കാശ്മീരീ മുസ്ലിംകൾ തത്തുല്യമായ ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ ഹിന്ദു ദോഗ്ര രാജാവും മതേതര ഇന്ത്യൻ രാഷ്ട്രവും മുഖംതിരിക്കുകയാണ് ചെയ്തത്. അത്തരത്തിലുള്ള ആവശ്യങ്ങളെ നിയമവിരുദ്ധമായ മതമൗലികവാദമായി ചിത്രീകരിച്ചു. കാശ്മീരീ മുസ്ലിംകൾ ഡൽഹിയിലേക്കോ ഇസ്ലാമാബാദിലേക്കോ നയിക്കാത്ത സ്വന്തമായ ഒരുവഴി തെരെഞ്ഞെടുത്തതാണ് ഇത്തരം ദേശീയവാദ ഇരട്ടത്താപ്പ് ജന്മമെടുക്കാൻ കാരണമായത്
ഒരു രാജ്യത്തിന്റെ ഏകീകരണം സംവാദങ്ങളിലൂടെയും സമാധാനപരമായുമല്ല, മറിച്ച്, ഇരുമ്പും രക്തവും ഉപയോഗിച്ചാണ്സാധ്യമാക്കേണ്ടത് എന്നനയം പ്രഖ്യാപിച്ചത് പ്രഷ്യയുടെ മിനിസ്റ്റർ പ്രസിഡന്റായിരുന്ന ഒാട്ടോവോൻ ബിസ്മാർക്കാണ്. 1862-ൽപ്രഷ്യൻ പാർലിമെന്റിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു : ” ജർമ്മനിയിൽ പ്രഷ്യയുടെ സ്ഥാനം നിശ്ചയിക്കേണ്ടത് അതിന്റെ ഉദാരത കൊണ്ടല്ല. മറിച്ച്, അതിന്റെ ശക്തികൊണ്ടാണ്. പ്രഷ്യ അതിന്റെ ശക്തി സംഭരിക്കുകയും അത് പ്രയോഗിക്കാൻ യോജിച്ച സമയത്തിനായി കാത്തിരിക്കുകയും വേണം. വിയന്നാ കരാറുകൾ നമ്മുടെ അതിരുകളെ തെറ്റായിട്ടാണു രൂപകൽപന ചെയ്തിരിക്കുന്നത്. രാഷ്ട്രത്തിന്റെ വലിയ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് പ്രഭാഷങ്ങളിലൂടെയോ ഭൂരിപക്ഷ തീരുമാനങ്ങളിലൂടെയോ അല്ല. മറിച്ച്, ഇരുമ്പു കൊണ്ടും രക്തം കൊണ്ടുമാണ്”. ഇൗ പ്രഖ്യാപനം പിന്നീട് ബിസ്മാർക്കിന്റെ ”മാച്പൊളിറ്റിക്” (അധികാര രാഷ്ട്രീയം) അടയാളവാക്യമായി മാറി.
ബിസ്മാർക്കിന്റെ ”ഇരുമ്പും രക്തവും” നയത്തിനു തുല്യമായ ഒരു നയമാണ് അമിത്ഷാ കാശ്മീരിനു നേരെ കൈക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ ബിസ്മാർക്ക് എന്നപട്ടം സ്വയം അണിയാനാണ് അദ്ദേഹത്തിന്റെ ശ്രമം. എന്നാൽ, യൂറോപ്യൻ സാഹചര്യങ്ങളിൽ നിന്നു വ്യത്യസ്ഥമാണ് ഇന്ത്യയിലേയും കാശ്മീരിലെയും സാഹചര്യങ്ങൾ. ബിസ്മാർക്ക് ഒരു രാജവാഴ്ചക്ക് കീഴിലുള്ള രാജ്യത്തിന്റെ തലവനായിരുന്നു. എന്നാൽ, ഇന്ത്യ ഒരുഭരണഘടനാധിഷ്ഠിതമായ ജനാധിപത്യ രാഷ്ട്രമാണ്. അതിന്റെ ഭരണഘടനാതത്വങ്ങളെ മാനിച്ചുകൊണ്ടു മാത്രമേ ഭരണകൂടത്തിനു പ്രവർത്തിക്കാനാവൂ. പാർലമെന്റിലെ ഭൂരിപക്ഷം സ്വേച്ഛാപരമായി പ്രവർത്തിക്കാൻ പ്രധാനമന്ത്രിയെയോ ആഭ്യന്തരമന്ത്രിയെയോ അധികാരപ്പെടുത്തുന്നില്ല. ഇന്ത്യൻ ഭരണഘടന ഒരു ലിബറൽ ഭരണഘടനയാണ്. ലിബറൽ ജനാധിപത്യ ക്രമത്തിൽ ഭരണഘടനാ സ്ഥാപനങ്ങളിലെ ഗാഢമായ പര്യാലോചനകളിലൂടെ തന്നെയാണ് തീരുമാനങ്ങൾ എടുക്കേണ്ടത്. എന്നാൽ, ബിസ്മാർക്ക് പറഞ്ഞതു പോലെ; ഇരുമ്പുകൊണ്ടും രക്തംകൊണ്ടും രാജ്യം ഭരിക്കാമെന്ന വ്യാമോഹത്തിലാണു മോഡി -അമിത്ഷാ ദ്വയം.
കാശ്മീരി ജനത നൂറ്റാണ്ടുകളായി ചവിട്ടിമെതിക്കപെട്ട ഒരു പതിത ജനവിഭാഗമാണ്. ജനാധിപത്യപരമായ അവകാശങ്ങൾ നിഷേധിക്കപെട്ടവരാണ്. ആദ്യം ദോഗ്ര രാജാക്കന്മാരും പിന്നെ ഇന്ത്യൻ ഭരണകൂടവും അനീതി മാത്രമാണ് അവരോട് അനുവർത്തിച്ചത്. ”കാശ്മീരി പണ്ഡിറ്റുകൾ എപ്പോഴൊക്ക അവർക്ക് പ്രശ്നങ്ങളുണ്ടോ അപ്പോഴൊക്ക ഇന്ത്യയെ അഭയംതേടുന്നു. അങ്ങനെ അവർ മതേതര ദേശീയവാദികൾ എന്ന പട്ടംനേടുന്നു. അവർക്ക് അനുഭാവപൂർണമായ പരിഗണന ലഭിക്കുകയും ചെയ്യുന്നു. എന്നാൽ, കാശ്മീരി മുസ്ലിംകൾ തത്തുല്യമായ ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ ഹിന്ദു ദോഗ്ര രാജാവും മതേതര ഇന്ത്യൻ രാഷ്ട്രവും മുഖംതിരിക്കുകയാണ് ചെയ്തത്. അത്തരത്തിലുള്ള ആവശ്യങ്ങളെ നിയമവിരുദ്ധമായ മതമൗലികവാദമായി ചിത്രീകരിച്ചു. കാശ്മീരീ മുസ്ലിംകൾ ഡൽഹിയിലേക്കോ ഇസ്ലാമാബാദിലേക്കോ നയിക്കാത്ത സ്വന്തമായ ഒരുവഴി തെരെഞ്ഞെടുത്തതാണ് ഇത്തരം ദേശീയവാദ ഇരട്ടത്താപ്പ് ജന്മമെടുക്കാൻ കാരണമായത്. എല്ലാത്തിനും ഉപരിയായി കശ്മീരിലെ മുസ്ലിം ജനത നിലവിളിക്കുന്നത് നിയമസാധുതയുള്ള ഭരണകൂടത്തിനു വേണ്ടിയാണ്. ആദ്യം ദോഗ്ര രാജാക്കന്മാരും പിന്നീട്് ഇന്ത്യൻ രാഷ്ട്രീയക്കാരും അവരെ നിസ്സഹായാവസ്ഥയിലേക്കു തള്ളി. കാശ്മീരീ ജനതയുമായി സംവദിക്കാൻ രണ്ടുകൂട്ടരും തയ്യാറായില്ല. അതാണ് അക്രമാസക്തമായ പ്രതിതസ്പന്ദനത്തിലേക്ക് അവരെ നയിച്ചത് ”- മൃദുറായ് തന്റെ ഹിന്ദു റൂളേഴ്സ് ആൻഡ് മുസ്ലിം സബ്ജക്ട്സ് : ഇസ്ലാം, റൈറ്സ് ആൻഡ് ദി ഹിസ്റ്ററി ഒാഫ് കശ്മീർ എന്നകൃതിയിൽ കശ്മീർ പ്രശ്നത്തിന്റെ അകക്കാമ്പ് ഇങ്ങനെ വിശദീകരിക്കുന്നുണ്ട്.
രണ്ടായിരത്തിനാലിലാണു മേൽസൂചിപ്പിച്ച പുസ്തകം പ്രസിദ്ധീകരിച്ചത്. എന്നാൽ,ചരിത്രപരമായി കാശ്മീരീ ജനതയോട് ശത്രുത പുലർത്തുകയും അവരെ അടിമകളാക്കി അടക്കിഭരിക്കണം എന്നമോഹം താലോലിക്കുകയും ചെയുന്ന സംഘ്പരിവാർ, പിന്നീട് ഇന്ത്യയുടെയും കശ്മീരിന്റെയും അധികാരം കയ്യടക്കി. ദോഗ്ര രാജാക്കന്മാരുടെ ഭരണകാലത്ത് അധികാരം കാശ്മീരീ പണ്ഡിറ്റുകളുടെയും ദോഗ്ര വംശത്തിന്റെയും കൈകളിലായിരുന്നു. കാശ്മീരീ മുസ്ലിം ജനത അവരുടെ കീഴിൽ അടിമകളായി ജീവിച്ചു. അതിനാൽതന്നെ, ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ കശ്മീർ ദോഗ്ര രാജാവിന്റെ കീഴിൽ ഒരു സ്വാതന്ത്രരാജ്യമായി നിലകൊള്ളണം എന്നാണ് ജമ്മു ആൻഡ് കശ്മീർ രാജ്യഹിന്ദുസഭയും രാഷ്ട്രീയ സ്വയം സേവക്സംഘവും സ്വീകരിച്ചത്. ബി.ജെ.പി. അധികാരം നേടിയപ്പോൾ അവസാനത്തെ മഹാരാജാവ് ഹരിസിങ്ങിന്റെ ജന്മദിനം ആഘോഷദിനമായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെടുകയുണ്ടായി.
സിഖ് രാജാവായ മഹാരാജാ രഞ്ജിത്ത്സിങിനെ ഒറ്റു കൊടുത്തതിനു പ്രതിഫലമായി, 1846-ൽ അമൃത്സർ കരാറിലൂടെ ബ്രിട്ടീഷ് ഇൗസ്റ്റ് ഇന്ത്യ കമ്പനിക്ക് 75 ലക്ഷം രൂപനൽകിയാണ് ഗുലാബ്സിംഗ് കാശ്മീർ സ്വന്തമാക്കിയത്. അന്നുമുതൽ കാശ്മീരീ ജനതയെ അടിച്ചമർത്തിയ പാരമ്പര്യമാണ് ദോഗ്ര രാജവംശത്തിനുള്ളത്. ആ ‘സുവർണകാലം’ തിരിച്ചു പിടിക്കുക എന്നതാണ് സംഘ്പരിവാറിന്റെ കശ്മീർ അജണ്ട. കശ്മീർ ജനതയുടെ അഭിലാഷങ്ങളെ അവഗണിച്ചുകൊണ്ട്, ഇരുമ്പുകൊണ്ടും രക്തംകൊണ്ടും ആ അജണ്ടനടപ്പിലാക്കാക്കുക എന്ന നയമാണ് ഇപ്പോൾ അവർ സ്വീകരിച്ചിരിക്കുന്നത്.
1880 ്രെബഫുവരി 25നു ഇന്ത്യൻ വൈസ്രോയി ലിറ്റൻപ്രഭു, ലണ്ടനിലേക്ക് അയച്ച കത്തിൽ ഇങ്ങനെ പറയുന്നുണ്ട്: ”കശ്മീരിലെ ജനങ്ങൾ വ്യവസ്ഥാപിതമായി അടിച്ചമർത്തപ്പെടുകയാണ്. ഭരണം ചീഞ്ഞളിഞ്ഞിരിക്കുന്നു; ഭൂവുടമ സമ്പ്രദായം അങ്ങേയറ്റം ദുഷ്ടത നിറഞ്ഞതാണ്. ഉദ്യോഗസ്ഥർ അഴിമതിക്കാരും മനസാക്ഷിയില്ലാത്തവരുമാണ്. നാശോന്മുഖമായ ജനതക്കു വേണ്ടി നാം ഇടപെടേണ്ടിയിരിക്കുന്നു. അവർക്ക് അന്യരായ ഒരു ഭരണവർഗത്തിനാണ് നാം അവരുടെ മേലെ അനിയന്ത്രിതമായ അധികാരം നൽകിയത്.”ജോസഫ് കോർബെൽ തന്റെ ഡെയ്ഞ്ചർ ഇൻ കശ്മീർ എന്നകൃതിയിൽ ഇങ്ങനെ പറയുന്നുണ്ട് -”ഭൂമി പൂർണമായും മഹാരാജാവിന്റെതോ ഹിന്ദു ഭൂപ്രഭുക്കന്മാരുടെയോ ഉടസ്ഥതയിലായിരുന്നു. അവരുടെ ഭൂമിയിൽ അധ്വാനിച്ച മുസ്ലിം കർഷകർ വലിയ നികുതിനൽകേണ്ടിവന്നു. അതുകൊണ്ടുതന്നെ, പട്ടിണി അവരെ വിട്ടൊഴിഞ്ഞില്ല…1850-ൽതന്റെ (മുസ്ലിം) പ്രജകളെയെല്ലാം ഹിന്ദുമതത്തിലേക്ക് മതംമാറ്റുക എന്ന ആശയംപോലും മഹാരാജാവ് മുന്നോട്ടുവച്ചു.”
ദോഗ്ര രാജാക്കന്മാർ എല്ലാറ്റിനും നികുതി ചുമത്തി. പട്ട്,കുങ്കുമം,കടലാസ്സ്,പുകയില,വൈൻ,ഉപ്പ് തുടങ്ങിയവയുടെ കുത്തകാവകാശം രാജാവിനായിരുന്നു. 1920 കൾവരെ ഒരു മുസ്ലിം, പശുവിനെ അറുത്താൽ വധശിക്ഷയാണ് നൽകിയിരുന്നത്. 1941ലെ സെൻസസ് അനുസരിച്ച് 93.4% ജനങ്ങളും നിരക്ഷരായിരുന്നു. ബ്യുറോക്രസിയിലും സൈന്യത്തിലും മുസ്ലിംകൾക്ക് പ്രവേശനമില്ലായിരുന്നു. 1947-ൽ ജമ്മുവിൽ മുസ്ലിം വംശശുദ്ധീകരണംതന്നെ നടന്നു. മഹാരാജ ഹരിസിങ്ങ് തന്നെയാണ് അതിനു നേതൃത്വം നൽകിയത്.
1947 ഡിസംബർ 25 നു മഹാത്മാഗാന്ധി എഴുതി :” ജമ്മുവിലെ ഹിന്ദുക്കളും സിഖുകാരും അവിടുത്തെ മുസ്ലിം ജനതയെ കൊന്നൊടുക്കി. കശ്മീരിലെ മഹാരാജാവുതന്നെയാണ് അതിനുത്തരവാദി.” ( പേജ് 298, കളക്ടഡ് വർക്സ് ഒാഫ് മഹാത്മാഗാന്ധി). 1948 ഒാഗസ്റ്റ് 10നു ലണ്ടനിലെ ദി ടൈംസ് റിപ്പോർട്ട് ചെയ്തത് ഇങ്ങനെയാണ് -” 2,37,000 മുസ്ലിംകൾ വ്യവസ്ഥാപിതമായി കൊല്ലപ്പെട്ടു. ദോഗ്ര ഭരണകൂടത്തിന്റെ മുഴുവൻ സൈന്യങ്ങളും മഹാരാജാവിന്റെ വ്യക്തിപരമായ മേൽനോട്ടത്തിൽ ഇൗ കൂട്ടക്കൊലക്ക് നേതൃത്വം നൽകി. ഇതു സംഭവിച്ചത് 1947 ഒക്ടോബറിലാണ്. പത്താൻ ആക്രമത്തിനു അഞ്ചുദിവസം മുൻപും മഹാരാജാവ് ഇന്ത്യയിൽ ചേരുന്നതിനു ഒൻപത് ദിവസം മുൻപും”. ഇൗ കൂട്ടക്കൊലയോടുകൂടി ജമ്മുവിലെ ജനസംഖ്യയുടെ 61 % ഉണ്ടായിരുന്ന മുസ്ലിം ജനസംഖ്യ 38 % ആയികുറഞ്ഞു.
ഇങ്ങനെ നൂറ്റാണ്ടുകളായി ചവിട്ടിമെതിക്കപ്പെട്ട ഒരുജനതയാണ് കാശ്മീരിലുള്ളത്. ഇസ്ലാമിക് പാകിസ്ഥാനിൽ ചേരാതെ മതേതര ഇന്ത്യയിൽ വിശ്വാസമർപ്പിച്ചവരാണവർ. അവരുടെ രാഷ്ട്രീയവും സംസാകാരികവുമായ അഭിലാഷങ്ങളെ മാനിക്കുന്നതിനാണ് ഇന്ത്യൻ ഭരണഘടനയിൽ അനുച്ഛേദം 370ഉം അനുച്ഛേദം 35 എയും ഉൾപ്പെടുത്തിയത്. പ്രതിരോധം, വിദേശകാര്യം,വാർത്താവിനിമയം എന്നീകാര്യങ്ങളിൽ ഒഴിച്ച് മറ്റുകാര്യങ്ങളിൽ കാശ്മീരിന് സ്വയംഭരണം നൽകുന്നതായിരുന്നു മഹാരാജാവ് ഒപ്പിട്ട ഇൻസ്ട്രുമെന്റ് ഒാഫ് അക്സെഷൻ. കാശ്മീരിനു സ്വന്തമായി ഒരു ഭരണഘടനാനിർമാണ സമിതി അനുവദിക്കുകയും ആ ഭരണഘടനാ നിർമാണ സമിതി 1957 ജനുവരി 26 നു കാശ്മീരിന് ഒരു ഭരണഘടന അംഗീകരിക്കുകയും ചെയ്തു. ജമ്മുകശ്മീർ ഭരണഘടനാ നിർമാണസമിതിയുടെ ശുപാർശ പ്രകാരമാണ് അനുച്ഛേദം 370 ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്. ഇതനുസരിച്ച് ഇന്ത്യൻ പാർലിമെന്റ് പാസ്സാക്കുന്ന ചിലനിയമങ്ങൾ ജമ്മുകശ്മീർ സംസ്ഥാനത്ത് പ്രാബല്യം ഉണ്ടാക്കുന്നതിന് ജമ്മുകശ്മീർ സംസ്ഥാന നിയമസഭയുടെ അനുമതി വേണമായിരുന്നു.
അനുച്ഛേദം 35 എ, ഇന്ത്യൻ പ്രസിഡണ്ട് 1954-ൽ ഒരു കോൺസ്റ്റിറ്റ്യൂഷൻ ഒാർഡർവഴി ഭരണഘടനയിൽ ഉൾപെടുത്തിയതാണ്. അത് ജമ്മുകശ്മീരിലെ ജനങ്ങൾക്ക് പെർമെൻറ്റസിഡന്റ് ഒാഫ് ജമ്മു കശ്മീർ എന്ന പദവി നൽകുകയും ഭൂവുടമാവകാശം പരിമിതിപെടുത്തുകയും ചെയ്തു. സമാനമായ അവകാശങ്ങൾ നാഗാലാൻഡ്, അരുണാചൽപ്രദേശ്, സിക്കിം, ആൻഡമാൻ നിക്കോബാർ തുടങ്ങിയ സംസ്ഥാങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമുണ്ട്. ജമ്മുകാശ്മീരിൽ തെരെഞ്ഞടുപ്പിൽ മത്സരിക്കാനുള്ള അവകാശം തദ്ദേശവാസികൾക്കായി പരിമിതപ്പെടുത്തി. ലക്ഷദ്വീപുപോലെ പലയിടത്തും സമാനമായ നിയമമുണ്ട്. ജമ്മുകശ്മീർ ഭരണഘടനയുടെ പീഠികയിൽതന്നെ ജമ്മുകശ്മീർ ഇന്ത്യയുടെ അവിഭാജ്യമായ ഭാഗമാണെന്ന് പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല ഇരട്ടപൗരത്വവും ഇല്ലായിരുന്നു.
അനുച്ഛേദം 370 അനുസരിച്ച് പ്രസിഡന്റിന് ഇന്ത്യൻ ഭരണഘടന, ജമ്മുകശ്മീരിനും ബാധകമാക്കാനുള്ള അധികാരം നൽകുന്നുണ്ട്. ഇതനുസരിച്ചു നാൽപ്പതിൽ അധികം കോൺസ്റ്റിട്യൂഷണൽ ഒാർഡറുകളിലൂടെ ഇന്ത്യൻ ഭരണഘടനയുടെ സിംഹഭാഗവും ജമ്മുകാശ്മീരിന് ബാധക്കിയിട്ടുണ്ട്. ജമ്മുകശ്മീർ ഭരണഘടന അനുസരിച്ച് സംസ്ഥാന നിയമസഭ തെരഞ്ഞെടുക്കുന്ന സദർ-ഇ-റിയാസത്ത് ആണ് സംസ്ഥാനത്തിന്റെ തലവൻ എന്നാൽ, പിന്നീട് കോൺസ്റ്റിട്യൂഷണൽ ഒാർഡർ വഴി ഇതെല്ലാം എടുത്തുകളഞ്ഞു. അനുച്ഛേദം 370 , ഒരു അകത്ത് ജീവനില്ലാത്ത ഒരുശൂന്യമായ ഒരുപുറംതോട് മാത്രമാണ്. എങ്കിൽ, ഇൗ ജീവശൂന്യമായ പുറന്തോട് എടുത്തുകളഞ്ഞതിന് എന്തിനിത്ര ബഹളം എന്നു ചോദിക്കാം. അത് ഇന്ത്യ, കശ്മീർ ജനതക്ക് നൽകിയ പരിഗണയുടെയും സ്നേഹത്തിന്റെയും പ്രതീകമായിരുന്നു. മാത്രമല്ല, അത് എടുത്തുകളഞ്ഞതു ഭരണഘടന വിഭാവനം ചെയ്യുന്ന രീതിയിൽ അല്ലായിരുന്നു. അനുച്ഛേദം 370 അനുസരിച്ച് ആ അനുച്ഛേദം എടുത്തുകളയാൻ പ്രസിഡന്റിനു അധികാരമുണ്ട്. എന്നാൽ, ജമ്മുകശ്മീർ ഭരണഘടനനിർമാണസഭയുടെ അനുമതിയോടെയേ അതുപാടുള്ളൂ എന്ന് അനുച്ഛേദം 370 തന്നെ അനുശാസിക്കുന്നു. ജമ്മുകശ്മീർ ഭരണഘടനാനിർമാണ സമിതി ഇപ്പോൾ നിലവിലില്ല. ആയതിനാൽ, സംസ്ഥാന നിയമസഭയുടെ അനുമതിയെങ്കിലും നേടണം. എന്നാൽ, കൗശലപൂർവം നിയമസഭ പിരിച്ചുവിട്ട്, വഞ്ചനാപൂർവം ലോകസഭാ തെരെഞ്ഞെടുപ്പിന്റെ കൂടെ നിയമസഭാതെരഞ്ഞടുപ്പ് നടത്താതെയാണ് ഇൗ കോൺസ്റ്റിട്യൂഷനൽ ഒാർഡർെ കാണ്ടുവന്നത്. കശ്മീർ ജനതയുടെ അനുമതി ഇല്ലാതെ അനുച്ഛേദം 370 റദ്ദാക്കരുത് എന്നാണ് ഭരണഘടനാ ശിൽപികൾ വിഭാവനം ചെയ്തത്. എന്നാൽ, തികച്ചും വഞ്ചനാപരവും സ്വേച്ഛാധിപരവുമായരീതിയിലാണ് അനുച്ഛേദം 370 റദ്ദുചെയ്തത്. ഇങ്ങനെ ഭരണഘടനയെ അവഹേളിക്കുകയും ലംഘിക്കുകയും ചെയ്തു.
ഇന്ത്യ വൈവിധ്യങ്ങളുടെ രാജ്യമാണ്. ആ വൈവിധ്യങ്ങളെ ഉൾകൊള്ളുന്ന ഒരു രാഷ്ട്രമാണ് ഭരണഘടനാ ശിൽപികൾ വിഭാവനം ചെയ്തത്. ഫെഡറലിസവും ചില സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക പരിഗണകളുമെല്ലാം ഇൗ ഉൾകൊള്ളലിന്റെ ഭാഗമാണ്. എന്നാൽ, ഏകശിലാരൂപമായ, ജാതി മേധാവിത്വം കൊടികുത്തി വാഴുന്ന, ബ്രാഹ്മണിക്കൽ സാമൂഹ്യ വ്യവസ്ഥ നിലനിൽക്കുന്ന ഒരു ഹിന്ദു രാഷ്ട്രം സ്വപ്നം കാണുന്നവർക്ക് ഇൗ വൈവിധ്യപൂർണമായ രാജ്യം എന്ന സങ്കൽപം ഉൾക്കൊള്ളാനാവില്ല. അവർ അവരുടെ ഉട്ടോപ്യ (യഥാർത്ഥത്തിൽ അതൊരു ഡൈസ്ട്ടോപ്യയാണ്) സൃഷ്ടിക്കുന്നതിന് ഇരുമ്പും രക്തവുമായി ഇറങ്ങിയിരിക്കുന്നു. ഇതു ഭീകരമായൊരു ഡൈസ്ട്ടോപ്യയുടെ ആഗമനകാഹളമാണ്. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അസ്തമയവും.
സി.കെ ഫൈസൽ പുത്തനഴി