കൊച്ചിയുടെ സൂഫി പാരമ്പര്യം; തനിമയുടെ പ്രാദേശിക മുദ്രകള്‍

1168

ഇസ്ലാമിന്റെ മഹിതമായ സൗന്ദര്യത്തില്‍ നെയ്തെടുത്തതാണ് കൊച്ചിയുടെ സാംസ്‌കാരിക ഘടന. ‘അറബിക്കടലിന്റെ രാജകുമാരി’ എന്നറിയപ്പെടുന്ന ഈ നഗരം ഇന്ന് അറിയപ്പെടുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. കൂടാതെ കേരളത്തില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ഒരിടവും കൂടിയാണ് കൊച്ചി. കേരളത്തിന്റെ ചരിത്രത്തില്‍ മലബാര്‍ തീരത്തുണ്ടായിരുന്ന ഇസ്ലാമിക പാരമ്പര്യത്തെ സംബന്ധിച്ച് ഏറെ പഠിക്കപ്പെടുകയും ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിലും കൊച്ചിയുടെ കാര്യം തികച്ചും വ്യത്യസ്തമാണ്. ഇസ്ലാമിക സംസ്‌കാരത്തെ അടയാളപ്പെടുത്തുന്നതിനു പകരം ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കടല്‍ത്തീരത്തെ ഒരു നവീകരിച്ച നഗരമായാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. മെഹര്‍ദാദ് ഷോക്കൂഹിയുടെ നിരീക്ഷണത്തില്‍ ഇന്ത്യയില്‍ കൊച്ചിയെ പോലെ പുനര്‍നിര്‍മിക്കുകയും നവീകരിക്കുകയും ചെയ്ത ചരിത്രപ്രധാനമായ നഗരങ്ങള്‍ വിരളമാണ്.
കൊച്ചിയിലെ ഇസ്ലാമിക സൗന്ദര്യശാസ്ത്രം അകമെ മറഞ്ഞിരിക്കുകയാണെങ്കിലും തീര്‍ച്ചയായും ശ്രദ്ധേയവും ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതുമാണ്. കൊച്ചിയില്‍ പ്രാദേശികമായി തന്നെ ഇസ്ലാമിനുണ്ടായിരുന്ന സ്വീകാര്യത ചരിത്ര പ്രസിദ്ധിയാര്‍ജിച്ചതാണ്. കൂടാതെ, ഒരുകാലത്ത് സജീവമായിരുന്ന ഈ വ്യാപാര തുറമുഖത്തെ ജീവിപ്പിക്കുകയും സമ്പന്നമാക്കുകയും ചെയ്ത സൂഫിധാരകളും കൊച്ചിക്ക് മുതല്‍കൂട്ടായിട്ടുണ്ട്. സൂഫികളും നാഗരിക പണ്ഡിതന്മാരും അവശേഷിപ്പിച്ച അടയാളങ്ങളിലൂടെ കൊച്ചിയുടെ ഇസ്ലാമിക സംസ്‌കാരത്തെ വിശകലനം ചെയ്യാനാണ് ഈ പഠനം ശ്രമിക്കുന്നത്. കൊച്ചിയിലെ പഴയ തടികള്‍ കൊണ്ട് നിര്‍മിതമായ പള്ളികളിലൂടെയുള്ള നടത്തം ഇസ്ലാമിന്റെ പാരമ്പര്യത്തെയും മഹത്വത്തെയും കുറിച്ചുള്ള ഗൃഹാതുരത്വം ഉണര്‍ത്തുന്നുണ്ട്. കൊച്ചിയുടെ ഇടുങ്ങിയ തെരുവുകളിലും മൃദുവായ തീരങ്ങളിലും സൂഫികളും ആലിമീങ്ങളും നടന്നുനീങ്ങിയ ഒരു കാലഘട്ടത്തിന്റെ അനുസ്മരണം കൂടിയാണത്.
ജൂതന്‍മാരുടെയും ക്രിസ്ത്യാനികളുടെയും മുസ്ലിംകളുടെയും വാസസ്ഥലമായിരുന്നു കൊച്ചിയിലെ തെരുവുകള്‍. ഇന്ന് 42 വൈവിധ്യമാര്‍ന്ന സമൂഹങ്ങള്‍ ഇവിടെ അധിവസിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്. അവരില്‍ നാലിലൊന്ന് മുസ്ലിംകളാണ്. യഹൂദ കുടിയേറ്റത്തിനു പേരുകേട്ടതായതിനാല്‍ സമ്പന്നമായ മുസ്ലിം പൈതൃകമുണ്ടായിട്ടും ഇതുവരെ വെളിച്ചം കാണാതെ നിഴലില്‍ തന്നെ തുടരുകയായിരുന്നു. ഇസ്ലാമിക സ്വാധീനത്തിനു പേരുകേട്ട കോഴിക്കോട് പോലെ കൊച്ചി ഒരിക്കലും വളരെ സ്വാധീനമുള്ള ഒരു വാണിജ്യ മേഖലയായിരുന്നില്ല. ഇത് കാരണമായിരിക്കാം അതിന്റെ പൈതൃകം ഒരു പരിധിവരെ മറഞ്ഞിരുന്നതെന്ന് ചില ചരിത്ര പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു.


ചെമ്പിട്ട മസ്ജിദ്
കൊച്ചിയിലെ ഇസ്ലാമിക പൈതൃകത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണ് ചെമ്പിട്ട പള്ളി അല്ലെങ്കില്‍ ‘ചെമ്പ് പള്ളി’ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ചെമ്പിട്ട മസ്ജിദ്. ‘മണ്‍സൂണ്‍ മസ്ജിദ്’ എന്ന പേരിലും ഇത് പ്രശസ്തമാണ്. മലബാര്‍ തീരത്ത് പ്രത്യേകമായുള്ള ഒരു വാസ്തുവിദ്യാ ശൈലിയില്‍ പണികഴിപ്പിക്കപ്പെട്ട ഇത് കൊച്ചിയിലെ ഏറ്റവും പ്രമുഖ കേന്ദ്രങ്ങളില്‍ ഒന്നാണ്. ഇത് ചിലപ്പോള്‍ ശാഫി ജാമിഅ് അല്ലെങ്കില്‍ ശാഫി മസ്ജിദ് എന്നും അറിയപ്പെടുന്നു. തടി ഉപയോഗിച്ച് പടുത്തുയര്‍ത്തിയ കെട്ടിടത്തിന്റെ കിഴക്ക് ഭാഗത്ത് കോളനഡ് പ്രവേശന മണ്ഡപത്തോടുകൂടി ഒരു പ്രാര്‍ഥന ഹാള്‍ ഉണ്ട്. പള്ളിയുടെ പുറം ഭിത്തികള്‍ കല്ലുകൊണ്ട് നിര്‍മിച്ചതാണ്. വാതിലുകള്‍ അറബിയിലും പഴയ തമിഴിലുമുള്ള ഹദീസ് ലിഖിതങ്ങളാല്‍ അലംകൃതമാണ്. ഒരു മസ്ജിദ് സന്ദര്‍ശിക്കുന്നതിന്റെ മര്യാദകളെയാണ് ആ ലിഖിതങ്ങള്‍ പരാമര്‍ശിക്കുന്നത്. ഇവ ക്രിസ്തു വര്‍ഷം 1519 കാലഘട്ടത്തില്‍ വിരചിതമായതാണെന്ന് അനുമാനിക്കപ്പെടുന്നു. എല്ലാ മണ്‍സൂണ്‍ മസ്ജിദിലെയും പോലെ സൂര്യപ്രകാശം തടയുന്ന വിധത്തിലാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത്. നിശബ്ദമായ ഒരു ദൈവശാസ്ത്രം ഈ വാസ്തുവിദ്യയ്ക്ക് അടിവരയിടുന്നു. ഇരുട്ടില്‍ ശ്രദ്ധ വ്യതിചലിക്കാതെ, കൂടുതല്‍ ഖുഷൂഉം(ശാന്തതയും) തഖ്വയും (ദൈവബോധം) ഹൃദയത്തില്‍ പ്രസരിക്കുന്നു. ഖല്‍വത്ത് (ഏകാന്തത) എന്ന ഇസ്ലാമിക അനുഷ്ഠാനത്തിനനുസൃതമായി ഇതിനെ മനസ്സിലാക്കാം. പള്ളിയിലെ അലങ്കരിച്ച മിഹ്റാബ് തന്നെ പ്രത്യേക അതിശയോക്തി നിറഞ്ഞതാണ്.


സൂഫികളും കൊച്ചിയിലെ ഇസ്ലാമിക ആവിര്‍ഭാവവും
മസ്ജിദിന്റെ പരിസരത്തായി മസ്ജിദ് സ്ഥാപിച്ചവരും പ്രതാപം നിറഞ്ഞ ഒരു മുസ്ലിം സമൂഹത്തെ രൂപപ്പെടുത്തിയവരുമായ നിരവധി സൂഫി വ്യക്തികളുടെ മഖ്ബറകള്‍ ദര്‍ശിക്കാന്‍ സാധിക്കും. സയ്യിദ് ഇസ്മാഈല്‍ ബുഖാരിയും അദ്ദേഹത്തിന്റെ മകന്‍ സയ്യിദ് ഫഖ്റുദ്ദീന്‍ ബുഖാരിയും മുസ്ലിം കൊച്ചിയെ അഭിവൃദ്ധിപ്പെടുത്താന്‍ സഹായിച്ചവരില്‍ പ്രമുഖരാണ്. അവര്‍ വിശ്വാസത്തിലും അധ്യാപനത്തിലും മികവുറ്റ മാതൃക തെളിയിച്ചവരായിരുന്നു. അവരുടെ മഖ്ബറ മസ്ജിദിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. പലപ്പോഴായി വിദേശികളടക്കം ഇവിടെ സന്ദര്‍ശിക്കാന്‍ വരാറുണ്ട്. ഈ രണ്ട് മഖ്ബറയെയും തമ്മില്‍ പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള ആന്റിചേംബര്‍ ഈ കെട്ടിടത്തില്‍ കാണാനാകും. ഓരോന്നിലും ഈ രണ്ട് വ്യക്തികളുടെയും ഇടം കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു. കല്‍ഭിത്തികളും ടെറാക്കോട്ട ടൈലുകള്‍ കൊണ്ട് കവര്‍ ചെയ്ത തടികൊണ്ട് നിര്‍മിച്ച മേല്‍ക്കൂരയും പ്രാദേശിക ശൈലിയില്‍ രൂപകല്‍പന ചെയ്തിരിക്കുന്ന ചെറുതും ലളിതവും എന്നാല്‍ മനോഹരവുമായ ഘടനയുമാണ് ഈ പള്ളിയുടെ സവിശേഷത.
928-ല്‍ കേരളത്തിലെത്തിയ സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരിയുടെ ഏക പുത്രനായിരുന്നു ശൈഖ് ഇസ്മാഈല്‍ ബുഖാരി. 1521-ല്‍ പഠനം കഴിഞ്ഞ് സയ്യിദ് ഇസ്മാഈല്‍ വടക്കന്‍ കേരളത്തിലെ വളപട്ടണത്ത് നിന്ന് കൊച്ചിയിലേക്ക് യാത്രയായി. അദ്ദേഹം മുഖേന നിരവധി ആളുകള്‍ ഇസ്ലാമില്‍ ആകൃഷ്ടരായി. അദ്ദേഹത്തിന്റെ മൂന്നു മക്കളായ സയ്യിദ് അഹ്മദ് ബുഖാരി, സയ്യിദ് മുഹമ്മദ് ബുഖാരി, സയ്യിദ് ഫഖ്റുദ്ദീന്‍ ബുഖാരി എന്നിവരും കൊച്ചിയില്‍ ഇസ്ലാമിക ഉന്നമനത്തിന് സംഭാവന നല്‍കിയ മഹാപണ്ഡിതരും സൂഫികളുമായിരുന്നു.
മുസ്ലിം കൊച്ചിയുടെ ശില്‍പികളായി പരിഗണിക്കപ്പെടുന്ന മറ്റൊരു പണ്ഡിത കുടുംബമാണ് മഖ്ദൂം കുടുംബം. കേരളത്തിലെ മഖ്ദൂം കുടുംബത്തിന്റെ പിതാവായ അറിയപ്പെടുന്ന ശൈഖ് അലി ഇബ്നു അഹ്മദ് അല്‍ അല്‍ മഅ്ബരിയാണ് കൊച്ചിയിലെത്തിയ ആദ്യത്തെ മഖ്ദൂം. കൊച്ചിയല്‍ താമസമാക്കിയ അദ്ദേഹം വിപുലമായ ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളാണ് കൊച്ചിയില്‍ നടത്തിയത്. അദ്ദേഹത്തിന്റെ പൗത്രനാണ് പ്രസിദ്ധനായ ഒന്നാം മഖ്ദൂം എന്ന പേരില്‍ അറിയപ്പെട്ട ശൈഖ് സൈനുദ്ദീന്‍ അല്‍ മഖ്ദൂം (റ)അല്‍ മലൈബാരി (1465-1522). പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തമിഴ്നാട്ടിലെ നാഗൂരിലും കായല്‍പട്ടണത്തുമാണ് മഖ്ദൂം കൂടുംബം ആദ്യം കുടിയേറിയത്. പിന്നീട് അവര്‍ കൊച്ചിയിലേക്ക് താമസം മാറുകയും കൊച്ചിയിലെ ആത്മീയ നേതൃത്വമായി ഉയര്‍ന്നു വരിയകയും ചെയ്യുകയായിരുന്നു. പ്രാദേശിക ജനതയെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചവരാണ് അവര്‍. അഹ്മദ് മഖ്ദൂമിന്റെ പുത്രന്മാരായിരുന്നു അലി മഖ്ദൂം മഅ്ബരിയും ഇബ്റാഹീം മഖ്ദൂം മഅ്ബരിയും. ഇതില്‍ അലി മഖ്ദൂമിന്റെ പുത്രനായിട്ടാണ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ കൊച്ചിയിലെ കൊച്ചങ്ങാടിയില്‍ ജനിച്ചത്. ഇബ്റാഹീം മഖ്ദൂമാണ് കൊച്ചിയില്‍ നിന്ന് ആദ്യമായി പൊന്നാനിയില്‍ ഖാള്വിയായി എത്തുന്നത്. പിതാവ് അഹ് മദ് മഅ്ബരിയുടെ വഫാത്തോടെ അലി മഖ്ദൂം കൊച്ചിയിലെ ഖാള്വിയായി നിയോഗിക്കപ്പെട്ടു. ഇബ്റാഹീം മഖ്ദൂമിന്റെ അടുക്കല്‍ ഓതിതാമസിക്കാനാണ് ഒന്നാം മഖ്ദൂം ആദ്യമായി പൊന്നാനിയിലെത്തുന്നതും പില്‍കാലത്ത് പൊന്നാനിയില്‍ മുദരിസാകുന്നതും പൊന്നാനി വലിയ ജുമുഅത്ത് പള്ളി സ്ഥാപിക്കുന്നതും. മലബാര്‍ തീരത്തെ പോര്‍ച്ചുഗീസ് കൊളോണിയലിസത്തിന്റെ ആദ്യ വിവരണം എഴുതിയ ഒരു ചരിത്രകാരന്‍ കൂടിയാണ് അദ്ദേഹം. കേരളത്തിന്റെ ഇസ്ലാമിക തനിമക്ക് മഹത്തായ സംഭാവനകള്‍ അര്‍പ്പിച്ച പൊന്നാനിത്വത്തിന് ശിലപാകിയത് കൊച്ചിയിലെ സൂഫീ പാരമ്പര്യമായിരുന്നുവെന്ന് ചുരുക്കി വായിക്കാം.
ബുഖാരി സാദാത്തുക്കള്‍ക്കുപുറമെ ഐദറൂസി, ജമലുല്ലൈല്‍, ബാഫഖീഹ്, ജീലാനി തുടങ്ങിയ സയ്യിദ് കുടുംബങ്ങളും കൊച്ചി നഗരവുമായി ഗാഢബന്ധമുള്ളവരാണ്. കൊച്ചിക്കാര്‍ക്കിടയില്‍ ബംബ് തങ്ങള്‍ എന്നറിയപ്പെടുന്ന സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ഐദറൂസ് (റ) കൊച്ചിയിലെ മഹാനായ സൂഫികളില്‍ ഒരാളാണ്. തക്യ(തൈകാവ്) എന്ന മനോഹരമായ പള്ളിയിലാണ് അദ്ദേഹത്തിന്റെ മഖ്ബറ സ്ഥിതിചെയ്യുന്നത്. കേരളത്തിന്റെയും ദക്ഷിണേന്ത്യന്‍ ചരിത്രത്തിന്റെയും സാംസ്‌കാരികവും ചരിത്രപരവുമായ നിര്‍മാണത്തില്‍ കൊച്ചിയുടെ സ്ഥാനം കൃത്യമായി അടയാളപ്പെടുത്തന്ന ചരിത്ര വസ്തുതകളാണിത്. ആഫ്രിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള വ്യാപാരികളെയും പണ്ഡിതന്മാരെയും ഒരേപോലെ ആകര്‍ഷിച്ച കോസ്മോപൊളിറ്റനായ മലബാര്‍ തീരങ്ങള്‍ പ്രസിദ്ധിയാര്‍ജിച്ചതുപോലെ ഇസ്ലാമിക ചരിത്രത്തില്‍ കൊച്ചിയെ അടയാളപ്പെടുത്തല്‍ അത്യന്താപേക്ഷിതമാണ്. ഒരു നാട്ടുകാരന്‍ എന്നോട് പറഞ്ഞു: ‘കൊച്ചിയെ മനോഹരവും ശ്രദ്ധേയവുമായ ഒരു നാടാക്കി മാറ്റിയ ഈ സൂഫികളെ നഗരത്തിന്റെ സ്ഥാപകരായി ഓര്‍ക്കുകയും പരിഗണിക്കുകയും വേണം.’ അവരായിരുന്നു ഈ നഗരത്തിന്റെ ശില്‍പികള്‍. പശ്ചിമാഫ്രിക്കയിലെ ഉസ്മാന്‍ ഡാന്‍ ഫോഡിയോയും(റ)ഹിന്ദുസ്ഥാനിലെ മുഈനുദ്ദീന്‍ ചിശ്തിയും (റ) അനറ്റോലിയയിലെ യൂനുസ് എംറെയും (റ) തങ്ങളുടെ നാടുകളെ പാണ്ഡിത്യത്തിന്റെയും സൂഫിസത്തിന്റെയും കേന്ദ്രങ്ങളാക്കി മാറ്റിയതുപോലെ കൊച്ചിയിലെ സൂഫികളും ഈ ദേശത്തെ തേജസ്സുറ്റതാക്കി. മഹിതമായ പാരമ്പര്യം ഒളിഞ്ഞിരിക്കുന്ന ഈ നഗരത്തില്‍ നിങ്ങള്‍ ചരിത്രത്തിന്റെ പൊയ്മുഖം വലിച്ചൂരിയാല്‍ തന്നെ അവരുടെ സ്വാധീനം ഇന്നും ദൃശ്യമാകുന്നതാണ്.


അവലംബം: https://sacredfootsteps.com/2022/09/05/the-sufis-of-kochi-south-india/

മുഹമ്മദ് എ ത്വാഹിര്‍
വിവ: നിയാസ് അലി