങ്ങുകളോരോന്നും ”അവരുടേതു കൂടി”യായി മാറുന്ന വിശേഷം, നേര്‍ച്ചച്ചോറിനുള്ള വരിയില്‍ ഭസ്മക്കുറിയും നിസ്‌കാരത്തഴമ്പും ഇടകലര്‍ന്നിരിക്കുന്ന പതിവുതെറ്റ്ാത്ത ശീലം, റമദാനില്‍ വ്രതമനുഷ്ടിച്ചും കടയടച്ചിട്ടുമൊക്കെ താദാത്മ്യം പ്രാപിക്കുന്ന ജീവല്‍ ത്യഗം…..ഇതൊക്കെയാണ് അതിന്റെ പ്രായോഗിക രൂപങ്ങള്‍.
ജില്ലയില്‍ നിന്ന് കാലാവധി പൂര്‍ത്തിയാക്കി മടങ്ങുന്ന അന്യനാട്ടുകാരായ കളക്ടര്‍ ഉദ്യോഗസ്ഥരുടെ കണ്ണീര്‍ നനവുള്ള കുമ്പസാരവാക്കുകള്‍ ആ സംശുദ്ധ സംസ്‌കാരത്തിന്റെ സാക്ഷിപത്രമാണ്.കടലുണ്ടി ട്രൈന്‍ ദുരന്തവും അങ്ങാടിപ്പുറം തളിക്ഷേത്ര സംഭവവും ബാബരി ധ്വംസന ദിനവുമൊക്കെ അത് വേറിട്ടനുഭവിച്ച സമയങ്ങളാണ്. അതുമല്ലെങ്കില്‍ മുസ്്‌ലിമായതിന്റെ പേരില്‍ മാത്രം ഒരു ചെറുപ്പക്കാരന്‍ അരുംകൊലചെയ്യപ്പെട്ടിട്ടും ഒരു പുല്‍ച്ചെടിക്കു പോലും പോറലേല്‍ക്കാതെ പതിവുപോലെ പിറ്റേന്നും നേരം പുലര്‍ന്നത് ഇവിടെ, നരേന്ദ്രമോഡി ഭരിക്കുന്ന ഇന്ത്യയില്‍ തന്നെയാണ്.! ഇനിയും തൃപ്തിവരാത്തവര്‍ക്കുവേണ്ടി കെ.പി രാമനുണ്ണിയും ആലങ്കോട്ട് ലീലാകൃഷ്ണനും പി.സുരേന്ദ്രനും അവരുടെയൊക്കെ കാരണവരായി സി.രാധാകൃഷ്ണനും വേണ്ടിവന്നാല്‍ മഹാകവി അക്കിത്തവും പറഞ്ഞുതരും മലപ്പുറത്തിന്റെ മതജീവിതം.
അങ്ങനെയൊരു നാട്ടില്‍, മുസ്്‌ലിം സമുദായം വൈകാരികമായി പ്രതികരിക്കുമെന്നു നിനച്ച ഘട്ടങ്ങളിലെല്ലാമുണ്ടായ കടുത്ത നിരാശയില്‍, സ്വസമുദായത്തെ പ്രകോപിപ്പിച്ച് നേട്ടമുണ്ടാക്കാനാവുമോ എന്ന ഗവേഷണത്തിലാണ് ചിലരിന്ന്. വിശദീകരണങ്ങളാവശ്യമില്ലാത്തവിധം വ്യക്തവും ശക്തവുമായ അത്തരം നീക്കങ്ങളോട് ഇനിയുള്ള നാളുകളില്‍ നാം വെച്ചുപുലര്‍ത്തുന്ന സമീപനവും അവയോട് നാം കാണിക്കുന്ന ജാഗ്രതയുമായിരിക്കും ഇനിമേല്‍ നമ്മുടെ നാടിന്റെ ഭാവിനിശ്ചയിക്കുക……………