ജനാധിപത്യവും പൗരത്വവും ആര്‍ക്കാണ് ഭാരമാകുന്നത്?

2008

മുഹമ്മദ് ശാക്കിര്‍ മണിയറ

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനഭാരം കുറക്കുക എന്ന പേരില്‍ രാജ്യത്തെ സി.ബി.എസ്.ഇ സ്‌കൂളുകളിലെ 9 മുതല്‍ 12 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ നിന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നീക്കം ചെയ്തിട്ടുള്ള പാഠഭാഗങ്ങള്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണല്ലോ. വിശേഷിച്ച്, രാജ്യം മുമ്പെങ്ങുമില്ലാത്ത വിധം പൗരത്വനിയമത്തെ കുറിച്ചും ജനാധിപത്യ മതേതരത്വ മൂല്യങ്ങളെ കുറിച്ചും സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന സവിശേഷ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഇത്തരമൊരു നീക്കത്തെ, ഹിന്ദുത്വ ശക്തികളുടെ അധികാരാരോഹണത്തിന് ശേഷം രാജ്യത്ത് പലതവണയായി പലയിടത്തും കണ്ടുവന്നിട്ടുള്ള വിദ്യാഭ്യാസത്തെ കാവിവത്കരിക്കാനുള്ള നീക്കങ്ങളിലൊന്നായേ കാണാനൊക്കൂ. വെട്ടിക്കുറച്ച പാഠഭാഗങ്ങള്‍ക്കു പിന്നില്‍ പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ല എന്ന രീതിയില്‍ കേന്ദ്രമന്ത്രിയും സി.ബി.എസ്.ഇ അധികൃതരും എന്തൊക്കെ ന്യായീകരണങ്ങള്‍ നിരത്തിയാലും ബി.ജെ.പിയുടെ കാലമിത്രയുമുള്ള ഭരണം കണ്ടുവളര്‍ന്ന, അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാകാന്‍ പോന്നതാണ് ഈ നീക്കം എന്നതാണ് സത്യം. 30 ശതമാനം വെട്ടിക്കുറച്ച പാഠഭാഗങ്ങളില്‍ എത്ര കൃത്യമായാണ് അവര്‍ തങ്ങളുടെ അജണ്ടകള്‍ക്ക് വെല്ലുവിളിയെന്ന് തോന്നിക്കുന്ന ഭാഗങ്ങള്‍ ഉള്‍പെടുത്തിയത്! 1930 ല്‍ ജര്‍മനിയിലെ പാഠപുസ്തകങ്ങളില്‍ നിന്ന് തങ്ങളുടെ നാസി ആശയത്തോട് യോജിക്കാത്ത പാഠഭാഗങ്ങള്‍ നാസികള്‍ ഇല്ലായ്മ ചെയ്തത് പാഠപുസ്തകങ്ങള്‍ കത്തിച്ചുകളഞ്ഞാണെങ്കില്‍ അതേ ലക്ഷ്യം ഇന്ത്യയിലെ സംഘ്പരിവാര്‍ ശക്തികള്‍ ചെയ്തത് കോവിഡ് മഹാമാരിയുടെ മറപറ്റിയാണ് എന്നുമാത്രം. രണ്ടിനു പിന്നിലെയും ചേതോവികാരങ്ങളും ശക്തികളും ഒന്നുതന്നെ.
നീക്കം ചെയ്യപ്പെട്ട പാഠഭാഗങ്ങള്‍ എന്താണെന്നു പരിശോധിച്ചാല്‍ അതിന്റെ ഗൗരവം ഒന്നുകൂടി വ്യക്തമാവുന്നതാണ്. പതിനൊന്നാം ക്ലാസിന്റെ പൊളിറ്റിക്കല്‍ സയന്‍സ് ടെക്സ്റ്റില്‍ നിന്ന് നമ്മുടെ രാജ്യത്തിന്റെ ഭരണസംവിധാനത്തിന്റെ അടിത്തറയായ ഫെഡറലിസം, തദ്ദേശ സ്ഥാപനങ്ങള്‍, രാജ്യത്തിന്റെ ഏറ്റവും വലിയ സവിശേഷതയായ മതേതരത്വം, മാസങ്ങളായി ഏറെ കോലാഹലങ്ങള്‍ക്കും അന്‍പതോളം പേരുടെ ജീവനും പതിനായിരക്കണക്കിന് പേരുടെ നാടുവിടലിനും കാരണമായ പൗരത്വം, രാജ്യസുരക്ഷ, ഏറ്റവുമവസാനമായി ചര്‍ച്ചയായ ഇന്ത്യയും അതിര്‍ത്തി രാജ്യങ്ങളുമായുള്ള ബന്ധങ്ങളും, രാഷ്ട്രത്തിന്റെ ചരിത്രത്തില്‍ വിപ്ലവാത്മകമായ പല നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച രാജ്യത്തെ സാമൂഹിക പ്രസ്ഥാനങ്ങള്‍ എന്നിവയാണ് പഠനഭാരം കുറക്കാനെന്ന വ്യാജേന സര്‍ക്കാര്‍ തന്ത്രപൂര്‍വം ഒഴിവാക്കിയത്. ഇനി പത്താം ക്ലാസ് സിലബസ്സില്‍ നിന്ന് വെട്ടിമുറിച്ച പാഠഭാഗങ്ങള്‍ കാണുക. രാജ്യത്തിന്റെ അടിസ്ഥാന ശിലകളിലൊന്നായ ജനാധിപത്യം, വലിയവായില്‍ നമ്മുടെ പ്രതീകമായി നാം വിളിച്ചുപറയുന്ന നാനാത്വം, ജെന്‍ഡര്‍ ഇഷ്യൂ, മതവും ജാതിയും, രാജ്യ ചരിത്രത്തിലെ നിര്‍ണായക സംഘട്ടനങ്ങളും പ്രസ്ഥാനങ്ങളും, ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ എന്നിവയാണ് ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഈ വര്‍ഷം പഠിക്കേണ്ടതില്ല എന്ന് സര്‍ക്കാര്‍ തീരുമാനിച്ചു വച്ചിട്ടുള്ളത്. ഒഴിവാക്കപ്പെട്ട മറ്റുപാഠഭാഗങ്ങളില്‍ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയുടെ സ്വഭാവത്തെയും നോട്ടുനിരോധനത്തെയും ജി.എസ്.ടിയെയും പറ്റിയുള്ള പാഠഭാഗങ്ങളും പെടുന്നു. ഈ പാഠഭാഗങ്ങള്‍ വളര്‍ന്നുവരുന്ന തലമുറ പഠിക്കേണ്ടുന്നതിന്റെ ആവശ്യകത വിശദീകരണങ്ങള്‍ ആവശ്യമില്ലാത്ത വിധം പകല്‍വെളിച്ചം പോലെ നമുക്കു മുന്നില്‍ വ്യക്തമാണല്ലോ.
ഇനി പറയട്ടെ, ബി.ജെ.പിയും ആര്‍.എസ്.എസ്സും ലക്ഷ്യമിടുന്ന ഹിന്ദുത്വ രാഷ്ട്രരൂപീകരണത്തിന്റെ ഭാഗമായുള്ള വിദ്യാഭ്യാസത്തിലെ കാവിവത്കരണമെന്നല്ലാതെ പിന്നെയെന്തു പേരിട്ടാണ് ഇതിനെ വിളിക്കുക? രാജ്യചരിത്രത്തിലെ വിപ്ലവാത്മകമായ പല നീക്കങ്ങളും രാജ്യത്തിന്റെ സൗന്ദര്യവും സവിശേഷതയുമായ അതിന്റെ അടിസ്ഥാനമൂല്യങ്ങളും നാളെയുടെ നായകന്മാരാവേണ്ട ഒരു തലമുറ പഠിക്കേണ്ടതില്ല എന്നു പറയുന്നത് എന്തു ലോജിക് അടിസ്ഥാനപ്പെടുത്തിയാണ്? ചരിത്രത്തെ സംഘ്പരിവാര്‍ ശക്തികള്‍ക്ക് ഭയമാണെന്ന് വീണ്ടും വീണ്ടും ഇത്തരം നീക്കങ്ങള്‍ തെളിയിക്കുന്നില്ലേ? അതെ, രാജ്യം ഇന്നുവരെ താണ്ടിയ വഴികളില്‍ മഹാത്മാവിനെ വധിച്ച പാരമ്പര്യം മാത്രം പറയാനുള്ള, സ്വാതന്ത്ര്യസമരം കയ്യുംകെട്ടി നോക്കി നിന്ന പരിചയം പോലുമില്ലാത്ത, ബ്രിട്ടീഷുകാര്‍ക്ക് ഭീരുക്കളായി മാപ്പെഴുതിക്കൊടുത്ത ചരിത്രമുള്ള സംഘ്പരിവാര്‍ ശക്തികള്‍ ചരിത്രത്തെ ഭയക്കുക സ്വാഭാവികം മാത്രമാണ്, ആയതിനാല്‍ ഓര്‍മ തന്നെയാണ് അഭിനവ ഫാസിസ്റ്റു കാലത്തെ ഏറ്റവും വലിയ ആയുധവും.

കാവിവത്കരണം പുതിയ അജണ്ടയല്ല

വിദ്യാഭ്യാസരംഗത്തെ കാവിവത്കരണത്തെ കുറിച്ചു സംസാരിക്കുമ്പോള്‍ 2014 ലെ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരാരോഹത്തിനു ശേഷവും അതിനുമുമ്പുമുള്ള വ്യക്തമായ ഒത്തിരി ചിത്രങ്ങള്‍ കാണാം. കൃത്യമായ ഭരണഘടനാ മൂല്യങ്ങളും രാജ്യത്തിന്റെ യഥാര്‍ഥ ചരിത്രവും പഠിപ്പിക്കേണ്ടിടത്ത് സര്‍ക്കാര്‍ താത്പര്യങ്ങള്‍ മാത്രം പ്രൊമോട്ട് ചെയ്യുന്ന പാഠപുസ്തകങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഒരുപാട് കാണാം. 1998 ല്‍ സംഘ്പരിവാര്‍ ശക്തികള്‍ രാജ്യത്ത് അധികാരത്തിലേറിയ സമയം അവര്‍ ആദ്യം ചെയ്തത് പാഠപുസ്തകങ്ങളിലെ ഉള്ളടക്കങ്ങള്‍ മാറ്റാന്‍ വേണ്ടി നാഷണല്‍ കരിക്കുലം ഫ്രെയിംവര്‍ക്ക്(എന്‍.സി.എഫ്) എന്നൊരു സമിതി ഉണ്ടാക്കുകയായിരുന്നു. അവിടന്നിങ്ങോട്ട് പല അവസരങ്ങളിലായി പല മാറ്റങ്ങള്‍ വരുത്തിയും തങ്ങളുടെ അജണ്ടകള്‍ ഒളിച്ചുകടത്താന്‍ ആര്‍.എസ്.എസ് ശക്തികള്‍ക്കായി. രാജ്യത്തെ ചാതുര്‍വര്‍ണ്യ സമ്പ്രദായത്തെ വിമര്‍ശിച്ചുകൊണ്ടുള്ള പാഠഭാഗം എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്തതില്‍ പ്രതിഷേധിച്ച് 2001 ഡിസംബറില്‍ ഡല്‍ഹിയിലെ ഒരുകൂട്ടം ചരിത്രകാരന്മാര്‍ വിദ്യാഭ്യാസമേഖലയിലെ കാവിവത്കരണത്തെ അപലപിച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ട് ഇക്കൂട്ടത്തില്‍ പ്രസിദ്ധമാണ്. സമാനമായി, 2014ല്‍ വിദ്യാര്‍ഥികളെ സമരമുഖത്തേക്ക് ആകര്‍ഷിക്കുമെന്ന് പറഞ്ഞ് പതിനൊന്നാം ക്ലാസ് ഹിന്ദി പാഠപുസ്തകങ്ങളില്‍ നിന്ന് പാഷിന്റെ കവിതകള്‍ നീക്കം ചെയ്തതും വിവാദമായിരുന്നു. 2018 ലെ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് അനുസരിച്ച്, എന്‍.സി.ഇ.ആര്‍.ടി സിലബസ്സിലെ 1 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ 182 ഓളം ടെക്സ്റ്റ്ബുക്കുകളില്‍ രാജ്യമൊട്ടാകെ സമ്പൂര്‍ണ പരാജയമെന്ന് വിധിയെഴുതിയ നോട്ടുനിരോധനം, ഡിജിറ്റല്‍ ഇന്ത്യ, സ്വച്ഛ് ഭാരത് പദ്ധതികള്‍ തുടങ്ങിയ ഗവണ്‍മെന്റ് നയങ്ങളെ സമ്പൂര്‍ണ വിജയമായി അവതരിപ്പിക്കുന്ന വിശദീകരണങ്ങളുണ്ട്. എത്രമാത്രം തന്ത്രപരമായാണ് തങ്ങളുടെ പാളിയ പദ്ധതികള്‍ പോലും വിജയകരമായ ഒന്നായി വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത് എന്നു മനസ്സിലാക്കണം. ഈ 182 ടെക്സ്റ്റ്ബുക്കുകളില്‍ നിന്നായി 2014-2018 വര്‍ഷങ്ങള്‍ക്കിടയില്‍ മാത്രം 1134 മാറ്റങ്ങള്‍ വരുത്തിയതായി ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 
ഇത്തരം സ്വകാര്യ അജണ്ടകള്‍ നടപ്പിലാക്കുമ്പോള്‍ തന്നെ നമ്മുടെ ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചോ അതിന്റെ വിജയകരമായ നടത്തിപ്പിനെ കുറിച്ചോ ഉള്ള ക്രിയാത്മകമായ പാഠഭാഗങ്ങള്‍ നമ്മുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല എന്ന് 'വി ദി പീപ്പിള്‍' എന്ന ഭരണഘടനാ സംരക്ഷണ സമിതി നിരീക്ഷിക്കുന്നു. ഗവണ്‍മെന്റ് സ്തുതിപാടകരെയല്ല മറിച്ച് ഭരണഘടയുടെ പ്രയോക്താക്കളെയാണ് രാജ്യത്തിനാവശ്യമെന്നും രാമായണത്തെകുറിച്ചും മഹാഭാരതത്തെകുറിച്ചും പ്രത്യേക പാഠപുസ്തകങ്ങള്‍ ആവാമെങ്കില്‍ ഭരണഘടനയെ പരിചയപ്പെടുത്തുന്ന ചെറിയ ബുക് ലെറ്റുകള്‍ എന്തുകൊണ്ട് ആയിക്കൂടാ എന്നും അവര്‍ ചോദിക്കുന്നു. 
രാജ്യത്തെ ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലെയും പാഠ്യപദ്ധതിയില്‍ വരുത്തിയിട്ടുള്ള ഗുരുതരമായ മാറ്റങ്ങള്‍ ആരും മറന്നുകാണില്ല. 1576 ജൂണ്‍ 18ന് അക്ബര്‍ രാജാവിന്റെ നേതൃത്വത്തിലുള്ള മുഗള്‍ സൈന്യം മേവാര്‍ രാജാവായ മഹാറാണ പ്രതാപിന്റെ നേതൃത്വത്തിലുള്ള സൈന്യത്തെ പരാജയപ്പെടുത്തിയ ചരിത്രപ്രസിദ്ധമായ ലിഖിതമായ സംഭവത്തെ മുഗള്‍ രാജാവായ അക്ബറാണ് പരാജയപ്പെട്ടത് എന്ന രീതിയില്‍ എഴുതിപ്പിടിക്കാന്‍ രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയും ബി.ജെ.പി ഗവണ്‍മെന്റും മുന്നോട്ടു വന്നത് വിവാദമായിരുന്നു. ചരിത്ര പാഠപുസ്തകങ്ങളില്‍ നിന്ന് മുഗള്‍ ചക്രവര്‍ത്തിമാരായ അക്ബര്‍, ഔറംഗസീബ് എന്നിവരെ കുറിച്ചുള്ള ഭാഗങ്ങള്‍ ഒഴിവാക്കി ഹിന്ദു രാജാക്കന്മാരായ ശിവാജി, മഹാറാണ പ്രതാപ് എന്നിവരെകുറിച്ച് കൂടുതല്‍ എഴുതിച്ചേര്‍ക്കാനുള്ള നീക്കങ്ങളും നടന്നിട്ടുണ്ട്. രാജസ്ഥാനിലെ തന്നെ എട്ടാം ക്ലാസ് സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കുറിച്ചോ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിനെ കുറിച്ചോ ഒരു പരാമര്‍ശം പോലും ഉള്‍പെടുത്താതെ പകരം ആര്‍.എസ്.എസ് ഐഡിയോളജിയെ കുറിച്ചും രാജ്യത്തെ ഒറ്റിക്കൊടുത്ത സവര്‍ക്കറെ കുറിച്ചും വിശദമായി പ്രതിപാദിച്ചതും സവര്‍ക്കറെ രാജ്യസ്‌നേഹിയായി ചിത്രീകരിച്ചതും മറ്റൊരു പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകം കോണ്‍ഗ്രസ് പാര്‍ട്ടിയെ ബ്രിട്ടീഷിന്റെ വളര്‍ത്തുപുത്രനായി വിശേഷിപ്പിച്ചതും ഇതോടു ചേര്‍ത്തു വായിക്കേണ്ടതുണ്ട്. എത്ര ലാഘവത്തോടെയാണ് സംഘ്പരിവാര്‍ ശക്തികള്‍ സര്‍വസമ്മതമായ ചരിത്രസത്യങ്ങള്‍ വളര്‍ന്നുവരുന്ന തലമുറക്ക് മുന്നില്‍ വക്രീകരിച്ച് അവതരിപ്പിക്കുന്നതെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. 
ബി.ജെ.പി ഭരിക്കുന്ന ഹരിയാനയില്‍ വിദ്യാര്‍ഥികളെ ധാര്‍മികമൂല്യങ്ങള്‍ പഠിപ്പിക്കാനായി ആര്‍.എസ്.എസ് നേതാവായ ദീനാനാഥ് ബത്ര തയ്യാറാക്കിയ മോറല്‍ സയന്‍സ് എന്ന വിഷയത്തിനായി തയ്യാറാക്കിയ പുസ്തകത്തില്‍ ഹിന്ദു പുരാണവുമായി ബന്ധമുള്ള സരസ്വതി വദന എന്ന മന്ത്രം ഉള്‍പെടുത്തിയതും മറ്റു മതസ്ഥര്‍ പോലും അതു പാരായണം ചെയ്യാന്‍ നിര്‍ബന്ധിപ്പിക്കപ്പെട്ടതുമായ സംഭവങ്ങളും ഏറെ ഗൗരവത്തോടെ കാണേണ്ടതാണ്. മുസ്‌ലിം, ക്രിസ്ത്യന്‍, പാര്‍സി മതക്കാരെ വിദേശികള്‍ എന്നു വിശേഷിപ്പിച്ചതും അഡോള്‍ഫ് ഹിറ്റ്‌ലറെ വീരപുരുഷനായി ചിത്രീകരിച്ചതും ഗുജറാത്തിലെ ചില പാഠപുസ്തകങ്ങളായിരുന്നു. 2015 ല്‍ രാജസ്ഥാനില്‍ തന്നെ ഇന്ത്യന്‍ സംസ്‌കാരമെന്ന പേരില്‍ വേദഗണിതം പാഠപുസ്തകത്തില്‍ ഉള്‍പെടുത്താന്‍ തീരുമാനിച്ചതും ആര്‍.എസ്.എസ് വിദ്യാഭ്യാസ വിഭാഗമായ വിദ്യാ ഭാരതി ബുക്‌സിന്റെ മാതൃകയില്‍ പുസ്തകങ്ങള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചതും ആര്‍.എസ്.എസ് അനുഭാവികളായ യാതൊരു മുന്‍പരിചയവുമില്ലാത്ത 160 പേര്‍ ചേര്‍ന്ന് പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയതും ഇതിന്റെ ഭാഗമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പല ഉള്‍നാടുകളിലും നിയമവിരുദ്ധമായി ചെറിയ ശാഖകള്‍ നടത്തി, നിരക്ഷരരായ രക്ഷിതാക്കളെ കൊണ്ട് ഇംഗ്ലീഷ് രേഖകളില്‍ ഒപ്പുവാങ്ങിച്ച്, പെണ്‍കുട്ടികളെ അടക്കം കാലങ്ങളായി ശാഖകളില്‍ താമസിപ്പിച്ച്, വീടുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച് അവരെ പല രീതിയിലും ഉപയോഗപ്പെടുത്തുന്ന രീതിയില്‍ ആര്‍.എസ്.എസ് നടത്തുന്ന പ്രവണത ഔട്ട് ലുക്ക് മാസിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരത്തില്‍ തന്ത്രപൂര്‍വം വളര്‍ന്നു വരുന്ന തലമുറക്ക് മുന്നില്‍ ഹിന്ദുത്വ അജണ്ടകള്‍ ഇന്‍ജക്ട് ചെയ്യുന്ന രീതി ഏറെ ഭീതിയോടെ തന്നെ നോക്കിക്കാണേണ്ടതുണ്ട്.  

വിദ്യാഭ്യാസത്തെയും ചരിത്രത്തെയും പുറന്തള്ളുന്ന വിധം

ബഹുസ്വരത ഉള്ളടക്കമായിട്ടുള്ള നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തെ ഹിന്ദുത്വ ഏകാശിലാത്മകതയിലേക്ക് വഴിനടത്താനുള്ള നീക്കങ്ങള്‍ കാലങ്ങളായി നടന്നുവരുന്നുണ്ട് എന്നത് വ്യക്തമാണല്ലോ. 2018 ജനുവരി മാസം ന്യൂ ഡല്‍ഹിയില്‍ വച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരം ഒരു കൂട്ടം പണ്ഡിതന്മാര്‍ ചേര്‍ന്ന് നടത്തിയ ചര്‍ച്ചയുടെ വിഷയം നമ്മുടെ രാജ്യത്തിന്റെ ചരിത്രം എങ്ങനെ മാറ്റിയെഴുതാം എന്നതായിരുന്നു. റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് അനുസരിച്ച് ആര്‍ക്കിയോളജിക്കല്‍ കണ്ടെത്തലുകളും ഡി.എന്‍.എ ടെസ്റ്റുകളും വച്ച് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ രാജ്യത്തെ ഹിന്ദുക്കളായിരുന്നു ഇവിടെ ആദ്യമായി അതിവസിച്ചത് എന്നും പുരാതന ഹിന്ദു വേദങ്ങള്‍ മിത്തുകളല്ല മറിച്ച് യാഥാര്‍ഥ്യമാണ് എന്നു സ്ഥാപിക്കലുമായിരുന്നു യോഗത്തിലെ ആദ്യ ചര്‍ച്ചകള്‍. രാജ്യത്തെ മില്ല്യണ്‍ കണക്കിന് മുസ്‌ലിംകള്‍ അടക്കമുള്ള മറ്റെല്ലാ മതക്കാരുടെയും പൂര്‍വികള്‍ ഹൈന്ദവര്‍ ആയതിനാല്‍ അവരുടെയൊക്കെ അടിസ്ഥാനം ഹിന്ദു മതമാണെന്നും നമ്മുടെ രാജ്യത്തിന്റെ യഥാര്‍ഥ നിറം കാവിയാണെന്നും ആ സംസ്‌കാരം തിരിച്ചുകൊണ്ടുവരാന്‍ നമുക്ക് ചരിത്രം മാറ്റിയെഴുതേണ്ടതുണ്ടെന്നും ആര്‍.എസ്.എസ് പലപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. 'ഹിന്ദു ആദ്യം' എന്ന ഈ ആശയം പാഠപുസ്തകങ്ങള്‍ വഴി കുട്ടികളിലേക്ക് എത്തിക്കാനായിരുന്നു അവരുടെ തീരുമാനം. യഥാര്‍ഥ ചരിത്രത്തെ പുറന്തള്ളി ആര്‍.എസ്.എസ് നിര്‍മിത വ്യാജചരിത്രം പ്രചരിപ്പിക്കാനുള്ള നീക്കങ്ങളുടെ നേര്‍ച്ചിത്രമാണീ റിപ്പോര്‍ട്ട്. പൗരാണിക ഇന്ത്യന്‍ ചരിത്രത്തെ മാറ്റിയെഴുതി വസ്തുതാപരമായ ചരിത്രരചനയ്ക്കു പകരം മിത്തുകളും ഐതിഹ്യങ്ങളും നിറച്ച് ഹൈന്ദവ സംസ്‌കാരത്തെ പരമസത്യമായി കാണിക്കാനും മുസ്‌ലിം വിരുദ്ധത കുത്തിനിറക്കാനുമാണ് സംഘ്പരിവാര്‍ ശ്രമമെന്ന് ചരിത്രകാരി റൊമീല ഥാപ്പര്‍ വിമര്‍ശിക്കുന്നുണ്ട്.  
ചരിത്രത്തെയെന്നപോലെ വിദ്യാഭ്യാസത്തെയും സംഘ്പരിവാര്‍ എന്നും ഭീതിയോടെയാണ് നോക്കിക്കണ്ടത്. വിദ്യാസമ്പന്നരായ പ്രബുദ്ധരായ ജനങ്ങള്‍ക്കു മുന്നില്‍ തങ്ങളുടെ അജണ്ടകള്‍ വിലപ്പോവില്ല എന്ന ഉത്തമ ബോധ്യം തന്നെയായിരുന്നു അതിനു പിന്നില്‍. ശാഖകളില്‍ നിന്നു ലഭിക്കുന്ന കേവല വിദ്യാഭ്യാസത്തില്‍ കവിഞ്ഞ മറ്റൊന്നും കൈമുതലില്ലാത്ത ഇത്തരക്കാര്‍ തങ്ങള്‍ക്ക് അന്യമെന്നു തോന്നുന്ന എന്തിനെയും എതിര്‍ക്കുകയും കാടടച്ചു വെടിവക്കുകയും ചെയ്യുകയാണ് പതിവ്. വിദ്യാഭ്യാസവും വിദ്യാഭ്യാസ്ഥാപനങ്ങളും വിദ്യാര്‍ഥികളും രാജ്യത്തിന്റെ നിര്‍മിതിയിലും അഖണ്ഡത നിലനിര്‍ത്തുന്നതിലും എത്രവലിയ പങ്കുവഹിക്കുന്നു എന്നതിനുള്ള ഏറ്റവും വലുതും അവസാനത്തെതുമായ ഉദാഹരണമാണ് പൗരത്വസമരകാലത്ത് നമ്മുടെ കാമ്പസുകളില്‍ നാം കണ്ടത്. രാജ്യത്തെ ഒരു പ്രത്യേക വിഭാഗത്തിന്റെ പൗരത്വത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള സി.എ.എ, എന്‍.ആര്‍.സി വിഷയങ്ങള്‍ ഉയര്‍ന്നു വന്നപ്പോഴും അതിനുമുമ്പും ഗവണ്‍മെന്റിന്റെ ജനദ്രോഹപരമായ നടപടികളെ ചോദ്യംചെയ്തുള്ള സമരപരിപാടികളില്‍ പലതിന്റെയും ഉത്ഭവസ്ഥാനങ്ങളായത് രാജ്യത്തെ ഇത്തരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായിരുന്നു. വിദ്യാഭ്യാസത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വര്‍ഗ ശത്രുക്കളായി കണ്ട സംഘ്പരിവാറിന് ഏറ്റ ഏറ്റവും വലിയ പ്രഹരം തന്നെയായിരുന്നു ഈ പ്രക്ഷോഭങ്ങളൊക്കെ. സമരത്തിനിടെ പൊലീസിന്റെ അന്യായമായ അടിച്ചമര്‍ത്തലുകളില്‍ പെട്ട് ചുറ്റിലുമുള്ളവര്‍ മരിച്ചുവീണപ്പോഴും, രാജ്യത്തെ തടവറകള്‍ പൗരത്വപ്രക്ഷോഭകരെ കൊണ്ട് നിറയാന്‍ തുടങ്ങിയപ്പോഴും ധൈര്യസമേതം അവരെ തുടര്‍ന്നും മുന്നോട്ടു നയിച്ച ഘടകം വിദ്യാഭ്യാസം അവര്‍ക്കു നല്‍കിയ ഉത്തമ പൗരത്വ ബോധം തന്നെയായിരുന്നു.   
ഉന്നതവിദ്യാഭ്യാസംവിധാനങ്ങളെ അവഗണനയോടെ കാണുന്ന സംഘ്പരിവാര്‍ നിലപാടിന്റെ പ്രമുഖ ആക്ടിവിസ്റ്റ് കാഞ്ച ഐലയ്യ നിശിത വിമര്‍ശനത്തിനു വിധേയമാക്കുന്നുണ്ട്. കേംബ്രിജ്, ഹാര്‍ഡ്വാഡ് അടക്കമുള്ള ഉന്നത സര്‍വകലാശാലകളിലെ പഠനത്തെ നിരുത്സാഹപ്പെടുത്തുകയും പകരം സംസ്‌കൃത സര്‍വകലാശാലകള്‍ ഉയര്‍ന്നുവരികയും ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു സംസാരിക്കുന്ന ബി.ജെ.പി, ആര്‍.എസ്.എസ് അജണ്ടകള്‍ തീര്‍ത്തും പിന്തിരിപ്പനാണെന്നു അദ്ദേഹം നിരീക്ഷിക്കുന്നു. 'യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കൃത്യമായ സംവരണവും മാനദണ്ഡവും അടിസ്ഥാനപ്പെടുത്തിയാണ് രാജ്യത്തെ സെന്‍ട്രല്‍ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ പദവി അടക്കം നിശ്ചയിച്ചതെങ്കില്‍ ഇന്ന് കൃത്യമായ മാനദണ്ഡങ്ങള്‍ക്കു പകരം മുകളില്‍ നിന്നു വരുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള ആള്‍ക്കാരെ നിയമിക്കേണ്ട അവസ്ഥയാണ്. എഴുപത് വര്‍ഷങ്ങളായി ഇടതു ലിബറലുകള്‍ നമുക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നല്‍കിയില്ലെന്നു പരിഭവം പറഞ്ഞ് അടിസ്ഥാന യോഗ്യതയോടൊപ്പം ആര്‍.എസ്.എസ് ശാഖാപഠനം കഴിഞ്ഞവരെയാണ് ഇപ്പോള്‍ എല്ലാ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലും സ്ഥാപനങ്ങളിലും അസി.പ്രൊഫസര്‍മാരായി കേന്ദ്രസര്‍ക്കാര്‍ നിയമിക്കുന്നത്. ഈ നീക്കങ്ങള്‍ യൂണിവേഴ്‌സിറ്റികളെ നാഷണ്‍ സിറ്റികളാക്കാന്‍ മാത്രമേ സഹായിക്കൂ' അദ്ദേഹം പറയുന്നു. ഹെഡ്ഗാവര്‍, ഗോള്‍വാള്‍ക്കര്‍ മുതല്‍ ഇന്നുവരെയുള്ള ആര്‍.എസ്.എസ് നേതാക്കളൊക്കെ തന്നെ വെസ്റ്റിന്റെ ഭാഗത്തുനിന്നുള്ള എന്തും ബഹിഷ്‌കരിക്കുന്ന, വിദേശ എഴുത്തുകാരുടെ പുസ്തകങ്ങള്‍ വായിക്കാത്ത, തങ്ങളുടെ മിത്തോളജിക്കല്‍ ഗ്രന്ഥങ്ങള്‍ മാത്രം വായിക്കുന്ന ഒരു പ്രത്യേകതരം വിഭാഗമാണെന്നും ഇത്തരക്കാരാണ് ആര്‍.എസ്.എസിന്റെ ഭാഷയിലെ ഇന്റലെക്ച്വല്‍സ് എന്നും പല കേന്ദ്ര യൂണിവേഴ്‌സിറ്റികളിലും കയ്യടക്കിയ ഇത്തരക്കാരുടെ ഏതുതരം എഴുത്തുകള്‍ പരിശോധിച്ചാലും അക്കാദമിക രീതിശാസ്ത്രത്തിന്റെ വ്യക്തമായ അഭാവം അതില്‍ കാണാമെന്നും ശക്തമായി അദ്ദേഹം ശക്തമായി വിമര്‍ശിക്കുന്നു. പേരിനൊരു ബിരുദവും പിന്നെ ശാഖാപഠനവും മാത്രം കൈമുതലുള്ള ഇത്തരക്കാര്‍ നമ്മുടെ വിദ്യാഭ്യാസ മേഖലകള്‍ കയ്യടക്കുകയും പുതിയ ചരിത്രങ്ങള്‍ രചിക്കാന്‍ ശ്രമിക്കുകയും ചെയ്താലുള്ള ദുഷ്യഫലങ്ങള്‍ ഒന്നാലോചിച്ചു നോക്കുക. ഇത്തരം നീക്കങ്ങളുടെയൊക്കെ ഭാഗംതന്നെയാണ് ഈ സി.ബി.എസ്.ഇ സിലബസ് വെട്ടിച്ചുരുക്കലിലും കണ്ടത് എന്നു മനസ്സിലാക്കാം.