കൊറോണക്കാലത്ത് ദൈവത്തിന് എന്താണ് പണി?

2486

അജ്‌നാസ് വൈത്തിരി

പ്രതിസന്ധി ഘട്ടങ്ങളോടുള്ള പ്രതികരണം മനുഷ്യന്റെ മന:സാക്ഷിയുടെയും ധര്‍മബോധത്തിന്റെയും പ്രതിഫലനമാണ്. ചിലര്‍ സമയവും സമ്പത്തും വിനിയോഗിച്ച് സന്നദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുമ്പോള്‍ മറ്റു ചിലര്‍ ചില പഴുതുകളുമായി നടക്കുകയാവും. സ്വാര്‍ത്ഥതയും സങ്കുചിത താത്പര്യങ്ങളും പ്രകടിപ്പിക്കാന്‍ പഴുതും തേടി നടക്കുന്നവര്‍.

ദുരന്ത ഭൂമികയിലെപ്പോഴും മുതലെടുപ്പു ശ്രമങ്ങള്‍ ഉണ്ടാവാറുണ്ട്. കവര്‍ച്ചയും കലാപാഹ്വാനവുമൊക്കെയായി മാനവ ചരിത്രത്തില്‍ അതിന് വിഭിന്നങ്ങളായ ഉദാഹരണങ്ങളുണ്ടുതാനും. അതിന്റെ തുടര്‍ച്ചയില്‍ ഇന്ന് ചില നാസ്തിക മുതലെടുപ്പ് ശ്രമങ്ങള്‍ക്കാണ് ദൃശ്യത ഉണ്ടാവുന്നത്. ഒരുമയോടെയും ഒരേ മനസ്സോടെയും നില്‍ക്കേണ്ട അശുഭ സാഹചര്യത്തിലും വിശ്വാസികളെ പരിഹസിക്കാനും വിശ്വാസത്തെ വിലകുറച്ചു കാണിക്കാനും ചില നിര്‍മത- നിരീശ്വര കുബുദ്ധികള്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. കൊറോണയുടെ മുമ്പില്‍ ദൈവം പരാജയപ്പെട്ടുവെന്നും വിശ്വാസം അപ്രസക്തമായി എന്നും അവര്‍ പറഞ്ഞു പരത്തുന്നു. മുമ്പ് പ്രളയകാലത്തും സജീവമായിരുന്ന ഇത്തരം മുതലെടുപ്പ് വിമര്‍ശനങ്ങളുടെ ആശയ പാപ്പരത്തവും അന്ത:സ്സാര ശൂന്യതയും വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.

വിശ്വാസം പ്രസക്തമാവുന്ന വിധം
ദുരന്ത കാലത്ത് ദൈവം എന്തെടുക്കുകയാണെന്നും അവന്റെ പണിയെന്താണെന്നും ഉള്ള ചോദ്യശരങ്ങളുന്നയിക്കുന്നവര്‍ സ്വന്തം ആവശ്യങ്ങളെയും താത്പര്യങ്ങളെയും യഥാസമയം സാധിപ്പിച്ചു തരാനും ദാസ്യപ്പണി ചെയ്യാനുമുള്ള അടിമയായാണോ ദൈവമെന്ന സ്വത്വത്തെ സങ്കല്‍പ്പിച്ചുവച്ചിരിക്കുന്നത്. അസംഗതവും അര്‍ത്ഥരഹിതവുമായ ആ ചിന്താഗതി മാത്രമാണ് ഉപര്യുക്ത ചോദ്യങ്ങളുടെ പ്രേരകം.

ആപത് സന്ധികളുടെ മുഖത്ത് അല്ലാഹു പരാജയം സമ്മതിച്ചെന്നും അശക്തനായെന്നും കരുതുന്നവര്‍ ഇസ് ലാമിക ദൈവശാസ്ത്ര സിദ്ധാന്തങ്ങളുടെ ബാലപാഠങ്ങള്‍ പോലും അറിയാത്തവരാണ്. നന്മയും തിന്മയുമായ സര്‍വതും പ്രപഞ്ച സ്രഷ്ടാവില്‍ നിന്നുണ്ടായതാണെന്നും ഈ ലോകം പരീക്ഷണങ്ങളുടെ ഭൂമികയാണെന്നും വിശ്വസിക്കുകയും പ്രസ്തുത വിശ്വാസത്തെ നെഞ്ചോടു ചേര്‍ത്തു വക്കുകയും ചെയ്യുന്ന വിശ്വാസി സമൂഹത്തിനുമുമ്പില്‍ അങ്ങേയറ്റം പരിഹാസ പാത്രമാവുകയാണ് ഇത്തരം വാദഗതിക്കാര്‍.

സകല മതങ്ങളെയും പൊതുവിലും ഇസ്ലാമിനെ വിശേഷിച്ചും വിമര്‍ശിക്കുകയും മതവിമര്‍ശനം കൂലിത്തൊഴിലായി സ്വീകരിക്കുകയും ചെയ്യുന്ന നിരീശ്വരവാദികളേക്കാള്‍ അത്ഭുതപ്പെടുത്തുകയാണ് ചില ചാനല്‍ അവതാരകരും. ഒരുങ്ങിയും നന്നായി ഹോംവര്‍ക്ക് ചെയ്തും കാമറക്കു മുമ്പില്‍ പ്രത്യക്ഷപ്പെടേണ്ട ഇവര്‍ മതവിമര്‍ശകരില്‍ നിന്ന് മതം പഠിക്കാനൊരുങ്ങിയാല്‍ മഹാ കഷ്ടമെന്നേ പറയാനാവൂ. ഏഷ്യാനെറ്റിന്റെ കവര്‍ സ്റ്റോറിയില്‍ സിന്ധു സൂര്യകുമാര്‍ ഇടയ്ക്ക് കയറി ‘ഹജ്ജ് വരെ നിര്‍ത്തി വെച്ചില്ലേ’ യെന്ന് ചോദിക്കുന്നത് ആദ്യ സംഭവമൊന്നുമല്ല. മുമ്പ് പല പ്രമുഖരും സമാനമായ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. 24 ന്റെ ജനകീയ കോടതിയിലൊരിടത്ത് ഡോ. അരുണ്‍ കുമാര്‍ ‘ ആയതും ഹദീസുമല്ല, ഖുര്‍ആനില്‍ വല്ലതുമുണ്ടോ?” യെന്ന് ചോദിച്ചതും ഇതേ ദിശയിലെ എ’മണ്ടന്‍’ ചോദ്യങ്ങളിലൊന്നാണ്. സത്യം പറഞ്ഞാല്‍ വിമര്‍ശിക്കാനിറങ്ങുമ്പോള്‍ പ്രതിപക്ഷത്തെ കൃത്യമായി മനസ്സിലാക്കണമെന്ന രീതിശാസ്ത്രമോ മര്യാദയോ പോലും ഇവര്‍ പാലിക്കുന്നില്ലെന്നതാണ് വാസ്തവം. യുക്തിയാണ് തങ്ങള്‍ വാദിക്കുന്നതെന്ന് മേനി നടിക്കുന്ന യുക്തിരഹിത വാദക്കാരുടെ തേഡ് ക്ലാസ്സ് പോസ്റ്റിനെ മാത്രം ആധാരപ്പെടുത്തിയുള്ള അധരവ്യായാമം അപഹാസ്യമെന്നേ പറയാനാവൂ.

അഥവാ, വിശ്വാസി സമൂഹത്തെ സംബന്ധിച്ചിടത്തോളം ഈ ആപത് സന്ധിയും അതിന്റെ തുടര്‍ച്ചയിലുണ്ടാവുന്ന സംഭവവികാസങ്ങളും സ്വാഭാവികമായി ഉള്‍ക്കൊളളാനും പ്രായോഗിക പരിഹാര മാര്‍ഗങ്ങള്‍ പ്രാവര്‍ത്തികമാക്കാനും കഴിയുന്ന അവസരങ്ങളാണ്. നശ്വരവും നൈമിഷികവുമായ ഈ ജീവിതത്തില്‍ ഇത്തരം ആപത് ഘട്ടങ്ങള്‍ സഹജവും സ്വാഭാവികവുമാണെന്നും അവിടെ പ്രാര്‍ത്ഥനയും പ്രയത്‌നവുമായി സക്രിയരാവുകയാണ് വേണ്ടതെന്നും വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനമാണ്. അങ്ങനെ വരുമ്പോള്‍ ഈ ദുരന്തമുഖങ്ങളും വിശ്വാസത്തെ കൂടുതല്‍ പ്രസക്തവും പ്രായോഗികവുമാക്കുകയാണ് ചെയ്യുന്നത്.

പ്രവാചകാനുചരന്മാരുടെ ജീവിത കാലത്തും ശേഷവും പല വിധ വിപത്തുകള്‍ക്കും ലോകം സാക്ഷിയായിട്ടുണ്ട്. സ്വഹാബീവര്യന്മാരടക്കം നിരവധി പേരുടെ ജീവഹാനിക്ക് അതിടയാവുകയും ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെയും പള്ളികളും കച്ചവട സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയും ജീവിത ക്രമങ്ങള്‍ ദുസ്സഹമാവുകയും ചെയ്തു. അതല്ലാതെ ചില അല്പജ്ഞാനികള്‍ വിശദീകരിക്കും പോലെ മാനവ ചരിത്രത്തിലെ ആദ്യസംഭവമുഹൂര്‍ത്തമൊന്നുമല്ലിത്. കഅ്ബയും പള്ളികളും അടക്കപ്പെട്ടതോടെ ആദ്യമായി വിശ്വാസികള്‍ പാടെ വഴിമുട്ടിയെന്നും വിശ്വാസം വൃഥാവിലായെന്നും പെരുമ്പറയടിക്കുന്നവര്‍ മനസ്സു തുറന്ന് തന്നെ ഉള്‍ക്കൊള്ളേണ്ട പലതുമുണ്ട്. ഈ പള്ളികളും കഅ്ബാലയം തന്നെയും ധ്വംസിക്കപ്പെടുമെന്നും സര്‍വം നശിച്ച് നാമാവശേഷമായി ഈ ലോകം തന്നെ അവസാനിക്കുമെന്നും ആയിരത്തി നാന്നൂറ് വര്‍ഷങ്ങള്‍ക്കു മുമ്പേയുള്ള പ്രവാചകാധ്യാപനങ്ങളില്‍ നിന്നും മനസ്സിലാക്കിയ വിശ്വാസികളെ നിങ്ങള്‍ ഇത്തരം ‘പടക്കം’ പൊട്ടിച്ച് പേടിപ്പിക്കുന്നത് സ്വയം പരിഹാസ്യരാവലാണെന്ന് സ്വന്തത്തെ ബോധ്യപ്പെടുത്തുക തന്നെ വേണം. ദൈവത്തെ ‘കൊല്ലാന്‍’ നടക്കുന്ന നിങ്ങള്‍ ഇസ്ലാമിന്റെ ദൈവശാസ്ത്ര പ്രമാണങ്ങളെ കൂടുതല്‍ ഉള്‍ക്കൊള്ളലിലേക്കും പ്രസക്തി സമ്പാദനത്തിലേക്കുമാണ് നയിക്കുന്നതെന്ന് സ്‌നേഹപൂര്‍വ്വം ഉണര്‍ത്തട്ടെ.

മതം, ശാസ്ത്രം: ദ്വന്ദ്വ നിര്‍മിതി

നേരത്തേ സൂചിപ്പിച്ചതു പോലുള്ള മുതലെടുപ്പ് പാഴ് വേലകളില്‍ പ്രധാനമായും കാണപ്പെടുന്ന മറ്റൊന്ന് മതം,ശാസ്ത്രം ദ്വന്ദ്വ നിര്‍മിതിയുമായി ബന്ധപ്പെട്ടതാണ്. സാംക്രമിക രോഗങ്ങളുടേയും സാമൂഹിക ക്രമരാഹിത്യത്തിന്റെയും മധ്യേ മതം പരാജയപ്പെട്ടുവെന്നും ശാസ്ത്രമാണ് ഇനി ഏകാശ്രയമെന്നും ചിലര്‍ വമ്പു പറയുന്നത് കാണാം. ശാസ്ത്രത്തിന്റെ സകലതിലും അട്ടിപ്പേറവകാശം വച്ചുപുലര്‍ത്തുന്ന അത്തരം അല്പജ്ഞാനികള്‍ മതത്തെയും ശാസ്ത്രത്തെയും മനസ്സിലാക്കുന്ന വിധം ബഹുരസമാണ്. മതത്തിന്റെ അപരിചിതവും പരിധിയ്ക്ക് പുറമേയുള്ളതുമായ വൈജ്ഞാനിക ശ്രമങ്ങളായി ശാസ്ത്രത്തെ മനസ്സിലാക്കിയത് അറുബോറാണെന്നേ പറയാന്‍ കഴിയൂ. ശാസ്ത്രവും ശാസ്ത്ര ചരിത്രവും ശാസ്ത്രീയ സംഭാവനകളുമൊന്നും ഉള്‍ക്കൊള്ളാതെയുള്ള സമീപനമാണതെന്നതും സുതരാം സുവ്യക്തമാണ്.

അറിവും അന്വേഷണ ശ്രമങ്ങളും ആരാധനയാണെന്നു പഠിപ്പിച്ച ഇസ്ലാമിന്റെ പരിധി ശാസ്ത്രം ഭേദിക്കുന്നില്ല തന്നെ. സത്യസന്ധമായ അന്വേഷണങ്ങളും ജ്ഞാനസമ്പാദനങ്ങളും പവിത്രവും പ്രതിഫലാര്‍ഹവുമായ കര്‍മ്മമായി മനസ്സിലാക്കിയതു മൂലമാണ് ചരിത്രത്തിലെ ശാസ്ത്രീയ അടയാളപ്പെടുത്തലുകളില്‍ മുസ്ലിം പണ്ഡിത നാമങ്ങള്‍ ഏറെ കാണപ്പെടുന്നത്. സോദ്ദേശ്യപൂര്‍വവും സത്യസന്ധവുമായ ശാസ്ത്രീയ അന്വേഷണങ്ങള്‍ ഈ മതത്തിന്റെ ഭാഗമാണ്. മതം മരണാനന്തര ജീവിതവുമായി ബന്ധപ്പെട്ട കേവലം ചില ആശയങ്ങളായി മാത്രം മനസ്സിലാക്കുന്ന അബദ്ധ ധാരണകളില്‍ നിന്നാണ് അസംഗത മത-ശാസ്ത്ര വേര്‍തിരിവ് പിറവി കൊള്ളുന്നത്.

ശാസ്ത്രീയ പഠനങ്ങളിലത്രയും വിപുലമായ സംഭാവനകളര്‍പ്പിച്ച മുസ് ലിം ശാസ്ത്ര വിശാരദന്മാര്‍ വൈദ്യശാസ്ത്ര മേഖലയിലും വലിയ അന്വേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. അജ്ഞതയിലും അന്ധവിശ്വാസങ്ങളിലുമായി ജീവിതം പുലര്‍ത്തിയിരുന്ന യൂറോപ്യരുടെ വളരെയേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് അവര്‍ വലിയ സംഭാവനകള്‍ ലോകത്തിനു മുമ്പില്‍ സമര്‍പ്പിച്ചു. ഇമാം റാസിയും ഇബ്‌നു സീനയും സഹ്‌റാവിയും തുടങ്ങി, ധാരാളം പണ്ഡിത വരേണ്യരുടെ ചരിത്രം പറയാതെ വൈദ്യശാസ്ത്ര മുന്നേറ്റങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ കഴിയില്ല. അത്തരം ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ പോലുമറിയാതെ മതത്തിനു പുറത്തുള്ള ചിലതും ചിലരുമാണ് വൈദ്യശാസ്ത്രം വികസിപ്പിച്ചതെന്ന വമ്പു പറച്ചില്‍ എട്ടുകാലി മമ്മൂഞ്ഞുമാരുടെ സമകാലിക സ്വരൂപങ്ങളായേ കാണാന്‍ കഴിയൂ.

ശാസ്ത്രവും സാഹിത്യവും തുടങ്ങി മാനവ ജീവിതക്രമവും അതല്ലാത്തതുമായ സകലതിനെയും വലയം ചെയ്യുന്നതാണ് ഇസ്ലാമിക മതാധ്യാപനങ്ങള്‍. അവിടെ ശാസ്ത്രത്തിനും മതത്തിനും അതിര്‍ത്തി കെട്ടുന്നത് ധിഷണാന്ധതയും യുക്തിരാഹിത്യവുമാണ്.

ഇസ് ലാമിക വിശ്വാസശാസ്ത്രമനുസരിച്ച് മനുഷ്യ ജീവിതം നിരവധി പ്രയാസങ്ങളും പ്രതിസന്ധികളും ഉണ്ടായേക്കാവുന്ന ഘട്ടം തന്നെയാണ്. അവിടെയൊന്നും പരിഭ്രാന്തരാവാതെ പ്രാര്‍ത്ഥനയും പ്രയത്‌നവുമായി കര്‍മ നിരതരാവാനാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ദുരന്തമുഖങ്ങളില്‍ നിഷ്‌ക്രിയരായി ഒന്നും ചെയ്യാതിരിക്കുന്നതും ഒന്നും ചെയ്യാനാകില്ലെന്ന് തീര്‍പ്പു കല്‍പ്പിക്കുന്നതും ഒരുപോലെ മതവിരുദ്ധമാണ്.

ദൈവത്തിന് പണി നിശ്ചയിക്കാതെ ദൈവശാസ്ത്രം മനസ്സിലാക്കിയും പ്രമാണബദ്ധമായ ജ്ഞാനസമ്പാദനം ചെയ്തും ജീവിതത്തെ യുക്തിസഹവും സത്യസന്ധവുമാക്കുകയാണ് ചെയ്യേണ്ടത്. ദുരന്തമുഖത്തും അതല്ലാത്തപ്പോഴും ദൈവം ദൈവത്തിന്റെ പണിയിലും കാര്യക്രമത്തിലുമാണ്. അതന്വേഷിച്ച് തിയ്യതി നിശ്ചയിക്കലും പണി പറഞ്ഞു കൊടുക്കലും ആരുടേയും പണിയല്ല; അത് യുക്തിയ്ക്ക് ചേര്‍ന്നതുമല്ല. ഇനിയും സത്യസന്ധമായ അന്വേഷണങ്ങളിലൂടെ വിശ്വാസത്തെ കണ്ടെത്താനാവുന്നില്ലെങ്കില്‍ യുക്തിരഹിതമായ ചോദ്യങ്ങളുമുയര്‍ത്തിപ്പിച്ച് ‘എല്ലിന്‍ കഷ്ണം’ തേടി നടക്കാന്‍ തന്നെയാവും അഭിനവ മതവിമര്‍ശകരുടെ എക്കാലത്തെയും ജീവിത വിധി. അതങ്ങനെയാവാതിരിക്കട്ടെയെന്നു തന്നെയാണ് പ്രാര്‍ത്ഥിക്കുന്നത്.

വില കുറഞ്ഞ വിമര്‍ശനങ്ങളെയെന്ന പോലെ പ്രാര്‍ത്ഥന കൊണ്ടും പ്രയത്‌നം കൊണ്ടും നാം ഈ മഹാമാരിയെയും അതിജയിക്കുക തന്നെ ചെയ്യും.