എല്ലാത്തിനും മുകളില്‍ കോടതിയുണ്ടല്ലോ…

2189

ബഹളവും തെരഞ്ഞെടുപ്പ് ചൂടും മൂലം പാര്‍ലമെന്റ് അഞ്ചുദിവസത്തേക്ക് പിരിഞ്ഞ ഒഴിവില്‍ ഡല്‍ഹിയില്‍ തന്നെ തങ്ങിയ പി.പി ഫൈസലിനെ സത്യധാരക്കു വേണ്ടി ഒരഭിമുഖത്തിനായി വിളിച്ചപ്പോള്‍ സന്തോഷപൂര്‍വം നാളെ രാവിലെ വരൂവെന്ന് പറയുകയായിരുന്നു. മൗലാനാ അബ്ദുല്‍കലാം ആസാദ് റോഡിലെ 40ാം നമ്പര്‍ വസതിയില്‍ രാവിലെ എത്തുമ്പോള്‍ ഫൈസല്‍ ഉണ്ടായിരുന്നില്ല. പേഴ്‌സനല്‍ സെക്രട്ടറി ഫവാസുമായി സംസാരിച്ചിരിക്കെ ഫൈസലെത്തി. സോറി ജോഗിങ്ങിന് പോയതായിരുന്നു എന്ന് ആമുഖമായി പറഞ്ഞ് ഫൈസല്‍ ദ്വീപിലെ ആനുകാലികരാഷ്ട്രീയ സംഭവങ്ങള്‍ സംസാരിച്ചു തുടങ്ങി.

പ്രഫുല്‍ കെ. പട്ടേലിന്റെ വരവ്
എട്ട് കേന്ദ്രഭരണപ്രദേശങ്ങളാണ് ഇന്ത്യയിലുള്ളതെങ്കിലും ഡല്‍ഹിയിയെയും പുതുച്ചേരിയെയും പോലെയല്ല ലക്ഷദ്വീപ്. ദ്വീപില്‍ നിയമസഭയില്ല. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ദ്വീപിലെ ഭരണം നിയന്ത്രിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നിയമിക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ക്കാണ് ഭരണചുമതല. ദ്വീപില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും വലിയ പോസ്റ്റ് എന്റെ ലോക്‌സഭാംഗത്വമാണ്. സിവില്‍സര്‍വീസുകാരെയോ വിരമിച്ച സിവില്‍സര്‍വീസുകാരെയോ ആണ് അഡ്മിനിസ്‌ട്രേറ്റര്‍മാരായി നിയമിക്കാറുള്ളത്. 2016 ല്‍ ഇതുമാറ്റി പകരം രാഷ്ട്രീയക്കാര്‍ വന്നുതുടങ്ങി. 2016ല്‍ ബി.ജെ.പി നേതാവും വിരമിച്ച സിവില്‍സര്‍വീസുകാരനുമായ ഫാറൂഖ് ഖാന്‍ എത്തി. ബി.ജെ.പിയുടെ നേതാവായിരുന്നുവെങ്കിലും പ്രത്യക്ഷ സംഘ്പരിവാര്‍ അജണ്ടകളൊന്നും അദ്ദേഹത്തില്‍ നിന്നുണ്ടായില്ല. തുടര്‍ന്നുവന്നത് ദിനേശ് ശര്‍മ. ഫാറൂഖിനെപ്പോലെ ശര്‍മയും വിരമിച്ച ഉദ്യോഗസ്ഥനായിരുന്നു. മറ്റേതൊരു അഡ്മിനിസ്‌ട്രേറ്ററെയും പോലെ ദ്വീപുകരെ വെറുപ്പിക്കാതെ വികസന പ്രവര്‍ത്തനകാഴ്ചപ്പാടുമായി മുന്നോട്ടുപോവുന്നതിനിടെ അദ്ദേഹം മരിച്ചു. ദിനേശ് ശര്‍മയുടെ നിര്യാണത്തെത്തുടര്‍ന്ന് ദാദ്രനഗര്‍-ഹവേലിയുടെ അഡ്മിനിസ്‌ട്രേറ്ററായിരുന്ന പ്രഫുല്‍ കെ. പട്ടേലിന് ലക്ഷദ്വീപിന്റെയും അധികചുമതലനല്‍കി. ഗുജറാത്തില്‍ നിന്നുള്ള ബി.ജെ.പി നേതാവായ പട്ടേല്‍ മോദിയുടെ അടുപ്പക്കാരനുമാണ്.

ആദ്യം ഗുണ്ടാ ആക്ട്
പ്രഫുല്‍ കെ. പട്ടേല്‍ താല്‍ക്കാലിക ഭരണാധികാരിയായി ചുമതലയേറ്റ് ആദ്യം ദ്വീപിലെത്തിയപ്പോള്‍ തന്നെ കണ്ടത് സി.എ.എ വിരുദ്ധ ബാനറുകളും ചുവരെഴുത്തുകളുമായിരുന്നു. ‘ഈ സ്ഥലം വിട്ടുപോവാന്‍ ഇത് മോദിയുടെ പിതാവിന്റെ സ്ഥലമല്ല’ എന്ന ഇംഗ്ലീഷിലുള്ള വലിയ ബനര്‍ കണ്ടതോടെ പട്ടേലിന് അത് ശരിക്കും വിറളിപിടിപ്പിച്ചിട്ടുണ്ടാവണം. സി.എ.എക്കെതിരേ ഇന്ത്യയിലുടനീളം നടന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി സമരങ്ങള്‍ ദ്വീപിലും നടന്നിരുന്നു. വിവിധ രാഷ്ട്രീയകക്ഷികളുടെ പിന്തുണയോടെയുള്ള പൊതുകൂട്ടായ്മകളായിരുന്നു സമരത്തിനു പിന്നില്‍. അത്തരംകൂട്ടായ്മയാണ് ആ ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. പട്ടേലിന്റെ ഉത്തരവ് പ്രകാരം ബാനര്‍ സ്ഥാപിച്ചവരെയും സംഘാടക തോക്കളെയും അറസ്റ്റ്‌ചെയ്തു. ഇപ്പോഴവര്‍ ജാമ്യത്തിലാണ്. പിന്നീട് പട്ടേല്‍ ആദ്യം ചെയ്തത് ദ്വീപില്‍ ഗുണ്ടാ നിയമം കൊണ്ടുവരികയായിരുന്നു. പ്രിവന്‍ഷന്‍ ഓഫ് ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പാസ) നിയമം കൊണ്ടുവന്നു. ആരെയും മുന്‍കൂട്ടി തടങ്കലിലാടന്‍ കഴിയുന്നതായിരുന്നു ഈ നിയമം. ഇതിന്റെ കരട് പൊതുജനങ്ങളുടെ അഭിപ്രായം സ്വരൂപിക്കാനായി വച്ചിരിക്കുകയാണ്. മാര്‍ച്ച് അവസാന വാരം വരെ ജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. പാസ ഉള്‍പ്പെടെ പട്ടേല്‍ കൊണ്ടുവന്ന വിവിധകരടുകളോടെല്ലാം പൊതുജനങ്ങള്‍ക്ക് എതിര്‍പ്പുള്ളതിനാല്‍ ആരും അനുകൂലിക്കുമെന്ന് തോന്നുന്നില്ല. നിങ്ങളോര്‍ക്കണം ഇന്ത്യയില്‍ കുറ്റകൃത്യങ്ങളുടെ നിരക്കില്‍ ഏറ്റവും പിന്നിലുള്ള പ്രദേശമാണ് ലക്ഷദ്വീപ്. കൊലപാതകം, പീഡനം, തട്ടിക്കൊണ്ടുപോവല്‍, കലാപം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ദ്വീപില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. ഗുണ്ടകളുമില്ല. അത്തരമൊരു പ്രദേശത്താണ് ഗുണ്ടാ ആക്ട് കൊണ്ടുവരുന്നത്. ഈ വിഷയം ഞാന്‍ വ്യക്തിപരമായി ചില ബി.ജെ.പി എം.പിമാരുടെയും ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി. ലക്ഷദ്വീപില്‍ എന്തിനാണ് ഗുണ്ടാ ആക്ടെന്ന് അവരും അല്‍ഭുതപ്പെട്ടു.

മദ്യം ഒഴുക്കാനുള്ള നടപടി
ഗുജറാത്ത്, നാഗാലാന്‍ഡ് പോലുള്ള സംസ്ഥാനങ്ങളെപ്പോലെ മദ്യനിരോധനം നിലനില്‍ക്കുന്ന പ്രദേശമാണ് ലക്ഷദ്വീപ്. നൂറുശതമാനം തദ്ദേശവാസികളും മുസ്‌ലിംകളായതിനാല്‍ വിശ്വാസപരമായ കാരണങ്ങളാലും ദ്വീപില്‍ മദ്യം ആരും പോല്‍സാഹിപ്പിക്കാറില്ല. എന്നാല്‍, ടൂറിസ്റ്റുകള്‍ മാത്രം വരാറുള്ള ആള്‍താമസമമില്ലാത്ത ദ്വീപുകളില്‍ മദ്യം ലഭിക്കുമായിരുന്നു. ആള്‍താമസമുള്ള മൂന്നുദ്വീപുകളിലെ റിസോര്‍ട്ടുകളില്‍ മദ്യവിതരണത്തിന് അനുമതി നല്‍കുകയാണ് ഇപ്പോള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ചെയ്തിരിക്കുന്നത്. ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ റിസോര്‍ട്ടുകളില്‍ മാത്രമല്ലേ പിന്നെ എന്താണ് പ്രശ്‌നം എന്ന മറുപടിയാണ് ലഭിക്കുന്നത്. റിസോര്‍ട്ടുകളില്‍ മദ്യവില്‍പ്പനനടത്തിയാല്‍ അത് പുറത്തേക്ക് എത്തുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. യാത്ര കപ്പലുകളില്‍ ടൂറിസ്റ്റുകള്‍ക്ക് വേണ്ടി എന്ന പേരിലും മദ്യവിതരണത്തിന് പദ്ധതിയുണ്ട്. യാത്രാകപ്പലുകളില്‍ സാധാരണ പത്തുശതമാനമേ ടൂറിസ്റ്റുകള്‍ ഉണ്ടാവാറുള്ളൂ.

ബീഫ്, പഞ്ചായത്ത് നിയമം
ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെന്ന പോലെ ദ്വീപില്‍ ബീഫ് വില്‍പനയും ഉപയോഗവും നിരോധിക്കാനുള്ള നീക്കവും തുടങ്ങിക്കഴിഞ്ഞു. കന്നുകാലികളെ കശാപ്പുചെയ്യുന്നതും ഗോമാംസം കൈവശംവക്കുന്നതും തടവും കനത്തപിഴയും ലഭിക്കുന്ന കുറ്റമാക്കിവരികയാണ്. ഉച്ചഭക്ഷണത്തിന്റെ മെനുവില്‍ നിന്ന് മുട്ടപോലും ഒഴിവാക്കുകയാണ്.
ഇതിനു പുറമെയാണ് പഞ്ചായത്ത് നിയമങ്ങളിലെ മാറ്റങ്ങള്‍. കരട് നിയമത്തിലെ 14 പ്രകാരം രണ്ടിലധികം കുട്ടികളുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. ഉദ്യോഗസ്ഥഭരണത്തിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന വിധത്തില്‍ നിയമങ്ങള്‍ കൊണ്ടുവരുന്നതും പരിഗണനയിലുണ്ട്. വിവിധകാരണങ്ങള്‍ ചൂണ്ടിക്കാട്ടി നൂറുകണക്കിനാളുകളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ടൂറിസംവകുപ്പില്‍ നിന്ന് 190 പേര്‍ക്ക് മാത്രം ഈയടുത്ത് ജോലിനഷ്ടമായി. ആകെ 65,000 ജനസംഖ്യയുള്ള ദ്വീപില്‍ ഈ 190 എന്നത് വലിയൊരു കണക്കാണ്. സ്‌കൂളുകളില്‍ ഉച്ചഭക്ഷണം ഉണ്ടാക്കുന്നവരെയും കായികാധ്യാപകരെ പിരിച്ചുവിട്ടു. മൃഗസംരക്ഷണവകുപ്പ്, കാര്‍ഷികവകുപ്പ് എന്നിവയില്‍ നിന്നും നിരവധിപേരെ പുറത്താക്കി.

ബേപ്പൂരിനെ ഒഴിവാക്കല്‍
ദ്വീപ് വാസികള്‍ക്ക് ഏറ്റവും അടുപ്പമുള്ളത് കോഴിക്കോടും കൊച്ചിയുമായിട്ടാണ്. ബേപ്പൂരില്‍ നിന്നാണ് ഏറ്റവുമധികം ചരക്കുനീക്കം നടത്തിവരുന്നത്. ബേപ്പൂരില്‍ അസൗകര്യം ഉണ്ടെന്നത് സത്യമാണ്. ഇവിടെ സൗകര്യംകൂട്ടണമെന്ന് കേരളത്തില്‍ മാറിമാറിവന്ന വിവിധ സര്‍ക്കാരുകളോട് പലതവണ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ഒരുകപ്പലെത്തി അതിലെ ചരക്കുനീക്കം നടക്കുന്ന സമയത്ത് തന്നെ മറ്റൊരു കപ്പലെത്തിയാല്‍ ഏറെ സമയം കാത്തിരിക്കേണ്ടതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുണ്ട്. എന്നാല്‍, ബേപ്പൂരിനെ ആശ്രയിക്കുന്നത് നിര്‍ത്തി പൂര്‍ണമായി മംഗലാപുരത്തേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ബേപ്പൂരിനെ നിലനിര്‍ത്തി മറ്റിടങ്ങളിലേക്ക് മാറാമായിരുന്നു. മംഗലാപുരം ദ്വീപുകാര്‍ക്ക് പരിചിതമാണ്. നേരത്തെയും അവിടെ പോവാറുണ്ട്. പക്ഷേ, ബേപ്പൂര്‍ എന്ന ഒരു ഒപ്ഷന്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ ഇത് ആവാമായിരുന്നു. ദ്വീപിന്റെ ആകെ വിസ്തൂര്‍ണം 32 ചതുരശ്ര അടിയാണ്. കേരളത്തിലെ ഒരു മുനിസിപ്പാലിറ്റിയുടെ അത്ര കഷ്ടിച്ച് വലിപ്പം. എന്നിട്ട് ഈയുള്ള സ്ഥലത്തെ റോഡ് വീണ്ടും വലിയ തോതില്‍ വീതികൂട്ടാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇതിനെതിരേ പരാതിപറഞ്ഞപ്പോള്‍ റോഡും വികസനവും നല്ലതല്ലേ എന്ന മറുപടിയാണ് ലഭിച്ചത്. ഇക്കാര്യങ്ങളെല്ലാം ദ്വീപിലെ ആരുമായും ചര്‍ച്ചചെയ്തിട്ടല്ല നടപ്പാക്കുന്നത്. ദ്വീപില്‍ തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും ഉയര്‍ന്ന സ്ഥാനത്തുള്ള ജനപ്രതിനിധി എന്ന നിലയില്‍ എന്നോടും കൂടിയാലോചിച്ചിട്ടില്ല. താല്‍ക്കാലിരക ചുമതലയുള്ള അഡ്മനിസ്‌ട്രേറ്ററാണ് ഇത്തരം കാര്യങ്ങളെല്ലാം ചെയ്യുന്നത്. അന്താണ് ഉദ്ദേശമെന്നോ ലക്ഷ്യമെന്നോ ഇതുവരെ പിടികിട്ടിയിട്ടില്ല.

വേണം ദ്വീപിനൊരു നിയമസഭ
ദ്വീപില്‍ നാട്ടുകാര്‍ക്ക് ആവശ്യമായ നിയമങ്ങള്‍ കൊണ്ടുവരാന്‍ സ്വന്തമായി ഒരുനിയമസഭ വേണമെന്നത് ഞങ്ങളുടെ ആവശ്യമാണ്. 2014ല്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ സമയത്ത് തന്നെ ഇക്കാര്യം ഞാന്‍ ആവശ്യപ്പെട്ടിരുന്നു. നാട്ടുകാര്‍ ഭരിക്കുന്ന സംവിധാനം വേണം. ഡല്‍ഹിയില്‍ വിജ്ഞാപനം വന്ന് ദ്വീപില്‍ നിയമമാക്കുന്ന സംവിധാനം ആണ് ഇപ്പോഴുള്ളത്. പാസ നിയമമായാലും മദ്യം, ബീഫ്, തൊഴില്‍ എന്നിവയായാലും ശരി തീര്‍ച്ചയായും ഇതെല്ലാം ജനങ്ങളെ ഏറെ ബുദ്ധിമുക്കുന്ന, അവരെ വൈകാരികമായി ഏറെ പ്രയാസത്തിലാക്കുന്ന നടപടികളാണ്. പൊറുതിമുട്ടിയാല്‍ ജനം പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്ന് അധികൃതര്‍ക്കറിയാം. സമാധാനപ്രിയരായ ദ്വീപ് വാസികളെ പ്രകോപിപ്പിച്ച് ഇളക്കിവിടുകയാണ് ഇത്തരം അജണ്ടകളിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്ന് സംശയിക്കണം. പ്രതിഷേധിച്ച് തെരുവിലിറങ്ങുന്നവരെ ലക്ഷ്യംവച്ച് ‘പാസ’ നിയമം ഉപയോഗിച്ച് അറസ്റ്റ്‌ചെയ്യുന്നത് വഴി പ്രദേശത്ത് വലിയതോതില്‍ അരക്ഷിവാസ്ഥ ഉണ്ടാവും. ഞാന്‍ മനസ്സിലാക്കിയിടത്തോളം കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോ അറിവോ ഇല്ലാതെയാണ് ഇത്തരമൊരു കരട് തയാറാക്കിയത് എന്നാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ കണ്ടപ്പോള്‍ ഇതേകുറിച്ച് അറിയില്ലെന്നും കരട് അന്തിമ അനുമതിക്കായി മുന്‍പില്‍ വരുമ്പോള്‍ പരിശോധിക്കാമെന്നുമുള്ള ഉറപ്പ് ലഭിച്ചിട്ടുണ്ട്. അതിലാണ് പ്രതീക്ഷ. അവിടന്നും വിട്ടാല്‍ അതിലെല്ലാം ഉപരിയായി നീതിപീഠം ഉണ്ടല്ലോ. ലക്ഷദ്വീപ് പോലുള്ള ഒരുരാജ്യത്ത് എന്തിന് ഗുണ്ടാനിയമം എന്നൊക്കെ ചോദിച്ച് കോടതി തന്നെ കരട് എടുത്ത് ചവറ്റുകൊട്ടയിലിടുമെന്ന് ഉറപ്പാണ്.


ആരാണ് പ്രഫുല്‍ കെ. പട്ടേല്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വളരെ നേരത്തെ അടുപ്പമുള്ള ആര്‍.എസ്.എസ് പ്രചാരക് ഖോഡഭായ് രഞ്ചോഭായിയുടെ മകനാണ് പ്രഫുല്‍ കെ. പട്ടേല്‍ എന്ന പ്രഫുല്‍ ഖോഡഭായ് പട്ടേല്‍. സുഹ്‌റബുദ്ദീന്‍ ശൈഖ് വ്യാജഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരിക്കെ ജയിലില്‍പോയതോടെ അമിത്ഷായ്ക്ക് പകരക്കാരനായി മോദി കണ്ടെത്തിയത് പട്ടേലിനെയായിരുന്നു. അമിത്ഷാ കൈക്കാര്യംചെയ്ത പത്തില്‍ എട്ടുവകുപ്പുകളും മോദി പട്ടേലിന് കൈമാറി. 2012ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ പട്ടേല്‍ പരാജയപ്പെട്ടെങ്കിലും മോദി അദ്ദേഹത്തെ കൈവിട്ടില്ല. 2014ല്‍ അധികാരത്തിലേറിയതിനു പിന്നാലെ കേന്ദ്രഭരണപ്രദേശങ്ങളായ ദാദ്രനഗര്‍ ഹവേലിയുടെയും ദമന്‍ ആന്‍ഡ് ദിയുവിന്റെയും അഡ്മിനിസ്‌ട്രേറ്ററായി പട്ടേലിനെ നിയമിച്ചു. സിവില്‍ സര്‍വീസുകാരെ മാത്രം നിയമിക്കാറുള്ള ഈ പദവിയില്‍ ഇരിക്കുന്ന ആദ്യ രാഷ്ട്രീയക്കാരനാണ് പട്ടേല്‍. ദമന്‍ ആന്‍ഡ് ദിയുവില്‍ നിന്ന് ഏഴുതവവണ എം.പിയായ മോഹന്‍ ദേല്‍ക്കര്‍ അടുത്തിടെ ആത്മഹത്യചെയ്ത കേസില്‍ പ്രതിയാണ് പട്ടേല്‍. ഇദ്ദേഹത്തിനെതിരേ ഗുരുതരമായ ആരോപണങ്ങളുന്നയിച്ചായിരുന്നു എം.പി ജീവനൊടുക്കിയത്. ദാദ്രനഗര്‍ ഹവേലിയിലെ ഊര്‍ജ സെക്രട്ടറിയായിരിക്കെ പട്ടേലുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരിലായിരുന്നു മലയാളിയായ യുവ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ഗോപിനാഥന്‍ സിവില്‍സര്‍വീസില്‍ നിന്ന് രാജിവച്ചത്. അനാവശ്യമായി തന്റെ കാര്യങ്ങളില്‍ പട്ടേല്‍ ഇടപെടുകയാണെന്നും അഭിപ്രായസ്വാതന്ത്ര്യമില്ലെന്നും കണ്ണന്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

പി.പി മുഹമ്മദ് ഫൈസല്‍ / യു.എം മുഖ്താര്‍