നെറ്റ് അഡിക്ഷന്‍; ആത്മീയതയാണ് പരിഹാരം

2068

ആധുനിക ജീവിത സൗകര്യങ്ങളില്‍ ഒഴിവാക്കാനാകാത്ത ഒന്നായി ഇന്റര്‍നെറ്റ് വളര്‍ന്നു കഴിഞ്ഞു. ഇമെയിലും ചാറ്റിംഗും ബ്രൗസിംഗുമെല്ലാം മലയാളിയുടെ ജീവിത ശൈലിയുടെ ഭാഗമായി എന്നോ മാറിക്കഴിഞ്ഞിട്ടുണ്ട്. ജീവിതത്തില്‍ ഒട്ടനവധി ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന ആധുനിക സംവ0…..ിധാനമായി മാറിയ ഈ സംവിധാനം, അതേസമയം തന്നെ കുറ്റകൃത്യങ്ങളുടെയും അക്രമവാസനകളുടെയും ഉറവിടമായി മാറുന്നു എന്ന കാര്യം നിഷേധിക്കാനാവില്ല. യുവതലമുറ മാത്രമല്ല, ആബാലവൃദ്ധം ജനങ്ങളിലും ഇന്റര്‍നെറ്റ് അടിമത്വം ഒരു പ്രശ്നമായിമാറുന്ന കാഴ്ചയാണ് നിരന്തരമായി കണ്ടുകൊണ്ടിരിക്കുന്നത്. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എന്തിനുമേതിനും സോഷ്യല്‍മീഡിയയെ ആശ്രയിക്കുന്നത് പുതുതലമുറക്ക് ഹരമാണ്. എന്തു സംശയം തോന്നിയാലും ഉടന്‍തന്നെ അതിനെക്കുറിച്ച് ആലോചിച്ചു നോക്കുക പോലും ചെയ്യാതെ ഇന്റര്‍നെറ്റില്‍ തിരയുന്നവരാണ് മഹാഭൂരിപക്ഷവും.


എന്താണ് ഇന്റര്‍നെറ്റ് അഡിക്ഷന്‍
ജോലിയുമായി ബന്ധപ്പെട്ടതല്ലാതെ ഒരുവ്യക്തി ദീര്‍ഘ നേരം ഇന്റര്‍നെറ്റ് ഉപയോഗിക്കുകയും അത് ആ വ്യക്തിയുടെ ജോലിയെയും സാമൂഹിക ജീവിതത്തെയും ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇന്റര്‍നെറ്റ് അഡിക്ഷന്‍. വിവര-സാങ്കേതിക വിദ്യയുടെ വളര്‍ച്ച, മാതാപിതാക്കളുടെ ശ്രദ്ധക്കുറവ് തുടങ്ങിയവ ഇന്റര്‍നെറ്റ് അഡിക്ഷന്‍ കാരണമാണെന്ന് പൊതുവെ പറയാറുണ്ടെങ്കിലും മറ്റുചില പ്രത്യേക കാരണങ്ങള്‍ കൊണ്ടും ഇന്റര്‍നെറ്റ് അടിമയാക്കാന്‍ സാധ്യത കൂടുതലാണ്. ലജ്ജാശീലം, ആത്മവിശ്വാസക്കുറവ് എന്നിവയുള്ള കുട്ടികള്‍ കൗമാരത്തിലെത്തുമ്പോള്‍ ഇന്റര്‍നെറ്റിനു മുന്നില്‍ ചടഞ്ഞു കൂടാന്‍ സാധ്യത കൂടുതലാണ്. അമിതമായ പരീക്ഷണ സ്വഭാവം പ്രകടിപ്പിക്കുന്ന, എപ്പോഴും പുതുമകള്‍ തേടുന്ന കുട്ടികളും ഇന്റര്‍നെറ്റ് അഡിക്ഷന് അടിമകളായേക്കാം. ആശയവിനിമയ ശേഷി, സമ്മര്‍ദ്ദത്തെ നേരിടാനുള്ള കഴിവു കുറഞ്ഞവര്‍ അക്കാര്യം മറച്ചുവക്കാനുള്ള ഉപാധിയായി ഇന്റര്‍നെറ്റ് അഡിക്ഷനില്‍ എത്തിപ്പെടാറുണ്ട്. പൊതുവേ സ്വപ്‌ന ജീവികളായി, സുഹൃദ്ബന്ധങ്ങള്‍ അധികമൊന്നുമില്ലാത്ത കുട്ടികളും അതിവേഗം ഇന്റര്‍നെറ്റ് അടിമകകളായേക്കാമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. മാതാപിതാക്കള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍, അമിത സ്വാതന്ത്ര്യം ഉള്ള ഗൃഹാന്തരീക്ഷം, ആവശ്യങ്ങളെല്ലാം സാധിച്ചു കൊടുക്കുന്ന മാതാപിതാക്കള്‍, മാതാപിതാക്കളുടെ അമിത ഇന്റര്‍നെറ്റ് ഉപയോഗം തുടങ്ങിയവയും കുട്ടികളില്‍ ഈ ശീലം വളരാന്‍ കാരണമാകുന്നു. ഇന്റര്‍നെറ്റിനെ ഒരുസുഹൃത്തായി കാണുന്നു എന്നതാണ് ഇന്റര്‍നെറ്റ് അടിമത്വത്തിന്റെ മന:ശാസ്ത്രം. ലഹരി ആസക്തി പോലെ അനുദിനം വര്‍ധിച്ചുവരുന്ന കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, മൊബൈല്‍ ഗെയിം അഡിക്ഷന്‍ ഇന്നത്തെ യുവതി-യുവാക്കളും കൗമാരക്കാരും നേരിടുന്ന മാരകരോഗമാണ്. അതീവ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഇത്തരം അടിമത്വങ്ങള്‍ ഉണ്ടാക്കുന്നത്.

ഇന്റര്‍നെറ്റ് അഡിക്ഷന്‍
തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍

ഇന്റര്‍നെറ്റില്‍ ചെലവഴിക്കുന്ന സമയം നിയന്ത്രിക്കാന്‍ കഴിയാതെ വരിക.
ഇന്റര്‍നെറ്റില്‍ ചെലവഴിക്കുന്ന സമയം ക്രമേണ കൂടിക്കൂടിവരിക.
കൂടുതല്‍ സമയവും ഇന്റര്‍നെറ്റിനെ കുറിച്ചുതന്നെ ചിന്തിച്ചു കൊണ്ടിരിക്കുക.
നെറ്റ് കണക്ഷന്‍ ലഭിക്കാതെ വന്നാല്‍ ഉറക്കമില്ലായ്മ, അമിതമായ ദേഷ്യം, തലവേദന, ഉത്കണ്ഠ എന്നിവ ഉണ്ടാവുക
മറ്റെല്ലാ വിനോദങ്ങളും ഒഴിവാക്കി കൂടുതല്‍ സമയവും നെറ്റില്‍തന്നെ ചെലവഴിക്കാന്‍ താല്‍പര്യപ്പെടുക.
ഇന്റര്‍നെറ്റ് അമിത ഉപയോഗം ദോഷമാണെന്നു തിരിച്ചറിഞ്ഞിട്ടും അത് തിരുത്താന്‍ കഴിയാതെ വരിക.

പരിഹാരങ്ങള്‍
ആരോഗ്യകരമായ രീതിയില്‍ നെറ്റുപയോഗിക്കാന്‍ ശീലിക്കുക.
ഇന്റര്‍നെറ്റ് ഏകാന്തതക്ക് നല്ലൊരു പ്രതിവിധിയാണെന്ന തെറ്റിദ്ധാരണയാല്‍ പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള ഉത്തമ ഉപായമായാണ് പലരും കാണുന്നത്. അങ്ങനെ കാണാതെ ആരോഗ്യകരമായ രീതിയില്‍ ഉപയോഗിക്കുക.
മനോവിഷമങ്ങള്‍ക്ക് പ്രതിവിധിയായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ശീലം ഒഴിവാക്കുക.
സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക.
ഒന്നും ചെയ്യാനില്ലാത്ത സമയം ഉണ്ടാകാതെ നോക്കുക.
ആഴ്ചയില്‍ കുറച്ചു സമയം കുടുംബാംഗങ്ങള്‍ക്കൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും ചെലവഴിക്കാന്‍ സമയം നീക്കിവക്കുക.
ഇന്റര്‍നെറ്റിനു മുന്നില്‍ കൂടുതല്‍ സമയം ചെലവഴിക്കുമ്പോള്‍ നഷ്ടമാകുന്നത് എന്തൊക്കെയാണെന്നതിനെക്കുറിച്ച് സ്വയം വിശകലനം ചെയ്ത് അതൊരു പേപ്പറില്‍ എഴുതിവക്കുക.
വിരസതയും ഏകാന്തതയും തോന്നുന്ന സമയത്ത് ഇന്റര്‍നെറ്റിനു മുന്നിലിരിക്കുന്നതിനു പകരം സുഹൃത്തുക്കളുമായി സംഭാഷണങ്ങളില്‍ ഏര്‍പ്പെടുകയോ നല്ല പുസ്തകങ്ങള്‍ വായിക്കുകയോ ചെയ്യുക.
ഇന്റര്‍നെറ്റിന് അടിമകളല്ലാത്ത സുഹൃത്തുക്കളെ കണ്ടെത്തി അവരുമായി ചങ്ങാത്തമുണ്ടാക്കുക.
ഇന്റര്‍നെറ്റിനുമപ്പുറം ജീവിതമുണ്ടെന്ന യാഥാര്‍ഥ്യം ആവര്‍ത്തിച്ചു മനസ്സിലുറപ്പിക്കുക.
എല്ലാ ദിവസവും ജീവിതം പ്രഭാത പ്രാര്‍ഥനയോടെ ആരംഭിക്കുക. ജീവിതത്തില്‍ പ്രതീക്ഷ നല്‍കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ശീലമാണ് പ്രഭാത നിസ്‌ക്കാരവും പ്രാര്‍ഥനയും.
നേരത്തെ ഉറങ്ങുകയും നേരത്തെ ഉണരുകയും ചെയ്യുക.
ഇന്റര്‍നെറ്റുപയോഗം പരിമിതപ്പെടുത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പരിഹാര മാര്‍ഗം. സ്വകാര്യമുറിയില്‍ ഉപയോഗിക്കാന്‍ അനുവദിക്കാതെ തുറന്ന സ്ഥലത്ത് അനുമതികൊടുക്കുക, അശ്ലീല സൈറ്റുകളും ഗെയിമുകളും ബ്ലോക്ക് ചെയ്യുക, മാതാപിതാക്കള്‍ കൂടെയുള്ള സമയത്ത് മാത്രം ഇന്റര്‍നെറ്റുപയോഗിക്കാന്‍ അനുമതി നല്‍കുക, കൗമാരപ്രായക്കാരില്‍ ലൈഫ് സ്‌കില്‍ വികസിപ്പിക്കാന്‍ ആവശ്യമായ ട്രെയിനിംഗ് പോലുള്ള വ്യക്തിത്വ പരിശീലനം നല്‍കുക, ജീവിതം കേവലം ആനന്ദിക്കാനും സന്തോഷിക്കാനുമാണെന്നുമുള്ള ധാരണ തിരുത്തി ജീവിതത്തിനു കൃത്യമായ ലക്ഷ്യം നിര്‍ണയിക്കുക.
അള്ളാഹുവിന്റെ ചോദ്യങ്ങള്‍ക്കു വിധേയനാണെന്നുള്ള ബോധം വളര്‍ത്തിയെടുക്കുക. പരിമിതമായ ഈ ലോകജീവിത്തിലെ പ്രവര്‍ത്തികളാണ് പരലോകത്തിലെ വിജയ-പരാജയങ്ങള്‍ക്കു കാരണമാവുകയെന്ന അവബോധം ഉണ്ടാക്കിയെടുത്താല്‍ ഇന്റര്‍നെറ്റിലുള്‍പ്പെടെ സമയം ദുര്‍വിനിമയം ചെയ്യുന്നതു തടയാം. ജീവിതമെന്നത്സമയമാണ്. സമയത്തെ അനാവശ്യത്തിനായി ഉപയോഗിച്ചാല്‍ തീരുന്നത് അവരവരുടെ ജീവിതമാണ്. സത്യവിശ്വാസികളേ, നാളത്തേക്കായി എന്താണു തയ്യാറാക്കിവച്ചതെന്നു ഓരോരുത്തരും ചിന്തിക്കട്ടെ.(ഖുര്‍ആന്‍)

ബഷീര്‍ അസ്അദി നമ്പ്രം